എസക്കിയേൽ പ്രവചനം മുപ്പത്തിമൂന്നാം അധ്യായം. പതിനൊന്നാം തിരുവചനം. ‘ അവരോടു പറയുക, ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ടമാർഗത്തിൽ നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം. പിന്തിരിയുവിൻ; തിന്മയിൽ നിന്നു നിങ്ങൾ പിന്തിരിയുവിൻ. ഇസ്രായേൽ ഭവനമേ, നിങ്ങൾ എന്തിനു മരിക്കണം?’.
നിത്യമരണത്തിൽ നിന്നു രക്ഷപ്പെടാനായി ദുഷ്ടമാർഗത്തിൽ നിന്നും തിന്മയിൽ നിന്നും പാപത്തിൽ നിന്നും പിന്തിരിഞ്ഞ്, യേശുക്രിസ്തു കാണിച്ചുതന്ന വഴിയിലൂടെ യാത്ര ചെയ്യണം. ഏതു ക്രിസ്ത്യാനിയ്ക്കും അറിയാവുന്ന വിശ്വാസത്തിൻറെ ബാലപാഠമാണിത്. പാപത്തിൽ നിന്നു പിന്തിരിഞ്ഞ്, നീതിയുടെ മാർഗത്തിലേക്കു വരുന്നതിൻറെ ആദ്യപടിയാണ് ഒരുക്കത്തോടെയുള്ള കുമ്പസാരം. നല്ല കുമ്പസാരത്തിന് ആവശ്യം വേണ്ട അഞ്ചു കാര്യങ്ങൾ സഭ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്.
1. പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്
2. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്
3. മേലിൽ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നത്
4. ചെയ്തുപോയ മാരകപാപങ്ങളെല്ലാം വൈദികനെ അറിയിക്കുന്നത്
5. വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്
ദൈവത്തിൻറെ അതിരറ്റ കരുണ അനുഭവിക്കാനുള്ള അവസരമാണ് ഓരോ കുമ്പസാരവും. വഴിതെറ്റിപ്പോയ മകനെക്കാത്തു പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൈവത്തിൻറെ സ്നേഹമാണ് ഓരോ കുമ്പസാരക്കൂട്ടിലും നാം കാണുന്നത്. പന്നിക്കൂട്ടിൽ കിടക്കുന്ന മകനെ അവിടെച്ചെന്ന് രക്ഷിച്ചുകൊണ്ടുവരാൻ കഴിവില്ലാത്തതുകൊണ്ടായിരുന്നോ പിതാവ് അങ്ങനെ ചെയ്യാതിരുന്നത് എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. ദൈവം കരുണയാണ്, സ്നേഹമാണ് എന്നൊക്കെ പ്രസംഗിക്കുമ്പോൾ നാം ഒരിക്കലും മറന്നുപോകരുതാത്ത ഒരു കാര്യമാണ്, ദൈവം നീതിയുമാണെന്നത്. പന്നിക്കൂട്ടിൽ ചെന്നു രക്ഷപ്പെടുത്തിക്കൊണ്ടുവന്നാൽ ഒരിക്കലും തനിക്കു ലഭിച്ച അനുഗ്രഹത്തിൻറെ മഹത്വം ധൂർത്തപുത്രനു മനസിലാകില്ലായിരുന്നു. അതു മനസ്സിലാകണമെങ്കിൽ അവൻ പിതാവിൻറെ അടുത്തേക്കു തിരിച്ചുപോകണം. താൻ ഒരിക്കൽ ഉപേക്ഷിച്ചുപോന്ന പിതാവിൻറെ അടുത്തേയ്ക്കു തിരിച്ചുപോകാനുള്ള തീരുമാനമെടുക്കുക എന്നതാണ് എല്ലാ കുമ്പസാരത്തിൻറെയും ആദ്യപടി.
പിതാവിൻറെ അടുത്തേയ്ക്കു ചെല്ലുന്നത് ഒരിക്കലും പഴയ ജീവിതരീതി തുടരാനല്ല. ‘പഴയ ജീവിതരീതികളിൽ നിന്നു രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിൻ’ (എഫേ 4:22) എന്ന പൗലോസ് ശ്ലീഹായുടെ ഉപദേശം സ്വീകരിക്കുന്നിടത്താണ് അർത്ഥവത്തായ ഒരു കുമ്പസാരത്തിനുള്ള സാധ്യതകൾ തുറക്കപ്പെടുന്നത്. പഴയ ജീവിതശൈലികളും, പഴയ പാപങ്ങളും തുടർന്നുപോകാനുള്ള തീരുമാനത്തോടെയോ ആഗ്രഹത്തോടെയോ നടത്തുന്ന ഓരോ കുമ്പസാരവും കള്ളക്കുമ്പസാരമാണ്.
കുമ്പസാരത്തിനായി നാം എന്തിനാണു വൈദികരുടെ അടുത്തു പോകുന്നത്? പാപങ്ങൾ നേരിട്ട് ദൈവത്തോടു പറഞ്ഞാൽ പോരേ? പണ്ടൊക്കെ ഈ ചോദ്യം ചോദിച്ചിരുന്നത് അവിശ്വാസികളോ അകത്തോലിക്കരോ മാത്രമായിരുന്നെങ്കിൽ ഇന്നു പല കത്തോലിക്കരും ഇങ്ങനെ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അതിൻറെയർത്ഥം നമ്മുടെ വിശ്വാസം കൂടുതൽ കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്.
അതുകൊണ്ട് നമുക്കു വിശ്വാസത്തിൻറെ ബാലപാഠങ്ങളിൽ നിന്നു തന്നെ തുടങ്ങാം. ആർക്കാണു പാപം മോചിക്കാൻ അധികാരമുള്ളത്? ഒരു സംശയവുമില്ല. ലോകത്തിൽ പാപങ്ങൾ മോചിക്കാൻ തനിക്ക് അധികാരമുണ്ടെന്നു പ്രഖ്യാപിച്ചിട്ടുള്ള ഒരേയൊരു വ്യക്തി യേശുക്രിസ്തു മാത്രമാണ്. അതിനു കാരണം അവൻ ദൈവപുത്രനാണെന്നതാണ്. തളർവാത രോഗിയെ സുഖപ്പെടുത്തുന്നതിനു മുൻപ് യേശു ചെയ്തത് അവൻറെ പാപങ്ങൾ ക്ഷമിക്കുകയാണ്. ‘ മനുഷ്യാ, നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ (ലൂക്കാ 5:20). ഇതിനു മുൻപ് ആരും ഒരിക്കലും പറയാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ഈ പ്രസ്താവന നടത്താൻ യേശു തെരഞ്ഞെടുത്ത സന്ദർഭം പ്രത്യേകം ശ്രദ്ധിക്കണം. ഗലീലിയിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും യൂദയായിൽ നിന്നും ജറുസലെമിൽ നിന്നും വന്ന ഫരിസേയരും നിയമാധ്യാപകരും സന്നിഹിതരായിരുന്ന ഒരിടത്തുവച്ചാണ് യേശു വിപ്ലവകരമായ ഈ പ്രസ്താവന നടത്തിയത്. വിശുദ്ധഗ്രന്ഥവും നിയമങ്ങളും അരച്ചുകലക്കിക്കുടിച്ചവരെന്ന അഹങ്കാരത്തോടെ കടന്നുവന്ന ഫരിസേയർക്കും നിയമാധ്യാപകർക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല താൻ പറയാൻ പോകുന്നതെന്ന് യേശുവിനു വ്യക്തമായി അറിയാമായിരുന്നു.
അവർക്കുവേണ്ടി യേശു കാര്യങ്ങൾ കൂടുതൽ ലളിതമായി വിശദീകരിച്ചുകൊടുക്കുന്നതു നാം കാണുന്നു.
‘ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്………’ ( ലൂക്കാ 5:24). അന്നത്തെപ്പോലെ ഇന്നും അറിവ് വർധിക്കുന്നിടത്താണ് യേശുവിൻറെ പാപമോചനാധികാരത്തെക്കുറിച്ചുള്ള സംശയവും വർധിക്കുന്നത്. സാധാരണ വിശ്വാസികൾക്കില്ലാത്ത സംശയങ്ങൾ ലോകവിജ്ഞാനം കൊണ്ട് ബുദ്ധി നിറച്ചിരിക്കുന്ന പണ്ഡിതന്മാരിൽ നിന്നുണ്ടാകുന്നതിൻറെ അർഥം ഇതുതന്നെയാണ്.
കർത്താവിൻറെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞ വചനം നമുക്കോർക്കാം. ‘ നീ അവന് യേശു എന്നു പേരിടണം. എന്തെന്നാൽ അവൻ തൻറെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും’ ( മത്തായി1:21). മനുഷ്യരുടെ പാപങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാനായി സ്വന്തം പുത്രനെ മനുഷ്യനായി ഭൂമിയിലേക്ക് അയയ്ക്കുക എന്നതു സ്വർഗീയപിതാവിൻറെ തിരുവുള്ളമായിരുന്നു. ഹെബ്രായലേഖനത്തിൻറെ പത്താം അധ്യായത്തിൽ വളരെ മനോഹരമായി ഇക്കാര്യം വിവരിക്കുന്നുണ്ട്. ‘പുസ്തകത്തിൻറെ ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാൻ പറഞ്ഞു; ദൈവമേ അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു’ . യേശു പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ, ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി. അതോടുകൂടി പഴയ പാപപരിഹാരബലി അപ്രസക്തമായിത്തീർന്നു. ‘പാപമോചനം ഉള്ളിടത്ത് പാപപരിഹാരബലി ആവശ്യമില്ലല്ലോ’ (ഹെബ്രാ. 10:18).
തനിക്കു സിദ്ധിച്ച പാപമോചനാധികാരം യേശു തൻറെ ശിഷ്യന്മാർക്കു പകർന്നുകൊടുക്കുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ‘ ഇത് പറഞ്ഞിട്ട് അവരുടെ മേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും ‘ (യോഹ. 20:22-23). അതായത് പരിശുദ്ധാത്മാവിൻറെ അഭിഷേകം സ്വീകരിക്കുന്ന തൻറെ ശിഷ്യന്മാർക്ക് യേശു നൽകിയ വിശേഷാധികാരമാണു മറ്റുള്ളവരുടെ പാപങ്ങൾ മോചിക്കുക എന്നത്. അതുവഴിയായി അവരും യേശുവിൻറെ രക്ഷാകരദൗത്യത്തിൽ പങ്കുകാരാകുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പാപങ്ങൾ മോചിക്കാനുള്ള അധികാരം തൻറെ മൗതികശരീരമായ സഭയ്ക്കു നൽകിക്കൊണ്ടാണ് യേശു കടന്നുപോയത്. ശിഷ്യന്മാർ തങ്ങളുടെ കൈവയ്പു വഴിയായി പൗരോഹിത്യാഭിഷേകവും അതിൻറെ സ്വാഭാവികപ്രവൃത്തിയായ പാപമോചനാധികാരവും തങ്ങളുടെ പിന്തുടർച്ചക്കാരായ മെത്രാന്മാർക്കും അവരിലൂടെ വൈദികർക്കും പകർന്നുകൊടുക്കുന്നു. കൈവയ്പിലൂടെ ലഭിക്കുന്ന അഭിഷേകം തീക്ഷ്ണമായ പ്രാർത്ഥനയിലൂടെയും വിശുദ്ധജീവിതത്തിലൂടെയും കാത്തുസൂക്ഷിക്കുക മാത്രമല്ല ഉജ്ജ്വലിപ്പിക്കുകയും ചെയ്യുക എന്നത് ഓരോ അഭിഷിക്തൻറെയും കടമയാണ്. പൗലോസ് ശ്ലീഹാ ഇക്കാര്യം തിമൊത്തെയൊസിനെ ഓർമ്മിപ്പിക്കുന്നതു ശ്രദ്ധിക്കുക. ‘ എൻറെ കൈവയ്പിലൂടെ നിനക്ക് ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു’ ( 2 തിമോ 1:6) .
യേശു ചെയ്ത കാര്യങ്ങൾ നമുക്കും ചെയ്യാനാകുമെന്ന് യേശു പ്രസ്താവിക്കുന്നുണ്ട്. അതിനുവേണ്ടി ആകെ ചെയ്യേണ്ടത് യേശുവിൽ വിശ്വസിക്കുക എന്നതു മാത്രമാണ്. ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും’ ( യോഹ. 14:12). താൻ ചെയ്യുന്ന പ്രവൃത്തികൾ എന്ന് യേശു പറയുമ്പോൾ പാപമോചനവും അതിൽ പെടുന്നുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുന്ന ഓരോ വൈദികനും വിശ്വസിക്കുന്നതു പാപം മോചിക്കാൻ അധികാരമുള്ള യേശുക്രിസ്തുവിലാണ്. അവർ പ്രയോഗിക്കുന്നത് യേശുവിൽ നിന്ന് അപ്പസ്തോലന്മാരിലൂടെ കൈവയ്പൂവഴി പകർന്നുകിട്ടിയ അഭിഷേകവും അധികാരവുമാണ്.
ഇതുവരെ പറഞ്ഞതിൻറെ സാരം ഇത്രയുമാണ്. പാപമോചനാധികാരം ഉള്ള ഒരേയൊരു വ്യക്തി യേശുക്രിസ്തു മാത്രമാണ്. അവിടുന്ന് ആ അധികാരം തൻറെ ശിഷ്യന്മാർക്ക് പകർന്നുകൊടുത്തു. അവർ ആ അധികാരം തങ്ങളുടെ പിൻഗാമികൾക്കും കൈവയ്പു വഴി പകർന്നുകൊടുത്തു. സഭ മെത്രാന്മാരിലൂടെയും വൈദികരിലൂടെയും ഈ അധികാരം ഇന്നും പ്രയോഗിക്കുന്നു. പാപമോചനം എന്ന ശുശ്രൂഷ സഭയുടെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ്. അതു നാം അങ്ങനെ കരുതുന്നതുകൊണ്ടു മാത്രമല്ല, മറിച്ച് കർത്താവു തന്നെ ഈ മഹത്തായ ശുശ്രൂഷ സഭയെ ഏൽപ്പിച്ചിട്ടുള്ളതുകൊണ്ടാണ്. ‘പാപമോചനത്തിനുള്ള അനുതാപം അവൻറെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു’ ( ലൂക്കാ 24:47).
പാപമോചനശുശ്രൂഷ, അഥവാ കുമ്പസാരം എന്ന കൂദാശയുടെ പ്രാധാന്യം വ്യക്തമാക്കാനാണ് ഇത്രയും എഴുതിയത്. എന്നാൽ ദുഖകരമായ കാര്യം ഈ നാളുകളിൽ അനേകം പേർ കുമ്പസാരത്തിൻറെ വിലയും ആവശ്യകതയും മനസിലാക്കുന്നില്ല എന്നതാണ് . അവരിൽ സാധാരണവിശ്വാസികളും ചുരുക്കമായിട്ടെങ്കിലും വൈദികരുമുണ്ട്. കോവിഡിനെപ്പേടിച്ച് ദൈവാലയങ്ങൾ അടച്ചിട്ടപ്പോൾ കുമ്പസാരിക്കാൻ അവസരം ലഭിക്കാതെ പോയവർ ഒരു ഭാഗത്ത്. പതിവായി കുമ്പസാരിക്കുക എന്ന ശീലത്തിൽ നിന്ന് വല്ലപ്പോഴുമോ വർഷത്തിലൊരിക്കലോ എന്ന രീതിയിലേക്ക് അറിയാതെ മാറിപ്പോയവർ മറുഭാഗത്ത്. പാപങ്ങൾ വൈദികനോട് ഏറ്റുപറയുന്നതിനേക്കാൾ നല്ലതു വീട്ടിലിരുന്നു ദൈവത്തോടു നേരിട്ട് ഏറ്റുപറയുന്നതാണ് എന്നു ചിന്തിക്കുന്ന ഒരു തലമുറ ഇതിനിടയിൽ വളർന്നുവരുന്നുണ്ട് എന്നതും നാം കാണാതിരിക്കരുത്.
പരിശുദ്ധ കുർബാന ഓൺലൈൻ ആയതുപോലെ കുമ്പസാരവും ഓൺലൈൻ ആയാൽ നന്നായിരുന്നു എന്നു ചിന്തിക്കുന്നവരും കണ്ടേക്കാം. ഇതിനിടയിലും കുമ്പസാരം എന്ന കൂദാശ ആവശ്യപ്പെടുന്നവർക്കൊക്കെ നൽകുന്നതിൽ ഒരിക്കലും ഉപേക്ഷ വരുത്താത്ത വിശുദ്ധിയും തീക്ഷ്ണതയുമുള്ള അനേകം വൈദികർ സഭയിലുണ്ട് എന്നതിൻറെ അർത്ഥം സഭയെ ഇന്നും നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നതാണ്.
എന്നാൽ നാം ഒരിക്കലും മറന്നുപോകാൻ പാടില്ലാത്ത ഒരു കാര്യം കുമ്പസാരം എന്ന അനുരഞ്ജനകൂദാശ സ്വീകരിക്കേണ്ട അത്യാവശ്യമുണ്ടായിരിക്കുകയും അതിനായി അതിയായി ആഗ്രഹിക്കുകയും ചെയ്യുന്ന പലർക്കും കുമ്പസാരത്തിനുള്ള അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. തങ്ങൾ സ്ഥിരമായി കുമ്പസാരത്തിനായി പൊയ്ക്കൊണ്ടിരുന്ന വൈദികൻ കോവിഡിനെ ഭയന്ന് കുമ്പസാരിപ്പിക്കാൻ തയ്യാറാകാതിരിക്കുന്നു എന്നതു പല വിശ്വാസികൾക്കും ഏറെ ഹൃദയവേദന ഉളവാക്കുന്ന കാര്യമാണ്. പന്നിക്കൂട്ടിൽ നിന്ന് കയറിവരുന്ന മകനെക്കാത്ത് വാതിൽപ്പടിമേൽ ഇരിക്കുന്ന പിതാവാകണം വൈദികൻ എന്നാണു കർത്താവ് ആഗ്രഹിച്ചതും സഭ പഠിപ്പിച്ചതും. മുറിവേറ്റു കിടക്കുന്നവനെ തിരിഞ്ഞുനോക്കാതെ മറുവശത്തുകൂടെ കടന്നുപോകുന്ന പുരോഹിതനും ലേവായനും ക്രൈസ്തവവിശ്വാസത്തിനും സംസ്കാരത്തിനും പാരമ്പര്യത്തിനും അന്യരാണെന്നു നിസ്സംശയം പറയാം. തനിക്കുപിറകേ വരാൻ ഒരു സമരായക്കാരൻ ഇല്ലെങ്കിലോ എന്ന ചോദ്യം ഓരോരുത്തരും തങ്ങളുടെ മനസാക്ഷിയോടുതന്നെ ചോദിക്കേണ്ടതാണ്.
കുമ്പസാരം എന്ന കൂദാശയുടെ പ്രാധാന്യവും അതു വിശ്വാസികൾക്കായി പരികർമ്മം ചെയ്യാനുള്ള വൈദികരുടെ കടമയും സഭ ഇപ്രകാരം പഠിപ്പിക്കുന്നു. ‘അനുതാപകൂദാശയ്ക്ക് അണയുവാൻ വൈദികർ വിശ്വാസികളെ പ്രോത്സാഹിപ്പിക്കണം. ക്രിസ്ത്യാനികൾ ന്യായപൂർവം ആവശ്യപ്പെടുന്ന ഏതു സമയത്തും ഈ കൂദാശ ആഘോഷിക്കുവാൻ അവർ സന്നദ്ധരായിരിക്കുകയും വേണം’. (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഖണ്ഡിക 1464., Codex Iuris Canonici can. 986, Codex Canonum Ecclesiarum Orientalium can.735, Presbyterorum ordinis 13).
നിർഭാഗ്യവശാൽ ചുരുക്കം ചില വൈദികരെങ്കിലും കോവിഡിനെ ഭയന്ന് തങ്ങൾക്കേൽപ്പിക്കപ്പെട്ടിരിക്കുന്ന അതിപ്രധാനമായ ഈ ശുശ്രൂഷയിൽ നിന്ന് അകന്നുനിൽക്കുന്ന കാഴ്ച കഴിഞ്ഞ ഒരു വർഷക്കാലയളവിനുള്ളിൽ നാം പലയിടത്തും കാണേണ്ടിവന്നു. മറ്റു ചില വൈദികരാകട്ടെ ഒരു പൊതു ഏറ്റുപറച്ചിലിനുശേഷം നൽകുന്ന പൊതുവായ പാപമോചനാശിർവാദത്തോടെ തങ്ങളുടെ കടമ അവസാനിക്കുന്നു എന്ന മിഥ്യാധാരണയിൽ ജീവിക്കുന്നു. എന്നാൽ ഇത് ഒരിക്കലും സഭയുടെ നിലപാടല്ല. മതബോധനഗ്രന്ഥം ഖണ്ഡിക 1483 അനുസരിച്ച് വളരെ അപൂർവം സന്ദർഭങ്ങളിൽ, അതും ഗൗരവമായ അത്യാവശ്യമുള്ളപ്പോൾ മാത്രം പ്രയോഗിക്കേണ്ട ഒന്നാണു പൊതുപാപ മോചനാശിർവാദം നൽകാനുള്ള അധികാരം. മരണത്തിൻറെ അത്യാസന്നമായ അപകടമുള്ളപ്പോൾ അല്ലെങ്കിൽ ഓരോ വ്യക്തിയുടെയും ഏറ്റുപറച്ചിൽ ശ്രവിക്കാൻ വൈദികനു വേണ്ടത്ര സമയമില്ലാതിരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെയൊരു ഗൗരവമായ അത്യാവശ്യം ഉണ്ടാകുന്നതെന്നും സഭ പഠിപ്പിക്കുന്നു. 2018 ലെ പ്രളയകാലത്ത് ദൈവാലയത്തിൽ അഭയം തേടിയ വിശ്വാസികൾ മരണത്തെ മുഖാമുഖം കണ്ടപ്പോൾ അവർക്കു പൊതുപാപ മോചനം നൽകിയ വൈദികരെക്കുറിച്ചു നാം വായിച്ചറിഞ്ഞിട്ടുണ്ടല്ലോ.
ഒരു വിശ്വാസിക്കും സ്വന്തം കുറ്റത്താലല്ലാതെ കൗദാശികകൃപാവരമോ ദിവ്യകാരുണ്യമോ നിഷേധിക്കപ്പെടരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥ അനുവദിക്കുന്നതെന്നും മതബോധനഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. ഈ സന്ദർഭങ്ങളിൽ പോലും പൊതുവായി നൽകപ്പെടുന്ന പാപമോചനം സാധുവായിരിക്കണമെങ്കിൽ ഒരു പ്രധാന വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. അത് നിശ്ചിത സമയത്തിനുള്ളിൽ തങ്ങളുടെ പാപങ്ങൾ വ്യക്തിപരമായി ഏറ്റുപറയുമെന്ന നിയോഗം വിശ്വാസികൾക്കുണ്ടായിരിക്കുക എന്നതാണ്.
ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം വളരെ നിസാരമായി കരുതുകയും വ്യക്തിപരമായ കുമ്പസാരത്തിനു പകരമായി പൊതുപാപമോചനം നൽകുന്നതു പതിവാക്കുകയും ചെയ്യുന്ന വൈദികർ തീർച്ചയായും സഭയുടെ നിർദേശങ്ങൾ ഗൗരവമായിട്ടെടുക്കുന്നില്ല എന്നു പറയാതിരിക്കാൻ വയ്യ.
കുമ്പസാരം വിശ്വാസിയുടെ ആത്മീയപോഷണത്തിന് അത്യന്താ പേക്ഷിതമാണ്. അതുകൊണ്ടുതന്നെ കുമ്പസാരിക്കുക എന്നതു വിശ്വാസിയുടെ അവകാശവുമാണ്. മറുവശത്ത് കുമ്പസാരിപ്പിക്കുക എന്നതു വൈദികൻറെ കടമയും ആണെന്നു സഭ പഠിപ്പിക്കുന്നു. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നും പെസഹാക്കാല ത്തെങ്കിലും പരിശുദ്ധകുർബാന സ്വീകരിക്കണമെന്നുമുള്ള സഭയുടെ കൽപന ഇന്നും നിലനിൽക്കുന്നു. എന്നാൽ നാം കുമ്പസാരിക്കുന്നതു സഭയെ സന്തോഷിപ്പിക്കാൻ വേണ്ടിയല്ല. നമ്മുടെ പാപങ്ങൾക്കു മോചനവും അതുവഴി നിത്യജീവനും നേടുവാനായാണ്. വിശുദ്ധരായ വൈദികർ മണിക്കൂറുകളോളം കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നത് അവർക്കു വേറെ ജോലിയില്ലാത്തതു കൊണ്ടല്ല. അനുതപിച്ചു തിരികെവരുന്ന ഒരു പാപി പോലും കുമ്പസാരിക്കാൻ സാധിക്കാത്ത ഹൃദയവേദനയോടെ തിരിച്ചുപോകരുതെന്ന് അവർക്കു നിർബന്ധമുള്ളതുകൊണ്ടാണ്.
ഇക്കഴിഞ്ഞ ഒരു വർഷം മുഴുവൻ കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങളുള്ള 78 വയസുള്ള ഒരു വൈദികൻറെ അടുത്ത് പതിവായി കുമ്പസാരിച്ചുപോരുന്ന ഒരാളാണ് ഈ ലേഖനം എഴുതുന്നത്. എല്ലാ ദിവസവും ഞങ്ങൾക്കായി പരിശുദ്ധ കുർബാന അർപ്പിക്കുന്ന അദ്ദേഹത്തിനു നാവിൽ പരിശുദ്ധകുർബാന നൽകുന്നതിന് ഒരു മടിയുമില്ല. 2020 ഏപ്രിൽ മാസത്തിൽ ഞാൻ ആദ്യമായി കാണുമ്പോൾ അദ്ദേഹം കാൻസറിൻറെ രണ്ടാം ഘട്ട ചികിത്സയ്ക്കു പോകാൻ ഡോക്ടറുടെ അപ്പോയിൻറുമെൻറ് എടുത്തു കാത്തിരിക്കുകയായിരിക്കുന്നു. എന്നാൽ ലോക്ക് ഡൗണും യാത്രാ സൗകര്യങ്ങളുടെ അഭാവവും കാരണം അദ്ദേഹത്തിനു പോകാൻ കഴിഞ്ഞില്ല. തുടർന്നുള്ള പതിനൊന്നുമാസവും അദ്ദേഹം ഒരു മരുന്നും ഉപയോഗിച്ചിരുന്നില്ല. 2021 ഫെബ്രുവരിയിൽ അദ്ദേഹം വീണ്ടും ചെക്കപ്പിനു ചെന്നപ്പോൾ ഡോക്ടർ പറഞ്ഞതു കാൻസർ രോഗത്തിൻറെ ലക്ഷണങ്ങൾ ഒന്നും തന്നെ അദ്ദേഹത്തിൻറെ ശരീരത്തിൽ കാണാനില്ല എന്നായിരുന്നു! ഈ കാലത്തിനിടയിൽ അദ്ദേഹത്തിനു കോവിഡ് പിടിച്ചിട്ടില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പൗരോഹിത്യ ശുശ്രൂഷയെ ഗൗരവമായി കാണുകയും തന്നെ ഏല്പിച്ച ദൈവജനത്തിൻറെ ആത്മീയകാര്യങ്ങളിൽ ഒരു പിതാവിനടുത്ത താല്പര്യം കാണിക്കുകയും ചെയ്യുന്ന ഏതൊരു വൈദികനും ഇതുപോലുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. ശരീരത്തെ മാത്രം കൊല്ലാൻ കഴിയുന്ന കൊറോണയെക്കാൾ അവർ ഭയപ്പെട്ടതു ശരീരത്തെയും ആത്മാവിനെയും ഒരുമിച്ചു നരകാഗ്നിക്ക് ഇരയാക്കാൻ അധികാരമുള്ളവനെയാണ്. അവർ ആരെ ഭയപ്പെട്ടുവോ, ആ സർവശക്തനായ ദൈവം അവരെ അത്ഭുതകരമായി കാത്തുപരിപാലിക്കുന്നു. അവർ ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയോ നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയോ ഭയപ്പെടുന്നില്ല. തൻറെ പാർശ്വങ്ങളിൽ ആയിരങ്ങളും വലതുവശത്തു പതിനായിരങ്ങളും മരിച്ചുവീണാലും തനിക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല എന്ന് അവർക്ക് ഉത്തമബോധ്യമുണ്ട്. ഒരനർത്ഥവും തൻറെ കൂടാരത്തെ സമീപിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തോടെ, തനിക്കായി ദൈവം ഏല്പിച്ചുതന്നിരിക്കുന്ന ദൈവജനത്തിൽ ഒരുവൻ പോലും നഷ്ടപ്പെട്ടു പോകാതിരിക്കാനായി അപകടകരമായ സാഹചര്യങ്ങളിൽ ശുശ്രൂഷ ചെയ്യുകയും വലിയ ത്യാഗം ഏറ്റെടുക്കുകയും ചെയ്യുന്ന വിശുദ്ധരായ വൈദികരെ നമുക്ക് നന്ദിയോടെ ഓർക്കാം. അവർക്കു വേണ്ടി പ്രാർത്ഥിക്കാം.
എന്നാൽ 99.60 % രോഗമുക്തി നിരക്കുള്ള കോവിഡിനെ പേടിച്ച് തങ്ങളുടെ ദൈവാലയങ്ങൾ ദീർഘകാലം അടച്ചിട്ട ചില വൈദികരെയെങ്കിലും നമുക്കറിയാം. ദൈവാലയങ്ങൾ തുറന്നപ്പോൾ പരിശുദ്ധ കുർബാന കൊടുക്കുന്നതിനു മുൻപും ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുന്ന വൈദികരെയും നമ്മൾ കണ്ടിട്ടുണ്ട്. എപ്പോഴും മാസ്കു ധരിച്ച്, സാമൂഹ്യ അകലം പാലിച്ച് അതീവശ്രദ്ധയോടെ ജീവിക്കുന്ന അവരിൽ ചിലർക്കെങ്കിലും ഇതിനകം കോവിഡ് രോഗം ബാധിച്ചുവെന്നതു ചിത്രത്തിൻറെ മറുവശം. അവർ എന്തിനെ ഭയപ്പെട്ടുവോ അതുതന്നെ അവർക്കു വന്നുഭവിച്ചു. ഇതെഴുതുന്നത് അവരെ കുറ്റപ്പെടുത്താനല്ല. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിൻറെ സ്നേഹത്തിൻറെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ (എഫേ 3:18) അവർക്കും ശക്തി ലഭിക്കുന്നതിനു വേണ്ടിയാണ്.
പരിശുദ്ധ കുർബാന സ്വീകരിക്കാനുള്ള യോഗ്യത നമുക്കു ലഭിക്കുന്നതു നല്ല കുമ്പസാരത്തിലൂടെയാണ്. അതുകൊണ്ടാണ് സഭ ഇപ്രകാരം പഠിപ്പിക്കുന്നത്: ‘മാരകപാപം ചെയ്തിട്ടുള്ള ഒരു വ്യക്തിയും, ആദ്യമായി കൗദാശികമായ പാപപ്പൊറുതി നേടാതെ, അഗാധമായ മനസ്താപം തോന്നിയാൽപ്പോലും, പരിശുദ്ധകുർബാന സ്വീകരിക്കരുത്’ ( CCC 1457). ഇതിനുള്ള ഒരേയൊരു അപവാദം കുമ്പസാരിക്കാൻ പോകാനുള്ള സാധ്യതയില്ലാതിരിക്കുകയും അതേസമയം കുർബാന സ്വീകരിക്കാൻ ഗൗരവാവഹമായ കാരണമുണ്ടാ യിരിക്കുകയും മാത്രമാണ്. കുമ്പസാരിക്കാൻ ആഗ്രഹിച്ചിട്ടും വൈദികൻ തയ്യാറല്ലാത്തതുകൊണ്ട് അതു സാധിക്കാതെ പോകുന്ന അനേകം ആത്മാക്കളെ നാം മനസ്സിൽ കാണണം.
ദൈവാനുഗ്രഹത്താൽ കേരളസഭയിൽ അനേകം സന്യാസസഭകൾ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഇടവക ദൈവാലയങ്ങൾ അടച്ചിട്ടപ്പോഴും ആ പ്രദേശത്തെ വിശ്വാസികൾക്കു കുമ്പസാരവും പരിശുദ്ധകുർബാനയും നല്കാൻ തങ്ങളാലാവും വിധം അവർ ശ്രമിച്ചു എന്നതു ദൈവത്തിൻറെ അനന്തമായ പരിപാലനയുടെ ഉദാഹരണമായി നാം കാണണം. വല്ലപ്പോഴും പോകാറുള്ള ഒരു ആശ്രമദൈവാലയത്തിൽ എഴുപത്തഞ്ചു വയസിനു മുകളിൽ പ്രായമുള്ള മൂന്നു വൈദികർ കുർബാന അർപ്പിക്കുന്നുണ്ട് . ആ വൈദികർക്ക് എല്ലാത്തരം രോഗങ്ങളുമുണ്ട്. പ്രായാധിക്യത്തിൻറെ ക്ഷീണവുമുണ്ട്. എങ്കിലും ഇടവകപ്പള്ളി അടച്ചിട്ടപ്പോൾ ദിവസവും അർപ്പിക്കുന്ന ദിവ്യബലികളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടാണ് അവർ ജനങ്ങളെ സഹായിച്ചത്. കുമ്പസാരിക്കാനായി വന്ന ആരെയും അവർ നിരാശപ്പെടുത്തിയില്ല. ഇതിനിടയിൽ രണ്ടു വൈദികർക്കു കോവിഡ് ബാധിച്ചെങ്കിലും വളരെ പെട്ടെന്നുതന്നെ അവർ രോഗമുക്തരായി എന്നുമാത്രമല്ല കൂടുതൽ ഊർജ്ജസ്വലതയോടെ അവർ ശുശ്രൂഷ തുടരുകയും ചെയ്യുന്നു . തൻറെ ആടുകൾക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാനും തയ്യാറാകുന്ന നല്ല ഇടയന്മാരെ നൽകി കേരളസഭയെ അനുഗ്രഹിച്ച ഇടയന്മാരുടെ മഹാഇടയനു നന്ദി പറയാം.
ഏതുനിമിഷവും ഒരുക്കമുള്ളവരായി കാത്തിരിക്കുവാനാണു നമ്മുടെ കർത്താവു നമ്മോടു പറഞ്ഞിട്ടുള്ളത്. കർത്താവിനെ കാത്തിരിക്കാനുള്ള ഏറ്റവും അടുത്ത ഒരുക്കം എന്നത് ആത്മാർത്ഥമായി അനുതപിച്ചു നടത്തുന്ന ഒരു നല്ല കുമ്പസാരവും യോഗ്യതയോടെ സ്വീകരിക്കുന്ന പരിശുദ്ധ കുർബാനയുമാണ്. കുമ്പസാരിപ്പിക്കാൻ വൈദികർ ലഭ്യമല്ല എന്ന ന്യായം പറഞ്ഞുകൊണ്ട് കുമ്പസാരിക്കാതെ തന്നെ പരിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു പ്രവണത ഇന്നു സഭയിൽ വർധിച്ചുവരികയാണ്. പരിശുദ്ധ കുർബാന എന്ന മഹാദാനത്തെ ഇത്ര നിസാരമായി കാണാൻ എങ്ങനെയാണ് നമുക്കു സാധിക്കുന്നത്! അയോഗ്യതയോടെ കുർബാന സ്വീകരിക്കുന്നതിൻറെ പരിണതഫലമെന്തെന്ന് അറിയാതെയാണു പലരും ഇങ്ങനെ ചെയ്യുന്നത്. അവർക്കായി വിശുദ്ധ പൗലോസിൻറെ വാക്കുകൾ ഉദ്ധരിക്കട്ടെ: ‘തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിൻറെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിൻറെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാൽ ഓരോരുത്തരുംആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തൻറെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളിൽ പലരും രോഗികളും ദുർബലരും ആയിരിക്കുന്നതിനും ചിലർ മരിച്ചുപോയതിനും കാരണമിതാണ്’ (1 കൊറി 11:27-30).
ഇസ്രായേൽ ഭവനമേ, നിങ്ങൾ എന്തിനു മരിക്കണം? കുമ്പസാരിക്കാൻ സൗകര്യമുള്ള ഇപ്പോൾ തന്നെ കുമ്പസാരിക്കുക. നാളെ, നാളെ എന്നു നീട്ടിവയ്ക്കേണ്ട കാര്യമല്ല അത്. നിങ്ങളുടെ ജീവൻറെ പ്രശ്നമാണത് എന്ന ഉത്തമബോധ്യത്തോടെ കുമ്പസാരക്കൂടിനെ സമീപിക്കുക. വ്യക്തിപരമായ കുമ്പസാരം നടത്താൻ ആഗ്രഹമുണ്ടെന്ന കാര്യം നിങ്ങളുടെ വികാരിയച്ചനോടു വിനയപൂർവം തുറന്നുപറയുക. ബഹുഭൂരിഭാഗം വൈദികരും നിങ്ങൾക്കായി കുമ്പസാരക്കൂടുകൾ തുറന്നുതരും. ശരീരത്തെ മാത്രം കൊല്ലാൻ കഴിഞ്ഞേക്കാവുന്ന കൊറോണ വൈറസിനെപ്പേടിച്ച് വ്യക്തിപരമായി കുമ്പസാരിപ്പിക്കാൻ വിമുഖത കാണിക്കുന്ന വൈദികരോട്, കുമ്പസാരിപ്പിക്കുകയോ പരിശുദ്ധ കുർബാന നാവിൽ കൊടുക്കുകയോ ചെയ്തതുമൂലം കോവിഡ് പിടിപെട്ടു മരിച്ച ഏതെങ്കിലും ഒരു വൈദികനെ ചൂണ്ടിക്കാണിച്ചുതരാൻ കൂടുതൽ വിനയത്തോടെ അപേക്ഷിക്കുക.
എന്നാൽ അതിനേക്കാളും ഉപരിയായി നാം ചെയ്യേണ്ടത്, എലീഷാ പ്രവാചകൻറെ പ്രാർത്ഥന ചൊല്ലുകയാണ്. അങ്ങനെയൊരു പ്രാർത്ഥനയുണ്ട്. വെറും രണ്ടു വരി മാത്രമുള്ള ഈ പ്രാർത്ഥന എലീഷാ പ്രവാചകൻ തൻറെ ഭൃത്യനായ ഗെഹസിയ്ക്കുവേണ്ടി ചൊല്ലിയതാണ്. കർത്താവിൻറെ സംരക്ഷണം കാണാൻ സാധിക്കാതെ തങ്ങൾക്കെതിരെ വരുന്ന ശത്രുക്കളെ മാത്രം കണ്ടു പേടിച്ച ഭൃത്യനു വേണ്ടി എലീഷാ ഇപ്രകാരം പ്രാർത്ഥിച്ചു. ‘കർത്താവേ, ഇവൻറെ കണ്ണുകളെ തുറക്കണമേ! ഇവൻ കാണട്ടെ!’ (2 രാജാ 6:17). തന്നോടു വിശ്വസ്തത കാണിക്കുന്നവർക്കു കർത്താവു നൽകുന്ന സംരക്ഷണം കാണാൻ എല്ലാ വൈദികരുടെയും കണ്ണുകൾ തുറക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.
നിങ്ങളുടെ ഇടവക ദൈവാലയത്തിൽ കുമ്പസാരം ലഭ്യമല്ലെങ്കിൽ തൊട്ടടുത്തുള്ള ദൈവാലയത്തിലോ സന്യാസാശ്രമത്തിലോ പോയി കുമ്പസാരിക്കുക. അതിനുവേണ്ടി സഹിക്കുന്ന ഏതു ബുദ്ധിമുട്ടും നിഷ്ഫലമാകില്ല എന്നുറപ്പ്. കോവിഡ് കാലത്ത് അൻപതും നൂറും കിലോമീറ്റർ ദൂരെ പോയി കുമ്പസാരിച്ച എത്രയോ പേരുണ്ട്. ഒരു കുമ്പസാരത്തിൻറെ വില അത്ര വലുതാണ് എന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നമുക്ക് അതു മനസിലായിവരുമ്പോഴേയ്ക്കും കുമ്പസാരം തീർത്തും ലഭ്യമല്ലാത്ത ഒരു കാലം വരുമോ എന്നും നാം ഭയക്കണം. കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. അതുകൊണ്ട് ഇപ്പോൾ, പകൽവെളിച്ചമുള്ളപ്പോൾ നടന്നുകൊള്ളുക. ആർക്കും വേലചെയ്യാൻ കഴിയാത്ത രാത്രികാലം അതിവേഗം അടുത്തുവരുന്നു.