ലാസറിനെ ഉയിർപ്പിക്കുന്നു
‘ എൻറെ കഠിനവേദന എൻറെ നന്മയ്ക്കുവേണ്ടിയായിരുന്നു. അങ്ങ് എൻറെ സകലപാപങ്ങളും അങ്ങയുടെ പിന്നിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു നാശത്തിൻറെ കുഴിയിൽ നിന്ന് എൻറെ ജീവനെ അങ്ങ് രക്ഷിച്ചു’
( ഏശയ്യാ 38:17)
മർത്തയും മറിയവും ലാസറിൻറെ മരണത്തിനു മാനസികമായി ഒരുങ്ങിയിരുന്നു. സഹോദരൻറെ മരണത്തെക്കാൾ അവരെ വേദനിപ്പിച്ചത് യേശു അവിടെ വന്നില്ല എന്നതായിരുന്നു. യേശുവിൻറെ വിവരങ്ങൾ ഒന്നുമില്ല. യേശു അവരെ ഉപേക്ഷിച്ച അവസ്ഥ. ആ പരീക്ഷണം അവർക്കു താങ്ങാവുന്നതിലും അധികമായിരുന്നു. അവർക്കെന്തു ചെയ്യാൻ കഴിയും! കണ്ണീരിലും വിലാപത്തിലും അവരുടെ നാളുകൾ കടന്നുപോയി. ദുഃഖം അന്വേഷിച്ചുവരുന്നവരിൽ പലരും കുത്തുവാക്കുകൾ കൊണ്ട് അവരെ വേദനിപ്പിച്ചിരുന്നു. യേശുവിനോടു വളരെ അടുപ്പമുണ്ടായിരുന്ന ആ വീട്ടിൽ അവരുടെ സഹോദരൻ മരിച്ചിട്ടുപോലും യേശു വന്നില്ല എന്നത് അവനെ പഴിപറയാൻ കാത്തിരുന്നവർക്കു തീർച്ചയായും നല്ലൊരു കാരണമായിരുന്നു. എല്ലാം നിശബ്ദമായി കേട്ടിരിക്കുകയല്ലാതെ അവർക്കെന്തുചെയ്യാൻ കഴിയും? പ്രതികരിക്കാനുള്ള ശക്തിയൊക്കെ നഷ്ടപ്പെട്ടു തളർന്നിരിക്കുന്ന ആ സഹോദരിമാർ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ലാസറിനെ സംസ്കരിച്ചിട്ടു നാലു ദിവസമായി. പതിവുപോലെ ബഥാനിയയിലെ വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും വന്നും പോയുമിരിക്കുന്നു. ചിലർ മാർത്തയെയും മറിയത്തെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. അപ്പോഴാണ് ഒരു പരിചാരകൻ ഓടിവന്നു മാർത്തയോടു സ്വകാര്യമായി എന്തോ പറയുന്നത്. അവൾ ഉടനെ തന്നെ വീട്ടിൽ നിന്നിറങ്ങി വഴിയിലൂടെ മുന്നോട്ടോടുകയാണ്. അവൾ തിടുക്കത്തിൽ പോകുന്നതുകണ്ട കുറേപ്പേർ അവളെ പിന്തുടരുന്നുണ്ട്.
യേശുവും ശിഷ്യന്മാരും എതിരെ വരുന്നുണ്ട്. അവൾ ഓടിച്ചെന്ന് അവനെ വണങ്ങി. പിന്നെ തൻറെ മനസ്സിൽ കൂട്ടിവച്ചിരുന്ന സങ്കടമെല്ലാം പുറത്തെടുത്തു. അവൾ പറഞ്ഞു; “അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻറെ സഹോദരൻ മരിക്കില്ലായിരുന്നു….”
യേശു എല്ലാം നിശബ്ദനായി കേട്ടു. അവൻ അവിടെത്തന്നെ നിൽക്കുകയാണ്. മാർത്ത തിരികെ വീട്ടിൽ ചെന്നു മറിയത്തോടു പറഞ്ഞു ; “ഗുരു വന്നിട്ടുണ്ട്. പുറത്തു തോട്ടത്തിൽ നിൽപ്പുണ്ട്”. ഗുരു വന്നു എന്നു കേട്ട നിമിഷം മറിയം വീട്ടിൽ നിന്നു പുറത്തിറങ്ങി ഒറ്റക്കുതിപ്പിന് യേശുവിൻറെ അടുത്തെത്തി. ആ പാദങ്ങളിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. കരച്ചിലിനിടയിലൂടെ അവൾ തൻറെ ഹൃദയവേദന യേശുവിനോടു പറഞ്ഞു. എന്നാൽ അത് ഒരിക്കലും അവനെ കുറ്റപ്പെടുത്താതെയായിരുന്നു. അവൾ പറഞ്ഞതെല്ലാം സ്നേഹത്തോടെയുള്ള പരാതികളായിരുന്നു. അവളുടെ പരാതിയും മാർത്ത പറഞ്ഞതുതന്നെ. …”അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻറെ സഹോദരൻ മരിക്കില്ലായിരുന്നു……”.
യേശു അവരെ ആശ്വസിപ്പിച്ചു. അവരുടെ സങ്കടങ്ങളിൽ പങ്കുചേർന്നു. യേശു കണ്ണീർപൊഴിക്കുന്നതു കണ്ട ശിഷ്യന്മാർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ലാസറിനെ സംസ്കരിച്ച സ്ഥലം കാണാൻ യേശു ആവശ്യപ്പെട്ടതനുസരിച്ച് അവർ അവനെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും ഒരു വലിയ ജനാവലി അവിടെ തടിച്ചുകൂടിയിരുന്നു. ചിലർ യേശുവിനെ സ്നേഹത്തോടും ആരാധനയോടും കൂടെ നോക്കുന്നു. മറ്റു ചിലരുടെ മുഖത്ത് ഈർഷ്യയും നീരസവും. ചിലർ അപ്പോഴും യേശുവിനെ ദുഷിച്ചുപറയുന്നുണ്ട്, വേറെ ചിലരാകട്ടെ യേശു എന്തെങ്കിലും അത്ഭുതങ്ങൾ കാണിക്കുമെന്നു കരുതി നോക്കിയിരിക്കുന്നവരാണ്. എല്ലാവരുടെയും മുഖത്ത് അതിയായ ആകാംക്ഷ പ്രകടമാണ്. യേശു എന്താണു ചെയ്യാൻ പോകുന്നതെന്നു കാണാൻ അവർ കാത്തിരിക്കുകയാണ്.
യേശു ലാസറിൻറെ കല്ലറയ്ക്കു മുൻപിൽ നിൽക്കുകയാണ്. ആ മുഖത്ത് പ്രശോഭിച്ചിരുന്ന ദൈവികതേജസ്സു കണ്ടപ്പോൾ തന്നെ മറിയത്തിൻറെ മുഖം പ്രസന്നമായി. അവളുടെ ദുഖവും ക്ഷീണവും ആകുലതയുമെല്ലാം എങ്ങോ പോയി മറഞ്ഞു. അവളുടെ ഹൃദയം പ്രത്യാശാഭരിതമായി. . അവൾ എന്തോ ധ്യാനിക്കുന്നതുപോലെ… ഒരു നിമിഷം…. അവൾ വേറെയേതോ ലോകത്തിലാണെന്നു തോന്നും അവളുടെ നിൽപു കണ്ടാൽ.
യേശു കല്ലുമാറ്റാൻ കൽപന കൊടുക്കുന്നതോ ലാസറിനെ ജീവനിലേക്കു തിരിച്ചുവിളിക്കുന്നതോ ഒന്നും മറിയം ശ്രദ്ധിക്കുന്നില്ല. അവൾ ഏതോ ദൈവികമായ അനുഭൂതിയിൽ ലയിച്ചിരിക്കുകയാണ്. അവളുടെ ഹൃദയം അവാച്യമായ ഏതോ ആനന്ദത്തിൽ നിമഗ്നമാണ്. കല്ലറയ്ക്കു സമീപത്തുനിൽക്കുന്ന യേശുവിൻറെ കാൽച്ചുവട്ടിൽ അവൾ ഇരിക്കുന്നു. ഒരു കൈ കൊണ്ട് യേശുവിൻറെ വസ്ത്രത്തിൻറെ വിളുമ്പിൽ സ്പർശിച്ചിരിക്കുന്നു. അവളുടെ അധരങ്ങൾ ഏതോ പ്രാർത്ഥന നിശബ്ദമായി ഉരുവിടുകയാണ്.
ജനങ്ങൾ അത്ഭുതസ്തബ്ധരായി ആർപ്പുവിളിക്കുന്നു. ഇതാ, മരിച്ചവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു! ‘അവൻറെ കെട്ടുകളഴിക്കുവിൻ. അവൻ പോകട്ടെ’ എന്ന് യേശു ആവശ്യപ്പെടുന്ന നിമിഷം വരെ മേരി യേശുവിൻറെ കാൽച്ചുവട്ടിൽ തന്നെ പ്രാർത്ഥനാപൂർവ്വം ഇരിക്കുകയായിരുന്നു. പിന്നെ അവൾ യേശുവിനെ നോക്കി ഹൃദയപൂർവം ആരാധിച്ചു വണങ്ങി. ഇതാ ലാസർ കെട്ടുകളിൽ നിന്നു സ്വതന്ത്രനായി ജീവനിലേക്കു തിരിച്ചുവരുന്നു. മേരിയുടെ പ്രത്യാശയ്ക്കു കിട്ടിയ സമ്മാനം…. അവൾ വീണ്ടും ആരാധനയോടെ, സ്നേഹത്തോടെ യേശുവിനെ നോക്കുന്നു.
ബഥാനിയയിലെ തൈലാഭിഷേകം
‘ദൈവമായ അങ്ങ് എത്ര അത്ഭുതങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു! ഞങ്ങളുടെ കാര്യത്തിൽ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു! അങ്ങേയ്ക്കു തുല്യനായി ആരുമില്ല. ഞാൻ അവയെ വിവരിക്കാനും പ്രഘോഷിക്കാനും തുനിഞ്ഞാൽ അവ അസംഖ്യമാണല്ലോ’ ( സങ്കീ. 40:5)
മരിച്ചു നാലുദിവസം കഴിഞ്ഞ ലാസറിനെ യേശു ഉയിർപ്പിച്ച സംഭവം ജെറുസലേമിലും യൂദയായിലും ഗലീലിയിലും സമരിയയിലും സമീപപ്രദേശങ്ങളിലുമെല്ലാം വലിയ ചർച്ചാവിഷയമായി. അനേകം വിജാതീയർ പോലും യേശുവിനെ പുകഴ്ത്തിപ്പറയാനും അവനെ ക്രിസ്തുവായി ഏറ്റുപറയാനും തുടങ്ങി. ഇതറിഞ്ഞ ജനപ്രമാണിമാരും പുരോഹിതപ്രമുഖന്മാരും ഒരുമിച്ചുകൂടി യേശുവിനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന തുടങ്ങി. ജനങ്ങളെല്ലാം യേശുവിൻറെ പിറകെയാണ്. അവർ അവനെ വിശ്വസിക്കുന്നു. അവരെല്ലാം ചേർന്ന് അവനെ രാജാവാക്കിയാൽ നമ്മുടെ അവസ്ഥ എന്താകും? ഇതായിരുന്നു അവരുടെ പ്രശ്നം.
കലുഷിതമായ ആ അന്തരീക്ഷത്തിൽ ജറുസലേമിൽ വച്ചു പരസ്യമായി ദൈവരാജ്യപ്രഘോഷണം നടത്താൻ യേശുവിനു കഴിയാത്ത സാഹചര്യം സംജാതമായി. അവൻ ജറുസലേമിൽ നിന്നു മാറി ദൂരസ്ഥലങ്ങളിൽ രഹസ്യമായി ജനങ്ങളെ പഠിപ്പിക്കാൻ തുടങ്ങി. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് അവൻ തൻറെ ശുശ്രൂഷ തുടർന്നുപോന്നു.
പെസഹാത്തിരുനാൾ അടുത്തപ്പോൾ യേശുവും ശിഷ്യന്മാരും ബഥാനിയയിലേക്കു തിരിച്ചുവന്നു. ലാസർ യേശുവിനും ശിഷ്യന്മാർക്കും തൻറെ ഭവനത്തിൽ വിഭവസമൃദ്ധമായ വിരുന്നൊരുക്കി. ഈ സമയത്തു മറിയം വിലയേറിയ നാർദീൻ സുഗന്ധതൈലമെടുത്ത് യേശുവിൻറെ ശിരസ്സിലും അതിനുശേഷം പാദങ്ങളിലും പുരട്ടി. കൂടുതലായി പാദങ്ങളിൽ പറ്റിയിരുന്ന തൈലം അവൾ തൻറെ തലമുടി കൊണ്ട് തുടച്ചു.
അവിടെയുണ്ടായിരുന്ന എല്ലാവരും ആശ്ചര്യത്തോടെ നോക്കിയിരിക്കുകയാണ്. എന്നാൽ മാർത്തയും ലാസറുമാകട്ടെ ഗുരുവിനെ ശുശ്രൂഷിക്കുന്ന തങ്ങളുടെ പ്രിയസഹോദരിയെ വലിയ സന്തോഷത്തോടെ നോക്കുന്നു. യേശുവിനോടുള്ള മറിയത്തിൻറെ നിഷ്കളങ്കമായ സ്നേഹപ്രകടനങ്ങൾ കണ്ട് അവരുടെ കണ്ണുകൾ ആന്ദബാഷ്പമണിഞ്ഞു. ശിഷ്യന്മാർക്കും അത്ഭുതം. അത് അവരുടെ മുഖത്തു കാണാനുണ്ട്. എന്നാൽ യൂദാസ് സ്കറിയോത്തയുടെ മുഖം ഇരുണ്ടിരിക്കുന്നു. അവൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. പിന്നെ എല്ലാവരും കേൾക്കേ അവൻ പറയുന്നു; “എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറായ്ക്കു വിറ്റു ദരിദ്രർക്ക് കൊടുത്തില്ല? ” എല്ലവരും യൂദാസിനെ നോക്കുന്നു. ഒരു നിമിഷത്തേക്ക് എല്ലാവരും നിശബ്ദരായി. എന്നാൽ ഈ വാക്കുകൾ ഒന്നും മറിയത്തെ അലോസരപ്പെടുത്തുന്നില്ല. അവൾ തൻറെ രക്ഷകനായ ദൈവപുത്രനെ മാത്രമേ കാണുന്നുള്ളൂ. അവളുടെ ഹൃദയം നിർമ്മലമായ സ്നേഹത്താൽ ദൈവത്തോട് ഒന്നായിച്ചേർന്നിരിക്കുകയാണ്. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധം. ആത്മീയതയുടെ ഉയർന്ന തലം. അതു മറ്റുള്ളവർക്ക് ഒരിക്കലും മനസിലാകില്ല. മറിയത്തിനാകട്ടെ അത് ആരെയും ബോധ്യപ്പെടുത്തണമെന്നുമില്ല. ഒരുകാലത്ത് അനേകരുമായി വഴിവിട്ട സ്നേഹം പങ്കുവച്ചപ്പോൾ ആരെയും കൂസാത്ത അവൾക്ക് ഇപ്പോൾ ദൈവസ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞിരിക്കുമ്പോൾ ആരെ ഭയപ്പെടാനാണ്!
യേശു അവളുടെ തലയിൽ കൈവച്ച് അവളെ അനുഗ്രഹിച്ചുകൊണ്ടു മറ്റുള്ളവരോടു പറയുന്നു; “അവളെ തടയേണ്ട. എൻറെ ശവസംസ്കാരത്തിനുവേണ്ടി ഇതു ചെയ്തുവെന്ന് അവൾ കരുതിക്കൊള്ളട്ടെ. ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഞാൻ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; ലോകത്തിൽ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ, അവിടെയെല്ലാം ഇവൾ ചെയ്ത ഈ കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും”.
(തുടരും)