യേശുവിൻ നാമം അതിശയ നാമം

ഒരു പേരിൽ എന്തിരിക്കുന്നു എന്നു  ചോദിച്ചാൽ  പേരിന് ഒരുപാടു  പ്രസക്തി ഉണ്ട് എന്നു തന്നെ പറയണം. ഏതു  മതത്തിലും സംസ്കാരത്തിലും  പേര് ഒരു പരിധി വരെ പാരമ്പര്യത്തെയോ  കുലത്തെയോ സ്വഭാവത്തെയോ ദേശത്തെയോ സൂചിപ്പിക്കുന്ന ഒന്നായിരുന്നു. ഒരു പടി കൂടെ കടന്നു  പല പേരുകളും വ്യക്തികളുടെ  മതവിശ്വാസവുമായി ബന്ധപ്പെട്ടതുമായിരുന്നു.

പൊതുവെ പറഞ്ഞാൽ പേരുകൾക്ക് അതിൽ തന്നെ ശ്രേഷ്ഠതയോ  ന്യൂനതയോ ഇല്ല.  വ്യക്തികളെ തിരിച്ചറിയാനുള്ള ഒരു  വഴി മാത്രമാണു  പേരുകൾ.  പേരുകൾക്കു   തീർച്ചയായും അവയുടെ മൂലരൂപത്തിൽ അർത്ഥമുണ്ട്.. ഞാൻ പറയുന്നത്  ഒരർത്ഥവുമില്ലാത്ത ആധുനികനാമങ്ങളെക്കുറിച്ചല്ല.  എന്നാൽ കാലാന്തരത്തിൽ പേരുകളും അവയുടെ അർത്ഥവും തമ്മിലുള്ള ബന്ധം വിട്ടുപോയി. അതുകൊണ്ട് ഇപ്പോൾ ഒരു വ്യക്തിയുടെ പേര് അയാളുടെ   സ്വഭാവത്തിൻറെയോ സംസ്കാരത്തിൻറെയോ  മതത്തിൻറെയോ ദേശത്തിൻറെയോ  സൂചകം ആയിരിക്കണം  എന്നില്ല.  

എന്നാൽ  ചില പേരുകൾ അന്നും ഇന്നും അതിൻറെ അർത്ഥത്തോടു  ചേർന്നു  നിൽക്കുന്നവയാണ്.  അതിൻറെ ഏറ്റവും നല്ല ഉദാഹരണം ബൈബിളിലെ ചില പേരുകളാണ്.   ഒരു വ്യക്തിയുടെ പേര് അബ്രാം എന്നതു   മാറ്റി അബ്രഹാം എന്നാക്കുന്ന ദൈവം അദ്ദേഹത്തിൻറെ ഭാര്യയുടെ പേരും  സാറായി എന്നതിൽ  നിന്നു മാറ്റി സാറാ എന്നാക്കുന്നുണ്ട്. 

യേശുക്രിസ്തു തൻറെ ശിഷ്യപ്രമുഖനായ  ശെമയോൻറെ പേരു  മാറ്റി കേപ്പാ  (പത്രോസ്) എന്ന പുതിയ പേരു  കൊടുക്കുന്നുണ്ട്. Cephas  എന്ന ഹീബ്രൂ പദത്തിനും Petros എന്ന ഗ്രീക്കു പദത്തിനും  അർത്ഥം ‘പാറ’  എന്നു  തന്നെയാണ്. തൻറെ സഭയുടെ ഉറപ്പുള്ള അടിസ്ഥാനമായി  പത്രോസിനെ കണ്ടതുകൊണ്ടാണ് യേശുക്രിസ്തു ഇപ്രകാരം  അദ്ദേഹത്തിനു പുതിയ പേരു  നൽകുന്നത്.

ഇവർക്കൊക്കെയും തങ്ങളുടെ   പേരുകൾ – പഴയതും പുതിയതും – കിട്ടിയതു  ജനനശേഷമാണ്.   എന്നാൽ ജനനത്തിനും എത്രയോ മുൻപു തന്നെ ദൈവം പേരുകൊടുത്ത  ചിലരെക്കുറിച്ചു നാം ബൈബിളിൽ വായിക്കുന്നുണ്ട്. അബ്രഹാമിൻറെ  പുത്രന്മാരായ ഇസഹാക്കും ഇസ്മായേലും,  ജോസിയാ  രാജാവ്  (അദ്ദേഹത്തിൻറെ ജനനം,  പ്രവചനത്തിനും മൂന്നു നൂറ്റാണ്ടുകൾക്കു  ശേഷമായിരുന്നു) പേർഷ്യൻ ചക്രവർത്തിയായിരുന്ന സൈറസ്  (പ്രവചനത്തിനും 175  വർഷങ്ങൾക്കു  ശേഷം  ജനിച്ചു),  യേശുവിൻറെ സമകാലീനനായിരുന്ന സ്നാപകയോഹന്നാൻ  എന്നിവരാണവർ.

ഈ പരമ്പരയിലെ അവസാനത്തെ ആളാണ് യേശു. യേശു ജനിക്കുന്നതിനു  മുൻപു  തന്നെ   ദൈവത്തിൻറെ ദൂതൻ ജോസഫിനോട് ഇപ്രകാരം പറഞ്ഞിരുന്നു. ‘ അവൾ (ജോസഫിൻറെ ഭാര്യയായ മറിയം)  ഒരു പുത്രനെ പ്രസവിക്കും.  നീ അവന് യേശു എന്നു  പേരിടണം. എന്തെന്നാൽ അവൻ തൻറെ ജനത്തെ  അവരുടെ പാപങ്ങളിൽ നിന്നു  മോചിപ്പിക്കും’ (മത്തായി 1:21).

ഒരു പേരിൽ എന്തിരിക്കുന്നു എന്നറിയണമെങ്കിൽ  യേശുവിൻറെ പേരു  ശ്രദ്ധിച്ചാൽ മതി.  ജനനത്തിനു മുൻപു  തന്നെ ദൈവം പേരു  നല്കിയവർക്കെല്ലാം   ഈ ഭൂമിയിൽ  ചെയ്തുതീർക്കാൻ ചില പ്രത്യേക ദൗത്യങ്ങളും  ദൈവം ഒരുക്കിവച്ചിരുന്നു. ആദ്യം  സൂചിപ്പിച്ചവർക്കെല്ലാം  അതു  തികച്ചും ഭൗതികമോ  അല്ലെങ്കിൽ പരിമിതമോ ആയ ദൗത്യങ്ങളായിരുന്നു.

എന്നാൽ യേശു  (ഹീബ്രുവിൽ Yeshuva) എന്ന വാക്കിൻറെ അർഥം തന്നെ  ‘യാഹ്‌വേ ( ദൈവം)  രക്ഷിക്കുന്നു’ (Yahweh – God- is Salvation)  എന്നാണ്. യേശുവിൻറെ ദൗത്യം എന്താണെന്നതിൻറെ സൂചകമാണ് അവിടുത്തേക്കു  നൽകപ്പെട്ട നാമധേയം.  മനുഷ്യർക്കു   ദൈവത്തിൻറെ  രക്ഷ   എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ആ ദൗത്യം.  

ദൈവത്തിൻറെ ഛായയിലും  സാദൃശ്യത്തിലും സൃഷ്ടിക്കണമെന്നു  ദൈവം പദ്ധതിയിട്ട മനുഷ്യൻ ദൈവത്തെ അനുസരിക്കാതെ പാപം ചെയ്തതിൻറെ ഫലമായി  ദൈവത്തിൽ നിന്ന് അകറ്റപ്പെട്ടു. ദൈവത്തെ മുഖാമുഖം  കാണുന്നതടക്കമുള്ള  സർവസൗഭാഗ്യങ്ങളും  ഉണ്ടായിരുന്ന പറുദീസയിൽ (ഏദൻ തോട്ടത്തിൽ) നിന്ന്  അവൻ ബഹിഷ്കൃതനായി.  അതിനുശേഷമുള്ള മനുഷ്യൻറെ എല്ലാ പരിശ്രമങ്ങളും ഒരിക്കൽ നഷ്ടപ്പെട്ട പറുദീസയിൽ  (അതായതു  ദൈവവുമായി പൂർണ്ണമായി ഐക്യപ്പെട്ടിരിക്കുന്ന അവസ്ഥയിലേക്ക്) വീണ്ടും എത്തിച്ചേരുക എന്നതായിരുന്നു. അതിനുള്ള വഴി തുറന്നു തന്നതു  യേശുവാണെന്നതു കൊണ്ടാണ്  യേശു ഏകരക്ഷകനാണെന്നു പറയുന്നത്. 

പലരും കരുതുന്നതുപോലെ യേശു തൻറെ  ധർമ്മോപദേശങ്ങളിലൂടെയല്ല നമ്മെ ദൈവത്തോട് ഐക്യപ്പെടുത്തിയത്. പിന്നെയോ, യേശു കുരിശിൽ സ്വയം ബലിയായിത്തീരുകയും മൂന്നാം നാൾ  ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.  അതായതു  ലോകചരിത്രത്തിൽ ആദ്യമായി അമരത്വം  സിദ്ധിച്ച വ്യക്തി യേശുവാണ്.  മരണത്തെ തോൽപ്പിക്കുക എന്നതു  മനുഷ്യൻറെ  എക്കാലത്തെയും വലിയ സ്വപ്നമാണ്. എന്നാൽ  അതു  സാധിച്ചതു  യേശു മാത്രമാണ്.  അതുകൊണ്ടാണ് യേശുവിൽ വിശ്വസിക്കുന്നവർക്കു നിത്യജീവൻ ഉണ്ടായിരിക്കുമെന്ന് യേശു തന്നെ  പറയുന്നത്.

ഇനി അല്പം ചരിത്ര വസ്തുതകൾ. യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളുടെ എണ്ണം മുന്നൂറിലധികമാണ്.  ആ പ്രവചനങ്ങളുടെ കാലഘട്ടം  ക്രിസ്തുവിനും  1200 ൽ പരം വർഷങ്ങൾക്കു മുൻപു   തുടങ്ങി  BC 500 വരെ നീളുന്നു.    ഇവിടെ സൂചിപ്പിച്ച മുന്നൂറിലധികം പ്രവചനങ്ങളിൽ ചുരുങ്ങിയത് 55 എണ്ണമെങ്കിലും   ഒരു നിരീശ്വരനുപോലും  നിഷേധിക്കാനാവാത്ത വിധം യേശുക്രിസ്തുവിനെ   നേരിട്ടു തന്നെ  ഉദ്ദേശിച്ചുള്ളവയാണ്.  ചില   ഉദാഹരണങ്ങൾ  ശ്രദ്ധിക്കുക :

-ക്രിസ്തു  അബ്രാഹത്തിൻറെയും ഇസഹാക്കിൻറെയും യാക്കോബിൻറെയും വംശത്തിൽ ജനിക്കും 

-ദാവീദിൻറെ കുലത്തിൽ  ജനിക്കും 

– അതു  കന്യകാജനനമായിരിക്കും 

– യേശുവിൻറെ ജനനം ബെത് ലെഹെമിലായിരിക്കും 

– ക്രിസ്തുവിനെ സ്വന്തം ജനങ്ങൾ തള്ളിപ്പറയും 

– മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുക്കപ്പെടും  

– കൈകാലുകൾ തുളയ്ക്കപ്പെടും 

– എന്നാൽ ഒരു അസ്ഥി  പോലും  തകർക്കപ്പെടുകയില്ല 

– കഠിനമായ പീഡനങ്ങൾ സഹിക്കും 

– സഹനങ്ങളിൽ  അന്ത്യവേളയിലെ ദാഹവും  ഉൾപ്പെടുന്നു 

– ദാഹിക്കുമ്പോൾ കയ്പു കലർത്തിയ  വിനാഗിരി കൊടുക്കും 

– യേശുവിൻറെ ശരീരം പാർശ്വത്തിൽ  (കുന്തം കൊണ്ട്) തുളയ്ക്കപ്പെടും 

-യേശുവിൻറെ   കുരിശുമരണം  സകലമനുഷ്യർക്കും പാപപരിഹാരത്തിനു   വേണ്ടിയായിരിക്കും 

– യേശു മരണത്തിനു  ശേഷം ഉയർത്തെഴുന്നേൽക്കും 

– സ്വർഗത്തിലേക്ക് ആരോഹണം ചെയ്യും 

– അതിനു ശേഷം തൻറെ ആത്മാവിനെ ( പരിശുദ്ധാത്മാവിനെ) മനുഷ്യരുടെ മേൽ വർഷിക്കും 

– യേശു ഒരിക്കലും പാപം ചെയ്യില്ല.

-പിശാചിൻറെ പിടിയിൽ നിന്ന് മനുഷ്യരെ രക്ഷിക്കും 

– ജനങ്ങളെ ഉപമകളിൽ കൂടി പഠിപ്പിക്കും 

– എന്നാൽ സ്വന്തം ജനം യേശുവിനെതിരെ  ചെവി അടച്ചുകളയും 

-യേശുവിൻറെ പരസ്യ ശുശ്രൂഷ  തുടങ്ങുന്നത് ഗലീലിയിലായിരിക്കും 

–  യേശു അനേകർ  തട്ടിവീഴുന്ന കല്ലായിരിക്കും 

– യേശു അത്ഭുതങ്ങൾ പ്രവർത്തിക്കും 

– യേശുവിനു മുന്നോടിയായി ഒരു പ്രവാചകൻ പ്രത്യക്ഷപ്പെടും 

-യേശു നിന്ദിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യും 

-ബന്ധിതരെ സ്വതന്ത്രരാക്കും 

-യേശുവിൻറെ രാജ്യത്തിന് അവസാനമുണ്ടാവുകയില്ല.

– യേശു വിനീതനായി കഴുതപ്പുറത്ത്  ജെറുസലേമിലേക്ക് പ്രവേശിക്കും 

– യേശുവിൻറെ  വസ്ത്രങ്ങൾക്കു വേണ്ടി ( പടയാളികൾ) നറുക്കിടും 

-കുറ്റം ആരോപിക്കുന്നവരുടെ മുൻപിൽ യേശു  നിശ്ശബ്ദത പാലിക്കും 

-ഏറ്റവും അടുത്ത സ്നേഹിതർ  തന്നെ യേശുവിനെ ഉപേക്ഷിക്കും 

ഏതെങ്കിലും ഒരു വ്യക്തിയിൽ ഈ പ്രവചനങ്ങൾ എല്ലാം  നിറവേറപ്പെടാനുള്ള സാധ്യത എത്രത്തോളം വിരളമാണെന്നു നമുക്കറിയാം. എല്ലാം വേണ്ട, ഇതിൽ പറഞ്ഞിരിക്കുന്നതിൽ   കൈവിരലിലെണ്ണാവുന്നവ മാത്രം  പരിഗണിച്ചാൽ പോലും അതെല്ലാം ഒരു വ്യക്തിയിൽ പൂർത്തീകരിക്കപ്പെടാനുള്ള സാധ്യത എത്രയോ കുറവാണ്. 

 ഒരു രസകരമായ  ഗവേഷണത്തിൻറെ  കഥ പറയാം. Pasadena College ലെ ഗണിതശാസ്ത്ര -ജ്യോതിശാസ്ത്ര വകുപ്പിൻറെ തലവനായിരുന്ന   Peter Stoner ഇതിൽ വെറും  എട്ടു പ്രവചനങ്ങൾ  മാത്രം  തെരഞ്ഞെടുത്ത് അതെല്ലാം ഒരു വ്യക്തിയിൽ ഏതെങ്കിലും   കാലത്തു  പൂർത്തീകരിക്കപ്പെടാനുള്ള സാധ്യത എത്രമാത്രമാണെന്നു   സ്റ്റാറ്റിസ്റ്റിക്കൽ മാർഗങ്ങളുപയോഗിച്ച്  പരിശോധിച്ചപ്പോൾ അദ്ദേഹം തന്നെ  അത്ഭുതപ്പെട്ടു. കാരണം അതു    നൂറിലൊന്നോ ആയിരത്തിലൊന്നോ ലക്ഷത്തിലൊന്നോ ശതകോടിയിൽ ഒന്നോ അല്ല,  മറിച്ച് 10  എഴുതിയിട്ട്  അതിനുശേഷം പതിനേഴ് പൂജ്യങ്ങൾ ചേർത്താൽ കിട്ടുന്ന  സംഖ്യയിൽ  ഒന്നു  മാത്രമായിരുന്നുവത്രേ. 

എന്നാൽ അങ്ങനെയൊരാൾ ഈ ഭൂമിയിൽ ജനിച്ചു, ജീവിച്ചു, കുരിശിലേറി മരിച്ചു.  ഉത്ഥാനം ചെയ്തു. സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു. തന്നെക്കുറിച്ചുള്ള പ്രവചനങ്ങൾ എല്ലാം നിറവേറ്റിക്കൊണ്ടാണ് യേശു ജനിച്ചതും ജീവിച്ചതും മരിച്ചതും.   അങ്ങനെയൊരാൾ ലോകചരിത്രത്തിൽ വേറെയില്ല. അതാണ് യേശു എന്ന നാമത്തിൻറെ  മഹത്വം.  അതുകൊണ്ടാണ് യേശു ഏകരക്ഷകനാണെന്നു പറയുന്നത്. അതുകൊണ്ടാണു  പിശാചുക്കൾ യേശുനാമം  കേൾക്കുമ്പോൾ  അലറിക്കൊണ്ട് ഓടുന്നത്.   യേശുനാമം കേൾക്കുമ്പോൾ ആകുലർക്ക് ആശ്വാസവും രോഗികൾക്കു സൗഖ്യവും  ലഭിക്കുന്നത്  അതുകൊണ്ടാണ് . യേശുവിൻറെ നാമത്തിൽ കഴിഞ്ഞ രണ്ടായിരം വർഷങ്ങളിൽ നടന്ന അത്ഭുതങ്ങൾക്കു കണക്കില്ല. അതിൽ മരിച്ചവരെ ഉയിർപ്പിക്കുന്നതും ഉൾപ്പെടുന്നു എന്നതു വിസ്മയിക്കേണ്ട. കാരണം  യേശുനാമത്തിനു മുകളിൽ മരണത്തിന് ഒരധികാരവുമില്ല.

യേശു എന്ന നാമം എത്ര   മഹത്തരമാണെന്ന് അറിഞ്ഞിരിക്കുക. അതു  നിങ്ങൾക്ക് ഉപകരിക്കും.  എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ,  യേശുനാമത്തിൻറെ ശക്തിയിൽ വിശ്വാസം കുറവുള്ളതു ക്രിസ്ത്യാനികൾക്കു  തന്നെയാണ്.  താൻ  പ്രത്യേകമായി തെരഞ്ഞെടുത്ത്, തൻറെ സനാതനരാജ്യത്തിലേക്കു  ക്ഷണിച്ച ക്രിസ്ത്യാനികൾ പലരും തൻറെ നാമത്തിൽ ഇടർച്ച തോന്നി പാതിവഴിയിൽ പിൻവാങ്ങും എന്നും യേശു പ്രവചിച്ചിട്ടുണ്ട്. അതേ  സമയം തന്നെ  ക്രിസ്തുവിനെക്കുറിച്ച് കൂടുതലൊന്നും അറിയാതിരുന്ന അക്രൈസ്തവർ   യേശുനാമത്തിൻറെ മഹത്വം മനസിലാക്കി  നിത്യരക്ഷയിലേക്കു വരും എന്നും  പ്രവചിക്കപ്പെട്ടിരിക്കുന്നു.  നിത്യരക്ഷയുടെ സുവിശേഷം അറിയാൻ  യേശു പ്രത്യേകമായി തെരഞ്ഞെടുത്ത ക്രൈസ്തവരിൽ പലരും  ദൈവരാജ്യത്തിൽ പ്രവേശിക്കാതെ പുറംതള്ളപ്പെടുന്നതായും  അതേ  സമയം  അക്രൈസ്തവർ  ക്രിസ്തു വാഗ്ദാനം ചെയ്യുന്ന  രക്ഷയിലേക്കു  കടന്നുവരുന്നതായും  ബൈബിളിൽ പറയുന്നുണ്ട്. ‘കിഴക്കുനിന്നും  പടിഞ്ഞാറുനിന്നും  വടക്കുനിന്നും  തെക്കുനിന്നും ജനങ്ങൾ വന്നു   ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും’ (ലൂക്കാ 13:29) എന്ന യേശുവിൻറെ വചനങ്ങൾ തന്നെ ഇതിനു സാക്ഷ്യം നൽകുന്നു.

അപ്പസ്തോലനായ പൗലോസ് എഴുതിയിരിക്കുന്നു. ‘അങ്ങനെ ഈ യുഗത്തിലും  വരാനിരിക്കുന്ന യുഗത്തിലും  എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങൾക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങൾക്കുമുപരി  അവനെ ഉപവിഷ്ടനാക്കി’ (എഫേ. 1:21). യേശുവിൻറെ  നാമത്തിനു മുകളിൽ മറ്റൊരു നാമം ഇല്ല എന്നതാണു  സത്യം.  അതിനെക്കുറിച്ചു   ബൈബിൾ ഇങ്ങനെ പറയുന്നു; ‘ ആകയാൽ ദൈവം അവനെ  (ക്രിസ്തുവിനെ) അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. ഇത് യേശുവിൻറെ നാമത്തിനു മുൻപിൽ സ്വർഗത്തിലും ഭൂമിയിലും  പാതാളത്തിലുമുള്ള  സകലരും  മുട്ടുകൾ മടക്കുന്നതിനും  യേശുക്രിസ്തു കർത്താവാണെന്നു  പിതാവായ ദൈവത്തിൻറെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്’ (ഫിലിപ്പി 2:8-11).

യേശുവിൻറെ  മുൻപിൽ വേർതിരിവില്ല.  യേശുവിന് എല്ലാവരും ഒരുപോലെയാണ്.  കാരണം യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ല, അവിടുന്നു  സർവപ്രപഞ്ചത്തിൻറെയും   അധിപനാണ്.  യേശുവിൻറെ നാമം അതുകൊണ്ടുതന്നെ ഈ പ്രപഞ്ചത്തിലുള്ള മറ്റേതൊരു നാമത്തെക്കാളും ശ്രേഷ്ഠമാണ്. ആ നാമം വിളിച്ചപേക്ഷിക്കാനും അങ്ങനെ ഈ സംസാരസാഗരത്തിൽ നിന്നു  രക്ഷ നേടാനും നാമെന്തിനു  മടിക്കണം? 

യേശുനാമത്തിൻറെ മഹത്വം ക്രിസ്ത്യാനികളെക്കാൾ   കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് അക്രൈസ്തവരാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.   യഹൂദ വംശത്തിനു പുറത്തുള്ള അനേകർ യേശുവിൻറെ അടുക്കൽ വന്നു  സൗഖ്യവും സമാശ്വാസവും രക്ഷയും ചോദിച്ചുവാങ്ങിയതായി   സുവിശേഷത്തിൽ നാം വായിക്കുന്നുണ്ടല്ലോ. ജനനം മുതൽ യേശുനാമം കേട്ടു  തഴമ്പിച്ചുപോയതുകൊണ്ടാണു   ക്രിസ്ത്യാനിയ്ക്ക്   യേശുനാമത്തിൻറെ  വില മനസിലാകാതെ പോകുന്നത്. 

യേശുനാമം കൂടെക്കൂടെ ഉരുവിടാൻ  സഹായിക്കുന്ന പ്രാർത്ഥനകളെ യേശുപ്രാർത്ഥന (Jesus Prayer)    എന്ന് വിളിക്കാറുണ്ട്. അങ്ങനെയൊരു   പ്രാർത്ഥനയെക്കുറിച്ച്,  ഒരു സാധകൻറെ സഞ്ചാരം എന്ന  വിശിഷ്ടഗ്രന്ഥത്തിൽ  ഇപ്രകാരം പറയുന്നു: ‘ഒറ്റയ്ക്കിരിക്കുക, നിശബ്ദതയിൽ തല താഴ്ത്തുക, കണ്ണടയ്ക്കുക, മെല്ലെ നിശ്വസിക്കുക. സ്വന്തം ഹൃദയാന്തർഭാഗത്തേക്കു  നോക്കുന്നതായി ഭാവന ചെയ്യുക. നിങ്ങളുടെ മനസിനെ, അതായത് ചിന്തകളെ,  ശിരസിൽ നിന്നു ഹൃദയത്തിലേക്കു കൊണ്ടുപോവുക. ശ്വാസം  പുറത്തേക്കു വിടുന്നതിനോടൊപ്പം ഇതും ഉച്ചരിക്കുക.”കർത്താവായ  യേശുക്രിസ്തുവേ, പാപിയായ എന്നിൽ കനിയണമേ”. ചുണ്ട് മെല്ലെ അനക്കിക്കൊണ്ട് അത് ഉരുവിടുക. അല്ലെങ്കിൽ മനസ്സിൽ ഉരുവിട്ടാലും മതി. ഇതരചിന്തകളെല്ലാം അകറ്റി നിർത്താൻ  യത്നിക്കുക. ശാന്തനായിരിക്കുക, ക്ഷമയോടെ  വാഴുക. ഈ അഭ്യാസം കൂടെക്കൂടെ നടത്തുകയും ചെയ്യുക’. ഇപ്രകാരം യേശുനാമം  വിളിച്ചപേക്ഷിക്കുന്ന ഒരുവൻറെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ!

ഈ പ്രാർത്ഥനയിലെ  ‘കർത്താവായ യേശുക്രിസ്തുവേ’ എന്ന ഭാഗം നമ്മുടെ ചിന്തയെ  യേശുക്രിസ്തുവിൻറെ ജീവിതത്തിലേക്കു നയിക്കുന്ന സുവിശേഷസംഗ്രഹമാണ്  എന്നു  സഭാപിതാക്കന്മാർ പറയുന്നു. ‘പാപിയായ 

എന്നിൽ കനിയണമേ’  എന്നതാകട്ടെ നമ്മുടെ നിസഹായാവസ്ഥയെയും പാപാവസ്ഥയെയും ദൈവത്തിൻറെ  മുൻപിൽ  ഏറ്റുപറയുന്ന  എളിമയുടെ  വാക്കുകളത്രേ.  ‘ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും  എൻറെ വചനം ശ്രവിക്കുമ്പോൾ  വിറയ്ക്കുകയും  ചെയ്യുന്നവനെയാണു  ഞാൻ കടാക്ഷിക്കുക’ ( ഏശയ്യാ 66: 2)  എന്നരുളിച്ചെയ്ത ദൈവം  സർവശ്രേഷ്ഠമായ  ഈ നാമം വിളിച്ചുകൊണ്ടു    തന്നെ  അഭയം പ്രാപിക്കുന്നവരെ  കൈവിടുമോ! 

യേശുപ്രാർത്ഥനയുടെ  (Jesus Prayer) മറ്റു ചില രൂപങ്ങൾ ഇങ്ങനെയാണ്.

കർത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ, പാപിയായ എന്നിൽ കനിയണമേ 

കർത്താവായ യേശുക്രിസ്തുവേ, ദൈവപുത്രാ,  എന്നിൽ കനിയണമേ 

യേശുവേ, കരുണയായിരിക്കണമേ 

ജീവിക്കുന്ന ദൈവത്തിൻറെ പുത്രനായ  യേശുവേ,പാപിയായ എൻറെ മേൽ കരുണയായിരിക്കണമേ 

യേശുവേ, ദൈവപുത്രാ, പാപിയായ എൻറെ മേൽ കനിയണമേ.

പ്രാർത്ഥനയുടെ രൂപം എന്തായാലും,  ഒരേ സമയം  ദൈവവും  മനുഷ്യനും  ആയിരുന്ന  യേശുവിൻറെ മഹത്വമേറിയ നാമം സകലരും വിളിച്ചപേക്ഷിക്കണം എന്നതു ദൈവനീതിയാണ്. സ്വർഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ പ്രധാനപുരോഹിതൻറെ (ഹെബ്രാ. 4:14) പേരാണ് യേശു. ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും  എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ട ( ഹെബ്രാ. 4:15) ഒരുവൻറെ പേരാണ് യേശു. സഹനം വഴി പരിപൂർണ്ണനാക്കപ്പെട്ട രക്ഷയുടെ കർത്താവിൻറെ ( ഹെബ്രാ. 2:10) വിശിഷ്ടനാമമാണ് യേശു. ഈ ശ്രേഷ്ഠനാമത്തിൻറെ ഒരു പ്രത്യേകത , ഈ നാമത്തിൽ ദൈവത്തോടു  ചോദിക്കുന്ന എന്തും നിങ്ങൾക്കു   സാധിച്ചുകിട്ടും എന്നതാണ്. ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; നിങ്ങൾ എൻറെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു  നിങ്ങൾക്കു  നൽകും.ഇതുവരെ നിങ്ങൾ   എൻറെ നാമത്തിൽ ഒന്നും തന്നെ  ചോദിച്ചിട്ടില്ല.  ചോദിക്കുവിൻ. നിങ്ങൾക്കു  ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാവുകയും ചെയ്യും’ (യോഹ.16:23-24). വത്സരങ്ങൾക്ക് അറുതിയില്ലാത്തവനായ യേശുക്രിസ്തുവിൻറെ ഇളക്കമില്ലാത്ത വാഗ്ദാനമാണിത്.  ഇനി  യേശുവിൻറെ നാമത്തിൽ , വിശ്വാസത്തോടെ  ചോദിക്കുക. അവിടുന്ന് അമർത്തിക്കുലുക്കി, നിറച്ചളന്നു   നിങ്ങളുടെ മടിയിലേക്കിട്ടു തരും.  ഉറപ്പ്. കാരണം യേശുവിൻറെ പവിത്രനാമത്തിൽ  നാം ചോദിക്കുന്നെങ്കിൽ അതു  യേശുവിനിഷ്ടമുള്ള കാര്യം തന്നെയാകുമല്ലോ.

ഇനി പറയാൻ പോകുന്ന കാര്യം ശ്രദ്ധയോടെ കേൾക്കണം. ദൈവം മനുഷ്യനാവുക  എന്നതു  മനുഷ്യബുദ്ധിയ്ക്കു  മനസിലാക്കാൻ സാധിക്കാത്ത രഹസ്യമായിരുന്നു. അതുപോലെ  തന്നെയാണ് മനുഷ്യനായ ദൈവത്തിൻറെ നാമവും. അതിൻറെ ശ്രേഷ്ഠതയുടെ രഹസ്യം എല്ലാവർക്കും വെളിപ്പെട്ടുകിട്ടില്ല.  ദൈവം പ്രത്യേകമായി തെരഞ്ഞെടുത്തവർക്കു   മാത്രം കിട്ടുന്ന ഭാഗ്യമാണത്. യേശു പറയുന്നതു നോക്കുക;  ‘ലോകത്തിൽ നിന്ന് അവിടുന്ന് എനിക്കു നൽകിയവർക്ക് അവിടുത്തെ നാമം  ഞാൻ വെളിപ്പെടുത്തി’ (യോഹ.17:6). ‘ഞാൻ അവരോടു കൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു  നൽകിയ അവിടുത്തെ നാമത്തിൽ ഞാൻ അവരെ സംരക്ഷിച്ചു’ ( യോഹ.17:12).

അതിശ്രേഷ്ഠമായ ഈ നാമം ഏറ്റുപറയുന്നവർക്ക്  സഹനങ്ങളും പീഡനവും ഉണ്ടാവുമെന്നും യേശു മുന്നറിയിപ്പ് തന്നിട്ടുണ്ട്. ‘ എൻറെ നാമത്തെ പ്രതി നിങ്ങളെ  എല്ലാവരും  ദ്വേഷിക്കും’  (മർക്കോസ് 13:13).  ആ പ്രവചനം നിറവേറിക്കൊണ്ടിരിക്കുന്ന നാളുകളാണിത്.  തിന്മയുടെ ശുശ്രൂഷ ചെയ്യുന്നവർക്ക് യേശുവിൻറെ നാമം അരോചകമാണ്.  യേശുവിൻറെ സ്വർഗാരോഹണത്തിനു ശേഷം യേശുനാമത്തിൽ സുവിശേഷം പ്രസംഗിച്ച ശിഷ്യന്മാരെ  പിടികൂടിയ അധികാരികളും പുരോഹിതവർഗവും അവരോടു  കല്പിച്ചത് ഒരേയൊരു കാര്യം മാത്രം. അപ്പസ്തോലപ്രവൃത്തികളിൽ നാം ഇങ്ങനെ വായിക്കുന്നു; ‘അവർ  അവരെ  വിളിച്ചു   യേശുവിൻറെ നാമത്തിൽ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു’ 

(അപ്പ.4:18).  പൈശാചികശക്തികൾക്ക് യേശുനാമത്തോടുള്ള ഈ വെറുപ്പ്  ഇന്നും വിവിധ രൂപങ്ങളിൽ  പ്രകടമാവുന്നുണ്ടല്ലോ,

ക്രിസ്തുവിൻറെ കാലത്തിനുശേഷമുള്ള ആദ്യത്തെ അത്ഭുതം നടന്നതു  ക്രിസ്തുവിൻറെ നാമം ഉച്ചരിച്ചതുകൊണ്ടാണ്.  ദൈവാലയകവാടത്തിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനെ  പത്രോസ് സുഖപ്പെടുത്തുന്നത്  ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.  ‘വെള്ളിയോ സ്വർണമോ എൻറെ കൈയിലില്ല. എനിക്കുള്ളതു  ഞാൻ നിനക്കു  തരുന്നു. നസറായനായ  യേശുക്രിസ്തുവിൻറെ നാമത്തിൽ എഴുന്നേറ്റു നടക്കുക’ (അപ്പ. 3:6).

അന്നുതൊട്ട് ഇന്നുവരെ ക്രിസ്തീയശുശ്രൂഷകളിൽ  നടന്നിട്ടുള്ള എല്ലാ അത്ഭുതങ്ങളും  അതേ  യേശുക്രിസ്തുവിൻറെ നാമത്തിലാണു  നടന്നിട്ടുള്ളത്. യുഗങ്ങളുടെ അവസാനം വരെ അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. കാരണം യേശുനാമത്തിനു മുകളിൽ  ത്രിലോകങ്ങളിലും മറ്റൊരു നാമമില്ല എന്നതുതന്നെ.  ഇതു  വിശ്വസിക്കുക എന്നതാണു  രക്ഷയിലേക്കുള്ള വഴി. ‘ഞാൻ ഇതെല്ലം എഴുതിയതു  ദൈവപുത്രൻറെ നാമത്തിൽ  വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ട് എന്നു  നിങ്ങൾ അറിയേണ്ടതിനാണ് (1 യോഹ. 5:13) എന്ന ഒറ്റ വാക്യത്തിൽ യേശുനാമത്തിൻറെ ശ്രേഷ്ഠത മുഴുവനും അടങ്ങിയിരിക്കുന്നു.

യേശു ആരുടേയും സ്വകാര്യസ്വത്തല്ല.  അങ്ങനെ പറയുന്നവരെ സൂക്ഷിച്ചുകൊള്ളുക. യേശുവിൻറെ അവതാരോദ്ദേശം  അവിടുത്തെ ജനനവേളയിൽ മാലാഖമാർ ബെത്ലെഹെമിലെ പാവപ്പെട്ട  ആട്ടിടയന്മാർക്കു  കൊടുത്ത സന്ദേശത്തിലുണ്ട്. ‘ ഭയപ്പെടേണ്ട. ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ് വാർത്ത  ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻറെ പട്ടണത്തിൽ  നിങ്ങൾക്കായി  ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു  ജനിച്ചിരിക്കുന്നു’ (ലൂക്കാ  2:11). 

യേശു സകലമനുഷ്യർക്കും വേണ്ടിയാണു  മനുഷ്യനായി അവതരിച്ചത്. സകലർക്കും വേണ്ടിയാണു  ജീവിച്ചത്, സകലർക്കും  വേണ്ടിയാണു   മരിച്ചത്, സകലർക്കും വേണ്ടിയാണ് ഉയർത്തെഴുന്നേറ്റത്.  സകലർക്കും വേണ്ടിയാണു  വീണ്ടും വരാനിനിരിക്കുന്നതും!  പ്രപഞ്ചസൃഷ്ടിയ്ക്കു മുൻപുണ്ടായിരുന്നതും  പ്രപഞ്ചത്തിൻറെ  അവസാനത്തിനു ശേഷം   നിലനിൽക്കുന്നതുമായ ഒരേയൊരു നാമമാണ് യേശുവിൻറെ മഹനീയ നാമം. ആ നാമത്തിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ. ‘ക്രിസ്തുവിൻറെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ  ഭാഗ്യവാന്മാർ’ എന്നരുളിച്ചെയ്ത കർത്താവ്, സർവശ്രേഷ്ഠമായ തൻറെ  പരിശുദ്ധ നാമം  എല്ലായ്‌പ്പോഴും,  പ്രത്യേകിച്ചു  പരീക്ഷകളിലും മരണസമയത്തും   നമ്മുടെ  ഹൃദയത്തിലും അധരങ്ങളിലും ഉണ്ടാകാനുള്ള കൃപ  ചെയ്യുമാറാകട്ടെ.

നമുക്കു പ്രാർത്ഥിക്കാം: കർത്താവായ യേശുക്രിസ്തുവേ, പാപിയായ എന്നിൽ കനിയണമേ.