വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 66

മരണത്തിനു ശേഷം ശരീരത്തിൻറെ രൂപം

1. മനുഷ്യാ, നീ പൊടിയാണെന്നും പൊടിയിലേക്കു തന്നെ നീ മടങ്ങുമെന്നും ഓർക്കുക. നിലവിൽ നിനക്കു കാണാനും അനുഭവിക്കാനും സംസാരിക്കാനും ചലിക്കാനും കഴിയുന്നു.  എന്നാൽ നീ മേലിൽ കാണുകയോ അനുഭവിക്കുകയോ സംസാരിക്കുകയോ അനങ്ങുകയോ ചെയ്യാത്ത ദിവസം വരും. നിൻറെ ആത്മാവ്  ശരീരത്തിൽ നിന്നു വേർപെടുത്തപ്പെടുമ്പോൾ, നിൻറെ ശരീരം പുഴുക്കളാൽ കാർന്നുതിന്നപ്പെടുകയും പൊടിയിലേക്കു ദ്രവിച്ചു പോകുകയും ചെയ്യും; നിൻറെ ആത്മാവ്,  പ്രവർത്തികൾക്കനുസരിച്ചു നീ അർഹിക്കുന്നതുപോലെ സന്തോഷിക്കുന്നതിനായോ അല്ലെങ്കിൽ ദുരിതമനുഭവിക്കുന്നതിനായോ നിത്യതയിലേക്കു പോകും. ഓ ദൈവമേ! അങ്ങയുടെ അപ്രീതിക്കും നരകശിക്ഷയ്ക്കും മാത്രമേ എനിക്ക്  അർഹതയുള്ളു; എന്നാൽ അങ്ങ് എന്നെ നിരാശയ്ക്കു വിട്ടുകൊടുക്കാതെ മാനസാന്തരപ്പെടാനും അങ്ങയെ  സ്നേഹിക്കാനും എൻറെ പ്രതീക്ഷകളെല്ലാം അങ്ങയിൽ അർപ്പിക്കാനും അനുവദിച്ചു.

2.  ഇപ്പോൾ ആത്മാവ് വിട്ടുപോയ ഒരാളുടെ ശരീരത്തെ സ്വയം ചിന്തയിൽ കൊണ്ടുവരുക. കട്ടിലിൽ കിടക്കുന്ന ആ മൃതദേഹത്തെ നോക്കുക: കാണുന്നവർക്കെല്ലാം വെറുപ്പും ഭയവുമുണ്ടാക്കുന്നവിധം തല നെഞ്ചിലേക്കു ചെരിഞ്ഞു കിടക്കുന്നു, തലമുടി ഉലഞ്ഞും മരണസമയത്തുണ്ടായ വിയർപ്പിൽ കുളിച്ചുമിരിക്കുന്നു, കണ്ണുകൾ അടഞ്ഞും, കവിളുകൾ തൂങ്ങിയും, മുഖം ചാരനിറമായും, ചുണ്ടുകളും നാവും കറുത്തുമിരിക്കുന്നു.  പ്രിയ ക്രിസ്ത്യാനീ, നീ ഇപ്പോൾ വളരെയധികം ആഹ്‌ളാദത്തോടെ പരിചരിക്കുന്ന നിൻറെ ശരീരം എന്തൊരവസ്ഥയിലേക്കാണ് ഇത്ര പെട്ടെന്നു മാറുന്നതെന്നു കാണുക.  ഓ എൻറെ ദൈവമേ! അങ്ങയുടെ കൃപനിറഞ്ഞ വിളിയെ ഞാൻ മേലിൽ എതിർക്കുകയില്ല. എൻറെ ശരീരത്തെ അതിൻറെ സുഖസംതൃപ്തികൾക്കായി ഞാൻ‌ ആനന്ദിപ്പിക്കുമ്പോൾ എന്നെ നിരന്തരം പീഡിപ്പിക്കുന്ന  മനസ്സാക്ഷിക്കുത്തല്ലാതെ മറ്റെന്താണ് അവശേഷിക്കുന്നത്? ഓ, അങ്ങയെ ഇടവിടാതെ വ്രണപ്പെടുത്തിയതിനുപകരം ഞാൻ മരിച്ചുപോയിരുന്നെങ്കിൽ!

3. ശരീരം അഴുകാൻ തുടങ്ങുമ്പോൾ, അതു കൂടുതൽ ഭയാനകമായിത്തീരുന്നു.  ഇതാ, ഒരു ചെറുപ്പക്കാരൻ മരിച്ചിട്ടു കഷ്‌ടിച്ച്‌ ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞപ്പോൾത്തന്നെ, അവൻറെ മൃതദേഹം അറപ്പുളവാക്കിത്തുടങ്ങുന്നു. ദുർഗന്ധം വീടു മുഴുവൻ ബാധിക്കാതിരിക്കാൻ മുറിയിലെ ജനാലകൾ തുറക്കുകയും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും വേണം. അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയാളെ ശവക്കുഴിയിൽ അടക്കാൻ തിടുക്കപ്പെടുന്നു . അവൻ ഉയർന്ന പദവിയിലുള്ള ആളായിരുന്നിരിക്കാം, എന്നാൽ  അവൻറെ  ശരീരത്തിനു ലഭിച്ച അമിതലാളന കൊണ്ട് ഇപ്പോൾ എന്തു പ്രയോജനമാണുള്ളത്? അത് അതിൻറെ അഴുകൽ വേഗത്തിലാക്കുകയും, ദുർഗന്ധം മൂലമുള്ള അറപ്പു വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ട രക്ഷകാ, പാപം ചെയ്താൽ അതുവഴി ഞാൻ അങ്ങയെ അത്യന്തം വേദനിപ്പിക്കുമെന്നു ഞാൻ അറിഞ്ഞിരുന്നു, എന്നിട്ടും ഞാൻ പാപം ചെയ്തു. നൈമിഷികമായ  സംതൃപ്തി എനിക്കു ലഭിക്കാൻവേണ്ടി, അങ്ങയുടെ കൃപയുടെ അമൂല്യമായ നിധികൾ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറായിരുന്നു. ദുഃഖത്തോടെ ഞാൻ അങ്ങയുടെ കാൽക്കൽ സാഷ്ടാംഗം പ്രണമിക്കുന്നു; അങ്ങ് എനിക്കുവേണ്ടി ചൊരിഞ്ഞ രക്തത്തിലൂടെ എന്നോടു ക്ഷമിക്കണമേ. അങ്ങയുടെ പ്രീതിയിലേക്ക് എന്നെ വീണ്ടും സ്വീകരിച്ച് അങ്ങ് ഇഷ്ടപ്പെടുന്നതുപോലെ എന്നെ ശിക്ഷിക്കണമേ. അങ്ങയുടെ സ്നേഹം എനിക്കു നഷ്ടമാകുകയില്ലെങ്കിൽ, എല്ലാ ശിക്ഷകളും ഞാൻ മനസ്സോടെ സ്വീകരിക്കും. ഓ ദൈവമേ, പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ അങ്ങയെ എന്നെക്കാൾ സ്നേഹിക്കുന്നു. എൻറെ ജീവിതാന്ത്യം വരെ ഞാൻ അങ്ങയോടു വിശ്വസ്തനായി തുടരാൻ എന്നെ അനുവദിക്കണമേ. എൻറെ പ്രത്യാശയായ മറിയമേ, എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.