എന്താണ് നോമ്പിൻറെയും ഉപവാസത്തിൻറെയും ഉദ്ദേശം? അഥവാ എന്തായിരിക്കണം നോമ്പിനും ഉപവാസത്തിനും നാം അവലംബിക്കേണ്ട രീതി?
നമ്മിൽ ബഹുഭൂരിപക്ഷത്തിനും നോമ്പ് എന്നു പറഞ്ഞാൽ ഒരു നിശ്ചിത കാലത്തേയ്ക്കു മത്സ്യമാംസാദികൾ വർജിക്കുന്നതാണ്. ചിലർ മുട്ടയും വർജിക്കും. പല മദ്യപാനികളും നോമ്പിൻറെ കാലത്തു മദ്യം പൂർണമായി ഒഴിവാക്കാറുണ്ട്. അതുപോലെ തന്നെ സ്ഥിരമായി പുകവലിക്കുന്ന പലരും നോമ്പിൻറെ കാലത്തു പുകയില ഉൽപന്നങ്ങൾ വർജിക്കാറുണ്ട്.
അതെല്ലാം നല്ല കാര്യങ്ങൾ തന്നെ. എന്നാൽ കൂടുതൽ പ്രസക്തമായ കാര്യം ഇങ്ങനെ കുറച്ചുകാലത്തേക്കു മൽസ്യമാംസാദികളും മദ്യവും പുകവലിയും ഒക്കെ ഉപേക്ഷിക്കുന്നതുകൊണ്ട് എന്തു ഗുണമാണു നമുക്കു ലഭിക്കുന്നതെന്നാണ്. അതുകൊണ്ടു ശരീരത്തിൻറെ ആസക്തികളെ നിയന്ത്രിച്ചുനിർത്താൻ കഴിയും എന്നും പുണ്യങ്ങളിൽ വളരാൻ കഴിയും എന്നുമായിരിക്കും നമ്മിൽ പലരുടെയും ഉത്തരം. അങ്ങനെയെങ്കിൽ ഒന്നു ചോദിക്കട്ടെ. ഒരിക്കലും മൽസ്യമാംസാദികൾ കഴിക്കാത്ത ഒരു വ്യക്തിയ്ക്കു വല്ലപ്പോഴും നോമ്പു നോക്കുന്ന ഒരു ക്രിസ്ത്യാനിയെക്കാൾ ശരീരത്തിൻറെ ആസക്തികളെ നിയന്ത്രിക്കാനും പുണ്യജീവിതം നയിക്കാനും കഴിയണമല്ലോ. ഹിറ്റ്ലർ ഒരു പരിപൂർണ സസ്യഭുക്ക് ആയിരുന്നു എന്നോർക്കണം. മത്സ്യമാംസാദികൾ തൊടുക പോലും ചെയ്യാത്ത പല പ്രമുഖ വ്യക്തികളും കൊലപാതകം, ബലാൽസംഗം, തുടങ്ങിയ നിഷ്ടൂരകുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന വാർത്ത നാം എത്രയോ തവണ വായിച്ചിരിക്കുന്നു!
അപ്പോൾ നമ്മൾ കരുതുന്നതല്ല നോമ്പിൻറെ ഉദ്ദേശം. അതിനെക്കുറിച്ചു പിറകെ പറയാം. അതിനു മുൻപായി എങ്ങനെയാണു നോമ്പെടുക്കേണ്ടതെന്നു കൂടി ചിന്തിക്കണം. നമ്മെ സംബന്ധിച്ചിടത്തോളം നോമ്പ് എന്നതു സ്വന്തമായി എടുക്കുന്ന ഒരു തീരുമാനമാണ്. അത് ആരും അടിച്ചേല്പിക്കുന്നതല്ല. നാം സ്വമനസാലേ തീരുമാനിക്കുകയാണ്; ഇനിയുള്ള അൻപതു ദിവസങ്ങൾ ഞാൻ സസ്യഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. അല്ലെങ്കിൽ ഞാൻ മദ്യപിക്കില്ല, അതുമല്ലെങ്കിൽ ഞാൻ സിനിമ കാണില്ല, അല്ലെങ്കിൽ വാട്ട്സ് ആപ്പ് ഒഴിവാക്കും എന്നിങ്ങനെ.
ഏതൊന്നാണോ നാം നമുക്കുതന്നെ നിഷേധിക്കുന്നത്, അതിനോടു നമുക്കു കൂടുതൽ താല്പര്യം ഉണ്ടാകും എന്നത് ഒരു സാമാന്യ തത്വമാണ്. അതുകൊണ്ടാണു നോമ്പു തുടങ്ങുന്ന അന്നു മുതൽ നാം ദിവസങ്ങൾ എണ്ണിത്തുടങ്ങുന്നത്. ഇനി അമ്പതു ദിവസം കഴിഞ്ഞാൽ ഇറച്ചി കഴിക്കാമല്ലോ, ഇനി ഇരുപത്തിയഞ്ചു ദിവസം കഴിഞ്ഞാൽ മദ്യം കഴിക്കാമല്ലോ എന്നിങ്ങനെ. അതായത്, നാം ഏതൊരു വസ്തു ഉപേക്ഷിച്ചുകൊണ്ടാണോ നോമ്പ് ആചരിക്കുന്നത് ആ വസ്തുവിനെക്കുറിച്ചുള്ള ചിന്തകൾ നോമ്പുകാലത്തു കൂടുതലായി നമ്മുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കും.
ഈസ്റ്ററിനും ക്രിസ്മസിനും ഒക്കെ ക്രിസ്ത്യാനികൾ വിളിച്ചിരുന്ന ഓമനപ്പേരാണു നോമ്പുവീടൽ. ഈ പേരിൽ തന്നെ നമ്മുടെ നോമ്പിൻറെ ആത്മാർത്ഥതയില്ലായ്മ ഒളിഞ്ഞിരിപ്പുണ്ട്. നാം ആഘോഷിക്കുന്നതു കർത്താവിൻറെ ജനനമോ ഉത്ഥാനമോ ആണോ അതോ കുറെ ദിവസങ്ങളായി നാം ത്യാഗം സഹിച്ചു നടത്തിയ ഒരു കർമ്മമായ നോമ്പിൻറെ ആഘോഷമായ പരിസമാപ്തിയാണോ? നോമ്പുവീടൽ എന്ന പേരു സൂചിപ്പിക്കുന്നത്, ഇത്ര നാളും വേണ്ടെന്നുവച്ച കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്കു വീണ്ടും കൊണ്ടുവരുന്ന ഒരവസരമാണ് അതെന്നാണ്. അതിനിടയിൽ കർത്താവു ജനിച്ചതും ഉയിർത്തെഴുന്നേറ്റതുമൊക്കെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ ആയി ഒതുങ്ങിപ്പോകുന്നു.
ഇതാണോ നോമ്പ്? ഏശയ്യാ പ്രവാചകൻറെ വാക്കുകളിൽ ചോദിച്ചാൽ, ‘ഇതിനെയാണോ നിങ്ങൾ ഉപവാസമെന്നും കർത്താവിനു സ്വീകാര്യമായ ദിവസം എന്നും വിളിക്കുക?’ (ഏശയ്യാ 59:5). തീർച്ചയായും നോമ്പ് എന്നും ഉപവാസം എന്നും പറഞ്ഞാൽ അതിൻറെ അർഥം വേറെയാണ്. അതു മനസ്സിലാക്കണമെങ്കിൽ നമ്മുടെ ഗുരുവും കർത്താവുമായ യേശുക്രിസ്തു എങ്ങനെയാണു നോമ്പ് ആചരിച്ചതെന്നു നോക്കിയാൽ മതി;
നമ്മുടെ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരം കർത്താവിൻറെ നോമ്പിലുണ്ട്. നമുക്കു ലൂക്കായുടെ സുവിശേഷത്തിൽ നിന്നു തുടങ്ങാം.
‘ യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടു നാൽപതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു’ ( ലൂക്കാ 4:1-2). നമ്മുടെ നോമ്പും കർത്താവിൻറെ നോമ്പും തമ്മിലുള്ള വലിയൊരു വ്യത്യാസം ശ്രദ്ധിച്ചോ? നാം സ്വന്തം ഇഷ്ടപ്രകാരം ഒരു നിശ്ചിതകാലത്തേക്കു നോമ്പു നോക്കാൻ തീരുമാനിക്കുന്നു. എന്നാൽ കർത്താവ് അങ്ങനെയൊരു തീരുമാനം എടുക്കുന്നതായി നാം കാണുന്നില്ല. കർത്താവു മരുഭൂമിയിലേക്കു പോയതു സ്വന്തം ഇഷ്ടപ്രകാരമാണെന്നു സുവിശേഷത്തിൽ എവിടെയും നാം വായിക്കുന്നില്ല. പരിശുദ്ധാത്മാവു യേശുവിനെ നയിച്ചുകൊണ്ടു പോവുകയായിരുന്നു.
ഇതാണ് ഒന്നാമത്തെ പാഠം. നോമ്പു തുടങ്ങാൻ തീരുമാനം എടുക്കേണ്ടതു നമ്മളല്ല, പരിശുദ്ധാത്മാവാണ്. നമ്മൾ സ്വയമേ തീരുമാനം എടുത്തു തുടങ്ങുന്ന നോമ്പുകൾ പലതും പാതിവഴിയിൽ നിന്നുപോകുന്നതിൻറെ കാരണം ഇപ്പോൾ പിടികിട്ടിയില്ലേ? സ്വന്തം ബുദ്ധിയിലും കഴിവിലും ആശ്രയിച്ചു ചെയ്യേണ്ട ഒന്നല്ല നോമ്പും ഉപവാസവും ഒക്കെ. പരിശുദ്ധാത്മാവു പ്രചോദിപ്പിച്ചിട്ടു തുടങ്ങുന്ന നോമ്പും ഉപവാസവും ആണു മുപ്പതുമേനിയും അറുപതു മേനിയും നൂറുമേനിയും ഒക്കെ ഫലം പുറപ്പെടുവിക്കുന്നത്. അല്ലാത്തവയൊക്കെ വയലിലെ പുഷ്പം പോലെ ചുടുകാറ്റടിക്കുമ്പോൾ ഉണങ്ങിപ്പോകുന്നവയാണ്. തന്നോടുതന്നെ ബലം പ്രയോഗിച്ചുകൊണ്ടു നോമ്പിൻറെ നിർദിഷ്ട ദിനങ്ങൾ പൂർത്തിയാക്കിയാലും അതിൽ നിലനില്പില്ലാത്തതിൻറെ കാരണവും പരിശുദ്ധാത്മാവിനെ കൂടാതെ സ്വയം അധ്വാനിക്കാൻ ഇറങ്ങിയതിൻറെ ഫലമാണ്.
യേശു ഉപവാസം ആരംഭിക്കുന്നതിനുമുൻപു തന്നെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നു. അതുകൊണ്ടാണ് ആത്മാവു തനിക്കിഷ്ടമുള്ളിടത്തേയ്ക്കു യേശുവിനെ കൊണ്ടുപോയപ്പോൾ അവിടുത്തേക്ക് അസ്വസ്ഥതയോ ആകുലതയോ ഒന്നും ഉണ്ടാകാതിരുന്നത്. മാമോദീസയിൽ നമ്മുടെ മേൽ ചൊരിയപ്പെട്ട പരിശുദ്ധാത്മാവ് ഇപ്പോഴും സജീവമായി, സക്രിയനായി നമ്മിലുണ്ട്. യേശുവിനെപ്പോലെ വേണ്ട സമയത്ത്, വേണ്ടിടത്തേയ്ക്കു നമ്മെ നയിക്കാൻ പരിശുദ്ധാത്മാവിനു കഴിയാത്തതിനു കാരണം, നാം നമ്മുടെ പ്രവൃത്തികൾകൊണ്ടു നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കിക്കളയുന്നതു കൊണ്ടാണ്. യേശുവിനെപ്പോലെ പരിശുദ്ധാത്മാവു നിറഞ്ഞവരല്ലെങ്കിലും നമുക്ക് ഒരു കാര്യം ചെയ്യാമല്ലോ. നോമ്പിനും ഉപവാസത്തിനും ഒക്കെ തുടക്കമിടുമ്പോൾ പരിശുദ്ധാത്മാവിനോടു സഹായം ചോദിക്കാം. എന്നേയ്ക്കും നമ്മോടുകൂടെയായിരിക്കുമെന്നു കർത്താവു വാഗ്ദാനം ചെയ്തത് ഈ പരിശുദ്ധാത്മാവിനെക്കുറിച്ചാണല്ലോ. സത്യം നമുക്കു പൂർണമായി വെളിപ്പെട്ടുകിട്ടുന്നതും ഇതേ ആത്മാവിലൂടെയാണ്. ‘സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിൻറെ പൂർണതയിലേക്കു നയിക്കും’ (യോഹ. 16:13).
അതുകൊണ്ടു യഥാർത്ഥമായ ഉപവാസത്തിലേക്കും നോമ്പിലേക്കും നമ്മെ നയിക്കണമേ എന്നായിരിക്കണം നോമ്പ് ആരംഭിക്കുന്നതിനു മുൻപു നമുക്കു പരിശുദ്ധാത്മാവിനോടുള്ള പ്രർത്ഥന. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല എന്നു പറഞ്ഞ ദൈവപുത്രൻ നമുക്കു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തതു സ്വയമേ നല്ലതൊന്നും ചെയ്യാൻ ത്രാണിയില്ലാത്ത ബലഹീനരായ നമ്മെ സഹായിക്കാൻ വേണ്ടിയാണ്.
പരിശുദ്ധാത്മാവിൻറെ അനുവാദം വാങ്ങി നോമ്പു തുടങ്ങിയാൽ ആദ്യത്തെ കടമ്പ കഴിഞ്ഞു. നോമ്പെടുക്കാനുള്ള തീരുമാനം നാം സ്വന്തം ബുദ്ധിയിലോ കഴിവിലോ ആശ്രയിച്ചു ചെയ്യേണ്ട ഒന്നല്ല. മറിച്ച് ഒരു സ്വാഭാവിക പ്രവൃത്തി എന്നപോലെ പരിശുദ്ധാത്മാവു നമ്മെ നോമ്പിലേക്കു നയിക്കുകയാണു വേണ്ടത്. അപ്പോൾ ഒരിക്കലും നോമ്പു വിരസമായ ഒരനുഭവമാകില്ല എന്നുറപ്പ്. അപ്പോൾ നോമ്പെടുക്കുന്ന ദിവസങ്ങളിൽ നാം വർജ്ജിക്കുന്ന ഭക്ഷണങ്ങളുടെ രുചി ഒരിക്കലും മനസിലേക്ക് ഇടയ്ക്കിടെ തികട്ടിത്തികട്ടി വരില്ല.
പരിശുദ്ധാത്മാവ് യേശുവിനെ എങ്ങോട്ടാണു നയിച്ചതെന്നു ശ്രദ്ധിച്ചിരുന്നോ? ജലസമൃദ്ധമായ ജോർദാനിൽ നിന്നു സ്നാനം സ്വീകരിച്ചു പുറത്തുവന്ന യേശുവിനെ പരിശുദ്ധാത്മാവു നയിക്കുന്നതു ശൂന്യവും വരണ്ടതുമായ മരുഭൂമിയിലേക്കാണ്. നമ്മെ സംബന്ധിച്ചിടത്തോളം അനുകൂലമായ സാഹചര്യങ്ങളിൽ സന്തോഷത്തോടെ ജീവിച്ചുവരുമ്പോൾ മരുഭൂമിയിലേക്കുള്ള ഒരു പറിച്ചുനടൽ തീർത്തും അസഹനീയമായിരിക്കും. എന്നാൽ കർത്താവിന് അത് അങ്ങനെയായിരുന്നില്ല. അതിൻറെ കാരണം കൂടെ പറയാം. നമുക്ക് ഉപവാസം എന്നു പറഞ്ഞാൽ ഭക്ഷണം വർജിക്കുക എന്നു മാത്രമേ അർത്ഥമുള്ളൂ. എന്നാൽ യേശു മരുഭൂമിയിലേക്കു പോയതു ഭക്ഷണം വർജിക്കാൻ വേണ്ടിയായിരുന്നു എന്ന ഒരു സൂചനയും വിശുദ്ധഗ്രന്ഥം തരുന്നില്ല. പിന്നെ എന്തിനായിരുന്നു അവിടുന്നു മരുഭൂമിയിലേക്കു പോയത്? സുവിശേഷത്തിൽ പറയുന്നത് ‘അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടു നാൽപതു ദിവസം അവിടെ കഴിഞ്ഞുകൂടി’ എന്നാണ്. അതിനു ശേഷമാണ് ‘ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല’ എന്നു സുവിശേഷകൻ എഴുതിയിരിക്കുന്നത്.
പിശാചിനാൽ പരീക്ഷിക്കപ്പെട്ട നാൽപതു ദിവസവും യേശു പിടിച്ചുനിന്നത് എങ്ങനെയാണ്? ഈ നാല്പതുദിവസവും യേശു പിതാവിനോടുകൂടെയായിരുന്നു. അവിടുന്നു പിതാവിൻറെ അടുത്തിരുന്നു പ്രാർത്ഥിക്കാൻ തെരഞ്ഞെടുത്ത സമയം തന്നെയാണു പിശാച് അവിടുത്തെ പരീക്ഷിക്കാനായി തെരഞ്ഞെടുത്തെന്നത് ആകസ്മികമല്ല. ‘പ്രാർത്ഥനയും ഉപവാസവും കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗം പുറത്തുപോവുകയില്ല’ (മർക്കോസ് 9:29) എന്നു പറഞ്ഞ യേശുവിനെ നാൽപതു നാൾ നീണ്ടുനിന്ന പ്രാർത്ഥയും ഉപവാസവും കഴിഞ്ഞയുടനെ പിടികൂടാം എന്നു ചിന്തിച്ച പിശാചിനു തെറ്റിപ്പോയി.
നമ്മുടെ ഉപവാസവും യേശുവിൻറെ ഉപവാസവും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? കർത്താവിൻറെ ഉപവാസത്തിൻറെ പ്രഥമലക്ഷ്യം പിശാചുമായി ബലപരീക്ഷണം നടത്തി അതിൽ വിജയിക്കുക എന്നതായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തന്നെ കീഴ്‌പ്പെടുത്താൻ വരുന്ന പൈശാചിക പ്രലോഭനങ്ങളെ ചെറുത്തുനിന്ന്, ദൈവഹിതത്തിന് ആമേൻ പറയാനുള്ള കരുത്തു നേടാൻ വേണ്ടിയായിരുന്നു അവിടുന്ന് ഉപവസിച്ചത്. അതിനിടയിൽ അവിടുന്നു ഭക്ഷണം കഴിച്ചില്ല. അത്ര തന്നെ! സമാധാനകാലത്തു സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ഒരു പട്ടാളക്കാരൻ യുദ്ധ മുന്നണിയിലായിരിക്കുമ്പോൾ കൃത്യസമയത്തു ഭക്ഷണം കഴിക്കാത്തതിനു കാരണം സമയം കിട്ടാത്തതുകൊണ്ടാണ്. താൻ ഏർപ്പെട്ടിരിക്കുന്നതു ഭക്ഷണം കഴിക്കുന്നതിനേക്കാൾ എത്രയോ ഏറെ പ്രധാനപ്പെട്ട ഒരു ദൗത്യത്തിലാണെന്ന് അവനു നന്നായറിയാം. അതുപോലെ പിശാചുമായുള്ള യുദ്ധത്തിനിടയിൽ ഭക്ഷണം കഴിക്കാൻ യേശു മറന്നു പോയെന്നോ, അതിനു സമയം കിട്ടിയില്ല എന്നോ ചിന്തിച്ചാൽ മതി. കർത്താവിൻറെ പ്രാഥമിക ലക്ഷ്യം ഭക്ഷണം വർജിക്കലായിരുന്നില്ല, ശത്രുവിനെ നേരിടലായിരുന്നു. അതിൻറെ തെളിവ് അടുത്ത വചനത്തിൽ തന്നെയുണ്ട്. നാൽപതു ദിവസം കൊണ്ടു പിശാചുമായുള്ള യുദ്ധത്തിൻറെ തീവ്രത കുറഞ്ഞപ്പോൾ ‘ അവസാനം അവനു വിശന്നു’ എന്നു നാം വായിക്കുന്നു.
അതുകൊണ്ട് ഒരു കാര്യം മനസിലാക്കണം. നിശ്ചിത കാലത്തേക്കു ഭക്ഷണം വർജിക്കാം എന്ന തീരുമാനത്തിൽ തുടങ്ങുന്ന നോമ്പുകളും ഉപവാസവും വലിയ പ്രയോജനം ചെയ്യില്ല. ആ ഉപവാസത്തിൻറെ നാളുകൾ മുഴുവൻ നാം എന്താണോ വേണ്ടെന്നുവച്ചത് അതിനെക്കുറിച്ചു തന്നെ ചിന്തിക്കാൻ മനസു നമ്മെ പ്രേരിപ്പിക്കും. എന്നാൽ കൂടുതൽ വലിയ ഒരു ലക്ഷ്യത്തിനുവേണ്ടിയാണു നാം നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നതെങ്കിൽ ആ ലക്‌ഷ്യം സഫലമാകുന്നതുവരെ ഭക്ഷണത്തിനുവേണ്ടിയുള്ള ആസക്തിയ്ക്കു രണ്ടാം സ്ഥാനമേ ഉണ്ടാവുകയുള്ളൂ.
നാം നോമ്പെടുക്കേണ്ട രീതിയും നോമ്പിൻറെ ഉദ്ദേശവും കണ്ടുകഴിഞ്ഞു. ഇനി അറിയാനുള്ളതു നോമ്പിൻറെ ഫലങ്ങളാണ്. നോമ്പിനും ഉപവാസത്തിനും എന്തെങ്കിലും ഫലങ്ങളുണ്ടോ? നമുക്ക് കർത്താവിൻറെ നാല്പതുദിവസത്തെ ഉപവാസത്തിലേക്കു തന്നെ തിരിച്ചുവരാം. നോമ്പിൻറെ അവസാനം നമുക്കു പ്രതീക്ഷിക്കാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്. അതു മറ്റൊന്നുമല്ല, കൂടുതൽ ശക്തമായ പ്രലോഭനങ്ങൾ തന്നെയാണ്.
പിശാചു പ്രതീക്ഷിച്ചത് ഉപവാസം കഴിഞ്ഞിറങ്ങുന്ന മനുഷ്യൻ കൂടുതൽ ബലഹീനനായിരിക്കും എന്നാണ്. അതു നമ്മുടെ പലരുടെയും കാര്യത്തിൽ ശരിയുമാണല്ലോ! ഇതു തന്നെ തക്ക സമയം എന്നു കരുതി അവൻ കൂടുതൽ ശക്തമായ പ്രലോഭനങ്ങളുമായി നമ്മുടെ മുൻപിൽ വരും. നമമുടെ നോമ്പും ഉപവാസവും കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്നു തിരിച്ചറിയുന്ന സമയമാണിത്. യഥാർത്ഥമായ നോമ്പ് അനുഷ്ഠിക്കുകയും ഉപവാസമെടുക്കുകയും ചെയ്തവൻ ദൈവവചനമാകുന്ന വാളു കൊണ്ടു സാത്താൻറെ പ്രലോഭനായുധങ്ങളെ ഒന്നൊന്നായി വെട്ടിവീഴ്ത്തും. വഴിപാടായി നോമ്പെടുക്കുകയും ഉപവസിക്കുകയും ചെയ്യുന്നവർ ആഘോഷമായ നോമ്പുവീടലിനുശേഷം വഴിയിൽ കാണുന്ന പ്രലോഭനങ്ങളിൽ എല്ലാം അങ്ങോട്ടു ചെന്നു തലവച്ചുകൊടുക്കും. ‘അവൻറെ അവസ്ഥ ആദ്യത്തേതിനേക്കാൾ ദയനീയമായിരിക്കും’ എന്നു മറ്റൊരു സന്ദർഭത്തിൽ കർത്താവു പറഞ്ഞതും നമുക്കോർക്കാം.
നാൽപതു രാവും നാൽപതു പകലും കർത്താവിൻറെ മലയിൽ കർത്താവിനോടുകൂടെ വസിച്ചവനായിരുന്നു മോശ. എന്നിട്ടും മലയിറങ്ങിച്ചെന്നപ്പോൾ അവനു കോപം വന്നു. അങ്ങനെയും സംഭവിക്കാം. ദൈവസന്നിധിയിൽ നിന്നുള്ള മടക്കയാത്രയിൽ പിശാച് അഹങ്കാരത്തിൻറെയും, ദ്രവ്യാഗ്രഹത്തിൻറെയും, മോഹത്തിൻറെയും, കോപത്തിൻറെയും, കൊതിയുടെയും, അസൂയയുടെയും, അലസതയുടെയും പാനപാത്രങ്ങൾ നീട്ടിക്കൊണ്ടു മലയുടെ അടിവാരത്തു നമ്മെക്കാത്തു നിൽപുണ്ടാകും. കാരണം നാം കർത്താവിൻറെ സന്നിധിയിലേക്ക്, ഉപവാസത്തിൻറെയും നോമ്പിൻറെയും മല കയറിപ്പോകുന്നത് അവൻ കണ്ടതാണല്ലോ.
കോപത്തിൻറെ രൂപത്തിൽ പിശാച് വന്നപ്പോൾ മോശയുടെ കൈയിലുണ്ടായിരുന്നതു ദൈവം സ്വന്തം വിരലുകൾ കൊണ്ടെഴുതിയ പ്രമാണങ്ങളുടെ കല്പലകയായിരുന്നു. കോപം മോശയെ കീഴടക്കിയ ഒരു നിമിഷത്തിൽ അവൻ ദൈവത്തിൻറെ കൈയൊപ്പു പതിഞ്ഞ കല്പലകകൾ ‘വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തിൽ വച്ച് അവ തകർത്തുകളഞ്ഞു’ (പുറ. 32:19). വീണ്ടുമൊരിക്കൽ കൂടി അതു കിട്ടാനായി വീണ്ടും നാൽപതു ദിവസം കർത്താവിൻറെ മലയിൽ കർത്താവിനോടുകൂടെ പ്രാർത്ഥിക്കാനായിരുന്നു മോശയുടെ നിയോഗം. എന്നാൽ ഇത്തവണ ഒരു വ്യത്യാസമുണ്ടായിരുന്നു. നാം ഇങ്ങനെ വായിക്കുന്നു. ‘മോശ നാൽപതു പകലും നാൽപതു രാവും കർത്താവിനോടു കൂടെ അവിടെ ചെലവഴിച്ചു. അവൻ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല’ ( പുറ. 34:28). ഇത്തവണ മോശ നടത്തിയത് ഏകാന്തപ്രാർത്ഥന മാത്രമല്ല, അതിനോടൊപ്പം നാല്പതുദിവസത്തെ കഠിനമായ ഉപവാസവും കൂടെയായിരുന്നു. എന്നിട്ടും പുതിയ കല്പലകകളിൽ മോശയുടെ കൈകൾ കൊണ്ടു തന്നെ പ്രമാണങ്ങൾ എഴുതാനായിരുന്നു ദൈവം കല്പിച്ചത്. ദൈവം സ്വന്തം കരങ്ങൾ കൊണ്ടു ചെത്തിയെടുത്ത കല്പലകകളിൽ ദൈവത്തിൻറെ സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്ത പ്രമാണങ്ങളാണ് അതുവഴി ഇസ്രായേൽ ജനത്തിനു നഷ്ടപ്പെട്ടത്.
ഉപവാസത്തെയും നോമ്പിനെയും കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറേണ്ടിയിരിക്കുന്നു. ഉപവാസത്തിൻറെയും നോമ്പിൻറെയും അർത്ഥം ദൈവത്തോടു കൂടുതൽ അടുത്തായിരിക്കുക എന്നതാണ്. അതാകട്ടെ നിർദിഷ്ട ദിനങ്ങൾക്കു ശേഷവും തുടരേണ്ട ജീവിതശൈലിയാണ്. അതിനു പരിശുദ്ധാത്മാവിൻറെ സഹായം നമുക്കു കൂടിയേ തീരൂ. പരിശുദ്ധാത്മാവിനാൽ നിറഞ്ഞു നോമ്പെടുക്കാനും ഉപവസിക്കാനും കൂടുതൽ ശക്തിയോടെ തിരികെ വന്ന് ലോകം, പിശാച്, ശരീരം എന്നീ ത്രിവിധശത്രുക്കൾ വച്ചുനീട്ടുന്ന പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും ഉള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോടു തന്നെ പ്രാർത്ഥിക്കാം.
‘പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങേ വെളിവിൻറെ കതിരുകൾ ആകാശത്തിൻറെ വഴിയേ അയച്ചരുളണമേ.’