വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 58

ക്രൂശിതനായ ക്രിസ്തുവിൻറെ സ്നേഹം

1. പ്രപഞ്ചത്തിൻറെ നാഥനായ ദൈവപുത്രൻ നമ്മോടുള്ള സ്നേഹം പ്രകടിപ്പിക്കാൻവേണ്ടി, കുരിശിൽ  പീഡകളേറ്റു മരിക്കുമെന്ന്, അവിടുന്നു യഥാർത്ഥത്തിൽ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ആർക്കാണു  സങ്കൽപ്പിക്കാൻ കഴിയുക? നോക്കുക,  ഈശോയ്ക്കു നമ്മോടുള്ള വിലമതിക്കാനാവാത്ത  സ്നേഹത്താലുള്ള അവിടുത്തെ മരണത്തെപ്പറ്റിയാണു   താബോർ മലയിൽവെച്ചു മോശയും  ഏലിയായും ഈശോയോടു  സംസാരിച്ചത്. സ്രഷ്ടാവ് തൻറെ  സൃഷ്ടികൾക്കുവേണ്ടി മരിക്കുന്നതിനേക്കാൾ  വലിയ സ്നേഹം മറ്റെന്താണുള്ളത്!  എൻറെ പ്രിയപ്പെട്ട രക്ഷകാ, അങ്ങയുടെ സ്നേഹത്തിനു മതിയായ പ്രത്യുപകാരം ചെയ്യണമെങ്കിൽ മറ്റൊരു ദൈവം അങ്ങേയ്ക്കുവേണ്ടി മരിക്കുക തന്നെ വേണം. എന്നിരിക്കെ,  അങ്ങയുടെ ജീവൻ തന്നെ ഞങ്ങൾക്കുവേണ്ടി നൽകിയ അങ്ങേയ്ക്കുവേണ്ടി   ഞങ്ങളുടെ ജീവിതം മുഴുവനും ഉപേക്ഷിക്കാൻ, ഭൂമിയിലെ നികൃഷ്ട കൃമികളായ  ഞങ്ങൾ തയ്യാറായാൽത്തന്നെ അത് അങ്ങയുടെ സ്നേഹത്തിനുള്ള പ്രത്യുപകാരമാവുന്നില്ല. 

2. ഇപ്രകാരം താൻ മരിക്കേണ്ടിയിരുന്ന സമയത്തിനായി  തൻറെ ജീവിതത്തിലൂടനീളം  ആഗ്രഹിച്ചു കാത്തിരുന്ന  അവിടുത്തെ തീവ്രമായ ആഗ്രഹമാണ്, അവിടുത്തെ  കൂടുതലായി സ്നേഹിക്കാൻ ഇനിയും നമ്മെ  ആവേശം കൊള്ളിക്കുന്നത്. ഈ ആഗ്രഹത്താൽ, നമ്മോടുള്ള അവിടുത്തെ സ്നേഹം എത്ര വലുതാണെന്ന് അവിടുന്നു നിശ്ചയമായും തെളിയിച്ചുകഴിഞ്ഞുവല്ലോ.

  “എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു  നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു!” മനുഷ്യരുടെ പാപങ്ങൾ കഴുകിക്കളയുന്നതിനു വേണ്ടി എൻറെ സ്വന്തം രക്തംകൊണ്ടുതന്നെ  ഞാൻ സ്നാനം സ്വീകരിക്കണം; എൻറെ കയ്പേറിയ പീഡാസഹനത്തിനും മരണത്തിനും വേണ്ടിയുള്ള ആഗ്രഹത്താൽ ഞാൻ എത്രമാത്രം മരിച്ചുകൊണ്ടിരിക്കുന്നു!’ എൻറെ ആത്മാവേ, നിൻറെ കണ്ണുകൾ മുകളിലേയ്ക്കുയർത്തി, നിൻറെ നാഥൻ അപഹാസ്യമായ  ഒരു കുരിശിൽ തൂങ്ങിക്കിടക്കുന്നതു കാണുക; അവിടുത്തെ മുറിവുകളിൽനിന്നു ഇറ്റിറ്റു വീഴുന്ന രക്തം കാണുക; തന്നെ സ്നേഹിക്കാൻ നിന്നെ  ക്ഷണിക്കുന്ന യേശുവിൻറെ  തകർക്കപ്പെട്ട  ശരീരം കാണുക. നിൻറെ  രക്ഷകൻറെ കഷ്ടതകളിൽ നിൻറെ അനുകമ്പ കൊണ്ടെങ്കിലും  അവിടുത്തെ സ്നേഹിക്കണമെന്ന് യേശു  ആഗ്രഹിക്കുന്നു. ഓ യേശുവേ! അങ്ങയുടെ ജീവനും അമൂല്യമായ  തിരുരക്തവും അങ്ങ് എനിക്കു നിഷേധിച്ചില്ല; അതിനാൽ അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെന്തെങ്കിലും ഞാൻ അങ്ങേയ്ക്കു നിഷേധിക്കാമോ?  ഇല്ല, ഒന്നും മാറ്റിവയ്ക്കാതെ അങ്ങ് അങ്ങയെ എനിക്കു തന്നു; അതേ രീതിയിൽ തന്നെ ഞാൻ എന്നെ അങ്ങേയ്ക്കു നൽകും.

3. ‘ക്രിസ്തുവിൻറെ സ്നേഹം നമ്മെ  നിർബന്ധിക്കുന്നു’  എന്ന  അപ്പസ്തോലവചനത്തെക്കുറിച്ചു  സംസാരിക്കുമ്പോൾ വിശുദ്ധ ഫ്രാൻസിസ്  സാലസ്  പറയുന്നു: “സത്യദൈവമായിരിക്കേ, യേശുക്രിസ്തു നമുക്കുവേണ്ടി സ്വന്തം ജീവൻ, അതും ഒരു കുരിശിൽ,  സമർപ്പിക്കുന്നിടത്തോളം,  അവിടുന്നു നമ്മെ സ്നേഹിച്ചുവെന്ന് അറിയുമ്പോൾ, ഒരു ചക്കിലൂടെ  നമ്മുടെ ഹൃദയത്തെ ബലമായി ഞെരുക്കിക്കൊണ്ടു കൂടുതൽ പ്രിയങ്കരവും  ശക്തവുമായ സ്നേഹം അവയിൽനിന്നു പ്രകടിപ്പിക്കപ്പെടുന്നതായി നമുക്കു തോന്നുന്നില്ലേ?” അദ്ദേഹം തുടർന്നു പറയുന്നു: “അതിനാൽ, നമ്മോടുള്ള സ്നേഹത്താൽ  സ്വമനസ്സാലെ കുരിശിൽ മരിച്ച കർത്താവിനോടുള്ള സ്നേഹത്തെപ്രതി, സ്വയം കുരിശിൽ മരിക്കാനായി,  ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനോട്  എന്തുകൊണ്ടു നാം നമ്മെത്തന്നെ താദാത്മ്യപ്പെടുത്തുന്നില്ല? ഞാൻ അവിടുത്തെ അനുസരിക്കും, അവിടുത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു നാം പറയണം; ഞാൻ അവിടുത്തോടൊപ്പം മരിക്കും, അവിടുത്തെ സ്നേഹത്തിൻറെ അഗ്നിയിൽ എരിയും. എൻറെ യേശു തന്നെത്തന്നെ  പൂർണ്ണമായും എനിക്കു തന്നിരിക്കുന്നു; ഞാൻ എന്നെത്തന്നെ പൂർണ്ണമായും അവിടുത്തേക്കു നൽകും. ഞാൻ  ജീവിക്കുന്നതും  മരിക്കുന്നതും  അവിടുത്തെ മടിയിൽത്തന്നെ  ആയിരിക്കും. ജീവനോ  മരണമോ എന്നെ യേശുവിൽ നിന്നു ഒരിക്കലും  വേർപെടുത്തുകയില്ല. ഓ നിത്യസ്നേഹമേ! എൻറെ പ്രാണൻ അങ്ങയെ തേടുന്നു; ഞാൻ അങ്ങയെ എന്നേയ്ക്കുമായി സ്വീകരിക്കുന്നു.  ഓ പരിശുദ്ധ മറിയമേ, ദൈവമാതാവേ, ഞാൻ പൂർണമായും യേശുക്രിസ്തുവിൻറേതാകാൻ എന്നെ സഹായിക്കണമേ.