മായക്കാഴ്ചകളുടെ പിറകേ
‘ഞാൻ എന്നോടുതന്നെ പറഞ്ഞു; സുഖഭോഗങ്ങളിൽ ഞാൻ മുഴുകും. ഞാൻ അതിൻറെ ആസ്വാദ്യത പരീക്ഷിക്കും’ ( സഭാ. 2:1).
മറിയം യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്. അവളുടെ മുഖഭാവം അതു വ്യക്തമാക്കുന്നു. കുതിരവണ്ടി ഒരു വളച്ചുവാതിലിലൂടെ കൊട്ടാരസദൃശമായ ഒരു മന്ദിരത്തിൻറെ അങ്കണത്തിലേക്കു പ്രവേശിക്കുന്നു. മുറ്റത്തും വീടിനുള്ളിലും നിറയെ അതിഥികളായി വന്നിട്ടുള്ള വിശിഷ്ടവ്യക്തികൾ .
തെയോഫിലോസിനെ കണ്ടപ്പോൾ തന്നെ ആതിഥേയൻ ഓടിയെത്തുന്നു. കൂടെ പരിചാരകരും. അവർ തെയോഫിലോസിനെയും മേരിയെയും വണ്ടിയിൽ നിന്നിറങ്ങാൻ സഹായിക്കുന്നു. പരിചാരകരിലൊരാൾ വണ്ടി മറ്റൊരു സ്ഥലത്തേക്കു മാറ്റിയിടാൻ കുതിരക്കാരനെ സഹായിക്കുന്നുണ്ട്. അപ്പോഴതാ താലത്തിൽ പൂക്കളുമായി നൃത്തച്ചുവടുകളോടെ നർത്തകികൾ പ്രവേശിക്കുന്നു. അവർ തെയോഫിലോസിനെയും മകളെയും എതിരേൽക്കാൻ വന്നവരാണ്. തങ്ങൾക്കു കിട്ടുന്ന പ്രത്യേക പരിഗണന കണ്ട മറിയത്തിനു സന്തോഷം അടക്കാൻ കഴിയുന്നില്ല. അവൾ എല്ലാവരെയും മാറിമാറി നോക്കുന്നു. എന്നാൽ അവളുടെ കണ്ണുകൾ ഉടക്കിയതു നൃത്തം ചെയ്തുകൊണ്ടുവന്ന യുവതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളിലാണ്.
അങ്കണത്തിൽ വച്ചുള്ള ഔപചാരിക സ്വീകരണത്തിനുശേഷം തെയോഫിലോസും മറിയവും വിശിഷ്ടവ്യക്തികൾ ഇരിക്കുന്ന മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. മണ്ഡപത്തിനു മുൻപിലായി വൃത്താകൃതിയിൽ വെണ്ണക്കല്ലുകൊണ്ടു പണിതീർത്ത നൃത്തമണ്ഡപം. അവിടേയ്ക്കു വശ്യമായ നൃത്തച്ചുവടുകൾ വച്ച് അതിസുന്ദരിയായ ഒരു യുവതിയും തോഴിമാരും കടന്നുവരുന്നു. നൃത്തം ആരംഭിക്കുകയായി. ഏതാനും ചുവടുകൾ കഴിഞ്ഞപ്പോൾ തോഴിമാർ യവനികയ്ക്കു പിറകിലേക്കു മറഞ്ഞു. പകരം നൃത്താഭ്യാസങ്ങളിൽ നിപുണരായ നാലഞ്ചു ചെറുപ്പക്കാർ കടന്നുവരുന്നു. അവരുടെ കൂടെ ചേർന്ന് ആദ്യം വന്ന നർത്തകിയും അരങ്ങു കൊഴുപ്പിക്കുന്നു. അവരുടെ നർത്തനം അതിഥികൾ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്നു വ്യക്തമാണ്.
ഇരിപ്പിടങ്ങളിൽ വീഞ്ഞും വിശിഷ്ടവിഭവങ്ങളും സുലഭം. പരിചാരകർ ഓരോരുത്തരുടെയും അടുത്തുചെന്ന് അവർക്കാവശ്യമുള്ളവ ചോദിച്ചറിഞ്ഞു വിളമ്പുന്നു. മറിയത്തിന് എല്ലാം പുതിയ അനുഭവമായിരുന്നു. അവൾ എല്ലാം സാകൂതം വീക്ഷിക്കുകയാണ്. നൃത്തം മുറുകുന്നതനുസരിച്ച് അതിഥികളും നൃത്തം തുടങ്ങുന്നു. മേത്തരം വീഞ്ഞിൻറെ ലഹരി അവരെ കീഴടക്കിക്കഴിഞ്ഞിരുന്നു. മറിയം നോക്കിയപ്പോൾ അവളുടെ പിതാവും നൃത്തം ആരംഭിച്ചുകഴിഞ്ഞു. പലരും വന്നു മറിയത്തെ നൃത്തം ചെയ്യാൻ വിളിക്കുന്നുണ്ട്. അവൾക്ക് അവരുടെ കൂടെ നൃത്തം ചെയ്യാൻ താല്പര്യവുമുണ്ട്. പക്ഷേ ഡാഡിയുടെ സമ്മതമില്ലാതെ എങ്ങനെയാണ്? അവൾ അപേക്ഷാഭാവത്തിൽ ഡാഡിയെ നോക്കുന്നു. ചുറ്റുമുള്ളവരുടെ പ്രോത്സാഹനവും കൂടിയായപ്പോൾ തെയോഫിലോസ് മകളുടെ നേരെ നോക്കി സമ്മതഭാവത്തിൽ തലയാട്ടുന്നു.
ഡാഡിയുടെ സമ്മതം കാത്തിരിക്കുകയായിരുന്നു മറിയം. അവൾ ഇരിപ്പിടത്തിൽ നിന്നും പതിയെ എഴുന്നേറ്റു. തനിക്കറിയാവുന്ന യവനനൃത്തചുവടുകളുമായി വേദിയിലേക്കു കയറുന്നു. അഭിനന്ദനങ്ങൾ……അഭിനന്ദനങ്ങൾ …….. നാനാവശത്തുനിന്നും അതിഥികൾ അവളെ പുകഴ്ത്തുന്നു. ഗവർണറുടെ മകളെ പ്രശംസിക്കാനുള്ള അവസരം ആരും പാഴാക്കുന്നില്ല. അതായിരുന്നു മറിയത്തിൻറെ അരങ്ങേറ്റം. അവിടുന്നങ്ങോട്ട് അവളുടെ പ്രശസ്തി വർധിക്കുകയായിരുന്നു. തന്നെ പുകഴ്ത്തുന്നവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള കഴിവ് ആ കൗമാരക്കാരിക്കുണ്ടായിരുന്നില്ല.
തെയോഫിലോസിൻറെ മകളിൽ നിന്നു മഗ്ദലയിലെ മറിയത്തിലേക്ക്
——————————————————————————————————————-
‘സ്വർണ്ണമെങ്ങനെ മങ്ങിപ്പോയി? തങ്കത്തിന് എങ്ങനെ മാറ്റം വന്നു?’ ( വിലാ. 4:1)
കാലങ്ങൾ കടന്നുപോയി. മറിയം വളർന്നു. ഒരിക്കൽ ഡാഡിയുടെ കൈ പിടിച്ചു നടന്നിരുന്ന അവൾ ഇപ്പോൾ ആരുടേയും സഹായമില്ലാതെ നിശാവിരുന്നുകളിലും ആഘോഷങ്ങളിലും തനിച്ചുപോകാൻ മാത്രം വളർന്നുകഴിഞ്ഞിരിക്കുന്നു. റോമൻ ജീവിതശൈലിയുടെ ആകർഷണവും വശ്യതയും ആഗ്രഹിക്കുന്നതെല്ലാം സാധ്യമാക്കുന്ന സമ്പത്തും അവളെ ഉന്മാദത്തിലാഴ്ത്തിക്കഴിഞ്ഞിരുന്നു. റോമിലെ ചക്രവർത്തിയ്ക്കു ചെയ്തുകൊടുത്ത സേവനങ്ങളുടെ പേരിൽ യൂദയായിലും ഗലീലിയിലും സമീപപ്രദേശങ്ങളിലും ധാരാളം വസ്തുവകകൾ, മാളികകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവ സമ്പാദിക്കാൻ തെയോഫിലോസിനായി. അതിനും പുറമേ മഹത്തായ റോമാസാമ്രാജ്യത്തിൻറെ എല്ലാ സഹായവും പിന്തുണയും. അതുകൊണ്ടു തൻറെയും കുടുംബത്തിൻറെയും ഭാവിജീവിതം സന്തുഷ്ടവും സുഖസമ്പൂർണ്ണവും ആയിരിക്കുമെന്ന് ആ മനുഷ്യൻ വിചാരിച്ചിരുന്നു.
എന്നാൽ മറിയത്തിൻറെ സ്വപ്‌നങ്ങൾ അതിലും വലുതായിരുന്നു. സ്വന്തം ഇഷ്ടമനുസരിച്ചു ജീവിച്ചുശീലിച്ച അവൾക്കു മാതാപിതാക്കൾ തനിക്കായി ഒരു വരനെ കണ്ടെത്തുന്നതിൽ താല്പര്യമില്ലായിരുന്നു. സ്വയം കണ്ടെത്തിയ ഒരു പുരുഷനോടൊപ്പം അവൾ ഗലീലിക്കടലിൻറെ തീരത്തെ മഗ്‌ദല എന്ന സുഖവാസകേന്ദ്രത്തിൻറെ സ്വാതന്ത്ര്യത്തിലേക്കു പറന്നുപോയി. അതിൽ മനംനൊന്ത അവളുടെ അമ്മ യൂക്കേറിയ എന്ന പാവം യഹൂദസ്ത്രീ ഹൃദയം പൊട്ടി മരിച്ചു. സമ്പത്തിൻറെയും ആഡംബരത്തിൻറെയും പ്രതാപത്തിൻറെയും നടുവിൽ ജീവിച്ചിരുന്നപ്പോഴും എളിമയുടെയും ഹൃദയലാളിത്യത്തിൻറെയും മാതൃകയായിരുന്ന തൻറെ പ്രിയപത്നിയുടെ വേർപാടു തെയോഫിലോസിനെ പിടിച്ചുലച്ചു. ഭാര്യയുടെ മരണവും മകളുടെ തന്നിഷ്ടവും തകർത്തുകളഞ്ഞ ആ മനുഷ്യനെ രോഗവും മാനസികവേദനയും വേട്ടയാടി. നാലുവർഷത്തിനുള്ളിൽ തന്നെ തെയോഫിലോസും ഈ ലോകത്തോടു യാത്ര പറഞ്ഞു.
ജീവിതത്തിൻറെ നടുക്കടലിൽ അകപ്പെട്ട പാവം ലാസറും മാർത്തയും ………. സമ്പത്തും സുഖജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും സന്തോഷിക്കാൻ കഴിയാതെ പോയ അവർ ഒലിവുമലയ്ക്കു സമീപം ബഥാനിയയിൽ താമസമാരംഭിച്ചു. സഹോദരിയുടെ വഴിവിട്ട ജീവിതം വരുത്തിവച്ച മാനക്കേടിൽ നിന്നും രക്ഷപെടാൻ അവർ കണ്ടെത്തിയ മാർഗമായിരുന്നു അത്.
സ്വന്തം ഇഷ്ടത്തിനു കണ്ടെത്തിയ ഭർത്താവുമായി മറിയം പിണങ്ങിപ്പിരിഞ്ഞതും തുടർന്നങ്ങോട്ടു തികച്ചും മ്ലേച്ഛമായ ജീവിതവഴികളിലൂടെ അവളുടെ ജീവിതം നീങ്ങിയതും ലാസറിനും മാർത്തയ്ക്കും തീരാവേദനയ്ക്കു കാരണമായി. ആ മനോവിഷമമായിരിക്കാം ലാസറിനെ ഒരു രോഗിയാക്കി മാറ്റിയത്. സമൂഹത്തിൽ പേരും പെരുമയുമുണ്ടെങ്കിലും എല്ലാവരിൽ നിന്നും അകന്നുമാറി ജീവിക്കാൻ അവൻ ഇഷ്ടപ്പെട്ടു. തൻറെ സമയം മുഴുവൻ വിശുദ്ധഗ്രന്ഥങ്ങൾ വായിക്കുന്നതിനായി ചെലവഴിക്കാൻ അതുവഴി അവനു കഴിഞ്ഞു. അതു പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ അവന് ഏറെ ഉപകരിക്കുകയും ചെയ്തു.
ലാസറിൻറെ അടുത്ത കൂട്ടുകാർ നിക്കൊദേമൂസും അരമത്യക്കാരൻ ജോസഫുമായിരുന്നു. രണ്ടുപേരും യഹൂദരുടെയിടയിലെ പ്രമാണിമാർ. നിയമം അതേപടി പാലിച്ചിരുന്ന നീതിമാന്മാർ. തങ്ങളുടെ സുഹൃത്തിൻറെ ക്ഷേമം അന്വേഷിക്കാൻ അവർ ഇടയ്ക്കിടെ ബഥാനിയയിൽ എത്തിയിരുന്നു. അതു ലാസറിനു വലിയൊരു ആശ്വാസമായിരുന്നു. മാർത്തയുടെ പരിചരണവും തൻറെ വിശ്വസ്തഭൃത്യന്മാരുടെ ശുശ്രൂഷയും ആയിരുന്നു അവനെ കുറച്ചെങ്കിലും സന്തോഷവാനാക്കിയത്.
കുഷ്ഠരോഗിയായ ശിമയോൻ
————————————————-
‘പഴയ സ്നേഹിതനെ പരിത്യജിക്കരുത്; പുതിയവൻ അവനു തുല്യനായിരിക്കുകയില്ല. പുതിയ സ്നേഹിതൻ പുതിയ വീഞ്ഞു പോലെ പഴകുംതോറും ഹൃദ്യതയേറും’ ( പ്രഭാ. 9:10)
ലാസറിൻറെ ചെറുപ്പകാലം മുതലേയുള്ള സുഹൃത്തായിരുന്നു കാനാൻകാരനായ ശിമയോൻ. ധനാഢ്യനായിരുന്നെങ്കിലും കുഷ്ഠരോഗിയായിരുന്നു ശിമയോൻ. ആ ഒറ്റക്കാരണത്താൽ ജനങ്ങളെല്ലാം അവനെ അകറ്റിനിർത്തി. സ്വന്തം നാട്ടിൽ സമാധാനമായി ജീവിക്കാൻ സാധിക്കാതെ വന്ന ശിമയോൻറെ സ്വത്തുക്കൾ എല്ലാം ലാസറിൻറെ മേൽനോട്ടത്തിൽ ശിമയോൻറെ ഭൃത്യന്മാരാണു പരിപാലിച്ചുപോന്നത്.
നസ്രായനായ യേശു തൻറെ പരസ്യജീവിതം ആരംഭിച്ച കാലമായിരുന്നു അത്. അവൻ പോകുന്നിടത്തെല്ലാം ജനങ്ങൾ തിങ്ങിക്കൂടിയിരുന്നു. രോഗങ്ങൾ സുഖപ്പെടുത്തുകയും പിശാചുബാധിതരെ മോചിപ്പിക്കുകയും ദൈവരാജ്യത്തിൻറെ സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടു സഞ്ചരിച്ച അവൻറെ കീർത്തി നാടെങ്ങും വ്യാപിച്ചു. പരസ്യജീവിതത്തിൻറെ ആദ്യവർഷം യേശു പെസഹാത്തിരുനാളിനായി ജെറുസലേമിലേക്കു പോകുന്ന വഴിയിലാണു കുഷ്ഠരോഗിയായ ശിമയോനെ യേശു കാണുന്നതും അവനെ സുഖപ്പെടുത്തുന്നതും. തീവ്രവാദി എന്നും തീക്ഷ്ണമതി എന്നും വിളിക്കപ്പെട്ടിരുന്ന കാനാൻകാരനായ ശിമയോനെ യേശു പിന്നീട് തൻറെ ശിഷ്യനായി തിരഞ്ഞെടുത്തു.
ശിമയോൻ തൻറെ സുഹൃത്തായ ലാസറിനെ കാണാൻ ഇടയ്ക്കിടെ ബഥാനിയയിൽ ചെല്ലുമായിരുന്നു. അത്തരമൊരു യാത്രയിലാണ് തൻറെ സുഹൃത്തായ ശിമയോൻ കുഷ്ഠരോഗത്തിൽ നിന്നു പൂർണ്ണമായി സൗഖ്യം പ്രാപിച്ചിരിക്കുന്നുവെന്ന് അത്ഭുതത്തോടെ ലാസർ തിരിച്ചറിഞ്ഞത്! തന്നെ സുഖപ്പെടുത്തിയ നസ്രേത്തുകാരനായ യേശുവിനെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും ശിമയോനു മതിവരുന്നില്ല. രക്ഷകനായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ക്രിസ്തു തന്നെയാണു ജോസഫിൻറെയും മറിയത്തിൻറെയും മകനായ ഈ തച്ചൻ എന്നു ശിമയോന് ഉറപ്പായിരുന്നു. യേശുവിൻറെ സ്നേഹത്തെക്കുറിച്ചും , കരുണയെക്കുറിച്ചും ഒക്കെ ശിമയോൻ പറഞ്ഞപ്പോൾ മുതൽ ലാസറിനും ഒരു ആഗ്രഹം. യേശുവിനെ കാണണം. അവൻറെ സ്നേഹം അനുഭവിക്കണം. അവൻറെ മുൻപിൽ കുമ്പിട്ടാരാധിക്കണം. അവനെ സ്നേഹിക്കണം. അനേകം പ്രവാചകന്മാരും നീതിമാന്മാരും കാണാൻ ആഗ്രഹിച്ചിട്ടും കാണാൻ കഴിയാതെപോയ രക്ഷകൻ ഇതാ ആഗതനായിരിക്കുന്നു. ക്രിസ്തു ജീവിക്കുന്ന അതേ തലമുറയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച ഞാൻ എത്രയോ ഭാഗ്യവാൻ! അവൻറെ ഹൃദയം യേശുവിനായി തുടിച്ചുതുടങ്ങി. അവന് യേശുവിനെ കാണണം. ഗുരുവിനോടു നിൻറെ കാര്യം പറയാം എന്ന് ഉറപ്പുനല്കിക്കൊണ്ടു ശിമയോൻ യാത്രയായി. ലോകരക്ഷകനെ കാണാനുള്ള ആഗ്രഹത്തിൽ ലാസറിൻറെ ദിനങ്ങളും കടന്നുപോയി.
(തുടരും)