പരിശുദ്ധ കന്യകാമറിയാമേ, വചനത്തിൻറെ അമ്മേ, യേശുവിൽ വിശ്വസിക്കുകയും അവിടുത്തെ തങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയും ചെയ്യുന്ന എല്ലാവരുടെയും അമ്മേ, ഞങ്ങൾ ഇതാ അങ്ങയുടെ മുൻപിൽ അങ്ങയെക്കുറിച്ചു ധ്യാനിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ നേത്രങ്ങൾക്ക് അദൃശ്യയെങ്കിലും, തൻറെ കുഞ്ഞുങ്ങളുടെ നടുവിലായിരിക്കുന്ന ഒരമ്മയെപ്പോലെ അങ്ങു ഞങ്ങളുടെ ഇടയിലുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
രക്ഷകനായ യേശുവിലേക്കുള്ള ഉറപ്പായ വഴി അങ്ങാണല്ലോ. അങ്ങു ഞങ്ങളുടെ മേൽ വർഷിക്കുന്ന അനന്തനന്മകൾക്കായി, പ്രത്യേകിച്ചും അങ്ങയുടെ എളിമയാൽ ഞങ്ങളുടെ ഈ ലോകത്തിനു ഏറ്റവും ആവശ്യമായിരുന്ന സമയത്തുതന്നെ , കിബെഹോയിൽ അത്ഭുതകരമായി പ്രത്യക്ഷപ്പെടാൻ കനിഞ്ഞതിനെയോർത്ത്, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
മാനസാന്തരപ്പെടാനും അനുതപിക്കാനും അങ്ങയുടെ പുത്രൻറെ സുവിശേഷമനുസരിച്ചു ജീവിക്കാനുമുള്ള അങ്ങയുടെ ആഹ്വാനം അതിൻറെ എല്ലാ ഗൗരവത്തോടെയും സ്വീകരിക്കാൻ ആവശ്യമായ പ്രകാശവും ശക്തിയും ഞങ്ങൾക്ക് എപ്പോഴും തന്നരുളേണമേ.
യേശു ഞങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കേണ്ടതെങ്ങനെയെന്നും ആത്മാർത്ഥമായി പ്രാർഥിക്കേണ്ടതെങ്ങനെയെന്നും ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങനെ ഞങ്ങൾ എല്ലായിടത്തും എല്ലാവർക്കും എല്ലായ്പ്പോഴും ഹൃദ്യമായ സൗരഭ്യം പരത്തുന്ന സുന്ദരപുഷ്പങ്ങളായി മാറട്ടെ. അങ്ങു ഞങ്ങളോട് ആവശ്യപ്പെട്ടതും അതുതന്നെയാണല്ലോ.
പരിശുദ്ധ മറിയമേ, ഞങ്ങളുടെ വ്യാകുലമാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരിശുകളുടെ വില മനസിലാക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അതുവഴിയായി ക്രിസ്തുവിൻറെ സഹനങ്ങളിൽ ഇനിയും കുറവുള്ളവ ഞങ്ങൾ അവിടുത്തെ മൗതികശരീരമായ സഭയ്ക്കുവേണ്ടി ഞങ്ങളുടെ സ്വന്തം ശരീരത്തിൽ പൂർത്തിയാക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ ഈ ഭൂമിയിലെ തീർത്ഥാടനത്തിൻറെ അവസാനം സ്വർഗരാജ്യത്തിൽ അങ്ങയോടൊത്തു നിത്യമായി വാഴുവാൻ ഞങ്ങൾക്ക് ഇടയാവുകയും ചെയ്യട്ടെ, ആമേൻ.