കൃപയുടെ അളവ്
1. ദൈവം അവിടുത്തെ കൃപ നമ്മുടെമേൽ വർഷിക്കുന്നതിന് ഒരു പ്രത്യേക പരിധിയുണ്ട്, അതിൽ കൂടുതൽ കൃപ ചൊരിയുകയില്ല. അതിനാൽ, നമ്മുടെ കർത്താവ് നമുക്കു നൽകുന്ന കൃപകളിലൊന്നിനെ ദുരുപയോഗം ചെയ്യുന്നതിനെ നാം വളരെയധികം ഭയപ്പെടണം. ഓരോ കൃപയും, ഓരോ പ്രകാശവും, ഓരോ വിളിയും, ദൈവത്തിൽ നിന്നു നമുക്ക് അവസാനമായി ലഭിക്കുന്നതാകാം, അതിനെ പുച്ഛിക്കുന്നതിലൂടെ നമുക്കു നമ്മുടെ ആത്മാക്കളെ നഷ്ടപ്പെട്ടേക്കാം. ഓ എൻറെ ദൈവമേ! അങ്ങ് ഇതിനകം ധാരാളം കൃപകൾ എൻറെമേൽ ചൊരിഞ്ഞിട്ടുണ്ട്, പലപ്പോഴും ഞാൻ അവയെ ദുരുപയോഗം ചെയ്തിട്ടുമുണ്ട്. എൻറെമേൽ കരുണയായിരിക്കണമേ, ഇനിയും എന്നെ ഉപേക്ഷിക്കരുതേ.
2. ഈ അളവ് എല്ലാ വ്യക്തികൾക്കും തുല്യമല്ല; മറിച്ചു, ചിലർക്കു കൂടുതലും, മറ്റുള്ളവർക്കു കുറവും ആയിരിക്കാം. ക്രിസ്തീയ സഹോദരാ, ദൈവത്തിൽ നിന്നു നിനക്ക് എത്ര കൃപകൾ ലഭിച്ചു എന്നു ചിന്തിക്കുക; നീ അവയെ ദുരുപയോഗം ചെയ്യുന്നതു തുടരുകയാണെങ്കിൽ, നീ രക്ഷിക്കപ്പെടുമോ? എത്രത്തോളം സമൃദ്ധമായി ദൈവം നിനക്കു കൃപകൾ നൽകിയിട്ടുണ്ടോ അത്രത്തോളം നീ ദൈവത്തെ ഭയപ്പെടണം, അല്ലാത്തപക്ഷം ദൈവം നിൻറെ പാപങ്ങളിൽ നിന്നെ കൈവിടും എന്നു മനസിലാക്കുക. ജീവിതത്തിൽ മാറ്റം വരുത്തുന്നതിൽ നീ കൂടുതൽ ദൃഢനിശ്ചയം ചെയ്യണം. അടുത്ത ഒരു മാരകപാപത്തോടുകൂടി ഒരുപക്ഷേ കരുണയുടെ വാതിലുകൾ നിനക്ക് അടയ്ക്കപ്പെടുകയും നിൻറെ ആത്മാവ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തേക്കാം. അത് അങ്ങനെയായിരിക്കണമെന്നില്ല. എന്നാൽ, നീ വളരെയധികം ഭയപ്പെടണം, അല്ലാഞ്ഞാൽ അങ്ങനെയായേക്കാം. നീ അപ്രകാരം ഭയപ്പെടുന്നില്ലെങ്കിൽ നീ ദുരിതമനുഭവിക്കും. ഇല്ല, എൻറെ ദൈവമേ, അങ്ങയെ ഒരിക്കലും നഷ്ടപ്പെടരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. പിശാച് എന്നെ പരീക്ഷിക്കുമ്പോഴെല്ലാം, എൻറെ യേശുവേ, ഞാൻ അങ്ങയിൽ ആശ്രയം തേടും; സഹായത്തിനായി ഓടിയണയുന്നവരെ തുണയ്ക്കാൻ അങ്ങ് എല്ലായ്‌പ്പോഴും തയ്യാറാണെന്ന് എനിക്കറിയാം.
3. കൃപ എത്ര വലുതാണോ അത്ര വലുതാണ് അതു ദുരുപയോഗം ചെയ്യുന്നവൻറെ നന്ദിഹീനതയും. നിൻറെ ജീവിതത്തിൽ മാറ്റം വരുത്തി ഭാവിയിൽ ദൈവത്തോടു വിശ്വസ്തത പുലർത്തുകയാണെങ്കിൽ, നിനക്കു ലഭിച്ച കൃപകൾ, കർത്താവ് നിനക്കു മാപ്പു നൽകുമെന്നു പ്രത്യാശിക്കാൻ നിന്നെ പ്രേരിപ്പിക്കും. എന്നാൽ, അനേകം കുറ്റകൃത്യങ്ങൾക്കു ശേഷവും നീ ദൈവത്തെ പാപത്താൽ പ്രകോപിപ്പിക്കുന്നതു പിന്നെയും തുടർന്നാൽ, ദൈവം നിന്നെ നരകശിക്ഷയ്ക്കു വിധിക്കുമെന്നും അവ നിന്നെ ഭയപ്പെടുത്തണം. ഓ ദൈവമേ! ഇതുവരെയും എന്നെ കൈവിടാതിരുന്നതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങ് ഇപ്പോൾ എനിക്കു പകർന്നുതരുന്ന വെളിച്ചവും, അങ്ങയെ വ്രണപ്പെടുത്തിയതിൽ എനിക്കു തോന്നുന്ന ദുഖവും, അങ്ങയെ സ്നേഹിക്കാനും അങ്ങയുടെ കൃപയിൽ തുടരാനുമുള്ള എൻറെ ആഗ്രഹവും, അങ്ങ് എന്നെ ഇതുവരെ ഉപേക്ഷിച്ചിട്ടില്ല എന്നതിൻറെ സുനിശ്ചിതമായ അടയാളങ്ങളാണ്. എൻറെ അനവധിയായ പാപങ്ങൾക്കുശേഷവും അങ്ങ് എന്നെ കൈവിട്ടിട്ടില്ലാത്തതിനാൽ, എൻറെ ആത്മാവിൻറെ ദൈവമായ അങ്ങയെ മേലിൽ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നു ഞാൻ പ്രത്യാശിക്കുന്നു. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ, അങ്ങയെ നിന്ദിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഓ യേശുവേ, അങ്ങയുടെ പരിശുദ്ധമായ പീഡാസഹനത്തിലൂടെ എനിക്കു സ്ഥിരോത്സാഹം നൽകണമേയെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. പരിശുദ്ധ മറിയമേ, കരുണയുടെ രാജ്ഞീ, എന്നെ അങ്ങയുടെ സംരക്ഷണത്തിൻ കീഴിലാക്കണമേ.