ദൈവമേ നിൻ കരുണയെത്ര അവർണ്ണനീയം!

ഈസ്റ്റർ കഴിഞ്ഞാൽ പിന്നെ  പുതുഞായറാഴ്ച, സ്വർഗാരോഹണതിരുനാൾ, പന്തക്കുസ്ത, ഇതൊക്കെയാണു  പെട്ടെന്നു  നമ്മുടെ  മനസിലേക്കു വരുന്നത്. എന്നാൽ ഇതിനിടയിൽ  ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു തിരുനാൾ ഉണ്ട്. അതു  ദൈവകരുണയുടെ തിരുനാൾ ആണ്.  ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ആചരിക്കണമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു നിർദേശിച്ച തിരുനാളാണിത്.  ഈ തിരുനാൾ  തക്കതായ ഒരുക്കത്തോടെ ആചരിക്കുന്നവർക്കു   പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. കരുണയുടെ ജപമാലയും  കരുണയുടെ ഈശോയുടെ രൂപവും ഒക്കെ  നമുക്കു  സുപരിചിതമാണല്ലോ.

തൻറെ  കരുണയിൽ പൂർണമായി ശരണപ്പെടുന്നതുവരെ  മനുഷ്യവംശത്തിനു  സമാധാനം ലഭിക്കുകയില്ല എന്ന് ഈശോ ഫൗസ്റ്റീനയോടു പറഞ്ഞിരുന്നു. ഈശോയുടെ ഈ പ്രവചനത്തിൻറെ   പ്രസക്തി ഇന്നു   നമ്മൾ തിരിച്ചറിയുന്നുണ്ടല്ലോ. എല്ലാ മനുഷ്യരും  തൻറെ  കാരുണ്യത്തെപ്പറ്റി അറിയണമെന്നും  അത് അന്ത്യനാളുകളുടെ  ഒരടയാളമായിരിക്കും എന്നും  അതിനു ശേഷം  നീതിയുടെ ദിവസം  സമാഗതമാകുമെന്നും ഈശോ  വിശുദ്ധ ഫൗസ്റ്റീനയിലൂടെ നമുക്കു  പറഞ്ഞുതന്നിട്ടുണ്ട്.  കരുണയുടെ വാതിലിലൂടെ കടക്കാൻ വിസമ്മതിക്കുന്നവർ നീതിയുടെ വാതിലിലൂടെ കടന്നുപോകേണ്ടിവരും എന്നും ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നു.

തൻറെ കരുണ  അനന്തമാണെന്നും  പാപികൾ തൻറെ  കരുണയിൽ  അഭയം തേടാൻ  മടിക്കരുത് എന്നും  പറഞ്ഞുകൊണ്ട് ഈശോ  ദൈവകരുണയുടെ ആഴം നമുക്കു  വെളിപ്പെടുത്തിത്തരുന്നു. ദൈവത്തോടു  കരുണ യാചിക്കുന്നവർ മറ്റുള്ളവരോടു  കരുണ കാണിക്കാനും കടപ്പെട്ടിരിക്കുന്നു.  നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ എന്നാണു നമ്മുടെ കർത്താവ്  നമ്മോടാവശ്യപ്പെടുന്നത്.

നാം എത്ര വലിയ പാപികളാണെങ്കിലും   ദൈവകരുണയിൽ ശരണപ്പെടാൻ ശങ്കിക്കരുത്. കാരണം ദൈവകരുണയിൽ ശരണപ്പെടുന്ന ഒരുവൻ പോലും തിരസ്ക്കരിക്കപ്പെടുകയില്ല എന്നത് ഈശോയുടെ വാഗ്ദാനമാണ്.  ദൈവകരുണയുടെ ഈ തിരുനാൾ യോഗ്യമായ വിധം ആചരിച്ചുകൊണ്ട് നമുക്ക് കർത്താവിൻറെ കൃപ യാചിക്കാം. എന്നാൽ അതിനു മുൻപായി  ദൈവത്തിൻറെ അനന്തകാരുണ്യത്തെ ധ്യാനിച്ചുകൊണ്ട്,  നാമും മറ്റുള്ളവരോടു  കരുണ കാണിക്കും എന്ന     ഉറച്ച തീരുമാനം എടുക്കുകയും ചെയ്യാം.

നമ്മുടെ അവസാന പ്രതീക്ഷയാണു  ദൈവകരുണ എന്ന ബോധ്യം നമ്മിൽ നിറയട്ടെ. ഈശോ  ഇങ്ങനെയും പറഞ്ഞിട്ടുണ്ടല്ലോ. ‘ രക്ഷ പ്രാപിക്കുന്നതിന് അവസാന പ്രതീക്ഷയായി ദൈവകരുണയുടെ തിരുനാൾ ഞാൻ അവർക്കു നൽകുന്നു. എൻറെ കരുണയെ ആരാധിക്കുന്നില്ലെങ്കിൽ നിത്യമായി അവർ നശിച്ചുപോകും’ (വിശുദ്ധ  ഫൗസ്റ്റീനയുടെ ഡയറി  965).

നമുക്കു പ്രാർഥിക്കാം. ‘ ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്  എൻറെ അതിക്രമങ്ങൾ  മായിച്ചുകളയണമേ!’ ( സങ്കീ. 51:1)

 Divine Mercy Channel ൻറെ എല്ലാ വായനക്കാർക്കും  ദൈവകരുണയുടെ തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.