യേശുക്രിസ്തു എന്തിനായിട്ടാണു ലോകത്തിലേക്കു വന്നത്? മനുഷ്യകുലത്തെ രക്ഷിക്കാൻ എന്നൊക്കെ നാം പറയും. ശരി തന്നെ. എന്നാൽ കർത്താവ് തന്നെ ഒരിക്കൽ പറഞ്ഞതു താൻ ലോകത്തിലേക്കു വന്നത് ന്യായവിധിക്കായിട്ടാണെന്നാണ്. ആ ന്യായവിധിയുടെ പ്രത്യേകതയും യോഹന്നാൻറെ സുവിശേഷത്തിൽ കർത്താവ് പറയുന്നുണ്ട്. ‘കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിനു ന്യായവിധിക്കായിട്ടാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്’ ( യോഹ. 9:39).
ആർക്കൊക്കെ കാഴ്ചയുണ്ടായിരുന്നു, ആരൊക്കെ അന്ധരായിരുന്നു എന്നതല്ല ന്യായവിധിയുടെ മാനദണ്ഡം. ന്യായവിധിയുടെ സമയമാകുമ്പോഴേക്കും കാഴ്ചയുള്ളവരിൽ എത്ര പേർ അന്ധരായി മാറി, എത്ര അന്ധർക്കു കാഴ്ച ലഭിച്ചു എന്നതാണു നാം ചിന്തിക്കേണ്ടത്.
ക്രിസ്ത്യാനി കാഴ്ചയുള്ളവനാണ്. ‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചമായ’ ( യോഹ. 1:9) യേശുവിനെ അറിഞ്ഞവനു കാഴ്ചയില്ല എന്നൊരു ന്യായം ഒരിക്കലും പറയാൻ കഴിയില്ല. കാഴ്ചയുള്ളവൻറെ കടമ തന്നിലുള്ള വെളിച്ചം കെട്ടുപോകാതെ സൂക്ഷിക്കുക എന്നതാണ്. വെളിച്ചം കെട്ടുപോകുന്ന ആത്മാക്കളെ നോക്കി കർത്താവു വിലപിക്കുന്നുണ്ടല്ലോ; ‘നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്ര വലുതായിരിക്കും!’ (മത്തായി 6:23). ഹെബ്രായലേഖകൻ ഇപ്രകാരം പറയുന്നു. ‘ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയസമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിൻറെ നന്മയും വരാനിരിക്കുന്ന യുഗത്തിൻറെ ശക്തിയും രുചിച്ചറിയുകയും ചെയ്തവർ വീണുപോവുകയാണെങ്കിൽ, അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണ്’ ( ഹെബ്രാ. 6:4-5). പ്രകാശത്തെ നിഷേധിക്കുന്നവൻറെ ഭാഗധേയം അന്ധകാരമല്ലാതെ മറ്റെന്തായിരിക്കും?
ആത്മാവിലെ വെളിച്ചം കെട്ടുപോയിട്ടും അതറിയാതെ പോകുന്ന ക്രിസ്ത്യാനികളെ നോക്കി കർത്താവു പറയുന്നു. ‘എന്നാൽ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്നു നീ അറിയുന്നില്ല’ ( വെളി 3:17). ഇപ്രകാരം ആത്മാവിൽ അന്ധത ബാധിച്ച ഒരു ജനത്തിന് അവശേഷിച്ച ഒരേയൊരു വഴിയും കർത്താവ് പറഞ്ഞുകൊടുക്കുന്നുണ്ട്. ‘ഞാൻ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാൻ അഗ്നിശുദ്ധി വരുത്തിയ സ്വർണം എന്നോടു വാങ്ങുക; നിൻറെ നഗ്നത മറ്റുള്ളവർ കണ്ട് നീ ലജ്ജിക്കാതിരിക്കുവാൻ ശുഭ്രവസ്ത്രങ്ങൾ എന്നോടു വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക’ ( വെളി. 3:18). കർത്താവിൻറെ മുൻപിൽ എളിമപ്പെടുക എന്നതല്ലാതെ നമ്മുടെ നികൃഷ്ടാവസ്ഥയിൽ നിന്നു കരകയറാൻ മറ്റൊരു വഴിയും ഇല്ല.
കാഴ്ചയുളളവരുടെ കാഴ്ച കെട്ടുപോകുമ്പോൾ തന്നെ മറുവശത്ത് അന്ധതയിൽ ജനിച്ചവർ കർത്താവിൻറെ പ്രകാശത്തിലേക്കു വരുന്ന മനോഹരദൃശ്യവും ലോകത്തിൽ സംഭവിക്കുന്നുണ്ട്. ‘അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജനതകളെയും മൂടുമ്പോൾ (ഏശയ്യാ 60:2) ‘ ജനതകൾ നിൻറെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിൻറെ ഉദയശോഭയിലേക്കും വരും’ (ഏശയ്യാ 60:3) എന്നും കർത്താവ് അരുളിച്ചെയ്തിരിക്കുന്നു.
കാഴ്ചയുള്ളവർ കാണാതെ പോകുന്ന കർത്താവിൻറെ വിരുന്നിൻറെ അവസാനപ്പന്തലും നിറയാൻ വേണ്ടി അവിടുന്ന് അന്ധർക്കു കാഴ്ച കൊടുക്കുന്ന കാലമാണിത്. ന്യായവിധിയുടെ തീക്കാറ്റയച്ച് കർത്താവ് സീയോൻ പുത്രിയുടെ മാലിന്യങ്ങൾ ഇല്ലാതാക്കുകയും ജെറുസലേമിൻറെ മധ്യത്തിലുള്ള രക്തക്കറ തുടച്ചുമാറ്റുകയും (ഏശയ്യാ 4:4) ചെയ്യുന്ന നാളുകൾ തന്നെ.
ഈ നാളുകളിൽ നമ്മിലുള്ള മിശിഹായുടെ പ്രകാശം കെട്ടുപോകാതിരിക്കാനായി നമുക്കു പ്രാർത്ഥിക്കാം.