പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തഞ്ചാം തീയതി

“തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്ക 2:50-51).

പ.കന്യകയുടെ മരണം

എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്‍റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ വിശ്വാസം സഭയില്‍ നിലനിന്നിരുന്നു. ജീവദാതാവായ മിശിഹാ പോലും മരണനിയമത്തിന് വിധേയമായതിനാല്‍ പ.കന്യക മരണത്തിന് അധീനയായിരിക്കുമെന്നാണ് കരുതേണ്ടത്. ദിവ്യസുതന്‍റെ സ്വര്‍ഗാരോഹണ ശേഷം സ്വര്‍ഗ്ഗത്തെ മാത്രം അന്വേഷിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് അവള്‍ നയിച്ചത്. സ്വപുത്രനോടുള്ള അത്യുജ്ജ്വലമായ സ്നേഹവും ഐക്യവും പരിശുദ്ധ അമ്മയെ ഈ ലോകത്തില്‍ നിന്നും വിമോചനം പ്രാപിക്കുവാനുള്ള ആഗ്രഹത്തിന് കാരണമായി തീര്‍ന്നിട്ടുണ്ടാകാം. മറിയം മരണത്തിന് വിധേയയായത് ദിവ്യസുതനോട് അനുരൂപയാകുന്നതിനു വേണ്ടി ആയിരിന്നു.

മരണം എല്ലാവര്‍ക്കും ഭയാജനകമാണ്. എന്നാല്‍ പ.കന്യകയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ലായിരുന്നു. അത് കേവലം ഒരു സ്നേഹനിദ്രയായിരുന്നു. മേരി യാതൊരു മരണ വേദനയും അനുഭവിക്കാതെയാണ് കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ നിന്നും നിത്യസൗഭാഗ്യത്തിലേയ്ക്കു പ്രവേശിച്ചത്. പ്രായാധിക്യമോ, ശാരീരിക രോഗമോ മറ്റു ഭൗമികകാരണങ്ങളേക്കാള്‍ ഹൃദയത്തില്‍ ഉജ്ജ്വലിച്ച ദൈവസ്നേഹാഗ്നിയാലത്രേ മേരി ദിവംഗതയായത്. തന്റെ ജീവിതത്താല്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ ധന്യമാക്കിയ ശേഷം അവള്‍ സ്വര്‍ഗീയ മഹത്വത്തിലേക്ക് പ്രവേശിച്ചു.

മിശിഹാ കാല്‍വരി മലയിലെ കുരിശില്‍ സ്വജീവന്‍ പരമപിതാവിന് സമര്‍പ്പിച്ച്‌ മരിച്ചതു പോലെ പ.കന്യകയും സ്വര്‍ഗീയപിതാവ് ഭരമേല്‍പ്പിച്ച ദൗത്യം പരിപൂര്‍ണമായി നിര്‍വഹിച്ച ശേഷം മരണത്തെ അഭിമുഖീകരിച്ചു. അവളുടെ പരിപാവനമായ ആത്മാവ് ഈ പ്രപഞ്ചത്തില്‍ നിന്നു സ്വര്‍ഗീയ പിതാവിന്‍റെയും അവിടുത്തെ ദിവ്യസുതന്‍റെയും സന്നിധിയിലേക്കു പറന്നുയര്‍ന്നു. എല്ലാ ക്രിസ്താനികള്‍ക്കും മരണത്തിലും അവളുടെ സ്നേഹ നിദ്ര മാതൃക നല്‍കുന്നു. പ്രത്യേകിച്ചും മരണസമയത്ത് പ.കന്യകയുടെ സഹായം നമുക്ക് ലഭിക്കുമെങ്കില്‍ നാം നല്ലമരണം പ്രാപിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്.

ഇന്നു സ്വര്‍ഗ്ഗീയ മഹത്വം അനുഭവിക്കുന്ന വിശുദ്ധന്‍മാരെല്ലാവരും അവരുടെ ഉന്നതമായ സ്വര്‍ഗീയ സൗഭാഗ്യത്തിനര്‍ഹരായിത്തീര്‍ന്നത് പ.കന്യകയോടുള്ള ഭക്തി നിമിത്തമാണെന്ന് കാണാവുന്നതാണ്. നാം എല്ലാ ദിവസവും “പാപികളായ ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിച്ചു കൊള്ളണമേ” എന്നു ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന മരണസമയത്ത് പ.കന്യകയുടെ സവിശേഷമായ സഹായം ലഭിക്കാന്‍ കാരണമാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

പ.കന്യകയുടെ നേരയുള്ള ഭക്തി നിത്യരക്ഷയുടെ സുനിശ്ചിതമായ അടയാളമാകുന്നുവെന്ന് ലെയോ പതിനൊന്നാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. “എനിക്കു മറിയത്തെ തരിക, മറിയം എന്നെ പരിത്യജിക്കാതിരിക്കുവാന്‍”. പതിമൂന്നാം ലെയോ മാര്‍പാപ്പ മരണശയ്യയില്‍ കിടന്നുകൊണ്ട് പറഞ്ഞു: “നമുക്കു ഉത്തരീയനാഥയ്ക്കു ഒരു നവനാള്‍ കഴിക്കാം. അതിനുശേഷം ഞാന്‍ സമാധാനപൂര്‍ണമായി മരിച്ചുകൊള്ളാം.”

സംഭവം

ആധുനിക യുവജനങ്ങളുടെ മദ്ധ്യസ്ഥയും വിശുദ്ധി സംരക്ഷിക്കുവാനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വി.മരിയ ഗൊരേറ്റിക്ക് പ.കന്യകയോട് തികഞ്ഞ ഭക്തിയാണുണ്ടായിരുന്നത്. അലക്സാണ്ടര്‍ എന്ന യുവാവ് പാപത്തിനു പ്രേരിപ്പിച്ചപ്പോള്‍ അതിന് സമ്മതിക്കാതിരുന്നതിനാല്‍ ഈ പിഞ്ചുബാലിക അയാളുടെ കഠാരക്കിരയായി. മരണത്തെപ്പോലും തൃണവല്‍ക്കരിച്ചുകൊണ്ട് വിശുദ്ധി സംരക്ഷിക്കുവാന്‍ സാധിച്ചത് പ.കന്യകാമറിയത്തിന്‍റെ സഹായത്താലാണെന്നു മരണത്തിനു മുമ്പ് ആശുപത്രിയില്‍ വച്ച് അവള്‍ പറഞ്ഞു.

തന്നെ നിഷ്ക്കരുണം കുത്തിമുറിവേല്‍പ്പിച്ച ആ യുവാവിനോട് എന്തെങ്കിലും വിരോധമുണ്ടോ എന്നു ചോദിച്ചതിന് ആ ബാലിക, ഇപ്രകാരമാണ് മറുപടി പറഞ്ഞത്. “കുരിശിന്‍ ചുവട്ടില്‍ വച്ച് ഈശോയെ കുരിശില്‍ തറച്ചവരോട് ക്ഷമിച്ച നമ്മുടെ അമ്മ പ.കന്യകാമറിയത്തെ പ്രതി തെറ്റുകളെല്ലാം ഞാന്‍ അലക്സാണ്ടറോട് ക്ഷമിച്ചിരിക്കുന്നു”. മാത്രമല്ല മരണത്തിനു മുമ്പ് അലക്സാണ്ടറിന്‍റെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും മറ്റുള്ളവരെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തു. പ.കന്യകാമറിയത്തിന്‍റെ സന്നിധിയില്‍ മരിയാ ഗൊരേറ്റി ചെയ്ത പ്രാര്‍ത്ഥനകളാണ് തന്നെ രക്ഷിക്കുന്നതെന്ന് പിന്നീട് അലക്സാണ്ടര്‍ പറഞ്ഞിരുന്നു.

പ്രാര്‍ത്ഥന

പ.കന്യകയെ, അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നുവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛയുടെ പൂര്‍ത്തീകരണമായിരുന്നു. നാഥേ, ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ ദിവ്യകുമാരനോടും കൂടി സ്വര്‍ഗീയ സൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കേണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്ത് നിത്യാനന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.

ആമ്മേനീശോ.

*  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ.

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,  

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,  

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,  

ആത്മജ്ഞാന പൂരിത പാത്രമേ,  

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,  

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.  

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ. 

സുകൃതജപം

ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.