ഇതെനിക്കായ്‌ ചിന്തിയ രക്തം

യേശുവിൻറെ അമൂല്യമായ തിരുരക്തത്തോടുള്ള ഭക്തി  സഭയിൽ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സഭയിൽ  സുസ്ഥാപിതമായിരുന്നു.  അപ്പസ്തോലന്മാരുടെ ലേഖനങ്ങളിൽ തിരുരക്തത്തെക്കുറിച്ചുള്ള  പരാമർശങ്ങൾ നിരവധിയാണ്. സഭ കർത്താവിൻറെ തിരുരക്തത്തിനു കൊടുത്തിരുന്ന  പ്രാധാന്യത്തിൻറെ തെളിവുകളാണവ. കറയില്ലാത്ത കുഞ്ഞാടിൻറെ   രക്തത്തിൻറെ രക്ഷാകരശക്തിയെ വാഴ്ത്തിപ്പാടുന്നതിൽ  അപ്പസ്തോലന്മാർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

‘പിതാക്കന്മാരിൽ നിന്നു നിങ്ങൾക്കു  ലഭിച്ച വ്യർത്ഥമായ ജീവിതരീതിയിൽ നിന്നു  നിങ്ങൾ  വീണ്ടെടുക്കപ്പെട്ടതു  നശ്വരമായ  വെള്ളിയോ സ്വർണ്ണമോ കൊണ്ടല്ല എന്ന് നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിൻറേതു പോലുള്ള  ക്രിസ്തുവിൻറെ അമൂല്യ രക്തം കൊണ്ടത്രേ’ ( 1 പത്രോസ് 1:18-19).  ആകയാൽ ഇപ്പോൾ അവൻറെ രക്തത്താൽ നീതികരിക്കപ്പെട്ട നാം അവൻ മൂലം ക്രോധത്തിൽ  നിന്നു  രക്ഷിക്കപ്പെടുമെന്നതു തീർച്ചയാണല്ലോ ( റോമാ 5:9). സ്വന്തം രക്തത്തിലൂടെ ജനത്തെ  വിശുദ്ധീകരിക്കാൻ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു ( ഹെബ്രാ. 13:12). അവിടുത്തെ പുത്രനായ യേശുവിൻറെ രക്തം  എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു ( 1  യോഹ. 1:7)

വിശുദ്ധയായ മേരി  മഗ്ദലേൻ  ദെ പാസ്സി  പറയുന്നത് ഒരു വ്യക്തി  തൻറെ  മോചനദ്രവ്യമായിത്തീർന്ന യേശുവിൻറെ  തിരുരക്തം   എപ്പോഴൊക്കെ  ദൈവത്തിനു സമർപ്പിക്കുന്നുവോ, അപ്പോഴൊക്കെ  അനന്തമൂല്യമുള്ളതും  മറ്റൊന്നിനോടും തുലനം ചെയ്യാനാവാത്തതുമായ  ഒരു സമ്മാനമാണു  സമർപ്പിക്കുന്നത് എന്നാണ്. വിശുദ്ധ ജോൺ മരിയ  വിയാനി  സാക്ഷ്യപ്പെടുത്തുന്നത് യേശുവിൻറെ അമൂല്യമായ തിരുരക്തം  പരിശുദ്ധകന്യകാമറിയം  വഴിയായി  പിതാവായ ദൈവത്തിനു  സമർപ്പിക്കുന്നതാണ് ഏറ്റവുമധികം  ഫലപ്രദം എന്നാണ്.

വിശുദ്ധ ഡൊമിനിക്ക് ഒരിക്കൽ ബലിയർപ്പിച്ചുകൊണ്ടിരുന്നപ്പോൾ  കാസയുടെ മുകളിൽ നിന്ന്  പരിശുദ്ധ ‘അമ്മ  യേശുവിൻറെ  തിരുരക്തം  ദൈവാലയത്തിൽ സന്നിഹിതരായിരുന്ന എല്ലാവരുടെയും  മേൽ തളിക്കുന്നതായി കാണപ്പെട്ടു.  രാജാവും രാജ്ഞിയുമടക്കം മുന്നൂറോളം പേർ  ഈ അത്ഭുതത്തിനു സാക്ഷികളായിരുന്നു.  വിശുദ്ധ മെറ്റിൽഡയോട് യേശു  വെളിപ്പെടുത്തിയത് ഇപ്രകാരമാണ്.  “ഞാൻ എൻറെ രക്തമൊലിക്കുന്ന മുറിവുകൾ  എൻറെ പിതാവിൻറെ ക്രോധത്തെ തണുപ്പിക്കാനായി  കാണിച്ചുകൊടുക്കുന്നു. എൻറെ രക്തം കാണുമ്പോൾ   അവിടുന്നു  പാപങ്ങൾ ക്ഷമിക്കുന്നു”

വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു. “അൾത്താരയിൽ ബലിയർപ്പിക്കപ്പെട്ട കർത്താവിനെ കാണുമ്പോൾ,

 ബലിവസ്തുവിൻറെ മുൻപിൽ പ്രാർത്ഥനാപൂർവ്വം കുമ്പിടുന്ന  പുരോഹിതനെ കാണുമ്പോൾ, അമൂല്യമായ തിരുരക്തത്താൽ അരുണാഭയാർന്ന വിശ്വാസികളെ കാണുമ്പോൾ, നിങ്ങൾ ഇപ്പോഴും ഭൂമിയിൽ  മനുഷ്യർക്കിടയിൽ തന്നെയാണെന്നു  ചിന്തിക്കാൻ കഴിയുന്നുണ്ടോ? അതോ നിങ്ങൾ  സ്വർഗത്തിലേക്ക്  ഉയർത്തപ്പെടുന്നില്ലേ? 

കർത്താവിൻറെ അമൂല്യമായ തിരുരക്തത്തിനോടുള്ള ഭക്തി പ്രകടിപ്പിക്കേണ്ടതിൻറെ കാരണങ്ങളെക്കുറിച്ച് വിശുദ്ധനായ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ  ഇപ്രകാരം പറയുന്നു. “‘രക്ഷകൻറെ  അനന്തമായ സ്നേഹം  അവിടുത്തെ തിരുനാമത്തിൽ   പ്രഖ്യാപിക്കപ്പെട്ടു. അവിടുത്തെ തിരുഹൃദയത്തിൽ  പ്രതീകവത്കരിക്കപ്പെട്ടു. അവിടുത്തെ തിരുരക്തത്തിൽ  സ്പഷ്ടമാക്കപ്പെട്ടു’.. മറ്റൊരവസരത്തിൽ  പാപ്പാ പറഞ്ഞു. ” ലോകത്തിന് ഇപ്പോഴും  നേർവഴിയിലേക്ക്  വരാൻ കഴിയും. എന്നല്ല ഇപ്പോഴും അതു  സാധ്യമാണ്. കാരണം കരുണയ്ക്കും അനുകമ്പയ്ക്കും വേണ്ടി ക്രിസ്തുവിൻറെ സ്വരവും അവിടുത്തെ രക്തവും   നിലവിളിക്കുന്നു. തിരുരക്തത്തോടുള്ള ഭക്തി  നമ്മുടെ  ഈ കാലത്തേക്കുള്ള ഭക്തിയാണ്. അതു  ലോകം മുഴുവനുമുള്ള സകല ആത്മാക്കൾക്കും വേണ്ടിയുള്ളതാണ്”.

സിയെന്നയിലെ വിശുദ്ധ കാതറിൻ, വിശുദ്ധ ജെർത്രൂദ്‌ എന്നിവരൊക്കെ തിരുരക്തത്തോട് അഗാധമായ ഭക്തി പുലർത്തിയിരുന്നു.  വിശുദ്ധ ജെർത്രൂദിൻറെ  പ്രാർഥന  നമുക്കു  സുപരിചിതമാണല്ലോ.

‘നിത്യപിതാവേ,  ഇന്നേദിവസം  ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്കായി സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരൻ യേശുവിൻറെ വിലയേറിയ തിരുരക്തം  ശുദ്ധീകരണസ്ഥലത്തിലെ  സകല ആത്മാക്കൾക്കും  ലോകത്തിലെ എല്ലാ പാപികൾക്കും സാർവത്രികസഭയിലെയും എൻറെ കുടുംബത്തിലെയും  പാപികൾക്കുമായി ഞാൻ കാഴ്ച വയ്ക്കുന്നു’.

തിരുരക്തത്തോടുള്ള ഭക്തി മരണാസന്നർക്കു  പ്രത്യേകമാംവിധം  ഫലപ്രദമാണ് എന്നു  നാം അറിഞ്ഞിരിക്കണം. ആസന്ന മരണർക്കു   ദൈവകരുണ  യാചിച്ചുകൊണ്ടുള്ള  ഒരു ശക്തമായ പ്രാർഥന  താഴെക്കൊടുക്കുന്നു. 

‘ഓ എത്രയും കാരുണ്യവാനായ ഈശോയേ, ആത്മാക്കളെ  സ്നേഹിക്കുന്നവനേ, അങ്ങയുടെ  പരിശുദ്ധഹൃദയത്തിൻറെ  തീവ്രവേദനയാൽ, അങ്ങയുടെ അമലോത്ഭവ മാതാവിൻറെ  വ്യാകുലങ്ങളാൽ, ഇപ്പോൾ  മരണവേദനയിലായിരിക്കുന്നതും ഇന്നു മരിക്കുന്നതുമായ   എല്ലാ പാപികളെയും  അങ്ങയുടെ സ്വന്തം രക്തം കൊണ്ടു   കഴുകണമേ. ആമേൻ.’  മറ്റൊരു ലഘു പ്രാർഥന  ഇപ്രകാരമാണ്. ‘മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെ മേൽ കരുണയായിരിക്കണമേ’.

 തിരുരക്തം മരണസമയത്തു മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ കോട്ടയും പരിചയുമായിരിക്കണം. ഓരോ ദിവസവും നാം നമ്മെത്തന്നെ  യേശുവിൻറെ  അമൂല്യമായ  രക്തത്തിനു  പ്രതിഷ്ഠിക്കണം. അതുവഴിയായി  നമ്മുടെ അവസാന മണിക്കൂറുകളിൽ നമുക്കു  നേരിടേണ്ടി വരുന്ന അന്തിമപ്രലോഭനങ്ങളുടെ മുൻപിൽ അടിപതറാതെ  പിടിച്ചുനിൽക്കാനുള്ള കൃപ നമുക്കു  സംഭരിച്ചുവയ്ക്കാം. തിരുരക്തത്തിൻറെ    സംരക്ഷണത്തിനായി  ഇടയ്ക്കിടെ ചൊല്ലാവുന്ന  ഒരു  സുകൃതജപം  ഓർത്തുവയ്ക്കുന്നതു  നമുക്ക്  ഉപകരിക്കും. ‘ ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, ഞങ്ങളെയും ലോകം മുഴുവനെയും  രക്ഷിക്കണമേ’ 

നമ്മുടെ ജീവിതത്തിലെ  അവസാന മൂന്നു  മണിക്കൂറുകൾ പരിശുദ്ധ അമ്മയുടെ  മധ്യസ്ഥത്തിലൂടെ   യേശുവിൻറെ  തിരുരക്തത്തിനു  സമർപ്പിക്കുന്ന  ഒരു വിശിഷ്ടമായ പ്രാർത്ഥനയെക്കുറിച്ചു  പലർക്കും അറിയില്ല. നമ്മുടെ കർത്താവിൻറെ പീഡാസഹനങ്ങളോടുചേർത്തു   നമ്മുടെ അവസാന  മണിക്കൂറുകളും പിതാവായ ദൈവത്തിന്, പരിശുദ്ധ അമ്മയുടെ മാതൃഹൃദയത്തിലൂടെ സമർപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

‘ഓ,  വ്യാകുലം   നിറഞ്ഞ അമ്മേ, യേശുവിൻറെ കുരിശിൻ ചുവട്ടിൽ  അങ്ങ് എങ്ങനെയാണോ  നിന്നത്, അതേ  സ്നേഹത്തോടു കൂടെ  എൻറെ അന്ത്യനിമിഷങ്ങളിൽ എൻറെ അരികിലും അങ്ങ് ഉണ്ടായിരിക്കണമേ. എൻറെ ജീവിതത്തിലെ അവസാന മൂന്നു മണിക്കൂറുകൾ ഞാൻ അങ്ങയുടെ മാതൃഹൃദയത്തിനു    സമർപ്പിക്കുന്നു. ഈ മൂന്നു മണിക്കൂറുകൾ  ഞങ്ങളുടെ പ്രിയപ്പെട്ട കർത്താവിൻറെ  തീവ്രവേദനയോടുചേർത്തു   നിത്യപിതാവിനു സമർപ്പിക്കണമേ. എൻറെ പാപങ്ങളുടെ പരിഹാരത്തിനായി  യേശുവിൻറെ അമൂല്യരക്തം  അങ്ങു കാൽവരിയിൽ  തൂകിയ കണ്ണീരിനോടു  ചേർത്തു   നിത്യപിതാവിന്   എല്ലായ്‌പ്പോഴും സമർപ്പിക്കണമേ. അതുവഴിയായി തികഞ്ഞ സ്നേഹത്തോടും പൂർണ്ണമായ അനുതാപത്തോടും കൂടി  എൻറെ മരണത്തിനു മുൻപു  പരിശുദ്ധ കുർബാന സ്വീകരിക്കാനും  അന്ത്യശ്വാസം വലിക്കുമ്പോൾ എൻറെ ആത്മാവിനെ യേശുവിൻറെ യഥാർഥമായ  സാന്നിധ്യത്തിലേക്കു   സമർപ്പിക്കാനും വേണ്ട  കൃപ എനിക്കു  ലഭിക്കുമാറാകട്ടെ. ഏറ്റം പ്രിയപ്പെട്ട അമ്മേ, എൻറെ മരണനേരത്ത്  എന്നെ അങ്ങയുടെ തന്നെ കുഞ്ഞായി  ഈശോയ്ക്കു  കൊടുക്കുക. എനിക്കുവേണ്ടി യേശുവിനോടു പറയുക. ‘മകനേ, താൻ   ചെയ്തതെന്തെന്ന് ഇയാൾ  അറിയുന്നില്ല. ഇയാളോടു   ക്ഷമിക്കണമേ. ഈ ദിവസം ഇയാളെ നിൻറെ രാജ്യത്തിൽ ചേർക്കണമേ.

വിശുദ്ധ കാതറിൻ ഒരിക്കൽ പറഞ്ഞു.  “വിനീതനും നിഷ്‌കന്മഷനുമായ കുഞ്ഞാടിൻറെ  രക്തം പരികർമ്മം ചെയ്യുന്നവർ എന്ന നിലയിൽ മാത്രം വൈദികരെ കാണുക. അവരിൽ ഉണ്ടായേക്കാവുന്ന മറ്റു കുറ്റങ്ങളും കുറവുകളും എല്ലാം  അവഗണിക്കുക”. 

ഈ നാളുകളിൽ  സഭയിൽ ആകമാനം യേശുവിൻറെ തിരുരക്തത്തോടുള്ള ഭക്തി വർധിച്ചുവരുന്നുണ്ട്. അതിന് ഒരു കാരണം   നൈജീരിയയിലെ ബർണബാസ്‌ നോയേ  എന്ന  ചെറുപ്പക്കാരനു   കിട്ടിയ സന്ദേശങ്ങളാണ്.  1995 ൽ നൈജീരിയയിലെ  ഓലോ  എന്ന സ്ഥലത്തുവച്ചാണ്  ബർണബാസ് എന്ന പതിനേഴു   വയസുകാരന് യേശു ആദ്യമായി സന്ദേശം കൊടുക്കുന്നത്.   

അപ്പോൾ യേശു ബർണബാസിനോട്  ആവശ്യപ്പെട്ടതു   തൻറെ  അമൂല്യമായ തിരുരക്തത്തെ ആരാധിക്കാനും  തിരുരക്തത്തിനെതിരെ ചെയ്യപ്പെടുന്ന എല്ലാ അതിക്രമങ്ങൾക്കും നിന്ദനങ്ങൾക്കും വേണ്ടി തന്നെ സമാശ്വസിപ്പിക്കാനും ആയിരുന്നു. തുടർന്നുള്ള വർഷങ്ങളിലും  ബർണബാസിനു   ലഭിച്ചു കൊണ്ടിരുന്ന സന്ദേശങ്ങൾ പ്രചരിച്ചതോടെ  തിരുരക്ത ഭക്തി കൂടുതൽ കൂടുതൽ വ്യാപകമായി. നാം ഇന്നറിയുന്ന തരത്തിലുള്ള തിരുരക്ത ഭക്തി    പരിശുദ്ധ അമ്മയുടെ ജപമാലയ്ക്കു ശേഷം  ചൊല്ലേണ്ട തിരുരക്ത ജപമാലയും  അതിനെ തുടർന്നുള്ള  പ്രാർഥനകളും  ചേർന്നതാണ്. ആ പ്രാർഥനകൾ   യഥാക്രമം  സമാശ്വാസം, ആരാധന, പരിഹാരം, മാധ്യസ്ഥം ഗെത്  സമേൻ  മണിക്കൂർ എന്നിവയാണ്.

തിരുരക്ത ജപമാല എന്നത്  യേശുവിൻറെ അഞ്ചു തിരുമുറിവുകളുടെ രഹസ്യങ്ങളെ   ധ്യാനിച്ചുകൊണ്ടുള്ള ജപമാലയാണ്. ഇത് പരിശുദ്ധ ദൈവമാതാവിൻറെ ജപമാലയ്ക്കുശേഷം   ചൊല്ലണം എന്ന യേശു  ബർണബാബാസിനോട് പറയുകയുണ്ടായി.

രണ്ടാം ഭാഗമായ  സമാശ്വാസത്തിൻറെ പ്രാർത്ഥനകൾ  പിതാവായ ദൈവത്തെയും   പുത്രനായ   യേശുക്രിസ്തുവിനെയും  അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.  അമൂല്യമായ തിരുരക്തത്തിനെതിരെ, നമ്മുടെ ജീവിതത്തിലും, സഭയിലും, ലോകത്തിലും  ഒക്കെ പലപ്പോഴും  നടക്കുന്ന   നിന്ദാപമാനങ്ങൾക്കും  ദൈവദൂഷണങ്ങൾക്കും  വേണ്ടി   പിതാവിനെയും  പുത്രനെയും സമാശ്വസിപ്പിക്കുന്ന  പ്രാർഥനകളാണിവ. തുടർന്നു വരുന്ന ആരാധനാ  പ്രാർഥനകളിൽ  അമൂല്യമായ തിരുരക്തത്തെ ആരാധിക്കുകയും  മഹത്വപ്പെടുത്തുകയും  നമ്മുടെ യാചനകൾ സമർപ്പിക്കുകയും ചെയ്യുന്ന ഏഴു   പ്രാർഥനകൾ അടങ്ങിയിരിക്കുന്നു.

തിരുരക്തഭക്തിയുടെ അടുത്ത ഭാഗം  പരിഹാരപ്രാർഥനകളാണ്. തീവ്രവേദനയോടെയുള്ള ഏഴു അർഥനകളിൽ   കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി  തന്നെ നിരന്തരം  ക്രൂശിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവർഗത്തിൻറെ പാപങ്ങളെക്കുറിച്ച് യേശു പറയുന്നു.  പരിശുദ്ധ കുർബാനയ്‌ക്കെതിരെയുള്ള അതിക്രമങ്ങളും അവഹേളനങ്ങളും, കൂദാശകളോടു  കാണിക്കുന്ന അവഗണന, അടക്കമില്ലായ്മ,  അത്യാഗ്രഹം, ധനമോഹം, വിഷയാസക്തി എന്നിവ ഇതിൽ  ഉൾപ്പെടുന്നു. ഇവ അനേക ലക്ഷം  മനുഷ്യരെ നരകത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നു എന്നും യേശു  വെളിപ്പെടുത്തുന്നു. തീവ്രവേദനയോടെയുള്ള ഓരോ അർത്ഥനകൾക്കും ശേഷം  യേശു നമ്മോടാവശ്യപ്പെടുന്നത്   പരിഹാരത്തിൻറേതായ  ഒരു ജീവിതം നയിക്കാനാണ്.

 യോഗാത്മക പ്രാർഥനകൾ  (Mystical Prayers) എന്നറിയപ്പെടുന്ന  പ്രത്യേക മധ്യസ്ഥപ്രാർഥനകളാണു  തിരുരക്തഭക്തിയുടെ അഞ്ചാം ഭാഗത്തുള്ളത്. തൻറെ പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും  മണിക്കൂറിൽ  മനുഷ്യവംശത്തിനു വേണ്ടി താൻ   പിതാവായ ദൈവത്തോടു  നടത്തിയ  പ്രാർഥനകൾ തന്നെയാണിവ എന്ന് യേശു  വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ഈ പ്രാർഥനകളിൽ എതിർക്രിസ്തുവിൻറെ (Antichrist) പരാജയത്തിനും, മഹാശിക്ഷയുടെ കാലത്തു പിടിച്ചുനിൽക്കാനുള്ള കൃപയ്ക്കും, ജഡികപാപങ്ങളിൽ  നിന്നുള്ള സംരക്ഷണത്തിനും  വിശ്വാസസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രാർഥനകളും ഉൾപ്പെടുന്നു.   യോഗാത്മക പ്രാർഥനകളിൽ ഉൾപ്പെടുന്ന നിയോഗങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ,  ഈ നാളുകളിൽ നാം  കൂടുതലായി   ശ്രദ്ധ വയ്‌ക്കേണ്ട ഒരു മേഖലയാണിത് എന്നു  നിസംശയം പറയാം.

 തിരുരക്തഭക്തിയുടെ  അവസാന ഭാഗം  ഗെത് സമേൻ  മണിക്കൂർ എന്ന പ്രത്യേകപ്രാർഥന  ആണ്. ഇത് അല്പം ദൈർഘ്യമേറിയതാണ്. ഈ പ്രാർത്ഥനകൾ ചൊല്ലേണ്ടത് എല്ലാ വ്യാഴാഴ്ചയും രാത്രി പതിനൊന്നു മണിയ്ക്കും വെള്ളിയാഴ്ച  വെളുപ്പിനു  മൂന്നുമണിയ്ക്കും ഇടയ്ക്കുള്ള സമയത്താണ്. മുഴുവൻ സമയവും പ്രാർഥിക്കാൻ  സാധിച്ചില്ലെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും  ഗെത് സമേൻ  മണിക്കൂർ പ്രാർത്ഥനയ്ക്കായി ചെലവഴിക്കാൻ യേശു ആഹ്വാനം ചെയ്യുന്നു.  ഈ സമയത്ത് ഇതിനു മുൻപു   പരാമർശിച്ച അഞ്ചുപ്രാർഥനകളും  (തിരുരക്ത ജപമാലയും തുടർന്നുള്ള  സമാശ്വാസ, ആരാധന, പരിഹാര, മാധ്യസ്ഥ പ്രാർഥനകളും)  ചൊല്ലേണ്ടതാണ്. 

ഈ പ്രത്യേക  പ്രാർഥനയുടെ   ഉദ്ദേശം  വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും  അങ്ങനെ  മഹാശിക്ഷയുടെ  നാളുകളിൽ പിടിച്ചുനിൽക്കാനും ഉള്ള കൃപ ലഭിക്കുന്നതിനുവേണ്ടിയാണ്. വിശ്വാസത്യാഗത്തിൻറെ ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനെ പ്രതി പീഡനങ്ങൾ ഏറ്റുവാങ്ങാൻ  ഓരോ ക്രിസ്ത്യാനിയും തയ്യാറാകേണ്ട ഈ മണിക്കറുകളിൽ  ഗെത്  സമേൻ  മണിക്കൂർ പ്രാർഥന  വളരെ വലിയൊരു ആയുധമായിരിക്കും എന്നതു തീർച്ചയാണ്.

നൈജീരിയയിലെ എനുഗു  രൂപതയുടെ മെത്രാൻ ആൻറണി ജിബുജി   നിയമിച്ച ദൈവശാസ്ത്ര കമ്മീഷൻ ഈ പ്രാർഥനകളെല്ലാം  പരിശോധിച്ച്  അംഗീകാരം നൽകിയിട്ടുണ്ട്. നൈജീരിയയിലെ തന്നെ ഇയോറിൻ  രൂപതയുടെ മെത്രാനായ  അയോ – മരിയ  അതോയേബി  ഒ .പി യും തിരുരക്ത ജപമാലയും  അതോടൊപ്പമുള്ള പ്രാർഥനകളും  ശുപാർശ ചെയ്യുന്നുണ്ട്.  വിശുദ്ധനായ ജോൺ പോൾ  രണ്ടാമൻ പാപ്പയും തിരുരക്ത ഭക്തിയെ  അങ്ങേയറ്റം വിലമതിച്ചിരുന്നു. യേശുക്രിസ്തുവിൻറെ അമൂല്യമായ തിരുരക്തത്തോടുള്ള  ഭക്തിയിൽ വളരാൻ ആഗ്രഹിക്കുന്നവർക്കു  സഹായകമായ  ‘ യേശുക്രിസ്തുവിൻറെ തിരുരക്തം’ എന്ന പുസ്തകം സോഫിയ ബുക്‌സ്  മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരമ്പരാഗതമായി തന്നെ ജൂലൈ മാസം തിരുരക്ത ഭക്തിയുടെ മാസമായി  കരുതിപ്പോരുന്നു.  തിരുരക്തത്തിൻറെ തിരുനാൾ സഭയിൽ ആചരിക്കപ്പെടുന്നത് ജൂലൈ ഒന്നിനാണ്. നമ്മുടെ  ആത്മാക്കളുടെ മറുവിലയായി യേശു കൊടുത്തത് അവിടുത്തെ അമൂല്യമായ തിരുരക്തമാണ്. അതു  നാം പാഴാക്കിക്കളയരുത്. വലിയ തീക്ഷ്ണതയോടെ  തിരുരക്ത ഭക്തി ആചരിച്ചിരുന്ന  വിശുദ്ധരുടെയും മിസ്റ്റിക്കുകളുടെയും മാതൃക പിന്തുടർന്നു  നാമും  തിരുരക്ഷത്തിൻറെ സംരക്ഷണം ചോദിച്ചുവാങ്ങണം. അന്തിമയുദ്ധത്തിൽ നമ്മുടെ  ഉറപ്പായ ശരണമാണു  നമ്മുടെ രക്ഷകൻറെ  അമൂല്യമായ  തിരുരക്തമെന്ന  ഉറച്ച ബോധ്യത്തോടെ നമുക്കും  സിയെന്നയിലെ  വിശുദ്ധ കാതറിനോടൊപ്പം  പ്രാർഥിക്കാം.

യേശുവിൻറെ അമൂല്യമായ തിരുരക്തമേ, ദൈവകരുണയുടെ സാഗരമേ, ഞങ്ങളുടെ  മേൽ ഒഴുകണമേ.  യേശുവിൻറെ അമൂല്യമായ തിരുരക്തമേ, ഏറ്റം  പരിശുദ്ധമായ അർപ്പണമേ, സകല കൃപകളും ഞങ്ങൾക്കായി    വാങ്ങിത്തരണമേ. യേശുവിൻറെ അമൂല്യമായ തിരുരക്തമേ, പാപികളുടെ  പ്രത്യാശയും സങ്കേതവുമേ, ഞങ്ങൾക്കുവേണ്ടി പരിഹാരം ചെയ്യണമേ. യേശുവിൻറെ അമൂല്യമായ തിരുരക്തമേ,  വിശുദ്ധാത്മാക്കളുടെ ആനന്ദമേ, ഞങ്ങളെ  അങ്ങയിലേക്കടുപ്പിക്കണമേ, ആമേൻ.