വിശുദ്ധഗ്രന്ഥത്തിൻറെ ആദ്യ അധ്യായങ്ങളിൽ തന്നെ സാത്താൻറെ വഞ്ചനയുടെ ചിത്രീകരണം ഉണ്ട്. വഞ്ചന സാത്താൻറെ അടിസ്ഥാനസ്വഭാവങ്ങളിൽ ഒന്നാണ്. വിശുദ്ധ ഗ്രന്ഥത്തിൻറെ അവസാനതാളുകളിലേക്കു വരുമ്പോൾ ഈ വഞ്ചനയുടെ രൂപവും ഭാവവും മാറുന്നതായി നമുക്കു കാണാം. അതിൻറെ കാരണം തനിക്കനുവദിക്കപ്പെട്ടിട്ടുള്ള സമയം തീരാൻ പോകുന്നു എന്നു പിശാചിനു ബോധ്യം വരുന്നതാണ്. ‘എന്നാൽ ഭൂമിയേ, സമുദ്രമേ, നിങ്ങൾക്കു ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്’ (വെളി 12:12).
പിശാചിൻറെ ലക്ഷ്യങ്ങൾ വളരെ വലുതാണ്. ‘ ഞാൻ സ്വർഗ്ഗത്തിലേക്കു കയറും. ഉന്നതത്തിൽ ദൈവത്തിൻറെ നക്ഷത്രങ്ങൾക്കുപരി എൻറെ സിംഹാസനം ഞാൻ സ്ഥാപിക്കും. ഉത്തരദിക്കിൻറെ അതിർത്തിയിലെ സമാഗമ പർവതത്തിൻറെ മുകളിൽ ഞാനിരിക്കും. ഉന്നതമായ മേഘങ്ങൾക്കു മീതേ ഞാൻ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആകും’ (ഏശയ്യാ 14:13-14).
തനിക്കവശേഷിച്ചിട്ടുള്ള ചുരുങ്ങിയ സമയത്തിനുള്ളതിൽ പരമാവധി ആത്മാക്കളെ കീഴടക്കാനുള്ള മഹായുദ്ധത്തിലാണു പിശാച് ഏർപ്പെട്ടിരിക്കുന്നത്. ഈ യുദ്ധത്തിൽ സാത്താനെ സഹായിക്കുന്ന എതിർക്രിസ്തുവിനോടു ബന്ധപ്പെടുത്തിയാണ് തിരുസഭ അവസാനകാലത്തു നാം നേരിടേണ്ടി വരുന്ന പരമവഞ്ചനയെക്കുറിച്ച് പഠിപ്പിക്കുന്നത്. ‘ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പ്രത്യക്ഷമായ ഒരു പരിഹാരമാർഗം മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനു കൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന എതിർക്രിസ്തുവിൻറേതായിരിക്കും. മനുഷ്യൻ ദൈവത്തിൻറെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്തു തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് അത്’ (മതബോധനഗ്രന്ഥം ഖണ്ഡിക 675).
അവസാനകാലത്തെ ഈ വഞ്ചനയിൽ ഉൾപ്പെട്ടുപോകുന്നവർ അതിനു കൊടുക്കേണ്ടിവരുന്ന വില സത്യത്തെ പരിത്യജിക്കുക എന്നതായിരിക്കും. സത്യം എന്നത് യേശുക്രിസ്തു തന്നെയാണെന്നു നമുക്കറിയാം. ‘വഴിയും സത്യവും ജീവനും ഞാനാകുന്നു’ എന്നു പറഞ്ഞുകൊണ്ട് യേശു തന്നെ അതു സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
അന്ത്യകാല പീഡനങ്ങളിൽ ഏറ്റവും പ്രധാനം ക്രിസ്തുവിനെ തള്ളിപ്പറയാനുള്ള പ്രലോഭനമാണ്. അതിൻറെ പിറകിൽ പ്രവർത്തിക്കുന്നതോ എതിർക്രിസ്തു അഥവാ അന്തിക്രിസ്തുവും അവനെ നയിക്കുന്ന പൈശാചികാരൂപിയും ആയിരിക്കും. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് നമുക്കു കൂടുതൽ വെളിച്ചം കിട്ടുന്നത് യോഹന്നാൻ ശ്ലീഹായുടെ ലേഖനങ്ങളിൽ നിന്നാണ്. ‘വളരെയധികം വഞ്ചകർ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചുവന്നു എന്നു സമ്മതിക്കാത്തവരാണ് അവർ. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും’(2 യോഹ.7). യേശു ദൈവമല്ല, വെറുമൊരു പ്രവാചകൻ മാത്രമായിരുന്നു എന്നു പറഞ്ഞുകൊണ്ട് ക്രിസ്തുവിനും നൂറ്റാണ്ടുകൾക്കു ശേഷം പ്രത്യക്ഷപ്പെട്ട വ്യാജപ്രവാചകനെ നമുക്കറിയാം.
‘അവർ നമ്മുടെ കൂട്ടത്തിൽ നിന്നാണു പുറത്തുപോയത്’ (1 യോഹ. 2:19) എന്നു പറഞ്ഞുകൊണ്ടു ക്രിസ്തുവിനു ശേഷം ക്രിസ്തുവിൻറെ വചനങ്ങളെയും പ്രബോധനങ്ങളെയും വിശുദ്ധഗ്രന്ഥത്തെ തന്നെയും തലതിരിച്ചവതരിപ്പിച്ചുകൊണ്ടു പ്രത്യക്ഷപ്പെടാനിരിക്കുന്ന വ്യാജപ്രബോധകനെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ മുന്നറിയിപ്പു നൽകിയിട്ട് ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും ഈ പൈശാചികപ്രബോധനങ്ങൾ ലോകമെങ്ങും വ്യാപിച്ചുതുടങ്ങി എന്നും നാം മനസിലാക്കണം.
യോഹന്നാൻ ശ്ലീഹാ തുടരുന്നു. ‘യേശുവാണു ക്രിസ്തുവെന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു’ ( 1 യോഹ. 2:22). ഇതിനേക്കാൾ വ്യക്തമായി ഇനിയും എന്താണു പറഞ്ഞുതരേണ്ടത്? ക്രിസ്തുവിൻറെ ദൈവത്വത്തെയും അവിടുന്നു ദൈവപുത്രനാണെന്നതിനെയും നിഷേധിക്കുന്നവരിൽ പ്രവർത്തിക്കുന്ന അരൂപി എതിർക്രിസ്തുവിനെ നയിക്കുന്ന അതേ അരൂപി തന്നെയാണ്. അത്തരം പ്രബോധനവുമായി വരുന്നവരോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം എന്നും യോഹന്നാൻ ശ്ലീഹാ പറഞ്ഞുതരുന്നുണ്ട്.
‘പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ( അതായത് സത്യസുവിശേഷവു മായിട്ടല്ലാതെ) ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ, അവനെ നിങ്ങൾ വീട്ടിൽ സ്വീകരിക്കുകയോ, അഭിവാദനം ചെയ്യുകയോ അരുത്’ ( 2 യോഹ. 10)
എന്നിട്ടു നാം എന്താണു ചെയ്യുന്നത്? നമ്മുടെ ഭവനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും അന്തിക്രിസ്തുവിൻറെ പുത്രന്മാരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. അവർ സ്വഭാവത്താൽ തന്നെ വഞ്ചകരായതിനാൽ നമ്മുടെ സന്മനോഭാവത്തെയും ഔദാര്യത്തെയും മുതലെടുത്ത്, അവസാനം നമ്മുടെ മക്കളെയും തട്ടിയെടുക്കുന്നു. എല്ലാം ഒന്നാണ് എന്ന ‘മതപരമായ പരമവഞ്ചന’ തന്നെയാണ് ദൈവത്തിൻറെ മക്കളെക്കൊണ്ട് , സത്യം തന്നെയായ യേശുക്രിസ്തുവിനെ പരിത്യജിക്കാനും, ഒരു മനുഷ്യൻ തൻറെ ആഗ്രഹങ്ങളുടെയും വിഷയാസക്തിയുടെയും ധനമോഹത്തിൻറെയും പൂർത്തീകരണത്തിനുവേണ്ടി സ്വയം രൂപപ്പെടുത്തിയെടുത്ത ഒരു വ്യാജദൈവത്തെ ആരാധിപ്പിക്കാനുമായി അന്തിക്രിസ്തുവിൻറെ പുത്രന്മാർ ഉപയോഗിക്കുന്ന തന്ത്രം.
നമുക്കു ജാഗ്രതയുള്ളവരായിരിക്കാം. വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. ‘കർത്താവിൻറെ മേച്ചിൽസ്ഥലത്തെ അജഗണത്തെ’ തട്ടിയെടുക്കാനായി അന്തിക്രിസ്തുവിൻറെ സന്തതികളായ ചെന്നായ്ക്കൾ കുഞ്ഞാടിൻറെ വേഷം ധരിച്ച് ഇറങ്ങിയിട്ടുണ്ട്. ‘ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തൻറെ കടിഞ്ഞൂൽ പുത്രസ്ഥാനം വിറ്റ ഏസാവിനെപ്പോലെ’ ( ഹെബ്രാ. 12:16) നൈമിഷികമായ സന്തോഷങ്ങൾക്കു വേണ്ടി ക്രിസ്തുവിനെ തള്ളിപ്പറയാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇടയാകാതിരിക്കട്ടെ എന്നു പ്രാർഥിക്കാം. ‘ഏസാവ് പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടുവെന്നു നിങ്ങൾക്കറിയാമല്ലോ. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല’ ( ഹെബ്രാ.12:17).
ജീവജലത്തിൻറെ ഉറവയായ ക്രിസ്തുവിനെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കാൻ (cf. ജെറമിയ. 2:13) നമ്മെ പ്രലോഭിപ്പിക്കുന്ന ‘മതപരമായ പരമവഞ്ചനയുടെ’ നാളുകളിൽ നമുക്കു കൂടുതൽ ജാഗ്രതയുള്ളവരായിരിക്കാം