വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 61

 പശ്ചാത്തപിക്കുന്ന പാപിയെ സ്വീകരിക്കുന്ന ദൈവസ്നേഹം

1. ഭൂമിയിലെ രാജാക്കന്മാർ തങ്ങളോടെതിർക്കുന്ന  പ്രജകൾ മാപ്പു യാചിക്കാൻ വരുമ്പോൾ, തങ്ങളുടെ  സന്നിധിയിൽ നിന്ന് അവരെ തള്ളിക്കളയുന്നു. എന്നാൽ മാനസാന്തരത്തോടെ തൻറെ കാൽക്കൽ വീഴുന്ന  ഒരു പാപിയെപ്പോലും  താൻ  ഒരിക്കലും തള്ളിക്കളയുകയില്ലെന്നു യേശുക്രിസ്തു നമുക്ക് ഉറപ്പു നൽകുന്നു: ‘എൻറെയടുക്കൽ വരുന്നവനെ ഞാൻ തള്ളിക്കളയുകയില്ല’.  ദൈവത്തിനെതിരെ പാപം ചെയ്തതിൽ ദുഃഖിക്കുകയും  സ്വയം എളിമപ്പെടുത്തുകയും  ചെയ്യുന്ന   ഹൃദയത്തെ അവിടുന്നു നിന്ദിക്കുന്നില്ല: ഓ ദൈവമേ, വിനീതവും പശ്ചാത്താപാർദ്രവുമായ   ഒരു ഹൃദയത്തെ അങ്ങു നിന്ദിക്കുകയില്ല. ഓ യേശുവേ, അങ്ങേയ്‌ക്കെതിരായി ചെയ്ത  പാപങ്ങൾക്കു ഞാൻ അങ്ങയുടെ മാപ്പ്‌ അർഹിക്കുന്നില്ല; എന്നാൽ  ഞാൻ അങ്ങേയ്‌ക്കെതിരായി പാപം ചെയ്തതിൻറെ ഓർമയെപ്പോലെ  മറ്റൊന്നും എന്നെ ക്ലേശിപ്പിക്കുന്നില്ലെന്ന് അങ്ങ് അറിയുന്നുവല്ലോ.    

2. അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാൻ അങ്ങ് എന്നെ ക്ഷണിക്കുകയും, അങ്ങ് എനിക്കു പാപമോചനം  വാഗ്‌ദാനം ചെയ്യുകയും ചെയ്യുമ്പോൾ, എൻറെ ദൈവമേ, അങ്ങ് എന്നെ തള്ളിക്കളയും എന്നു ഞാൻ എന്തിനു ഭയപ്പെടണം? ‘എൻറെ അടുക്കലേക്കു മടങ്ങിവരിക, ഞാൻ നിന്നെ സ്വീകരിക്കും’. ഞങ്ങൾ അങ്ങയിലേയ്ക്കു മനസുതിരിഞ്ഞാൽ   അങ്ങു ഞങ്ങളെ ആശ്ലേഷിക്കുമെന്ന്  വാഗ്ദാനം ചെയ്തിരിക്കേ,  എനിക്ക് എങ്ങനെ സംശയിക്കാൻ കഴിയും? “നിങ്ങളെല്ലാവരും എൻറെ അടുത്തേക്കു വരുവിൻ, എന്നാൽ ഞാൻ നിങ്ങളുടെ അടുത്തേക്കും  വരും.”  അതിനാൽ, ഓ കർത്താവേ, അങ്ങ് എന്നിൽനിന്ന് അകന്നു പോകരുതേ; എന്തെന്നാൽ എല്ലാം ഉപേക്ഷിച്ച് എൻറെ പരമനന്മയായ അങ്ങയിലേയ്ക്കു ഞാൻ തിരിയും. ഞാൻ വളരെക്കാലം അങ്ങയെ വേദനിപ്പിച്ചു, എന്നാൽ ഇപ്പോഴെങ്കിലും ഞാൻ അങ്ങയെ സ്നേഹിക്കട്ടെ.

3. എന്നു മാത്രമല്ല, പാപി അവൻ ചെയ്ത തിന്മയെക്കുറിച്ച് അനുതപിക്കുന്നുവെങ്കിൽ, അവൻറെ പാപങ്ങളെല്ലാം മറക്കാൻ സന്നദ്ധനാണെന്നു നമ്മുടെ നല്ല ദൈവം കൂട്ടിച്ചേർക്കുന്നു: ‘ദുഷ്ടൻ പശ്ചാത്തപിക്കുകയാണെങ്കിൽ ……………..  അവൻ എന്നേയ്ക്കും ജീവിക്കും, മരിക്കുകയില്ല. അവൻ ചെയ്ത അകൃത്യങ്ങളൊന്നും ഞാൻ ഓർക്കുകയില്ല’  

എൻറെ പ്രിയപ്പെട്ട രക്ഷകാ! എൻറെ പാപങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല, അങ്ങേയ്‌ക്കെതിരായി ചെയ്ത തിന്മയെപ്രതി ഞാൻ എപ്പോഴും വിലപിക്കും; എന്നാൽ അങ്ങു വാഗ്ദാനം ചെയ്തതുപോലെ അങ്ങ് ഉടൻ തന്നെ അവയെല്ലാം  മറക്കുമെന്നും, എൻറെ മുൻകാല അകൃത്യങ്ങൾ എന്നെ സ്നേഹിക്കുന്നതിൽ നിന്ന് അങ്ങയെ തടയുകയില്ലെന്നും ഞാൻ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങു സ്നേഹിക്കുന്നു എന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ? ഇതുവരെ ഞാൻ അങ്ങയെ സ്നേഹിച്ചിട്ടില്ല, അങ്ങയുടെ വെറുപ്പിന് അർഹനായിട്ടുമുണ്ട്; എന്നാൽ ഇപ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കും, അങ്ങ് ഇനിയൊരിക്കലും എന്നെ നിരസിക്കുകയില്ലെന്നു പ്രത്യാശിക്കുകയും ചെയ്യും; കഴിഞ്ഞതെല്ലാം അങ്ങു മറന്നുകൊണ്ട്, എന്നോടു പൊറുക്കണമേ, എന്നെ അങ്ങയോട് ഒന്നിപ്പിക്കണമേ, അങ്ങയിൽനിന്നു വീണ്ടും വേർപിരിയാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ.  മറിയമേ, അങ്ങയുടെ പരിശുദ്ധ  മദ്ധ്യസ്ഥതയാൽ എന്നെ സഹായിക്കണമേ.