‘ഈ ദർശനം നിങ്ങൾക്കു മുദ്രിതഗ്രന്ഥത്തിലെ വാക്കുകൾ പോലെ ആയിരിക്കുന്നു. ഇതു വായിക്കുക, എന്നു പറഞ്ഞു വായിക്കാനറിയുന്നവൻറെ കൈയിൽ കൊടുക്കുമ്പോൾ, ഇതു മുദ്ര വയ്ക്കപ്പെട്ടിരിക്കുന്നു, വായിക്കാൻ കഴിയുകയില്ല എന്ന് അവൻ പറയുന്നു. വായിക്കുക എന്നു പറഞ്ഞു വായിക്കാൻ അറിഞ്ഞുകൂടാത്തവൻറെ കൈയിൽ ആ പുസ്തകം കൊടുക്കുമ്പോൾ എനിക്കു വായിക്കാനാവുകയില്ല എന്ന് അവനും പറയുന്നു’
(ജെറ. 29:11-12).
വായിക്കാനറിയുന്നവനും വായിക്കാനറിയാത്തവനും മനസിലാക്കുന്നതിൽ ഒരുപോലെ പരാജയപ്പെടുന്ന ഒരു രഹസ്യം. ജ്ഞാനം ഉണ്ടെന്നവകാശപ്പെടുന്നവനും അജ്ഞാനിയെന്നു വിളിക്കപ്പെടുന്നവനും മനസിലാകാതെ പോകുന്ന രഹസ്യം. വിലയറിയാതെ വീടുപണിക്കാർ തള്ളിക്കളഞ്ഞതും വഴിപോക്കർ അവഗണിച്ചതുമായ കല്ല്. കിഴക്കു നിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനതകൾ വന്നുചേരുമ്പോൾ അവർക്കായി കർത്താവീശോമിശിഹാ ഒരുക്കിവച്ചിരിക്കുന്ന ദൈവരാജ്യത്തിലെ വിരുന്നിനു വിളമ്പാനുള്ള വിശിഷ്ട വിഭവമാണത്. ആ വിരുന്നിനു ക്ഷണിക്കപ്പെട്ടിട്ടും പുറം തിരിഞ്ഞു നിൽക്കുന്ന സ്വന്തം ജനത്തെ നോക്കി കർത്താവ് ഇങ്ങനെയും പറഞ്ഞു. ‘ക്ഷണിക്കപ്പെട്ടവരിൽ ഒരുവനും എൻറെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു’ ( ലൂക്കാ 14:24).
പരിശുദ്ധ കുർബാനയെക്കുറിച്ച് എത്രയെഴുതിയാലും മതിയാവില്ല. കാരണം പരിശുദ്ധകുർബാന പോലെ മറ്റൊന്നില്ല. ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു മഹാത്ഭുതമാണത്. ഒരു മനുഷ്യൻ തൻറെ ശരീരവും രക്തവും സകലമാനവരാശിയുടെയും പാപപരിഹാരത്തിനായി സ്വയം മുറിച്ചു നൽകുന്ന മഹാത്ഭുതം! ഇതെങ്ങനെ സംഭവിക്കും? ഗുരുവിൻറെ ശരീരത്തിൽ നിന്നു ഗുരു തന്നെ മുറിച്ചുകൊടുത്ത ഒരു കഷണം എടുത്തു ഭക്ഷിച്ചിട്ട് പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോകുന്ന ശിഷ്യന് അതു മനസ്സിലാവില്ല. ‘തൻറെ ശരീരം നമുക്ക് ഭക്ഷണമായിത്തരാൻ ഇവന് എങ്ങനെ കഴിയും?’ ( യോഹ.6:54) എന്നാശ്ചര്യപ്പെട്ട ഫരിസേയർക്കും നിയമജ്ഞർക്കും അവർ ആഗ്രഹിച്ച മറുപടിയല്ല കിട്ടിയത്. ക്രിസ്തു ആരെന്നും പരിശുദ്ധ കുർബാന എന്തെന്നും അവർക്കു മനസിലായതേയില്ല. മനസിലായിരുന്നെങ്കിൽ ‘അവർ മഹത്വത്തിൻറെ രാജാവിനെ കുരിശിലേറ്റുമായിരുന്നില്ലല്ലോ’!
മരുഭൂമിയിൽ മന്നാ ഭക്ഷിച്ചവർക്ക് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതു മടുത്തുപോയത്രേ. ഇന്നും നമ്മുടെ പരാതി അതുതന്നെയാണ്. എന്നും മുടക്കമില്ലാതെ കിട്ടുന്നതുകൊണ്ടു പരിശുദ്ധകുർബാനയുടെ വില നമുക്കു മനസിലാകാതെ പോകുന്നു.
ഇസ്രായേൽക്കാർക്കു മന്നയുടെ വില മനസിലാകാതെ പോയതിനു കാരണം എന്തായിരുന്നു? ഈ ചോദ്യത്തിനു മറുപടി കിട്ടുന്നത് യോഹന്നാൻറെ സുവിശേഷത്തിലാണ്. ‘യേശു മറുപടി പറഞ്ഞു; സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽ നിന്ന് അപ്പം തന്നത്; എൻറെ പിതാവാണു സ്വർഗത്തിൽ നിന്നു നിങ്ങൾക്കു യഥാർഥമായ അപ്പം തരുന്നത്’ (യോഹ. 6:32).
അവരെ സംബന്ധിച്ചിടത്തോളം ആകാശത്തിൽ നിന്നു മന്ന വർഷിച്ചതു മോശ പ്രവർത്തിച്ച ഒരത്ഭുതമായിരുന്നു. ഞങ്ങൾ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവർത്തിക്കുക?’ (യോഹ. 6:30) എന്നു ചോദിച്ചുകൊണ്ട്, മോശയെ അവിശ്വസിച്ചവരുടെ സന്തതികളാണു തങ്ങളെന്ന് അവർ ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.
പിതാവായ ദൈവം സ്വർഗത്തിൽ നിന്നും അയച്ച വിശിഷ്ടഭോജ്യമായിരുന്നു മന്ന എന്ന ബോധ്യം അവരുടെ മനസ്സിൽ പതിഞ്ഞിരുന്നുവെങ്കിൽ അവർ ഒരിക്കലും അതിനെ വിലകെട്ട അപ്പമായി കാണുമായിരുന്നില്ല. വിശുദ്ധമായതിനെ വിശുദ്ധമായി കാണാൻ മടിച്ച അവരുടെ സ്മരണയിൽ നിന്നുപോലും മന്നയെക്കുറിച്ചുള്ള സ്മരണകൾ ക്രമേണ മാഞ്ഞുപോയിരിക്കണം. അങ്ങനെയൊരു ജനതയ്ക്ക് അഹറോൻറെ തളിർത്ത വടിയും, മന്നയും, പത്തു കൽപനകളും സൂക്ഷിച്ചിരുന്ന വാഗ്ദാനപേടകം കൈയിൽ വയ്ക്കാൻ എന്തവകാശം? എന്നാൽ വിജാതീയരുടെ കൈയിലെത്തിയ വാഗ്ദാനപേടകത്തിൻറെ വില ഇസ്രായേൽക്കാർ തിരിച്ചറിഞ്ഞില്ലെങ്കിലും അവർ തിരിച്ചറിഞ്ഞു. അതുകൊണ്ടാണല്ലോ സമ്മാനങ്ങളോടുകൂടെ വാഗ്ദാനപേടകം അവർ ഇസ്രയേലിലേക്കു തിരിച്ചയച്ചത്.
കർത്താവായ യേശുക്രിസ്തു അപ്പത്തിൻറെയും വീഞ്ഞിൻറെയും സാദൃശ്യത്തിൽ തന്നെത്തന്നെ പകുത്തുനൽകുന്ന ദിവ്യഭോജനമാണു പരിശുദ്ധകുർബാന എന്ന ബോധ്യം ഇപ്പോഴും നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടില്ല. ‘ഇതു ഭക്ഷിക്കുന്നവൻ മരിക്കുകയില്ല’ ( യോഹ. 6:50) എന്ന കർത്താവിൻറെ വാഗ്ദാനം നമ്മുടെ ഹൃദയത്തിൽ പതിഞ്ഞിട്ടില്ല. ‘നശ്വരമായ അപ്പത്തിനുവേണ്ടിയല്ല, മനുഷ്യപുത്രൻ തരുന്ന നിത്യജീവൻറെ അനശ്വരമായ അപ്പത്തിനുവേണ്ടിയാണ് അധ്വാനിക്കേണ്ടത്’ ( യോഹ 6:27) എന്ന ചിന്ത നമുക്കന്യമായിപ്പോയിരിക്കുന്നു. ‘ഞാനാണു ജീവൻറെ അപ്പം’ ( യോഹ. 6:34) എന്നു പറഞ്ഞവനു നമ്മുടെ ജീവിതത്തിൽ വലിയ വിലയൊന്നും നാം കൊടുക്കുന്നുമില്ല. എന്നിട്ടു നമ്മൾ പരാതിപ്പെടുന്നു. ഈ വിലകെട്ട അപ്പം തിന്നു ഞങ്ങൾ മടുത്തു!
നമുക്കെന്താണ് പറ്റിയതെന്നറിയണം. എന്തുകൊണ്ടാണ് നാം പരിശുദ്ധകുർബാനയ്ക്ക് അർഹിക്കുന്ന ആദരവു കൊടുക്കാത്തത് എന്നറിയണം. സർവശക്തനായ ദൈവത്തിൻറെ ‘പുത്രൻറെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിന്ദിച്ചാൽ’ ( എസക്കി 21:10) എന്താണു സംഭവിക്കുക എന്നറിയണം. കാരണം പരിശുദ്ധകുർബാന എന്നതു മറ്റ് അപ്പക്കഷണങ്ങളെപ്പോലെ വെറുമൊരു അപ്പക്കഷണമല്ല. ഭൂമിയിൽ അവസാനത്തെ സൂര്യനും ഉദിച്ചസ്തമിക്കുന്നതുവരെ, കാലത്തിൻറെ അവസാനത്തോളം നമ്മോടുകൂടെയുണ്ടായിരിക്കും എന്ന വാഗ്ദാനം നിറവേറ്റാൻ മനുഷ്യപുത്രനും ദൈവപുത്രനുമായ യേശുക്രിസ്തു തെരഞ്ഞെടുത്ത മാർഗമാണ് ഒരു ഗോതമ്പപ്പത്തോളം ചെറുതാവുക എന്നത്.
അതാകട്ടെ ‘മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്’ (യോഹ. 6:50). എന്നുമാത്രമല്ല അതു നിത്യജീവിതത്തിലേക്കു പ്രവേശിക്കാനുള്ള മിനിമം യോഗ്യതയായി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രൻറെ ശരീരം ഭക്ഷിക്കുകയും അവൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല’ (യോഹ. 6:53).
അവസാനദിവസം ഉയിർപ്പിക്കപ്പെടാനിരിക്കുന്ന ശരീരങ്ങൾക്കു നിത്യതയിലേക്കുള്ള തിരുപ്പാഥേയവുമാണത്. ക്രിസ്തു നമ്മിൽ വസിക്കാനും നാം ക്രിസ്തുവിൽ വസിക്കാനും ഇതല്ലാതെ മറ്റൊരു വഴിയുമില്ല. ‘എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു’ (യോഹ. 6:56). ഈ അപ്പം ഭക്ഷിക്കുന്നവൻ ജീവിക്കുന്നതു ക്രിസ്തു മൂലമായിരിക്കും എന്നും അവിടുന്നു നമുക്കു പറഞ്ഞുതന്നിട്ടുണ്ട്. ‘ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും’ (യോഹ.6:57). ഹെബ്രായലേഖകൻ പറയുന്നു; ‘യേശുക്രിസ്തുവിൻറെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു’ (ഹെബ്രാ. 10:10).
സീറോ മലബാർ കുർബാനയിൽ നാം ഇങ്ങനെ ഏറ്റുപറയുന്നു. ‘നിൻറെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാനായി നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു’. മരണത്തിൽ നിന്നു ജീവനിലേക്കുള്ള ഈ കടന്നുപോകലിൻറെ ഏറ്റവും ദൃശ്യമായ അടയാളമാണു പരിശുദ്ധ കുർബാനയിൽ ഗോതമ്പപ്പവും വീഞ്ഞും മിശിഹായുടെ ശരീരവും രക്തവുമായി മാറുന്ന മഹാത്ഭുതം എന്നതുകൊണ്ടാണു പരിശുദ്ധ കുർബാനയുടെ സ്ഥാപനവചനങ്ങൾക്കു തൊട്ടുപിന്നാലെ തന്നെ നാം ഇത് ഏറ്റുപറയുന്നത്. എന്നിട്ടും നാം അത് അറിയുന്നില്ല.
കുർബാനയിൽ നാം ഇങ്ങനെ ഏറ്റുപറയുന്നതിനു കാരണം മതബോധനഗ്രന്ഥത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു. ‘ക്രിസ്തു കുരിശിൽ അർപ്പിച്ച അതേ ശരീരം കുർബാനയിൽ അവിടുന്ന് നമുക്കു നൽകുന്നു. പാപപരിഹാരാർഥം അനേകർക്കായി ചിന്തിയ അതേ രക്തം നമുക്കു നൽകുന്നു’ (CCC 1365). ‘ക്രിസ്തുവിൻറെ ബലിയും കുർബാനയാകുന്ന ബലിയും ഒരേയൊരു ബലിയാണ്. ബലിവസ്തു ഒന്നുതന്നെയാണ്’ (CCC 1367) എന്നു പറഞ്ഞുകൊണ്ടു സഭ ഓരോ അൾത്താരയിലും അർപ്പിക്കപ്പെടുന്ന ഓരോ പരിശുദ്ധ കുർബാനയും കർത്താവീശോമിശിഹായുടെ കാൽവരി ബലിയുടെ തനതായ പുനരാവർത്തനമാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. ബലി ഒന്നെങ്കിൽ അതിൻറെ ഫലവും ഒന്നുതന്നെ ആയിരിക്കുമല്ലോ.
സ്വർഗാരോഹണത്തിനു ശേഷം വിശ്വാസികൾക്കു ലഭിക്കുന്ന ക്രിസ്ത്വനുഭവത്തെ വിശേഷിപ്പിക്കുമ്പോൾ അവിടുത്തെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാക്കിത്തരുന്ന തിരുവചനത്തെയും സഭാകൂട്ടായ്മകളെയും പ്രാർഥനകളെയും കൂദാശകളെയും ഒക്കെ പരാമർശിക്കുന്നതിൻറെ അവസാനം സഭ ഇങ്ങനെ പഠിപ്പിക്കുന്നു. ‘ എന്നാൽ ഏറ്റവും ഉന്നതമായ രീതിയിൽ അവിടുന്ന് ദിവ്യകാരുണ്യസാദൃശ്യങ്ങളിൽ സന്നിഹിത നായിരിക്കുന്നു (CCC 1373).
ഈ ലോകത്തിലുള്ള കഷ്ടതകൾ ക്ഷമയോടെ സഹിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നത്, വരാനിരിക്കുന്ന ജീവിതത്തിൽ നമുക്കു ലഭിക്കാനിരിക്കുന്ന ആനന്ദത്തെക്കുറിച്ചുള്ള പ്രത്യാശയാണ്. ഈ സ്വർഗീയജീവിതത്തിൻറെ അച്ചാരമാണു പരിശുദ്ധകുർബാന എന്നും അതു സ്വർഗീയമഹത്വത്തിൻറെ മുന്നാസ്വാദനമാണെന്നും സഭ പഠിപ്പിക്കുന്നു.
ഇത്രമേൽ വിശിഷ്ടവും ദൈവികവുമായ പരിശുദ്ധകുർബാന എന്ന രഹസ്യത്തെക്കുറിച്ചുള്ള പ്രബോധനം സഭ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘നീതി നിവസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയെയും കുറിച്ചുള്ള മഹത്തായ ഈ പ്രത്യാശയെ സംബന്ധിച്ചു കുർബാനയെക്കാൾ കൂടുതൽ ഉറപ്പുള്ള അച്ചാരമോ കൂടുതൽ വ്യക്തമായ അടയാളമോ ഇല്ല’ (CCC 1405). എന്നിട്ടും നമ്മൾക്കു പരിശുദ്ധകുർബാനയുടെ ഫലസിദ്ധിയെക്കുറിച്ചു സംശയമാണ്. ആദ്യമേ പറഞ്ഞതുപോലെ ജ്ഞാനികൾക്കും അജ്ഞാനികൾക്കും ഒരുപോലെ മനസിലാക്കാൻ കഴിയാത്ത മുദ്രവച്ച പുസ്തകമാണ് ദിവ്യകാരുണ്യം. അതിൻറെ വിലയറിയണമെങ്കിൽ ആ മുദ്ര പൊട്ടിച്ചുകിട്ടണം. അതാകട്ടെ കൃപയുടെ മാത്രം പ്രവൃത്തിയാണ്.
പരിശുദ്ധ കുർബാന എന്ന ലോകത്തിലെ ഏറ്റവും വലിയ അത്ഭുതത്തെ നേരാംവിധം അറിയുകയും മനസിലാക്കുകയും ചെയ്യാൻ കൃപ ലഭിച്ചവർ അതിൻറെ ഫലം കൊയ്തെടുക്കുന്നു. ആ കൃപ ലഭിക്കാത്തവർക്കു ദിവ്യകാരുണ്യം അന്നും ഇന്നും എന്നും വലിയ ഇടർച്ചയ്ക്കുള്ള കല്ലാണ്. എന്നാൽ അവർ മനസിലാക്കാതെ പോകുന്ന കാര്യം ‘ആ കല്ലിന്മേൽ നിപതിക്കുന്ന ഏതൊരുവനും തകരും എന്നും അത് ആരുടെ മേൽ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും’ (ലൂക്കാ 20:18)എന്നുമുള്ള തിരുവെഴുത്താണ്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള തൻറെ പ്രബോധനം ശിഷ്യന്മാർക്ക് ഇടർച്ചയ്ക്കു കാരണമായി എന്നറിഞ്ഞ കർത്താവ് അവരെ ആശ്വസിപ്പിക്കാനായി ഒന്നും പറയുന്നില്ല, താൻ പറഞ്ഞതിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകുന്നുമില്ല. പകരം അവിടുന്നു ചോദിക്കുന്നത് ഇതാണ്. ‘നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?’ (യോഹ. 6:67). ഓർക്കണം, തൻറെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുക എന്നതാണു നിത്യജീവനിലേക്കുള്ള വഴി എന്ന സത്യം വിളിച്ചുപറഞ്ഞപ്പോൾ അനേകം ശിഷ്യന്മാർ യേശുവിനെ വിട്ടുപോയി. അവശേഷിച്ച പന്ത്രണ്ടുപേരോടായിരുന്നു യേശുവിൻറെ ഈ ചോദ്യം.
ഇപ്പോഴും പരിശുദ്ധകുർബാന ആർക്കെങ്കിലും ഇടർച്ചയ്ക്കു കാരണമാകുന്നുവെങ്കിൽ അവരോടും കർത്താവ് ഇതുതന്നെയാണു പറയുന്നത്. ‘നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?’ മനുഷ്യപുത്രൻറെ ശരീരവും രക്തവും നമ്മെ നിത്യജീവനിലേക്കു നയിക്കുമെന്ന വിശ്വാസമില്ലാത്തവർക്കു പുറത്തെ ഇരുട്ടിലേക്കു പോകാം. അല്ലാത്തവർ പറയട്ടെ; ‘ കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവൻറെ വചനങ്ങൾ നിൻറ പക്കലുണ്ട്. നീയാണു ദൈവത്തിൻറെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു’ (യോഹ. 6:68).
മുദ്ര വയ്ക്കപ്പെട്ട ഗ്രന്ഥമായ പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള യാഥാർത്ഥജ്ഞാനം നമുക്കു നൽകണമേ എന്നു പരിശുദ്ധാത്മാവിനോടു പ്രാർഥിക്കാം. കർത്താവു പറയാൻ ബാക്കിവച്ചവ നമുക്കു പറഞ്ഞുതരുന്നതു പരിശുദ്ധാത്മാവാണല്ലോ. സത്യത്തിൽ കുർബാനയെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞുതരേണ്ടതില്ല. എല്ലാം കർത്താവു തന്നെ പറഞ്ഞുതന്നിട്ടുണ്ട്. അതു മനസിലാക്കാൻ പതോസിനോളം എളിമ വേണമെന്നു മാത്രം.
നിത്യജീവനരുളുന്ന അപ്പവും നിത്യരക്ഷ നൽകുന്ന പാനപാത്രവും നമുക്കായി ഒരുക്കിവച്ചു കാത്തിരിക്കുന്ന മിശിഹാ പരിശുദ്ധ കുർബാനയുടെ യഥാർഥവില എന്തെന്നു മനസിലാക്കാനുള്ള കൃപ നമുക്കു നൽകട്ടെ. മിശിഹായുടെ തിരുശരീരവും തിരുരക്തവും നമ്മുടെ കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും നിത്യജീവനും കാരണമാകുന്നുവെന്ന ആഴമായ വിശ്വാസം നമ്മിൽ ഉറപ്പിക്കപ്പെടുകയും ചെയ്യട്ടെ.
നമുക്കു പ്രാർഥിക്കാം. ‘ഓ ദിവ്യകാരുണ്യഈശോയെ, പരിശുദ്ധ കുർബാനയോടുള്ള സ്നേഹം ഒരു വരമായി എനിക്കു നൽകണമേ’.