പ്രാർത്ഥന കൊണ്ട് കൊറോണ വൈറസിനെ തുരത്താൻ കഴിയുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു? ഈ നാളുകളിൽ ഇങ്ങനെയൊരു ചോദ്യം നാം എപ്പോഴും പ്രതീക്ഷിച്ചിരിക്കണം.
പ്രാർത്ഥനയുടെ ഫലപ്രാപ്തിയിൽ പ്രാർത്ഥനാകൂട്ടായ്മയിലുള്ളവർക്കുപോലും സംശയമാണ്. അപ്പോൾ സാധാരണ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ. കാരണം ദൈവത്തെയോ അവിടുത്തെ പുത്രനായ യേശുവിനെയോ ഹൃദയം കൊണ്ട് അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ ഇടയിലാണു നാം ജീവിക്കുന്നത്. അവരിൽ പലരും ക്രിസ്തീയനാമധാരികളായിരിക്കാം. കൃത്യമായി പള്ളിയിൽ പോകുന്നവരായിരിക്കാം. ദശാംശം കൊടുക്കുന്നവരായിരിക്കാം. സ്വാർത്ഥചിന്തയില്ലാതെ പരസ്നേഹത്തിൻറെ പ്രവൃത്തികൾ ചെയ്യുന്നവരായിരിക്കാം. എന്നാൽ യേശുവിനു ഏതുരോഗവും, ഏതു പൈശാചിക പീഡയും സുഖപ്പെടുത്താൻ കഴിയും എന്ന വിശ്വാസം അവർക്കില്ല.
അവരും സഭയുടെ അംഗങ്ങളാണ്. ക്രിസ്തുവാകുന്ന അടിസ്ഥാനത്തിൽ പടുത്തുയർത്തപ്പെട്ട ഏകസത്യസഭയുടെ അംഗങ്ങളാണവർ. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? യേശുവിന് അത്ഭുതം പ്രവർത്തിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനു മുൻപിൽ എന്തുകൊണ്ടാണ് അവർ ചഞ്ചലചിത്തരാകുന്നത്? ഏശയ്യാ പ്രവചനത്തിൽ നമുക്ക് അതിനുള്ള ഉത്തരം ലഭിക്കും.
‘അതിനാൽ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; ഇതാ ഞാൻ സീയോനിൽ ഒരു കല്ല്, ശോധന ചെയ്ത കല്ല്, അടിസ്ഥാനമായി ഇടുന്നു; വിലയുറ്റ മൂലക്കല്ല് ഉറപ്പുള്ള അടിസ്ഥാനമായി ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ചഞ്ചലചിത്തനാവുകയില്ല’ (ഏശയ്യ 28:16)
ദൈവമായ കർത്താവ് ഉറപ്പിച്ച മൂലക്കല്ല് യേശുക്രിസ്തുവാണ്. അവനിൽ വിശ്വസിക്കുന്നവർ ചഞ്ചലചിത്തരാവുകയില്ല. നമ്മുടെ വിശ്വാസം ദുർബലമാകുന്നുവെങ്കിൽ അതിൻറെ അർഥം നാം മൂലക്കല്ലായ യേശുവിനെ ഉപേക്ഷിച്ചുകളഞ്ഞു എന്നതുതന്നെയാണ്. ദൈവത്തിൻറെ സഭയെ പടുത്തുയർത്തേണ്ട പണിക്കാരായ നമ്മൾ പലപ്പോഴും ആദ്യം എറിഞ്ഞുകളയുന്ന കല്ലാണ് യേശുക്രിസ്തു. കാരണം അവൻ ഈ ലോകത്തിനു യോജിച്ച ഒരു ദൈവമല്ല എന്നു നാം കരുതുന്നു. ‘ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു. അവൻ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല’ ( ഏശയ്യ 53:2-4). ക്രിസ്തുവിനും ഏഴു നൂറ്റാണ്ടുകൾക്കു മുൻപ് ഈ വരികൾ എഴുതുമ്പോൾ ക്രിസ്തുവിൻറെ കാലത്തും അതിനുശേഷവും ക്രിസ്തുവാകുന്ന മൂലക്കല്ലിനെ തള്ളിക്കളയാൻ പോകുന്ന വലിയൊരു ഭാഗം ജനങ്ങളെ പ്രവാചകൻ മനസ്സിൽ കണ്ടിരിക്കണം.
ഉറപ്പുള്ള പാറമേൽ അടിസ്ഥാനമിട്ടു പണിയേണ്ട ദൈവഭവനത്തിൻറെ മൂലക്കല്ലാകേണ്ട വിലയുറ്റ കല്ല് എറിഞ്ഞുകളഞ്ഞിട്ട്, മണൽപ്പുറത്ത് ഭവനം പണിയുക എന്ന എളുപ്പവഴി നോക്കിപ്പോകുന്ന ഈ തലമുറയ്ക്കു വേണ്ടിക്കൂടിയാണ് സങ്കീർത്തകൻ ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്. ‘പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു’ (സങ്കീ 118:22).
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറയുമ്പോൾ ക്രിസ്തു ഈ തിരുവചനഭാഗം ഉദ്ധരിക്കുന്നുണ്ട്. യജമാനൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വപുത്രനെ കൃഷിക്കാരുടെ അടുത്തേക്കയച്ചപ്പോൾ കൃഷിക്കാർ കരുതിയതു പുത്രൻ അവകാശിയായതിനാൽ അവനെ കൊന്നുകളഞ്ഞ് അവകാശം തങ്ങൾക്കു സ്വന്തമാക്കാം എന്നായിരുന്നു. എന്നാൽ സംഭവിച്ചതു നേരെ തിരിച്ചായിരുന്നു. മുന്തിരിത്തോട്ടത്തിൻറെ ഉടമസ്ഥൻ ആ ദുഷ്ടരെ നിഷ്ടൂരമായി നശിപ്പിക്കുകയും യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏൽപ്പിക്കുകയും ചെയ്യും എന്നു പറഞ്ഞതിനുശേഷം യേശു പറയുന്നത് അതുപോലെ തന്നെ ദൈവരാജ്യം, ദൈവജനം എന്നു സ്വയം അവകാശപ്പെടുന്നവരിൽ നിന്നെടുത്ത്, ഫലം നല്കാൻ തയ്യാറുള്ള വിജാതീയർക്കു നൽകപ്പെടും എന്നാണ്. ഒരു കാര്യം കൂടി പറഞ്ഞുകൊണ്ടാണ് യേശു ഈ ഉപമ അവസാനിപ്പിക്കുന്നത്. ” ഈ കല്ലിൽ വീഴുന്നവൻ തകർന്നുപോകും. ഇത് ആരുടെ മേൽ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും” ( മത്തായി 21:44).
ഏശയ്യാ പ്രവാചകൻ പറയുന്നു; ‘അവിടുത്തെ ഭയപ്പെടുവിൻ. അവിടുന്നാണു വിശുദ്ധ മന്ദിരവും ഇടർച്ചയുടെ ശിലയും ഇസ്രായേലിൻറെ ഇരുഭവനങ്ങളെയും നിലംപതിപ്പിക്കുന്ന പാറയും. ജെറുസലേം നിവാസികൾക്കു കുടുക്കും കെണിയും അവിടുന്നു തന്നെ. അനേകർ അതിന്മേൽ തട്ടിവീണു തകർന്നുപോകുകയും കെണിയിൽ കുരുങ്ങി പിടിക്കപ്പെടുകയും ചെയ്യും’ ( ഏശയ്യ 8:14-15).
അനേകർ തട്ടിവീഴുന്ന ഇടർച്ചയുടെ ശിലയാണ് ക്രിസ്തു. ആ കല്ലിലേക്കു വീഴുന്നവൻ തകർന്നുപോകുന്നു. ഇനി അങ്ങോട്ടുപോയി വീഴണമെന്നുമില്ല. ക്രിസ്തുവാകുന്ന കല്ല് ഇങ്ങോട്ടു വന്നു വീണാലും അതു നമ്മളെ ധൂളിയാക്കും. കാരണം ക്രിസ്തീയവിശ്വാസത്തിന് ഒരേയൊരു ഉരകല്ലേയുള്ളൂ. അതു ക്രിസ്തുവിലുള്ള വിശ്വാസം തന്നെയാണ്. ക്രിസ്തുവിലുള്ള വിശ്വാസം എന്നതിൻറെ ഒരേയൊരർഥം അവിടുന്നു പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുക എന്നതാണ്.
‘കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ’ (മർക്കോസ് 4:41) എന്നാണു ശിഷ്യന്മാർ യേശുവിനെക്കുറിച്ച് അത്ഭുതപ്പെട്ടത്. പിശാചുബാധിതനെ സുഖപ്പെടുത്തിയ യേശുവിനെക്കുറിച്ചു ജനങ്ങൾ അത്ഭുതപ്പെട്ടു പറഞ്ഞത് ഇപ്രകാരമാണ്. ” ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവൻ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു” (മർക്കോസ് 1:27). യേശു തളർവാതരോഗിയെ സുഖപ്പെടുത്തിയപ്പോൾ വിസ്മയസ്തബ്ധരായ ജനങ്ങൾ പറഞ്ഞത് ‘ഇതുപോലൊന്നു ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല’ എന്നാണ്. യേശുവിൻറെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ താൻ സുഖംപ്രാപിക്കും എന്നു വിശ്വസിച്ച രക്തസ്രാവക്കാരി സൗഖ്യം പിടിച്ചുവാങ്ങിക്കൊണ്ടാണു പോയത്. ബധിരനെ സുഖപ്പെടുത്തിയപ്പോൾ ജനങ്ങൾ അളവറ്റ വിസ്മയത്തോടെ ഇപ്രകാരം പറയുന്നതായി വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ‘അവൻ എല്ലാക്കാര്യങ്ങളും നന്നായി ചെയ്യുന്നു; ബധിരർക്കു ശ്രവണശക്തിയും ഊമർക്കു സംസാരശക്തിയും നൽകുന്നു’ ( മർക്കോസ് 7:37)
നായിനിലെ വിധവയുടെ മരിച്ചുപോയ മകനെ പുനർജീവിപ്പിച്ച യേശുവിനെക്കുറിച്ചു ജനങ്ങൾ പറഞ്ഞത് ‘ ഒരു വലിയ പ്രവാചകൻ നമ്മുടെയിടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻറെ ജനത്തെ സന്ദർശിച്ചിരിക്കുന്നു’ ( ലൂക്കാ 7:16). എന്നാണ്. സ്നാപകൻറെ ശിഷ്യന്മാരോട് യേശു പറയുന്നത് ഇപ്രകാരമാണ്. ”നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതെല്ലാം ചെന്ന് യോഹന്നാനെ അറിയിക്കുക. കുരുടന്മാർ കാണുന്നു; മുടന്തന്മാർ നടക്കുന്നു; കുഷ്ഠരോഗികൾ സുഖപ്പെടുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു” ( ലൂക്കാ 7:22). ഇതു പറഞ്ഞിട്ട് യേശു ഒരു വചനം കൂടി പറയുന്നുണ്ട്. നാം ഭയത്തോടും വിറയലോടും കൂടെ മാത്രം ധ്യാനിക്കേണ്ട ഒരു വചനമാണത്. “എന്നിൽ ഇടർച്ചയുണ്ടാകാത്തവൻ ഭാഗ്യവാൻ” ( ലൂക്കാ 7:23).
യേശുക്രിസ്തു ജിവിച്ചിരിക്കുമ്പോൾ തന്നെ ദൈവപുത്രനിൽ ഇടർച്ച തോന്നിയ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടും അവർക്ക് അവനിൽ ഇടർച്ചയുണ്ടായി. ‘അവൻ ഒരു അതിക്രമവും ചെയ്തില്ല; അവൻറെ വായിൽ നിന്നു വഞ്ചന പുറപ്പെട്ടുമില്ല’ ( ഏശയ്യ 53:9). എന്നിട്ടും അവർക്ക് അവനിൽ ഇടർച്ചയുണ്ടായി. ‘ഈ മനുഷ്യൻ നീതിമാനായിരുന്നു’ എന്ന് അവനെ കുരിശിലേറ്റാൻ നേതൃത്വം കൊടുത്ത വിജാതീയനായ ശതാധിപൻ ഉറക്കെ വിളിച്ചുപറഞ്ഞിട്ടും യേശുവിൽ ഇടർച്ച തോന്നിയ യഹൂദരുടെ എണ്ണം കുറവായിരുന്നില്ല. യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിനു ശേഷവും അവൻറെ ശിഷ്യന്മാർ ശരീരം മോഷ്ടിച്ചുകൊണ്ടു പോയതാണെന്ന വ്യാജം പറഞ്ഞുപ്രചരിപ്പിക്കാൻ തക്കവിധം അവരുടെ ഇടർച്ച അത്ര വലുതായിരുന്നു എന്നും നാം അറിഞ്ഞിരിക്കണം.
മൂലക്കല്ലായ യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞു എന്നതായിരുന്നു അവർക്കു സംഭവിച്ച ഒരേയൊരബദ്ധം. ഇതു പത്രോസ് സാൻഹെദ്രീൻ സംഘത്തിൻറെ മുൻപാകെ തുറന്നു പറയുന്നുണ്ട്. “വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല’ ( അപ്പ. 4:11-12). അനേകം വിജാതീയർ ക്രിസ്തുവിലൂടെ നീതീകരണം പ്രാപിച്ചപ്പോഴും എന്തുകൊണ്ടാണ് ഇസ്രായേൽ മക്കളിൽ വലിയൊരു ഭാഗം തിരസ്കരിക്കപ്പെട്ടത്? അതിനു കാരണം പൗലോസ് ശ്ലീഹാ വിശദമായി തന്നെ പഠിപ്പിക്കുന്നുണ്ട്. ‘നിയമത്തിലധിഷ്ഠിതമായ നീതി അന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതിൽ വിജയിച്ചില്ല. എന്തുകൊണ്ട്? അവർ വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അന്വേഷിച്ചത്. ഇടർച്ചയുടെ പാറമേൽ അവർ തട്ടിവീണു. ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടർച്ചയ്ക്കുള്ള പാറയും സീയോനിൽ ഞാൻ സ്ഥാപിക്കുന്നു. അവനിൽ വിശ്വസിക്കുന്നവർക്കു ലജ്ജിക്കേണ്ടിവരികയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു’ ( റോമാ.9:31-33).
വിശ്വാസത്തിലൂടെയല്ലാതെ ക്രിസ്തുവിനെ, സഭയുടെ മൂലക്കല്ലിനെ അറിയാൻ സാധിക്കില്ല. നമ്മുടെ പ്രവൃത്തികൾ എത്രതന്നെ ശ്രേഷ്ഠമാണെങ്കിലും അവയ്ക്കൊന്നിനും നമ്മെ നാം എത്തേണ്ടിടത്ത് എത്തിക്കാൻ സാധിക്കില്ല. വഴിയും സത്യവും ജീവനും താൻ തന്നെയാണെന്ന് യേശു പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻറെയർത്ഥം സത്യത്തിൻറെ ആ വഴിയിലൂടെ നടന്നു ജീവനിലേക്കു പ്രവേശിക്കുക എന്ന ഒരേയൊരു മാർഗമേ നമുക്കു നല്കപ്പെട്ടിട്ടുള്ളൂ എന്നാണ്. അതുതന്നെയാണ് അതുതന്നെയാണ് വിശുദ്ധ പത്രോസ് ലളിതമായ വാക്കുകളിലൂടെ സാൻഹെദ്രീൻ സംഘാംഗങ്ങളോടു പറഞ്ഞതും. സ്വന്തം പ്രവൃത്തികളിൽ മാത്രം ആശ്രയിക്കുന്നവർക്ക് യേശുവിനെ മനസിലാക്കാൻ കഴിയില്ല. ‘മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്’ ( ജ്ഞാനം 16:12) എന്നു പറയണമെങ്കിൽ സുഖപ്പെടുത്തുന്ന കർത്താവാണു നമ്മുടെ ദൈവം എന്ന ഉറച്ച വിശ്വാസം വേണം.
ദൈവഭവനത്തിൻറെ പണിക്കാരായ നമ്മൾ മൂലക്കല്ലിനു കൊടുക്കുന്ന സ്ഥാനം എന്താണ്? ഒന്നോർത്തുനോക്കുക. മൂലക്കല്ലിനെ തളളിക്കളഞ്ഞുകൊണ്ട് പണിയുന്നതെന്തും വ്യാജമായിരിക്കും. അത് ഭവനമായാലും സഭയായാലും ജീവിതമായാലും. കാരണം അപ്പസ്തോലൻ പറയുന്നതുപോലെ ക്രിസ്തുവാകുന്ന മൂലക്കല്ല് സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. മറ്റൊരു അടിസ്ഥാനം ഇനി ഇടാനില്ല. ക്രിസ്തു പറഞ്ഞവയാണ് സഭയുടെ വിശ്വാസത്തിൻറെ ആധാരം. അതിൽ നിന്നു വ്യതിചലിക്കുന്ന ഒരു പ്രബോധനവും നമ്മെ സ്വർഗത്തിൽ എത്തിക്കില്ല.
‘മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്നവനെ എൻറെ സർഗ്ഗസ്ഥനായ പിതാവിൻറെ മുൻപിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുൻപിൽ എന്നെ തള്ളിപ്പറയുന്നവനെ എൻറെ സ്വർഗ്ഗസ്ഥനായ പിതാവിൻറെ മുൻപിൽ ഞാനും തള്ളിപ്പറയും’ ( മത്തായി 10:32-33) എന്നു കർത്താവു വ്യക്തമായിത്തന്നെ നമുക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മനുഷ്യരുടെ മുൻപിൽ ക്രിസ്തുവിനെ ഏറ്റുപറയുക എന്നാൽ അവിടുന്നു ദൈവപുത്രനാണെന്നും നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിതനായ അവൻ ഉത്ഥാനം ചെയ്ത് പിതാവായ ദൈവത്തിൻറെ വലതുഭാഗത്ത് ഇരിക്കുന്നുവെന്നും കാലത്തിൻറെ അന്ത്യത്തിൽ സകലമനുഷ്യരെയും വിധിക്കുവാനായി അവൻ വീണ്ടും വരുമെന്നും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും അവനു നൽകപ്പെട്ടിരിക്കുന്നു എന്നും ഏറ്റുപറയുകയാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും നല്കപ്പെട്ടിട്ടുള്ള ക്രിസ്തുവിനു കോവിഡ് രോഗത്തിൽ നിന്നു സൗഖ്യം നൽകാനും സാധിക്കുമെന്ന് ഇനിയും പ്രത്യേകം എടുത്തുപറയണമോ?
ഈ മഹാമാരിയുടെ കാലത്തു നമ്മുടെ ശ്രദ്ധ സത്യദൈവത്തിൽ നിന്നകററി ലോകം വച്ചുനീട്ടുന്ന പ്രശ്നപരിഹാരങ്ങളിലേക്കു നമ്മെ ആകർഷിക്കാൻ തക്ക വിധത്തിൽ ഈ ലോകത്തിൻറെ അധികാരി പ്രവർത്തിക്കുന്നുണ്ട് എന്നു നാം അറിഞ്ഞിരിക്കണം. അവൻ എന്തിനും ഏതിനും ദൈവത്തെ ക്കൂടാതെയുള്ള ഒരു പരിഹാരമാർഗം നമുക്കു നിർദേശിച്ചുതരും. അത് അവൻറെ അടിസ്ഥാന സ്വഭാവമാണ്. മനുഷ്യരുടെ പ്രശ്നങ്ങൾക്കു പ്രത്യക്ഷമായ ഒരു പരിഹാരമാർഗം മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിൽ സംഭവിക്കുന്ന അന്തിമപരീക്ഷയെക്കുറിച്ച് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ (ഖണ്ഡിക 675) പറഞ്ഞിരിക്കുന്നത് ഇവിടെ ഓർമ്മിക്കുന്നതു നല്ലതാണ്.
ശാന്തിയും സമാധാനവും പ്രത്യാശയും നിറഞ്ഞ ഒരു യുഗം, ആർക്കും രോഗങ്ങളില്ലാത്ത ഒരു കാലം ഒരിക്കൽ ഉണ്ടാവും എന്നതു സത്യമാണ്. എന്നാൽ അത് യുഗാന്ത്യപരമായ വിധിയിലൂടെ മാത്രം സാക്ഷാത്കരിക്കപ്പെടുന്ന ഒന്നാണ്. അതിസ്വാഭാവികതലത്തിൽ, ദൈവത്തിൻറെ നേരിട്ടുള്ള ഇടപെടലിലൂടെ, ചരിത്രത്തിനതീതമായി മാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന ഈ പ്രത്യാശയെ ചരിത്രത്തിൽ ഇപ്പോൾ, ഇവിടെ സാക്ഷാത്കരിക്കാൻ കഴിയും എന്നവകാശപ്പെടുന്ന ഓരോ നിമിഷവും എതിർക്രിസ്തുവിൻറെ വഞ്ചനയുടെ നിഴൽ ലോകത്തിൽ പടർന്നുതുടങ്ങുന്നു എന്നു സഭ തുടർന്നു പഠിപ്പിക്കുന്നു.
ഇനി ചിന്തിക്കുക. പ്രാർത്ഥന കൊണ്ട് കോവിഡ് രോഗം സുഖപ്പെടുമോ? സുഖപ്പെടാം. സുഖപ്പെട്ടില്ലെന്നുമിരിക്കാം. കാരണം അതു ദൈവത്തിൻറെ തീരുമാനമാണ്. ഒരാൾ കോവിഡ് രോഗത്തിൽ മരണമടയുന്നതാണ് അയാളുടെ ആത്മാവിനു കൂടുതൽ നല്ലതെന്നു ദൈവം തീരുമാനിക്കുന്നുവെങ്കിൽ നാം അതിൽ എന്തിനു നിരാശപ്പെടണം?
നെബുക്കദ്നേസർ രാജാവ് തീച്ചൂളയിലെറിയുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ മൂന്നു യുവാക്കൾ പറഞ്ഞതു തങ്ങളുടെ ദൈവം തങ്ങളെ രക്ഷിക്കാൻ കഴിവുള്ളവനാണെന്നും എന്നാൽ ദൈവം ആ പ്രത്യേകസാഹചര്യത്തിൽ തങ്ങൾ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ പോലും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടരും എന്നുമായിരുന്നു.
ഇതാണു നമുക്കു വേണ്ട പ്രത്യാശ. ദൈവം സർവ്വശക്തനാണ്. ലോകത്തിൽ കോവിഡ് പടർന്നുപിടിക്കാൻ അനുവദിച്ചതും ദൈവമാണ്. നമ്മെ കോവിഡിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനു കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ നാം കോവിഡിൻറെ വേദനയിൽ കൂടി കടന്നുപോയി സ്വർഗ്ഗരാജ്യത്തിലെത്തണമെന്നതാണ് അവിടുത്തെ തിരുമനസ്സെങ്കിൽ നാം അതിന് എതിരുനിൽക്കണമോ? ‘ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ’ എന്നാണല്ലോ നാം എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത്. രോഗത്തിൽ നിന്നുള്ള വിടുതലിനേക്കാളുപരി ആത്മരക്ഷയ്ക്കു പ്രാധാന്യം കൊടുക്കുന്ന ഒരു പ്രാർത്ഥനാശൈലി വളർത്തിയെടുക്കേണ്ട കാലമാണിത് എന്ന ബോധ്യത്തോടെ നമുക്കു പ്രാർത്ഥിക്കാം.
‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ, ആമേൻ.