കർത്താവ് അന്ധകാരം വരുത്തുന്നതിന് മുൻപ്….

‘ കർത്താവ് അന്ധകാരം വരുത്തുന്നതിന് മുൻപ്, നിങ്ങളുടെ കാൽപാദങ്ങൾ ഇരുൾ നിറഞ്ഞ മലകളിൽ ഇടറുന്നതിനു മുൻപ്, നിങ്ങളുടെ ദൈവമായ കർത്താവിനു  മഹത്വം നൽകുവിൻ’ ( ജെറ. 13:16)

ജെറമിയ പ്രവാചകനിലൂടെ    ഈ മുന്നറിയിപ്പ് നൽകിയിട്ട്  രണ്ടര സഹസ്രാബ്ദം  കഴിഞ്ഞിട്ടും കർത്താവിനു മഹത്വം നല്കാൻ  വിസമ്മതിക്കുന്ന ഒരു തലമുറയ്ക്കായി  ഈശോ  നൽകിയ സന്ദേശങ്ങളെക്കുറിച്ചാണ്   ഈ ലേഖനം.

 സിസ്റ്റർ നതാലിയ.  ഹംഗറിയിലെ ഈ സാധു കന്യാസ്ത്രീയിലൂടെ   ഈശോ  ലോകത്തിനു വെളിപ്പെടുത്തിത്തന്ന  കാര്യങ്ങൾ  അനവധിയാണ്. പ്രായശ്ചിത്ത-പരിഹാര പ്രവൃത്തികൾ ചെയ്യാൻ തയ്യാറുള്ള  ആരുമില്ലെങ്കിൽ  വരാനിരിക്കുന്ന വർഷങ്ങൾ ഭീകരദുരന്തങ്ങളുടേതായിരിക്കും എന്നു   രണ്ടാം ലോകമഹായുദ്ധത്തിനു  വർഷങ്ങൾ   മുൻപുതന്നെ    ഈശോ  നതാലിയയ്ക്കു  വെളിപ്പെടുത്തിക്കൊടുത്തു.  ഭൂലോകത്തിൻറെ വിജയരാജ്ഞിയായി  പരിശുദ്ധ അമ്മയെ സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണം എന്ന ഈശോയുടെ  ആഗ്രഹവും  സി. നതാലിയയിലൂടെയാണു  വെളിപ്പെടുത്തപ്പെട്ടത്.  മറ്റേതൊരു ദർശകയെയും പോലെ തന്നെ തനിയ്ക്കു കിട്ടുന്ന സന്ദേശങ്ങൾ  സ്വർഗത്തിൽ നിന്നു  തന്നെയാണോ വരുന്നതെന്നു  നതാലിയയ്ക്കും  സംശയമുണ്ടായിരുന്നു.  അതിന്  ഒരു സ്ഥിരീകരണമെന്നോണം  ഈശോ ഒരു  അത്ഭുതം പ്രവർത്തിക്കുകയുണ്ടായി.

രണ്ടാം ലോകമഹായുദ്ധ കാലത്തു  പിയൂസ് പന്ത്രണ്ടാമൻ പാപ്പയോടു  വേനൽക്കാല വസതിയായ  Castle Gandolfo യിലേക്കു  താമസം  മാറ്റരുതെന്നും  മാറ്റിയാൽ അപകടം സംഭവിക്കുമെന്നും  നതാലിയയിലൂടെ ഈശോ വെളിപ്പെടുത്തിക്കൊടുത്തു.  അതനുസരിച്ച്, പാപ്പാ വത്തിക്കാനിൽ തന്നെ തുടർന്നും താമസിച്ചു. ആ വേനൽക്കാലത്ത്  Castle Gandolfo യിൽ ബോംബ് വീഴുകയും ചെയ്തു!

തനിക്കായി  പ്രത്യേകമാം  വിധം സമർപ്പിക്കപ്പെട്ട വൈദികരെയും കന്യാസ്ത്രീകളെയും കുറിച്ച് ഈശോ അനേകകാര്യങ്ങൾ  നതാലിയയ്ക്കു  വെളിപ്പെടുത്തിക്കൊടുത്തു.   എൺപതുവർഷങ്ങൾക്കിപ്പുറം ആ സന്ദേശങ്ങളുടെ പ്രസക്തി പതിന്മടങ്ങു വർധിച്ചിരിക്കുന്നു എന്നു  നാം അറിയുന്നു. ക്രിസ്തു  കാണിച്ചു തന്ന  ഇടുങ്ങിയ വഴി ഉപേക്ഷിച്ച്, ലോകം വാഗ്ദാനം ചെയ്യുന്ന വിശാലമായ വഴിയിലൂടെ  അനേകം വൈദികരും സമർപ്പിതരും അലസഗമനം നടത്തുമ്പോൾ ഈശോ നതാലിയയിലൂടെ  പറഞ്ഞ കാര്യങ്ങൾ  അവർക്കും നമുക്കും ഒരു ഓർമ്മപ്പെടുത്തലാണ്.

ഒരു ലോകയുദ്ധം ഉടനെ ഉണ്ടാകുമെന്നോ ഉണ്ടായാൽ  തന്നെ അതു തങ്ങളുടെ രാജ്യമായ ഹംഗറിയെ ബാധിക്കുമെന്നോ  ആരും   ചിന്തിക്കാതിരുന്ന സമയത്താണ് ഈശോ  ഇങ്ങനെ  പറഞ്ഞത്; “സഭയുടെ സ്വത്ത് ദരിദ്രക്കു വീതിച്ചുകൊടുക്കുക. സഭ പടുത്തുയർത്തിയ മഹാസൗധങ്ങൾ ഉപേക്ഷിക്കുക. പ്രായശ്ചിത്ത – പരിഹാര പ്രവൃത്തികളിലേക്കു തിരിയുക. നിങ്ങൾ അതു  ചെയ്യുന്നില്ലെങ്കിൽ ദൈവഹിതം  നിറവേറ്റപ്പെടുന്നതിനായി ബലം പ്രയോഗിക്കപ്പെടും”. സി. നതാലിയ  ഇതു  പറഞ്ഞപ്പോൾ സഭാധികാരികൾക്കു തോന്നിയത്  അത് ഒരു   പാവം കന്യാസ്ത്രീയുടെ മാനസിക വിഭ്രാന്തിയെന്നോ വിഡ്ഢിത്തമെന്നോ ഒക്കെയാണ്. എന്നാൽ അധികാരികളിൽ ഒരു ചെറിയ വിഭാഗം അതു  ഗൗരവമായെടുത്തു  പ്രായശ്ചിത്ത-പരിഹാര പ്രാർത്ഥനകൾ തുടങ്ങാൻ തീരുമാനമെടുത്തെങ്കിലും അപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. അതിഭീകരമായ  യുദ്ധത്തിൻറെ  കെടുതികൾ   ഹംഗറി അനുഭവിക്കുകതന്നെ ചെയ്തു.  എന്നു  മാത്രമല്ല, തുടർന്ന് അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റു ഭരണകൂടം  മതസ്വാതന്ത്ര്യം  നിഷേധിക്കുകയും  സഭയുടെ സ്വത്തുവകൾ കണ്ടുകെട്ടുകയും  പുരോഹിതന്മാരെ  കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക്  അയയ്ക്കുകയും ചെയ്തു.     ജെറമിയയുടെ മുന്നറിയിപ്പു ശ്രവിക്കാതെ മറുതലിച്ച ഇസ്രായേൽക്കാർ  എഴുപതുവർഷം  ബാബിലോണിൽ ദാസ്യവേല ചെയ്തതുപോലെ തന്നെ ഹംഗറിയിലെ പുരോഹിതരും  കമ്മ്യൂണിസ്റ്റുകാരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ പ്രായശ്ചിത്തവും പരിഹാരവും അനുഷ്ഠിക്കാൻ നിർബന്ധിതരായി.

വൈദികരുടെ പാപം ലോകത്തിനു  വരുത്തുന്ന വിനകൾ വിവരണാതീതവും  ഘോരവുമാണെന്ന് ഈശോ നതാലിയയ്ക്കു  വെളിപ്പെടുത്തിക്കൊടുത്തു.  വൈദികരുടെ പാപത്തിനു പരിഹാരം  ചെയ്യാൻ  സ്വയം ഒരു ബലിവസ്തുവായിത്തീരാനായിരുന്നു  നതാലിയയുടെ വിളി. അതിൽ അത്ഭുതപ്പെടാനില്ല. മുപ്പത്തിമൂന്നാം വയസിൽ മരണത്തോടടുത്തപ്പോൾ  നതാലിയ ചിന്തിച്ചത് ഈശോ മരിച്ച അതേ  പ്രായത്തിൽ തന്നെ മരിക്കുന്നതു  വലിയ ഭാഗ്യമാണെന്നായിരുന്നു. എന്നാൽ  ജീവിതം നീട്ടിക്കിട്ടുകയാണെങ്കിൽ അനേകർക്കുവേണ്ടി പ്രായശ്ചിത്ത-പരിഹാര പ്രവൃത്തികൾ ചെയ്യാൻ കഴിയും എന്നതിനാൽ അവളുടെ ആഗ്രഹമനുസരിച്ചുതന്നെ ഈശോ  തുടർന്നും അനേക വർഷങ്ങൾ ജീവിക്കാൻ അവളെ അനുവദിക്കുകയാണു  ചെയ്തത്.

പരിത്യാഗപ്രവൃത്തികളുടെ അഭാവം മൂലം  പുരോഹിതരുടെ  ആത്മാവ് കൂടുതൽ കൂടുതലായി പാപത്തിൻറെ ആഴങ്ങളിലേക്കു   നിപതിക്കുന്നതായി ഈശോ  കാണിച്ചുകൊടുത്തു. ആത്മപരിത്യാഗത്തിൻറെ  ചൈതന്യം  കുറയുന്നതനുസരിച്ചു  വൈദികർ അലസതയിലേക്കും അവിടെനിന്ന്  ആത്മീയകാര്യങ്ങളിലുള്ള അശ്രദ്ധയിലേക്കും തുടർന്നു  ലോകകാര്യങ്ങളിലേക്കും ജഡത്തിൻറെ പ്രലോഭനങ്ങളിലക്കും വഴുതിവീഴും എന്ന് ഈശോ പറഞ്ഞു. അടുത്ത പടിയായി അവർ  പരിശുദ്ധകുർബാനയിലുള്ള ഈശോയുടെ   യഥാർത്ഥ സാന്നിധ്യത്തെ സംശയിക്കുകയും  പതുക്കെപ്പതുക്കെ  അവരുടെ  കാൽപാദങ്ങൾ നിത്യനാശത്തിൻറെ  ഇരുൾ  നിറഞ്ഞ  വഴിയിലൂടെ  ഇടറി നീങ്ങുകയും ചെയ്യുന്നു!

പാപാവസ്ഥയിലുള്ള ഒരു വൈദികൻ  തിരുവോസ്തി കൈകളിലെടുത്തു  കൂദാശാവചനങ്ങൾ  ഉച്ചരിക്കുമ്പോളും ആ  പുരോഹിതൻ  ഈശോയുടെ  തിരുശരീരത്തെ  സ്പർശിക്കുമ്പോഴും ഉൾക്കൊള്ളുമ്പോഴും താൻ  അതികഠിനമായ വേദന സഹിക്കുന്നു എന്നു  ഈശോ  നതാലിയയ്ക്ക്  വെളിപ്പെടുത്തിക്കൊടുത്തു. അർഹതയില്ലാത്ത പലർക്കും പൗരോഹിത്യശുശ്രൂഷ നൽകപ്പെടുന്നു എന്നതു തനിക്കു വേദനയുളവാക്കുന്നു എന്നും  ഈശോ പറഞ്ഞു.

പുരോഹിതന്മാരെപ്പോലെ തന്നെ കന്യാസ്ത്രീകളുടെ ഇടയിലും  പാപത്തിൽ ജീവിക്കുന്നവരുണ്ട് എന്നും  മാനസാന്തരപ്പെടുന്നില്ലെങ്കിൽ  അവർ തങ്ങളുടെ നിത്യത ഭയാനകമായ  ദുരിതത്തിൽ    കഴിയേണ്ടിവരും എന്നും  ഈശോ   മുന്നറിയിപ്പു   നൽകുന്നുണ്ട്. വിശുദ്ധരായ വൈദികർ നിർമല മനസാക്ഷിയോടെ അർപ്പിക്കുന്ന ബലികളിൽ താൻ എത്രയധികം  സംപ്രീതനാണെന്നും അവിടുന്നു  നതാലിയയ്ക്കു കാണിച്ചുകൊടുത്തു.

സഹനങ്ങളെ  സ്നേഹിക്കുന്ന വൈദികർ വളരെ  വിരളമാണെന്നത് ഈശോയ്ക്കു  വേദനയുണ്ടാക്കുന്ന വസ്തുതയാണ്. തങ്ങൾക്കുവേണ്ടിയും  തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൈവജനത്തിനുവേണ്ടിയും  കുരിശുവഹിക്കാനുള്ള കൃപയ്ക്കുവേണ്ടി വൈദികർ  തന്നോടു  പ്രാർത്ഥിക്കണം എന്നതാണ് ഈശോയുടെ ആഗ്രഹം. ഇങ്ങനെ തന്നെ സ്നേഹിക്കുന്ന വൈദികരെ താൻ  സഹനത്തിൻറെ കാൽവരി മലയിലേക്കു മാത്രമല്ല  അതിനുശേഷം മഹത്വത്തിൻറെ  താബോർ മലയിലേക്കും കൊണ്ടുപോകും  എന്നു  ദിവ്യനാഥൻ   അരുളിച്ചെയ്തു.

അനേകം പുരോഹിതർ ലോകമോഹങ്ങൾ കൊണ്ടും സ്വയംസ്‌നേഹം കൊണ്ടും തങ്ങളുടെ  ആത്മാക്കളെ  നിറച്ചിരിക്കുന്നതിനാൽ  തനിക്കുവേണ്ടി അവിടെ ഒരിടവും  അവശേഷിച്ചിട്ടില്ല എന്ന് ഈശോ വിലപിക്കുന്നു. ജെറുസലേം ദൈവാലയത്തിൽ ചെയ്തതുപോലെ ഒരു ചാട്ട ഉണ്ടാക്കി അതുകൊണ്ട് ആദ്യം തൻറെ  പുരോഹിതരിലും അതിനുശേഷം  വിശ്വാസികളിലും ഉള്ള പാപത്തിൻറെ  ഇരുണ്ട മേഘങ്ങളെ   അടിച്ചുപുറത്താക്കാൻ താൻ  ആഗ്രഹിക്കുന്നു എന്ന് ഈശോ പറഞ്ഞു.

നതാലിയയുടെ കുമ്പസാരക്കാരനായ വൈദികനു  നൽകാനായി  ഈശോ  കൊടുത്ത   സന്ദേശത്തിൽ ഇപ്രകാരം കാണുന്നു.’ എൻറെ പ്രിയപ്പെട്ട മകനേ, എഴുന്നേറ്റ്  എൻറെ പുത്രരെ തേടിപ്പോയി അവരെ രക്ഷിക്കുവിൻ. നീ ചെന്നു  വഴിതെറ്റി നടക്കുന്ന വൈദികരെ എൻറെ ആട്ടിൻകൂട്ടത്തിലേക്കു  തിരിച്ചുകൊണ്ടുവരിക.  ഞാൻ നിന്നെ അയയ്ക്കുന്നതു  പഠിക്കാനോ പഠിപ്പിക്കാനോ  അല്ല, മറിച്ച് മാനസാന്തരത്തിൻറെ  അപ്പസ്തോലനായിരിക്കാനാണ്.”

” ഓ എൻറെ പുരോഹിതരേ!  സഭകളെ വിശുദ്ധീകരിക്കുവിൻ. അങ്ങനെയെങ്കിൽ എനിക്ക് അവയെ   പരിത്യജിക്കേണ്ടി വരികയില്ല.  ജീവൻറെ പ്രകാശം കെടുത്തിക്കളയുന്ന  ദേശത്തിനു ദുരിതം. എന്നാൽ ലോകത്തെ ശിക്ഷിക്കാൻ  ഞാൻ നിർബന്ധിതനാകുന്നതിനു കാരണമാകുന്ന പുരോഹിതർക്ക് എത്രയോ കൂടുതൽ ദുരിതം! എന്നെ തീർത്തും  അവഗണിച്ച്, മണിമന്ദിരങ്ങളിൽ വസിക്കുന്ന സഭാധികാരികൾക്കു ദുരിതം”. 

അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു സക്രാരി കാണിച്ചുകൊടുത്തുകൊണ്ട് ഈശോ  ചോദിക്കുകയാണ്.  ” എൻറെ പുരോഹിതാ. എൻറെ പുരോഹിതാ, നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു!” തൻറെ തിരുമുറിവിലേക്കു  പുരോഹിതരെ ചേർത്തുവച്ചുകൊണ്ട്  ഈശോ പറയുകയാണ് . ” എൻറെ മകനേ, ഈ മുറിവിലേക്കു  നിന്നെത്തന്നെ താഴ്ത്തുക. ഞാൻ നിനക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന  കുരിശു  വഹിക്കാൻ വേണ്ട  ശക്തി അതിൽ നിന്ന് ആർജ്ജിക്കുകയും ചെയ്യുക”.

സ്നേഹത്താൽ സ്വയം  ശുദ്ധീകരിക്കപ്പെടാത്ത  ഒരാത്മാവിൻറെ നന്മ പ്രവർത്തികൾക്കു    ദൈവസന്നിധിയിൽ വലിയ മൂല്യമൊന്നും  ഉണ്ടാകില്ല എന്നും ഈശോ പറയുന്നു. താൻ  ഭൂമിയിലായിരുന്നപ്പോൾ  സഹനങ്ങൾ ഏറ്റുവാങ്ങാനുള്ള  ശക്തി സംഭരിച്ചതു   പ്രാർത്ഥനയും   ഉപവാസവും പരിത്യാഗപ്രവൃത്തികളും  കൊണ്ടായിരുന്നുവെന്നും  അങ്ങനെയാണു   മരിച്ചവരെ  ഉയിർപ്പിക്കാനും പിശാചുക്കളെ ബഹിഷ്കരിക്കാനുമുള്ള ശക്തി താൻ  നേടിയെടുത്തതെന്നും പറഞ്ഞതിനുശേഷം ഈശോ    പറയുകയാണ്. ” ത്യാഗങ്ങൾ അനുഷ്ഠിക്കാൻ  കഴിവുള്ള എല്ലാ പുരോഹിതരെയും  ഒന്നിച്ചുകൂട്ടുക”.

ഈശോ പുരോഹിതരെ ഓർമ്മിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം അവർ തങ്ങളുടെ  നാവുകളെ   നിയന്ത്രിക്കണം എന്നതാണ്. തങ്ങളുടെ നാവുകളും വികാരങ്ങളും ഈശോയ്ക്കു വേണ്ടി  ബലിയായി  സമർപ്പിക്കാൻ  തയ്യാറാകാത്ത സമർപ്പിതരിൽ അവശേഷിച്ചിട്ടുള്ള  സ്നേഹനാളം പോലും   അതിവേഗം  കെട്ടുപോകും  എന്ന് ഈശോ പറയുന്നു. നാവുകൊണ്ടുള്ള പാപങ്ങളെക്കുറിച്ചു  വൈദികർ പ്രസംഗിക്കണമെന്നും  നാവിനെ നിയന്ത്രിക്കാത്ത വ്യക്തികളിൽ നിന്നും, അവരുടെ മറ്റു നന്മപ്രവൃത്തികളിൽ നിന്നും താൻ മുഖംതിരിക്കുമെന്നും ഈശോ  ശക്തമായ ഭാഷയിൽ താക്കീതു  നൽകുന്നുണ്ട്. ‘എനിക്കു പ്രതിഷ്ഠിതരായ ഓ ആത്മാക്കളേ, നിങ്ങളുടെ നാവ് വാളിനേക്കാളും  മൂർച്ചയേറിയതാണ്. അതുകൊണ്ട് എനിക്കേൽക്കുന്ന  ഓരോ ആഘാതവും  എന്നെ ഒരു വടി കൊണ്ട് അടിച്ചാൽ എന്നതിനേക്കാൾ വേദനാജനകമാണ് എന്നു പറയുന്ന ഈശോയുടെ വേദന വൈദികരും  സമർപ്പിതരും  അതോടൊപ്പം നാമോരോരുത്തരും മനസിലാക്കണം.

മറ്റൊരവസരത്തിൽ ഈശോ നതാലിയയോടു  പറഞ്ഞത് ഇങ്ങനെയാണ്. “എനിക്കു  പ്രതിഷ്ഠിതരായ  ആത്മാക്കൾ   മൗനവ്രതം  കർശനമായി പാലിക്കണമെന്നു  ഞാൻ ആവശ്യപ്പെടുന്നു. കാരണം  ആ വിധത്തിൽ മാത്രമേ  അവരിൽ നിന്നു പാപം അകലുകയും പുണ്യം അവരിലേക്ക് അടുക്കുകയും ചെയ്യുകയുള്ളൂ”. എന്തെങ്കിലും ചെയ്യാൻ  തങ്ങൾക്കു കഴിയുന്ന നാളുകളിൽ തന്നെ പരിഹാര- പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യാൻ ഈശോ  വൈദികരെയും സമർപ്പിതരെയും  ആഹ്വാനം ചെയ്യുന്നു.  “സമയം  അനുവദിക്കുന്ന ഇപ്പോൾ, പ്രകാശം നിങ്ങളോടൊപ്പമുള്ള ഈ നാളുകളിൽ, നിങ്ങൾ സംസാരിക്കുകയും എഴുതുകയും പ്രയത്നിക്കുകയും ചെയ്യുക.  കാരണം  പ്രകാശം എടുത്തുമാറ്റപ്പെട്ടാൽ നിങ്ങളെ കാത്തിരിക്കുന്നത് നിത്യതമസ്സായിരിക്കും.  അപ്പോൾ വിലാപവും പല്ലുകടിയും ഉണ്ടാകും’. ഈശോയുടെ ഈ മുന്നറിയിപ്പിനെക്കുറിച്ചു  ധ്യാനിക്കേണ്ട നാളുകളിലാണല്ലോ നാം ജീവിക്കുന്നത്.

ഇത്രയൊക്കെ മുന്നറിയിപ്പുകൾ നൽകിയിട്ടും ഹംഗറിയിലെ  സഭാധികാരികളിലെ  പ്രബലവിഭാഗം  പ്രായശ്ചിത്ത- പരിഹാരപ്രാർത്ഥനകളുടെയും  പരിത്യാഗപ്രവൃത്തികളുടെയും അടിയന്തരപ്രാധാന്യം മനസിലാക്കിയില്ല. ഇനിയും അനേകവർഷങ്ങൾ  ശേഷിച്ചിട്ടുണ്ടല്ലോ, ഇക്കാര്യങ്ങളൊക്കെ അപ്പോൾ ആലോചിച്ചാൽ മതിയല്ലോ എന്നായിരുന്ന അവരുടെ ചിന്ത. എന്നുമല്ല ഈ  സന്ദേശങ്ങൾ നൽകിയ നതാലിയയെ  ഒരു മാനസികരോഗാശുപത്രിയിൽ കൊണ്ടുചെന്നു ചികിൽസിപ്പിക്കാനും അവർ ആലോചിച്ചിരുന്നു എന്നറിയുമ്പോൾ   കർത്താവിൻറെ വചനം വെള്ളം ചേർക്കാതെ  പ്രസംഗിക്കുന്ന ദൈവദാസന്മാർക്ക് അന്നും ഇന്നും എന്നും  കിട്ടുന്ന വിളിപ്പേരു  ഭ്രാന്തൻ എന്നാണെന്ന് ഓർക്കുക. പ്രായശ്ചിത്ത പ്രവൃത്തികൾക്ക് ഇനിയും സമയം അവശേഷിച്ചിട്ടുണ്ടല്ലോ  എന്നു   സ്വയം ആശ്വസിച്ച സഭാധികാരികളോട് ഈശോ പറയുകയാണ്; ”  ധാന്യം വിളഞ്ഞുനിൽക്കുമ്പോൾ കൊയ്ത്തു  താമസിപ്പിക്കാനാകുമോ?”

പരിഹാരാനുഷ്ടാനങ്ങൾ ആരംഭിക്കാൻ  കാലതാമസം വരുത്തുന്ന  സഭാധികാരികൾക്ക്   അതുമൂലം നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളുടെ  ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ  സാധിക്കുകയില്ല  എന്ന് ഈശോ നതാലിയയിലൂടെ   ശക്തമായ മുന്നറിയിപ്പ്  നല്കുന്നുമുണ്ട്. 

ഒരു ദർശനത്തിൽ  പാപത്തിൽ നിന്നു  ലോകം ശുദ്ധീകരിക്കപ്പെടുന്ന ഒരു പ്രക്രിയ സി. നതാലിയ കണ്ടു.  എന്നാൽ ആ പ്രക്രിയയുടെ  വേഗതയും  ഫലപ്രാപ്തിയും  പുരോഹിതരുടെ ഭക്തിതീക്ഷ്ണതയെ  ആശ്രയിച്ചിരുന്നു എന്നും അവർക്കു വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടു. തൻറെ പുരോഹിതർ സത്യത്തിൻറെ വെളിച്ചത്തിൽ ലോകത്തെ ദർശിച്ചിരുന്നുവെങ്കിൽ നീതിമാന്മാരുടെ  പരിഹാരാനുഷ്ടാനങ്ങൾ മുഖാന്തിരം  മാത്രമാണു   ദൈവം  ഈ ലോകത്തെ നിലനിൽക്കാൻ  അനുവദിക്കുന്നതെന്ന്  അവർ മനസിലാക്കുമായിരുന്നു എന്നും ഈശോ  പറയുന്നു.

” എൻറെ പുരോഹിതരേ, എൻറെ അഭിലാഷം ഒന്നു  മാത്രമാണ്; പാപികൾ മനസാന്തരപ്പെടുക, അവർ പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യുക, എന്നെ സ്നേഹിക്കുകയും ചെയ്യുക”. എന്നു പറഞ്ഞ  ദിവ്യനാഥൻറെ  വാക്കുകൾ ഹൃദയത്തിൽ ഏറ്റെടുത്ത നതാലിയ പറയുകയാണ്; “പാപത്തിൽ കഴിയുന്ന പുരോഹിതർക്കുവേണ്ടി ഞാൻ എൻറെ ജീവിതത്തെ  ഒരായിരം തവണ  ബലിയായി അർപ്പിക്കുമായിരുന്നു”.

വളരെ രൂക്ഷമായ ഭാഷയിൽ വൈദികരെയും സമർപ്പിതരെയും വിമർശിച്ച ഈശോ അതേസമയം തന്നെ  നിത്യപിതാവിൻറെ മുൻപിൽ ആ പുരോഹിതർക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നതും   നതാലിയയ്ക്കു കാണിച്ചുകൊടുത്തു.  അപ്പോൾ ഈശോ പിതാവായ ദൈവത്തോടു  പറഞ്ഞതായി നതാലിയ കേട്ട  വാക്കുകൾ  നമുക്ക് ഏറെ പരിചയമുള്ള സുവിശേഷവചനങ്ങളാണ്.  “പിതാവേ, അവരോടു ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല”. ഈശോയുടെ ഈ സ്നേഹം  തിരിച്ചറിയുന്ന  ഏതു  വൈദികനാണ് എന്നിട്ടും പാപത്തിൽ  തന്നെ തുടരാൻ  സാധിക്കുക?

ഒരു ദർശനത്തിൽ ചില സഭാധികാരികൾ   ഈശോയെ കയറു കൊണ്ടു   ബന്ധിച്ചിരിക്കുന്നതായി   കാണിച്ചുകൊടുത്തുകൊണ്ട് ഈശോ നതാലിയയോട് പറഞ്ഞു: ‘  എൻറെ വഴിയിൽ  നിന്ന് ഈ അധികാരികളെ ഞാൻ നീക്കം ചെയ്യും………. ഞാൻ ഇച്ഛിക്കുന്നത് ഞാൻ നേടിയെടുക്കും.  അവരിലൂടെ അല്ലെങ്കിൽ  മറ്റുള്ളവരിലൂടെ!”

നീതിമാന്മാരുടെ പ്രാർത്ഥനകളിലൂടെയും പരിത്യാഗപ്രവർത്തികളിലൂടെയും  ഒരു രാജ്യത്തിൻറെയോ   ദേശത്തിൻറെയോ മേൽ കൃപ വർഷിക്കാൻ   ദൈവം തയ്യാറാകുമ്പോൾ  ആ നീതിമാന്മാരെ  പരിഹസിക്കുകയും  നിന്ദിക്കുകയും ചെയ്യുന്ന അധർമ്മികൾ മൂലം   ദൈവം ഉദ്ദേശിച്ച കൃപകൾ  അയയ്ക്കാൻ കഴിയാതെ പോകുന്നു എന്നും ഈശോ വെളിപ്പടുത്തികൊടുത്തു.

ഒരു പുരോഹിതൻറെ പാപം മറ്റാരുടെ  പാപത്തെക്കാളും കൂടുതലായി തന്നെ വേദനിപ്പിക്കുന്നു എന്നും ഈശോ പറഞ്ഞു.  “സംശയഗ്രസ്തനായ ഒരു പുരോഹിതൻ  മറ്റ് ആയിരമായിരം ആത്മാക്കളേക്കാൾ  എനിക്കു  കൂടുതൽ വേദനയും  സഹനവും ഉളവാക്കുന്നു.  കാരണം മറ്റുള്ളവർ  മുള്ളുകളുള്ള  വടി  കൊണ്ട്   എൻറെ മുഖത്ത്  അടിക്കുമ്പോൾ  സംശയഗ്രസ്തനായ  പുരോഹിതൻ  എൻറെ ശരീരം നുറുങ്ങത്തക്കവണ്ണം ഒരു ഇരുമ്പുദണ്ഡു കൊണ്ടാണ്  അടിക്കുന്നത്”. 

“നന്ദിഹീനരും മർക്കടമുഷ്ടിക്കാരുമായ   പുരോഹിതരേ, നിങ്ങൾക്കു  ദുരിതം…… നിങ്ങളുടെ വിശ്വാസരാഹിത്യം എന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നു.  എൻറെ  പദ്ധതി   നിറവേറ്റപ്പെടാൻ സാധ്യമായിരുന്ന ആത്മാക്കളിൽ പോലും  നിങ്ങളുടെ വീഴ്ചകളിലൂടെ  എൻറെ  പദ്ധതിയെയും  തിരുഹിതത്തെയും നിങ്ങൾ  മറികടക്കുന്നതുകൊണ്ട് അതിനു തക്ക ശിക്ഷയുടെ പ്രഹരങ്ങൾ നിങ്ങൾ ഏൽക്കേണ്ടിവരും”

വളരെയധികം വേദനാജനകമായ സംഭവങ്ങൾ  പുരോഹിതരുടെയിടയിൽ സംഭവിക്കാൻ പോകുന്നതായി ഈശോ വെളിപ്പെടുത്തിക്കൊടുത്തു.  ” എൻറെ കുഞ്ഞേ, എനിക്കെതിരായി പ്രവർത്തിക്കുന്ന പുരോഹിതർക്കുവേണ്ടി പ്രാർത്ഥിക്കുക. വിശ്വാസപ്രബോധനമനുസരിച്ചല്ല  അവർ ജീവിക്കുന്നത്” അവിശ്വസ്തരായ  പുരോഹിതർ  നീതിമാന്മാരുടെ   പ്രവർത്തികളെ  തടസ്സപ്പെടുന്നതായി  കാണിച്ച  ദർശനത്തിൽ  ഈശോയ്ക്ക് എതിരായി പ്രവർത്തിക്കുന്ന റോമിലെ സമർപ്പിതരെയും ഏതാനും പിതാക്കന്മാരെയും  താൻ  കണ്ടു എന്നും നതാലിയ എഴുതിയിട്ടുണ്ട്.

തന്നോടു  പറയാൻ ഏല്പിച്ച കാര്യങ്ങൾ എല്ലാം തിടുക്കത്തിൽ ചെയ്തുതീർക്കണം എന്നും  അല്ലെങ്കിൽ അതിനുള്ള സമയം ലഭിക്കില്ല എന്നും ഈശോ മുന്നറിയിപ്പു നൽകുന്നുണ്ട്.  സുവിശേഷപ്രഘോഷണവും ആത്‌മീയശുശ്രൂഷകളും നിരോധിക്കപ്പെടുന്ന ഒരു കാലം വരാനിരിക്കുന്നു എന്ന് ഈശോ അന്നു  പറഞ്ഞെങ്കിൽ അത്തരമൊരു കാലത്തിലല്ലേ ഇന്നു  നാം ജീവിക്കുന്നതെന്നു  ചിന്തിക്കുന്നതു  നല്ലതാണ്. നതാലിയയെപ്പോലെ നമുക്കും   ഒട്ടും സമയം കളയാനില്ല എന്ന് ഇനിയും ഓർമ്മിപ്പിക്കണോ!

കുമ്പസാരം എന്ന  കൂദാശയുടെ വിശുദ്ധി പരിപാലിക്കുന്നതിൽ വൈദികർ അങ്ങേയറ്റം ശ്രദ്ധവയ്ക്കണം എന്ന് ഈശോ മുന്നറിയിപ്പു  കൊടുക്കുന്നുണ്ട്.  ഈശോയെയും സഭയെയും ഉപേക്ഷിച്ചു പോയ വൈദികർക്കുവേണ്ടി പരിഹാരം അനുഷ്ഠിച്ചുകൊണ്ട്   ഉണർന്നിരുന്ന ഒരു രാത്രിയിൽ   ഈശോ  നതാലിയയോട് ഇങ്ങനെ പറഞ്ഞു, “കുമ്പസാരക്കൂട്ടിൽ  തങ്ങളുടെ   രക്ഷകനായ  എന്നെ കൈവിടുന്ന  എൻറെ പുരോഹിതപുത്രന്മാർ   നരകത്തിൽ തീരാവേദനകൾക്ക് അർഹരായി ചൂടുചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നത്  ഒരു ദിവസം എല്ലാവരും ദർശിക്കും. അവർ  നരകത്തിൽ കിടക്കുമ്പോൾ കുമ്പസാരക്കൂടിനെ ശപിച്ചുകൊണ്ട് അവിടെ അവർ ചെയ്ത  പാപങ്ങളെ ഓർത്തുകൊണ്ട്  നിരന്തരമായി വേദനിച്ചുകരയും”. കുമ്പസാരവേളയിൽ ആറാം പ്രമാണ ലംഘനത്തെക്കുറിച്ചു  വിവരിച്ചുള്ള ഒരു  വിശദീകരണം ഈശോ  ആഗ്രഹിക്കുന്നില്ല എന്നു  നതാലിയയ്ക്കു വെളിപ്പെട്ടുകിട്ടിയിരുന്നു.  കുമ്പസാരിക്കാൻ വരുന്ന വ്യക്തിയുടെ  അനുതാപമാണു  പ്രധാനം.  പരമ്പരാഗതമായ  കുമ്പസാരക്കൂടുകൾക്കു പകരം  കൂടുതൽ സ്വകാര്യതയുള്ള കുമ്പസാരമുറികൾ  അനുവദിച്ചതു കുറെ പുരോഹിതർക്കു   പാപം ചെയ്യാനുള്ള പുതിയൊരു  വഴി തുറന്നുകൊടുത്തു എന്നും ഈശോ വേദനയോടെ പറയുന്നുണ്ട്.

തൻറെ പുരോഹിതർ പരിശുദ്ധ അമ്മയുടെ മേലങ്കി കൊണ്ടു  പൊതിയപ്പെടണം എന്നും  അവർ  സ്വയം എളിമയുടെയും സ്വർഗീയ പുണ്യങ്ങളുടെയും  സൗമ്യതയുടെയും  സഹായസന്നദ്ധതയുടെയും  കൃപയുടെയും  മേലങ്കി ധരിക്കണം എന്നുമാണ് ഈശോ ആഗ്രഹിക്കുന്നത്. ജഡമോഹത്തിലും പാപത്തിലും വീണുകിടക്കുന്ന പുരോഹിതാത്മാക്കളെ വിധിക്കാൻ  നിൽക്കാതെ അവരുടെ ജീവിതത്തിലേക്കു    തങ്ങളുടെ കൃപയുടെ പ്രകാശം   പരത്തുക എന്നതാണ് ഓരോ സഹോദരവൈദികനും ചെയ്യേണ്ടത് എന്ന്  ഈശോ ഓർമിപ്പിക്കുന്നു,

ഒരിക്കൽ ലോകത്തെ ഉപേക്ഷിച്ച്, ക്രിസ്തുവിൻറെ കുരിശ് ഏറ്റെടുത്ത വൈദികർ  പിന്നീടൊരിക്കൽ തന്നെ  ഉപേക്ഷിച്ച് ലോകമോഹങ്ങളുടെ പിറകേ പോകുന്നത് ഈശോയെ  വല്ലാതെ വേദനിപ്പിക്കുന്നു. മരണാസന്നരായ   വ്യക്തികളോടു  പുരോഹിതർ കാണിക്കേണ്ട പ്രത്യേക പരിഗണന ഈശോ എടുത്തുപറയുന്നുണ്ട്.  “മരണാസന്നനായ ഒരാളുടെ  കട്ടിലിനരികിലേക്കു  നിങ്ങൾ വിളിക്കപ്പെടുമ്പോൾ , അയാളുടെ ആത്മാവ് ശരീരം വിട്ടുപോകാനുള്ള  ഒരുക്കത്തിലായിരിക്കുമ്പോൾ, നിങ്ങൾ വല്ലായ്മ കാണിക്കുകയോ പിറുപിറുക്കുകയോ ചെയ്യരുത്. മറ്റെല്ലാം മാറ്റിവച്ച്  അവിടെ ഓടിയെത്തി  അയാളുടെ ആത്മാവിനെ നിങ്ങൾ രക്ഷിക്കണം”.  രോഗീലേപനമോ ഒരു  വൈദികൻറെ സാമീപ്യമോ  ലഭിക്കാതെ നിത്യതയിലേക്കു കടന്നുപോകാൻ വിധിക്കപ്പെടുന്ന  നിർഭാഗ്യരായ മനുഷ്യരെ നമുക്കോർക്കാം.   ഓടിച്ചെന്ന് അവർക്കു വേണ്ട ആത്മീയശുശ്രൂഷകൾ  ചെയ്തുകൊടുക്കാനുള്ള    സന്മനസ്‌  എല്ലാ  വൈദികർക്കും  ലഭിക്കട്ടെ എന്നു   പ്രാർത്ഥിക്കുകയും ചെയ്യാം.

വരാനിരിക്കുന്ന കാലത്തിൻറെ ഭീകരതകളെക്കുറിച്ച് ഈശോ ഇപ്രകാരം പറയുന്നു:   “എൻറെ പുരോഹിതസുതരേ,…. ഭൂമിയിൽ ഇതേവരെ ഒരിക്കലും കാണപ്പെട്ടിട്ടില്ലാത്തവിധമുള്ള  ഒരു സമയം വരും.  ആത്മാക്കൾക്കു  വേണ്ടിയും നിങ്ങൾക്കുവേണ്ടിയും സ്വർഗ്ഗസ്ഥനായ പിതാവ്  ഈ സഹനങ്ങളുടെ ദൈർഘ്യം ചുരുക്കുന്നതിനും  പ്രാർത്ഥനകളിലൂടെയും  പരിത്യാഗപ്രവൃത്തികളിലൂടെയും ഈ ലോകത്തെ താങ്ങിനിർത്തുന്നവർ  നശിച്ചുപോകാൻ അവിടുന്ന് അനുവദിക്കാതിരിക്കുന്നതിനും വേണ്ടി അവിരാമം  പ്രാർത്ഥിക്കുക. കരുണയ്ക്കുവേണ്ടി കേണപേക്ഷിക്കുക”.  തൻറെ പുരോഹിതരിൽ കുറേപ്പേരുടെ കൂടി  മാനസാന്തരത്തിനുവേണ്ടി കാത്തിരിക്കുന്നതുകൊണ്ടാണു  തൻറെ  രണ്ടാം വരവിനു കാലതാമസമുണ്ടാകുന്നതെന്നും ഈശോ സൂചിപ്പിക്കുന്നുണ്ട്.

തന്നെത്തന്നെ ഈശോയ്ക്കു  മുകളിൽ പ്രതിഷ്ഠിക്കുന്ന വൈദികരുണ്ട് എന്ന കാര്യം ഈശോയെ  വളരെയധികം വേദനിപ്പിക്കുന്നു.  “ഞാൻ അവരുടെ അടുത്തുതന്നെയുണ്ട്. എന്നാൽ  അവർ എന്നെ ഗൗനിക്കുന്നില്ല. അവർ തങ്ങളെത്തന്നെ എനിക്കുമുൻപിൽ   സ്ഥാപിക്കുകയാണ്. എന്നെക്കാളും പ്രാധാന്യം അവർ തങ്ങൾക്കുതന്നെ കൊടുക്കുന്നു. ഞാൻ അവരോടു സംസാരിക്കുന്നുണ്ടെങ്കിലും അവർ  അതു  ശ്രദ്ധിക്കുന്നതേയില്ല.  അവർ അവരെത്തന്നെ  സ്നേഹിക്കുകയാണ്.  സ്വയംസ്നേഹത്തിൻറെയും   സ്ഥാനകാംക്ഷയുടെയും    വ്യർത്ഥാഭിമാനത്തിൻറെയും  സ്പർധയുടെയും   അഹംഭാവം എന്ന സംക്രമികരോഗത്തിൻറെയും  ധിക്കാരത്തിൻറെയും  ചെളി കൊണ്ട്  അവർ  ചെവി  അടച്ചുകളയുന്നു. അങ്ങനെ അവർ സ്വയം അന്ധരാക്കുന്നു. അങ്ങനെ അവർക്കു ഞാൻ സമ്മാനമായി  നൽകിയ  ജീവിതം  അവർ എൻറെ നേരെയുള്ള അന്ധതയിലും ബധിരതയിലും ജീവിക്കുന്നു”.

“എൻറെ പുരോഹിതരേ,  എൻറെ വിളി ശ്രദ്ധിക്കുക! എൻറെ അടുത്തുവരിക. നരകത്തിൻറെ പുകപടലങ്ങളാൽ  ആവൃതമായിരിക്കുന്ന ഇരുൾവഴികളെ ഉപേക്ഷിക്കുക. മാനസാന്തരപ്പെടുക. കാരണം സമയം പെട്ടെന്നു  കടന്നുപോകുന്നു.അവശേഷിക്കുന്ന സമയം  കുറച്ചുമാത്രം. നിങ്ങൾക്ക് എന്നെ എന്നേയ്‌ക്കുമായി നഷ്ടപ്പെട്ടാൽ, പിന്നെ ആർക്കും നിങ്ങളെ  സഹായിക്കാൻ സാധിക്കുകയില്ല.”

ഈശോ കാണിച്ചുതന്ന അനുസരണത്തിൻറെ  വഴിയും  ഈശോ  ചുമന്ന കുരിശിൻറെ ഭാരവും ഈശോ സഹിച്ച  നിന്ദനത്തിൻറെയും   പരിഹാസത്തിൻറെയും  വേദനയും  സ്വന്തം ശരീരം  ബലിയായി വിട്ടുകൊടുത്തപ്പോൾ  അവിടുന്ന് സഹിച്ച പീഡകളും  ഓരോ പുരോഹിതനും  സ്വന്തം ഹൃദയത്തിൽ ഏറ്റെടുക്കാനും   അവർ ലോകത്തിൻറെ വഴികൾ ഉപേക്ഷിച്ച് ക്രിസ്തുവിൻറെ പിറകെ  ചെല്ലാനുമുള്ള കൃപയ്ക്കായി  നമുക്കു പ്രാർത്ഥിക്കാം. നാവിൻറെ ഉപയോഗത്തിൽ അവർ –  നമ്മളും –  കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കട്ടെ. ‘അതെ’ എന്നത്  ‘അതെ’ എന്നും ‘അല്ല’ എന്നത് ‘അല്ല’ എന്നും മാത്രം പറഞ്ഞുനിർത്താനുള്ള   കൃപ അവർക്കും  നമുക്കും  ലഭിക്കട്ടെ എന്നും നമുക്കു  പ്രാർത്ഥിക്കാം.  അതിനപ്പുറമുള്ളതു  ദുഷ്ടനിൽ നിന്നു  വരുന്നു എന്നാണല്ലോ ഈശോ പറഞ്ഞിട്ടുള്ളത്. 

പൗരോഹിത്യത്തെ നശിപ്പിക്കാനായി, അനുസരണക്കേടും ലോകമോഹങ്ങളും    ജഡിക പ്രലോഭനങ്ങളും  ധനാസക്തിയും അധികാര വാഞ്ചയും    സാത്താൻ എടുത്തുപയോഗിക്കുമ്പോൾ  അവർക്കു പ്രതിരോധം തീർക്കേണ്ടതു  നമ്മുടെ പ്രാർഥനകളാണ്. ഒരു പുരോഹിതൻ പോലും ക്രിസ്തുവിൻറെ വഴിയിൽ നിന്നു   മാറിപ്പോകാതിരിക്കാനുള്ള  കൃപ നാം ഈശോയിൽ നിന്നു പ്രാർത്ഥനയുടെ ബലം പ്രയോഗിച്ച്  പിടിച്ചുവാങ്ങണം.  ലോകം, പിശാച്, ശരീരം എന്നീ ത്രിവിധ ശത്രുക്കളോട് ഒരേസമയം യുദ്ധം ചെയ്യേണ്ടിവരുന്ന അവർക്കു വീഴ്ചകളുണ്ടാകുമ്പോൾ   മാറി നിന്നു  പരിഹസിക്കാതെ അവർക്കു വേണ്ടി ദൈവസന്നിധിയിൽ  കൈകളുയർത്താനുള്ള കൃപ നമുക്കോരോരുത്തർക്കും ലഭിക്കട്ടെ. 

 നമുക്കു പ്രാർത്ഥിക്കാം:  ‘ നിത്യപുരോഹിതനീശോയേ, കാക്കണമങ്ങേ വൈദികരെ’.