വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 57

നരകത്തിലെ യാതനകളുടെ തീവ്രത

1. ഈ ജീവിതത്തിൽ ഒരു വ്യക്തി ക്ലേശമനുഭവിക്കുമ്പോൾ, അവൻറെ കഷ്ടപ്പാടുകൾ എത്ര വലുതാണെങ്കിലും, അയാൾക്ക് ഇടയ്‌ക്കെപ്പോഴെങ്കിലും  കുറച്ചു ശമനമോ അല്ലെങ്കിൽ വിശ്രമമോ ലഭിക്കും. ഒരു രോഗിയായ മനുഷ്യൻ ദിവസം മുഴുവൻ വളരെയധികം വേദനകൾ  സഹിച്ചേക്കാം; എന്നാൽ, രാത്രിയാകുമ്പോൾ, ഒരുപക്ഷേ അവൻ അൽപ്പം ഉറങ്ങുകയോ അല്പം ആശ്വാസം ലഭിക്കുകയോ ചെയ്‌തേക്കാം. നികൃഷ്ടനായ ദുഷ്ടൻറെ  സ്ഥിതി അങ്ങനെയല്ല. അവനെ സംബന്ധിച്ചിടത്തോളം ആശ്വാസമോ വിശ്രമമോ ഇല്ല. അവൻ എന്നേക്കും കരയുകയും വിലപിക്കുകയും വേണം, അവൻ എന്നേക്കും സഹിക്കണം, ഒരു നിമിഷം പോലും ആശ്വാസമോ ശമനമോ ഇല്ലാതെ നിത്യതയിലുടനീളം ഏറ്റവും കഠിനവേദനയുളവാക്കുന്ന പീഡകൾ സഹിക്കണം. ഓ യേശുവേ! പാപങ്ങളിൽ കഴിഞ്ഞിരുന്നപ്പോൾ എൻറെ ജീവിതത്തിൽ നിന്ന് അങ്ങ് എന്നെ വിളിച്ചിരുന്നെങ്കിൽ എൻറെ അവസ്ഥ അങ്ങനെയാകുമായിരുന്നു. ഏറ്റവും പ്രിയപ്പെട്ട രക്ഷകാ,   ആ സഹനത്തിൽ നിന്നു രക്ഷപെടാനായി ഞാൻ  പാപം ഉപേക്ഷിക്കുന്നു, എന്നാൽ അങ്ങയെ ഞാൻ സത്യമായും സ്നേഹിക്കും.

2. ഈ ജീവിതത്തിൽ നിരന്തരം വേദന അനുഭവിക്കുന്നതിലൂടെ നാം അതു ശീലിക്കുകയും അങ്ങനെ   വേദനകളെ സഹനീയമാക്കുകയും ചെയ്യുന്നു. തുടക്കത്തിൽ  നമുക്ക് ഏറ്റവും വിഷമമുണ്ടാക്കിയ കഷ്ടപ്പാടുകൾ  സമയം  കടന്നുപോകുന്തോറും ലഘൂകരിക്കപ്പെടുന്നതായി  നമുക്ക് അനുഭവപ്പെടുന്നു.. എന്നാൽ നരകത്തിലുള്ള ആത്മാക്കൾ, അവർ സഹിക്കുന്ന വേദനകളെ നിത്യമായി സഹിക്കുന്നതിലൂടെ, എത്ര വർഷങ്ങൾ സഹിച്ചാലും, അവയുടെ തീവ്രത ഒരിക്കലും കുറയുകയില്ല. കാരണം, നൂറോ ആയിരമോ വർഷങ്ങളുടെ അവസാനത്തിലും, ആ ആത്മാക്കൾ ആ അഗാധമായ പാതാളത്തിലേക്ക് ആദ്യമായി വീഴുമ്പോൾ അനുഭവിച്ചതിനു സമാനമായ വേദന തന്നെ അനുഭവിക്കും, അതാണ് നരകത്തിലെ  ശിക്ഷകളുടെ സ്വഭാവം. കർത്താവേ, അങ്ങയിലാണു ഞാൻ പ്രത്യാശയർപ്പിക്കുന്നത്, ഞാൻ ഒരിക്കലും ആശയക്കുഴപ്പത്തിലാകാതിരിക്കട്ടെ. ഓ കർത്താവേ, ഞാൻ പലപ്പോഴും നരകത്തിന് അർഹനായിട്ടുണ്ട് എന്ന് എനിക്കറിയാം, അതുപോലെതന്നെ, പാപിയുടെ മരണത്തെ അങ്ങ് ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് അവൻ മാനസാന്തരപ്പെട്ടു ജീവനിലേക്കു വരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു എന്നും എനിക്കറിയാം. ഓ എൻറെ ദൈവമേ! ഞാൻ കഠിനഹൃദയനായി തുടരുകയില്ല, മറിച്ച്, എൻറെ മുഴുവൻ ആത്മാവോടും കൂടെ ഞാൻ എൻറെ എല്ലാ പാപങ്ങളെയും ഓർത്ത്‌ അനുതപിക്കുകയും, എന്നെക്കാൾ കൂടുതൽ ഞാൻ അങ്ങയെ സ്നേഹിക്കുകയും ചെയ്യും. അങ്ങ് എന്നെ ജീവനിലേക്ക്, അങ്ങയുടെ പരിശുദ്ധ കൃപയുടെ ജീവിതത്തിലേക്കു വീണ്ടെടുക്കണമേ.

3. ഈ ജീവിതത്തിൽ, ഒരു വ്യക്തി കഷ്ടപ്പാടുകൾ സഹിക്കുമ്പോൾ അയാൾക്കു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദയയും സഹതാപവും ഉണ്ട്; അതു കുറച്ചെങ്കിലും  ആശ്വാസം  പ്രദാനം ചെയ്യുന്നു. എന്നാൽ, ഏറ്റവും കഠിനമായ വേദന അനുഭവിക്കുന്ന ഒരു മനുഷ്യനോട്, അവൻ പീഡ സഹിക്കുന്നതിനു കാരണമായ കുറ്റകൃത്യങ്ങളെപ്രതി “കോപത്തിലും നിരാശയിലും പുലമ്പിക്കൊള്ളുക; നീ അനുഭവിക്കുന്നതെല്ലാം നീ അർഹിക്കുന്നതുതന്നെ!” എന്നു സഹതാപമില്ലാതെ പറഞ്ഞുകൊണ്ട്, അവൻറെ ബന്ധുക്കളും സുഹൃത്തുക്കളും അവനെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുമ്പോൾ, അവൻറെ അവസ്ഥ എത്ര ദയനീയമായിരിക്കും. നരകത്തിൽ തള്ളപ്പെട്ട  ദയനീയരും  നിർഭാഗ്യരുമായവർ  എല്ലാത്തരം പീഡനങ്ങളും അനുഭവിക്കുന്നു, സമാധാനമോ ആശ്വാസമോ ഇല്ലാതെ നിരന്തരം അവർ സഹിക്കുന്നു.

അവരോട് അനുകമ്പ കാണിക്കാൻ ആരുമില്ല. ദൈവത്തിനുപോലും അനുകമ്പ കാണിക്കാൻ കഴിയില്ല, കാരണം അവർ അവിടുത്തെ ശത്രുക്കളാണ്; കരുണയുടെ മാതാവായ പരിശുദ്ധ മറിയത്തിനും, മാലാഖാമാർക്കും, വിശുദ്ധന്മാർക്കും കഴിയില്ല; നേരെമറിച്ച്,  അവരുടെ കഷ്ടതകളിൽ  അവർ സന്തോഷിക്കുന്നു. അതേസമയം, ഈ മഹാപാപികളോടുള്ള പിശാചുക്കളുടെ പെരുമാറ്റം എന്താണ്? പിശാചുക്കൾ  ഇപ്പോൾ അവരെ ചവിട്ടിമെതിക്കുകയും ദൈവത്തിനെതിരായി ചെയ്ത പാപങ്ങളാൽ ഏറ്റവും നീതിപൂർവ്വം ശിക്ഷിക്കപ്പെട്ട അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നു.  ഓ പരിശുദ്ധ മറിയമേ, ദൈവത്തിൻറെ അമ്മേ, എൻറെമേൽ കരുണയായിരിക്കണമേ, എന്നോടു കരുണ കാണിക്കുവാനും അങ്ങയുടെ ദിവ്യ പുത്രനോട് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കുവാനും അങ്ങേയ്ക്ക് ഇപ്പോൾ ശക്തിയുണ്ട്. 

ഓ യേശുവേ! അങ്ങ് എന്നോട് അനുകമ്പ കാണിക്കാൻ മടിക്കാതിരിക്കുകയും എനിക്കുവേണ്ടി കുരിശിൽ മരിക്കുകയും ചെയ്തു, എന്നെ രക്ഷിക്കണമേ. എൻറെ രക്ഷ അങ്ങയെ എന്നേക്കും സ്നേഹിക്കുന്നതിനുവേണ്ടി ആയിരിക്കട്ടെ. ഓ കർത്താവേ, അങ്ങേയ്ക്കെതിരായി പാപം ചെയ്തതിൽ ഞാൻ ദുഃഖിക്കുന്നു, എൻറെ പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കും.