വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 56

അന്ത്യവിധി

1. തിരുവെഴുത്തുകളിൽ, അന്ത്യദിനത്തെക്രോധത്തിൻറെയും  ദുരിതത്തിൻറെയും  ദിവസം എന്നു വിളിക്കുന്നു; മാരകമായ പാപത്തിൽ മരിച്ച നിർഭാഗ്യവാൻമാരായ എല്ലാ മനുഷ്യർക്കും അത് അങ്ങനെതന്നെ ആയിരിക്കും; എന്തെന്നാൽ ആ ദിവസം അവരുടെ ഏറ്റവും രഹസ്യമായ പാപങ്ങൾ ലോകം മുഴുവനും വെളിപ്പെടുത്തപ്പെടുകയും, അവർ വിശുദ്ധരുടെ കൂട്ടായ്മയിൽനിന്നും വേർപെടുത്തപ്പെടുകയും, നരകത്തിൻറെ നിത്യ തടവറയിൽ ശിക്ഷയ്ക്കു  വിധിക്കപ്പെടുകയും, അവിടെ അവർ എപ്പോഴും ജീവിച്ചിരുന്നുകൊണ്ടു തന്നെ, മരിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള കഠിനയാതനകൾ  സഹിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. നിരന്തരമായ പ്രാർത്ഥനയ്ക്കും തപസ്സിനും വേണ്ടി അർപ്പിതമാനസനായി  ബെത്‌ലഹേമിലെ ഗുഹയിൽ കഴിഞ്ഞിരുന്ന  വിശുദ്ധ ജെറോം, അന്ത്യ വിധിയെക്കുറിച്ചു  ചിന്തിച്ചപ്പോൾ തന്നെ വിറച്ചുപോയി. ധന്യനായ ഫാദർ  ജുവനൽ അൻ‌സിന,  മൃതസംസ്ക്കാരവേളയിൽ ആലപിക്കുന്ന  Dies  irae, dies illa,  എന്ന  ഗാനം ഒരിക്കൽ ശ്രവിച്ചപ്പോൾ അത് അദ്ദേഹത്തെ അഗാധമായി സ്പർശിക്കുകയും അദ്ദേഹം  അന്ത്യവിധിയെ  മുന്നിൽകാണുകയും   ചെയ്തു. തൽഫലമായി ലൗകികമായതെല്ലാം ഉപേക്ഷിച്ച്, അദ്ദേഹം ഒരു ആത്മീയജീവിതം സ്വീകരിക്കുകയും ചെയ്തു. ഓ യേശുവേ! അന്ന് എനിക്ക് എന്തു സംഭവിക്കും? തിരഞ്ഞെടുത്തവരെ നിർത്തുന്ന അങ്ങയുടെ വലതുഭാഗത്താണോ, അതോ കൊള്ളരുതാത്തവരെ നിർത്തുന്ന അങ്ങയുടെ ഇടതുഭാഗത്താണോ അങ്ങ് എന്നെ നിർത്തുക? അങ്ങയുടെ ഇടതുവശത്തു സ്ഥാനം പിടിക്കാനാണു ഞാൻ അർഹൻ എന്ന് എനിക്കറിയാം, എന്നാൽ എൻറെ പാപങ്ങളെക്കുറിച്ച് അനുതപിച്ചാൽ അങ്ങ് ഇപ്പോഴും എന്നോടു ക്ഷമിക്കുമെന്ന് എനിക്കറിയാം; അതിനാൽ ഞാൻ പൂർണ്ണഹൃദയത്തോടെ എൻറെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും അങ്ങേയ്‌ക്കെതിരായി മേലിൽ പാപം ചെയ്യുന്നതിനേക്കാളുപരി മരിക്കാൻ  തയ്യാറാണെന്നു തീരുമാനിക്കുകയും ചെയ്യുന്നു.  

2. ദുഷ്ടന്മാർക്ക്  അത്  ദുരന്തത്തിൻറെയും ഭീകരതയുടെയും ദിവസമായിരിക്കുമെന്നതുപോലെ, തിരഞ്ഞെടുക്കപ്പെട്ടവർക്ക് അത് സന്തോഷത്തിൻറെയും വിജയത്തിൻറെയും  ദിവസമായിരിക്കും; അപ്പോൾ തിരഞ്ഞെടുക്കപ്പെട്ടവരുടെ അനുഗൃഹീതരായ ആത്മാക്കൾ  സകല മനുഷ്യരുടെയും മുമ്പാകെ, പറുദീസായിലെ രാജ്ഞിമാരും  കറയറ്റ കുഞ്ഞാടിൻറെ മണവാട്ടികളുമായി പ്രഖ്യാപിക്കപ്പെടും. ഓ യേശുവേ! അങ്ങയുടെ വിലയേറിയ തിരുരക്തമാണ് എൻറെ പ്രത്യാശ. ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങൾ ഓർക്കരുതേ; എൻറെ ആത്മാവിനെ അങ്ങയുടെ സ്നേഹത്താൽ ജ്വലിപ്പിക്കേണമേ. എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു;  അങ്ങയെ നിത്യമായി  സ്തുതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട  ആത്മാക്കളോടു ഞാനും ആ ദിവസം ചേർക്കപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. 

3. എൻറെ ആത്മാവേ, തിരഞ്ഞെടുക്കുക; ഒന്നുകിൽ വിശുദ്ധരുടെയും മാലാഖമാരുടെയും യേശുവിൻറെ അമ്മയായ പരിശുദ്ധ മറിയത്തിൻറെയും സംഘത്തിൽ ചേർന്നു ദൈവത്തെ മുഖാമുഖം കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന ആ അനുഗ്രഹീത രാജ്യത്തിൽ ഒരു നിത്യ കിരീടം തിരഞ്ഞെടുക്കുക; അല്ലെങ്കിൽ ദൈവത്താലും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്  എന്നേക്കും കരയുകയും വിലപിക്കുകയും ചെയ്യുന്ന നരകത്തിൻറെ തടവറ. “ഓ, ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ”. നരകത്തിൻറെ വേദനകളിൽനിന്നു ഞങ്ങളെ മോചിപ്പിക്കാൻവേണ്ടി കുരിശിലെ കയ്പുനിറഞ്ഞ മരണം വഴി അങ്ങയുടെ ദിവ്യജീവൻ ത്യജിക്കാൻ തയ്യാറായ ദൈവിക കുഞ്ഞാടെ, ഞങ്ങളോടു കരുണ കാണിക്കണമേ;  മറ്റുള്ളവരെക്കാൾ കൂടുതൽ അങ്ങയെ വേദനിപ്പിച്ച എൻറെമേൽ പ്രത്യേകം കരുണയായിരിക്കണമേ. എൻറെ പാപങ്ങളാൽ ഞാൻ അങ്ങയെ അപമാനിച്ചതിന്, എൻറെ എല്ലാ തിന്മകൾക്കും ഉപരിയായി, ഞാൻ ഖേദിക്കുന്നു, എന്നാൽ ആ ദിവസം എന്നോടുള്ള അങ്ങയുടെ കരുണയെ പ്രഖ്യാപിച്ചുകൊണ്ട് എല്ലാ മനുഷ്യരുടെയും മാലാഖമാരുടെയും മുമ്പിൽ അങ്ങയെ പുകഴ്ത്താമെന്നു  ഞാൻ പ്രതീക്ഷിക്കുന്നു. ഓ യേശുവേ! അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ; ഞാൻ അങ്ങയെ മാത്രം ആഗ്രഹിക്കുന്നു. ഓ, പരിശുദ്ധ മറിയമേ, പരിശുദ്ധ രാജ്ഞീ! ആ ദിവസം എന്നെ സംരക്ഷിക്കണമേ.