പിശാചിൻറെ പ്രവൃത്തികളോ? അങ്ങനെയൊന്നുണ്ടോ എന്നായിരിക്കും ഇതു വായിക്കുന്നവരിൽ ചിലരുടെയെങ്കിലും സംശയം. മറ്റു ചിലർക്കാകട്ടെ പിശാചിൻറെ അസ്തിത്വത്തിൽ തന്നെ സംശയവും ഉണ്ടാകാം. പിശാച് എന്നു പറഞ്ഞാൽ അതൊരു വ്യക്തിയല്ല, ഒരു ആശയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് എന്നൊക്കെയുള്ള വ്യാജസിദ്ധാന്തങ്ങൾ ലോകമെങ്ങും പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അതുകൊണ്ടു പിശാചിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതുതന്നെ സൂക്ഷിച്ചുവേണം എന്നായിരിക്കുന്നു. പ്രത്യേകിച്ചും പിശാചിൻറെ പ്രവർത്തനങ്ങളെ മാനസികവിഭ്രാന്തിയോ, രോഗങ്ങളോ ഒക്കെയായി ചിത്രീകരിക്കാൻ ശ്രമം നടക്കുമ്പോൾ! ബുദ്ധിയുടെ തലത്തിൽ മാത്രം ചിന്തിക്കുന്നവർ തങ്ങളുടെ പരിഗണനയിൽ ഒരിക്കലും ദൈവവും പിശാചും വരാതിരിക്കത്തക്കവണ്ണം കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അതിനിപുണരാണ്. ഒരു പ്രവൃത്തിയുടെ കാരണം ദൈവികപ്രചോദനമാണെങ്കിലും പൈശാചികസ്വാധീനമാണെങ്കിലും അവർ അതു രണ്ടും കണ്ടില്ലെന്നു നടിച്ച് അവയ്ക്കു മാനുഷികമായ കാരണങ്ങൾ കണ്ടെത്തും.
എന്നാൽ ദൈവവചനം വ്യക്തമായി പറയുന്നു. പിശാച് ഉണ്ട്. പിശാചിൻറെ പ്രവൃത്തികളും ഉണ്ട്. ദൈവവചനം ഒന്നുകൂടി പറയുന്നു. ‘പിശാചിൻറെ പ്രവൃത്തികളെ നശിപ്പിക്കാൻ വേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായത്’ ( 1 യോഹ.3:8).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ( CCC 391 ) പറയുന്നതു നമുക്കു ശ്രദ്ധിക്കാം. “ദൈവഹിതത്തിനെതിരായി നമ്മുടെ ആദിമാതാപിതാക്കന്മാർ എടുത്ത തീരുമാനത്തിൻറെ പിന്നിൽ വഞ്ചനാത്മകവും ദൈവവിരുദ്ധവുമായ ഒരു സ്വരം, അവരെ മരണത്തിൽ വീഴ്ത്തുന്ന അസൂയാകലുഷിതമായ ഒരു സ്വരം പതിയിരിക്കുന്നു. വിശുദ്ധലിഖിതവും സഭാപാരമ്പര്യവും ഈ സ്വ രത്തിനു ഹേതുവായ യാഥാർഥ്യത്തെ നിപതിച്ച മാലാഖയായി തിരിച്ചറിയുന്നു. ‘സാത്താൻ’, ‘പിശാച്’ എന്നീ പേരുകളിൽ അവൻ അറിയപ്പെടുന്നു. അവൻ ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ല മാലാഖയായിരുന്നുവെന്നാണു സഭാപ്രബോധനം. പിശാചും മറ്റു ദുർഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരായിരുന്നു. എങ്കിലും അവർ തങ്ങളുടെ സ്വന്തം ഇഷ്ടത്താൽ തിന്മയായിത്തീർന്നു.(The devil and the other demons were indeed created naturally good by God, but they became evil by their own doing). POC പ്രസിദ്ധീകരിച്ച മതബോധനഗ്രന്ഥത്തിൻറെ മലയാളപരിഭാഷയിൽ ‘എങ്കിലും അവർ സ്വയം ദാസരായിത്തീർന്നു’ എന്നു കൊടുത്തിരിക്കുന്നത് അച്ചടിപ്പിശകായിരിക്കണം. എസക്കിയേൽ 28:12-19, ഏശയ്യാ 14:12- 15 , ലൂക്കാ 10:18, വെളി. 12:7-9, യൂദാസ് 6, 2 പത്രോസ് 2:4 എന്നീ വിശുദ്ധഗ്രന്ഥഭാഗങ്ങൾ, പാപം ചെയ്യുക വഴിയായി ദൈവകൃപയിൽ നിന്നു സ്വയം അകന്നുപോയ മാലാഖമാരാണു പിശാചുക്കൾ എന്നു മനസിലാക്കുന്നതിനു സഹായകമാണ്.
വിശുദ്ധഗ്രന്ഥത്തിൽ പിശാച്, സാത്താൻ, സർപ്പം, ബെൽസെബൂൽ, ദുഷ്ടൻ, ഈ ലോകത്തിൻറെ അധികാരി, പ്രലോഭകൻ, നുണയനും നുണയുടെ പിതാവും, ബെലിയാൽ, ഈ ലോകത്തിൻറെ ദേവൻ, അരൂപിയായ അന്തരീക്ഷ ശക്തികളുടെ അധിപൻ, പുരാതനസർപ്പം എന്നിങ്ങനെ വിവിധപേരുകളിൽ പരാമർശിക്കപ്പെടുന്നവയുടെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ഒരേ ശക്തി തന്നെയാണ്.
പിശാചിൻറെ അസ്തിത്വത്തെയും പ്രവൃത്തികളെയും കുറിച്ച് വിശുദ്ധ ലിഖിതവും സഭാപാരമ്പര്യവും മതബോധനഗ്രന്ഥവും ഇത്ര വ്യക്തമായും കൃത്യമായും പ്രബോധനം നൽകിയിരിക്കെ, പിന്നെ എന്തുകൊണ്ടാണ് വീണ്ടും നാം ഇക്കാര്യത്തെക്കുറിച്ചു സംശയിക്കുന്നത്? ക്രിസ്തീയവിശ്വാസത്തിൻറെ അടിസ്ഥാന ബാലപാഠങ്ങളായ ദൈവം, പിശാച്, നന്മ, തിന്മ, പാപം, പുണ്യം, മനുഷ്യൻറെ പതനം, വീണ്ടെടുപ്പ്, അന്ത്യവിധി, സ്വർഗം, നരകം, ഇവയെ ക്കുറിച്ചുപോലും ഉറപ്പുള്ള വിശ്വാസം ഇല്ലാത്ത ഒരു തലമുറയായി നാം അധപതിച്ചുവെങ്കിൽ ഒരു തിരുവചനം കൂടി നാം ഓർത്തുവയ്ക്കണം. ‘എങ്കിലും മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ’?
(ലൂക്കാ 18:8).
പിശാചിൻറെ അസ്തിത്വത്തെക്കുറിച്ചും അവൻറെ പ്രവൃത്തികളെക്കുറിച്ചും ഇപ്പോൾ പലരിലും ഉയർന്നുവരുന്ന സംശയങ്ങൾ കർത്താവിൻറെ രണ്ടാംവരവിൻറെ മുന്നോടിയായി സംഭവിക്കേണ്ടതും, സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ വലിയ വിശ്വാസത്യാഗത്തിൻറെ ഒരു അടയാളമായിത്തന്നെ നാം മനസിലാക്കണം.
എന്തൊക്കെയാണു പിശാചിൻറെ പ്രവൃത്തികൾ? വിശുദ്ധ യോഹന്നാൻ പിശാചിൻറെ സ്വഭാവത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്. ‘ അവൻ ആദിമുതൽ കൊലപാതകിയാണ്’ ( യോഹ.8:44). ‘ അവൻ നുണയനും നുണയുടെ പിതാവുമാണ്’ (യോഹ. 8:44). ‘പിശാച് ആദിമുതൽ പാപം ചെയ്യുന്നവനാണ്’ (1 യോഹ.3:8). ‘ ലോകം മുഴുവൻ അവൻറെ ശക്തിവലയത്തിലാണ്’ ( 1 യോഹ. 5:19).
വിശുദ്ധഗ്രന്ഥത്തിലെ സാത്താനെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ അവൻ നുണയനാണെന്നതിൻറെ തെളിവാണ്. കള്ളം പറഞ്ഞുകൊണ്ടാണ് അവൻ ഹവ്വയേയും അതുവഴി ആദത്തെയും കെണിയിൽ വീഴിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും അതിനുമുൻപ് ആരെങ്കിലും നുണ പറഞ്ഞതായി നാം കാണുന്നില്ല. സാത്താൻറെ രംഗപ്രവേശത്തിനുമുൻപായി ആരും പാപം ചെയ്തതായിട്ടും നാം കാണുന്നില്ല. കുറച്ചുകൂടി മുന്നോട്ടുപോകുമ്പോൾ സാത്താൻ ആദ്യത്തെ കൊലപാതകത്തിനും വഴിയൊരുക്കുകയാണ്. തുടർന്നങ്ങോട്ടു നുണയുടെയും കൊലപാതകത്തിൻറെയും നാൾവഴി കളിലൂടെയാണു മനുഷ്യചരിത്രം മുന്നേറുന്നത്. അതിൻറെ കാരണം ലോകം മുഴുവൻ അവൻറെ ശക്തിവലയത്തിലാണെന്നതു തന്നെയാണ്.
ദൈവം സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ചു കൗശലമേറിയതായിരുന്നു സർപ്പം. ഈ സർപ്പം തന്നെയാണ് സാത്താൻ, എന്നും പിശാച് എന്നും വിളിക്കപ്പെടുന്നത്. ‘ആ വലിയ സർപ്പം, സർവലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസർപ്പം ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു’ ( വെളി. 12:9) എന്നു വായിക്കുമ്പോൾ നാം മനസിലാക്കേണ്ടത് നുണയനും കൊലപാതകിയും സർവരെയും വഞ്ചിക്കുന്നവനുമായ സാത്താൻ ഇന്നും ലോകത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ്.
ഈ പശ്ചാത്തലത്തിൽ വേണം വിശ്വാസികളായ നാം നമുക്കുചുറ്റും സംഭവിക്കുന്ന ഓരോ കാര്യങ്ങളെയും വിലയിരുത്താൻ. എവിടെ നുണയും വ്യാജവും ഉണ്ടോ, അവിടെ സാത്താൻ ഉണ്ട്. എവിടെ കൊലപാതകം ഉണ്ടോ, അവിടെ സാത്താൻ ഉണ്ട്. എവിടെ വഞ്ചന ഉണ്ടോ, അവിടെ സാത്താൻ ഉണ്ട്.
ഏഴു മൂലപാപങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു ദുഷ്ടാരൂപികളെക്കുറിച്ചും തിരുവചനവും സഭാപാരമ്പര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. ഉദാഹരണമായി ലൂസിഫർ അഹങ്കാരത്തിൻറെയും അസ്മോദേവൂസ് ജഡികാസക്തിയുടെയും മാമ്മോൻ ധനമോഹത്തിൻറെയും ബെൽസെബൂൽ ഭക്ഷണാസക്തിയുടെയും ബൽഫേഗർ അലസതയുടെയും ലേവ്യാഥൻ അസൂയയുടെയും ദുഷ്ടാരൂപിയാണ്.
ചിലർ പറയും, പിശാച് ഉണ്ടെന്നൊക്കെ സമ്മതിക്കാം. എന്നാൽ പിശാചു മനുഷ്യനെ പീഡിപ്പിക്കുമെന്നോ ഉപദ്രവിക്കുമെന്നോ മനുഷ്യനിൽ ആവസിക്കുമെന്നോ ഒന്നും വിശ്വസിക്കാൻ കഴിയില്ല. എന്നാൽ അവരെക്കാളും നമുക്കു വിശ്വസിക്കാവുന്നതു സഭാപിതാക്കന്മാരായ ഒരിജനെയും തെർത്തുല്യനെയും ജസ്റ്റിനെയും ഒക്കെയാണ്. പിശാച് ഒരു വ്യക്തിയായി തന്നെ നിലനിൽക്കുന്നുവെന്നും യേശുനാമം കൊണ്ട് അവനെ ബഹിഷ്കരിക്കാൻ കഴിയുമെന്നും അവർ എല്ലാവരും ഏകസ്വരത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.
പിശാച് ഇല്ല എന്ന ചിന്ത നമ്മെ വലിയ ആത്മീയ അപകടത്തിലേക്കു നയിക്കും. ശത്രു ആരെന്നറിഞ്ഞാൽ മാത്രമേ നമുക്ക് അവനെ കീഴ്പ്പെടുത്താൻ കഴിയുകയുള്ളൂ എന്നിരിക്കെ ശത്രു എന്നൊരാൾ ഇല്ലെന്ന മൂഢവിശ്വാസത്തിൽ കഴിയുന്ന ഒരാളെ കീഴ്പ്പെടുത്താൻ എത്ര എളുപ്പമായിരിക്കും എന്നു ചിന്തിക്കുക. സാത്താൻ പ്രവർത്തനനിരതനായി ഇന്നും നമ്മുടെ ഇടയിലുണ്ട്. നാം ദൈവത്തോടു ചേർന്നു നിന്നില്ലെങ്കിൽ അവൻ നമ്മെ കീഴ്പ്പെടുത്തും എന്നുറപ്പാണ്. ‘ദുഷ്ടനെ എതിർത്തുനിൽക്കുക . അവൻ നിന്നെ വിട്ട് ഓടിപോയ്ക്കൊള്ളും’ എന്ന തിരുവചനവും ഇത്തരുണത്തിൽ നമുക്കോർക്കാം. പത്രോസ് ശ്ലീഹാ പറയുന്നത് നമ്മുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങേണ്ടൂ എന്നന്വേഷിച്ചു നടക്കുകയാണ് എന്നാണ്. നമ്മെ വിഴുങ്ങാനായി ഒരു സിംഹം വരുന്നുണ്ടെന്നറിഞ്ഞാൽ നാം ഓടിരക്ഷപ്പെടാനെങ്കിലും ശ്രമിക്കും. അറിഞ്ഞില്ലെങ്കിലോ? സിംഹക്കുഴിയിൽ ഏഴു ദിവസം കിടന്നിട്ടും ജീവൻ നഷ്ടപ്പെടാതിരിക്കാൻ മാത്രം ദാനിയേലി നെപ്പോലെ വിശുദ്ധരാണോ നമ്മൾ! ആണെങ്കിലും കാര്യമില്ല. കാരണം അനേകം വിശുദ്ധരുടെ ജീവിതം നമുക്കു പറഞ്ഞുതരുന്നത് ദുഷ്ടാരൂപികൾ അവരെ നേരിട്ടുതന്നെ പീഡിപ്പിച്ചിരുന്നു എന്നാണ്. വിശുദ്ധരായ പാദ്രേ പിയോ, ജോൺ മരിയ വിയാനി, ഫ്രാൻസിസ് അസീസി, ഈജിപ്തിലെ ആൻറണി, ഇഗ്നേഷ്യസ് ലയോള, എവുപ്രാസ്യാമ്മ, എന്നിവരെയൊക്കെ പിശാചു വ്യത്യസ്തരൂപങ്ങളിൽ വന്ന് ആക്രമിച്ചതായി അവർതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തിനാണ് പിശാച് നമ്മെ ആക്രമിക്കുന്നത്?
അവൻറെ ആത്യന്തികലക്ഷ്യം നമ്മെ ദൈവത്തിൽ നിന്നകറ്റി നിത്യനരക ത്തിലേക്കു വലിച്ചുകൊണ്ടുപോകുക എന്നതാണ്. തനിക്കു നഷ്ടപ്പെട്ട പറുദീസ മനുഷ്യർക്കും ലഭിക്കരുതെന്ന് അവൻ ചിന്തിക്കുന്നു. അവൻ അസൂയ യുടെയും പിതാവാണ്. പിശാചിൻറെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു.അവൻറെ പക്ഷക്കാർ അത് അനുഭവിക്കുന്നു എന്നു ജ്ഞാനത്തിൻറെ പുസ്തകത്തിൽ (ജ്ഞാനം 2:24) നാം വായിക്കുന്നുണ്ടല്ലോ. നിത്യജീവനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ നിത്യമരണത്തിലേക്കു കൊണ്ടുപോകുവാനായി സാത്താൻ എന്തു വിദ്യയും പ്രയോഗിക്കും.
പിശാചു നമ്മെ നേരിട്ട് ആക്രമിക്കുമോ?
തീർച്ചയായും. അവൻ സാഹചര്യങ്ങളിലൂടെയും വ്യക്തികളിലൂടെയും തത്വശാസ്ത്രങ്ങളിലൂടെയും അവസരം കണ്ടെത്തി നമ്മെ ആക്രമിക്കും. എന്നാൽ നാം മനസിലാക്കേണ്ട ഒരു കാര്യം നമ്മൾ വാതിൽ തുറന്നു കൊടുക്കാത്തിടത്തോളം കാലം അവനു നമ്മെ ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ്. വിശുദ്ധർക്ക് ( ഉദാ. ജോബ്) ദൈവം അനുവദിച്ചുകൊടുക്കുന്ന പൈശാചികപീഡനത്തെക്കുറിച്ചല്ല നാം ഇവിടെ പ്രതിപാദിക്കുന്നത് എന്നു പ്രത്യേകം ഓർമ്മിക്കണം.
പിശാചിനു വാതിൽ തുറന്നുകൊടുക്കുക എന്നാൽ എന്താണ്?
നമ്മുടെ ചില പ്രവൃത്തികളിലൂടെ നമ്മെ ആക്രമിക്കാനുള്ള അവസരം പിശാചിനു നല്കുന്നതിനെയാണിതു സൂചിപ്പിക്കുന്നത്. നിരന്തരമായി മാരകപാപാവസ്ഥയിൽ ജീവിക്കുക, പൈശാചിക ആരാധനകളിൽ പങ്കെടുക്കുക, ദൈവഭയമില്ലാത്തവരും അധർമ്മികളുമായ വ്യക്തികളോടു സമ്പർക്കം പുലർത്തുക, മാനുഷികബുദ്ധിയിൽ അമിതമായി ആശ്രയിക്കുക, വിശ്വാസവിരുദ്ധമായ ചിന്താഗതികൾ വച്ചുപുലർത്തുക, ശാരീരികമായ ആസക്തികൾ, ധനത്തോടുള്ള ആഗ്രഹം എന്നിവയ്ക്കു പരിധി നിശ്ചയിക്കാതിരിക്കുക, അലസമായി സമയം ചെലവഴിക്കുക, തിന്മയുടെ അതിപ്രസരമുള്ള സിനിമകളും പുസ്തകങ്ങളും ആസ്വദിക്കുക, മൊബൈൽ ഫോണിലും ഇൻറർനെറ്റിലും കൂടുതൽ സമയം ചെലവഴിക്കുക എന്നിവയെല്ലാം സാത്താനു നമ്മുടെ ജീവിതത്തിലേക്കു കടന്നുവരാനുള്ള വാതിലുകളായി മാറാം.
പിശാച് ആവസിച്ച ഒരു വ്യക്തിയെ എങ്ങനെ തിരിച്ചറിയാം?
അതു പ്രത്യേകമായ കൃപ ലഭിച്ചവർക്കു സാധിക്കുന്ന കാര്യമാണ്. എങ്കിലും സാമാന്യമായ ചില അടയാളങ്ങൾ സൂചിപ്പിക്കാം. അവയിൽ ഏതെങ്കിലും ഒന്നോ ചിലപ്പോൾ ഒന്നിലധികമോ അടയാളങ്ങൾ ഇത്തരം വ്യക്തികളിൽ കാണാൻ സാധിക്കും. ദൈവികമായ കാര്യങ്ങളോടുള്ള വെറുപ്പ്, കൂദാശ കളോടുള്ള പുച്ഛവും വെറുപ്പും, സഭയോടും പൗരോഹിത്യത്തോടുമുള്ള വെറുപ്പ്, പാപത്തെ ന്യായീകരിച്ചുകൊണ്ട് അതിൽ തന്നെ തുടരുന്ന അവസ്ഥ, പരിശുദ്ധ അമ്മയോടും വിശുദ്ധരോടുമുള്ള അവഹേളനം, അസാമാന്യമായ കായികശക്തി, അറിയാത്ത ഭാഷകൾ സംസാരിക്കാനുള്ള കഴിവ്, അമാനുഷികമായ അറിവ്, സാധാരണഗതിയിൽ വിശദീകരിക്കാനാകാത്ത രോഗങ്ങൾ,എന്നിവയെല്ലാം പൈശാചിക ആവാസത്തിൻറെ ലക്ഷണമാകാം.
അപ്പസ്തോലപ്രവൃത്തികളുടെ പുസ്തകത്തിൽ ദൈവവചനത്തിനെതിരു നിൽക്കുന്ന ഒരു വ്യക്തിയെ വിശുദ്ധ പൗലോസ് തിരിച്ചറിയുന്നതും ശാസിക്കുന്നതും എങ്ങനെയെന്നു കാണുക. ‘ എന്നാൽ മാന്ത്രികനായ എലിമാസ് – മാന്ത്രികൻ എന്നാണ് ഈ പേരിൻറെ അർഥം – വിശ്വാസത്തിൽ നിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു. പൗലോസ് എന്നുകൂടി പേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാ ത്മാവിനാൽ നിറഞ്ഞ് അവൻറെ നേരെ സൂക്ഷിച്ചു നോക്കി പറഞ്ഞു: സാത്താൻറെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിൻറെ നേർവഴികൾ ദുഷിപ്പിക്കുന്നതിൽ നിന്നു വിരമിക്കയില്ലേ? ഇതാ, കർത്താവിൻറെ കരം ഇപ്പോൾ നിൻറെ മേൽ പതിക്കും’ ( അപ്പ.13:8-10). സത്യവിശ്വാസത്തിനെതിരു നിൽക്കുന്ന വ്യക്തികളെ തിരിച്ചറിയാനും ദൈവനാമത്തിൽ അവരെ ശാസിക്കാനും എന്തുകൊണ്ടു പലരും മടികാണിക്കുന്നു എന്നു ചിന്തിക്കുമ്പോൾ നമുക്കു ലഭിക്കുന്ന ഉത്തരം നാം പൗലോസിനെപ്പോലെ പരിശുദ്ധാത്മാവു നിറഞ്ഞവരല്ല എന്നതാണ്.
എങ്ങനെയാണ് പൈശാചികപീഡകളിൽ നിന്നു വിടുതൽ നേടുന്നത്?
അതിന് ഒരേയൊരു വഴി മാത്രമേ ഉള്ളൂ. പിശാചിൻറെ പ്രവൃത്തികളെ നശിപ്പിക്കാൻ വേണ്ടി അവതരിച്ച വചനമായ ദൈവത്തിൽ, യേശുക്രിസ്തുവിൽ, വിശ്വസിച്ച് അവൻറെ പരിശുദ്ധനാമത്തിൽ പൈശാചികശക്തികളെ ബഹിഷ്കരിക്കുക. ഇത് വളരെ ശ്രദ്ധയോടും ഭക്തിയോടും അതിലുമുപരി വിശുദ്ധിയോടും കൂടി മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. പൊതുവെ പറഞ്ഞാൽ പൈശാചികശക്തികളെ ബഹിഷ്കരിക്കുന്നതിനുള്ള അധികാരവും അഭിഷേകവും എല്ലാ പുരോഹിതർക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ സഭയിലെ എല്ലാ വൈദികരും ഈ അധികാരം പ്രയോഗിക്കുന്നതായി നാം കാണുന്നില്ല. അതിനു കാരണങ്ങൾ പലതാകാം. എന്നാൽ ഓരോ രൂപതയിലും ചുരുങ്ങിയത് ഒരു വൈദികനെയെങ്കിലും പൈശാചിക ശക്തികളെ ബഹിഷ്കരിക്കാനുള്ള ശുശ്രൂഷകൾക്കായി രൂപതാമെത്രാൻ നിയോഗിക്കണം എന്നതാണു കത്തോലിക്കാസഭാപാരമ്പര്യം.
വൈദികർക്ക് ഇതിനുള്ള അധികാരം എവിടെ നിന്നാണു ലഭിക്കുന്നതെന്നു പലരും സംശയിച്ചേക്കാം. അവരുടെ അധികാരം അപ്പസ്തോലിക പാരമ്പര്യത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവന്നതാണ്. സുവിശേഷം പ്രസംഗിക്കാൻ അയയ്ക്കപ്പെട്ട ശിഷ്യന്മാർക്ക് യേശു കൊടുത്ത കൽപന എന്താണെന്നു മാർക്കോസിൻറെ സുവിശേഷത്തിൽ നമുക്കു കാണാം. ‘വിശ്വസിക്കുന്നവരോടു കൂടി ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: അവർ എൻറെ നാമത്തിൽ പിശാചുക്കളെ പുറത്താക്കും…….( മാർക്കോ 16:17). യേശു ജീവിച്ചിരുന്നപ്പോൾ തന്നെ ശിഷ്യന്മാർക്ക് ഈ അധികാരം കൊടുത്തിരുന്നു എന്നു മാത്രമല്ല അവർ അതു പ്രയോഗിക്കുകയും ചെയ്തിരുന്നു. ‘………. അശുദ്ധാത്മാക്കളുടെ മേൽ അവർക്ക് അധികാരവും കൊടുത്തു ( മാർക്കോ 6:7). ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി ( മാർക്കോ 6:12-13).
അധികാരവും അഭിഷേകവുമില്ലാത്തവൻ പിശാചിനെ ബഹിഷ്കരിക്കാൻ പോയാൽ എന്തു സംഭവിക്കും? സ്കേവയുടെ പുത്രന്മാരുടെ അനുഭവം ഓർത്തിരിക്കുന്നത് നല്ലതാണ് ( അപ്പ. 19:13-16). പിശാചിനെ ബഹിഷ്കരിക്കാനുള്ള അധികാരം തനിക്കാണുള്ളതെന്ന് യേശു പല അവസരങ്ങളിലും വ്യക്ത മാക്കിയിട്ടുണ്ട്. ഗരസേനരുടെ നാട്ടിൽ വച്ച് ലെഗിയോൻ ബാധിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നത്, പിശാചുബാധിതനായ ഊമനെ സുഖപ്പെടുത്തുന്നത്, കാനാൻകാരിയുടെ മകളെ സുഖപ്പെടുത്തുന്നത്, എന്നിങ്ങനെ അനേകം അവസരങ്ങൾ ബൈബിളിൽ നമുക്കു കാണാൻ സാധിക്കും.
അശുദ്ധാത്മാവിനെ – പിശാചിനെ – ബഹിഷ്കരിക്കുക എന്നു പറഞ്ഞാൽ അതിൻറെയർത്ഥം ആ വ്യക്തിയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുക എന്നതാണ്. അതുകൊണ്ടാണു ലെഗിയോൻ ആവേശിച്ചിരുന്ന മനുഷ്യനെ യേശു സുഖപ്പെടുത്തിയപ്പോൾ അവൻ വസ്ത്രം ധരിച്ചു സുബോധത്തോടെ നടന്നുതുടങ്ങിയത്. ദുഷ്ടാരൂപികളെ പുറത്താക്കുമ്പോൾ അതോടൊപ്പം തന്നെ നമ്മുടെ ഹൃദയം പരിശുദ്ധാത്മാവിൻറെ ആലയമായി മാറിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് യേശു തന്നെ പറഞ്ഞുതരുന്നുണ്ട്.
” അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോൾ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാൽ കണ്ടെത്തുന്നില്ല. അപ്പോൾ അതു പറയുന്നു: ഞാൻ ഇറങ്ങിപ്പോന്ന എൻറെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോൾ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോൾ അതു പുറപ്പെട്ടു ചെന്ന്, തന്നെക്കാൾ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ, ആ മനുഷ്യൻറെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ ശോചനീയമായിത്തീരുന്നു’ ( മത്തായി 12:43-45).
പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരവും അഭിഷേകവും യേശു നേരിട്ടു തന്നെ നൽകിയതും അപ്പസ്തോലന്മാരുടെ കൈവയ്പ്പുവഴി പുരോഹിതരിലേക്കു പകരപ്പെട്ടതുമാണ്. എങ്കിലും ഇന്നാളുകളിൽ ബഹിഷ്കരണശുശ്രൂഷ നടത്തുന്ന പല അഭിഷിക്തരും അതിക്രൂരമായ വിമർശനങ്ങൾക്ക് ഇരയായിത്തീരുന്നതു കാണാൻ സാധിക്കും. എന്തുകൊണ്ടാണിതു സംഭവിക്കുന്നത്? അതിൻറെ കാരണം അത്തരം ശുശ്രൂഷകളിലൂടെ തൻറെ സാമ്രാജ്യം തകരുകയാണെന്നു സാത്താനറിയാം. അവൻ ബഹിഷ്കരണ ശുശ്രൂഷകളെയും വിടുതൽ ശുശ്രൂഷകളെയും തടയാൻ കഴിഞ്ഞില്ലെങ്കിൽ തടസ്സപ്പെടുത്താനെങ്കിലും ശ്രമിക്കും. അതിൽ അത്ഭുത പ്പെടേണ്ട. അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ യേശു സുഖപ്പെടു ത്തുന്ന സംഭവം മത്തായിയുടെ സുവിശഷം പന്ത്രണ്ടാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്. ഇതു കണ്ടപ്പോൾ യേശു ദൈവപുത്രനാണെന്ന് സാധാരണ ജനങ്ങൾക്കു മനസിലായി.
എന്നാൽ ഹൃദയം കഠിനമാക്കിയ ഫരിസേയർ യേശുവിനെ ദുഷിക്കുകയാണ് ചെയ്തത്. അവർ പറഞ്ഞത് യേശു പിശാചുക്കളുടെ തലവനെക്കൊണ്ടാണു പിശാചിനെ ബഹിഷ്കരിക്കുന്നതെന്നാണ്. സുവിശേഷം ആകെയെടുത്താൽ യേശു ഇതിനേക്കാൾ കർശനമായി പ്രതികരിച്ച സന്ദർഭങ്ങൾ വളരെക്കുറവാ ണെന്നു കാണാം. അവിടുന്നു പറഞ്ഞു : ” മനുഷ്യപുത്രനെതിരായി ആരെ ങ്കിലും ഒരു വാക്കു പറഞ്ഞാൽ അതു ക്ഷമിക്കപ്പെടും. എന്നാൽ പരിശുദ്ധാ ത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല” ( മത്തായി 12:32). അതുകൊണ്ട് പൈശാചിക ശക്തികളെ ബഹിഷ്കരിക്കുന്ന ശുശ്രൂഷകളിൽ എന്താണു സംഭവിക്കുന്നതെന്നു മനസിലാക്കാൻ ശ്രമിക്കാതെ അതിനെ വിമർശിക്കുന്നതു നമുക്കു ദോഷം ചെയ്യുമെന്നെങ്കിലും അറിഞ്ഞിരിക്കുക.
പിശാച് ഉണ്ട് എന്നും അവൻ ലോകത്തിൽ മനുഷ്യരുടെ ഇടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും യേശുവിൻറെ മുൻപിൽ അന്തിമമായി കീഴടങ്ങുന്നതുവരെ അവൻ മനുഷ്യരെ വഴിതെറ്റിക്കാൻ ശ്രമിക്കുമെന്നും ഉള്ള ബോധ്യം ഇല്ലെങ്കിൽ നാം അവൻറെ കെണികളിൽ വീഴാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഈ ബോധ്യം നമ്മിൽ ഉണ്ടാവാതിരിക്കാനും ഉള്ളവരിൽ നിന്ന് അത് എടുത്തുകളയാനും പിശാച് ഏതു വിദ്യയും പ്രയോഗിക്കും. പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമുക്കോർക്കാം. ‘ ഈ ലോകത്തിൻറെ ദേവൻ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം ദൈവത്തിൻറെ പ്രതിരൂപമായ ക്രിസ്തുവിൻറെ മഹത്വമേറിയ സുവിശേഷത്തിൻറെ പ്രകാശം അവർക്കു ദൃശ്യമല്ല’ ( 2 കൊറി. 4:4). ക്രിസ്തുവിൻറെ നാമവും അവിടുത്തെ വചനവും മാത്രമാണു പിശാചിനെ ബഹിഷ്കരിക്കാൻ പര്യാപ്തമായത്. ദൈവത്തിൻറെ പ്രതിരൂപമാണു ക്രിസ്തുവെന്നും അവിടുത്തെ വചനമാണു സത്യമെന്നും മനസിലാക്കാതിരിക്കത്തക്കവണ്ണം നമ്മുടെ മനസിനെ അന്ധമാക്കുന്നത് പിശാചു തന്നെയാണ്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെക്കുറിച്ചു പരാമർശിക്കുമ്പോൾ അതിലെ അവസാനത്തെ യാചനയായ ‘ ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ’ എന്നതു സാത്താൻറെ
പ്രവർത്തനങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാനുള്ള അപേക്ഷയായി എടുത്തു കാണിക്കുന്നുണ്ട് .
” ഈ യാചനയിൽ തിന്മ ഒരു അമൂർത്താവതരണം അല്ല, പിന്നെയോ സാത്താൻ, ദുഷ്ടൻ, ദൈവത്തെ എതിർക്കുന്ന മാലാഖ, എന്നിങ്ങനെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. ദൈവത്തിൻറെ പദ്ധതിയുടെയും ക്രിസ്തുവിൽ പൂർത്തിയായ രക്ഷാകരപ്രവർത്തനത്തിൻറെയും മുൻപിൽ പ്രതിബന്ധമായി തന്നെത്തന്നെ സ്ഥാപിക്കുന്നവനാണു പിശാച് ( CCC 2851).
സഭ ഇത്ര വ്യക്തതയോടെ പഠിപ്പിക്കുന്ന ഒരു കാര്യം വിശ്വസിക്കാൻ പല സഭാമക്കൾക്കും കഴിയുന്നില്ല എന്നതു വിചിത്രമായി തോന്നുന്നില്ലേ? കത്തോലിക്കാ സഭയുടെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഗബ്രിയേൽ അമോർത്ത് പറയുന്നു; ” ആരെങ്കിലും സാത്താൻറെ അസ്തിത്വത്തെ നിഷേധിക്കുന്നുവെങ്കിൽ അവൻ പാപത്തെയും നിഷേധിക്കുന്നു. അവന് ഒരിക്കലും ക്രിസ്തുവിൻറെ പ്രവൃത്തികൾ മനസിലാവുകയുമില്ല”.
ശത്രു ഇല്ല എന്ന മിഥ്യാബോധത്തിൽ കഴിയുന്നവരെ കീഴ്പ്പെടുത്താൻ വളരെ എളുപ്പമാണ്. പ്രത്യേകിച്ചും ശത്രു സകല ദുഷ്ടതയുടെയും വ്യാജത്തിൻറെയും അനീതിയുടെയും പിതാവായ സാത്താനാകുമ്പോൾ. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നത്: ‘ സാത്താൻറെ കുടിലതന്ത്രങ്ങളെ എതിർത്തുനിൽക്കാൻ ദൈവത്തിൻറെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിൻറെ അധിപന്മാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണു പടവെട്ടുന്നത്'( എഫേ 6:11-12). ഈ യുദ്ധം എളുപ്പത്തിൽ ജയിച്ചുകയറാം എന്ന വ്യാമോഹം ആർക്കും വേണ്ട. സാത്താനുമായുള്ള പോരാട്ടത്തിൻറെ തീവ്രത വ്യക്തമായി മനസിലാക്കിയ പൗലോസ് ശ്ലീഹാ നമ്മെ ഉപദേശിക്കുന്നതു ദൈവത്തിൻറെ എല്ലാ ആയുധങ്ങളോടും കൂടി അവനെ എതിരിടാനാണ്.
പരമ്പരാഗതമായിത്തന്നെ സഭ വിശുദ്ധ മിഖായേലിൻറെ മാധ്യസ്ഥസഹായം പൈശാചികശക്തികൾ ക്കെതിരെയുള്ള പോരാട്ടത്തിൽ യാചിക്കാറുണ്ട്. സഭയോടു ചേർന്നു നമുക്കും പ്രാർത്ഥിക്കാം.
‘ മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗീയസൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്ക ളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്തു വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിൻറെ ക്രൂരഭരണത്തിൽ നിന്നു രക്ഷിക്കാൻ വരണമേ. അങ്ങയെയാണല്ലോ തിരുസഭ തൻറെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവു രക്ഷിച്ച ആത്മാക്കളെ സ്വർഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാൻ നിയുക്തനായിരിക്കുന്നത് അങ്ങുതന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോടു പ്രാർത്ഥിക്കണമേ പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിൻറെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതൻറെ തിരുമുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവൻറെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളിത്താഴ്ത്തണമേ. അവൻ മേലിലൊരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ, ആമേൻ.