സർവശക്തൻറെ തണലിൽ

‘അവിടുന്നു നിന്നെ വേടൻറെ  കെണിയിൽ നിന്നും മാരകമായ  മഹാമാരിയിൽ നിന്നും രക്ഷിക്കും …………………… ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ    പേടിക്കേണ്ട …………………..നിൻറെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം.നിൻറെ വലതുവശത്ത് പതിനായിരങ്ങളും. എങ്കിലും നിനക്ക് ഒരനർത്ഥവും  സംഭവിക്കുകയില്ല. …………….ഒരനർത്ഥവും  നിൻറെ കൂടാരത്തെ സമീപിക്കുകയില്ല’ ( സങ്കീ 91:3  -10).

 കോവിഡ് രോഗത്തിനുള്ള  പ്രതിവിധി പ്രാർത്ഥന മാത്രമാണ്. ഇതു  കേൾക്കുമ്പോൾ ചിരിക്കുന്നവരുണ്ടാകും;  എന്നല്ല   വായിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും വിശ്വസിക്കാൻ കഴിയാത്ത ഒരു പ്രസ്താവന യായിരിക്കും ഇത് എന്നറിയാം.  എന്നാൽ സത്യം അതാണ്. കാരണം കോവിഡ് എന്നത് ഒരു പൈശാചികപീഡയാണ്.  ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി എന്നത് അന്ധകാരത്തിൻറെ രാജാവായ സാത്താൻറെ  പ്രവൃത്തിയാണ്. പൈശാചികപീഡയെ നേരിടാൻ മനുഷ്യബുദ്ധിയിൽ ഉദിച്ച വാക്സിനും  വെൻറിലേറ്ററിനും കഴിയില്ല. പിശാചിൻറെ പ്രവൃത്തികളെ നശിപ്പിക്കാൻ  ഭൂമിയിൽ അവതരിച്ച യേശുക്രിസ്തുവിനു മാത്രമേ  ഈ പൈശാചികപീഡയിൽ നിന്നു     നമ്മെ രക്ഷിക്കാൻ  കഴിയുകയുള്ളൂ.

എന്തുകൊണ്ടാണു  നാം ഒരു സഭയെന്ന നിലയിൽ പ്രാർത്ഥന ഒരു ആയുധമായി എടുക്കാത്തത്? എന്തുകൊണ്ടാണു  നമ്മുടെ ഇടവക ദൈവാലയങ്ങൾ  പിശാചിനെതിരെ പോരാടുന്ന മുഖ്യദൂതനായ മിഖായേലിൻറെ   മാധ്യസ്ഥം അപേക്ഷിക്കാത്തത്? എന്തുകൊണ്ടാണു  നാം ഓരോരുത്തരും വ്യക്തിപരമായി  പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ നമ്മെത്തന്നെ പ്രതിഷ്ഠിച്ച്,  പിശാചിനെതിരെയുള്ള പോരാട്ടത്തിനാവശ്യമായ ശക്തി വാങ്ങിയെടുക്കാത്തത്? നരകസർപ്പത്തിൻറെ തല തകർക്കുന്നതിൽ മറിയത്തിനുള്ള പങ്കിനെപ്പറ്റി വിശുദ്ധഗ്രന്ഥം വിശദമായി തന്നെ പറയുന്നുണ്ടല്ലോ. തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ഇടയ്ക്കിടെ ചൊല്ലി കർത്താവിൻറെ സംരക്ഷണം തേടാൻ നമുക്കെന്താണു  മടി?

സാനിറ്റൈസറിനേക്കാൾ പതിന്മടങ്ങു ശക്തിയുള്ളതാണു  ഹന്നാൻ വെള്ളമെന്ന ബോധ്യം എപ്പോഴാണു  നമ്മുടെ ഹൃദയത്തിൽ നിന്നു മാഞ്ഞുപോയത്?

ഇതു  നമ്മുടെ മാത്രം അവസ്ഥയല്ല. ലോകമെങ്ങുമുള്ള അനേകം സഭകളിലെ ലക്ഷക്കണക്കിനു   വിശ്വാസികളുടെ  അവസ്ഥയാണ്.  മുൻ കാലങ്ങളിൽ   മഹാമാരികൾ പടർന്നുപിടിക്കുമ്പോൾ  ജനങ്ങളെ ഒരുമിച്ചുകൂട്ടി പ്രാർത്ഥനയിൽ അഭയം തേടുന്നതിനു വൈദികരും മെത്രാന്മാരും നേതൃത്വം കൊടുത്തി രുന്നു.  എന്നാൽ ഇപ്പോൾ  ഒരു ക്രിസ്ത്യാനി ചിന്തിക്കുന്നതു  കോവിഡിനെ നേരിടാൻ ശക്തിയുള്ളതു  വാക്സിനു മാത്രമാണെന്നാണ്.  രണ്ടു ഡോസ് വാക്സിനും എടുത്തിട്ടും കോവിഡ് പിടിപെടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുവരുന്നു. എങ്കിലും വാക്സിനാണ് ഏകശരണം എന്നു  ചിന്തിക്കുന്നവരായി നാം മാറിക്കഴിഞ്ഞു.   അവിടെയും ഇവിടെയുമായി   കാണുന്ന വിശുദ്ധിയും വിശ്വാസവുമുള്ള  കുറച്ചുപേരെ ഒഴിച്ചുനിർത്തിയാൽ ഇതാണു  കഴിഞ്ഞ ഒരു വർഷത്തിലധികമായി  നാം കണ്ടുകൊണ്ടിരിക്കുന്നത്.  

ലോകത്തിൽ ആദ്യമായി സത്യദൈവത്തെ  ആരാധിക്കാൻ  ഒരു ദൈവാലയം നിർമ്മിക്കാൻ  ദൈവം തെരഞ്ഞെടുത്ത സോളമൻ രാജാവ് ആ ദൈവാലയത്തിൻറെ  പ്രതിഷ്ഠാകർമ്മത്തിൻറെ അവസരത്തിൽ  ചൊല്ലിയ പ്രാർത്ഥന  നാം എല്ലാവരും  ഓർമ്മിക്കുന്നതു  നല്ലതാണ്. 

” നാട്ടിൽ ക്ഷാമമുണ്ടാവുകയോ, വസന്ത, കതിർവാട്ടം, പൂപ്പൽ, വെട്ടുക്കിളി, കീടം  എന്നിവകൊണ്ട് വിളവു  നശിക്കുകയോ ശത്രുക്കൾ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുകയോ, മഹാമാരിയോ മറ്റു രോഗമോ അവരെ അലട്ടുകയോ ചെയ്യുമ്പോൾ, വ്യക്തികളോ ജനം മുഴുവനുമോ വ്യഥയാൽ ഈ ഭവനത്തിനു നേരെ കൈനീട്ടി പ്രാർത്ഥിച്ചാൽ അങ്ങു വസിക്കുന്ന സ്വർഗത്തിൽ നിന്ന് അതു  ശ്രവിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്യണമേ” ( 1 രാജാ 8:37-40).

അതാണു  ദൈവാലയത്തിൻറെ  മഹത്വം. മഹാമാരിയുടെ കാലത്തു  ജനങ്ങൾക്ക് അഭയമായിത്തീരേണ്ട ഒരിടമാണു  ദൈവാലയം.    അതിനു പകരം നാം തന്നെ  കോവിഡിനുള്ള പ്രതിവിധി വാക്സിൻ മാത്രമാണെന്നും പുതിയ ലോകക്രമത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്നും  പ്രകൃതിയോടു  നാം കാണിച്ച തെറ്റുകൾക്കുള്ള  തിരിച്ചടിയാണ് ഈ രോഗമെന്നും  ഒക്കെ  പറഞ്ഞുതുടങ്ങിയാൽ സഭയും ലോകവും തമ്മിൽ എന്തു  വ്യത്യാസമാണുണ്ടാവുക?. 

പ്രാർത്ഥിക്കാനുള്ള ആഹ്വാനം സഭയിൽ നിന്ന് ഉണ്ടായില്ലെന്നല്ല.  2020  മെയ്  14 ന്  ഒരു  സർവമത പ്രാർത്ഥനാഹ്വാനം  പുറപ്പെടുവിച്ചതിൽ പോലും  ഊന്നൽ കൊടുത്ത  ഒരു  ഭാഗം ശാസ്ത്രജ്ഞന്മാർക്കു   കോവിഡിനുള്ള പ്രതിവിധി  കണ്ടുപിടിക്കാനുള്ള പ്രചോദനം നൽകണമേ എന്നതായിരുന്നു. ദൈവം എങ്ങനെ പ്രവർത്തിക്കണം എന്നു  നാം  ദൈവത്തോടു  പറയണമോ?  കോവിഡിനെ പ്രതിരോധിക്കാൻ ലോകത്തിൻറെ മാർഗങ്ങൾ  തന്നെയാണു  സഭയും നിർദേശിക്കുന്നതെന്നാണ്   ഇതു  വായിക്കുന്ന ഒരു അക്രൈസ്തവനു  പെട്ടെന്നു തോന്നുക.

എന്നാൽ ആ മാർഗങ്ങൾ  ഉപയോഗിച്ച  പാശ്ചാത്യരാജ്യങ്ങൾക്ക് ഇതുവരെ രോഗത്തെ പിടിച്ചുകെട്ടാനായിട്ടില്ല എന്ന കാര്യം സൗകര്യപൂർവം നാം മറക്കുന്നു.  എന്നിട്ടും നാം എന്തുകൊണ്ടാണു  തികച്ചും മാനുഷികമായ ആയുധങ്ങളുമായി  ഈ പൈശാചികപീഡയെ നേരിടാനിറങ്ങുന്നത്?

അതുകൊണ്ട് പ്രിയപ്പെട്ടവരേ, നമുക്കു  പ്രാർത്ഥനയിലേക്കു  തിരിയാം. സർവശക്തനായ ദൈവത്തിൽ അഭയം തേടാം.  സാത്താനെതിരെയുള്ള യുദ്ധത്തിൽ  വിശുദ്ധ മിഖായേലിൻറെ സംരക്ഷണം തേടുന്ന പ്രാർഥന  വിശുദ്ധ ലിയോ പതിമൂന്നാമൻ പാപ്പാ സഭയ്ക്കു നൽകിയിട്ട്  133  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നമുക്ക് ആ പ്രാർത്ഥന  കൂടെക്കുടെ ചൊല്ലാം. എല്ലാ ദിവസവും  നമ്മുടെ കുടുംബത്തെ പരിശുദ്ധ  അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കാം. ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രതിഷ്ഠാജപം  എല്ലാ ദിവസവും നിർബന്ധമായും ചൊല്ലാം.   തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം   കുട്ടികളും വലിയവരും മനപാഠമാക്കേണ്ട കാലമാണിത്.  അതു  ചൊല്ലി പ്രാർത്ഥിക്കുന്നവർക്കു   കർത്താവു  വലിയ സംരക്ഷണം   നൽകും എന്നതിൽ സംശയിക്കേണ്ട. 

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം  വിശുദ്ധജീവിതം നയിച്ച്, കൃപയിൽ ആയിരിക്കുക എന്നതാണ്. ഇടയ്ക്കിടെ കുമ്പസാരിച്ച്, അനുദിനദിവ്യബലിയിൽ പങ്കെടുത്ത്, നമുക്കു  പ്രസാദവരത്തിൽ ജീവിക്കാം. ഈ പോസ്റ്റ് ഇടുന്നതു   നമ്മുടെ  ബഹുമാനപ്പെട്ട  വൈദികരെക്കൂടി  മനസ്സിൽ കണ്ടുകൊണ്ടാണ്. കോവിഡ്  കാലത്തും വിശ്വാസികൾക്ക് ആത്മീയശുശ്രൂഷ നൽകുന്നതിലും പ്രാർത്ഥനയിൽ അവരെ ഒരുമിപ്പിക്കുന്നതിലും  വളരെയധികം താല്പര്യമെടുത്ത അനേകം വൈദികരാൽ അനുഗ്രഹിക്കപ്പെട്ട ഒന്നാണു  കേരളസഭ.  ആ മാതൃക  എല്ലാ ഇടവകകളിലേക്കും  സഭാസ്ഥാപനങ്ങളിലേക്കും  ക്രിസ്തീയകുടുംബങ്ങളിലേക്കും  പകർത്താനായാൽ നമുക്കു  കോവിഡിനെയെന്നല്ല ഒരു മഹാമാരിയെയും പേടിക്കേണ്ടതില്ല. കാരണം  വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവു നമ്മോടു  കൂടെയുണ്ട്. 

മനുഷ്യരുടെ പ്രശ്നങ്ങൾക്ക്   ഏകപരിഹാരം ദൈവത്തിൽ ആശ്രയിക്കുക എന്നതുമാത്രമാണ്. ദൈവത്തിൽ   ആശ്രയിക്കുന്നതിനു പകരം  മനുഷ്യനിൽ ആശ്രയിച്ചാലുള്ള  വലിയ അപകടം എന്തെന്നു  മനസ്സിലാകണമെങ്കിൽ നാം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ ഒരു ഖണ്ഡിക മനസിരുത്തി വായിക്കണം.

‘ഭൂമിയിൽ സഭയുടെ  തീർത്ഥാടനത്തോടൊത്തുപോകുന്ന പീഡനം  “തിന്മയുടെ രഹസ്യത്തെ’ വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പ്രത്യക്ഷമായ ഒരു പരിഹാരമാർഗം  മനുഷ്യർക്കു ‌ വാഗ്ദാനം ചെയ്യുന്ന  മതപരമായ  ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്.  സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനു കൊടുക്കേണ്ടിവരും’ (CCC 675). സഭ ഇത് പഠിപ്പിക്കുന്നത് ക്രിസ്തുവിൻറെ  രണ്ടാം വരവിനു മുൻപു സംഭവിക്കേണ്ട സഭയുടെ അന്തിമപരീക്ഷയുമായും  മതപരമായ പരമവഞ്ചന നടത്തുന്ന എതിർക്രിസ്തുവുമായും ബന്ധപ്പെടുത്തിയാണ്. 

മനുഷ്യരുടെ പ്രശ്നങ്ങൾക്ക്  ദൈവത്തെക്കൂടാതെയുള്ള ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്ന ഏതൊരു സംവിധാനവും നമ്മെ ദൈവത്തിൽ നിന്നകറ്റും.   ലോകം നമുക്ക് വാഗ്ദാനം ചെയ്യുന്നതൊന്നും ദൈവികമായിരിക്കില്ല.   അതു  തിരിച്ചറിയാനുള്ള ജ്ഞാനം നമുക്കുണ്ടായിരിക്കണം.  ഇത്രയും എഴുതിയതിൻറെ അർഥം കോവിഡ്  വന്നാൽ മരുന്നു  കഴിക്കേണ്ട  എന്നൊന്നുമല്ല.  യഥാർത്ഥ പരിഹാരം  നമ്മുട രക്ഷകനായ ഈശോമിശിഹായിൽ ആശ്രയിക്കുക മാത്രമാണ് എന്നു നാം മനസിലാക്കണം.  ലോകം ചിന്തിക്കുന്നതുപോലെ  സഭ  ഇന്നുവരെ ചിന്തിച്ചിട്ടില്ല. ഇനിയങ്ങോട്ടും ചിന്തിക്കരുത്. കാരണം നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്തിലെ വിശുദ്ധ ആൻറണി പ്രവചിച്ചതു   ലോകവും സഭയും  ഒരുപോലെയാകുമ്പോൾ  അതിൻറെയർത്ഥം അന്ത്യനാളുകൾ   അടുത്തെത്തിയിരിക്കുന്നു  എന്നാണെന്നാണ്.

ഈ പോസ്റ്റ് കിട്ടുന്ന ഓരോ വ്യക്തിയ്ക്കും   മനുഷ്യർ  വാഗ്ദാനം ചെയ്യുന്ന  പരിഹാരമാർഗങ്ങളിൽ കുടുങ്ങിപ്പോകാതെ  നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ ആശ്രയിക്കാനുള്ള കൃപ ലഭിക്കട്ടെ എന്നു  പ്രാർത്ഥിക്കുന്നു. ഒപ്പം തന്നെ ഒരപേക്ഷയും.  ഈ പോസ്റ്റ് വായിക്കാനിടയാകുന്നവർ തങ്ങളുടെ  വികാരിയച്ചൻറെ  നേതൃത്വത്തിൽ  ഇടവകജനത്തെയൊന്നാകെ ഒരുമിച്ചുകൂട്ടുവാനും സ്വർഗ്ഗത്തിലേക്കു കൈകളുയർത്തി  പ്രാർത്ഥിക്കാനും  മുൻകൈയെടുക്കുമെങ്കിൽ അത്  തീർച്ചയായും അനേകർക്കു   വലിയ ആശ്വാസം പ്രദാനം ചെയ്യും.

ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.