പരിശുദ്ധ കുർബാന ബലിയും സ്തോത്രവും അനുസ്മരണവും കൃതഞ്ജതയുമാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള കടന്നുപോകലിനെ അനുസ്‌മരിച്ചുകൊണ്ട് യഹൂദർ പെസഹാ തിരുനാൾ ആചരിക്കുമ്പോൾ സെഹിയോൻ മാളികമുറിയിൽ യേശു തൻറെ ശിഷ്യന്മാരോടൊപ്പം അവസാനത്തെ അത്താഴവും കഴിച്ച് ഈ ലോകത്തിൽ നിന്നുള്ള തൻറെ കടന്നുപോകലിനു സ്വയം ഒരുക്കുകയായിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ ഗെത് സമേനും പീഡാസഹനവും വിചാരണയും കാൽവരി യാത്രയും കടന്നു മൂന്നാണികളിൽ അവസാനിക്കുമ്പോഴേയ്ക്കും യേശു തൻറെ ശരീരമാകുന്ന വിരിയ്ക്കുള്ളിലൂടെ സകല മനുഷ്യർക്കും നിത്യതയിലേക്കുള്ള പാത തുറന്നുതന്നു കഴിഞ്ഞിരുന്നു. ആ മഹാസംഭവങ്ങളുടെ അനുസ്മരണമാണ് ഓരോ പരിശുദ്ധ കുർബാനയും.
എന്നാൽ കുർബാന അനുസ്മരണം മാത്രമല്ല, കാൽവരി ബലിയുടെ തനിയാവർത്തനമാണെന്നും നമുക്കറിയാം. ഓരോ ബലിപീഠത്തിലും പരിശുദ്ധകുർബാന അർപ്പിക്കപ്പെടുമ്പോഴൊക്കെയും രണ്ടായിരം വർഷം മുൻപു കാൽവരിയിൽ സംഭവിച്ച ഏകബലി അതേ രീതിയിൽ തന്നെ പുനരവതരിപ്പിക്കപ്പെടുകയാണു ചെയ്യുന്നത്. മനുഷ്യാവതാരം ചെയ്ത മിശിഹാ നമുക്കായി നേടിത്തന്ന രക്ഷയ്ക്കു കൃതജ്ഞത അർപ്പിക്കുന്നതും പരിശുദ്ധ കുർബാനയുടെ ഭാഗമാണ്. ത്രിയേകദൈവത്തിനു സ്തോത്രം അർപ്പിക്കുന്ന ഏറ്റവും വലിയ ആരാധനയും പരിശുദ്ധ കുർബാന തന്നെ.
എന്നാൽ ഇത്ര മഹത്തരമായ ഈ കൂദാശയെ നാം എങ്ങനെയാണു സമീപിക്കുന്നത്? ദൈവാലയത്തിലായാലും ഓൺലൈൻ കുർബാനയിലായാലും നിർമ്മലമായ ഹൃദയത്തോടെ, വിശുദ്ധിയോടും ഭക്തിയോടും പലവിചാരം കൂടാതെയും അർപ്പിക്കാത്ത കുർബാനകൾ വെറും വഴിപാടായി മാറുന്നു എന്നതു നാമോരോരുത്തർക്കും അനുഭവമുള്ള കാര്യമാണ്.
ഇത് ഓൺലൈൻ കുർബാനയുടെ കാലമാണ്. വിശ്വാസി സമൂഹത്തോട് ഇനി മുതൽ ദൈവാലയങ്ങൾ അടച്ചിടുകയാണെന്നും പരിശുദ്ധ കുർബാനയിൽ ഓൺലൈനിലൂടെ പങ്കെടുത്താൽ മതിയെന്നുമുള്ള അറിയിപ്പുകൾ കേട്ടാൽ ആർക്കും അതിശയം തോന്നാത്ത ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരു രണ്ടു വർഷം മുൻപ് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ നമ്മളാരും അതു വിശ്വസിക്കുകയില്ലായിരുന്നു. എന്നു മാത്രമല്ല കേരളത്തിൽ പ്രത്യേകിച്ചും ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു തീർത്തു പറയുകയും ചെയ്യുമായിരുന്നു.
കോവിഡ് എന്ന രോഗത്തെക്കുറിച്ചുള്ള ഭീതി ലോകത്തെത്തന്നെ സാധാരണ ജീവിതത്തിൽ നിന്ന് മാറ്റിയെങ്കിൽ, വിശ്വാസിസമൂഹം ഇന്നുവരെയും സംപൂജ്യമായി കരുതുന്ന പരിശുദ്ധ കുർബാനയിലും ആരാധനാക്രമങ്ങളിലും നിയന്ത്രണങ്ങൾ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഈ സാഹചര്യത്തിൽ ദൈവാലയങ്ങളിൽ പോയി പരിശുദ്ധ കുർബാനയിൽ നേരിട്ടു പങ്കെടുക്കുന്നതിനു പലർക്കും സാധിച്ചെന്നു വരില്ല. അവർക്ക് ആശ്രയം ഓൺലൈൻ കുർബാന മാത്രമായിരിക്കും. ഓൺലൈനിലൂടെ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടി വരുന്ന ദൈവജനം അറിയേണ്ട ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്നു. രണ്ടു രീതിയിലാണ് മാധ്യമങ്ങളിലൂടെ പരിശുദ്ധ കുർബാന സംപ്രേഷണം ചെയ്യപ്പെടുന്നത്. ഒന്നാമത്തേതു തത്സമയ (Live ) സംപ്രേഷണം. രണ്ടാമത്തെ രീതി ഒരിക്കൽ അർപ്പിക്കപ്പെട്ട ദിവ്യബലി റെക്കോർഡു ചെയ്ത് പിന്നീട് സംപ്രേഷണം ചെയ്യുന്നതാണ്.
പരിശുദ്ധ കുർബാന വെറും അനുസ്മരണം മാത്രമല്ല, കാൽവരി ബലിയുടെ തനതായ പുനരാവർത്തനവും ആണെന്നിരിക്കേ, നാം പങ്കെടുക്കേണ്ടതു തത്സമയം നടക്കുന്ന കുർബാനയിലാണ്. ‘നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചുകൂടുമ്പോൾ ഇതെൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ’ എന്ന് യേശു പറഞ്ഞതിൻറെ അർഥം പണ്ടെപ്പോഴോ ഒന്നിച്ചുകൂടിയപ്പോൾ അർപ്പിച്ച കുർബാന വീണ്ടും കാണുക എന്നതല്ല. മറിച്ച് ഇപ്പോൾ നടക്കുന്ന ഒരു ദിവ്യബലിയിൽ ശാരീരികമായിട്ടല്ലെങ്കിലും ആത്മനാ പങ്കെടുത്തുകൊണ്ടു നമുക്കായി മുറിയപ്പെടുന്ന ക്രിസ്തുവിൻറെ ശരീരത്തിലും നമുക്കായി ചിന്തപ്പെടുന്ന അവിടുത്തെ രക്തത്തിലും അരൂപിയിൽ പങ്കുപറ്റി ചെയ്യേണ്ട ഒരു കാര്യമാണത്. കാരണം ഓരോ ബലിയിലും യേശുവിൻറെ ജനനം, പരസ്യജീവിതം, അന്ത്യ അത്താഴം, പീഡാസഹനങ്ങൾ, കുരിശുമരണം, ഉത്ഥാനം, എല്ലാം അതിൻറെ പരിപൂർണതയിൽ നമ്മൾ കാണുന്ന അൾത്താരയിലും സംഭവിക്കുന്നുണ്ട്.
ഓൺലൈൻ കുർബാന മറ്റൊരു ചാനൽ പരിപാടിയല്ല.അതുകൊണ്ടു ബലിയർപ്പണത്തെ മറ്റു ചാനൽ പരിപാടികൾ കാണുന്ന ലാഘവത്തോടെ കാണുവാൻ ശ്രമിക്കരുത്. അതു ഗൗരവമായ തെറ്റു തന്നെയാണ്. ‘വിശുദ്ധമായ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും’ ( ജ്ഞാനം 6:10) എന്ന ജ്ഞാനത്തിൻറെ വചനം ഇവിടെ നമുക്കു വഴികാട്ടിയാകണം
പരിശുദ്ധ കുർബാന നേരിട്ടാണെങ്കിലും ഓൺലൈനിലാണെങ്കിലും വലിയ ഒരുക്കത്തോടും ഭയഭക്തിയോടും കൂടെ വേണം നാം അതിൽ പങ്കെടുക്കാൻ. ഓൺലൈൻ കുർബാനയെ സംബന്ധിച്ചാണെങ്കിൽ ഒരു ദൈവാലയത്തിൽ എങ്ങനെയാണോ നാം ബലിയർപ്പണത്തിൽ പങ്കെടുക്കുന്നത്, അതേ നിബന്ധനകളും നിയമങ്ങളും പാലിച്ചുകൊണ്ടു നമ്മൾ ഇരിക്കുന്ന സ്ഥലം ആ ദേവാലയത്തിൻറെ ഒരു ഭാഗമാണെന്നു ചിന്തിച്ചുകൊണ്ടു നമ്മുടെ കാഴ്ചവസ്തുക്കൾ ഒരുക്കി ആ ബലിപീഠത്തിലേക്കു സമർപ്പിച്ച്, പരിശുദ്ധ ദൈവമാതാവിനോടും സകല വിശുദ്ധരോടും മാലാഖമാരോടും തിരുസഭയോടും ആ ബലിയർപ്പിക്കുന്ന വൈദികനോടും ചേർന്ന് ആ ബലിയിൽ പങ്കെടുക്കണം.
ലൈവ് ആയി സംപ്രേഷണം ചെയ്യുന്ന പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ യാതൊരു കാരണവശാലും സാധിക്കാതെ വരുന്ന അവസരത്തിൽ മാത്രം നമുക്കു നേരത്തേ റെക്കോർഡു ചെയ്തുവച്ചിരിക്കുന്ന പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. എന്നാൽ ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കണം. എപ്പോഴാണോ ഞാൻ റെക്കോർഡു ചെയ്ത ഒരു കുർബാനയിൽ പങ്കെടുക്കുന്നത്, ആ സമയത്തു ലോകത്തിൽ എവിടെയെങ്കിലും ഒരു ബലിയർപ്പണം നടക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കുക. അപ്പോൾ നമ്മൾ ആ ബലിയിലേക്കു നമ്മുടെ നിയോഗങ്ങളും ചേർത്തുവച്ചു പ്രാർഥനാപൂർവം കുർബാനയിൽ പങ്കുകൊള്ളണം. അതിനായി ഉപയോഗിക്കാവുന്ന പ്രാർഥനയുടെ ഒരു മാതൃക ഇപ്രകാരമാണ്.
” ദൈവമേ, ഈ സമയത്തു ലോകത്ത് എവിടെയെങ്കിലും ഒരു ബലിയർപ്പണം നടക്കുന്നുണ്ടെങ്കിൽ ആ ബലിയർപ്പണം നടക്കുന്ന അൾത്താരയിലേക്ക് എൻറെ ഈ കാഴ്ചവസ്തുക്കൾ (………………) ഞാൻ ഒരുക്കിത്തരുന്നു, അവ അങ്ങു സ്വീകരിക്കേണമേ. ആ സ്ഥലത്ത് ആ ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന ബലിയോടു അരൂപിയിൽ ഒന്നുചേർന്നു പങ്കെടുക്കാൻ എന്നെ അനുവദിക്കണമേ. അയോഗ്യനും പാപിയുമായ എനിക്ക് അതിനുള്ള യോഗ്യത അങ്ങു തന്നെ നൽകണമേ”
അതുപോലെ തന്നെ നമുക്ക് ഇഷ്ടം തോന്നുന്ന ഓൺലൈൻ കുർബാന, അല്ലെങ്കിൽ നമുക്കിഷ്ടപ്പെട്ട ഒരു വൈദികൻ അർപ്പിക്കുന്ന കുർബാന കാണുവാൻ നമുക്കു കൂടുതൽ താൽപര്യം ഉണ്ടാകും. എന്നാൽ അത് ഒരു ലൈവ് സംപ്രേഷണം ആണെന്ന് ഉറപ്പുവരുത്തണം. അക്കാര്യത്തിൽ ഉറപ്പില്ലെങ്കിൽ, മുൻപ് പറഞ്ഞതുപോലെ തന്നെ ആ സമയത്തു ലോകത്തിൽ എവിടെയാണോ ഒരു ബലി നടക്കുന്നത് ആ ബലിപീഠത്തിലേക്കു കാഴ്ചവസ്തുക്കളൊരുക്കി ആ ദിവ്യബലിയിൽ അരൂപിയിൽ പങ്കെടുക്കാൻ നാം ശ്രദ്ധിക്കണം.
പ്രധാനപ്പെട്ട ഒരു കാര്യം കൂടി ഓർമിപ്പിക്കട്ടെ. ഇപ്പോൾ നേരിട്ടു ദൈവാലയത്തിൽ പോയി പരിശുദ്ധകുർബാനയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നവർ അതിനു ശ്രമിക്കാതെ ഓൺലൈനിലൂടെ കുർബാനയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അവർ ആ ശീലം തുടരാതിരിക്കട്ടെ. ഓരോ ദിവ്യബലിയിലും പങ്കെടുക്കാൻ അവസരം കിട്ടുക എന്നത് യേശുവിൻറെ നമ്മോടുള്ള സ്നേഹത്തിൻറെ വലിയ അടയാളമാണ്. യേശുവിൻറെ കാൽവരി ബലിവേദിയിൽ നേരിട്ടു സന്നിഹിതനാകാൻ അവിടുന്നു തെരഞ്ഞെടുത്തതു താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച യോഹന്നാനെയായിരുന്നു എന്നതു നാം മറക്കരുത്. അപ്പോൾ മറ്റു പത്തു ശിഷ്യന്മാരും ദൂരത്തിരുന്നുകൊണ്ട് യേശുവിനു സംഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടായിരിക്കണം. എന്നാൽ മനുഷ്യരക്ഷയ്ക്കായുള്ള ആദ്യത്തെയും അവസാനത്തെയും ബലിയിൽ ആദ്യാവസാനം യേശുവിനോടു കൂടെ നിന്ന യോഹന്നാനു ലഭിച്ച കൃപകൾ എത്ര മഹത്തരമായിരുന്നു എന്നതിനു യോഹന്നാൻറെ സുവിശേഷം തന്നെയാണു സാക്ഷി. തൻറെ ബലിയിൽ പങ്കാളികളാകാൻ യേശു സ്നേഹപൂർവം വിളിക്കുകയും അതിനുള്ള സാഹചര്യം ഒരുക്കിത്തരുകയും ചെയ്തിട്ടും അതിനു തയ്യാറാകാതെ അവിടുത്തേയ്ക്കു പുറംതിരിഞ്ഞുനിൽക്കുന്നത് നമ്മുടെ കർത്താവിനെ എത്രമാത്രം വേദനിപ്പിക്കും എന്നോർത്തുനോക്കുക.
പരിശുദ്ധ കുർബാനയ്ക്കു കാഴ്ചവസ്തുക്കളൊരുക്കേണ്ട വിധം
————————————————————————————————-
പരിശുദ്ധ കുർബാനയിൽ കാഴ്ചവസ്തുക്കൾ ഒരുക്കിവയ്ക്കുക എന്നതു കുർബാന തുടങ്ങുന്നതിനു മുൻപേ തന്നെ ചെയ്യേണ്ട കാര്യമാണ്. നമ്മെയും, നമ്മുടെ നിയോഗങ്ങൾ, നമ്മുടെ കുടുംബം, സമൂഹം, സഭ, ശുദ്ധീകരണാത്മാക്കൾ, എല്ലാം കാഴ്ചവസ്തുക്കളാക്കി ഒരുക്കി എല്ലാ വിശുദ്ധരോടും മാലാഖമാരോടും ചേർന്നു പരിശുദ്ധ അമ്മ വഴി പിതാവായ ദൈവത്തിനു സമർപ്പിക്കുക. കാർമ്മികൻ കാഴ്ചവസ്തുക്കൾ ( അപ്പവും വീഞ്ഞും) ഒരുക്കുമ്പോൾ നാം നമ്മുടെ കാഴ്ചവസ്തുക്കളും ഈശോയെക്കൊണ്ട് ഒരുക്കി കാസയിലും പീലാസയിലും സമർപ്പിക്കണം.
പരിശുദ്ധ കുർബാന ഏതു റീത്തിലായാലും സാരാംശത്തിൽ ഒന്നുതന്നെയാണ്. കുർബാനവേളയിൽ വൈദികൻ അനുഷ്ഠിക്കുന്ന ഓരോ കർമ്മങ്ങൾക്കും കൃത്യമായ അർത്ഥതലങ്ങളുണ്ട്. കുർബാനയുടെ ഓരോ ഭാഗവും യേശുവിൻറെ ജീവിതത്തിൻറെ ഓരോ ഭാഗത്തിൻറെ അനുസ്മരണമാണ്. അതിനെക്കുറിച്ചും ഹ്രസ്വമായി പ്രതിപാദിച്ച ആഗ്രഹിക്കുന്നു. സീറോ മലബാർ കുർബാനക്രമം ആണ് ഇവിടെ ഉദാഹരണമായി എടുത്തിരിക്കുന്നത് എന്നതു ശ്രദ്ധിക്കുമല്ലോ.
അനുസ്മരണങ്ങൾ
——————————-
1.അത്യുന്നതങ്ങളിൽ …. ( മാലാഖമാരുടെ കീർത്തനം) – യേശുവിൻറെ ജനനം ധ്യാനിക്കുന്നു
2.സങ്കീർത്തനങ്ങൾ ( മർമ്മീസ) — യേശുവിൻറെ വ്യക്തിപരമായ പ്രാർത്ഥനകൾ അനുസ്മരിക്കുന്നു
3 സർവാധിപനാം…. ( ഉത്ഥാനഗീതം) – മിശിഹായുടെ പ്രത്യക്ഷീകരണം, പരിശുദ്ധത്രിത്വത്തിൻറെ വെളിപാട്, അതോടൊപ്പം യേശുവിൻറെ മാമോദീസയും അനുസ്മരിക്കുന്നു.
4.ശബ്ദമുയർത്തി പാടിടുവിൻ …. ( ത്രൈശുദ്ധ കീർത്തനം) – ത്രിയേക ദൈവത്തിൻറെ പരമപരിശുദ്ധി
5. സുവിശേഷപ്രദക്ഷിണം – സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്കുള്ള മിശിഹായുടെ ആഗമനം
6. വചനവായന – യേശുവിൻറെ വചനപ്രഘോഷണം
7. ഒരുക്ക ശുശ്രൂഷ – (കാറോസൂസ ആരംഭിക്കുമ്പോൾ) കാൽവരി ബലിയ്ക്കു മുൻപുള്ള യേശുവിൻറെ പീഡാസഹനങ്ങളുടെ ഒരുക്കം
8. കാസയും പീലാസയും സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം – മിശിഹായുടെ പീഡാനുഭവ ( കാൽവരി) യാത്ര
9. കാസയും പീലാസയും ഉയർത്തൽ – യേശുവിൻറെ കുരിശുമരണം
10. ശോശപ്പ കൊണ്ടു മൂടുന്നു -യേശുവിൻറെ കബറടക്കം
11. താതനുമതുപോലാത്മജനും .. ( അനുസ്മരണഗീതം) – പരിശുദ്ധ ത്രിത്വത്തെ അനുസ്മരിക്കുന്നു. കൂടാതെ പരിശുദ്ധ അമ്മ, യൗസേപ്പിതാവ്, മാർത്തോമാശ്ലീഹാ, അപ്പസ്തോലന്മാർ, രക്തസാക്ഷികൾ, സകല വിശുദ്ധർ, സകല മരിച്ചവർ എന്നിവരെ അനുസ്മരിക്കുന്നു.
12. ആശിർവാദം – ഉത്ഥിതനായ യേശുവിൻറെ സമാധാനാശംസ
13. ശോശപ്പ ഉയർത്തി മടക്കിവെക്കുന്നു – യേശുവിൻറെ ഉത്ഥാനത്തെ പ്രതിനിധീകരിക്കുന്നു.
14. ഒന്നായ് ഉച്ചസ്വരത്തിലവർ…. ( പരിശുദ്ധ,പരിശുദ്ധൻ, പരിശുദ്ധൻ) – സ്വർഗ്ഗവാസികളോടു ചേർന്നു ഭൂവാസികളായ നമ്മളും ദൈവത്തെ സ്തുതിക്കുന്നു.
15. അന്തിമഭോജനാനുസ്മരണം – പെസഹാ, പരിശുദ്ധ കുർബാന സ്ഥാപനം
16. റൂഹാക്ഷണപ്രാർത്ഥന – പരിശുദ്ധ കുർബാന പരിശുദ്ധാത്മാവിൻറെ പ്രവൃത്തി. രക്ഷാകരകർമ്മത്തിലെ പരിശുദ്ധാത്മാവിൻറെ എല്ലാ പ്രവർത്തനങ്ങളും അനുസ്മരിക്കുന്നു. ഈശോയുടെ ഉത്ഥാനം , പരിശുദ്ധാത്മാവിൻറെ ആഗമനം
കുർബാനസ്വീകരണത്തിനു മുൻപു പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും പ്രാർത്ഥനാസഹായം ചോദിക്കുക. അന്നു ബെത്ലെഹേമിൽ ഈശോയ്ക്കു ജനിക്കാനായി നിങ്ങൾ ഒരു പുൽക്കൂട് ഒരുക്കിയതുപോലെ ഇന്ന് എൻറെ ഹൃദയത്തിലും അരൂപിയിൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ വേണ്ടി ഒരു പുൽക്കൂട് ഒരുക്കിത്തരാമോ എന്നു മാതാവിനോടും യൗസേപ്പിതാവിനോടും ചോദിക്കുക. ഒരു മനസ്താപപ്രകരണം ചൊല്ലിക്കൊണ്ട്, ‘അരൂപിയിൽ എഴുന്നള്ളിവരാൻ പോകുന്ന യേശുവിനെ ഞാൻ സ്നേഹിക്കുന്നു’ എന്ന് ആവർത്തിച്ചു പറയുക. യേശുവിനെ ഹൃദയത്തിലേക്കു ക്ഷണിക്കുക. അതിനുശേഷം യേശു ദിവ്യകാരുണ്യമായി അരൂപിയിൽ എൻറെ ഹൃദയത്തിൽ വന്നു എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അവിടുത്തെ സ്തുതിക്കുകയും അവർണ്ണനീയമായ ഈ ദാനത്തിന് അവിടുത്തേക്കു നന്ദി പറയുകയും ചെയ്യുക.
ഇനിയൊരു ബലി അർപ്പിക്കാൻ നാം വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാത്ത നാളുകളാണിവ. നാം പങ്കെടുക്കുന്ന ഓരോ കുർബാനയും ക്രിസ്തുവിൻറെ മാത്രമല്ല, നമ്മുടെയും അവസാനത്തെ അത്താഴമായിരിക്കും എന്ന ചിന്തയോടെ കർത്താവിൻറെ ബലിപീഠത്തിൻറെ മുൻപിലേക്കു വരിക. നേരിട്ടായാലും ഓൺലൈനിലായാലും ജീവനുള്ള ദൈവത്തിൻറെ കുഞ്ഞാട് നമ്മുടെ സമീപത്തുതന്നെയുണ്ട് എന്ന് ഉറച്ചുവിശ്വസിക്കുക.
പങ്കെടുക്കുന്ന ഓരോ കുർബാനയും ആത്മാവിൽ തട്ടുന്ന അനുഭവമാകാൻ വേണ്ടി നമുക്കു പ്രാർഥിക്കാം .
‘ ഓ ദിവ്യകാരുണ്യ യേശുവേ, പരിശുദ്ധ കുർബാനയോടുള്ള സ്നേഹം ഒരു വരമായി എനിക്കു നൽകണമേ”