‘ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു’ .( യോഹ. 1:1). നമുക്ക് അതിൽ സംശയമില്ല. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു എന്നും നമുക്കറിയാം. എന്നിട്ട് എന്തു സംഭവിച്ചു എന്നതാണു പ്രസക്തമായ ചോദ്യം.
ഒറ്റ വാക്കിൽ ഉത്തരം പറയാം. ആദിയിൽ ഉണ്ടായിരുന്നതും മാംസമായി നമ്മുടെയിടയിൽ വസിച്ചതുമായ വചനത്തെ നമ്മൾ മറന്നുകളഞ്ഞു. ബൈബിൾ എല്ലാവരുടെയും വീട്ടിലുണ്ട്. നമ്മളൊക്കെ ബൈബിൾ വായിക്കുന്നുമുണ്ട്. എന്നാൽ ആദിയിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും ഇനി എന്നേയ്ക്കും നിലനിൽക്കുന്നതുമായ വചനത്തിൻറെ ശക്തി നമ്മൾ തിരിച്ചറിയുന്നുണ്ടോ?
വചനം വായിക്കാനുള്ളതല്ല, ധ്യാനിക്കാനുള്ളതാണ് എന്നു നമ്മൾ മറന്നുപോകുന്നു. വചനം ബുദ്ധി കൊണ്ട് മനസിലാക്കാനുള്ളതല്ല, ഹൃദയത്തിൽ സംഗ്രഹിക്കാനുള്ളതാണെന്നു നാം മറന്നുപോകുന്നു. ഇങ്ങനെ ഓർമ്മിക്കേണ്ടതെല്ലാം മറക്കുകയും മറക്കേണ്ടതെല്ലാം ഓർമ്മിക്കുകയും ചെയ്യുന്നതിനിടയിൽ നമുക്കു നേരിട്ട വലിയ നഷ്ടം വചനത്തിൻറെ ശക്തി നാം തിരിച്ചറിയാതെ പോകുന്നു എന്നതാണ്.
വചനത്തിനു ശക്തിയുണ്ടോ? ഉണ്ടെന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. സത്യം തന്നെയായ ഈശോമിശിഹായും അതു സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും നമുക്കു സംശയമാണ്. ‘ഉണ്ടാകട്ടെ’ എന്ന വചനം കൊണ്ടാണു ദൈവം എല്ലാം സൃഷ്ടിച്ചത്. അവസാനദിനത്തിൽ അഗ്നിയ്ക്ക് ഇരയാകേണ്ടതിനായി ഭൂമിയും ആകാശവും ഇപ്പോഴും സൂക്ഷിക്കപ്പെടുന്നതും അതേ വചനത്താൽ തന്നെയാണെന്ന് എഴുതിവച്ചിരിക്കുന്നത് ആദ്യത്തെ മാർപ്പാപ്പ തന്നെയാണ്. ‘ദൈവത്തിൻറെ വചനത്താൽ ആകാശം പണ്ടുതന്നെ ഉണ്ടായെന്നും ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ലോകം വെള്ളത്താൽ നശിച്ചുവെന്നും ഉള്ള വസ്തുതകൾ അവർ വിസ്മരിക്കുന്നു. വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിൻറെയും ദിനത്തിൽ, അഗ്നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താൽത്തന്നെ സൂക്ഷിക്കപ്പെടുന്നു’ ( 2 പത്രോസ് 3:6-7).
പ്രപഞ്ചത്തെ സൃഷ്ടിച്ചതും നിലനിർത്തുന്നതും ചരിത്രത്തിൻറെ അവസാനം അതിൻറെ വിധി നിർണയിക്കുന്നതും ദൈവത്തിൻറെ വചനമാണ്. കർത്താവു പറഞ്ഞിട്ടുണ്ടല്ലോ; ‘ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ എൻറെ വചനങ്ങൾ കടന്നുപോവുകയില്ല’ ( മത്തായി 24:35). അസ്ഥിരവും നാശവിധേയവുമായ ഈ പ്രപഞ്ചത്തിൽ സ്ഥിരമായി നിൽക്കുമെന്നു കർത്താവു വാഗ്ദാനം ചെയ്തിട്ടുള്ള ഒരേയൊരു കാര്യം അവിടുത്തെ വചനമാണ്. അതിനു മാറ്റമില്ല.
വചനത്തിനു ശക്തിയുണ്ടെന്ന് ഇനിയും സംശയമുണ്ടോ? ഉണ്ടെങ്കിൽ അതിൻറെയർത്ഥം നിങ്ങൾ ക്രിസ്ത്യാനിയല്ലെന്നു മാത്രമാണ്. കാരണം വചനമാണു നമ്മെ ക്രിസ്തുവിൻറെ ശിഷ്യന്മാരും ക്രിസ്ത്യാനികളും ആയി രൂപാന്തരപ്പെടുത്തുന്നത്. തൻറെ ശിഷ്യന്മാർക്കു വേണ്ടി ഈശോമിശിഹാ പ്രാർഥിച്ചത് ഇപ്രകാരമാണ്. ‘ അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ. അവിടുത്തെ വചനമാണു സത്യം’ ( യോഹ. 17:17). വചനം നമ്മെ വിശുദ്ധീകരിക്കുന്ന ശക്തിയാണ് എന്നാണ് ഈശോ പറഞ്ഞുതരുന്നത്.
വചനം പറയുന്നവരെ വിലങ്ങുവയ്ക്കാം. എന്നാൽ വചനത്തിനു വിലങ്ങുവയ്ക്കാൻ ഈ ലോകത്തിൽ ആർക്കും സാധ്യമല്ല, സ്വന്തം അനുഭവത്തിൽ നിന്നാണു പൗലോസ് ശ്ലീഹാ ഇങ്ങനെയെഴുതിയത്. ‘എന്നാൽ ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടിട്ടില്ല’ ( 2 തിമോ. 2.9). വചനത്തിനു വിലങ്ങുവയ്ക്കാൻ സാധ്യമല്ല എന്ന് ഏറ്റവുമധികം അറിയുന്നതു വചനത്തിൻറെ നിതാന്തശത്രുവായ സാത്താനു തന്നെയാണ്. അതുകൊണ്ട് അവൻ വചനത്തിനു വിലങ്ങുവയ്ക്കാനല്ല, മറിച്ചു നമ്മിൽ വിതയ്ക്കപ്പെട്ടിരിക്കുന്ന വചനം നമ്മുടെ ഹൃദയത്തിൽ നിന്ന് എടുത്തുകളയാനാണു ശ്രമിക്കുന്നത്.
വിതക്കാരൻറെ ഉപമയിൽ കർത്താവ് പറയുന്നുണ്ടല്ലോ. ‘ ചിലർ വചനം ശ്രവിച്ചെങ്കിലും അവർ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാൻ വേണ്ടി പിശാചു വന്ന് അവരുടെ ഹൃദയങ്ങളിൽ നിന്നു വചനം എടുത്തുകളയുന്നു’ ( ലൂക്കാ 8:12). അതിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം ആദിമുതലേ പിശാചിൻറെ പ്രവർത്തനശൈലി അതുതന്നെയാണ്.ഏദൻ തോട്ടത്തിൽ വച്ചു സർപ്പം ചെയ്തതും അതുതന്നെയാണ്. ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും’ എന്ന ദൈവവചനം ഹവ്വയുടെയും അവളിലൂടെ ആദത്തിൻറെയും ഹൃദയത്തിൽ നിന്ന് എടുത്തുകളയാനാണ് അവൻ ശ്രമിച്ചത്. ദൈവവചനം സ്വന്തം ഹൃദയത്തിൽ നിന്ന് എടുക്കപ്പെട്ടാൽ പിന്നെ ആ മനുഷ്യനെ തൻറെ വരുതിയ്ക്കു കൊണ്ടുവരാൻ ഒരു ബുദ്ധിമുട്ടുമില്ല എന്ന് അവൻ അറിഞ്ഞിരുന്നു. ദൈവവചനത്തിനെതിരായ മറ്റൊരു സ്വരം അവരുടെ മുൻപിലേക്കിട്ടു കൊടുത്തുകൊണ്ടാണു സാത്താൻ ഇതു ചെയ്യുന്നത്. ‘നിങ്ങൾ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നന്മയും തിന്മയും അറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം’ ( ഉൽ.3:5).
ഇതുകൊണ്ടുതന്നെയാണു സുവിശേഷവിരുദ്ധമായ പ്രബോധനങ്ങൾക്കു ചെവികൊടുക്കരുതെന്ന് യോഹന്നാൻ ശ്ലീഹാ മുന്നറിയിപ്പു തരുന്നത്. ‘ക്രിസ്തുവിൻറെ പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ, അവനെ നിങ്ങൾ വീട്ടിൽ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്’ ( 2 യോഹ.10).
വാഗ്ദാനങ്ങളിൽ വിശ്വസ്തനാണു നമ്മുടെ ദൈവം. ദൈവത്തിൻറെ വാഗ്ദാനം എന്നത് അവിടുത്തെ വചനങ്ങൾ തന്നെയാണ്. അബ്രാഹത്തോടും അവൻറെ സന്തതികളോടും ചെയ്ത വാഗ്ദാനം അവർ അവിശ്വസ്തത കാണിച്ചിട്ടുപോലും നിറവേറ്റുന്ന ദൈവത്തെയാണു വിശുദ്ധഗ്രന്ഥത്തിൽ നാം കാണുന്നത്. കർത്താവിൻറെ വചനം ഒരിക്കലൂം ഫലശൂന്യമായി തിരിച്ചുവരികയില്ല എന്നും ഉദ്ദേശിച്ച കാര്യം നിറവേറ്റിയിട്ടേ അതു തിരിച്ചുവരികയുള്ളൂ എന്നും പ്രവാചകൻ പറയുന്നുണ്ടല്ലോ. ‘വ്യാജം പറയാൻ ദൈവം മനുഷ്യനല്ല. അനുതപിക്കാൻ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?’ ( സംഖ്യ 23:19) എന്ന ബാലാമിൻറെ പ്രവചനത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
ദൈവത്തിൻറെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. നൂറ്റിയേഴാം സങ്കീർത്തനത്തിൽ നാം വായിക്കുന്നത് ഇപ്രകാരമാണ്. ‘അവിടുന്ന് തൻറെ വചനം അയച്ച്, അവരെ സൗഖ്യമാക്കി, വിനാശത്തിൽ നിന്നു വിടുവിച്ചു’ ( സങ്കീ 107:20). കർത്താവിനെ സംബന്ധിച്ചിടത്തോളം താൻ ആഗ്രഹിക്കുന്ന കാര്യം നിറവേറ്റാൻ ഒരു ദൂതനെ അയയ്‌ക്കേണ്ടതില്ല. അവിടുത്തെ വചനം തന്നെ ധാരാളം. ഈ വസ്തുത ഗ്രഹിക്കുന്നവൻ ഭാഗ്യവാൻ. അങ്ങനെ വചനത്തിൻറെ ശക്തിയെക്കുറിച്ച് ആഴമായ ബോധ്യം ലഭിച്ച ഒരു വ്യക്തിയെക്കുറിച്ചു സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. നിർഭാഗ്യവശാൽ അത് അബ്രാഹത്തിൻറെ സന്തതിപരമ്പരയിൽ പെട്ട ഒരാളായിരുന്നില്ല, മറിച്ചു വിജാതീയനായ ഒരു ശതാധിപനായിരുന്നു. ‘കർത്താവേ, നീ എൻറെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മതം മതി, എൻറെ ഭൃത്യൻ സുഖപ്പെടും’ ( മത്തായി.8:8). പൊയ്‌ക്കൊൾക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഈശോ ഉച്ചരിച്ച
സമയത്തുതന്നെ ശതാധിപൻറെ ഭൃത്യൻ സൗഖ്യം പ്രാപിച്ചു എന്നു വായിക്കുമ്പോൾ അതിനു തൊട്ടുമുൻപ് ഈശോ പറഞ്ഞ രണ്ടുമൂന്നു വചനങ്ങൾ നാം മറന്നുപോകരുത്.
‘ സത്യമായി ഞാൻ നിങ്ങളോടു പറയുന്നു ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപോലും ഞാൻ കണ്ടിട്ടില്ല. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. രാജ്യത്തിൻറെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും’ ( മത്തായി 8:10-12). ഇന്നായിരുന്നെങ്കിൽ ഒരുപക്ഷേ ‘ഇസ്രായേലിൽ ഒരുവനിൽ പോലും’ എന്നതിനുപകരം ‘ക്രിസ്ത്യാനികളിൽ ഒരുവനിൽ പോലും’ എന്നായിരിക്കും കർത്താവു പറയുന്നത്. അത്രമാത്രം വചനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയിലാണു നാം ജീവിക്കുന്നത്.
അത്ഭുതം സംഭവിക്കണമെങ്കിൽ ദൈവം വചനം അയയ്ക്കണം. അവൻ അശുദ്ധാത്മാക്കളെ വചനം കൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു’ ( മത്തായി 8:16). മരിച്ചവൻ ഉയിർക്കണമെങ്കിലും വചനം പുറപ്പെടണം. ‘ലാസറേ പുറത്തുവരിക’. കർത്താവിൻറെ വചനത്തിൻറെ ബലത്തിലാണ് ഊർജ്ജതന്ത്രത്തിലെ നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടു പത്രോസ് വെള്ളത്തിനു മീതെ നടന്നത്. ‘കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നുവല്ലോ’ ( മത്തായി 8:27) എന്നു ശിഷ്യന്മാരെ അത്ഭുതപ്പെടുത്തിയതും വചനത്തിൻറെ ശക്തിയായിരുന്നു.
താൻ ആരെയും വിധിക്കുന്നില്ല എന്നു കർത്താവ് ഒരിക്കൽ പറഞ്ഞതോർക്കുക. താനല്ല താൻ ഉച്ചരിച്ച വചനം തന്നെയാണു മനുഷ്യരെ വിധിക്കുന്നത് എന്നു കർത്താവു വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതിൻറെയർത്ഥം ദൈവവചനത്തിനനുസരിച്ചു നാം നമ്മെത്തന്നെ രൂപാന്തര പ്പെടുത്തിയില്ലെങ്കിൽ അവസാന നാളിൽ കർത്താവിൻറെ വചനം നമുക്കെതിരെ ഒരു സാക്ഷ്യമായി നിലകൊള്ളും എന്നാണ്. വചനം ലഭിച്ചവർക്കു മറ്റുള്ളവരെക്കാൾ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഞാൻ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ അവരുടെ പാപത്തെക്കുറിച്ച് അവർക്ക് ഒഴികഴിവില്ല’ ( യോഹ. 15:22) എന്ന വചനത്തിൻറെ അർത്ഥം നാം ശരിയായ വിധം ഗ്രഹിച്ചിട്ടുണ്ടോ? വചനം ലഭിക്കാത്തവരെയും വചനം ലഭിച്ചവരെയും ദൈവം ഒരേവിധത്തിലല്ല കാണുന്നത്. കൂടുതൽ ലഭിച്ചവനിൽ നിന്നു കൂടുതൽ ആവശ്യപ്പെടും എന്നു പറഞ്ഞതും ഇതേ കർത്താവു തന്നെയാണ്.
എന്നിട്ടു നാം എന്താണു ചെയ്യുന്നത്? നമുക്കു കിട്ടിയ വചനമാകുന്ന താലന്ത് ഭദ്രമായി മണ്ണിനടിയിൽ കുഴിച്ചിട്ടിട്ട് അതിനു കാവലിരിക്കുന്നു! യജമാനൻ തിരിച്ചുവരുമ്പോൾ ആ താലന്ത് അതേപടി തിരിച്ചുകൊടുത്താൽ നമ്മുടെ കടമ തീർന്നു എന്നു കരുതുന്ന ക്രിസ്ത്യാനികളെ കർത്താവു വിളിക്കുക ‘ദുഷ്ടഭൃത്യാ’ എന്നാണ്. തീർന്നില്ല. ‘ നിൻറെ വാക്കു കൊണ്ടു തന്നെ നിന്നെ ഞാൻ വിധിക്കും'( ലൂക്കാ 19:22) എന്നും അവിടുന്നു പറയുന്നുണ്ട്. അവനു പറ്റിയ അബദ്ധം അവൻ തൻറെ താലന്ത് ബുദ്ധിപൂർവം സൂക്ഷിച്ചുവച്ചു എന്നാണ്. എന്നാൽ മറ്റു രണ്ടു ഭൃത്യന്മാരാകട്ടെ തങ്ങൾക്കു കിട്ടിയ നാണയങ്ങൾ തങ്ങളുടെ യജമാനൻറെ ഹൃദയത്തിൻറെ ആഗ്രഹം തിരിച്ചറിഞ്ഞു വിനിയോഗിച്ചു. അവർ സമ്മാനിതരാവുകയും ചെയ്തു.
നമുക്ക് കിട്ടിയ വചനം നാം എവിടെയാണു സൂക്ഷിച്ചുവച്ചിരിക്കുന്നത്? ബുദ്ധിയിലോ അതോ ഹൃദയത്തിലോ? ബുദ്ധിയിൽ സൂക്ഷിച്ചുവെച്ച വചനങ്ങൾ നമുക്ക് ഒരുപകാരവും ചെയ്യില്ല. യജമാനൻ വരുമ്പോൾ അതേപടി തിരിച്ചുകൊടുക്കാം എന്നു മാത്രം. അപ്പോൾ നമ്മുടെ പങ്കു താലന്ത് മണ്ണിൽ കുഴിച്ചിട്ട പ്രയോജനശൂന്യനായ ഭൃത്യനോടൊപ്പമായിരിക്കും. എന്നാൽ ‘വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുക’ ( ലൂക്കാ 8:15) എന്നതാണു നമ്മിൽ നിന്നു ദൈവം ആഗ്രഹിക്കുന്നത്. അത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും നൂറുമേനിയോ അറുപതുമേനിയോ ഏറ്റവും ചുരുങ്ങിയതു മുപ്പതുമേനിയെങ്കിലുമോ ഫലം ഉറപ്പാണ്. സ്വർഗരാജ്യത്തിൽ കടക്കാൻ മുപ്പതുമേനിയെങ്കിലും ഫലം വേണ്ടേ?
വചനം മാംസം ധരിച്ചു എന്നൊക്കെ വായിച്ചുപോകാൻ എളുപ്പമുണ്ട്. എന്നാൽ അതിൻറെ പിറകിലുള്ള അധ്വാനത്തെയും തീക്ഷ്ണതയെയും നാം കാണാതെ പോകുന്നു. വചനത്തിനു മാംസം ധരിക്കാനായി സ്വന്തം ശരീരം മാത്രമല്ല ഹൃദയവും മനസും ആത്മാവും ഒരുക്കിവച്ച മറിയത്തെക്കുറിച്ചു തിരുവചനം പറയുന്നത് അവൾ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു എന്നാണ്. വചനം ഹൃദയത്തിൽ സംഗ്രഹിക്കുകയെന്നാൽ ബുദ്ധിയുടെ തലത്തിൽ ഒതുക്കിനിർത്താതെ വചനത്തെ കണ്ണുമടച്ചു വിശ്വസിക്കുക എന്നു തന്നെയാണ്. അതുകൊണ്ടാണല്ലോ ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നു ദൂതൻ പറഞ്ഞപ്പോൾ ആ വാക്കുകൾ ഹൃദയത്തിൽ ഏറ്റെടുത്ത അവൾ ‘ഇതാ കർത്താവിൻറെ ദാസി! നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ’ എന്നു പറഞ്ഞത്.
ദൈവവചനം എന്നിൽ നിറവേറട്ടെ എന്നു പറയുമ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിലും വചനം പ്രവർത്തിക്കുകയുള്ളൂ. എന്തുകൊണ്ടാണ് നമ്മൾ വചനം പറയുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കാത്തത് എന്നതിൻറെ കാരണം പിടികിട്ടിയോ? വചനത്തെ കണ്ണുമടച്ചു വിശ്വസിക്കുന്ന ദൈവദാസന്മാർ പറയുന്ന ഓരോ വാക്കും ദൈവം നിറവേറ്റിക്കൊടുക്കുന്നതിൻറെ രഹസ്യവും ഇതുതന്നെയാണ്.
ദൈവത്തിൻറെ വചനത്തിനു മനുഷ്യൻറെ ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറാൻ കഴിയും എന്നു ഹെബ്രായലേഖകൻ എഴുതിയത് ( ഹെബ്രാ 4:12) വായിക്കുമ്പോൾ അതു സത്യമായും സംഭവിക്കുന്ന കാര്യമാണെന്ന് എത്ര പേർ വിശ്വസിക്കുന്നുണ്ട്? അങ്ങനെ വിശ്വസിക്കാത്തവർക്കുപോലും അൾട്രാ സൗണ്ടിനും എക്സ് റേയ്ക്കും എം ആർ ഐ യ്ക്കും മനുഷ്യൻറെ സന്ധിബന്ധങ്ങളെയും മജ്ജയെയും തുളച്ചുകയറാൻ കഴിയും എന്നു വിശ്വസിക്കാൻ പ്രയാസമില്ല. മനുഷ്യൻറെ ഹൃദയവിചാരങ്ങളെ പോളിഗ്രാഫ് ടെസ്റ്റ് കൊണ്ടു മനസിലാക്കാൻ കഴിയും എന്നു വിശ്വസിക്കാനും ബുദ്ധിമുട്ടില്ല. എവിടെയാണു നമുക്കു തെറ്റു പറ്റിയത്? അല്പബുദ്ധിയായ മനുഷ്യൻ കണ്ടുപിടിച്ച നിസാരമായ ഉപകരണങ്ങൾ കൊണ്ടു സാധിക്കുന്ന കാര്യങ്ങൾ പോലും സർവശക്തനായ ദൈവത്തിൻറെ വചനത്തിനു സാധിക്കില്ല എന്നാണോ നമ്മൾ കരുതുന്നത്?
സജീവവും ഊർജസ്വലവും ഇരുതലവാളിനേക്കാൾ മൂർച്ചയുള്ളതുമായ (ഹെബ്രാ 4:12) ആ വചനത്തെപ്പറ്റിയാണു നാം സംസാരിക്കുന്നത്. ആ വചനം ഏറ്റുപറയാൻ എന്തിനു മടിക്കണം? ഓർക്കുക; ദൈവവചനത്തിനു പകരം സാത്താൻറെ വചനം വിശ്വസിച്ച ആദത്തെയും ഹവ്വയെയും പുറത്താക്കിയതിനുശേഷം ഏദൻ തോട്ടത്തിലേക്കുള്ള വഴിയിൽ ദൈവം സ്ഥാപിച്ചത് എല്ലാവശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളായിരുന്നു. ഭൂമിയിൽ തീയിടാനാണു ഞാൻ വന്നിരിക്കുന്നതെന്ന കർത്താവിൻറെ വചനവും ഓർക്കുക. യോഹന്നാൻ ശ്ലീഹാ ദർശനത്തിൽ കണ്ട മനുഷ്യപുത്രൻറെ വായിൽ നിന്നു പുറത്തേക്കു വരുന്ന ഇരുവായ്ത്തലവാൾ (വെളി 1:16) ഉണ്ടായിരുന്നു. പെർഗമോസിലെ സഭയിൽ അനുതപിക്കാതെ അവശേഷിക്കുന്നവരെക്കുറിച്ച് കർത്താവു നൽകുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക. ‘അതുകൊണ്ട് അനുതപിക്കുക; അല്ലെങ്കിൽ നിൻറെ അടുത്തേയ്ക്കു ഞാൻ ഉടനെ വന്ന് എൻറെ വായിലെ വാൾ കൊണ്ട് അവരോടു പോരാടും.” (വെളി 2:16).
വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നവനും നീതിയോടെ വിധിക്കുകയും പട പൊരുതുകയും ചെയ്യുന്നവനും ആയവൻറെ നാമം തന്നെ ദൈവവചനം എന്നാണെന്നു തിരുവചനം പറയുന്നു ( വെളി 19:11-13). അവൻറെ വായിൽ നിന്നു മൂർച്ചയുള്ള ഒരു വാൾ പുറപ്പെടുന്നുണ്ടെന്നും (വെളി 19:15) ആ വാളു കൊണ്ടാണ് അന്തിമയുദ്ധത്തിൽ ക്രിസ്തുവിനെതിരെ വരുന്ന മൃഗത്തിൻറെയും വ്യാജപ്രവാചകൻറെയും സൈന്യനിര വധിക്കപ്പെടുന്നതെന്നും ( വെളി 19:21) യോഹന്നാൻ ശ്ലീഹാ എഴുതിയിരിക്കുന്നു. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ച ഈശോമിശിഹായുടെ വചനം തന്നെയാണ് അന്തിമദിനത്തിൽ മനുഷ്യരെ വിധിക്കുന്നതെന്നു കർത്താവു വെറുതെ പറഞ്ഞതൊന്നുമല്ല.
ഈ വചനമാണു നമുക്കു ഭക്ഷണമായി കർത്താവു തന്നിരിക്കുന്നത്. വചനം ഭക്ഷണമായി മാറുമ്പോൾ ശരീരത്തിൻറെ വിശപ്പും ദാഹവും നമ്മെ അലട്ടില്ല. ‘നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്'( യോഹ. 4:32). പ്രവാചകന്മാർ വചനമാകുന്ന ഈ അപ്പമാണു ഭക്ഷിച്ചത്. ‘ അങ്ങയുടെ വചനങ്ങൾ കണ്ടെത്തിയപ്പോൾ ഞാൻ അവ ഭക്ഷിച്ചു’ ( ജെറ 15:16). സത്യത്തിൽ ജെറമിയ അന്വേഷിച്ചു കണ്ടെത്തിയതല്ല അതൊന്നും. കർത്താവു നേരിട്ടുതന്നെ ജെറമിയയുടെ വായിൽ നിക്ഷേപിച്ചതാണവ. ‘ ഇതാ,എൻറെ വചനങ്ങൾ നിൻറെ നാവിൽ ഞാൻ നിക്ഷേപിച്ചിരിക്കുന്നു’ ( ജെറ 1:9). ഇതു വലിയൊരു രഹസ്യമാണ്. വചനത്തിൻറെ കവാടം നമുക്കു തുറന്നുതരുന്നത് പരിശുദ്ധാത്മാവാണ്. ദൈവവചനത്തിൻറെ ചുരുളഴിയുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ‘ അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു ( ( സങ്കീ 119:130).
വചനം ഹൃദയത്തിൽ ഗ്രഹിക്കുന്നവന് അതു പ്രസംഗിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ അങ്ങനെ പ്രസംഗിച്ച ജെറമിയയുടെ അനുഭവം സുഖകരമായിരുന്നില്ല. ‘ കർത്താവിൻറെ വചനം എനിക്ക് ഇടവിടാത്ത നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു’ ( ജെറ 20:8) എന്നു വിലപിക്കുന്ന ആ മനുഷ്യൻ ഇനിമേൽ വചനം പ്രഘോഷിക്കുകയില്ല എന്ന തീരുമാനം എടുക്കുകയാണ്. എന്നാൽ അവന് അതു സാധിക്കുന്നില്ല. കാരണം ഹൃദയത്തിൽ അടച്ചുവയ്ക്കാനല്ലലോ അവനു വചനം നൽകപ്പെട്ടത്. ‘എന്നാൽ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എൻറെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാൻ ശ്രമിച്ചു ഞാൻ തളർന്നു; എനിക്കു സാധിക്കുന്നില്ല’ ( ജെറ 20:9). വചനം നിറഞ്ഞ ഹൃദയം ഇങ്ങനെ അസ്വസ്ഥമാകുമ്പോൾ വചനം പ്രസംഗിക്കുകയല്ലാതെ മറ്റൊരു വഴിയും നമുക്കുണ്ടാകില്ല.
അഗ്നി പോലെയും പാറയെ തകർക്കുന്ന കൂടം പോലെയുമുള്ള’ ഈ വചനമാണു നാം പ്രസംഗിക്കേണ്ടത്. എന്നാൽ വചനം കേൾക്കേണ്ടവർ മുഴുവൻ അന്നത്തെപ്പോലെ തന്നെ ഇന്നും ‘കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരാണ്’. അതുകൊണ്ടു കർത്താവ് എസക്കിയേലിനോടു പറയുകയാണ്; “നിൻറെ മുഖം അവരുടെ മുഖങ്ങൾക്കെതിരെയും നിൻറെ നെറ്റി അവരുടെ നെറ്റികൾക്കെതിരെയും ഞാൻ കഠിനമാക്കിയിരിക്കുന്നു. തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിൻറെ നെറ്റി ഞാൻ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീ അവരെ ഭയപ്പെടേണ്ട. അവരുടെ നോട്ടത്തിൽ പരിഭ്രമിക്കുകയും വേണ്ട'( എസ. 2:8-9). സുവിശേഷം പ്രസംഗിക്കുന്നവർക്കു സുന്ദരമായ പാദങ്ങളോടൊപ്പം വജ്രക്കല്ലുപോലെ ഉറച്ചുനിൽക്കാനുള്ള ശക്തിയും കർത്താവു നൽകുന്നുണ്ട്. കാരണം അവരുടെ ദൗത്യം അത്ര എളുപ്പമുള്ളതല്ല. അതു ജനത്തിനു മുന്നറിയിപ്പു കൊടുക്കുക എന്നതായിരുന്നല്ലോ. ‘എൻറെ അധരങ്ങളിൽ നിന്നു വചനം കേൾക്കുമ്പോൾ നീ എൻറെ താക്കീത് അവരെ അറിയിക്കണം’ (എസക്കി. 2:17).
സങ്കീർത്തനം 119 മുഴുവൻ തന്നെ കർത്താവിൻറെ വചനത്തെക്കുറിച്ചാണ്. കർത്താവ് എത്ര നല്ലവനാണെന്നു രുചിച്ചറിഞ്ഞ സങ്കീർത്തകൻ പറയുന്നു. ‘ അങ്ങയുടെ വചനം എൻറെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ് ( സങ്കീ 119:105). അങ്ങയുടെ വചനം പാലിക്കാൻ വേണ്ടി ഞാൻ സകലദുർമാർഗങ്ങളിൽ നിന്നും എൻറെ പാദങ്ങൾ പിൻവലിക്കുന്നു ( സങ്കീ 119:101). അങ്ങേയ്‌ക്കെതിരെ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു ( സങ്കീ 119:11).
ഈ വചനമായിരിക്കണം നമ്മുടെ ഭക്ഷണവും ഔഷധവും. അന്നന്നുവേണ്ടിയുള്ള ആഹാരത്തിനായി നാം പ്രാർത്ഥിക്കുമ്പോൾ ഇതായിരിക്കണം നമ്മുടെ മനസ്സിൽ വരേണ്ടത്. ദൈവം ഒരിക്കലും നമുക്കതു നിഷേധിക്കില്ല. കാരണം ഒരിക്കലും ഇളകാത്ത തൻറെ വാക്കുകളാൽ അവിടുന്നു മുദ്രവച്ചു നൽകിയിരിക്കുന്ന വാഗ്ദാനമാണത്. ‘കർത്താവ് അരുളിച്ചെയ്യുന്നു; ഞാൻ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്. നിൻറെ മേലുള്ള എൻറെ ആത്മാവും , നിൻറെ അധരങ്ങളിൽ ഞാൻ നിക്ഷേപിച്ച വചനങ്ങളും , നിൻറെയോ നിൻറെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളിൽ നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കർത്താവാണ് ഇത് അരുളിചെയ്യുന്നത് ( ഏശയ്യാ 59:21).
എന്നാൽ ഒരിക്കൽ വചനത്തിനു ക്ഷാമമുള്ള നാളുകൾ വരികതന്നെ ചെയ്യുമെന്നും കർത്താവു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ‘ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ദേശത്തു ഞാൻ ക്ഷാമം അയയ്ക്കുന്ന നാളുകൾ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കർത്താവിൻറെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷമമായിരിക്കും അത് (ആമോസ് 8:11). കർത്താവിൻറെ വചനം തേടി ഉഴലുകയും കടൽ മുതൽ കടൽ വരെയും വടക്കുമുതൽ കിഴക്കുവരെയും അലഞ്ഞുനടക്കുകയും ചെയ്യുമെങ്കിലും അതു കണ്ടെത്താൻ കഴിയാത്ത ദിനങ്ങൾ വരുമെന്നതും കർത്താവിൻറെ ഇളക്കമില്ലാത്ത വചനം തന്നെ. വചനം കിട്ടാതെ സുന്ദരികളായ കന്യകകളും യുവാക്കളും ദാഹം കൊണ്ട് മൂർഛിച്ചുവീഴുന്ന ആ നാളുകൾ നമ്മുടെ പടിവാതിലക്കലെത്തിനിൽക്കുന്നു എന്ന് ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ് ഗ്രഹിക്കുക?
വചനത്തെക്കുറിച്ച് ഏറ്റവുമധികം അറിവുള്ളത് ഒരു പക്ഷേ സാത്താനായിരിക്കണം. അതുകൊണ്ടാണല്ലോ ദൈവപുത്രനായ ഈശോയെ അവൻ വചനം പറഞ്ഞു വീഴിക്കാൻ ശ്രമിച്ചത്. അതിന് ഈശോ വചനത്തിലൂടെ തന്നെയാണു മറുപടി കൊടുത്തതും. ഈശോ പറഞ്ഞ വചനങ്ങൾ മനുഷ്യരുടെ രക്ഷയ്ക്കു കാരണമായെന്നത് സത്യം. എന്നാൽ വചനത്തിലുള്ള ഒരുവൻറെ അറിവ് അവൻറെയോ മറ്റാരുടേയെങ്കിലുമോ രക്ഷയ്ക്കു കാരണമാകുന്നില്ല. ഹൃദയത്തിൽ സ്പർശിക്കാതെ ബുദ്ധിയുടെ തലത്തിൽ മാത്രം ദൈവികവചനം എടുത്ത് അമ്മാനമാടുന്ന അനേകം അഭ്യാസികളെ നാം ഈ നാളുകളിൽ കാണുന്നുണ്ട്. മണൽപ്പുറത്തു വീടുപണിയുന്ന ഭോഷന്മാരാണവർ. എൻറെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും ( മത്തായി 7:24) എന്നു പറഞ്ഞുകൊണ്ടു വചനാനുസൃതമായ ജീവിതം നയിക്കുന്നവർക്കുള്ള പ്രതിഫലത്തെക്കുറിച്ചും തിരുവചനം ഉറപ്പുതരുന്നുണ്ടല്ലോ.
വചനം ഫലം പുറപ്പെടുവിക്കണമെങ്കിൽ വിശ്വാസത്തോടെ വചനത്തെ സമീപിക്കണം. എത്രത്തോളം വിശ്വാസം വേണമെന്നതു ഒരു ചോദ്യമാണ്. അതിനു ഈശോ പറയുന്ന മറുപടി ഒരു കടുകുമണിയോളം വിശ്വാസമുണ്ടെകിൽ ഒരു മലയെ സ്വസ്ഥാനത്തുനിന്നു മാറ്റി മറ്റൊരു സ്ഥലത്തു സ്ഥാപിക്കാൻ കഴിയും എന്നാണ്.
ഈശോയോടുള്ള കഫർണാമിലെ രാജസേവകൻറെ അപേക്ഷ തൻറെ മകൻ മരിക്കും മുൻപുവന്ന് അവനെ സുഖപ്പെടുത്തണമേ എന്നായിരുന്നു. അതിനു മറുപടിയായി ഈശോ പറഞ്ഞത് ‘ പൊയ്‌ക്കൊള്ളുക, നിൻറെ മകൻ ജീവിക്കും’ എന്നായിരുന്നു. ഈശോ പറഞ്ഞ വചനം വിശ്വസിച്ച് അവൻ പോയി എന്നും ഈശോ വചനം ഉച്ചരിച്ച നിമിഷം തന്നെ അവൻറെ മകൻ സൗഖ്യം പ്രാപിച്ചു എന്നും നാം വായിക്കുന്നുണ്ട് ( യോഹ. 4:46-53).
ഈശോ പറഞ്ഞ വചനം ആ രാജസേവകനിലും അതുവഴി അവൻറെ മകനിലും വസിച്ച്, വചനത്തിൻറെ ദൗത്യം നിറവേറ്റുന്നതാണു നാം കാണുന്നത്. ഈശോയുടെ വചനങ്ങൾ നമ്മിൽ ഫലം പുറപ്പെടുവിക്കുന്നില്ലെങ്കിൽ അതിനു കാരണവും യോഹന്നാൻ പറയുന്നുണ്ട് . ‘ അവിടുന്ന് അയച്ചവനെ നിങ്ങൾ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളിൽ വസിക്കുന്നില്ല’ ( യോഹ. 5:38). തൻറെ ശിഷ്യരാകാനുള്ള യോഗ്യത എന്താണെന്ന് ഒരിക്കൽ കർത്താവു പറഞ്ഞുതരുന്നുണ്ടല്ലോ. ‘ എൻറെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എൻറെ ശിഷ്യരാണ് ( യോഹ. 8:31). നിത്യ മരണത്തിൽ നിന്നു രക്ഷിക്കുന്നതും നിത്യജീവൻ നൽകുന്നതും വചനം തന്നെ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ആരെങ്കിലും എൻറെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല ( യോഹ 8:51).
കർത്താവിനെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നു തിരിച്ചറിയാനുള്ള വഴിയും വചനം തന്നെയാണ്. എന്നെ സ്നേഹിക്കുന്നവൻ എൻറെ വചനം പാലിക്കും ( യോഹ 14:23). നമ്മെ ശുദ്ധീകരിക്കുന്നതും വചനം തന്നെയാണ്. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു ( യോഹ 15:3). വചനം നമ്മിൽ മാംസം ധരിക്കണമെങ്കിൽ എന്തു ചെയ്യണമെന്നും ഈശോ പറഞ്ഞുതരുന്നുണ്ട്. നിങ്ങൾ എന്നിൽ വസിക്കുകയും എൻറെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ചോദിച്ചുകൊള്ളുക. നിങ്ങൾക്കു ലഭിക്കും ( യോഹ.15:7). ഈശോ നമുക്കു തന്നിട്ടുപോയത് ഒരു ബ്ലാങ്ക് ചെക്കാണ്. നമുക്കിഷ്ടമുള്ള തുക അതിൽ എഴുതി പിതാവിൻറെ ബാങ്കിൽ കൊണ്ടുപോയി കൊടുത്താൽ മതി. ഇടം വലം തിരിയാതെ വചനം പാലിക്കുന്നവർക്കു മാത്രമുള്ള വാഗ്ദാനമാണിത്. അവർ എന്തു ചോദിച്ചാലും സ്വർഗം അത് അനുവദിച്ചുതരുകതന്നെ ചെയ്യും.
വചനം പാലിക്കുന്നവർ ആരൊക്കെയാണെന്ന് ഈശോ ഒരിക്കൽ വ്യക്തമാക്കുന്നുണ്ട്. ‘ലോകത്തിൽ നിന്ന് അവിടുന്ന് എനിക്കു നൽകിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങയുടേതായിരുന്നു. അങ്ങ് അവരെ എനിക്കു നൽകി. അവർ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു.( യോഹ. 17:6). പിതാവിനു സ്വന്തമായവരെ അവിടുന്നു പുത്രന് ഏല്പിച്ചുകൊടുക്കുന്നു. പുത്രൻ അവർക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്നു. അവർ ദൈവവചനം പാലിക്കുകയുംചെയ്യുന്നു എന്നതാണ് ഇതിൻറെ സാരം. എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എൻറെ അടുക്കലേക്കു വരാൻ സാധിക്കുകയില്ല’ ( യോഹ. 6:44) എന്നതിൻറെ അർത്ഥവും ഇതുതന്നെയാണ്. അതായത്, വിശ്വാസവും വചനത്തോടുളള ഇഷ്ടവും എല്ലാം ദൈവകൃപയാണ്.
ഈശോ നമുക്കു നൽകിയ വചനം അവിടുത്തെ സ്വന്തം വചനമല്ല, മറിച്ചു പിതാവ് അവിടുത്തെ ഏല്പിച്ച വചനമാണ്. അവിടുത്തെ വചനം അവർക്കു ഞാൻ നല്കിയിരിക്കുന്നു ( യോഹ 17:14) എന്നാണല്ലോ ശിഷ്യന്മാർക്കുവേണ്ടിയുള്ള പ്രാർത്ഥനാവേളയിൽ ഈശോ പിതാവിനോടു പറയുന്നത്. വചനം നൽകിയതിൻറെ അനന്തരഫലവും ഈശോ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ലോകം അവരെ ദ്വേഷിച്ചു ( യോഹ. 17:14).
വചനത്തിൽ നിലനിൽക്കുന്നവരെ അന്നും ഇന്നും ലോകം ദ്വേഷിക്കും. കാരണം വചനം ലോകത്തിൽ നിന്നുള്ളതല്ലാത്തതുപോലെ തന്നെ വചനം അനുസരിക്കുന്നവരും ലോകത്തിൽ നിന്നുള്ളവരല്ല . സ്വന്തമല്ലാത്തതിനെ സ്നേഹിക്കാൻ ലോകത്തിന് – ലൗകികമനുഷ്യർക്കും – ഒരിക്കലും സാധിക്കുകയില്ലല്ലോ. അവർക്കു വചനം ഭോഷത്തമായേ തോന്നുകയുള്ളൂ. എന്നാൽ ആത്മീയമനുഷ്യർ വചനത്തെക്കുറിച്ച് ഒരിക്കലും ലജ്ജിക്കുകയില്ല. കാരണം വചനം രക്ഷയിലേക്കുള്ള ഏകവഴിയാണെന്ന് അവർക്കറിയാം. ആ ബോധ്യത്തിൽ നിന്നാണു പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നത്: ‘സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. എന്തെന്നാൽ വിശ്വസിക്കുന്ന ഏവർക്കും, ആദ്യം യഹൂദർക്കും പിന്നീട് ഗ്രീക്കുകാർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്’ (റോമാ 1:16). ക്രിസ്തുവിൻറെ വചനം എന്നതു കുരിശിൻറെ വചനം തന്നെയാണ്. കാരണം ആദിമുതലുള്ള തിരുവചനങ്ങളുടെ പൂർത്തീകരണമായിരുന്നു കാൽവരിയിൽ നാട്ടപ്പെട്ട കർത്താവിൻറെ കുരിശ്. ഇനിയങ്ങോട്ടുള്ള കാലം സകലമനുഷ്യർക്കും രക്ഷയുടെ അടയാളമായി നിലകൊള്ളേണ്ടതും കുരിശിലെ ബലി തന്നെ. അതുകൊണ്ട് കർത്താവിൻറെ വചനത്തെ കുരിശിൽ നിന്നു വേർപെടുത്തുക സാധ്യമല്ല. പൗലോസ് ശ്ലീഹാ കൊറിന്തോസുകാരെ ഉദ്ബോധിപ്പിക്കുന്നു; ‘നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിൻറെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിൻറെ ശക്തിയത്രേ (1 കൊറി 1:18).
ഇതു മനസിലാക്കിയ അപ്പസ്തോലൻ ഒരു തീരുമാനമെടുക്കുകയാണ്. ഇനിയുള്ള ജീവിതം ക്രിസ്തുവിനുവേണ്ടി മാത്രം. ഇനി പഠിക്കുന്നതു ക്രിസ്തുവിൻറെ വചനം മാത്രം. ഇനി പ്രസംഗിക്കുന്നതു ക്രിസ്തുവിൻറെ വചനം മാത്രം. നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു (1 കൊറി 2:2). അങ്ങനെ ഒരുറച്ച തീരുമാനമെടുത്താൽ നമുക്കും പൗലോസിനോടൊപ്പം ഇപ്രകാരം പറയാൻ കഴിയും. ‘എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്’ (ഫിലി.1:21).
എന്നാൽ ദൈവവചനത്തിൻറെ പൊരുൾ എല്ലാവർക്കും മുൻപിൽ തുറന്നുകിട്ടണമെന്നില്ല. നാശത്തിലേക്കു പോകുന്നവരുടെ മുൻപിൽ സുവിശേഷവും സുവിശേഷം നൽകുന്ന രക്ഷയുടെ സന്ദേശവും എക്കാലവും നിഗൂഢമായിതന്നെയിരിക്കും. അവർക്ക് ഒരിക്കലും അതു സ്വീകരിക്കാൻ കഴിയില്ല. അഥവാ സ്വീകരിച്ചാലും ബുദ്ധിയുടെ തലത്തിനപ്പുറത്തേക്കു പോകാൻ അനുവദിക്കാത്ത തരത്തിൽ ഈ ലോകത്തിൻറെ ദേവൻ അവരുടെ മനസുകളെ അന്ധമാക്കിയിരിക്കുകയാണ്. ‘ സുവിശേഷം നിഗൂഡമായിരിക്കുന്നെങ്കിൽ അതു നാശത്തിലേക്കു പോകുന്നവർക്കു മാത്രമാണ്’ എന്നു പറഞ്ഞുകൊണ്ട് അപ്പസ്തോലനും ഇക്കാര്യം ഓർമിപ്പിക്കുന്നുണ്ട്.
വചനത്തിൻറെ ചുരുൾ തുറന്നുകിട്ടാനും വചനത്തിൻറെ അഭിഷേകം ലഭിക്കാനുമായി നമുക്കു പ്രാർത്ഥിക്കാം. സങ്കീർത്തകനെപ്പോലെ നമുക്കും പറയാം. ‘ അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാൻ വേണ്ടി രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരിക്കുന്നു’ ( സങ്കീ 119:148).