കേൾക്കാതെ പോകുന്ന പ്രാർത്ഥനകൾ

“നിങ്ങൾ ഏറെ തേടി, ലഭിച്ചതോ അല്പം മാത്രം. നിങ്ങൾ അതു  വീട്ടിലേക്കു കൊണ്ടുവന്നു; ഞാൻ അത് ഊതിപ്പറത്തി. എന്തുകൊണ്ട്? –  സൈന്യങ്ങളുടെ കർത്താവു ചോദിക്കുന്നു. നിങ്ങൾ ഓരോരുത്തരും തൻറെ ഭവനത്തെപ്രതി  വ്യഗ്രത കാട്ടുമ്പോൾ എൻറെ ആലയം തകർന്നുകിടക്കുന്നതുകൊണ്ടുതന്നെ. അതുകൊണ്ട് ആകാശം നിങ്ങൾക്കുവേണ്ടി മഞ്ഞുപെയ്യിക്കുന്നില്ല; ഭൂമി വിളവു നല്കുന്നുമില്ല. ദേശത്തിലും  മലകളിലും ധാന്യത്തിലും പുതുവീഞ്ഞിലും എണ്ണയിലും  ഭൂമിയിൽ മുളയ്ക്കുന്നവയിലും മനുഷ്യരിലും കന്നുകാലികളിലും  അവരുടെ അധ്വാനത്തിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു’ (ഹഗ്ഗായി 1:9-11).

എന്തുകൊണ്ടാണു  നമ്മുടെ പല പ്രാർത്ഥനകളും കേൾക്കാതെ പോകുന്നതെന്നതിൻറെ ഉത്തരമാണു  പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തുന്നത്.  ദൈവത്തിൻറെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത നഷ്ടപ്പെടുകയും സ്വന്തം കാര്യങ്ങളിലുള്ള വ്യഗ്രത  വർധിക്കുകയും ചെയ്യുന്ന ഒരു കാലത്താണു  നാം ജീവിക്കുന്നത്.  ദൈവവും  ദൈവവിശ്വാസവും നമ്മുടെ ജീവിതത്തിൻറെ പിന്നാമ്പുറങ്ങളിലേക്കു  മാറ്റപ്പെട്ടിരിക്കുന്നു.  നമുക്ക് എന്തെങ്കിലും  ആവശ്യങ്ങൾ  ഉണ്ടാകുമ്പോൾ വിളിച്ചുണർത്തി നിവേദനം സമർപ്പിച്ച്, ആ കാര്യം സാധിച്ചുതരാനുള്ള   ഒരാളായി  മാത്രം ദൈവത്തെ കാണുന്നിടത്താണു  ക്രിസ്ത്യാനിയുടെ ദുരന്തം ആരംഭിക്കുന്നത്.

ദൈവം ഏറ്റവുമധികം വെറുക്കുന്ന ഒന്നാണു  കപടഭക്തി.  ഏശയ്യാ പ്രവാചകൻറെ പുസ്തകം അമ്പത്തിയെട്ടാം അധ്യായം ഒന്നു മനസ്സിരുത്തി വായിക്കുന്നതു  നല്ലതാണ്.  ഉപവസിക്കുമ്പോഴും സ്വന്തം സുഖം തേടുകയും, വേലക്കാരെ പീഡിപ്പിക്കുകയും  കലഹിക്കുകയും ശണ്ഠകൂടുകയും ക്രൂരമായി മുഷ്ടി കൊണ്ട് ഇടിക്കുകയും ചെയ്യുന്ന ഒരു ജനത്തിൻറെ സ്വരം ഉന്നതത്തിലെത്തില്ല എന്നു പ്രവാചകനിലൂടെ  ദൈവം മുന്നറിയിപ്പു  തരുന്നു. ഞാങ്ങണ പോലെ തല കുനിക്കുന്നതും  ചാക്കു  വിരിച്ചു ചാരവും വിതറി കിടക്കുന്നതും അല്ല യഥാർത്ഥഭക്തൻറെ ലക്ഷണം. മർദനവും കുറ്റാരോപണവും ദുർഭാഷണവും ദൂരെയകറ്റുകയും വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്കു സംതൃപ്തി  നൽകുകയും  ചെയ്തുകൊണ്ടു  ദൈവത്തിൻറെ പ്രകാശത്തിലേക്കു കടന്നുവരാൻ  പ്രവാചകൻ ആഹ്വാനം ചെയ്യുന്നു. 

ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയ ഫരിസേയനെയും ചുങ്കക്കാരനെയും ഉദാഹരണമാക്കി  കർത്താവു പറയുന്നതും ഇതുതന്നെയാണ്.  സ്വയം നീതികരണവും  പരപുച്ഛവുമാണ് നമ്മുടെ   കൃപ  ചോർത്തിക്കളയുന്ന പ്രധാനകാരണം. കൃപ ചോർന്നുപോയവൻറെ പ്രാർത്ഥന വെറും  അധരവ്യായാമം മാത്രമായിത്തീരുന്നു.  ഏശയ്യാ പ്രവാചകനിലൂടെ തന്നെ  കർത്താവു പറയുന്നതു  ശ്രദ്ധിക്കുക; ‘ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു.എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നു ദൂരെയാണ്.’

ഈശോമിശിഹാ നമുക്കുവേണ്ടി ചെയ്തുതന്നത് എന്താണെന്നു  വ്യക്തമായി ഇനിയും തിരിച്ചറിയാത്തതാണ് ഇതിനു കാരണം.   അവിടുന്ന് നമുക്കു   വേണ്ടി  ചെയ്തുതന്ന ഒരേയൊരു കാര്യം  നിത്യജീവൻ  അവകാശമാക്കിത്തന്നു എന്നതാണ്. ഈശോമിശിഹാ കുരിശിൽ മരിച്ചത്, നമുക്കു  നിത്യജീവൻ  നൽകുവാനായി മാത്രമായിരുന്നു.  രോഗസൗഖ്യവും സാമ്പത്തികാഭിവൃദ്ധിയും  പരീക്ഷകളിൽ വിജയവും ഭവനനിർമ്മാണവും  ആകർഷകമായ ജോലിയും  ഒന്നും തന്നിൽ വിശ്വസിക്കുന്നവർക്ക് അവിടുന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. ഇവയൊന്നും കിട്ടില്ല എന്നല്ല പറഞ്ഞതിനർത്ഥം.  കർത്താവു തന്നെ പറയുന്നുണ്ടല്ലോ, നമുക്ക്  ഈ ലോകത്തിൽ ജീവിക്കാനാവശ്യമായ കാര്യങ്ങൾ എന്തെല്ലാം  വേണമെന്നു  നമ്മുടെ   പിതാവിനറിയാമെന്ന്. അവിടുന്ന് അതു  തക്ക സമയത്തു  തന്നുകൊള്ളും.  നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം:  ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക.  അതോടൊപ്പം മറ്റുള്ളവയെല്ലാം നമുക്കു  ലഭിക്കും ( മത്തായി 6:33).

ദൈവത്തോടു  നമ്മൾ  ചോദിക്കേണ്ടത് ഒന്നുമാത്രമാണ്; പരിശുദ്ധാത്മാവിനെ! സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു  ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല  ( ലൂക്കാ 11:13) എന്നാണ് യേശു ശിഷ്യരോടു  പറയുന്നത്. നാം ചോദിക്കുന്നതു  നമുക്കു  കിട്ടുന്നില്ലെങ്കിൽ അതിൻറെ കാരണം  നാം യേശുക്രിസ്തുവിൻറെ നാമത്തിൽ ചോദിക്കാത്തതുകൊണ്ടാണ്.  കർത്താവിൻറെ വാഗ്ദാനം ഓർക്കുക.  സത്യം സത്യമായി ഞാൻ   നിങ്ങളോടു പറയുന്നു, നിങ്ങൾ എൻറെ നാമത്തിൽ പിതാവിനോടു  ചോദിക്കുന്നതെന്തും അവിടുന്നു  നിങ്ങൾക്കു  നൽകും. ഇതുവരെ നിങ്ങൾ ഒന്നും എൻറെ നാമത്തിൽ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ. നിങ്ങൾക്കു ലഭിക്കും’ ( യോഹ 16:23-24).

ഇവിടെയാണ് പ്രശ്നം. യേശുക്രിസ്തുവിൻറെ നാമത്തിൽ  ചോദിക്കുമ്പോൾ അവിടുത്തേക്ക് ഇഷ്ടമുള്ളതു മാത്രമല്ലേ ചോദിക്കാൻ   സാധിക്കുകയുള്ളൂ. ലോകത്തിലെ സമ്പത്തോ  ആഡംബരങ്ങളോ സുഖസൗകര്യങ്ങളോ, ഉന്നതപദവികളോ   ഒന്നും കർത്താവിൻറെ  ചിന്തയിലുള്ള കാര്യങ്ങളല്ല. യോഹന്നാൻ ശ്ലീഹാ ഓർമ്മിപ്പിക്കുന്നു ; ‘എന്തെന്നാൽ ജഡത്തിൻറെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിൻറെ അഹന്ത ഇങ്ങനെ ലോകത്തിലുള്ള തൊന്നും പിതാവിൻറേതല്ല. ,പ്രത്യുത ലോകത്തിൻറേതാണ്’ (1 യോഹ. 1:17). പിതാവിൻറേതല്ലാത്ത എന്തെങ്കിലും കാര്യം നാം പ്രാർത്ഥനയിൽ ആവശ്യപ്പെട്ടാൽ  എങ്ങനെയാണ് അതു ലഭിക്കുക?

നമുക്കു   ബാലപാഠങ്ങളിലേക്കു  മടങ്ങിവരേണ്ടിയിരിക്കുന്നു. യേശുക്രിസ്തു ഭൂമിയിലേക്കു വന്നതു  നമുക്കുവേണ്ടി പാപപരിഹാരബലിയാകാനാണ്. ‘നമ്മുടെ മാത്രമല്ല ലോകം മുഴുവൻറെയും  പാപങ്ങൾക്ക് ( 1 യോഹ.1:2) എന്നു  യോഹന്നാൻ ശ്ലീഹാ കൂട്ടിച്ചേർക്കുന്നുണ്ട്. യേശുക്രിസ്തു പാപപരിഹാരബലി യായതിനാൽ അവിടുത്തെ പക്കൽ നിന്നു നാം ചോദിച്ചുവാങ്ങേണ്ട പ്രഥമവും പ്രധാനവുമായ  സമ്മാനം നമ്മുടെ പാപങ്ങളുടെ മോചനവും കടങ്ങളുടെ പൊറുതിയുമാണ്.  അതിൻറെ ഫലമായി നാം  സ്വർഗത്തിൽ നിത്യമായ ജീവൻ അവകാശമാക്കുകയും ചെയ്യുന്നു. ഇങ്ങനെ ക്രിസ്തുവിൻറെ പാപപരിഹാര ബലിയുടെ യോഗ്യത സ്വന്തമാക്കി, പിതാവുമായി രമ്യതപ്പെടുന്ന ഒരാത്മാവ്  യേശുക്രിസ്തുവിൻറെ നാമത്തിൽ എന്തു  ചോദിച്ചാലും അതു  ലഭിക്കുക തന്നെ ചെയ്യും.  ഈ അവസ്ഥയിലെത്തുന്ന ഒരു വ്യക്തി ഒരിക്കലും  ഭൗതിക കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കില്ല എന്നതു  മറ്റൊരു കാര്യം.

കർത്താവിൻറെ കാൽവരിബലിയുടെ  അനുസ്മരണവും പുനരവതരണവുമാണ്  ഓരോ പരിശുദ്ധ  കുർബാനയും. ക്രിസ്തു നൽകുന്ന പാപമോചനം നമുക്കു ലഭിക്കുന്ന കൂദാശയാണു  കുമ്പസാരം.  ഓരോ കൂദാശകളിലൂടെയും  നമ്മിൽ പരിശുദ്ധാത്മാവിൻറെ അഭിഷേകം നിറയുന്നു.  എന്നാൽ കൂദാശകൾക്ക് ഈ ശക്തി ലഭിക്കുന്നതു    ക്രിസ്തുവിൻറെ കാൽവരി ബലിയിൽ നിന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ  കൂദാശകൾക്കു  തനതായ നിലനിൽപില്ല. യേശുക്രിസ്തു  നമുക്കായി നേടിത്തന്ന നിത്യരക്ഷയുമായി ബന്ധപ്പെടുത്തി മാത്രമേ കൂദാശകളെ കാണാൻ പാടുള്ളൂ.  നൊവേനയും ഒപ്പീസും  തിരുനാളാഘോഷങ്ങളും  ഒക്കെ  സ്വന്തമായി ഫലം പുറപ്പെടുവിക്കാൻ കഴിയാത്ത അനുഷ്ടാനങ്ങളാണ്. അവയ്ക്കു ഫലം ലഭിക്കുന്നത്  അവയെ മിശിഹായുടെ  കാൽവരി  ബലിയോടു  ചേർത്തുവയ്ക്കുമ്പോഴാണ്. 

പരിശുദ്ധകന്യകാമറിയം  തൻറെ പുത്രനിൽ നിന്നു  വേറിട്ടു  നമുക്കൊന്നും ചെയ്തുതരുന്നില്ല. വിമലഹൃദയപ്രതിഷ്ഠയും   നിത്യസഹായമാതാവിൻറെ നൊവേനയും ഒക്കെ  ഫലപ്രദമാവുന്നത് അവയ്‌ക്കെല്ലാം  മൂലകാരണമായി നിൽക്കുന്ന കർത്താവിൻറെ പാപപരിഹാരബലിയോടു ചേർത്തുവയ്ക്കുമ്പോൾ മാത്രമാണ്. നിർഭാഗ്യവശാൽ അന്തോണീസ് പുണ്യാളനും  യൂദാശ്ളീഹായും  ഒക്കെ  സ്വന്തമായി കൃപകളും  അനുഗ്രഹങ്ങളും  വിതരണം ചെയ്യുന്നവരാണ് എന്ന ഒരു  ഗുരുതരമായ  അബദ്ധധാരണ കത്തോലിക്കരുടെ ഇടയിൽ വ്യാപകമായി പടർന്നുപിടിച്ചിട്ടുണ്ട്. അതുകൊണ്ടാണു   സാധാരണ ദിവസങ്ങളിൽ കുർബാനയിൽ പങ്കെടുക്കാൻ വരുന്നതിനേക്കാൾ കൂടുതൽ ആളുകൾ നൊവേന ദിനങ്ങളിൽ  പള്ളിയിൽ വരുന്നത്. കർത്താവിൻറെ വാക്കുകൾ തന്നെ ഉദ്ധരിക്കട്ടെ:  ‘ അന്ധരും മൂഢരുമായവരേ,  ഏതാണു  വലുത്? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ?…. അന്ധരേ, ഏതാണു  വലുത്? കാഴ്ചവസ്തുവോ  കാഴ്ചവസ്തുവിനെ  പവിത്രമാക്കുന്ന ബലിപീഠമോ?’ ( മത്തായി 23:17-19).

അതുകൊണ്ട് ഒരു കാര്യം നാം  വ്യക്തമായി മനസിലാക്കിയിരിക്കണം. നമ്മുടെ എല്ലാ ഭക്താഭ്യാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ശുശ്രൂഷകളെയും കൂദാശകളെയുംകാൾ  വലുത് അവയ്‌ക്കെല്ലാം  ശക്തി പകരുന്ന യേശുക്രിസ്തുവിൻറെ കാൽവരിക്കുരിശിലെ  ബലിയാണ്.  നമുക്കു  രക്ഷ നേടിത്തരുന്നതു  പരിശുദ്ധ കുർബാനയല്ല, കർത്താവിൻറെ ബലിയാണ്. അതു  ദൃശ്യമായ രീതിയിൽ നമ്മുടെ മുൻപിൽ പുനരവതരിപ്പിക്കപ്പെടുകയാണ് ഓരോ കുർബാനയിലും  സംഭവിക്കുന്നത്. നമുക്കു  പാപമോചനം നൽകുന്നതു  കുമ്പസാരമല്ല, കർത്താവിൻറെ ബലിയാണ്. നമുക്കു  പരിശുദ്ധാത്മാവിൻറെ അഭിഷേകം  നേടിത്തരുന്നത് അഭിഷേകപ്രാർത്ഥനയോ തൈലാഭിഷേകമോ അല്ല, മറിച്ച്  അവയ്‌ക്കെല്ലാം ആധാരമായി നിൽക്കുന്ന  കർത്താവിൻറെ കുരിശിലെ ബലിയാണ്.

ആചാരാനുഷ്ഠാനങ്ങളിലൂടെ മോക്ഷം പ്രാപിക്കാം എന്ന വലിയൊരു തെറ്റിദ്ധാരണ ഇന്നു  ക്രൈസ്തവ സഭകളിൽ  കടന്നുകൂടിയിട്ടുണ്ട്.  അനുഷ്ഠാനങ്ങളൂം കർമ്മവിധികളും എത്ര കൂടുതൽ  ആഘോഷമായി നടത്തപ്പെടുന്നുവോ അത്രയധികമായി ദൈവാനുഗ്രഹം ലഭിക്കും എന്നാണു  പല  ക്രിസ്ത്യാനികളുടെയും ചിന്ത. അതുകൊണ്ടാണു  സാധാരണ കുർബാനയ്ക്കു പകരം ആഘോഷമായ പാട്ടുകുർബാനയും 

സാധാരണ തിരുനാളിനു പകരം ആഘോഷമായ തിരുനാളും നടത്താൻ ക്രിസ്ത്യാനികൾ  തിരക്കുകൂട്ടുന്നത്. മെത്രാൻ അർപ്പിക്കുന്ന കുർബാന സാധാരണ വൈദികൻ അർപ്പിക്കുന്ന കുർബാനയെക്കാൾ കൂടുതൽ മഹത്തരമാണെന്നു  ചിന്തിക്കുന്നവരുമുണ്ട്.  കൂദാശകൾക്കു ശക്തി പകരുന്ന കർത്താവിൻറെ  ബലിയേക്കാൾ കൂദാശകൾ പരികർമ്മം ചെയ്യുന്ന രീതിയ്ക്കു  പ്രാധാന്യം കൊടുക്കുന്ന  അബദ്ധചിന്തകളിൽ നിന്നാണ്, കുർബാന അങ്ങോട്ടു  തിരിഞ്ഞുനിന്നു വേണോ അതോ ഇങ്ങോട്ടു തിരിഞ്ഞുനിന്നു വേണോ എന്ന തരത്തിലുള്ള  യാതൊരു കഴമ്പുമില്ലാത്ത വാദകോലാഹലങ്ങൾ  ഉണ്ടാകുന്നത്.

അനുഷ്ഠാനങ്ങളിലൂടെ രക്ഷപ്പെടുവാൻ കഴിയുമായിരുന്നെങ്കിൽ ഫരിസേയർ  എല്ലാവരും രക്ഷപ്പെടുമായിരുന്നല്ലോ.  നിത്യജീവൻ അവകാശമാക്കാൻ താൻ  എന്തുചെയ്യണം  എന്നു  ചോദിച്ചുകൊണ്ട്  ഈശോയെ സമീപിച്ച ധനികനായ യുവാവും  നിയമാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ  പരിപൂർണ്ണനായിരുന്നു.

പൗലോസ് ശ്ലീഹായാകട്ടെ നിയമാനുഷ്ഠാനത്തിൻറെ  കാര്യത്തിൽ ഒരു കുറ്റവും പറയാനില്ലാത്ത ആളായിരുന്നു. അതെല്ലാം ഉച്ഛിഷ്ടം പോലെ വലിച്ചെറിഞ്ഞു   ക്രിസ്തുവിൻറെ  പിറകെ പോകാനുണ്ടായ കാരണം ‘ താൻ പാപികളിൽ ഒന്നാമനാണെന്ന യാഥാർഥ്യവും   യേശുക്രിസ്തു ലോകത്തിലേക്കു  വന്നതു  പാപികളെ രക്ഷിക്കാനാണെന്ന  സത്യവും ‘  തിരിച്ചറിഞ്ഞതാണ് ( 1 തിമോ 1:15-16). പാപമോചനവും അതുവഴി ലഭിക്കുന്ന നിത്യരക്ഷയുമല്ലാതെ മറ്റെന്തെങ്കിലുമാണു  നാം  യേശു ക്രിസ്തുവിൽ നിന്ന് ആഗ്രഹിക്കുന്നതെങ്കിൽ  അത്തരക്കാരെക്കുറിച്ച്  അപ്പസ്തോലൻ  പറയുന്നു: ‘ഈ  ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ  എല്ലാ മനുഷ്യരെയുംകാൾ   നിർഭാഗ്യരാണ്’ (1 കൊറി 15:19).

പ്രിയപ്പെട്ട ക്രിസ്ത്യാനീ,  നമുക്കു  പാപമോചനവും രക്ഷയും നിത്യജീവനും നേടിത്തന്ന  നമ്മുടെ കർത്താവിൻറെ  കുരിശിലെ ബലിയെക്കുറിച്ചു ധ്യാനിക്കുക.  അതിൽ ശരണപ്പെടുക. അതിനപ്പുറത്തേയ്ക്കുള്ളതൊന്നും വിലയുള്ളതല്ല.   ആചാരാനുഷ്ഠാനങ്ങൾക്കു   നിങ്ങളെ സ്വർഗത്തിലെത്തിക്കാൻ കഴിയില്ല.  അനേകം പേർ പരീക്ഷിച്ചു പരാജയപ്പെട്ട മാർഗമാണത്.

ആത്മാവിലും സത്യത്തിലുമാണു  ദൈവത്തെ ആരാധിക്കേണ്ടത്. സഭയുടെ കൂദാശകളും ഭക്താനുഷ്ഠാനങ്ങളും  കർമ്മങ്ങളും എല്ലാം  നമ്മെ ക്ഷണിക്കുന്നത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നതിനാണ്.  എന്നാൽ ദുഖകരമെന്നു പറയട്ടെ; അനേകം  ക്രിസ്ത്യാനികൾ ഈ ആചാരാനുഷ്ഠാനങ്ങളാണ്  യഥാർത്ഥ ദൈവാരാധന എന്നു തെറ്റിദ്ധരിച്ചിരിക്കുകയാണ്. ദൈവത്തെ ആരാധിക്കാൻ വേണ്ടി  പണിതുയർത്തിയ ദൈവാലയത്തിനു ദൈവത്തെക്കാൾ  കൂടുതൽ സ്ഥാനം  കൊടുക്കുന്ന തികച്ചും  പരിതാപകരമായ അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. കൃപയുടെ നീർച്ചാലുകളാകേണ്ട കൂദാശകളെ  കർക്കശമായ ആചാരവിധികളുടെ  ബന്ധനത്തിലാക്കുന്ന ദയനീയദൃശ്യമാണു  നാം കാണുന്നത്.  മതാത്മകതയെ ആത്മീയതയായി തെറ്റിദ്ധരിക്കുന്ന ഒരു  ക്രൈസ്തവസമൂഹത്തിലാണു നാം ജീവിക്കുന്നത്.

സത്യദൈവാരാധനയെയും  കപട ഭക്തിയെയും  തിരിച്ചറിയാൻ, മതാത്മകതയുടെ ചട്ടക്കൂട്ടിൽ നിന്ന്  യഥാർത്ഥ ആത്മീയതയുടെ സ്വാതന്ത്ര്യത്തിലേക്കുയരാൻ,  അധരവ്യായാമമായി  അധപതിച്ചുപോയ പ്രാർഥനകളോടു  വിടപറഞ്ഞ്  ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാൻ ഉള്ള കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം. അനുഷ്ഠാനങ്ങളോ കർമ്മവിധികളോ അല്ല, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻറെ  കുരിശുമരണമാണു  നമുക്കു നിത്യജീവൻ നേടിത്തന്നതെന്ന ബോധ്യം നമ്മുടെ  ഹൃദയങ്ങളിൽ  ആഴമായി  പതിയട്ടെ. അങ്ങനെ  ‘അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിൻറെ സ്നേഹം നമ്മൾ  ഗ്രഹിക്കാനും അതുവഴി ദൈവത്തിൻറെ സംപൂർണതയാൽ നമ്മൾ  പൂരിതരാകാനും ഇടയാകട്ടെ’ ( എഫേ  3:18).

നമ്മളിൽ  ബഹുഭൂരിപക്ഷവും  ഇതുവരെയും അറിഞ്ഞത് അനുഷ്ഠാനവിധികളുടെ, മതകർമ്മങ്ങളുടെ, ആചാരങ്ങളുടെ  വഴിയാണ്.  ആ വഴി നമ്മെ സ്വർഗ്ഗത്തിലെത്തിക്കുമെന്നു  നാം  വിശ്വസിച്ചുപോയി. എന്നാൽ അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ ആത്മീയത.   മതസംവിധാനവും ഭക്താഭ്യാസങ്ങഉം അനുഷ്ഠാനങ്ങളും  എല്ലാം നമ്മുടെ ആത്മാവിനെ  ഈ ‘അറിഞ്ഞതിൽ നിന്നുയർത്തി’  ദൈവികതലത്തിലേക്കെത്തിക്കാൻ  നമ്മെ സഹായിക്കാനുള്ള മാർഗങ്ങളാണ്.  

നിർഭാഗ്യവശാൽ അനേകർ ഇതാണു  ലക്ഷ്യമെന്നു  തെറ്റിദ്ധരിക്കുന്നു. ഇതു  ലക്ഷ്യമല്ല, മാർഗം മാത്രമാണെന്ന ബോധം ഇനിയും നമ്മിൽ ഉണരേണ്ടിയിരിക്കുന്നു. കാരണം നാം ആരെ കാണാൻ വേണ്ടിയാണോ യാത്ര ചെയ്യുന്നത് ആ യേശുക്രിസ്തു നമ്മുടെ വഴിയിലല്ല, നമ്മുടെ  യാത്രയുടെ അവസാനമാണു  നമ്മെ കാത്തു  നിൽക്കുന്നത്.  സ്വർഗമാണു  ലക്‌ഷ്യമെന്നതു   മറന്ന്,  അവിടേക്കുള്ള വഴിയരികിൽ കൂടാരമടിച്ചു   സ്ഥിരതാമസമാക്കുന്നതാണ്  അനുഷ്ടാനങ്ങളിൽ അഭിരമിക്കുന്ന ക്രിസ്ത്യാനികളുടെ ദുരന്തം.  വഴിയരികിലിരുന്നു കളിപ്പാട്ടങ്ങൾക്കുവേണ്ടി കരയുന്ന കുട്ടികളെപ്പോലെ  നാമും നിസ്സാരകാര്യങ്ങൾക്കായി നമ്മുടെ  സ്വർഗീയപിതാവിനോടു  ‘മുട്ടിപ്പായി പ്രാർത്ഥിക്കുന്നു’.  എന്നിട്ടു ദൈവം നമ്മുടെ പ്രാർഥന കേൾക്കുന്നില്ല എന്നു വിലപിക്കുന്നു.

നമ്മുടെ ദൈവം  പ്രാർഥന  കേൾക്കാത്ത ദൈവമല്ല, മറിച്ച്  വിളിക്കും മുൻപേ ഉത്തരമരുളുന്ന ദൈവമാണ്. ദൈവം ഉടനടി ഉത്തരം തരുന്ന  തരത്തിൽ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കു പ്രാർഥിക്കാം. 

എങ്ങനെ പ്രാർഥിക്കണമെന്നറിയാതെ ശങ്കിച്ചുനിന്ന ശിഷ്യന്മാരെ  കർത്താവു പഠിപ്പിച്ച പ്രാർഥന നമുക്കും ഏറ്റുചൊല്ലാം.

‘ സ്വർഗ്ഗസ്ഥനായ  ഞങ്ങളുടെ പിതാവേ,അങ്ങയുടെ നാമം പൂജിതമാകണമേ.അങ്ങയുടെ രാജ്യം വരണമേ.  അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും ആകണമേ.  അന്നന്നുവേണ്ട ആഹാരം ഇന്നു  ഞങ്ങൾക്കു  തരണമേ. ഞങ്ങളോടു തെറ്റു  ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ തെറ്റുകൾ  ഞങ്ങളോടും  ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു  ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങയുടേതാകുന്നു. ആമേൻ’

ഇന്നത്തെക്കാലത്തു  നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം യേശുക്രിസ്തുവിൻറെ കാൽവരിബലിയുടെ യഥാർത്ഥ അർത്ഥവും മൂല്യവും മനസിലാക്കാതെ പോകുന്നതാണ്.   മതാത്മകതയെ ആത്മീയതയായി തെറ്റിദ്ധരിക്കുന്നതും  ആത്മീയലക്ഷ്യങ്ങളെ മറന്നു  ഭൗതികകാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നതും  അതിൻറെ ഫലമായി വന്നുചേരുന്ന    പ്രലോഭനങ്ങളാണ്.  ഈ പ്രലോഭനങ്ങളിൽ  ഉൾപ്പെടുത്തരുതേ എന്നു നമുക്കു പ്രത്യേകമായി  പ്രാർത്ഥിക്കാം..