വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 68

മരണശേഷം മനുഷ്യൻ പെട്ടെന്നു  വിസ്മരിക്കപ്പെടുന്നു.

1. ഒരു ചെറുപ്പക്കാരൻ ജീവിതത്തിൻറെ നല്ലകാലത്തുതന്നെ  മരിച്ചു. സംഭാഷണപ്രിയനായ അവൻ  കുറച്ചുനാൾ മുൻപുവരെ  എല്ലായിടത്തും എല്ലാവരാലും സ്വാഗതം ചെയ്യപ്പെട്ടിരുന്നു; എന്നാൽ ഇപ്പോൾ അവൻ മരിച്ചുപോയതിനാൽ,  കാണുന്നവർക്ക് അവൻ ഭയകാരണമായിത്തീർന്നിരിക്കുന്നു.  അവനെ വീട്ടിൽ നിന്നു പുറത്താക്കാൻ മാതാപിതാക്കൾ തിടുക്കം കൂട്ടുന്നു, അവനെ കുഴിമാടത്തിലേക്കു  കൊണ്ടുപോകാൻ ശവമഞ്ചം ചുമക്കുന്നവരെ വിളിക്കുന്നു. അവൻറെ മാതാപിതാക്കളെയോ, ഈ ലോകത്തിലെ മറ്റുള്ളവരെയോ തൃപ്തിപ്പെടുത്താൻ വേണ്ടി അവൻ  ദൈവത്തെ നഷ്ടപ്പെടുത്തി എങ്കിൽ അവൻ എത്ര നിർഭാഗ്യവാനാണ്!  എൻറെ പ്രിയ രക്ഷകാ, എല്ലാവരും എന്നെ മറന്നാലും, എൻറെ രക്ഷയ്ക്കുവേണ്ടി അങ്ങ് അങ്ങയുടെ ജീവൻ തന്നതിനാൽ അങ്ങ് അപ്പോഴും എന്നെ ഓർക്കും. ഓ, ഞാൻ അങ്ങയെ ഒരിക്കലും വ്രണപ്പെടുത്തി യിട്ടില്ലായിരുന്നെങ്കിൽ! 

2. കുറച്ചുനാൾ മുൻപുവരെ അവൻറെ വിവേകം, ഭംഗി, പരിഷ്‌കാരം, മുഖഭാവം എന്നിവയുടെ പ്രശസ്തി ദൂരവ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ  മരിച്ചുപോയതിനാൽ അവൻ മിക്കവാറും മനസ്സിൽ നിന്നു മാഞ്ഞുപോയതുപോലെയാണ്, താമസിയാതെതന്നെ തികച്ചും മറന്നുപോകപ്പെടും. അവൻറെ മരണവാർത്ത കേട്ടപ്പോൾ ചിലർ അവനെക്കുറിച്ച് ഇങ്ങനെ പറഞ്ഞേക്കാം, “അവൻ തന്നെത്താൻ വലിയ കാര്യങ്ങൾ ചെയ്തു;” മറ്റുള്ളവർ പറഞ്ഞേക്കാം, ‘ഓ, എത്ര സങ്കടകരമാണ്! അവൻ എത്ര ബുദ്ധിമാനും സരസനും ഉല്ലാസചിത്തനുമായിരുന്നു’. അവൻ സന്തോഷവാനും ഉപകാരിയുമായിരുന്നതിനാൽ ചിലർ അവനെപ്രതി ദുഃഖിച്ചേക്കാം; അതേസമയം മറ്റുള്ളവർ അവൻറെ മരണം അവർക്കു  പ്രയോജനകരമായിരിക്കാ മെന്നതിനാൽ സന്തോഷിച്ചേക്കാം; എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരും അവനെപ്പറ്റി അധികം പരാമർശിക്കുകയില്ല. അവനെപ്രതിയുള്ള ദുഃഖം ഓർക്കാതിരിക്കാനായി അവൻറെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും പോലും അവനെക്കുറിച്ചു പറയുന്നതു കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല; അതിനാൽ അനുശോചന സന്ദർശനങ്ങളിൽ മരിച്ച വ്യക്തി ഒഴിച്ചു മറ്റെല്ലാം സംഭാഷണവിഷയങ്ങളാക്കുന്നു; ആരെങ്കിലും അവനെപ്പറ്റി  പരാമർശിക്കാൻ തുടങ്ങിയാൽ, ഉടനെ “അവനെപ്പറ്റി എന്നോടൊന്നും പറയരുതേ എന്നപേക്ഷിക്കുന്നു!” എന്ന് പറഞ്ഞുകൊണ്ട് അവരെ  തടയുന്നു. ഈ ലോകത്തു നമ്മുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും നമ്മോടുള്ള വാത്സല്യത്തിന് എന്തു സംഭവിക്കുന്നു എന്നു കാണുക! എൻറെ ദൈവമേ, അങ്ങു മാത്രമേ എന്നെ സ്നേഹിക്കുകയുള്ളു എന്നും ഭാവിയിൽ അങ്ങയെ മാത്രമേ ഞാൻ സ്നേഹിക്കാവൂ എന്നും എനിക്കു ബോധ്യമായി.

3. നിൻറെ മരണത്തിൽ നിൻറെ ബന്ധുക്കൾ ആദ്യം സങ്കടത്തിലാകും, എന്നാൽ അധികം താമസിയാതെ അവർക്കു ലഭിച്ചേക്കാവുന്ന നിൻറെ സ്വത്തിൻറെ ഒരു ഭാഗം അവരെ സ്വയം ആശ്വസിപ്പിക്കും; നിൻറെ ആത്മാവ് നിന്നെ വിട്ടു പോവുകയും നീ യേശുക്രിസ്തുവിനാൽ വിധിക്കപ്പെടുകയും ചെയ്ത അതേ മുറിയിൽ അവർ മുമ്പത്തെപ്പോലെ ചിരിയും കളിയും നൃത്തവും വിരുന്നും ഒക്കെ ആയി ജീവിതം മുന്നോട്ടുകൊണ്ടുപോകും. അപ്പോൾ നിൻറെ ആത്മാവ് എവിടെയാണെന്ന് ആർക്കറിയാം? ഓ കർത്താവേ, അങ്ങ് എന്നെ ന്യായവിധിക്കു  വിളിക്കുന്നതിനുമുമ്പു ഞാൻ അങ്ങയോടു ചെയ്ത പാപങ്ങളെക്കുറിച്ചു വിലപിക്കാനുള്ള സമയം എനിക്കു തരണമേ. ഞാൻ ഇനി അങ്ങയുടെ വിളിയെ  എതിർക്കില്ല: എന്നാൽ ഈ ധ്യാനം എനിക്കു ലഭിച്ച അവസാന വിളിയായിരിക്കാം എന്ന് ആർക്കറിയാം? ഞാൻ നരകത്തിന് അർഹനാണെന്നു ഞാൻ ഏറ്റുപറയുന്നു, ഞാൻ എത്ര മാരകമായ പാപങ്ങൾ ചെയ്തോ അത്രത്തോളം നരകങ്ങൾ; എന്നാൽ പശ്ചാത്തപിക്കുന്ന പാപികളെ അങ്ങു വെറുക്കുന്നില്ല. ഇന്ദ്രിയാനുഭൂതികളാൽ അങ്ങയുടെ അനന്തമായ നന്മയെ ദുരുപയോഗം ചെയ്തതിന് എൻറെ മുഴുവൻ ആത്മാവോടുംകൂടെ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. എന്നോടു ക്ഷമിക്കുകയും എൻറെ ജീവിതാവസാനം വരെ അങ്ങയെ അനുസരിക്കാനും അങ്ങയെ സ്നേഹിക്കാനും എനിക്കു കൃപ നൽകുകയും ചെയ്യണമേ. ഓ പരിശുദ്ധ മറിയമേ! ഞാൻ എന്നെ അങ്ങയുടെ സംരക്ഷണത്തിന്  ഏൽപ്പിക്കുകയും  അങ്ങയുടെ പരിശുദ്ധ മദ്ധ്യസ്ഥതയിൽ പൂർണ്ണമായും വിശ്വസിക്കുകയും ചെയ്യുന്നു.