മുപ്പതു വർഷങ്ങൾ

 മുപ്പതു വർഷങ്ങൾ  മനുഷ്യചരിത്രത്തിൽ  നിസാരമെന്നു തോന്നാം. എന്നാൽ കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ സംഭവിച്ച കാര്യങ്ങൾ  വിലയിരുത്തുകയാണെങ്കിൽ  ഇവയൊക്കെയും ഇത്രയും  ചുരുങ്ങിയ ഒരു കാലയളവിൽ  തന്നെയാണോ സംഭവിച്ചത് എന്നു നാം  വിസ്മയിക്കും.

കൃത്യം മുപ്പതു വർഷങ്ങൾക്കു  മുൻപ്  1992 മേയ് 13 ന്  പരിശുദ്ധ അമ്മ ഫാ. സ്റ്റെഫാനോ ഗോബിയോട്  ഇപ്രകാരം പറഞ്ഞു: ‘ വത്സല മക്കളേ, എൻറെ പ്രഥമ പ്രത്യക്ഷപ്പെടലിൻറെ എഴുപത്തിയഞ്ചാം വാർഷികം നിങ്ങൾ ആചരിക്കുകയാണല്ലോ. 1917  മേയ്  13 നു  ഫാത്തിമയിലെ കോവാദാ  ഇറിയയിലാണ് അതു  സംഭവിച്ചത്.  അമ്മയായ ഞാൻ പുത്രനിർവിശേഷമായ ഐക്യത്തോടെ ഈ ദിവസം പ്രാർത്ഥനയിൽ ജീവിക്കുന്നതിനുവേണ്ടി നിങ്ങളെ സ്വാഗതം ചെയ്യുന്നു. എൻറെ പ്രത്യക്ഷപ്പെടലിൻറെ ഫലങ്ങളാണു  നിങ്ങൾ.  എൻറെ സന്ദേശം നിങ്ങളിലാണു  പൂർത്തീകരിക്കപ്പെടുന്നത്’  (നമ്മുടെ   ദിവ്യനാഥ  വൈദികരോടു സംസാരിക്കുന്നു – സന്ദേശം 473).

മാതാവ് തുടർന്നു പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ അത്ര സുഖമുള്ളവയല്ല.

‘സാർവത്രികസഭയുടെ   എല്ലാ ഭാഗങ്ങളിലും  വ്യാപിക്കുന്ന  വിശ്വാസരാഹിത്യത്തിൻറെയും  മതത്യാഗത്തിൻറെയും  കനത്ത നാശം ഞാൻ അന്നേ  പ്രവചിച്ചു. സൈദ്ധാന്തികവും പ്രായോഗികവുമായ നിരീശ്വരത്വവും  ദൈവത്തോടും  അവിടുത്തെ നിയമത്തോടുമുള്ള കടുത്ത എതിർപ്പും മൂലം തിരുസഭയ്ക്കും  പരിശുദ്ധ പിതാവിനുമെതിരായി ഉണ്ടാകുന്ന പീഡനങ്ങളെയും  ഒരു  യുദ്ധത്തിനുള്ള സാധ്യതയെയും കുറിച്ചു  ഞാൻ പ്രവചിച്ചിരുന്നു’.

യേശുവിനെ പൂർണമായി അനുകരിച്ച്, പരിശുദ്ധാത്മാവിൻറെ വിശുദ്ധീകരണ പ്രക്രിയയിൽ സഹകരിച്ച്, സ്വർഗ്ഗപിതാവിൻറെ മഹത്വത്തിനായി  ജീവിക്കുവാനും അങ്ങനെ സ്നേഹത്തിനും പ്രത്യാശയ്ക്കും വിശ്വാസത്തിനും നീതിയ്ക്കും  എളിമയ്ക്കും വിശുദ്ധിയ്ക്കും  സാക്ഷ്യമേകുവാനും  ഭൗതികവാദത്തിനും സ്വാർത്ഥതയ്ക്കും അഹങ്കാരത്തിനും വിദ്വേഷത്തിനും അശുദ്ധിയ്ക്കുമെതിരായി താൻ  നയിക്കുന്ന യുദ്ധത്തിൽ  ശക്തരായ സഹായകരായിരിക്കാനും അമ്മ നമ്മോടു ആവശ്യപ്പെടുന്നു.

 അപ്രകാരം ഒരു വിശുദ്ധ ജീവിതം നയിക്കുമ്പോൾ  അതുവഴിയായി മധ്യസ്ഥത്തിൻറെയും പാപപരിഹാരത്തിൻറെയും ശക്തി തന്നിൽ  നിറയുമെന്നും   തൻറെ  മക്കളുടെ പാപം നിറഞ്ഞ ആത്മാക്കളെ പാപത്തിൽ നിന്നു വിമുക്തരാക്കുന്നതിനുവേണ്ടി ഇടപെടുവാൻ താൻ  പ്രാപ്തയാകും  എന്നും അമ്മ കൂട്ടിച്ചേർത്തു.  പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൻറെ  വിജയത്തിലേക്കുള്ള വഴി ഇതുതന്നെയാണല്ലോ.

മാതാവ് പറയുന്നു;  ‘എന്തുമാത്രം എൻറെ  മാതൃത്വത്തിൻറെ ഉജ്വലവിജയം എൻറെ മക്കളുടെ ആത്മാക്കളിൽ കുടികൊള്ളുന്നുവോ, അതിനനു പാതികമായി അവർ പീഡനങ്ങളിൽ നിന്നു വിമുക്തരാവുകയും യേശുവിൻറെ  ദിവ്യകാരുണ്യത്തിൻറെ വരമഴ അവരിലേക്കു വർഷിക്കപ്പെടുകയും  ചെയ്യും’.  പരിശുദ്ധ  അമ്മയുടെ വിമലഹൃദയത്തിൽ നമ്മെ പ്രതിഷ്ഠിക്കേണ്ടതിൻറെ പ്രാധാന്യം  ഇനിയും എടുത്തുപറയേണ്ടതില്ലല്ലോ.

മുപ്പതുവർഷങ്ങൾക്കു  മുൻപ് അമ്മ പ്രവചിച്ച കാര്യങ്ങൾ നടന്നുകഴിഞ്ഞു, അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്നു. അതിനിർണായകമായ ഈ നാളുകളെ നേരിടാൻ മുപ്പതു വർഷം മുൻപേ മുന്നറിയിപ്പു കിട്ടിയ നമ്മുടെ ഒരുക്കങ്ങൾ മതിയായവയാണോ എന്ന്  തിരിഞ്ഞുനോക്കേണ്ട കാലമാണിത്.

 വിശ്വാസത്യാഗത്തിൻറെയും ദൈവനിഷേധത്തിൻറെയും  വെറുപ്പിൻറെയും  യുദ്ധത്തിൻറെയും ക്ഷാമത്തിൻറെയും പ്രകൃതിദുരന്തങ്ങളുടെയും  ഈ നാളുകളിൽ  നമുക്ക് ആത്മീയമായി ഒരുക്കമുള്ളവരായിരിക്കാം. ഈ നാളുകളെ നേരിടാനായി   വേണ്ടവിധം  ഒരുങ്ങാത്തവരെ  ഓർത്ത് അവർക്കുവേണ്ടി പ്രാർത്ഥിക്കാം. ‘ഭൂമുഖത്തു  ജീവിക്കുന്ന എല്ലാവരുടെയും മേൽ  അതു  നിപതിക്കും’ ( ലൂക്കാ 21:35) എന്നു  കർത്താവു തന്നെ  ഏതൊരു കാലത്തെക്കുറിച്ചു  മുന്നറിയിപ്പ് തന്നിട്ടുണ്ടോ,  ആ  സമയത്തെക്കുറിച്ചു  നമുക്കു ജാഗ്രതയുള്ളവരായിരിക്കുകയും ചെയ്യാം.