വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 73

നമ്മുടെ രക്ഷയെക്കുറിച്ചുള്ള ശ്രദ്ധ 

1. ചിലരെ നിരാശരാക്കുന്നതിനും അതുവഴി കൂടുതൽ വഴിവിട്ട  ജീവിതത്തിലേക്കു തങ്ങളെത്തന്നെ കൊണ്ടെത്തിക്കാൻ  പ്രേരിപ്പിക്കുന്നതിനും വേണ്ടി, രക്ഷ അവർക്കു നേടിയെടുക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടുള്ള ഒന്നാണെന്നു   പിശാച്  അവരെ തോന്നിപ്പിക്കുന്നു. രക്ഷ നേടിയെടുക്കണമെങ്കിൽ സന്യസിക്കാനായി മരുഭൂമിയിലേക്കോ അല്ലെങ്കിൽ ഏകാന്തവാസത്തിലേക്കോ പോകണമെന്നുണ്ടെങ്കിൽ നാം തീർച്ചയായും  അങ്ങനെ ചെയ്യണം  എന്നുള്ളത് ഒരു വസ്തുതയാണ്. എന്നാൽ ഈ അസാധാരണ മാർഗങ്ങളെ  ആശ്രയിക്കാതെ  തന്നെ  കൂടെക്കൂടെയുള്ള കൂദാശാസ്വീകരണം  നടത്തുകയും , അപകടകരമായ അവസരങ്ങൾ ഒഴിവാക്കുകയും, പ്രാർത്ഥനയിലൂടെ നമ്മെത്തന്നെ പതിവായി ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നതുപോലെയുള്ള   തികച്ചും  സാധാരണമായ  മാർഗങ്ങൾ നമുക്ക് അവലംബിക്കാവുന്നതാണ്.. ഈ കാര്യങ്ങൾ  വളരെ എളുപ്പമായിരുന്നെന്നു നമ്മുടെ മരണസമയത്തു നമുക്കു മനസ്സിലാകും; അതിനാൽ, നാം  മരണസമയം വരെ അവയെ  അവഗണിച്ചാൽ, നമുക്കു  വലുതായി ഖേദിക്കേണ്ടിവരും.

2. നാം നിശ്ചയദാർഢ്യത്തോടെ പറയണം, “എന്തു വില കൊടുത്തും, ഞാൻ എൻറെ ആത്മാവിനെ രക്ഷിക്കും”. എനിക്ക് എൻറെ ആത്മാവിനെ രക്ഷിക്കാൻ മാത്രം കഴിയുമെങ്കിൽ, എൻറെ സ്വത്തോ, സുഹൃത്തുക്കളോ മറ്റെല്ലാ സാധനങ്ങളുമോ  എന്നല്ല ജീവിതം തന്നെയും നഷ്ടപ്പെടട്ടെ! നിത്യരക്ഷ നേടുന്നതിനായി  നമുക്കു വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നൊന്നും  ഒരിക്കലും ചിന്തിക്കരുത്. നിത്യത എന്നത് എന്നെന്നേക്കുമായി സന്തുഷ്ടനോ അല്ലെങ്കിൽ എന്നേയ്ക്കുമായി ദുരിതമനുഭവിക്കുന്നവനോ ആയിരിക്കാവുന്ന അവസ്ഥയാണ്. ആ നിത്യത അപകടത്തിലാണ് എന്ന് അറിഞ്ഞിരിക്കുക. വിശുദ്ധ ബെർണാർഡ് പറയുന്നു: “എവിടെ നിത്യത അപകടത്തിലാണോ അവിടെ മറ്റൊരു  സുരക്ഷിതത്വം കൊണ്ടും ഒരു കാര്യവുമില്ല.” ഓ ദൈവമേ! അങ്ങയുടെ മുമ്പാകെ ഹാജരാകാൻ ഞാൻ ലജ്ജിക്കുന്നു; വെറും നിഷ്പ്രയോജനമായവയ്ക്കുവേണ്ടി  പലപ്പോഴായി  എത്രയോ തവണ   ഞാൻ അങ്ങയോടു പുറം തിരിഞ്ഞുനിന്നിട്ടുണ്ട്!  ഇല്ല, ഞാൻ ഇനി ഒരിക്കലും അങ്ങയുടെ കൃപ നഷ്ടപ്പെടുത്തുകയോ മനഃപൂർവ്വം അങ്ങയുടെ ശത്രു ആവുകയോ  ചെയ്യില്ല. ഓ കർത്താവേ, ഞാൻ അങ്ങയിൽ എൻറെ പ്രത്യാശ വച്ചിരിക്കുന്നു; എന്നെ ഒരിക്കലും കുഴപ്പങ്ങളിൽ അകപ്പെടുത്തരുതേ. അങ്ങയുടെ സൗഹൃദം നഷ്ടപ്പെടുന്നതിനേക്കാൾ ആയിരം തവണ എൻറെ ജീവൻ നഷ്ടപ്പെടട്ടെ.

3. മുൻകാലങ്ങളിൽ നാം രക്ഷ നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ,  ആ തിന്മയ്ക്കു  പരിഹാരം ചെയ്യാൻ നാം ഇപ്പോൾ ശ്രമിക്കണം; ഇനിയും കാലതാമസം വരുത്താതെ നാം നമ്മുടെ ജീവിതത്തെ പരിവർത്തനം ചെയ്യണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാൻ അങ്ങനെ ചെയ്തുകൊള്ളാം  എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ല.ഇതിനുമുൻപ്  അങ്ങനെ പറഞ്ഞ ആത്മാക്കളാണ് ഇപ്പോൾ  നരകത്തിൽ  നിറഞ്ഞിരിക്കുന്നത്.  തങ്ങളെ  ആശ്ചര്യപ്പെടുത്തുന്ന വിധത്തിൽ  അവരുടെ പ്രവർത്തനങ്ങളെ തടഞ്ഞുകൊണ്ട് മരണം കടന്നുവരുന്നു. മരിക്കുന്ന ഒരു മനുഷ്യൻ തൻറെ അവസാന ശ്വാസം എടുക്കുന്ന സമയത്തു ദൈവം എന്ത് അനുഗ്രഹം അവൻറെമേൽ ചൊരിയും?  അവിടുന്ന് ഒരു വർഷം കൂടി അല്ലെങ്കിൽ ഒരു മാസം കൂടി എങ്കിലും അവനു നൽകണമോ?  ക്രിസ്തീയ സഹോദരാ, ഇപ്പോൾ, ഈ സമയത്ത്, ദൈവം നിങ്ങൾക്ക് അത്തരമൊരു അനുഗ്രഹം നൽകുന്നു, നിങ്ങൾ അതിൽ നിന്ന് എന്തു നേട്ടമാണു  സ്വായത്തമാക്കുന്നത്? ഓ ദൈവമേ, ഞാൻ വൈകുന്നത് എന്തുകൊണ്ട്? വാസ്തവത്തിൽ  അങ്ങേയ്ക്കായി  ഒന്നും ചെയ്തിട്ടില്ലെന്നു ഞാൻ കണ്ടെത്തുമ്പോഴും, എനിക്ക് അങ്ങനെ ചെയ്യാനായി  കൂടുതൽ സമയം ലഭിക്കില്ലാത്ത ഒരു കാലഘട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണോ? അങ്ങയുടെ കൃപയാൽ ഇതുവരെ സഹായം ലഭിച്ചതിൻറെ ആശ്വാസം എനിക്കുണ്ട്. എല്ലാ നന്മകൾക്കും ഉപരി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ വ്രണപ്പെടുത്തുന്നതിനേക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ ബലഹീനതയെയും,  അങ്ങേയ്‌ക്കെതിരായി ചെയ്ത അനേകം അകൃത്യങ്ങളെയും  അങ്ങ് അറിയുന്നു. യേശുവേ, എന്നെ സഹായിക്കണമേ! എൻറെ എല്ലാ പ്രത്യാശകളും ഞാൻ അങ്ങയിൽ അർപ്പിക്കുന്നു. ഓ മറിയമേ, ദൈവമാതാവേ, സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുക്കലേക്കു ഓടിയെത്തുന്നു.