വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 65

നിത്യരക്ഷ  ഉറപ്പിക്കാനുള്ള  ആത്മാർത്ഥമായ പരിശ്രമം

1. രക്ഷിക്കപ്പെടാൻ, കേവലം അത്യാവശ്യമായതു ചെയ്യുന്നു എന്നു ഭാവിച്ചാൽ മാത്രം പോരാ. ഉദാഹരണത്തിന്, ഒരു വ്യക്തി മാരകമായ പാപങ്ങൾ മാത്രം ഒഴിവാക്കാൻ ആഗ്രഹിക്കുകയും, ക്ഷമിക്കത്തക്ക ലഘുപാപങ്ങളെക്കുറിച്ച് ഒരു ഗൗരവവും കാണിക്കാതെയുമിരുന്നാൽ, അവൻ എളുപ്പത്തിൽ മാരകമായ പാപങ്ങളിൽ അകപ്പെടുകയും അവൻറെ ആത്മാവു നഷ്ടപ്പെടുകയും ചെയ്യും. പാപം ചെയ്യാൻ കാരണമാകുന്ന പ്രത്യേക അവസരങ്ങൾ മാത്രം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവൻ, ഒരു ദിവസം താൻ  ഗൗരവമായ  കുറ്റകൃത്യങ്ങളിൽ അകപ്പെട്ടുവെന്നും നഷ്ടപ്പെട്ടുവെന്നും ഒരുപക്ഷെ തിരിച്ചറിയും. ഓ ദൈവമേ! ഈ ലോകത്തിലെ പ്രഭുക്കന്മാർ എത്രമാത്രം ശ്രദ്ധയോടെയാണു സേവിക്കപ്പെടുന്നത്! അവരുടെ പ്രീതി നഷ്ടപ്പെടുമെന്നു ഭയന്ന് അവർക്ക് ഏറ്റവും ചെറിയ നീരസം പോലും  ഉണ്ടാവാൻ   സാധ്യതയുള്ളതെല്ലാം മനുഷ്യർ  ഒഴിവാക്കുന്നു; എന്നാൽ ശരീരത്തെ അപകടപ്പെടുത്തിടുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വലിയ ജാഗ്രത പുലർത്തുന്നവർ ആത്മാവിനെഅപകടപ്പെടുത്തുന്ന അനർത്ഥങ്ങളെ  ഭയപ്പെടുന്നതേയില്ല! ഓ ദൈവമേ! ഞാൻ ഇതുവരെ അങ്ങയെ എത്രമാത്രം അശ്രദ്ധമായാണു ശുശ്രൂഷിച്ചത്? ഇനി മുതൽ ഞാൻ അങ്ങയെ ഏറ്റവും ശ്രദ്ധയോടെ ശുശ്രൂഷിക്കും; അങ്ങ് എൻറെ സഹായിയാകുകയും എന്നെ തുണയ്ക്കുകയും ചെയ്യണമേ.

2. ഓ ക്രിസ്തീയ സഹോദരാ! നീ   ദൈവത്തോടു ചെയ്യുന്നതുപോലെ പരിമിതമായി മാത്രം ദൈവം നിന്നോടും     വർത്തിക്കുകയാണെങ്കിൽ, നിനക്ക് എന്തു സംഭവിക്കും? നിനക്കു  കഷ്‌ടിച്ചു വേണ്ട കൃപ മാത്രം അവിടുന്നു നൽകിയാൽ, ഒരുപക്ഷേ  നിനക്കു രക്ഷ നേടാൻ കഴിയുമായിരിക്കും, പക്ഷേ നീ  അതു നേടുകയില്ല; കാരണം, വളരെ ശക്തമായി  ഈ ജീവിതത്തിൽ നിരന്തരം  സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രലോഭനങ്ങൾക്കു വഴങ്ങാതിരിക്കുക   എന്നതു  ദൈവത്തിൻറെ പ്രത്യേക സഹായമില്ലാതെ, ധാർമ്മികമായി അസാധ്യമാണ്. ദൈവത്തോടു മിതമായി മാത്രം ഇടപെടുന്നവർക്കു ദൈവം അവിടുത്തെ പ്രത്യേക സഹായം നൽകുന്നില്ല. മിതമായി വിതയ്ക്കുന്നവൻ മിതമായിട്ടേ കൊയ്യുകയുള്ളു.  എന്നാൽ, ദൈവമേ! അങ്ങ് എന്നോടു മിതമായിട്ടല്ല പെരുമാറിയത്: അങ്ങയുടെ അനേകം ഉപകാരങ്ങൾക്കു പകരം എൻറെ അപരാധങ്ങളാൽ ഞാൻ അങ്ങയോടു വളരെ നന്ദികേടു കാണിച്ചിട്ടും, അങ്ങ് എന്നെ ശിക്ഷിക്കുന്നതിനുപകരം, എന്നോടുള്ള അങ്ങയുടെ കൃപ ഇരട്ടിയാക്കി. ഇല്ല, എൻറെ ദൈവമേ! ഞാൻ ഇതുവരെ ചെയ്തതുപോലെ ഇനി ഒരിക്കലും ഞാൻ അങ്ങയോടു നന്ദിഹീനൻ ആയിരിക്കുകയില്ല.  

3. രക്ഷ നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല, മറിച്ചു ബുദ്ധിമുട്ടുള്ളതും വളരെ പ്രയാസകരവുമാണ്. പഞ്ചേന്ദ്രിയങ്ങളുടെ തൃപ്‌തിക്കുവേണ്ടി വശീകരിക്കപ്പെടുന്നതും   

അനുസരണമില്ലാത്തതുമായ   ജഡത്തെ  നാം നമ്മോടൊപ്പം വഹിക്കുന്നു; മാത്രമല്ല, ലോകത്തിലും നരകത്തിലും നമ്മുടെ സ്വന്തം ഉള്ളിലും നമ്മോടു പോരാടാനായി, നമ്മെ എപ്പോഴും തിന്മയിലേക്ക് പ്രലോഭിപ്പിക്കുന്ന  എണ്ണമറ്റ ശത്രുക്കളും നമുക്കുണ്ട്.  ദൈവകൃപ ഒരിക്കലും നമുക്ക് അപര്യാപ്‌തമല്ല എന്നതു സത്യമാണ്; എങ്കിലും പ്രലോഭനങ്ങളെ അതിജീവിക്കാൻ കഠിനമായി പോരാടാനും അപകടം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ ശക്തമായ സഹായം ലഭിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും ഈ കൃപ നമ്മോട് ആവശ്യപ്പെടുന്നു. ഓ യേശുവേ! അങ്ങയിൽ നിന്ന് ഒരിക്കലും വേർപിരിയാതിരിക്കാനും അങ്ങയുടെ സ്നേഹം നഷ്ടപ്പെടാതിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഇതുവരെ ഞാൻ അങ്ങയോടു നന്ദികെട്ടവനും അങ്ങയോടു പുറം തിരിഞ്ഞവനുമാണ്, എന്നാൽ ഇപ്പോൾ ഞാൻ എൻറെ മുഴുവൻ ആത്മാവോടുംകൂടെ അങ്ങയെ സ്നേഹിക്കും, അങ്ങയെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുന്നതിനേക്കാൾ കൂടുതലായി മറ്റൊന്നിനെയും ഞാൻ ഭയപ്പെടുന്നില്ല. എൻറെ ബലഹീനത അങ്ങ് അറിയുന്നു; ആകയാൽ എൻറെ ഏക പ്രത്യാശയും ശരണവുമായ  അങ്ങ് എന്നെ സഹായിക്കണമേ. ഓ, നിത്യ കന്യകയായ പരിശുദ്ധ മറിയമേ, എനിക്കു വേണ്ടി മാധ്യസ്ഥം യാചിക്കുന്നത് അങ്ങ് ഒരിക്കലും നിർത്തരുതേ.