നസറായനായ യേശുവും ദാവീദിൻറെ പുത്രനും:
ഇന്നു നാം രണ്ടു വ്യക്തികളെ പരിചയപ്പെടുകയാണ്. ഒന്നാമത്തെയാൾ മറ്റാരുമല്ല, യേശുക്രിസ്തു തന്നെയാണ്. ‘അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻ വഴി അരുളിചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു’ ( മത്തായി 2:23) എന്നു പറഞ്ഞുകൊണ്ടാണു വിശുദ്ധലിഖിതം ‘നസറായനായ യേശു’ എന്ന പേരിനെ പരിചയപ്പെടുത്തുന്നത്.
രക്ഷകനായ മിശിഹാ നസ്രത്തിൽ നിന്നു വരും എന്നു ചിന്തിക്കാൻ അക്കാലത്തെ യഹൂദർക്കു കഴിഞ്ഞിരുന്നില്ല. കാരണം മിശിഹാ വരേണ്ടതു ദാവീദിൻറെ പട്ടണമായ ബെത് ലഹേമിൽ നിന്നാണല്ലോ. എന്നിട്ടും ബെത് ലഹേമിൽ പിറന്നുവീണ ദൈവപുത്രനെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല എന്നതു മറ്റൊരു കാര്യം. ഒരു ശരാശരി യഹൂദൻറെ മനസിൽ ഉണ്ടായിരുന്ന സംശയമാണു നഥാനയേൽ പീലിപ്പോസിനോടു ചോദിച്ചതും. “നസ്രത്തിൽ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ?” (യോഹ.1:46). ‘വന്നു കാണുക’ എന്നല്ലാതെ മറ്റെന്തു മറുപടിയാണു പീലിപ്പോസിനു കൊടുക്കാൻ കഴിയുക? ആ മറുപടിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്. സംശയമനസ്കർ ചെയ്യേണ്ടതു ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയല്ല, വന്നുകണ്ടു മനസിലാക്കുകയാണ്. അങ്ങനെ യേശുവിനെ ‘വന്നുകണ്ട’ നഥാനയേലിൻറെ എല്ലാ സംശയങ്ങളും തീർന്നു എന്നു മാത്രമല്ല ആ മനുഷ്യൻ പിന്നീടൊരിക്കലും യേശുവിനെ വിട്ടുപോയതുമില്ല.
എന്നാൽ എല്ലാ യഹൂദർക്കും അങ്ങനെ യേശുവിനെ ‘വന്നുകണ്ടു’ മനസിലാക്കാനുള്ള കൃപ ലഭിച്ചില്ല. അതേസമയം അവർ യേശുവിനെ നസ്രത്തിൽ നിന്നുള്ള വലിയൊരു പ്രവാചകനായി അംഗീകരിച്ചിരുന്നു താനും. യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അവരുടെ കൺമുൻപിലുണ്ടായിരുന്നു. യേശുവിൻറെ കൂടെ ദൈവം ഉണ്ടായിരുന്നു എന്നതിലും അവർക്കു സംശയം ഉണ്ടായിരുന്നില്ല. നിക്കൊദേമൂസും പറയുന്നുണ്ടല്ലോ ; ” റബ്ബീ, അങ്ങ് ദൈവത്തിൽ നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങൾ അറിയുന്നു. ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല” ( യോഹ. 3:2). തിരുക്കുരിശിൻറെ മുകളിൽ ലത്തീനിലും ഹീബ്രുവിലും ഗ്രീക്കിലും എഴുതിവച്ചിരുന്നതും നസറായനായ യേശു എന്നു തന്നെയായിരുന്നു. അങ്ങനെയൊരു തലക്കുറിയുമായി തൻറെ മുൻപിൽ മരണം കാത്തുകിടന്ന മനുഷ്യൻ സത്യത്തിൽ ആരായിരുന്നു എന്നു ശതാധിപനു ബോധ്യമായതു തനിക്കുവേണ്ടിക്കൂടിയുള്ള ബലി യേശു പൂർത്തിയാക്കിക്കഴിഞ്ഞപ്പോഴാണ്. ‘ സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു’ എന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ധൈര്യം ആ വിജാതീയനു കൊടുത്തതും നസറായനായ യേശു തന്നെയായിരുന്നു.
ഉത്ഥിതനായ യേശുവിനെ തിരിച്ചറിയാൻ കഴിയാത്ത വിധം മൂടപ്പെട്ട കണ്ണുകളുമായി ജറുസലേമിൽ നിന്ന് എമ്മാവൂസിലേക്കു പോയ ക്ലെയോപാസും മറ്റൊരു ശിഷ്യനും സംസാരിച്ചുകൊണ്ടിരുന്നതും നസറായനായ യേശുവിനെക്കുറിച്ചായിരുന്നു. നസറായനായ യേശു സത്യത്തിൽ ആരായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞതു കർത്താവ് അപ്പം എടുത്ത്, ആശിർവദിച്ച്, മുറിച്ച് അവർക്കു കൊടുത്തപ്പോഴാണ്. എന്നാൽ നിക്കോദേമോസിന് അതിനും എത്രയോ മുൻപുതന്നെ യേശു ആരാണെന്നു വെളിപ്പെട്ടുകിട്ടിയിരുന്നു. അതുകൊണ്ടാണല്ലോ ആദ്യം ഇരുട്ടിൻറെ മറപറ്റി യേശുവിനെ കാണാൻ വന്ന ആ മനുഷ്യൻ പിന്നീടൊരിക്കൽ സൂര്യൻ അസ്തമിക്കുന്നതിനു മുൻപുതന്നെ നൂറു റാത്തൽ സുഗന്ധദ്രവ്യവുമായി യേശുവിന് അന്തിമോപചാരം അർപ്പിക്കാൻ വന്നത്!
അതായിരുന്നു നസറായനായ യേശു! ശിമയോൻ പറഞ്ഞതുപോലെ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണവും വിവാദവിഷയമായ അടയാളവും ആയവൻ!
ഇനി രണ്ടാമത്തെ വ്യക്തി. അതു ദാവീദിൻറെ പുത്രനാണ്. ദാവീദിൻറെ വംശത്തിൽ ബെത്‌ലെഹെമിൽ പിറക്കുമെന്നു പ്രവാചകന്മാർ വഴി ദൈവം നൂറ്റാണ്ടുകൾക്കു മുൻപേ വെളിപ്പെടുത്തിയ രക്ഷകൻ. ക്രിസ്തു ദാവീദിൻറെ പുത്രനാണെന്നതിൽ യഹൂദർക്കു സംശയമേയില്ലായിരുന്നു. മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായത്തിൽ നാല്പത്തൊന്നു മുതൽ നാല്പത്തിയാറു വരെയുള്ള വചനങ്ങൾ ശ്രദ്ധിക്കുക. നസറായനായ യേശുവും ദാവീദിൻറെ പുത്രനായ ക്രിസ്തുവും ഒരാൾ തന്നെയാണല്ലോ എന്നു നമുക്ക് തോന്നിയേക്കാം. തീർച്ചയായും ഒരാൾ തന്നെയാണത്. എന്നാൽ അവനെ ജനങ്ങൾ മനസിലാക്കിയത് രണ്ടുവിധത്തിലാണ്. ബഹുഭൂരിപക്ഷവും അവനെ നസറായനായ യേശുവായി തിരിച്ചറിഞ്ഞപ്പോൾ ചുരുക്കം ചിലർ അവനെ ദാവീദിൻറെ പുത്രനായി മനസിലാക്കി. അവൻ വിവാദവിഷയമായ അടയാളമാകേണ്ടിയിരിക്കുന്നു എന്ന ശിമയോൻറെ പ്രവചനം ഓർക്കുക.
പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവനു പ്രവാചകൻറെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവനു നീതിമാൻറെ പ്രതിഫലവും ലഭിക്കും എന്ന തിരുവചനത്തിൻറെ പൂർത്തീകരണമെന്നപോലെ യേശുവിനെ നസ്രത്തിൽ നിന്നുള്ള പ്രവാചകനായി അംഗീകരിച്ചവർക്ക് അതിനനുസരിച്ചുള്ള പ്രതിഫലവും അവിടുത്തെ ദാവീദിൻറെ പുത്രനും ലോകരക്ഷകനുമായി അംഗീകരിച്ചവർക്ക് അതിനൊത്ത പ്രതിഫലവും ലഭിച്ചു എന്നു നമുക്ക് കാണാം .
ലൂക്കായുടെ സുവിശേഷം പതിനെട്ടാം അധ്യായത്തിൽ നാം ജെറിക്കോയിലെ അന്ധയാചകനെക്കുറിച്ചു വായിക്കുന്നുണ്ട്. വഴിയരികിലിരുന്നു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന അവൻ പതിവില്ലാത്ത ആരവം കേട്ട് അതിൻറെ കാരണം അന്വേഷിച്ചപ്പോഴാണ് ജനക്കൂട്ടം വിളിച്ചുപറയുന്നത് അതു നസറായനായ യേശു കടന്നുപോകുന്നതാണെന്ന്. ഒരു വലിയ ജനക്കൂട്ടം നസ്രത്തിൽ നിന്നുള്ള മഹാപ്രവാചകനും മഹാഗുരുവും അത്ഭുതപ്രവർത്തകനും ദൈവം കൂടെയുള്ളവനും ആയ യേശുവിനെ മുൻപിലും പിറകിലും ചുറ്റിലുമായി അനുഗമിക്കുന്നു. യേശു ചെയ്ത അത്ഭുതങ്ങൾ അവർ കാണുന്നുണ്ട്. ഇതു വരെ ആരും പറയാത്ത രീതിയിൽ ദൈവത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചുമൊക്കെ യേശു പറഞ്ഞ വാക്കുകൾ അവരുടെ ഹൃദയത്തിൽ പതിഞ്ഞുകിടപ്പുണ്ട്.
എന്നാൽ കണ്ണുകളില്ലെങ്കിലും ആ യാചകനു പെട്ടെന്നുതന്നെ ഒരു കാര്യം മനസിലായി. തൻറെ മുൻപിലൂടെ കടന്നുപോകുന്നതു ജനക്കൂട്ടം പറഞ്ഞതുപോലെ നസ്രത്തിൽ നിന്നുള്ള വെറുമൊരു പ്രവാചകനല്ല. അതു തങ്ങൾ നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന രക്ഷകനാണ്. ദാവീദിൻറെ പുത്രൻ! അതുകൊണ്ട് അവൻ സര്വ്വശക്തിയുമെടുത്ത് വിളിക്കുകയാണ്. ” ദാവീദിൻറെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ!” ജനക്കൂട്ടത്തിന് അത് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. നസറായനായ യേശു എന്നു തങ്ങളെല്ലാം കണ്ണുകൊണ്ടു കണ്ടു മനസിലാക്കിയ ഒരുവനെ ഇതാ ഒരന്ധൻ ദാവീദിൻറെ പുത്രാ എന്നു വിളിക്കുന്നു. അവർ അവനെ ശകാരിച്ചു. എന്നാൽ അവൻ കൂടുതൽ ഉച്ചത്തിൽ നിലവിളിക്കുകയാണു ചെയ്തത്. അതുകേട്ട യേശുവിന് അവിടെ നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല. തനിക്കുവേണ്ടി യേശു എന്തുചെയ്യണമെന്ന് അവൻ ആവശ്യപ്പെട്ടുവോ അതു ചെയ്തുകൊടുത്തിട്ടാണ് യേശു അവിടെ നിന്നു പോയത്.
കാഴ്ചയുള്ള ആയിരങ്ങൾക്കു കാണാൻ കഴിയാത്ത കാര്യം കാഴ്ചയില്ലാത്ത ഒരുവൻ കണ്ടു. കാഴ്ചയുള്ളവർ നസറായനായ യേശുവായി മനസിലാക്കിയവനെ കാഴ്ചയില്ലാത്തവൻ ദാവീദിൻറെ പുത്രനായി തിരിച്ചറിഞ്ഞു. അതിൽ അത്ഭുതമില്ല. കാരണം താൻ എന്തിനായിട്ടാണു ലോകത്തിലേക്കു വന്നതെന്ന് യേശു പറയുന്നതു ശ്രദ്ധിക്കുക; “കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിനു ന്യായവിധിയ്ക്കായിട്ടാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്” ( യോഹ. 9:39).
യേശുവിനെ ദാവീദിൻറെ പുത്രനായി തിരിച്ചറിഞ്ഞ മറ്റൊരാളെക്കുറിച്ചും തിരുവചനം പറഞ്ഞുതരുന്നുണ്ട്. അത് ഒരു കാനാൻകാരിയായിരുന്നു. ഒരു വിജാതീയവംശത്തിൽ പിറന്നവൾ. ദാവീദുമായോ ദാവീദിൻറെ വംശത്തിൽ ജനിക്കാനിരുന്ന ലോകരക്ഷകനുമായോ ഒരു ബന്ധവും അവകാശപ്പെടാനില്ലാത്തവൾ. എങ്കിലും അവൾ നിലവിളിക്കുന്നത് ‘കർത്താവേ, ദാവീദിൻറെ പുത്രാ, എന്നിൽ കനിയണമേ!’ ( മത്തായി 15:22) എന്നാണ്. ഇസ്രായേൽ വംശത്തിൽ പിറന്ന പന്ത്രണ്ടു ശിഷ്യന്മാർക്കും അപ്പോൾ ആ വിളിയുടെ അർഥം മനസിലായിട്ടുണ്ടാകില്ല. അല്ലെങ്കിൽ യേശുവിൻറെ പിറകെ വന്നു നിലവിളിക്കുന്ന ആ സ്ത്രീയെ പറഞ്ഞുവിടാൻ അവർ കർത്താവിനോടു ശുപാർശ ചെയ്യില്ലായിരുന്നു. ദാവീദിൻറെ പുത്രനായ കർത്താവിൻറെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങളെങ്കിലും ആഗ്രഹിച്ച ആ കാനാൻകാരി സ്ത്രീ താൻ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തിട്ടാണ് അവിടെ നിന്നു പോയത്. ‘നീ ജീവനുള്ള ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണ്’ ( മത്തായി 16:16) എന്നു പത്രോസ് ഏറ്റുപറയുന്നത് അതിനും ശേഷമാണ് എന്നും നാം ഓർക്കണം.
ക്രിസ്തുവിനെ രണ്ടു വിധത്തിൽ മനസിലാക്കാം. നസ്രത്തിൽ നിന്നുള്ള പ്രവാചകനായ യേശുവായിട്ടും ദാവീദിൻറെ പുത്രനായ ലോകരക്ഷകനായിട്ടും. ഒലിവുമലയരികിൽ നിന്നു കഴുതപ്പുറമേറി ജെറുസലേമിലേക്കു നടത്തിയ രാജകീയയാത്രയ്ക്കിടയിൽ അവനെ അനുഗമിച്ചവർ ആർത്തുവിളിക്കുന്നുണ്ട്. ‘ദാവീദിൻറെ പുത്രനു ഹോസാന! കർത്താവിൻറെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!’ എന്നാൽ ആ ഘോഷയാത്ര ജെറുസലേമിലെത്തിയപ്പോൾ അവിടുത്തെ ജനക്കൂട്ടം പറയുന്നത് ‘ഇവൻ ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്’ എന്നാണ്. അതങ്ങനെയെ ആകാൻ തരമുള്ളൂ കാരണം അവൻ വിവാദവിഷയമായ ഒരു അടയാളമാകാൻ അയക്കപ്പെട്ടവനാണല്ലോ!
ഇന്നും ആ വിവാദം തുടരുന്നു. ചിലർക്ക് യേശു പ്രവാചകനാണ്, മനുഷ്യസ്നേഹിയാണ്, സാമൂഹ്യപരിഷ്കർത്താവാണ്, വിപ്ലവകാരിയാണ്. അവർക്കു പരിചയമുള്ളതു നസറായനായ യേശുവിനെ മാത്രമാണ്. അവർ അവനെ സ്നേഹിക്കുന്നു; അല്ലെങ്കിൽ സ്നേഹിക്കുന്നു എന്നു പറയുന്നു. എന്നാൽ കുറച്ചുപേർക്ക് അവൻ ദൈവപുത്രനും ലോകരക്ഷകനും ഏകരക്ഷകനുമാണ്. അവർ അവനെ ദാവീദിൻറെ പുത്രനായ ക്രിസ്തുവായി തിരിച്ചറിയുകയും അതിൻറെ പ്രതിഫലം പ്രാപിക്കുകയും ചെയ്യുന്നു.
യേശുവിനെ പ്രവാചകനായി അംഗീകരിക്കുന്നവർക്ക് യേശു എന്നതു മറ്റൊരു പേരു മാത്രം. അവർ ആ പേരുകൊണ്ടു കഥയെഴുതും, നോവലെഴുതും കാർട്ടൂൺ വരയ്ക്കും, സിനിമയുണ്ടാക്കും. സീരിയലുണ്ടാക്കും. അധിക്ഷേപിക്കും, പരിഹസിക്കും, കാരണം അവരെ സംബന്ധിച്ചിടത്തോളം യേശു നസറായനായ ഒരു മനുഷ്യൻ മാത്രം.
എന്നാൽ യേശുവിനെ രക്ഷകനും നാഥനുമായി മനസിലാക്കി ഏറ്റുപറയുന്നവർക്ക് യേശുനാമം എന്നതു മറ്റെല്ലാ നാമങ്ങളെയുംകാൾ ഉന്നതമായ നാമമാണ്. കാരണം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ‘ ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല’ ( അപ്പ.4:12). നിങ്ങൾ കുരിശിൽ തറച്ചുകൊള്ളുകയും മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിൻറെ നാമത്തിലാണ് ഈ അത്ഭുതങ്ങൾ സംഭവിക്കുന്നത് എന്നു പ്രധാനപുരോഹിതൻറെയും ജനപ്രമാണികളുടെയും നിയമജ്ഞരുടെയും മുൻപിൽ വച്ചു പ്രഖ്യാപിച്ചുകൊണ്ടു യേശുനാമത്തിൻറെ മഹത്വം ഉയർത്തിപ്പിടിച്ച പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാൻ കാരണം കിട്ടാതെ വലഞ്ഞ അവർ ചെയ്തത് ഇനി യേശുനാമത്തിൽ യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കൽപിക്കുകയാണ്. എന്നാൽ യേശുവിനെ കർത്താവായി ഏറ്റുപറഞ്ഞ ശിഷ്യന്മാർക്ക് അതു സാധ്യമായിരുന്നില്ല. മനുഷ്യരെക്കാളുപരി ദൈവത്തെയാണ് അനുസരിക്കേണ്ടതെന്നും തങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കാൻ തങ്ങൾക്കു
സാധ്യമല്ല എന്നുമായിരുന്നു അവരുടെ നിലപാട്.
എന്താണ് യേശുനാമത്തിൻറെ പ്രത്യേകത? അതു പിശാചുക്കളെ കീഴ്‌പ്പെടുത്തുന്ന നാമമാണ്. അതുകൊണ്ടാണല്ലോ സകല പിശാചുക്കളും ഒത്തുചേർന്ന് യേശുനാമത്തിനെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്നത്! ‘ കർത്താവേ, നിൻറെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്‌പ്പെടുന്നു ‘ എന്നു ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു എന്നു വായിക്കുമ്പോൾ നാം മനസിലാക്കേണ്ടത് യേശുനാമത്തിൻറെ മുകളിൽ മറ്റൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല എന്നതാണ്. തൻറെ നാമത്തിൽ എന്തുതന്നെ ആവശ്യപ്പെട്ടാലും അതു സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും എന്നുപറഞ്ഞുകൊണ്ടു യേശു തന്നെ തൻറെ നാമത്തിൻറെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്. ‘എൻറെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും’ ( ലൂക്കാ 21:17) എന്നു പറഞ്ഞുകൊണ്ട് യേശുനാമം ഉയർത്തിപ്പിടിക്കുന്നവർ നേരിടാൻ പോകുന്ന പീഡനങ്ങളെക്കുറിച്ചും അവിടുന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സകല യുഗങ്ങൾക്കും മുൻപേ പിതാവിൽ നിന്നു ജനിച്ച പുത്രന് യേശു എന്ന പേരു നല്കപ്പെടണം എന്നു പിതാവ് നേരത്തെ തന്നെ തീരുമാനിച്ചു വച്ചിരുന്നു. ‘എന്തെന്നാൽ അവൻ തൻറെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും’ (മത്തായി 1:21). സകലതിനെയും പവിത്രീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ പിതാവ് അയയ്ക്കുന്നതും യേശുവിൻറെ നാമത്തിലാണ്. ആർക്കാണ് യേശു തൻറെ യഥാർത്ഥനാമം വെളിപ്പെടുത്തിക്കൊടുക്കുന്നത് എന്ന് യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നു. ‘ ലോകത്തിൽ നിന്ന് അവിടുന്ന് എനിക്കു നൽകിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി’ ( യോഹ 17:6). യേശുവിൻറെ തിരുനാമം എന്ന രഹസ്യത്തിൻറെ വലിയൊരു മർമ്മമാണ് യോഹന്നാൻ ഇവിടെ വെളിപ്പെടുത്തുന്നത്. യേശുവിൻറെ പേരിൻറെ അർഥം പൂർണ്ണമായി വെളിപ്പെട്ടുകിട്ടുന്നത് പിതാവ് തെരഞ്ഞെടുത്തവർക്കുമാത്രമാണ്. അങ്ങനെയല്ലാത്തവർക്ക് യേശു എന്നതു മറ്റൊരു പേരു മാത്രം.
അനേകർ യേശുവിൻറെ നാമത്തെ ദുഷിക്കുന്നതും ദൈവദൂഷണം നിറഞ്ഞ സിനിമകളും വിനോദപരിപാടികളും പടച്ചുവിടുന്നതും എന്തുകൊണ്ടാണെന്നു മനസിലായില്ലേ? യേശു വെറുമൊരു പ്രവാചകൻ മാത്രമായിരുന്നെന്നും അതിനും നൂറ്റാണ്ടുകൾക്കുശേഷം വന്ന ഒരാളാണ് അന്ത്യപ്രവാചകൻ എന്നും ചിലർ പറയുന്നതെന്തുകൊണ്ടെന്നു മനസിലായില്ലേ? അഹറോൻറെ സഹോദരിയായ മറിയത്തിൻറെ പുത്രനായ ഈസാനബി എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രവും യേശുവും ഒന്നാണെന്ന അബദ്ധം ചിലർ പഠിപ്പിക്കുന്നതെന്തുകൊണ്ടാണെന്നു മനസിലായില്ലേ? തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രം വെളിപ്പെടുത്തിക്കൊടുക്കപ്പെട്ട രഹസ്യമാണ് യേശുവിൻറെ തിരുനാമം. ആ നാമത്തിലാണു നമ്മുടെ രക്ഷ. അങ്ങ് എനിക്കു നൽകിയ അവിടുത്തെ നാമത്തിൽ ഞാൻ അവരെ സംരക്ഷിച്ചു എന്നു യേശു തന്നെ പറയുന്നുണ്ടല്ലോ.
യേശു കർത്താവാണെന്ന് അധരം കൊണ്ട് ഏറ്റുപറയുന്നതു രക്ഷ പ്രാപിക്കാനുള്ള ഒരു വ്യവസ്ഥയായി പൗലോസ് ശ്ലീഹാ റോമക്കാർക്കുള്ള ലേഖനത്തിൽ എടുത്തുപറയുന്നുണ്ട്. മനുഷ്യരുടെ മുൻപിൽ തന്നെ ഏറ്റുപറയുന്നവരെ സ്വർഗ്ഗസ്ഥനായ പിതാവിൻറെ മുൻപിൽ താനും ഏറ്റു പറയുമെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. യേശുനാമം ഏറ്റുപറയുന്നതിൽ നാം ഒരിക്കലും ലജ്ജിക്കരുത്. കാരണം യേശുനാമം എന്നതു മറ്റെല്ലാ നാമങ്ങളെക്കാളും ഉപരിയായ നാമമാണ്. ‘ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു’ ( ഫിലി. 2:9). എന്തിനുവേണ്ടിയാണു ദൈവം ഏറ്റവും ഉന്നതമായ നാമം തൻറെ പുത്രനു നൽകിയിരിക്കുന്നതെന്നു നോക്കുക. ‘ ഇത്, യേശുവിൻറെ നാമത്തിനു മുന്നിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിൻറെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്’ ( ഫിലി. 2:10-11).
എന്നാൽ കർത്താവിൻറെ നാമം വിളിക്കുന്നവർക്കുള്ള വലിയൊരു കടമയെക്കുറിച്ചും അപ്പസ്തോലൻ തിമൊത്തെയോസിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ‘ കർത്താവിൻറെ നാമം വിളിക്കുന്നവരെല്ലാം പാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കട്ടെ ( 2 തിമോ 2.19). സ്ത്രോത്രഗീതം പാപിയ്ക്ക് ഇണങ്ങുന്നില്ല എന്നു പറയുന്നതുപോലെ തന്നെ പാപത്തിൽ തുടരുന്നവൻറെ നാവിനു കർത്താവിൻറെ നാമവും ഇണങ്ങുകയില്ല. യേശു നാമം ദൈവദൂതന്മാരുടേതിനേക്കാൾ ശ്രേഷ്ഠമാണ് എന്നാണു ഹെബ്രായലേഖകൻ എഴുതുന്നത്.
എന്നാൽ യേശുക്രിസ്തുവിൻറെ മഹത്വമേറിയ നാമം ഏറ്റുപറയാൻ മടിക്കുന്നവരെക്കുറിച്ച് യോഹന്നാൻ ശ്ലീഹാ ഇപ്രകാരം പറയുന്നു: ‘ യേശുവാണു ക്രിസ്തു എന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു’ ( 1 യോഹ. 2: 22 ). വീണ്ടും ശ്ലീഹാ പറയുന്നു. ‘ യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള അന്തിക്രിസ്തുവിൻറെ ആത്മാവാണ് അത്. ഇപ്പോൾ തന്നെ അതു ലോകത്തിലുണ്ട്’ ( 1 യോഹ. 4:3). യേശുനാമത്തെ ദുഷിക്കുന്നവരിൽ പ്രവർത്തിക്കുന്ന ആത്മാവിനെ തിരിച്ചറിയാൻ ഇനിയും എന്തെങ്കിലും തെളിവുകൾ വേണോ? സിനിമയിലായാലും ടെലിവിഷനിലായാലും പത്രത്തിലായാലും കലയിലും സാഹിത്യത്തിലുമായാലും യേശുനാമത്തെ ആരെങ്കിലും ദുഷിക്കുന്നതു കണ്ടാൽ നാം ഉടനടി മനസിലാക്കേണ്ട കാര്യം അവനിലും അവളിലും പ്രവർത്തിക്കുന്ന അരൂപി സാക്ഷാൽ അന്തിക്രിസ്തുവിൻറെ അരൂപിയാണെന്നതാണ്. അന്തിക്രിസ്തുവിൻറെ അവസാനം ഗന്ധകമെരിയുന്ന അഗ്നിത്തടാകമായിരിക്കും എന്നു വെളിപാടുപുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
വെളിപാടു പുസ്തകത്തിലെ ഏഴു സഭകൾക്കെഴുതിയ സന്ദേശത്തിൽ തൻറെ നാമത്തെ നിഷേധിക്കാത്ത സഭകളെ യേശു പ്രത്യേകം ഓർമ്മിക്കുന്നുണ്ട്. അന്ത്യം വരെ പിടിച്ചുനിന്നു വിജയം വരിക്കുന്നവൻറെ മേൽ ‘തൻറെ ദൈവത്തിൻറെ നാമവും ദൈവസന്നിധിയിൽ നിന്നു സ്വർഗം വിട്ട് ഇറങ്ങിവരുന്ന പുതിയ ജെറുസലേമാകുന്ന ദൈവനഗരത്തിൻറെ നാമവും തൻറെ പുതിയ നാമവും ഏഴുതപ്പെടും’ എന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് അവിടുന്ന് ഫിലാഡെൽഫിയയിലെ സഭയെ ആശ്വസിപ്പിക്കുന്നത്. നാം ഓടുന്നതും അധ്വാനിക്കുന്നതും ഇതിനുവേണ്ടിത്തന്നെയാണല്ലോ.
ആകയാൽ യേശുവിൻറെ മഹത്വമേറിയ നാമത്തെ ദുഷിക്കുന്നവരെ ശ്രദ്ധിച്ചുകൊൾക. ‘ ജനതകൾ ഇളകിമറിയുന്നതെന്തിന്? ജനങ്ങൾ എന്തിനു വ്യർഥമായി ഗൂഢാലോചന നടത്തുന്നു? കർത്താവിനും അവിടുത്തെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു ………….
സ്വർഗത്തിലിരിക്കുന്നവൻ അതു കേട്ടു ചിരിക്കുന്നു’ ( സങ്കീ. 2:1-4). യേശുനാമത്തെ അവഹേളിക്കുന്നവർ തങ്ങളുടെ രക്ഷയ്ക്കായി യേശുനാമം വിളിച്ചപേക്ഷിക്കുന്ന ഒരു നാൾ വന്നെത്തും എന്ന പ്രതീക്ഷയിൽ അവർക്കായി പ്രാർത്ഥിക്കുക.
‘നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാൻ’ ( അപ്പ.22:8) എന്നു തന്നെത്തന്നെ സാവൂളിനു പരിചയപ്പെടുത്തുകയും അതിനുശേഷം തൻറെ നാമം വിജാതീയരുടെ ഇടയിൽ പ്രഘോഷിക്കാനായി അവനെ പൗലോസായി രൂപാന്തരപ്പെടുത്തുകയും ചെയ്തവനാണ് യേശു. ആ യേശുവിൻറെ നാമത്തെ ദുഷിക്കുന്നവർ അവൻ ദാവീദിൻറെ പുത്രനും ലോകരക്ഷകനും ഏകരക്ഷകനും ദൈവപുത്രനും ആണെന്നു മനസിലാക്കട്ടെ എന്നു പ്രാർഥിക്കാം. ദൈവത്തിൻറെ തിരുനാമം വൃഥാ പ്രയോഗിക്കരുത് എന്ന കൽപന കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അതുമല്ലെങ്കിൽ ‘ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്’ എന്ന് യേശു സാവൂളിനോടു പറഞ്ഞ വചനമെങ്കിലും ഓർമ്മയിലിരിക്കട്ടെ. ദൈവം സ്ഥാപിച്ചിരിക്കുന്ന മൂലക്കല്ലായ യേശുവിൽ വന്നുവീഴുന്നവൻ തകർന്നുപോകുമെന്നും ആ കല്ല് ആരുടെ മേൽ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും എന്നുമുള്ള തിരുവചനം ഒരു നിമിഷമെങ്കിലും ധ്യാനിക്കാൻ അവർക്കു കൃപ ലഭിക്കട്ടെ എന്നും പ്രാർഥിക്കാം.