‘ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ ദഹനബലിയോ മറ്റു ബലികളോ അർച്ചനയോ ധൂപമോ ഞങ്ങൾക്കില്ല. അങ്ങേയ്ക്കു ബലിയർപ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങൾക്കില്ല’ ( ദാനി. 3:15)
എങ്കിലും പരിശുദ്ധകുർബാനയുടെ തിരുനാൾ ദിനത്തിൽ നമുക്ക് നാം ആയിരിക്കുന്നയിടങ്ങളിൽ തന്നെ യേശുവിൻറെ മുൻപിൽ മുട്ടുകൾ മടക്കാം. നമുക്കുവേണ്ടി കീറിമുറിക്കപ്പെട്ട അവിടുത്തെ തിരുശരീരവും നമുക്കുവേണ്ടി ഒഴുക്കപ്പെട്ട അവിടുത്തെ തിരുരക്തവും, നിത്യജീവനരുളുന്ന അപ്പമായും നിത്യരക്ഷ നൽകുന്ന പാനപാത്രമായും അവിടുന്നു നമുക്കു നൽകിയെങ്കിലും ഇന്ന് അതു ദിവ്യകാരുണ്യമായി സ്വീകരിക്കാൻ കഴിയാതെ പോകുന്ന അനേകരെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കാം.
രാജാവും പ്രവാചകനും നായകനും ദഹനബലിയും ഉണ്ടായിരുന്നപ്പോൾ നമ്മളാരും അതിൻറെ വില തിരിച്ചറിഞ്ഞിരുന്നില്ല. ബലിയർപ്പിക്കാൻ ദൈവാലയവും കർത്താവിൻറെ കാരുണ്യം തേടുന്നതിന് അവിടുത്തെ സക്രാരിയും തുറന്നുകിടന്നിരുന്നപ്പോൾ ഒരു നാൾ അത് അടഞ്ഞുകിടക്കുമെന്നു നാമാരും ചിന്തിച്ചിരുന്നുമില്ല. അതിനു പരിഹാരമായും നമുക്കു പ്രാർത്ഥിക്കാം.
‘ഇത് എൻറെ ഓർമയ്ക്കായി ചെയ്യുവിൻ’ എന്നു മനുഷ്യപുത്രൻ അരുളിചെയ്തിട്ടു രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കാലമത്രയും നാം ആ ഓർമ്മയിൽ ആണു ജീവിച്ചുപോന്നത്. എന്നാൽ അതിനു സമാന്തരമായി, പലപ്പോഴും നാമറിയാതെ തന്നെ സംഭവിച്ചുപോന്ന ഒരു കാര്യമാണു ക്രിസ്തുവിൻറെ ബലിയുടെ ഓർമ്മകൾ നമ്മുടെ മനസ്സിൽ നിന്നും എടുത്തുമാറ്റാനുള്ള ശത്രുവിൻറെ നിരന്തരശ്രമങ്ങളും. ഇപ്പോൾ അവൻ താൽക്കാലികമായി ശക്തി പ്രാപിച്ചതായി തോന്നിയേക്കാം. ദൈവാലയങ്ങൾ അടച്ചിടാനും നിരന്തര ദഹനബലികൾ പലയിടത്തും ഇല്ലാതാക്കാനും അവനു കഴിഞ്ഞേക്കാം. എന്നാൽ ഒന്നോർക്കണം. അന്തിമവിജയം നമ്മുടെ കർത്താവിൻറേതാണ്, നമ്മുടെ കർത്താവിൻറേതു മാത്രമാണ്.
അതിനുവേണ്ടി ശക്തമായ പ്രാർത്ഥനകൾ ഉയരണം. അടഞ്ഞുകിടക്കുന്ന ദൈവാലയങ്ങൾ തുറക്കപ്പെടാൻ വേണ്ടി, മുടങ്ങിക്കിടക്കുന്ന അനുദിനബലികൾ പുനരാരംഭിക്കാൻ വേണ്ടി സ്വർഗത്തിലേക്കു കരങ്ങൾ ഉയർത്തി പ്രാർഥിക്കേണ്ട സമയമാണിത്. അതിനുമുൻപായി നമുക്ക് ആത്മശോധന ചെയ്യാം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? നൂറ്റാണ്ടുകൾക്കു മുൻപ് ഇങ്ങനെ ആത്മശോധന ചെയ്ത മൂന്നു യുവാക്കളുടെ പ്രാർഥനയാണു മുകളിൽ കൊടുത്തത്. അവർക്കു കിട്ടിയ ബോധ്യം ഇതായിരുന്നു.
‘ ഞങ്ങൾ നിയമം ലംഘിച്ചു പാപത്തിൽ മുഴുകി. അങ്ങയിൽ നിന്ന് അകന്നുപോയി. എല്ലാക്കാര്യങ്ങളിലും ഞങ്ങൾ തിന്മ പ്രവർത്തിച്ചു; അങ്ങയുടെ കല്പനകൾ ഞങ്ങൾ അനുസരിച്ചില്ല. ഞങ്ങൾ അവ പാലിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ നന്മയ്ക്കു വേണ്ടിയാണല്ലോ അങ്ങു ഞങ്ങൾക്കു കല്പനകൾ നൽകിയത്. ഞങ്ങളുടെമേൽ അങ്ങു വരുത്തിയവയെല്ലാം, ഞങ്ങളോട് അങ്ങു ചെയ്തവയെല്ലാം ഉചിതമായ വിധിയോടെ ആയിരുന്നു. നിയമലംഘകരായ ശത്രുക്കളുടെയും ഏറ്റവും നിന്ദ്യരായ ധിക്കാരികളുടെയും, ലോകത്തിലെ ഏറ്റവും ദുഷ്ടനായ, അനീതി പ്രവർത്തിക്കുന്ന, ഒരു രാജാവിൻറെയും കരങ്ങളിൽ അങ്ങു ഞങ്ങളെ വിട്ടുകൊടുത്തിരിക്കുന്നു’ ( ദാനി. 3:6-9).
പാപം ചെയ്തു ദൈവത്തിൽ നിന്നകന്നുപോയ സ്വന്തം ജനത്തിൻറെ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടു ഹനനിയ, മിഷായേൽ, അസറിയ എന്നീ മൂന്നു വിശുദ്ധർ നടത്തിയ പ്രാർത്ഥനയുടെ ഫലമായി അവർ തീച്ചൂളയിൽ നിന്ന് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു എന്നതുപോലെതന്നെ ഓർക്കേണ്ട കാര്യമാണ് , ലോകത്തിലെ ഏറ്റവും ദുഷ്ടനും അനീതി പ്രവർത്തിക്കുന്നവനുമെന്ന് അവർ വിശേഷിപ്പിച്ച നബുക്കദ് നേസർ രാജാവ് പോലും പരസ്യമായി സത്യദൈവത്തെ മഹത്വപ്പെടുത്തുവാൻ ഇടയായി എന്നതും.
ഓർക്കണം; ഇതു പാപികളായ സ്വന്തം ജനത്തിനുവേണ്ടിയുള്ള വിശുദ്ധരുടെ പ്രാർഥനയായിരുന്നു. ഇപ്പോഴും
ജീവിച്ചിരിക്കുന്ന അനേകം വിശുദ്ധർ പാപികളായ നമുക്കുവേണ്ടി കൈവരിച്ചു പ്രാർഥിച്ചു കൊണ്ടിരിക്കുന്നുണ്ട്. നാം അത് അറിയുന്നില്ലെന്നേയുള്ളു. അവരുടെ പ്രാർഥനയുടെ കൂടെ പാപികളായ നമ്മുടെയും പ്രാർഥനകൾ സ്വർഗ്ഗത്തിലേക്കുയരട്ടെ. ദൈവത്തിനു ബലിയർപ്പിക്കുന്നതിനും അവിടുത്തെ കാരുണ്യം തേടുന്നതിനുമുള്ള ഇടം അവിടുന്നു നമുക്കായി തുറന്നുതരും.
എല്ലാവർക്കും പരിശുദ്ധ കുർബാനയുടെ തിരുനാൾ ആശംസകൾ നേരുന്നു. നമുക്കുവേണ്ടി കുർബാനയായി ത്തീരാനായി തിരുവത്താഴമേശയും കടന്ന് , പീഡാസഹനവും കുരിശുമരണവും പിന്നിട്ട്, ഉയിർത്ത് പിതാവിൻറെ അടുത്തേക്ക് ആരോഹണം ചെയ്ത കർത്താവായ യേശുക്രിസ്തു പറയുന്നു’ ” ലോകത്തിൻറെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻറെ ശരീരമാണ്” ( യോഹ. 6:51). ആ അപ്പം ആത്മനാ സ്വീകരിച്ചുകൊണ്ട് നമുക്ക് അവിടുത്തെ സ്തുതിക്കാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.