അവസാനത്തെ അഭയം

പാപത്തിൽ ജീവിക്കുമ്പോൾ ,  തെളിവുസഹിതം പിടിക്കപ്പെട്ട്,   കല്ലെറിഞ്ഞു കൊല്ലപ്പെടാനായി കൊണ്ടുപോകുന്ന ഒരു സ്ത്രീയുടെ ചിത്രം സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. നിയമം വരെ വ്യക്തമായി തന്നെ അനുശാസിക്കുന്നുണ്ട് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലണമെന്ന്. ആ നിയമം നന്നായി അറിയാവുന്ന ഫരിസേയരും  നിയമജ്ഞരും എന്നിട്ടും  യേശുവിനോടു ചോദിക്കുകയാണ് ;   “ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണു  മോശ നിയമത്തിൽ കല്പിച്ചിരിക്കുന്നത്.  നീ എന്തു  പറയുന്നു?” (യോഹ. 8:4-5). കർത്താവാകട്ടെ കുനിഞ്ഞു വിരൽ കൊണ്ടു നിലത്തെഴുതിക്കൊണ്ടിരുന്നു. വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോൾ  നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ എന്നുള്ള യേശുവിൻറെ  മറുപടി കേട്ട ജനക്കൂട്ടം പിരിഞ്ഞുപോയി. താനും ആ സ്ത്രീയും തനിച്ചായപ്പോൾ  മാത്രമാണു  യേശു നിവർന്നിരുന്നത് എന്നു സുവിശേഷം  സാക്ഷ്യപ്പെടുത്തുന്നു. ‘ ഒടുവിൽ യേശുവും നടുവിൽ  നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോടു  ചോദിച്ചു. സ്ത്രീയേ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?” ( യോഹ. 8:9-10).

എന്തുകൊണ്ടാണ് യേശു അതുവരെയും നിവർന്നിരുന്ന് ആ സ്ത്രീയുടെ മുഖത്തു  നോക്കാത്തത് എന്നു  ചിന്തിച്ചിട്ടുണ്ടോ? പാപത്തിലായിരിക്കുന്ന ഒരു  വ്യക്തിയ്ക്ക്, അതും മാരകപാപത്തിനടിപ്പെട്ട് അതിൻറെ അനിവാര്യമായ ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്ന ഒരാൾക്ക്, തൻറെ  കണ്ണുകളെ നേരിടാൻ കഴിയില്ല എന്നു യേശുവിനറിയാമായിരുന്നു.  അതുകൊണ്ട്  യേശു ആദ്യം ചെയ്തത്  അവളുടെ  കഴുത്തിൽ നിന്നു  ശിക്ഷയുടെ നുകം എടുത്തുമാറ്റുകയും  അവളിൽ കുറ്റമാരോപിക്കാൻ ഒരുമിച്ചുകൂടിയവരെ  തിരിച്ചയക്കുകയുമാണ്.   അതിനുശേഷമാണ്   പാപിനിയായ ആ സ്ത്രീയെ  യേശു രക്ഷയിലേക്കു നയിക്കുന്നത്. ‘പിതാവ് ആരെയും വിധിക്കുന്നില്ല, വിധി മുഴുവനും അവിടുന്നു  പുത്രനെ ഏല്പിച്ചിരിക്കുന്നു’ ( യോഹ. 5: 22)  എന്നു  പറയുന്ന യേശു തന്നെയാണു  ഞാൻ നിന്നെ വിധിക്കുന്നില്ല എന്ന്  ആ സ്ത്രീയോട് പറയുന്നത്.  വിധി  പറയേണ്ട ന്യായാധിപനു മാപ്പു കൊടുക്കാനും  അധികാരമുണ്ടെന്നതു   ദൈവികനീതിയാണല്ലോ.

കരുണയ്ക്ക് ഒരവസരവും ഉണ്ടാകില്ല എന്ന് ആ സ്ത്രീ ചിന്തിച്ചുപോയ നിമിഷങ്ങളിൽ തന്നെയാണു   കരുണയ്ക്കു   പരിധിയോ പരിമിതികളോ ഇല്ലെന്നു വ്യക്തമാക്കിക്കൊണ്ടു  കർത്താവ് അവളുടെ  ജീവിതത്തിൽ ഇടപെടുന്നത്. കരുണ അർഹിക്കാത്തവർക്കു നേരെയും തൻറെ കരുണാർദ്രമായ കൈകൾ നീട്ടുന്നവനാണവിടുന്ന്.   ഇതു നമ്മുടെ യോരോരുത്തരുടേയും  ജീവിതപാഠമാണ്. ദൈവത്തിൻറെ കരുണ വേണ്ട സമയത്തു  താങ്ങിനിർത്തിയിരുന്നില്ലെങ്കിൽ ഇതെഴുതാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല. ഇതു വായിക്കാൻ നിങ്ങളും  ഉണ്ടാവുമായിരുന്നില്ല. ദൈവകരുണയെക്കുറിച്ചുള്ള ആദ്യത്തെ പാഠവും  ഇതാണ്. നാം ഇപ്പോൾ എന്തായിരിക്കുന്നുവോ അതു  ദൈവ കരുണയാലാണ്. 

അനുസ്യൂതം  പ്രവഹിക്കുന്ന ദൈവകരുണയുടെ  സ്രോതസ്സിൽ നിന്ന്  നമുക്കാവശ്യമുള്ളതു കോരിയെടുക്കാൻ നാം തയ്യാറാകണം എന്നതാണു  രണ്ടാമത്തെ  പാഠം.  ആവശ്യമായ സമയത്തു കരുണയുടെ സിംഹാസനത്തെ സമീപിക്കാൻ  നാം ഒരിക്കലും മടിക്കരുത്. ഹെബ്രായലേഖകൻ പറയുന്നു;  ‘അതിനാൽ വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ  കൃപാവരത്തിൻറെ സിംഹാസനത്തെ സമീപിക്കാം’  (ഹെബ്രാ. 4:16). കരുണ വേണ്ടവർ അതു  ചോദിച്ചുവാങ്ങുക തന്നെ ചെയ്യണം. കാരണം കരുണ  ഒരിക്കലും അവകാശമല്ല, ഔദാര്യമാണ്.  കരുണ ചോദിച്ചുവാങ്ങേണ്ട സമയത്ത് അതു  ചെയ്യാതെ  ദൈവത്തിൻറെ മുൻപിൽ നിന്നു  മാറി  തോട്ടത്തിലെ മരങ്ങൾക്കിടയിലൊളിച്ചു എന്നതായിരുന്നു ആദത്തിനും ഹവ്വായ്‌ക്കും സംഭവിച്ച അബദ്ധം.  അതിനു പകരം അവർ  പാപം  ഏറ്റുപറഞ്ഞു കരുണയ്ക്കായി യാചിച്ചിരുന്നുവെങ്കിലോ എന്നു  ചിന്തിക്കുക.  ലോകചരിത്രം തന്നെ  മറ്റൊരു വഴിയിലൂടെ പോകുമായിരുന്നു.

അതായത്, കരുണ ചോദിച്ചുവാങ്ങേണ്ടിടത്ത് അതു  ചെയ്യാതിരുന്നാൽ  നമ്മുടെ ഭാവി – മരണത്തിനിപ്പുറവും മരണത്തിനപ്പുറവും –  ക്ലേശകരമാകും. അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണു  കാൽവരിയിൽ കർത്താവിൻറെ കുരിശിനു തൊട്ടടുത്തു  മറ്റൊരു കുരിശിൽ തൂക്കപ്പെട്ട കള്ളൻ.  കർത്താവിനു കരുണ കൊടുക്കാൻ  കഴിയുന്ന സമയത്ത് അവൻ കരുണ ചോദിച്ചില്ല. അവൻറെ കൂട്ടുകാരനാകട്ടെ  ‘നീ നിൻറെ രാജ്യത്തു പ്രവേശിക്കുമ്പോൾ  എന്നെയും ഓർക്കണമേ!’ ( ലൂക്കാ 23:42) എന്ന കൊച്ചുപ്രാർത്ഥന കൊണ്ടു  

ദൈവകരുണയ്ക്കു സ്വയം വിട്ടുകൊടുക്കുകയും അതിൻറെ ഫലം കൊയ്യുകയും ചെയ്തു.

അപ്പോൾ നമ്മൾ  ചിന്തിക്കേണ്ടത് ഇതാണ്.  ദൈവകരുണ ലഭിക്കാൻ സുദീർഘമായ പ്രാർത്ഥനയോ പരിത്യാഗപ്രവൃത്തികളോ  ഒന്നും വേണ്ടേ? ഇവയൊന്നും വേണ്ടെന്നല്ല, മറിച്ച് കർത്താവു കാണുന്നതു  നമ്മുടെ ഹൃദയത്തെയാണ്. ദൈവകരുണയ്ക്കായി നാം എത്രമാത്രം ദാഹിക്കുന്നുണ്ട് എന്നാണ് അവിടുന്നു   നോക്കുന്നത്. ആത്മാർത്ഥമായ ദാഹമില്ലാതെ കരുണയ്ക്കായി സമർപ്പിക്കുന്ന പ്രാർത്ഥനകളെല്ലാം വെറും അധരവ്യായാമങ്ങൾ മാത്രമാണ്.

കരുണയ്ക്കായി കൃപാവരത്തിൻറെ സിംഹാസനത്തിൻറെ സമീപിക്കേണ്ടത് എങ്ങനെയെന്നു  ഹെബ്രായലേഖനത്തിൽ  പറയുന്നുണ്ടല്ലോ.  പ്രത്യാശയോടെ വേണം ദൈവതിരുമുൻപിൽ  കരുണയ്ക്കായി യാചിക്കാൻ.  ‘പ്രത്യാശ നമ്മെ  നിരാശരാക്കുന്നില്ല’ (റോമാ 5:5). ദൈവത്തിൽ ശരണം  തേടുന്നവർ ദൈവം ഉണ്ടെന്നും   തന്നിൽ  വിശ്വസിക്കുന്നവർക്ക്  അവിടുന്ന്  പ്രതിഫലം  നൽകുമെന്നും വിശ്വസിക്കണം.  തനിക്കു   ദൈവത്തിൽ നിന്നു കരുണ ലഭിക്കും  എന്ന ഉറച്ച വിശ്വാസത്തോടെ വേണം നാം കരുണയ്ക്കായി പ്രാർത്ഥിക്കാൻ.  കിട്ടിയാൽ കിട്ടട്ടെ എന്ന തരത്തിൽ വഴിപാടു പോലെ നാം ചൊല്ലുന്ന കരുണയുടെ ജപമാലകൾ ഒന്നും ഫലം പുറപ്പെടുവിക്കാത്തത്  ഈ വിശ്വാസം ഇല്ലാത്തതുകൊണ്ടാണ്. യാക്കോബ് ശ്ലീഹാ പറയുന്നുണ്ടല്ലോ; ‘സംശയമനസ്കനും  എല്ലാ കാര്യങ്ങളിലും  ചഞ്ചലപ്രകൃതിയുമായ  ഒരുവന്  എന്തെങ്കിലും കർത്താവിൽ നിന്നു ലഭിക്കുമെന്നു കരുതരുത്’ ( യാക്കോബ് 1:7-8).

എന്നാൽ ദൈവകരുണയിലുള്ള നമ്മിടെ പ്രത്യാശയെ തകർത്തുകളയുന്ന ഒന്നാണു   താൻ വലിയ പാപിയായതിനാൽ തനിക്ക് ഒരിക്കലും ദൈവകരുണ ലഭിക്കില്ല എന്ന നിരാശ.  പരിശുദ്ധാരൂപിയ്ക്ക്  എതിരായ പാപങ്ങൾ എന്നു  സഭ പഠിപ്പിക്കുന്ന  ഏഴു കാര്യങ്ങളിൽ ആദ്യത്തേതാണ്  ‘മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം അഥവാ നിരാശ’. കഠിനപാപികൾക്കു ദൈവകരുണ ലഭിക്കുമോ എന്ന ചോദ്യത്തിനു  പൗലോസ് ശ്ലീഹായുടെ വാക്കുകൾ തന്നെയാണു മറുപടി. ‘പാപികളിൽ ഒന്നാമനാണു  ഞാൻ. എങ്കിലും എനിക്കു കാരുണ്യം  ലഭിച്ചു’ (1 തിമോ 1:16) . ഇപ്രകാരം പാപികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു എന്നു  സ്വയം വിലയിരുത്തിയ  പൗലോസ് ശ്ലീഹായ്ക്കു  ദൈവം കരുണ കൊടുത്തതിൻറെ കാരണം എന്തെന്നും അദ്ദേഹം പറയുന്നുണ്ട്.  ‘അതു  നിത്യജീവൻ ലഭിക്കാൻ, യേശുക്രിസ്തുവിൽ വിശ്വസിക്കാനി രിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളിൽ  ഒന്നാമനായ  എന്നിൽ അവൻറെ പൂർണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്’ (1 തിമോ 1:16). പൗലോസ്  ശ്ലീഹാ സ്വന്തം അനുഭവത്തിൽ നിന്ന് ഈ കാര്യം എഴുതുന്നത്, ഭാവിയിൽ ക്രിസ്തുവിൽ വിശ്വസിക്കാനിരിക്കുന്ന പലരും   സ്വന്തം പാപങ്ങളുടെ  ആധിക്യം കാരണമായി തങ്ങൾക്കു  ദൈവകരുണ  ലഭിക്കാൻ    അർഹതയില്ല എന്ന നിരാശയിലേക്ക് വീണുപോകാൻ ഇടയുണ്ട് എന്നതുകൊണ്ടാണ്.  അതുകൊണ്ട്  ഒരു കാര്യം മനസ്സിൽ ഓർത്തുവയ്ക്കുക. നമ്മുടെ പാപാവസ്ഥയല്ല, ദൈവത്തിൽ പൂർണമായി ആശ്രയിച്ച്, അവിടുത്തോടു  കരുണ  യാചിക്കാനുള്ള നമ്മുടെ മനസ്ഥിതിയെയാണ് അവിടുന്നു   കണക്കിലെടുക്കുന്നത്.

കരുണ  അവകാശമല്ല, ഔദാര്യമാണെന്നു  നാം കണ്ടുകഴിഞ്ഞു. എന്നാൽ  കരുണ നമ്മുടെ അവകാശമാണെന്ന  മട്ടിൽ  ദൃഢ വിശ്വാസത്തോടെ വേണം നാം പ്രാർത്ഥിക്കാൻ. അതേ  സമയം തന്നെ  നമ്മുടെ ഹൃദയത്തിൽ  ഉണ്ടായിരിക്കേണ്ടതു  ദൈവാലയത്തിൽ പ്രാർത്ഥിക്കാൻ ചെന്ന ചുങ്കക്കാരൻറെ മനോഭാവമാണ്. ‘ ദൂരെ നിന്നു  സ്വർഗത്തിലേക്കു  കണ്ണുകൾ  ഉയർത്താൻ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ,പാപിയായ എന്നിൽ കനിയണമേ’  (ലൂക്കാ 18:13) എന്നു  പ്രാർത്ഥിച്ച  ചുങ്കക്കാരൻ    തനിക്ക് അർഹതയില്ലാത്തതെന്നു സ്വയം കരുതിയ ദൈവകരുണ  സ്വന്തമാക്കാൻ കാരണം   തൻറെ ദയനീയാവസ്ഥ   ദൈവതിരുമുൻപിൽ  ഏറ്റുപറയാനുള്ള എളിമ കാണിച്ചതുകൊണ്ടു മാത്രമാണ്.

നിയമത്തിൽ അധിഷ്ഠിതമായ  നീതി അന്വേഷിച്ചുപോയ ഇസ്രായേൽ അതിൽ പരാജയപ്പെട്ടു എന്നു  തിരുവചനം സാക്ഷ്യപ്പെടുത്തുന്നുന്നുണ്ട്.  നിയമത്തിൻറെ പൂർത്തീകരണത്തിലൂടെ ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതു  മനുഷ്യരായ നമുക്ക്  അസാധ്യമായ കാര്യമാണ്.   അതുകൊണ്ടാണല്ലോ  പഴയ നിയമങ്ങൾക്കു  മുകളിൽ സ്നേഹത്തിൻറെയും കരുണയുടെയും പുതിയ നിയമവുമായി ദൈവം നേരിട്ടുതന്നെ   ഭൂമിയിലേക്കു വന്നത്.

എന്നിട്ടും നാം ദൈവകരുണയെ സംശയിക്കുന്നു. ഏറ്റവും ആവശ്യമായ സമയത്തു  ദൈവകരുണയിൽ  അഭയം പ്രാപിക്കാൻ വിമുഖത കാണിക്കുന്നു.   ഇതിനിടയിൽ  നാം മറന്നു പോകുന്ന   ഒരു കാര്യം  ദൈവകരുണ എന്നതു  നമ്മുടെ അവസാനത്തെ അഭയമാണെന്നതാണ്. അതിനപ്പുറത്തേക്കു  നമുക്കൊരു പിടിവളളിയില്ല.  മുങ്ങിമരിക്കാൻ  പോകുന്ന മനുഷ്യനു  ലഭിക്കുന്ന അവസാനത്തെ കച്ചിത്തുരുമ്പാണു  ദൈവകരുണ. കച്ചിത്തുരുമ്പെന്നത് ആലങ്കാരികമായി പറഞ്ഞെന്നേയുള്ളൂ. ദൈവത്തിൻറെ കരുണ 

 ഉറപ്പുള്ള കോട്ട തന്നെയാണ്.   അതിനെ ഭേദിക്കാൻ സാത്താൻറെ പക്കലുള്ള ആയുധങ്ങൾ അപര്യാപ്തമാണ്.

നല്ല കള്ളൻ എന്നു  നാം വിശേഷിപ്പിക്കുന്ന മനുഷ്യനു കർത്താവിൻറെ  കരുണ ലഭിച്ചത് അവൻ തക്ക സമയത്ത് അതു   യാചിച്ചതുകൊണ്ടാണ്.  എന്നാൽ  അവൻറെ കൂട്ടുകാരനോ?  നമുക്കറിയാം, അവൻ  മരിക്കുന്നതിനു  മുൻപേ തന്നെ യേശു കുരിശിൽ  മരിച്ചിരുന്നു.   അതു  കണ്ട ശതാധിപൻ  യേശു തീർച്ചയായും നീതിമാനായിരുന്നു എന്നു  പറഞ്ഞതും അവൻ കേട്ടു  കാണണം. കർത്താവിൻറെ  കുരിശിലെ ബലി പൂർത്തിയായപ്പോൾ ആകാശത്തിലും ഭൂമിയിലും  സംഭവിച്ച അത്ഭുതങ്ങളും അടയാളങ്ങളും അവൻറെ മനസിൽ യേശു താൻ കരുതിയപോലുള്ള ഒരു സാധാരണ മനുഷ്യനല്ല എന്ന ധാരണ കൊണ്ടുവന്നിരിക്കണം. ഒരുപക്ഷേ, അപ്പോൾ യേശു ജീവിച്ചിരുന്നെങ്കിൽ അവൻ  അവിടുത്തോടു കരുണ യാചിക്കുകയും ചെയ്യുമായിരുന്നു.   പക്ഷേ കരുണയുടെ വാതിൽ അപ്പോഴേയ്ക്കും അടഞ്ഞുപോയിരുന്നു.

അതേ, അങ്ങനെയൊരു സമയവുമുണ്ടാവും. വിശുദ്ധ ഫൗസ്റ്റീനയോടു കർത്താവു പറഞ്ഞതും അതു  തന്നെയാണ്.  കരുണയ്ക്കു ശേഷം അവശേഷിക്കുന്നതു  ദൈവത്തിൻറെ  നീതി മാത്രമായിരിക്കും.  കരുണയുടെ വാതിലിലൂടെ കടക്കാൻ വിസമ്മതിക്കുന്നവർ തൻറെ നീതിയുടെ വാതിലിലൂടെ  കടന്നുപോകേണ്ടി വരും എന്നു യേശു  നമുക്കു  മുന്നറിയിപ്പു    നൽകുന്നുണ്ട്.  സൂര്യനേക്കാൾ പതിനായിരം മടങ്ങു പ്രകാശമുള്ള കർത്താവിൻറെ  കണ്ണുകളുടെ മുൻപിലേക്കു  നീതിയുടെ വാതിലിലൂടെ  കടന്നുചെല്ലുക എന്നതു   മനുഷ്യർക്കു സാധ്യമായ കാര്യമല്ല എന്നു  നമുക്കറിയാം.

അതുകൊണ്ടാണു  ദൈവകരുണ നമ്മുടെ അവസാനത്തെ അഭയമാണെന്നു പറയുന്നത്. ആ അഭയവും വിട്ടുകളയുന്നവനു ദുരിതം എന്നേ പറയാനുള്ളൂ. മരണാസന്നർക്കു  കരുണ ലഭിക്കാൻ വേണ്ടിയുള്ള പ്രാർത്ഥന ദൈവത്തിന് എത്രയോ  പ്രീതികരമാണെന്ന് അവിടുന്ന് ഫൗസ്റ്റീനയ്ക്കു  വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. പലപ്പോഴും മരണത്തോടടുക്കുന്ന വ്യക്തികൾക്കു  വേണ്ടി  പ്രാർത്ഥിക്കാനുള്ള നിയോഗം വിശുദ്ധയ്ക്കു ലഭിച്ചിരുന്നു. ആ പ്രാർത്ഥനകളെല്ലാം തന്നെ  ഫലപ്രദമായിരുന്നു എന്നു  കർത്താവു തന്നെ ഫൗസ്റ്റീനയ്ക്കു പിന്നീടു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്ന്:

‘ഞാൻ പഠിപ്പിച്ച  കരുണയുടെ ജപമാല നീ നിരന്തരം ചൊല്ലണം. ആര് ഇതു  പ്രാർത്ഥിക്കുന്നുവോ  അവരുടെ മരണനേരത്ത് എൻറെ അനന്തമായ കരുണ അവർ അനുഭവിക്കും. പാപികൾക്ക് അവസാനത്തെ  രക്ഷാമാർഗമായി വൈദികർ ഇതു  നിർദേശിച്ചുകൊടുക്കണം. എത്ര വലിയ കഠിനപാപിയാണെങ്കിലും  ഈ അനുഗ്രഹജപമാല ഒരു പ്രാവശ്യമെങ്കിലും ചൊല്ലിയാൽ എൻറെ അനന്തകാരുണ്യത്തിൽ നിന്ന് അവനു കൃപ ലഭിക്കുന്നതാണ്. ലോകം മുഴുവനും എൻറെ അനന്തമായ കരുണ   അറിയണമെന്നാണു  ഞാൻ ആഗ്രഹിക്കുന്നത്. എൻറെ കരുണയിൽ ആശ്രയം വയ്‌ക്കുന്നവർക്ക്, സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത കൃപകൾ  നല്കാൻ ഞാൻ ആഗ്രഹിക്കുന്നു’ (ഡയറി 687).

മരണാസന്നരുടെ  മാത്രമല്ല പാപികളുടെയും  അവസാനത്തെ അഭയമാണ് കരുണയുടെ ജപമാല. അതുകൊണ്ടാണല്ലോ  കരുണയുടെ ജപമാല  പാപികൾക്കു   നിർദേശിച്ചുകൊടുക്കണമെന്ന്  യേശു  വൈദികരോടു  പറയുന്നത്.

മരണാസന്നരുടെയും പാപികളുടെയും മാത്രമല്ല, നീതിമാന്മാർ എന്നു സ്വയം കരുതുന്നവരുടെയും അവസാനത്തെ അഭയം ദൈവ കരുണ മാത്രമാണ്.  നീതിമാൻ പോലും ഏഴുപ്രാവശ്യം  വീഴുന്നു എന്നാണല്ലോ  പറയപ്പെടുന്നത്.  മരിക്കുന്നതുവരെ ആരെയും ഭാഗ്യവാൻ എന്നു  വിളിക്കരുത് എന്ന തിരുവചനം  ഇതിനോടു  ചേർത്തുവച്ചു ധ്യാനിച്ചാൽ   ദൈവകരുണയിൽ ആഴമായി  ആശ്രയിക്കേണ്ടതിൻറെ ആവശ്യകത തെളിഞ്ഞുകിട്ടും. ദൈവതിരുമുൻപിൽ   നീതിമാനായി  ആരുമില്ലല്ലോ!

ഇത്രയും പറഞ്ഞതു  ദൈവകരുണ വാങ്ങിയെടുക്കുന്നതിനെക്കുറിച്ചാണ്. ദൈവത്തിൽ നിന്നു  കരുണ സ്വീകരിക്കുന്നവർക്കു   മറ്റുള്ളവരോടുള്ള കടമയെക്കുറിച്ചു   വിശുദ്ധ ഗ്രന്ഥം  പറയുന്നത് ഇപ്രകാരമാണ്. 

‘ ഞാൻ നിന്നോടു  കരുണ കാണിച്ചതുപോലെ നീയും നിൻറെ സഹസേവകനോടു  കരുണ കാണിക്കേണ്ടതായിരുന്നില്ലേ?” (മത്തായി  18:33). നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ എന്നു വ്യക്തമായിത്തന്നെ  യേശു മറ്റൊരിടത്തു പറയുന്നുണ്ടല്ലോ. ‘കരുണയുള്ളവർ  ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും’ ( മത്തായി  5:7)..

നിർദയനായ  ഭൃത്യനെപ്പോലെ, പതിനായിരം താലന്തു വിലയുള്ള ദൈവകരുണ  പലരും  നഷ്ടമാക്കിക്കളയുന്നതു  നൂറു ദെനാറയ്ക്കു സഹോദരനോടു ക്ഷമിക്കാനുള്ള മടി കൊണ്ടാണ്. പി ഒ   സി  ബൈബിളിൻറെ അവസാനപുറങ്ങളിൽ കൊടുത്തിരിക്കുന്ന കണക്കനുസരിച്ച്   പതിനായിരം താലന്തിൻറെയും  നൂറു ദെനാറയുടെയും  മൂല്യം കണക്കാക്കി, അവ തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ,  സഹോദരരോടും അയൽക്കാരോടും കരുണ കാണിക്കാൻ മടിക്കുന്ന  നാം എത്ര വലിയ ഭോഷന്മാരാണെന്നു മനസിലാകും.  

വിശുദ്ധ  ഫൗസ്റ്റീനയിലൂടെ യേശു നമ്മോടോരോരുത്തരോടും പറയുന്നു;

‘എപ്പോഴും എവിടെയും  നിൻറെ സഹോദരങ്ങളോടു  നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽ  നിന്നു പിന്മാറുകയോ ഒഴികഴിവു പറയുകയോ  വിമുക്തയാവുകയോ ചെയ്യരുത്. നിൻറെ സഹോദരങ്ങളോടു  കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ  ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ, രണ്ടാമത്തേത്  –  വാക്കുകളിലൂടെ, മൂന്നാമത്തേത് – പ്രാർത്ഥനയിലൂടെ. ഈ മൂന്നു കാര്യങ്ങളും   ഒരുമിച്ചുചേരുമ്പോളാണു   കരുണ പൂർണതയിലെത്തുന്നത്;  ( ഡയറി  742) 

പതിനായിരം താലന്ത് വിലയുള്ള ദൈവകരുണ  നാം ചോദിച്ചു തന്നെ  വാങ്ങണം. കാരണം അതു നമ്മുടെ അവസാനത്തെ അഭയമാണ്. ഒരു കാര്യം ഉറപ്പിച്ചുകൊള്ളുക. യേശുവിൻറെ കാൽക്കൽ വന്നുവീഴുമ്പോൾ നാം എത്ര കഠിനപാപികളാണെങ്കിലും,  അവിടുന്ന്  ഒരിക്കലും നമ്മെ പരസ്യമായി നാണം കെടുത്തുകയില്ല. പാപിനിയായ സ്ത്രീയുടെ മേൽ തൻറെ കരുണ വർഷിച്ച്, അവളെ ശിക്ഷയിൽ നിന്നും വിടുവിച്ചതിനുശേഷം മാത്രമാണല്ലോ  അവിടുന്ന് നിവർന്നിരുന്ന് അവളുടെ മുഖത്തേക്കു നോക്കിയത്! 

 നമുക്കു പ്രാർത്ഥിക്കാം.

‘ ദാവീദിൻറെ പുത്രനായ യേശുവേ, പാപിയായ എൻറെ മേൽ, ഞങ്ങളുടെ മേൽ, ലോകം മുഴുവൻറെയും മേൽ   കരുണയായിരിക്കണമേ’.