വീണ്ടും പാപത്തിൽ വീഴാനുള്ള പ്രലോഭനങ്ങൾ
1. ഓ ക്രിസ്ത്യാനീ! “ദൈവം കരുണയുള്ളവനാണ്” എന്നു പറഞ്ഞുകൊണ്ടു പാപം ചെയ്യാൻ സാത്താൻ വീണ്ടും നിങ്ങളെ പ്രലോഭിപ്പിക്കുമ്പോൾ, ദൈവം അവിടുത്തെ നിന്ദിക്കുന്നവരോടല്ല, മറിച്ച്, “അവിടുത്തെ ഭയപ്പെടുന്നവരോടാണു കരുണ കാണിക്കുന്നത് ” എന്ന് ഓർത്തുകൊള്ളുക. “ദൈവം കരുണയുള്ളവനാണ്” എന്നതു സത്യമാണ്; എന്നിട്ടും, ദൈവം ദിവസേന എത്രയോ പേരെയാണ് നരകപീഡകൾക്കു ശിക്ഷിക്കുന്നത്! “ദൈവം കരുണയുള്ളവനാണ്,”എന്നാൽ അവിടുന്നു നീതിമാനും കൂടിയാണ്. പാപങ്ങളെപ്രതി പശ്ചാത്തപിക്കുന്നവരോടാണ് അവിടുന്നു കരുണ കാണിക്കുന്നത്, അല്ലാതെ ദൈവത്തെ വേദനിപ്പിച്ചുകൊണ്ട് അവിടുത്തെ കരുണയെ യഥേഷ്ടം ദുരുപയോഗം ചെയ്യുന്നവരോടല്ല. ഓ ദൈവമേ, ഞാൻ എത്രയോ തവണ ഇതു ചെയ്തിട്ടുണ്ട്! അങ്ങു നല്ലവനും കരുണാമയനുമായതിനാൽ ഞാൻ പലപ്പോഴും അങ്ങയെ വ്രണപ്പെടുത്തിയിട്ടുണ്ട്!
2. പിശാച് നിങ്ങളോടു പറയും, “മുൻപു ചെയ്ത പല പാപങ്ങൾക്കും അവൻ നിങ്ങൾക്കു മാപ്പുനൽകിയതുപോലെതന്നെ, നിങ്ങൾ ഇപ്പോൾ ചെയ്യാൻ പോകുന്ന പാപത്തിനും അവൻ മാപ്പുനൽകും.” എന്നാൽ നിങ്ങൾ “ഇല്ല” എന്നു മറുപടി നൽകണം; അവിടുന്നു പലപ്പോഴും എന്നോടു ക്ഷമിച്ചതിനാൽ, ഞാൻ കൂടുതൽ ഭയപ്പെടേണ്ടിയിരിക്കുന്നു, ഞാൻ അവിടുത്തെ വീണ്ടും ദ്രോഹിച്ചാൽ, അവിടുന്ന് ഇനി എന്നോടു ക്ഷമിക്കുകയില്ല, മറിച്ചു ഞാൻ അവിടുത്തേയ്ക്കെതിരായി ഇതുവരെ ചെയ്ത എല്ലാ പാപങ്ങൾക്കും എന്നെ ശിക്ഷിക്കും.
പരിശുദ്ധാത്മാവിൻറെ താക്കീതു കേൾക്കുക. ‘ഞാൻ പാപം ചെയ്തു, എന്നിട്ട് എനിക്ക് എന്തു ദോഷമാണു സംഭവിച്ചത് എന്നു പറയരുത്, എന്തെന്നാൽ, പ്രവൃത്തികൾക്കു പ്രതിഫലം നൽകുന്ന അത്യുന്നതൻ ക്ഷമയുള്ളവനാണ്’. ഓ ദൈവമേ! ഞാൻ എത്രമാത്രം നീചമായാണ് അങ്ങയുടെ അനുഗ്രഹങ്ങളോട് പ്രതികരിച്ചത്! അങ്ങ് എൻറെമേൽ കൃപകൾ വർഷിച്ചു; എന്നാൽ ഞാൻ അവയ്ക്കു ദ്രോഹങ്ങൾ പകരം നൽകി. നൽകി; അങ്ങ് എന്നെ അനുഗ്രഹങ്ങൾ കൊണ്ടു നിറച്ചു, എന്നാൽ ഞാൻ അങ്ങയെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇനി ഭാവിയിൽ അങ്ങനെയാകില്ല. അങ്ങ് എത്രയധികം എന്നെ സഹിച്ചുവോ അത്രയധികം ഞാൻ അങ്ങയെ കൂടുതൽ സ്നേഹിക്കും. എൻറെ ബലഹീനതയിൽ അങ്ങ് എന്നെ സഹായിക്കണമേ.
3. പിശാച് നിങ്ങളോടു പറയും: “എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഈ പ്രലോഭനത്തെ ചെറുക്കാൻ കഴിയില്ലെന്നു നിങ്ങൾ കാണുന്നില്ലേ?” അവന് ഉത്തരം നൽകുക: ” ഞാൻ ഇപ്പോൾ എതിർക്കുന്നില്ലെങ്കിൽ, പിന്നീടു ഞാൻ ദുർബലനായിത്തീരുകയും ദൈവിക സഹായം എനിക്കു ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ, എനിക്ക് എങ്ങനെ പ്രതിരോധിക്കാൻ കഴിയും? എൻറെ പാപങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആനുപാതികമായി ദൈവം എൻറെമേൽ ചൊരിയുന്ന കൃപകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കണമോ?” അവസാനമായി, അവൻ നിങ്ങളോടു പറയും: “എന്നാൽ നിങ്ങൾ ഈ പാപം ചെയ്യുകയാണെങ്കിലും നിങ്ങൾ രക്ഷിക്കപ്പെടാം.” മറുപടിയായി അവനോടു പറയുക: “ഞാൻ രക്ഷിക്കപ്പെട്ടേക്കാം; എന്നാൽ അത് ഞാൻ തന്നെ എൻറെ നരക ശിക്ഷാവിധി എഴുതാൻ കാരണമാകണോ? ഞാൻ രക്ഷിക്കപ്പെട്ടേക്കാം; അതുപോലെതന്നെ ഞാൻ നഷ്ടപ്പെട്ടുപോവുകയും ചെയ്തേക്കാം, അതിനാണു കൂടുതൽ സാധ്യതയുള്ളത്”. ആയിരിക്കാം എന്ന ഒരു സാധ്യതയിലേക്കു തള്ളിവിടേണ്ട ഒരു കാര്യമല്ല ഇത്.
എന്നാൽ, ഓ കർത്താവേ, അങ്ങ് എനിക്കുവേണ്ടി എന്തെല്ലാം ചെയ്തു? ഞാൻ എൻറെ തെറ്റുകൾ പെരുകാൻ അനുവദിച്ചു, എന്നാൽ അങ്ങ് അങ്ങയുടെ കൃപകൾ വർദ്ധിപ്പിച്ചിരിക്കുന്നു. ഇതിനെപ്പറ്റിയുള്ള എൻറെ ചിന്ത അങ്ങയെ വളരെ ഹീനമായി വേദനിപ്പിച്ചതിലുള്ള എൻറെ ദുഃഖത്തെ കയ്പുള്ളതാക്കുന്നു. എൻറെ നല്ല ദൈവമേ, ഞാൻ എന്തുകൊണ്ട് അങ്ങേയ്ക്കെതിരായി പാപം ചെയ്തു? കഷ്ടം, അതോർത്തുള്ള മനസ്താപത്താൽ മരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ! ഓ യേശുവേ, എന്നെ സഹായിക്കണമേ! പൂർണ്ണമായും അങ്ങയുടേതാകാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയമേ, എനിക്കു പുണ്യത്തിൽ സ്ഥിരോത്സാഹം നേടിത്തരണമേ; എന്നെ വളരെയധികം സ്നേഹിച്ച ദൈവത്തോടു നന്ദിയില്ലത്തവനായി ജീവിക്കാൻ ഇനിയൊരിക്കലും എന്നെ അനുവദിക്കരുതേ.