ദൈവികപുണ്യങ്ങളുടെ വിളനിലം

പരിശുദ്ധ കന്യകാമറിയം  ദൈവികപുണ്യങ്ങളുടെ വിളനിലമാണ്.  അഗാധമായ എളിമ, സജീവവിശ്വാസം, അന്ധമായ അനുസരണം, നിരന്തരമായ മാനസികപ്രാർത്ഥന,  സ്യയം പരിത്യാഗം, അമേയമായ സ്നേഹം, വീരോചിതമായ ക്ഷമ, മാലാഖയ്ക്കടുത്ത മാധുര്യം, ദൈവികജ്ഞാനം, ദൈവികപരിശുദ്ധി  എന്നിവയാണ് പരിശുദ്ധ കന്യകാമറിയത്തിൻറെ  വിശേഷപുണ്യങ്ങളായി  വിശുദ്ധനായ  ലൂയിസ് ഡി മോൺഫോർട്ട് തൻറെ യഥാർഥമരിയഭക്തി  എന്ന വിശിഷ്ടഗ്രന്ഥത്തിൽ എടുത്തുപറയുന്നത്.

1. എളിമ

വിശുദ്ധിയുടെ പൂർണ്ണതയിലേക്ക്  ഉയരാൻ ആഗ്രഹിക്കുന്ന ഏതൊരാത്മാവിനുമുള്ള  ഏറ്റവും എളുപ്പമുള്ള വഴി അമ്മയുടെ  സുകൃതങ്ങൾ അനുകരിക്കാൻ ശ്രമിക്കുക എന്നതാണ്. ആ പരിശ്രമം തന്നെ ഏറ്റവും ഉദാത്തമായ  സമർപ്പണമാണ്. കാരണം  പുണ്യപൂർണതയിൽ എത്തിച്ചേരുക എന്നത് ഒരിക്കലും നമ്മുടെ കഴിവുകൊണ്ടു  സാധിക്കുന്ന ഒരു കാര്യമല്ല.  നമ്മുടെ എല്ലാ ബലഹീനതകളോടും അയോഗ്യതകളോടും കൂടെത്തന്നെ   നമുക്ക് അമ്മയുടെ  തൃപ്പാദത്തിങ്കൽ അണയാം.  നമ്മുടെ അയോഗ്യതകൾ പരിഗണിക്കാതെ  അമ്മയുടെ സുകൃതങ്ങളിൽ ഒരു പങ്ക്  നമുക്കും പകർന്നുതരണമേ എന്ന് അമ്മയുടെ വിമലഹൃദയത്തിൻറെ മധ്യസ്ഥതയിലൂടെ ഈശോയോട് അപേക്ഷിക്കാം.  ഈശോയോട്  ഒന്നായിരിക്കുന്ന  അമ്മയുടെ  വിമലഹൃദയത്തിലൂടെ നാം സമർപ്പിക്കുന്ന അപേക്ഷകൾ ഒന്നും ഈശോ തള്ളിക്കളയില്ല എന്നതാണല്ലോ നമ്മുടെ വിശ്വാസവും അനുഭവവും.

അവൻ പറയുന്നതു  ചെയ്യുക എന്നു മാത്രമേ  അമ്മ പറയുകയുള്ളൂ എന്ന് ഈശോയ്ക്കറിയാം. അതുകൊണ്ട്  കാനായിലെ കല്യാണവീട്ടിൽ സംഭവിച്ചതുപോലെ  സമയമായിട്ടില്ലെങ്കിലും അമ്മയുടെ അപേക്ഷ അനുസരിച്ച് നമുക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കാൻ  ഈശോ തയ്യാറാകും.  ഈയൊരു ഉറച്ച ബോധ്യം  നാം നമ്മുടെ ഹൃദയത്തിൽ വളർത്തിയെടുക്കണം.  നമ്മുടെ  സുകൃതങ്ങളുടെയോ  പുണ്യപ്രവൃത്തികളുടെയോ ഫലമായിട്ടല്ല നാം  ആത്മീയമായി വളരുന്നത് എന്നതും വിശ്വാസത്തിലുള്ള വളർച്ച എന്നതു  തികച്ചും ദൈവികദാനമാണെന്നും  ഉള്ള  ഏറ്റുപറയലാണ് ആത്മീയവളർച്ചയുടെ ആദ്യപടി.

എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും  എൻറെ അടുക്കലേക്കു വരാൻ  സാധിക്കുകയില്ല എന്ന്  ഈശോ പറയുന്നുണ്ടല്ലോ (യോഹ 6:44).  പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച ദൈവികപുണ്യങ്ങൾ എല്ലാം  തന്നെ അമ്മയ്ക്കു  ലഭിച്ച അതിസ്വാഭാവിക വിളിയുടെ അനന്തരഫലങ്ങളായിരുന്നു എന്നു നമുക്കറിയാം.  നസ്രത്തിലെ കന്യകയിൽ നിന്നു  രക്ഷകൻറെ  അമ്മയും   തിരുസഭയുടെ മാതാവും  നമ്മുടെ ഓരോരുത്തരുടെയും അമ്മയും   എന്ന നിലയിലേക്കു  മറിയത്തെ ഉയർത്തിയത്  അവളിൽ വിളങ്ങിയിരുന്ന  അപൂർവ പുണ്യങ്ങളാണ്.   വിമലഹൃദയപ്രതിഷ്ഠയ്ക്കൊരുങ്ങുന്ന ഈ നാളുകളിൽ അമ്മയുടെ പുണ്യങ്ങളെക്കുറിച്ച്  അല്പമൊന്നു ധ്യാനിക്കുന്നതു  നന്നായിരിക്കും.

ആരെയാണു  കർത്താവ് കടാക്ഷിക്കുക എന്ന ചോദ്യത്തിന് ഏശയ്യാ പ്രവാചകൻ നൽകുന്ന ഉത്തരം ഇങ്ങനെയാണ്. ആത്മാവിൽ എളിമയും  അനുതാപവും ഉണ്ടായിരിക്കുകയും എൻറെ വചനം കേൾക്കുമ്പോൾ വിറയ്ക്കുകയും ചെയ്യുന്നവനെയാണു  ഞാൻ കടാക്ഷിക്കുക (ഏശയ്യാ 66:2).  തൻറെ അത്യുത്കൃഷ്ട സൃഷ്ടിയായി മറിയത്തെ ദൈവം തെരഞ്ഞെടുത്തതും തൻറെ കടാക്ഷം  അവളിൽ പതിപ്പിച്ചതും എന്തുകൊണ്ടെന്ന ചോദ്യത്തിനു  രണ്ട് ഉത്തരങ്ങളുണ്ട്. ഒന്നു  ദൈവം തൻറെ അനന്തമായ ജ്ഞാനത്തിൽ  മറിയത്തെ തൻറെ ഏകജാതൻറെ മാതാവായി അനാദിയിൽ  തന്നെ തെരഞ്ഞെടുത്തിരുന്നു എന്നതാണ്. രണ്ടാമത്തേതാകട്ടെ   തന്നെ വിളിച്ച ദൈവത്തിൻറെ വചനം തന്നിൽ ഫലമണിയുന്നതിനുവേണ്ടി തന്നെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കാൻ  മാത്രം ആഴത്തിൽ മറിയം പ്രദർശിപ്പിച്ച എളിമയും സമർപ്പണവുമായിരുന്നു.  

പലപ്പോഴും എളിമ എന്നു  പറയുമ്പോൾ നാം  അതിനെ മനസിലാക്കുന്നത് തികച്ചും മാനുഷികമായ തലത്തിലാണ്.  നമ്മെ സംബന്ധിച്ചിടത്തോളെ അഹങ്കാരത്തിൻറെ   എതിർപദമാണ്‌  എളിമ. അതു  ശരി തന്നെ. എന്നാൽ ദൈവസന്നിധിയിലെ  എളിമ എന്നത്   അതു  മാത്രമല്ല.  ദൈവം നമ്മെ കടാക്ഷിക്കാൻ തയാറാകത്തക്കവിധം ദൈവത്തോടുള്ള ആഴമേറിയ ആത്മബന്ധവും അതിൽ നിന്നുളവാകുന്ന സമർപ്പണവുമാണു  വിശുദ്ധഗ്രന്ഥത്തിലെ എളിമ.  വിനയത്തെയും ദൈവഭക്തിയെയും വിശുദ്ധഗ്രന്ഥം ഒരുമിച്ചാണ് പരാമർശിക്കുന്നത്.  ‘വിനയത്തിനും ദൈവഭക്തിക്കുമുള്ള  പ്രതിഫലം സമയത്തും ജീവനും ബഹുമതിയുമാണ് (സുഭാ 22:4).

എളിമയുള്ളവർക്കാണു  കൃപ ലഭിക്കുക എന്നതു  യാക്കോബ് ശ്ലീഹായുടെ ലേഖനത്തിലും നാം വായിക്കുന്നുണ്ട് (യാക്കോബ് 4:6). ‘ദൈവകൃപ നിറഞ്ഞവളേ’ എന്നു  ഗബ്രിയേൽ മാലാഖ മറിയത്തെ അഭിസംബോധന ചെയ്തുവെങ്കിൽ അതിൻറെയർത്ഥം മംഗളവാർത്തയുടെ മുൻപു  തന്നെ  എളിമ എന്ന പുണ്യം  മറിയത്തിൽ   വിളങ്ങിയിരുന്നു എന്നാണ്.   മാനുഷികമായി ചിന്തിച്ചാൽ ഒരിക്കൽ എളിമയുണ്ടായിരുന്നവർ പിന്നീട് അഹങ്കാരികളായി മാറിയ കഥകൾ നമുക്കറിയാം. എന്നാൽ മറിയത്തിൻറെ  പ്രത്യേകത  അവൾ എളിമ എന്ന പുണ്യം ജീവിതാന്ത്യം വരെയും  കാത്തുസൂക്ഷിച്ചു എന്നതാണ്.   ദൈവത്തിൻറെ വഴിയിലും നീതിയുടെ മാർഗത്തിലും  ചരിക്കാൻ മറിയത്തെ സഹായിച്ചത് തീർച്ചയായും ദൈവത്തിൻറെ വിശേഷകരമായ അനുഗ്രഹമായിരുന്നു. അതിന് അവളെ  യോഗ്യയാക്കിയതോ   മാനുഷികതലത്തിൽ നിന്നുയർന്നു  ദൈവികതലത്തോളം എത്തിയ അവളുടെ എളിമയും!   ‘എളിയവരെ അവിടുന്നു  നീതിമാർഗത്തിൽ നയിക്കുന്നു, വിനീതരെ തൻറെ വഴി പഠിപ്പിക്കുന്നു’  (സങ്കീ 25:9) എന്നാണു  സങ്കീർത്തകൻ പറയുന്നത്.

എന്തുകൊണ്ടാണു  മറിയത്തിന് അത്ഭുതകരമായ മാധ്യസ്ഥശക്തിയുണ്ടെന്നു  നാം വിശ്വസിക്കുന്നത്?  മറിയം പറയുന്ന കാര്യങ്ങൾ  ദൈവം നമുക്കു  നിഷേധിക്കില്ല  എന്നതു  നമ്മുടെ ജീവിതാനുഭവമാണ്. ഇപ്രകാരം ദൈവസന്നിധിയിൽ കേൾക്കപ്പെടുന്ന മധ്യസ്ഥപ്രാർത്ഥന നടത്താൻ  ഒരുവനെ  യോഗ്യനാക്കുന്നത് അവൻറെ എളിമയാണ്. ദാനിയേലിൻറെ  പുസ്തകത്തിൽ ഇപ്രകാരം പറയുന്നു. ‘ശരിയായി അറിയുന്നതിനു   നീ നിൻറെ ദൈവത്തിൻറെ മുൻപിൽ നിന്നെത്തന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിൻറെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു’ (ദാനി 10:12).  എളിമ  കൊണ്ടു  ദാനിയേലിൻറെ പ്രാർഥന കേൾക്കപ്പെട്ടുവെങ്കിൽ മറിയത്തിൻറെ പ്രാർഥന എത്രയധികമായി കേൾക്കപ്പെടുകയില്ല!

 അവൻ പറയുന്നത് ചെയ്യുവിൻ  എന്നു കാനായിലെ കല്യാണവീട്ടിലെ ഭൃത്യന്മാരോടു പറയുമ്പോൾ അമ്മയ്ക്കറിയാമായിരുന്നു, തൻറെ ആഗ്രഹം പുത്രൻ നിരസിക്കുകയില്ലെന്ന്. ശരിയായി അറിയുന്നതിനു വേണ്ടി, അതായത് എല്ലാറ്റിലും ആവശ്യമായ ദൈവികജ്ഞാനം ലഭിക്കുന്നതിനു വേണ്ടി  തന്നെത്തന്നെ എളിമപ്പെടുത്തിയ മറിയത്തിൻറെ പ്രാർഥന  ദൈവത്തിന് എന്നും സ്വീകാര്യമാണ്. മറിയത്തിൻറെ പുണ്യയോഗ്യതകളിൽ ശരണപ്പെട്ടു  മറിയം വഴി നാം സമർപ്പിക്കുന്ന പ്രാർത്ഥനകളും ഇപ്രകാരം തന്നെ  ദൈവസന്നിധിയിൽ സ്വീകാര്യമാകും എന്നു  നാം ഉറച്ചു വിശ്വസിക്കണം.

പല വിശുദ്ധരും മറിയത്തിൻറെ എളിമ എന്ന പുണ്യത്തെക്കുറിച്ചു   വാചാലരായിട്ടുണ്ട്. വിശുദ്ധ ബെർണാർഡ് പറയുന്നത്  ഇപ്രകാരമാണ്.   ‘മറിയത്തിൻറെ മനസിൽ എല്ലായ്‌പ്പോഴും ദൈവത്തിൻറെ മഹത്വവും  അതോടൊപ്പം  തൻറെതന്നെ ഒന്നുമില്ലായ്മയും  നിഴലിച്ചിരുന്നു. ഒരു ഭിക്ഷക്കാരി വിലയേറിയ വസ്ത്രങ്ങളാൽ  അലങ്കരിക്കപ്പെടുന്നതുപോലെയാണു  തൻറെ മേൽ വർഷിക്കപ്പെട്ട ദൈവികകൃപകളെ മറിയം കണ്ടത്. അവൾ  ഒരിക്കലും   അതിനെക്കുറിച്ച് അഹങ്കരിച്ചില്ല. മറിച്ച്  ദൈവസന്നിധിയിൽ  തന്നെത്തന്നെ  സ്വയം എളിമപ്പെടുത്തി’. അദ്ദേഹം വീണ്ടും പറയുന്നു.  ‘ദൈവപുത്രനുശേഷം  ഒരു സൃഷ്ടിയും മറിയത്തോളം  ഉയർത്തപ്പെട്ടിട്ടില്ല.  എന്തെന്നാൽ  അവൾ ചെയ്തതുപോലെ  ഒരു സൃഷ്ടിയും ഈ ലോകത്ത് ഇത്രയധികം എളിമപ്പെട്ടിട്ടില്ല’. താൻ  ചെറുപ്രായം മുതൽ തന്നെ  എളിമ എന്ന പുണ്യം  പ്രത്യേകമായ വിധത്തിൽ അഭ്യസിച്ചിരുന്നു എന്ന വിശുദ്ധയായ മെറ്റിൽഡയ്ക്ക് മാതാവ് വെളിപ്പെടുത്തിക്കൊടുത്തിരുന്നു.

എലിസബത്ത് മറിയത്തെ പ്രകീർത്തിച്ചപ്പോൾ മറിയം അതിൽ  തീർച്ചയായും സന്തോഷിച്ചിരിക്കണം. എന്നാൽ അടുത്ത നിമിഷം തന്നെ അവൾ തൻറെ ശ്രേഷ്ഠസ്ഥാനത്തിനെ അങ്ങേയറ്റം  എളിമപ്പെടുത്തിക്കൊണ്ട് എല്ലാ  മഹത്വവും ദൈവത്തിനു കൊടുക്കുകയാണു  ചെയ്യുന്നത്. ‘എൻറെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എൻറെ ചിത്തം  എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു’ (ലൂക്കാ 1:46). വിശുദ്ധ ബ്രിജിത്തിനോടു  പരിശുദ്ധ അമ്മ പറഞ്ഞത് ഇപ്രകാരമാണ്. ‘എന്തിനാണു  ഞാൻ അത്രയധികമായി എളിമപ്പെട്ടത്?  അല്ലെങ്കിൽ എന്തുകൊണ്ടാണു  ഞാൻ അത്രയധികം കൃപയ്ക്ക് യോഗ്യയായിത്തീർന്നത്?  എന്തുകൊണ്ടെന്നാൽ ഞാൻ സ്വയം  ഒന്നുമില്ലായ്മയാണെന്നു ചിന്തിച്ചു.  എനിക്കു സ്വന്തമായി ഒന്നുമില്ല.  അതുകൊണ്ട് എനിക്കു  ലഭിച്ച പുകഴ്ചയെല്ലാം ഞാൻ  വേണ്ടെന്നുവച്ചു. പകരം  അതെല്ലാം സ്രഷ്ടാവും കൃപയുടെ ദാതാവുമായ ദൈവത്തിനു കൊടുത്തു’  നോക്കുക, യഥാർത്ഥമായ എളിമ എന്താണെന്നതിന് ഇതിനേക്കാൾ വലിയ ഒരു പാഠം വേറെയുണ്ടോ!

ആഗസ്തീനോസിൻറെ വാക്കുകളിൽ ദൈവമനുഷ്യനു ജന്മം കൊടുക്കുകയും പറുദീസാ തുറപ്പിക്കുകയും  നരകത്തിൽ നിന്ന് ആത്മാക്കളെ വിമോചിപ്പിക്കുകയും ചെയ്തത്  അനുഗ്രഹീതമായ ആ എളിമയാണ്.

എളിമ എന്ന പുണ്യം അഭ്യസിക്കുമ്പോൾ മറിയത്തിനറിയാമായിരുന്നു,  മരണം വരെ, അതേ  കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തിക്കൊണ്ട്  (ഫിലിപ്പി. 2:7)  പിതാവിനെ മഹത്വപ്പെടുത്താനുള്ള ഒരു പുത്രനു ജന്മം നൽകി വളർത്തി,  കാൽവരിക്കുരിശോളം എത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണു  താൻ  ഏറ്റെടുക്കാൻ പോകുന്നതെന്ന്. അങ്ങനെ സഹനത്തിലൂടെ   മനുഷ്യരക്ഷ സാധിച്ചെടുത്ത യേശുക്രിസ്തുവിനു പിതാവായ ദൈവം എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകി.  മാത്രവുമല്ല   ആ നാമത്തിനു മുന്‍പില്‍  സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള   സകലരും മുട്ടുകള്‍ മടക്കണം  എന്നും  ദൈവം കല്പിച്ചു (ഫിലിപ്പി 2:9-10).   രക്ഷകൻറെ മാതാവാകാനുള്ള വിളിയ്ക്ക് ഇതാ കർത്താവിൻറെ ദാസി എന്ന് എളിമയോടെ പ്രതികരിച്ച  മറിയത്തിനു ലഭിച്ച സമ്മാനമാകട്ടെ   സകല തലമുറകളും അവളെ ഭാഗ്യവതി എന്നു  വിളിക്കും (ലൂക്കാ 1:48) എന്നതായിരുന്നു. അഹങ്കാരം കൊണ്ട് സ്വർഗം നഷ്ടപ്പെടുത്തിയ ലൂസിഫർ ഇന്ന് ഏറ്റവും പേടിക്കുന്നതു  സ്വർഗരാജ്ഞിയായ മറിയത്തെയാണ്. അതിൻറെ  കാരണം അഹങ്കാരം കൊണ്ടു  താൻ  നഷ്ടപ്പെടുത്തിയ  സ്വർഗം എളിമ കൊണ്ടു  മറിയം നേടി എന്നതാണ്‌. അതിശയകരമായ ദൈവികജ്ഞാനത്താൽ  അലംകൃതയായിരുന്നു മറിയം എന്ന് നമുക്കറിയാം. അതിന് അവളെ യോഗ്യയാക്കിയതും അവളുടെ എളിമയായിരുന്നു.  വിനയമുള്ളവരോടുകൂടെ ജ്ഞാനവുമുണ്ട് (സുഭാ 11:2) എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്.

യഥാർഥ എളിമ വെളിപ്പെടുന്നത് സന്തോഷത്തിൻറെ   നിമിഷങ്ങളിലല്ല, ദുഖത്തിൻറെയും സഹനത്തിൻറെയും  വേളകളിലാണ്.  തൻറെ പുത്രൻ ഏറ്റവുമധികം   മഹത്വപ്പെടുത്തപ്പെട്ട ഓശാന തിരുനാളിൽ  മാതാവിൻറെ സാന്നിധ്യം ഉള്ളതായി നാം കാണുന്നില്ല. എന്നാൽ  നിന്ദനത്തിൻറെയും തിരസ്കരണത്തിൻറെയും സഹനത്തിൻറെയും കുരിശുമല കയറുമ്പോൾ  അവിടെ  ഈശോയോടൊപ്പം മാതാവുമുണ്ട്.  കുരിശുമരണത്തിനു വിധിക്കപ്പെട്ട ഒരു മനുഷ്യൻറെ അമ്മ എന്ന നിന്ദനം ഏശാതിരിക്കത്തക്കവിധം  മറിയത്തിൻറെ ആത്മാവ് എളിമയാൽ  പൊതിയപ്പെട്ടിരുന്നു.

വിശുദ്ധ  ഗ്രിഗറി നസിയൻസൻ    പറയുന്നത്  പാപം മൂലം മലിനമായ മനുഷ്യപ്രകൃതത്തിന്  അഭ്യസിക്കാൻ ഏറ്റവും  ബുദ്ധിമുട്ടുള്ള പുണ്യം എളിമയാണ് എന്നാണ്.  എന്നാൽ എളിമ എന്ന പുണ്യം  അഭ്യസിക്കാതെ നമുക്കു  മറിയത്തിൻറെ മക്കളായിത്തീരുക  സാധ്യവുമല്ല. എളിമ അഭ്യസിക്കുവാൻ  വിഷമിക്കുന്നവർ മറിയത്തെത്തന്നെ ശരണം പ്രാപിക്കട്ടെ. സെൻറ് ലോറൻറിലെ റിച്ചാർഡ്  പറയുന്നത്  പരിശുദ്ധ ‘അമ്മ തൻറെ എളിമയുടെ മേലങ്കിക്കുള്ളിൽ നമ്മെ പൊതിഞ്ഞു സംരക്ഷിക്കുന്നു എന്നാണ്.

ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത് (റോമാ 12:3) എന്ന തിരുവചനം നമുക്കായി നല്കപ്പെട്ടിരിക്കുന്നതാണ്. മറിയമാകട്ടെ തനിക്ക് ഉള്ള മേന്മ പോലും ഒരിക്കലും ഭാവിച്ചിരുന്നില്ല. ഇതാ കർത്താവിൻറെ ദാസി    എന്നല്ലാതെ ഒരു വാക്കും  അവളിൽ നിന്നു പുറപ്പെട്ടുമില്ല.   യേശുവിൻറെ അമ്മ എന്ന നിലയിൽ തനിക്കു  ന്യായമായും ഉണ്ടായിരുന്ന അവകാശങ്ങൾ കൂടി ഉപയോഗിക്കുന്നതിൽ മറിയം വിമുഖത കാണിച്ചിരുന്നു. മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നുണ്ടല്ലോ, യേശു ഒരു ഭവനത്തിൽ  പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധകന്യകാമറിയം അവനോടു സംസാരിക്കാൻ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു. അമ്മ എന്ന അവകാശം ഉപയോഗിച്ചുകൊണ്ട് ആ ഭവനത്തിലേക്കു  കയറിച്ചെന്ന് യേശുവിനോടു  സംസാരിക്കുന്നതിൽ യാതൊരു അനൗചിത്യവും ഇല്ലായിരുന്നിട്ടും  മറിയം  അത് ചെയ്തില്ല.  അവൾ പുറത്തു
 കാത്തുനിൽക്കുകയാണു ചെയ്തത് .

ഇപ്രകാരം ദൈവതിരുമുൻപിൽ  സ്വയം എളിമപ്പെടുത്തിയ മറിയത്തിൻറെ മക്കളായ നമ്മളും ഇങ്ങനെ പറയണം. ‘കർത്താവേ, ഞാൻ അവിടുത്തെ ദാസനാണ്. അവിടുത്തെ ദാസനും അവിടുത്തെ  ദാസിയുടെ പുത്രനും തന്നെ’ ( സങ്കീ 116:16).  കർത്താവിൻറെ ദാസിയെ സ്വന്തം അമ്മയായി വിളിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവും അവകാശവും നമുക്കു  നൽകിക്കൊണ്ടാണ് ഈശോ  ജീവൻ വെടിഞ്ഞത്. ‘ഇതാ, നിൻറെ അമ്മ’ (യോഹ19:27) എന്ന  തിരുവചനം നമ്മിൽ ഫലമണിയാനും  നാം പരിശുദ്ധ അമ്മയുടെ  എളിമയുടെ മാതൃക അനുകരിച്ച് ശിഷ്ടജീവിതം നയിക്കാനുമായി  നമുക്ക് അമ്മയുടെ  മാധ്യസ്ഥം തേടി അപേക്ഷിക്കാം. 

(2)

പരിശുദ്ധമറിയത്തിൻറെ വിശ്വാസം

വിശ്വാസമില്ലാതെ  ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല (ഹെബ്രാ. 11:6) എന്നു  നമുക്കറിയാം. ദൈവത്തെ പ്രീതിപ്പെടുത്തിയവരെല്ലാം തന്നെ  ആഴമായ വിശ്വാസത്തിൻറെ മനുഷ്യരായിരുന്നു.  നിഷ്കളങ്കനായ ആബേലും നീതിമാനായ  നോഹയും പൂർവപിതാക്കന്മാരായ അബ്രഹാമും  ഇസഹാക്കും യാക്കോബും  മുതൽ ഇങ്ങോട്ട് മോശയും   ദാവീദും ഏലിയായും സ്നാപകയോഹന്നാനും വരെ ദൈവത്തെ പ്രസാദിപ്പിച്ച മനുഷ്യരെല്ലാം തന്നെ  അതിനുള്ള ശക്തി കണ്ടെത്തിയത് അവരുടെ അചഞ്ചലമായ വിശാസത്തിൽ നിന്നായിരുന്നു. എന്നാൽ മറിയം അവരിൽ നിന്നെല്ലാം വ്യത്യസ്തമായ വിധത്തിലാണ് ദൈവത്തെ പ്രസാദിപ്പിച്ചത്. അമലോത്ഭവത്തിൻറെ നിമിഷം മുതൽ മറിയത്തിൻറെ ജീവിതം മുഴുവൻ  ദൈവത്തിനു പ്രതിഷ്ഠിതമായിരുന്നു.  വിശുദ്ധഗ്രന്ഥം  ആകെ തിരഞ്ഞാൽ മറിയത്തെപ്പോലെ ദൈവത്തെ പ്രസാദിപ്പിച്ച മറ്റൊരു  വ്യക്തിയെ കണ്ടെത്തുക സാധ്യമല്ല. ‘ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു’ ( ലൂക്കാ 1:30) എന്നു  മറ്റാരോടെങ്കിലും ദൈവദൂതൻ പറഞ്ഞിട്ടുണ്ടോ?   ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു ( ലൂക്കാ 1:49) എന്ന മറിയത്തിൻറെ  ഏറ്റുപറച്ചിൽ ദൈവം മറിയത്തിൽ  എത്രയധികം സംപ്രീതനായിരുന്നു   എന്നതിൻറെ  തെളിവു  കൂടിയാണ്.

എന്തായിരുന്നു  മറിയത്തിൻറെ വിശ്വാസത്തിൻറെ പ്രത്യേകത?    മറിയത്തിൻറെ വിശ്വാസത്തെക്കുറിച്ചു  വിവരിക്കുമ്പോൾ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത് അതു  സജീവമായ വിശ്വാസമായിരുന്നു എന്നാണ്.  ഹവ്വാ   ജീവൻ നഷ്ടപ്പെടുത്തിയത് അവിശ്വസ്തത  മൂലമായിരുന്നു. ദൈവത്തെ  വിശ്വസിക്കേണ്ടതിനു പകരം സാത്താൻറെ വചനം വിശ്വസിക്കുക എന്ന  വലിയ അബദ്ധം അവൾ ചെയ്തു.   ജീവൻ ഉണ്ടാകാനും അതു  സമൃദ്ധമായി ഉണ്ടാകാനുമായി ദൈവം സ്ഥാപിച്ച സംവിധാനങ്ങളെ    തൻറെ  വിശ്വാസരാഹിത്യത്താൽ ഹവ്വാ നിർജ്ജീവമാക്കിക്കളഞ്ഞു. ആദിമാതാവ്  നമ്മെ കൊണ്ടുചെന്നെത്തിച്ച ആ നിർജ്ജീവാവസ്ഥയിൽ നിന്നു   നാം വീണ്ടെടുക്കപ്പെട്ടത് യേശുക്രിസ്തുവിൻറെ ജീവദായകമായ പരിശുദ്ധരക്തത്താലാണ്. ആ രക്തം യേശു സ്വീകരിച്ചതാകട്ടെ   പരിശുദ്ധയായ മറിയത്തിൻറെ ഹൃദയത്തിൽ നിന്നുമായിരുന്നു.  

എന്നിൽ വിശ്വസിക്കുന്നവൻറെ  ഹൃദയത്തിൽ നിന്നു  വിശുദ്ധഗ്രന്ഥം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിൻറെ അരുവികൾ ഒഴുകും   (യോഹ 7:37) എന്ന് യേശു പ്രസ്താവിക്കുന്നതിനു മുൻപു തന്നെ മറിയത്തിൻറെ  ഹൃദയം പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് നിൻറെ മേൽ വരും (ലൂക്കാ 1:35) എന്നു  ദൈവദൂതൻ പറഞ്ഞ വചനം  മറിയത്തിൽ  ഫലമണിഞ്ഞതുകൊണ്ടാണല്ലോ അവളുടെ അഭിവാദനസ്വരം   കേട്ടയുടനെ എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞത്.  മറിയത്തിൻറെ  ഹൃദയത്തിൽ നിന്ന് പരിശുദ്ധാത്മാവാകുന്ന ജീവജലം സമൃദ്ധമായി ഒഴുകിയിറങ്ങാനുള്ള കാരണം  മറിയം  ദൈവത്തിൽ സമൃദ്ധമായി  വിശ്വസിച്ചിരുന്നു എന്നതു തന്നെയാണ്.  മറ്റാരുടെയെങ്കിലും അഭിവാദനസ്വരം കേട്ടയുടൻ  ഇപ്രകാരം പരിശുദ്ധാത്മാവിൻറെ   വലിയ അഭിഷേകം സംഭവിച്ചതായി കേട്ടിട്ടുണ്ടോ? അതുതന്നെയാണു  മറിയത്തിൻറെ വിശ്വാസത്തിൻറെ അനന്യത.

വിശുദ്ധ ഇരണേവൂസ്  പറയുന്നതു  മറിയത്തെ  വിശ്വാസത്തിൻറെ അമ്മയെന്നു  വിളിക്കുന്നതു ന്യായമാണെന്നാണ്.  തെർത്തുല്യൻ  ഇങ്ങനെ പറയുന്നു.  ദൈവവചനത്തെക്കാളും,  ദൈവത്തിൻറെ വാഗ്ദാനത്തെക്കാളും ഉപരിയായി  പിശാചിൻറെ വചനം വിശ്വസിക്കുക വഴി  ഹവ്വ ലോകത്തിലേക്കു  മരണം കൊണ്ടുവന്നു.  എന്നാൽ മറിയമാകട്ടെ, കന്യകയായിരുന്നുകൊണ്ടുതന്നെ  താൻ  രക്ഷകൻറെ അമ്മയാകുമെന്ന  ദൈവവചനം കണ്ണും പൂട്ടി വിശ്വസിച്ചുകൊണ്ടു  ലോകത്തിലേക്കു രക്ഷ കൊണ്ടുവന്നു.
ഹവ്വയുടെ അവിശ്വാസത്തിൻറെ പരിണതഫലം പറുദീസയുടെ വാതിൽ മനുഷ്യർക്കു മുൻപിൽ  അടയ്ക്കപ്പെട്ടു എന്നതായിരുന്നു.    വിശുദ്ധ ആഗസ്തീനോസ് പറയുന്നതു   മറിയത്തിൻറെ വിശ്വാസത്താൽ  സ്വർഗ്ഗത്തിൻറെ  വാതിൽ  മനുഷ്യർക്കായി തുറന്നുകൊടുക്കപ്പെട്ടു  എന്നാണ്.

എന്താണു  വിശ്വാസം?  ഹെബ്രായ ലേഖനം ഇങ്ങനെ പറയുന്നു.  വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ  ലഭിക്കുമെന്ന ഉറപ്പും  കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (ഹെബ്രാ. 11:1). ഹെബ്രായലേഖകൻ  വിശദമാക്കുന്ന വിശ്വാസത്തിൻറെ പരീക്ഷ അതിൻറെ പൂർണ്ണ അർഥത്തിൽ വിജയിച്ചവളാണു  പരിശുദ്ധ മറിയം.  എലിസബത്തിൻറെ വാക്കുകൾ ശ്രദ്ധിക്കുക.  കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ  നിറവേറുമെന്നു  വിശ്വസിച്ചവൾ ഭാഗ്യവതി’  (ലൂക്കാ 1:45). അതുവരെ  കാണപ്പെടുകയോ കേൾക്കപ്പെടുകയോ  ചെയ്യാത്ത കാര്യങ്ങളാണല്ലോ  ദൈവദൂതൻ  അവളോടു പറഞ്ഞത്. അങ്ങനെയൊരു കാര്യം  – കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്ന, ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചതും ഇനിയൊരിക്കലും സംഭവിക്കില്ലാത്തതുമായ കാര്യം –   തന്നിൽ നിറവേറും എന്ന എന്ന ഉറപ്പും പ്രത്യാശയും  മറിയത്തിനു നൽകിയത് അവളുടെ സജീവമായ വിശ്വാസമായിരുന്നു.

കാലിത്തൊഴുത്തിൽ പിറന്നവൻ  ലോകത്തിൻറെ  സ്രഷ്ടാവാണെന്നു മറിയം എങ്ങനെ വിശ്വസിച്ചു? വെറുമൊരു  സാമന്തരാജാവായ ഹേറോദോസിൽ നിന്നു  രക്ഷപ്പെടാനായിഈജിപ്തിലേക്കു പലായനം ചെയ്തവൻ  രാജാക്കന്മാരുടെ രാജാവാണെന്ന്  എങ്ങനെ വിശ്വസിക്കും?  കാലത്തിലും സ്ഥലത്തിലും പരിമിതനായ വെറുമൊരു സാധാരണമനുഷ്യരൂപം സ്വീകരിച്ചവൻ കാലത്തിനും സ്ഥലത്തിനും അതീതനും നിത്യനുമായ ദൈവമാണെന്ന് എങ്ങനെ വിശ്വസിക്കും? അന്യായമായി പീഡിപ്പിക്കപ്പെടുമ്പോൾ   ഒരു വാക്ക് പോലും ഉരിയാടാതിരുന്നവൻ അനന്തജ്ഞാനത്തിൻറെ കർത്താവാണെന്നു  വിശ്വസിക്കുക എത്രയോ ദുഷ്കരം!  എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും തൻറെ   പുത്രൻറെ കൂടെ കാൽവരി  കുരിശോളം  അനുയാത്ര ചെയ്യണമെങ്കിൽ   മറിയത്തിൻറെ വിശ്വാസം എത്ര ഉറപ്പുള്ളതായിരുന്നിരിക്കണം!

യഥാർഥ വിശ്വാസത്തിൻറെ രാജ്ഞി   എന്നാണു  വിശുദ്ധ സിറിൽ മറിയത്തെ വിളിക്കുന്നത്. വാക്കും പ്രവൃത്തിയും ഒന്നാകുക എന്നതാണല്ലോ യഥാർത്ഥ വിശ്വാസത്തിൻറെ  ഉരകല്ല്. അങ്ങനെയെങ്കിൽ യഥാർത്ഥ വിശ്വാസത്തിൻറെ രാജ്ഞി എന്നു  മറിയത്തെ വിളിക്കുന്നതിൽ അനൗചിത്യമില്ല.  ‘വിശ്വസിക്കുന്നു എന്നു  നീ പറയുന്നുവെങ്കിൽ  പറയുന്നതു  തന്നെ ചെയ്യുക, അതാണു  വിശ്വാസം’ എന്നു  വിശുദ്ധ  ആഗസ്തീനോസ് പറയുന്നുണ്ട്.  യേശു കർത്താവാണെന്നു   മറിയം ഉറച്ചു വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തിൻറെ പരകോടി നാം കാണുന്നതു  കുരിശിൻ ചുവട്ടിൽ നിൽക്കുന്ന അമ്മയിലാണ്. ക്ലോപ്പാസിൻറെ ഭാര്യ മറിയവും മഗ്ദലേന മറിയവും യോഹന്നാനും പിന്നെ തൻറെ സഹോദരിയും  അങ്ങനെ  നാലേനാലു പേർ  മാത്രമേ   അതുവരെയും  അപമാനത്തിൻറെ   ചിഹ്നമായിരുന്ന കുരിശു  മഹത്വത്തിൻറെ  അടയാളമായി  രൂപാന്തരപ്പെടുന്ന ആ മഹാനിമിഷത്തിൽ അവളോടൊപ്പം കുരിശിൻ ചുവട്ടിൽ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ട്  അപ്പസ്തോലന്മാരിൽ ഒരാൾ മാത്രം! എഴുപത്തിരണ്ടു  ശിഷ്യന്മാരിൽ ആരുമില്ല.  അവിടുത്തെ അത്ഭുതപ്രവൃത്തികൾ കണ്ടവരും  ഓശാന ഞായറാഴ്ച    ജയ്‌വിളികളുമായി പിറകെ വന്നവരും  എവിടെ?  ഒരു നികൃഷ്ടനായ കുറ്റവാളിയെപ്പോലെ നിസഹായനായി കുരിശിൽ കിടക്കുന്ന  മനുഷ്യൻ   ലോകരക്ഷകനാണെന്നു  വിശ്വസിക്കുക എന്നതു     മറിയത്തിനല്ലാതെ മറ്റാർക്കു സാധിക്കും?

മറിയത്തിൻറെ വിശ്വാസം സജീവമാണെന്നു നാം  പറയുന്നു.  പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം  അതിൽ തന്നെ നിർജീവമാണ് എന്ന തിരുവചനം (യാക്കോ 2:17)  ധ്യാനിക്കുമ്പോൾ  പ്രവൃത്തികളിലൂടെ വെളിപ്പെട്ട  മറിയത്തിൻറെ വിശ്വാസത്തിൻറെ ശ്രേഷ്ഠത നമുക്കു മനസിലാക്കാം.  മറിയം അമലോത്ഭവയാണെന്നും പാപരഹിതയാണെന്നും നാം വിശ്വസിക്കുന്നു. പൗലോസ് ശ്ലീഹാ  റോമക്കാർക്കെഴുതിയിരിക്കുന്നു  . വിശ്വാസത്തിൽ നിന്നല്ലാതെ  ഉത്ഭവിക്കുന്നതെന്തും  പാപമാണ്’ (റോമാ 14:23). മറിയം പാപരഹിതയായി ജനിച്ച്, പാപരഹിതയായി  ജീവിച്ച്, പാപരഹിതയായി മരിച്ചുവെങ്കിൽ അതിൻറെയർത്ഥം മറിയം ജീവിതകാലത്തുചെയ്ത എല്ലാ പ്രവൃത്തികളും വിശ്വാസത്തിൽ നിന്ന് ഉത്ഭവിച്ചവയായിരുന്നു എന്നാണല്ലോ.  

വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നതു   ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു  വിശ്വാസത്തെയും മറികടക്കുന്നതും  എല്ലാ പൂർവപിതാക്കന്മാരുടെയും  ദീർഘദർശികളുടെയും  ശ്ലീഹന്മാരുടെയും  വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചുകൂട്ടിയതിനെക്കാളും മഹത്തരവുമായിരുന്നു  മറിയത്തിൻറെ വിശ്വാസം.  മറിയത്തിൽ ആശ്രയിക്കുന്നവർക്ക്  അവൾ  ആ   വിശ്വാസത്തിൻറെ ഒരു പങ്കു തരും എന്നും  വിശുദ്ധൻ  ആത്മവിശ്വാസത്തോടെ പറയുന്നു.

ഹെബ്രായലേഖനത്തിൻറെ പതിനൊന്നാം അധ്യായത്തിൽ വിശ്വാസത്തിലൂടെ ദൈവത്തെ പ്രസാദിപ്പിച്ചവരെക്കുറിച്ചു  പറയുന്നുണ്ടല്ലോ. വിശ്വാസം മൂലം ആബേൽ കായേൻ്റെതിനേക്കാൾ ശ്രേഷ്ഠമായ ബലി  ദൈവത്തിനു  സമർപ്പിച്ചപ്പോൾ പരിശുദ്ധ മറിയം സർവശ്രേഷ്ഠമായ  ഒരു ബലിയ്ക്കായി തൻറെ  പുത്രനെ വിട്ടുനൽകി.  വിശ്വാസം മൂലം ഹെനോക്ക് മരണം കൂടാതെ സംവഹിക്കപ്പെട്ടുവെങ്കിൽ പരിശുദ്ധ അമ്മ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടുവെന്നു  നാം വിശ്വസിക്കുന്നു. വിശ്വാസം മൂലമാണു  നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പു  നൽകിയപ്പോൾ അതനുസരിച്ചു   പെട്ടകം പണിതത്. നോഹയുടേതിനേക്കാൾ  ശ്രേഷ്ഠമായ വിശ്വാസത്തിൻറെ  ഉടമയായ മറിയം അതുവരെയും  കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം  അറിയിച്ചപ്പോൾ  ഇതാ കർത്താവിൻറെ ദാസി എന്ന് ഏറ്റുപറഞ്ഞുകൊണ്ട് ആ വചനം സ്വീകരിക്കുകയും അങ്ങനെ സ്വയം  വാഗ്ദാനത്തിൻറെ  പെട്ടകമായിത്തീരുകയും ചെയ്തു.  

  വിശ്വാസം മൂലം അബ്രഹാം, ദൈവം സംവിധാനം ചെയ്തതും  നിർമിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ  പ്രതീക്ഷിച്ചുകൊണ്ട്  വാഗ്ദത്തഭൂമിയിൽ പ്രവാസിയെപ്പോലെ  താമസിച്ചു.   അതിനേക്കാൾ ശ്രേഷ്ഠമായ ഒരു വിശ്വാസത്താൽ മറിയം ദൈവത്തിനു വസിക്കാനായുള്ള നഗരമായി  (ദൈവത്തിൻറെ വിശുദ്ധ നഗരം – മരിയ  അഗ്രെദയുടെ  ഗ്രന്ഥം) തന്നെത്തന്നെ  രൂപാന്തരപ്പെടുത്തി.  പ്രവാസത്തിൻറെ കാലമായ ആയിരത്തി ഇരുനൂറ്റിയറുപതു ദിവസം അവളെ  പ്രത്യേകമായ വിധം സംരക്ഷിക്കാനായി ദൈവം ഒരു സ്ഥലം ഒരുക്കിയിരുന്നു  എന്നു   വെളിപാട് പുസ്തകത്തിൽ നാം വായിക്കുന്നു (വെളി 12:6).  സ്ത്രീയും അവളുടെ  സന്തതിയും  സർപ്പത്തിൻറെ  തല തകർക്കുമെന്ന തിരുവചനം (ഉൽ 3:15) അറിഞ്ഞിരുന്നിട്ടും  വിശ്വാസത്താൽ  മറിയം തൻറെ മകനെ ഒരു ബലിമൃഗമായി വളർത്തിയൊരുക്കി ദൈവത്തിനു നൽകി. ഇസഹാക്കിലൂടെ നിൻറെ  സന്തതി  വിളിക്കപ്പെടും എന്ന വാഗ്ദാനം  സ്വീകരിച്ചിരുന്നിട്ടും, അബ്രഹാം തൻറെ ഏകപുത്രനെ ബലിയർപ്പിക്കാൻ ഒരുങ്ങിയെങ്കിൽ  മറിയത്തിൻറെ ബലി   അതിനേക്കാൾ എത്രയോ ശ്രേഷ്ഠം!

വിശ്വാസം മൂലം  മോശയെ അവൻറെ മാതാപിതാക്കൾ മൂന്നു മാസത്തേക്ക് ഒളിപ്പിച്ചുവെങ്കിൽ  തൻറെ  പുത്രൻറെ  രക്ഷാകരദൗത്യത്തെക്കുറിച്ച്  ഉറച്ച വിശ്വാസമുണ്ടായിരുന്ന മറിയം ഈജിപ്തിലേക്കുള്ള പലായനത്തിനു  സ്വയം തയ്യാറായി.   അദൃശ്യനായവനെ ദർശിച്ചാലെന്നപോലെ മോശ സഹിച്ചുനിന്നുവെങ്കിൽ  അദൃശ്യനായ ദൈവത്തിൻറെ പ്രതിരൂപമായ  ക്രിസ്തുവിനെ സ്വന്തം നേത്രങ്ങൾ കൊണ്ടു  ദർശിച്ച മറിയം  എല്ലാ സഹനവും ഏറ്റുവാങ്ങി.

 മുൻകാലങ്ങളിലെ വിശ്വാസവീരന്മാരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു (ഹെബ്രാ  11:38). എന്നാൽ വിശ്വാസത്തിൻറെ രാജ്ഞിയും വിശ്വാസത്തിൽ നമ്മുടെ  മാതാവുമായ  മറിയത്തെ സ്വന്തമാക്കാനുള്ള  കൃപ നൽകിക്കൊണ്ടു  നമ്മെ അനുഗ്രഹിച്ച ദൈവത്തെ നാം എത്രയധികയി മഹത്വപ്പെടുത്തണം! മറിയത്തിൻറെ  സജീവമായ വിശ്വാസത്തിൽ  പങ്കുപറ്റാൻ വിളിക്കപ്പെട്ട നാം  എത്രയോ ഭാഗ്യവാന്മാർ!

(3) പരിശുദ്ധ മറിയത്തിൻറെ അനുസരണം

ലോകത്തിലേക്കും വച്ച് സർവോത്കൃഷ്ടമായ ബലി  അർപ്പിച്ചത്  ദൈവപുത്രനായ യേശുക്രിസ്തുവായിരുന്നു.
ആ ബലി  അർപ്പിക്കാൻ യേശുവിനെ  പ്രേരിപ്പിച്ചത് പിതാവിൻറെ ഹിതം നിറവേറ്റുന്നതിലുള്ള തീക്ഷ്ണതയായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ  പിതാവിനോടുള്ള കറ  കളഞ്ഞ അനുസരണത്തിൻറെ    പ്രകടനമായിരുന്നു കുരിശിലെ ബലി. മരണം വരെ – അതേ കുരിശുമരണം വരെ –  അനുസരണമുള്ളവനായി  കാണപ്പെട്ട യേശുവിന് ആ അനുസരണം പിതാവു  നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. പുത്രനായിരുന്നിട്ടും തൻറെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു ( ഹെബ്രാ  5:8) എന്നാണ് ഹെബ്രായലേഖകൻ എഴുതുന്നത്.  പിതാവായ ദൈവത്തിൻറെ പ്രിയപുത്രിയായ മറിയമാകട്ടെ  തൻറെ മകനിലൂടെ നിറവേറാനിരുന്ന  ഉദാത്തമായ  അനുസരണത്തിൻറെ  പ്രാഗ്‌രൂപം ( prototype) ആയി നിലകൊള്ളുന്നു.

അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം (1 സാമു 15:22). അപ്പോൾ സർവശ്രേഷ്ഠമായ  ബലിയർപ്പിച്ച യേശുവിൻറെ അമ്മയുടെ അനുസരണം എത്രയധികം ശ്രേഷ്ഠമായിരിക്കും!ആ ബലിവസ്തുവിനെ ഒരുക്കിക്കൊടുത്ത  അനുസരണം എത്ര ശ്രേഷ്ഠം!

അനുസരണം മറിയത്തിൻറെ പുണ്യങ്ങളിൽ  വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.  വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത് ഹവ്വാ അനുസരണക്കേടിനാൽ നഷ്ടപ്പെടുത്തിയത് മറിയം അനുസരണം വഴി വീണ്ടെടുത്തു  എന്നാണ്. ഇതേ  അഭിപ്രായം മറ്റനേകം വിശുദ്ധരും സഭാപിതാക്കന്മാരും  പങ്കുവയ്ക്കുന്നുണ്ട്.  സർപ്പത്തിൻറെ വചനം  അനുസരിക്കുക വഴി ഹവ്വാ തനിക്കുമാത്രമല്ല തൻറെ സന്തതിപരമ്പരകൾക്കും  നാശം വിളിച്ചുവരുത്തി.  രണ്ടാമത്തെ ഹവ്വയായ മറിയം തൻറെ അനുസരണത്താൽ തന്നെ മാത്രമല്ല,  ക്രിസ്തുവിലൂടെ തൻറെ മക്കളാകാനിരുന്നവരെയും നാശത്തിൻറെ കുഴിയിൽ നിന്ന് വീണ്ടെടുക്കാനുള്ള ദൈവികപദ്ധതിയോടു സഹകരിച്ചു. ഹവ്വായുടെ അനുസരണക്കേടിൻറെ ഫലമായി മനുഷ്യവംശത്തിനുമേൽ പിശാചിന് അധികാരം  കിട്ടി. ആ അധികാരത്തിന് അറുതി വന്നതു  ക്രിസ്തുവിൽ നിവർത്തിതമായ സനാതനബലിയോടെയാണ്.  സാത്താൻറെ അന്ധകാരത്തെ നീക്കിക്കളയാൻ നീതിസൂര്യനായി ഉദിക്കാനിരുന്ന  യേശുക്രിസ്തുവിൻറെ വരവിനെ വിളിച്ചോതുന്ന പ്രഭാതനക്ഷത്രമായി മറിയത്തെ ദൈവം തെരഞ്ഞെടുക്കാൻ കാരണം അവളുടെ അനുസരണം തന്നെയായിരുന്നു.  മറിയത്തിൻറെ അനുസരണത്തെ അന്ധമായ അനുസരണം എന്നാണു  വിശുദ്ധർ വിശേഷിപ്പിക്കുന്നത്.

എന്തായിരുന്നു മറിയത്തിൻറെ അനുസരണത്തിൻറെ  പ്രത്യേകത? വിശുദ്ധഗ്രന്ഥത്തിൽ ദൈവത്തെ അനുസരിക്കുന്നവരായി അനേകം പേർ  പ്രത്യക്ഷപ്പെടുന്നുണ്ട്. അവരിൽ നിന്ന് മറിയത്തെ വ്യത്യസ്തയാക്കുന്നത് എന്താണ്?  വിശ്വാസികളുടെ പിതാവായ അബ്രഹാം ദൈവത്തെ അനുസരിച്ച മനുഷ്യനായിരുന്നു. ‘നിൻറെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക’  (ഉൽ 12:1) എന്നായിരുന്നുവല്ലോ  ദൈവം അബ്രാഹത്തോടു കൽപിച്ചത്.  അബ്രഹാം അതു  പൂർണ്ണമായി അനുസരിച്ചുവെന്നു പറയാനാകില്ല. അതുകൊണ്ടാണല്ലോ അവൻ സഹോദരപുത്രനായ ലോത്തിനെയും കൂടെക്കൊണ്ടുപോയത്.  ദൈവം വിളിച്ചത് അബ്രഹാമിനെയും സാറായെയുമാണ്. ലോത്ത് ദൈവത്തിൻറെ  പദ്ധതിയിൽ ഉൾപ്പെട്ട ആളായിരുന്നില്ല എന്നു  തന്നെ കരുതണം.  കാനാൻ ദേശത്തുവച്ച് ഒരുതവണ പ്രത്യക്ഷപ്പെട്ടതിനു  ശേഷം  (ഉൽ 12: 7)  പിന്നീട് അബ്രാഹത്തിനു ദൈവികവെളിപാടുകൾ ലഭിക്കുന്നത്  അബ്രഹാം ലോത്തിൽ നിന്നു വേർപെട്ടതിനു ശേഷം മാത്രമാണ്  (ഉൽ  13:14).\ എന്നോർക്കണം.

ഒരു സ്നേഹിതനോടെന്നപോലെ ദൈവത്തോടു മുഖാമുഖം സംസാരിക്കാൻ  മാത്രം അനുഗ്രഹിക്കപ്പെട്ട  മോശയ്ക്കും ( പുറ 33:11) പൂർണമായ അനുസരണം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. മോശ ദൈവകൽപന അതേപടി അനുസരിക്കാതിരുന്ന ഒരവസരം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട് ( സംഖ്യ 20:7-12). തൊട്ടടുത്തെത്തിയ കാനാൻ  ദേശം കാണാൻ സാധിക്കാതെ  മോശയ്ക്കു കണ്ണടയ്‌ക്കേണ്ടി വന്നത് ആ അനുസരണക്കേടിൻറെ ഫലമായിരുന്നു.  മോശയുടെ ശരീരത്തെച്ചൊല്ലി മിഖായേൽ മാലാഖയോടു  തർക്കിക്കാൻ  പിശാചിന് അവസരം ലഭിച്ചതും ( യൂദാസ്:9) ആ അനുസരണക്കേടിൻറെ  പരിണതഫലമായിരുന്നു.

എന്നാൽ  അബ്രാഹത്തിനും മോശയ്ക്കും സംഭവിച്ച അബദ്ധം മാറിയതിനു സംഭവിച്ചില്ല. അവളുടെ  സമർപ്പണവും അനുസരണവും  അത്രമേൽ പൂർണമായിരുന്നു. ദൈവം കല്പിച്ച വാക്കുകൾ മറിയം അക്ഷരർത്ഥത്തിൽ തന്നെ അനുസരിച്ചു.  മംഗളവാർത്ത അറിയിച്ച ഗബ്രിയേൽ ദൂതനോടു  മറിയം ചോദിച്ചത് ഇതെങ്ങനെ സംഭവിക്കും എന്നു  മാത്രമായിരുന്നു.  അതാകട്ടെഒരു കന്യകയിൽ നിന്നുണ്ടാകാവുന്ന  തികച്ചും മാനുഷികമായ ഒരു പ്രതികരണമായിരുന്നു.  പരിശുദ്ധാത്മാവു തൻറെ മേൽ ആവസിക്കുമെന്നും  തന്നിൽ നിന്നു  പുരുഷസ്പർശമില്ലാതെ  ജനിക്കാനിരിക്കുന്നവൻ പരിശുദ്ധൻ എന്നും ദൈവപുത്രൻ എന്നും വിളിക്കപ്പെടും എന്നും ദൈവദൂതൻ വെളിപ്പെടുത്തിയപ്പോൾ മറിയം ദൈവഹിതത്തിന്  ആമേൻ പറഞ്ഞു.  ഇതാ കർത്താവിൻറെ ദാസി എന്ന മൂന്നു വാക്കുകളിലൂടെ മറിയം പ്രകടിപ്പിച്ചതു  ദൈവഹിതത്തിനോടുള്ള സമ്പൂർണമായ അനുസരണവും വിധേയത്വവുമായിരുന്നു.  

എല്ലാക്കാര്യങ്ങളിലും ദൈവത്തെ അനുസരിച്ച നീതിമാനായ ജോബ് പോലും സഹനത്തിൻറെ  നാളുകളിൽ  ഒരുവേള ദൈവത്തെ ചോദ്യം ചെയ്യുന്നുണ്ട്.  എന്നാൽ മറിയമാകട്ടെ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും ഒരിക്കലും  ദൈവഹിതത്തെ ചോദ്യം ചെയ്യുന്നില്ല.  നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ എന്നു   പറയാൻ മറിയത്തിന്  ഒട്ടും  ശങ്കിക്കേണ്ടി വന്നില്ല. അങ്ങേയ്ക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശവും   തടയാനാവുകയില്ലെന്നും   ജോബ് ഏറ്റുപറഞ്ഞത്‌  രാവും പകലും തൻറെ  ഹൃദയത്തെ ജലധാരപോലെ  കർത്താവിൻറെ സന്നിധിയിൽ ചൊരിഞ്ഞതിനും (വിലാ. 2:19) തൻറെ  മൂന്നു സുഹൃത്തുക്കളുടെ ഏഴുനാൾ നീണ്ട  പ്രചണ്ഡഭാഷണം  ശ്രവിച്ചതിനും ശേഷമായിരുന്നു.   എന്നാൽ മറിയത്തിനാകട്ടെ ദൈവത്തിന് ഒന്നും അസാധ്യമല്ല  എന്ന  ഒറ്റവാക്കിൻറെ ഉറപ്പേ ആവശ്യമായിരുന്നുള്ളൂ.

നസ്രത്തിൽ തുടങ്ങിയ   മറിയത്തിൻറെ അനുസരണത്തിൻറെ കനൽ വഴികൾ  കാൽവരിയിലും അവസാനിച്ചില്ല. കർത്താവിൻറെ പീഡാസഹനത്തിനും ഉയിർപ്പിനും സ്വർഗാരോഹണത്തിനും ശേഷവും മറിയം ദൈവത്തോടുള്ള അനുസരണത്തിൽ നിന്നു  പിന്നോട്ടുപോയില്ല.  ഇതാ നിൻറെ മകൻ എന്നു പറഞ്ഞുകൊണ്ട് യോഹന്നാനിലൂടെ തൻറെ എല്ലാ മക്കളെയും അമ്മയ്‌ക്കു  സ്വന്തമായി  കൊടുത്ത യേശുവിൻറെ വാക്കുകൾ മറിയം അക്ഷരം പ്രതി അനുസരിച്ചു.  ഈശോയെ വാർത്തെടുത്ത അതേ മൂശയിൽ – മറിയത്തിൻറെ വിമലഹൃദയത്തിൽ തന്നെ – ഈശോയ്ക്കു  സ്വന്തമായവരെയും വാർത്തെടുക്കണം എന്ന ദൈവഹിതം മറിയം ഇന്നും നിറവേറ്റിക്കൊണ്ടിരിക്കുന്നു.

എല്ലാ അധികാരവും ദൈവത്തിൽ  നിന്നാണല്ലോ. അതുകൊണ്ടുതന്നെ ഭൗതിക അധികാരികളെ അനുസരിക്കുന്നതിലും മറിയം മുന്നിട്ടുനിന്നിരുന്നു. പൂർണഗർഭിണിയായിരുന്നിയിട്ടും  നസ്രത്തിൽ  നിന്നു  
ബേത്ലഹേം വരെയുള്ള ക്ലേശപൂർണമായ യാത്ര ഏറ്റെടുക്കാൻ അവൾ തയ്യാറായത്   രാജകല്പന അനുസരിച്ചായിരുന്നു.   പ്രപഞ്ചത്തിൻറെ മുഴുവൻ അധിനാഥനായവനു  ജനിക്കാനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഒരു കാലിത്തൊഴുത്ത് ആണെന്നറിഞ്ഞപ്പോഴും അവൾ  മുറുമുറുപ്പില്ലാതെ അതിനു വിധേയപ്പെട്ടു. നിൻറെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും എന്ന ശെമയോൻറെ പ്രവചനത്തിൻറെ നിഴലിലായിരുന്നു പിന്നീടങ്ങോട്ടുള്ള   മുപ്പത്തിമൂന്നുവർഷവും  മറിയത്തിൻറെ ജീവിതം.  തൻറെ ഹൃദയത്തെ തുളയ്ക്കാനിരിക്കുന്ന വാൾ ഒഴിവാക്കാനുള്ള ഒരേയൊരു മാർഗം  ദൈവവചനത്തെ അനുസരിക്കാതിരിക്കുക എന്നതാണെന്നു  മറിയം നന്നായി അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെയൊരു  സാധ്യതയെക്കുറിച്ചുള്ള ചിന്ത പോലും തൻറെ മനസിൽ  കടന്നുവരാൻ അവൾ അനുവദിച്ചിരുന്നില്ല.

 നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും  ഭാഗ്യമുള്ളവ എന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞപ്പോൾ എന്തായിരുന്നു  യേശുവിൻറെ  മറുപടി?  ദൈവവചനം കേട്ട് അതുപാലിക്കുന്നവർ  കൂടുതൽ ഭാഗ്യവാന്മാർ (ലൂക്കാ 11:28). അങ്ങനെ നോക്കിയാൽ മറിയം എത്രയോ ഭാഗ്യവതിയാണ്. രക്ഷകൻറെ അമ്മ എന്ന നിലയിൽ അവൾ ഭാഗ്യവതിയാണ്. അതിനേക്കാൾ ഉപരിയായി ദൈവവചനം കേട്ട് അനുസരിച്ചതിൻറെ പേരിൽ അവൾ മഹാഭാഗ്യവതി ആയിത്തീരുന്നു. മുദ്ര വച്ച നീരുറവയും അടച്ച ഉദ്യാനവുമായ ( ഉത്തമ. 4:12) മറിയം തൻറെ ഉള്ളിലേക്കു  വന്ന  ദൈവവചനം ഒന്നുപോലും പാഴാക്കിയില്ല.  മറിയം ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു (ലൂക്കാ 2:51) എന്നു സുവിശേഷത്തിൽ  നാം വായിക്കുന്നുണ്ടല്ലോ.  

ഈശോയെ സ്നേഹിക്കുന്നവരുടെ പ്രത്യേകത ഈശോ തന്നെ പറഞ്ഞത് ഇങ്ങനെയാണ്.  എന്നെ സ്നേഹിക്കുന്നവൻ എൻറെ വചനം പാലിക്കും (യോഹ 14:23). പരിശുദ്ധ അമ്മ ഈശോയെ ഗാഢമായി സ്നേഹിച്ചിരുന്നു എന്നതിൽ  തർക്കമില്ല. ആ സ്നേഹം അനുസരണത്തിലൂടെ അമ്മ  പ്രകടിപ്പിക്കുകയും ചെയ്തു. അവൻ നിങ്ങളോടു പറയുന്നതു  ചെയ്യുവിൻ (യോഹ 25)  എന്ന  ഒറ്റ വചനത്തിലൂടെ മറിയം   ദൈവപുത്രനോടുള്ള അനുസരണമല്ലേ  പ്രകടിപ്പിക്കുന്നത്! അവൻ പറയുന്നതു    കൽഭരണികളിൽ വെള്ളം നിറയ്ക്കാനാണെങ്കിലും അല്ലെങ്കിലും മറിയത്തെ സംബന്ധിച്ചിടത്തോളം അത് ഒരുപോലെതന്നെയായിരുന്നു. കാരണം പരമപ്രധാനമായ കാര്യം അവൻ പറയുന്നത്  അനുസരിക്കുക എന്നതാണെന്ന് അവൾ മനസിലാക്കിയിരുന്നു.

മാമുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത് (അപ്പ 5:29)  എന്നും  മറിയം അറിഞ്ഞിരുന്നു. അതുകൊണ്ടാണ് മനുഷ്യരുടെ  മുന്നിൽ തനിക്ക് ഉണ്ടായേക്കാവുന്ന അപമാനം തെല്ലും വകവയ്ക്കാതെ അവൾ ദൈവഹിതത്തിന് ആമേൻ പറഞ്ഞത്.  തൻറെ പ്രതിശ്രുതവരനായ ജോസഫ് പോലും തന്നെ സംശയിക്കും എന്നറിഞ്ഞിട്ടും  അവൾ ദൈവത്തെ അനുസരിക്കാനാണു  തീരുമാനിച്ചത്. കാരണം അനുസരണത്തിൻറെ പ്രതിഫലം എന്തെന്ന് അവൾക്കറിയാമായിരുന്നു.  അനുസരണക്കേടിൻറെ പരിണതഫലങ്ങളും  അവൾ നന്നായി അറിഞ്ഞിരുന്നു. അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തൻറെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്ന് ആണയിട്ടു പറഞ്ഞത്? (ഹെബ്രാ  3:18). അങ്ങനെയെങ്കിൽ  ജീവിതം മുഴുവൻ അനുസരണത്തിൽ ചെലവഴിച്ച പരിശുദ്ധ മറിയം  ദൈവം   നൽകുന്ന നിത്യവിശ്രമത്തിലേക്കു  പ്രവേശിച്ചുകഴിഞ്ഞു എന്നു  വിശ്വസിക്കാൻ എന്തിനു ബുദ്ധിമുട്ടണം? മാതാവിൻറെ സ്വർഗാരോഹണം  സഭ   വിശ്വാസസത്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതാണല്ലോ.

അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും (ഏശയ്യാ 1:19)  എന്നതു സർവൈശ്വരത്തിൻറെയും കർത്താവായ ദൈവത്തിൻറെ മാറ്റമില്ലാത്ത വാഗ്ദാനമാണ്.  ദൈവം പറഞ്ഞത് അതേപടി അനുസരിച്ചതുകൊണ്ടാണല്ലോ   സകല തലമുറകളും മറിയത്തെ ഭാഗ്യവതി എന്നു  പ്രകീർത്തിക്കുന്നത്. ദൈവത്തെ അനുസരിക്കുക എന്നതു  മനുഷ്യരെ സംബന്ധിച്ചിടത്തോളം അനായാസമായ കാര്യമല്ല. കാരണം നമ്മുടെ മനുഷ്യപ്രകൃതി ഉത്ഭവപാപത്താൽ കളങ്കപ്പെട്ടിരിക്കുകയാണ്.  അക്കാരണത്താൽ മനുഷ്യർക്കു  പാപത്തിലേക്കുള്ള ഒരു ചായ്‌വ് സ്വതസിദ്ധമായിട്ടുണ്ട്. എന്നാൽ മറിയം അമലോത്ഭവയായതിനാൽ  ദൈവത്തോടുള്ള പൂർണമായ  അനുസരണം പ്രകടിപ്പിക്കുന്നതിൽ ഉത്ഭവപാപം ഒരു തടസ്സമായില്ല.  വിശുദ്ധ്‌ ബീഡ് പറയുന്നത് മറിയം ദൈവഹിതത്തോടുള്ള വിധേയത്വം മൂലം ദൈവപുത്രൻറെ  അമ്മയായി  തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് അനുസരണം എന്ന പുണ്യത്തെ സ്നേഹിക്കുന്നവരെ അവൾക്കു   വളരെ ഇഷ്ടമാണെന്നാണ്. ദൈവത്തിൻറെ അമ്മയായിരിക്കുന്നതിനേക്കാൾ മറിയം സന്തോഷിച്ചതു ദൈവത്തെ അനുസരിക്കുന്നതിലാണെന്നും  വിശുദ്ധൻ പറയുന്നു. തൻറെ അനുസരണയുടെ യോഗ്യതയുടെ  ഫലമായി  തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാ പാപികൾക്കും  അനുതാപം എന്ന പുണ്യം താൻ  നേടിക്കൊടുക്കും എന്നാണ് പരിശുദ്ധ കന്യക വിശുദ്ധ ബ്രിജിത്തിന്‌ വെളിപ്പെടുത്തിക്കൊടുത്തത്.

മറിയത്തെ അനുകരിച്ച് നമുക്കും അനുസരണം എന്ന പുണ്യത്തിൽ വളരാം.  അനുസരണത്തിൻറെ ഫലം നിത്യമായ ഐശ്വര്യമാണ്. അനുസരണത്തിൻറെ രാജ്ഞിയായ മറിയത്തോടൊപ്പം നിത്യത ചെലവഴിക്കാൻ  കഴിയുക എന്നതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്താണുള്ളത്!

(4) പരിശുദ്ധമറിയത്തിൻറെ പ്രാർഥന

 ഇതുവരെ ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാ മനുഷ്യരെയും പിശാച് പ്രലോഭനങ്ങൾ കൊണ്ട് വശീകരിക്കാൻ ശ്രമിക്കും എന്നത് ഒരു സത്യമാണ്. പിശാചിൻറെ പരീക്ഷണങ്ങളെയും ലോകവും ശരീരവും വച്ചുനീട്ടുന്ന പ്രലോഭനങ്ങളെയും അതിജീവിക്കണമെങ്കിൽ ശക്തമായ പ്രാർഥന എന്ന ആയുധം  നാം ധരിച്ചിരിക്കണം.  പരീക്ഷകളിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ  (ലൂക്കാ 22:46) എന്നു കർത്താവ് തൻറെ ശിഷ്യരെ ഉദ്ബോധിപ്പിച്ചപ്പോൾ  ഉണർന്നിരുന്നു പ്രാർഥിച്ചുകൊണ്ട് എല്ലാ പരീക്ഷകളെയും അതിജീവിച്ച തൻറെ പരിശുദ്ധമാതാവിൻറെ ഓർമ അവിടുത്തെ മനസ്സിൽ ഉണ്ടായിരുന്നിരിക്കണം. എൻറെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ ( ലൂക്കാ 22:42) എന്നു  പുത്രൻ  പറയുന്നതിനും മുൻപേ നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ ( ലൂക്കാ 1:38) എന്ന് പറഞ്ഞ ഒരമ്മ ഉണ്ടായിരുന്നു എന്നു  നാം ഓർക്കണം.

പരിശുദ്ധ മറിയത്തിൻറെ പ്രാർത്ഥനാജീവിതത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് ഉപയോഗിക്കുന്നത് നിരന്തരമായ മാനസികപ്രാർത്ഥന  എന്ന പദമാണ്. പ്രാർഥന എങ്ങനെയായിരിക്കണം എന്നതിൻറെ ഉത്തമമാതൃകയാണ് മറിയത്തിൻറെ സ്ത്രോത്രഗീതം.   സാമാന്യം ദീർഘമായ ആ കീർത്തനം കാച്ചിക്കുറുക്കിയെടുത്താൽ നാം കണ്ടുമുട്ടുന്നതു സ്വന്തം  വിനീതാവസ്ഥയെ ഏറ്റുപറഞ്ഞുകൊണ്ട് ദൈവത്തിനു മഹത്വം കരേറ്റുന്ന  ഒരാളെയാണ്.   എളിയവരെ ഉയർത്തുകയും  അഹങ്കാരികളെ താഴ്ത്തുകയും ചെയ്യുന്ന ഒരു ദൈവത്തെയാണ് ആ പ്രാർത്ഥനയിൽ നാം കാണുന്നത്.  ദൈവത്തിൻറെ സനാതനമായ ഉടമ്പടിയും അവിടുത്തെ കാരുണ്യവും അനുസ്മരിച്ചുകൊണ്ടും ദൈവഭക്തർക്കു കിട്ടുന്ന  അനുഗ്രഹം മുൻകൂട്ടി കണ്ടുകൊണ്ടുമുള്ള മറിയത്തിൻറെ സ്തോത്രഗീതം  സകല തലമുറകൾക്കും വേണ്ടിയുള്ള പ്രാർഥനയാണ്.

കഷ്ടത കരകവിഞ്ഞ് ഒഴുകുമ്പോഴും (സങ്കീ 32:6)  അതു തന്നെ  തകർത്തുകളയാതിരിക്കാനായി മറിയം ധരിച്ച  കവചവും  പ്രാർഥനയായിരുന്നു. ബെത്ലഹേമിൽ അഗതിയും ഈജിപ്തിൽ പരദേശിയും ആയിരുന്നപ്പോഴും   മറിയത്തിൻറെ സങ്കേതം  കർത്താവായ ദൈവം മാത്രമായിരുന്നു.  അഗതികളുടെ പ്രാർഥന  അവിടുന്നു പരിഗണിക്കും; അവരുടെ യാചനകൾ നിരസിക്കുകയില്ല (സങ്കീ 102:17) എന്നത് മറിയം സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ സത്യമായിരുന്നു.

പ്രാർഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക എന്നതു  വളരെ പ്രധാനപ്പെട്ട കാര്യമാണ്. പൗലോസ് ശ്ലീഹാ റോമാക്കാരോട് പറയുന്നു. ‘പ്രത്യാശയിൽ  സന്തോഷിക്കുവിൻ; ക്ലേശങ്ങളിൽ  സഹനശീലരായിരിക്കുവിൻ; പ്രാർത്ഥനയിൽ  സ്ഥിരതയുള്ളവരായിരിക്കുവിൻ (റോമാ  12:12). പൗലോസ് ഇത് എഴുതുന്നതിനും എത്രയോ മുൻപേ പ്രാർത്ഥനയിൽ സ്ഥിരതയും  പ്രത്യാശയിൽ സന്തോഷവും ക്ലേശങ്ങളിൽ സഹനശീലവും  ജീവിതത്തിൻറെ ഭാഗമാക്കിയ ഒരു കന്യക നസ്രത്തിൽ  ജീവിച്ചിരുന്നു.  ദൈവകൃപ നിറഞ്ഞവളേ എന്ന അഭിവാദനം സ്വർഗത്തിൽ നിന്നു  കേൾക്കാൻ മാത്രം അവൾ ഭാഗ്യവതിയായിത്തീരുകയും ചെയ്തു.

ദൈവത്തോടൊപ്പം ചെലവഴിക്കുന്ന അമൂല്യ നിമിഷങ്ങളാണ് ഓരോ പ്രാർഥനയും.  ജീവിതം മുഴുവൻ പ്രാർഥനയിൽ  ദൈവത്തോടു  ചേർന്നിരുന്ന മറിയത്തോടു  ‘കർത്താവ് നിന്നോട് കൂടെ’ എന്നല്ലാതെ മറ്റെന്താണു  ഗബ്രിയേൽ മാലാഖയ്ക്കു പറയാൻ കഴിയുക! ദൈവം നമ്മോടുകൂടെ എന്ന വചനം മനുഷ്യരൂപമായി ജനിച്ചവനാണ് യേശു.  ഇമ്മാനുവേലായ ദൈവം ആദ്യം  തൻറെ ഹൃദയത്തിലും പിന്നെ തൻറെ ഉദരത്തിലും വഹിക്കുമ്പോൾ ദൈവം നമ്മോടുകൂടെ എന്ന വചനം അതിൻറെ പൂർണമായ അർഥത്തിൽ മറിയം അനുഭവിക്കുകയായിരുന്നു.  തുടർന്നങ്ങോട്ട് ഗാഗുൽത്താ വരെ  വചനം  മാംസമായ  ദൈവപുത്രൻ മറിയത്തോടുകൂടെയായിരുന്നു.  അത് ഏകപക്ഷീയമായ ഒരു ബന്ധമായിരുന്നില്ല. ദൈവം മറിയത്തോടു കൂടെ ആയിരുന്നതുപോലെ  തന്നെ  മറിയം ദൈവത്തോടുകൂടെയും ആയിരുന്നു. അത്രയധികം  പ്രാർഥനയിൽ  ദൈവത്തോടു  ചേർന്നിരുന്ന ഒരു വ്യക്തിയെ നാം വേറെ എവിടെയും കാണുന്നില്ലല്ലോ.

എങ്ങനെയാണു  പ്രാർഥിക്കേണ്ടത് എന്ന് ഈശോ പഠിപ്പിച്ചിട്ടുണ്ടല്ലോ.  നീ പ്രാർഥിക്കുമ്പോൾ നിൻറെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിൻറെ പിതാവിനോടു  പ്രാർഥിക്കുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു  പ്രതിഫലം നൽകും (മത്തായി 6:6). മറിയത്തിൻറെ പ്രാർത്ഥന എന്നത് നിരന്തരമായ  മാനസികപ്രാർത്ഥന ആയിരുന്നു എന്നു വിശുദ്ധ മോൺഫോർട്ട് പറഞ്ഞത് ഒന്നുകൂടെ ഓർക്കാം.  മനസിൻറെ ഏകാന്തതയിൽ , ലോകത്തെ പൂർണമായി മറന്നുകൊണ്ട് , രഹസ്യത്തിൽ പിതാവിനോട് പ്രാർഥിച്ച  മറിയത്തിനു ദൈവം നൽകിയ പ്രതിഫലം  ദൈവീകരഹസ്യങ്ങൾ നിറഞ്ഞ ഒരു ഹൃദയമായിരുന്നു. ദൈവരഹസ്യം  നിറഞ്ഞിരിക്കുന്ന പനിനീർപുഷ്പമേ എന്ന്  മാതാവിൻറെ ലുത്തീനിയയിൽ നാം ഏറ്റുചൊല്ലുന്നതു ഇക്കാരണത്താലാണ്. കതകടച്ചിരുന്നു പ്രാർഥിക്കുക എന്നത് പിന്നീടൊരിക്കൽ അവൾ അക്ഷരാർത്ഥത്തിലും നിറവേറ്റി. സെഹിയോൻ മാളികയിൽ യേശുവിൻറെ ശിഷ്യന്മാരുടെ കൂടെ കതകടച്ചിരുന്നു പ്രാർഥിക്കുന്ന പരിശുദ്ധ അമ്മയെ നാം കാണുന്നുണ്ട്.  അതു  മറിയത്തിൻറെ ഇഹലോകജീവിതത്തെക്കുറിച്ചുള്ള അവസാനത്തെ  തിരുവചനമാണ്.

പ്രാർത്ഥനയിൽ നിലനിൽക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു  പഠിക്കാനും  അനുകരിക്കാനും മറിയത്തെക്കാൾ ഉത്തമമായ മറ്റൊരു മാതൃക ഇല്ലെന്നാണു   വിശുദ്ധ ബൊനവെഞ്ചർ  പറയുന്നത്.  മറിയം മൂന്നു വയസുള്ളപ്പോൾ തന്നെ ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായി പോയിത്തുടങ്ങിയിരുന്നു  എന്നു ചില വിശുദ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്.  ഹംഗറിയിലെ വിശുദ്ധ എലിസബത്തിനു നൽകിയ ഒരു ദർശനത്തിൽ താൻ   പ്രാർത്ഥനയ്ക്കായി നിശ്ചയിക്കപ്പെട്ട മണിക്കൂറുകൾക്കു പുറമെ അർദ്ധരാത്രിയിൽ പോലും പലപ്പോഴും ദൈവാലയത്തിലേക്കു പ്രാർഥനയ്ക്കായി  പോയിരുന്ന എന്നു  മറിയം വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.

വിശുദ്ധ ബ്രിജീത്തിനോട് കന്യകാമറിയം പറഞ്ഞതു  പ്രാർത്ഥനയ്ക്കായി  താൻ  ഏകാന്തത ഇഷ്ടപ്പെട്ടിരുന്നു എന്നാണ്. കന്യക ഗർഭം ധരിച്ച്  ഒരു പുത്രനെ പ്രസവിക്കും  (ഏശയ്യാ 7:4) എന്ന   തിരുവചനത്തിൻറെ വ്യാഖ്യാനത്തിൽ വിശുദ്ധ ജെറോം പറയുന്നതു  കന്യക എന്നു  വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഹീബ്രു  പദത്തിൻറെ  കൃത്യമായ അർഥം  വിശ്രമാവസ്ഥയിലായിരിക്കുന്ന കന്യക എന്നാണെന്നാണ്. അതായത് മറിയം ലോകവുമായുള്ള തൻറെ കെട്ടുപാടുകൾ  എല്ലാം ഉപേക്ഷിച്ച് ആത്മീയമായി  ഒരു വിശ്രമാവസ്ഥയിൽ ആയിരുന്നുകൊണ്ടാണു  പ്രാർത്ഥനയിൽ ഏർപ്പെട്ടത്. അങ്ങനെ ലോകവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന ഒരു വ്യക്തിയ്ക്കു  മാത്രമേ നിലനിൽക്കുന്ന ദൈവാനുഭവം ഉണ്ടാവുകയുള്ളൂ.കർത്താവ് നിന്നോടുകൂടെ എന്ന വാക്കു  കേൾക്കണമെങ്കിൽ  മറ്റാരും നമ്മോടുകൂടെ ഉണ്ടായിരിക്കാൻ പാടില്ല. ഇതാണ് ഉത്തമമായ പ്രാർത്ഥനയുടെ മാതൃക.  വിശുദ്ധ വിൻസെൻറ് ഫെറർ പറയുന്നതു   ദൈവാലയത്തിൽ പോകാനല്ലാതെ  മറ്റു കാര്യങ്ങൾക്കൊന്നിനും തന്നെ മറിയം തൻറെ  വാസസ്ഥലം  വിട്ടുപോയിരുന്നില്ല എന്നാണ്. ദൈവാലയത്തിൽ പോകുമ്പോഴാകട്ടെ തൻറെ ഏകാഗ്രതയ്ക്കു ഭംഗം വരാതിരിക്കാനായി അവൾ  തൻറെ ദൃഷികൾ താഴേയ്ക്കു മാത്രം പതിപ്പിച്ചുകൊണ്ടാണു  നടന്നിരുന്നത്. കണ്ണുകൾ താഴേയ്ക്കു  പതിക്കുമ്പോൾ മാത്രമേ ആത്മാവ് മുകളിലേക്കുയരുകയുള്ളൂ  എന്നതാണല്ലോ പ്രാർത്ഥനയുടെ വിജയരഹസ്യം.

എലിസബത്തിനെ  സന്ദർശിക്കാൻ തിടുക്കത്തിൽ പോയതിനെക്കുറിച്ചു  ധ്യാനിക്കുമ്പോൾ വിശുദ്ധ അംബ്രോസ് പറയുന്നത് അവൾ അങ്ങനെ തിടുക്കപ്പെട്ടത്  എലിസബത്തിൻറെ പക്കൽ എത്രയും പെട്ടെന്ന് എത്താനുള്ള ആഗ്രഹത്തെക്കാളുപരി  മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാതെയും ലോകവ്യാപാരങ്ങളെ ഒഴിവാക്കിക്കൊണ്ടും ആ യാത്ര പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു എന്നാണ്. കൊടുങ്കാറ്റിലും  ഭൂകമ്പത്തിലും  അഗ്നിയിലും  കണ്ടെത്താൻ കഴിയാത്ത കർത്താവിനെ  ഏലിയാ പ്രവാചകൻ കണ്ടെത്തിയത്  ഒരു മൃദുസ്വരത്തിലായിരുന്നുവല്ലോ  (1  രാജാ 19:11-12).  അതു പോലെ ഹൃദയത്തിൻറെ ഏകാന്തതയിലെ  മൃദുസ്വരമായിട്ടാണ് ദൈവം മറിയത്തോടും  സംസാരിച്ചത്. അങ്ങനെ ദൈവം പറഞ്ഞതത്രയും  മറിയം ഹൃദയത്തിൽ സംഗ്രഹിച്ചുവയ്ക്കുകയും ചെയ്തു.

സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനെ പ്രസവിച്ച സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയതായി നാം വെളിപാട് പുസ്തകത്തിൽ വായിക്കുന്നുണ്ട്. മരുഭൂമി ഏകാന്തതയുടെ സ്ഥലമാണ്.  അവിടെ  ആയിരത്തിയിരുനൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം ഒരു സ്ഥലം സജ്ജമാക്കിയിരുന്നു എന്ന തിരുവചനം  (വെളി  12:5-6) ആഴത്തിൽ ധ്യാനിക്കേണ്ട നാളുകളിലാണു  നാം ജീവിക്കുന്നത്. മരുഭൂമി അനുഭവങ്ങളിലും നിരന്തര  പ്രാർഥനയിൽ നിലനിൽക്കുക എന്ന പുണ്യത്തിനായി നമുക്കു  പരിശുദ്ധ അമ്മയോടു പ്രാർഥിക്കാം. 

(5) പരിശുദ്ധമറിയത്തിൻറെ സ്വയം പരിത്യാഗം

ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും ( യോഹ 12:24). തന്നോടുതന്നെ മരിക്കാനും ആ മരണത്തിലൂടെ അനേകർക്കു ജീവൻ നല്കാനുമായി വിളിക്കപ്പെട്ടിരിക്കുന്നവനാണ് ക്രിസ്ത്യാനി. അതിനുള്ള മാതൃക യേശു തന്നെയാണ്. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും വേണ്ടിയാണല്ലോ (മത്തായി 20:28) അവൻ ലോകത്തിലേക്കു വന്നതുതന്നെ.

തനിക്കുള്ളതെല്ലാം പരിത്യജിക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വേദനാജനകമാണ്. ത്യജിക്കേണ്ട വസ്തുവുമായി നമുക്കുള്ള വൈകാരികബന്ധം ഏറും തോറും പരിത്യാഗം കൂടുതൽ ബുദ്ധിമുട്ടുള്ളതാകുന്നു. സർവസംഗപരിത്യാഗി എന്നൊക്കെ നാം വളരെ നിസാരമായി പറഞ്ഞുപോകുന്ന വാക്കാണ്. ഈ ലോകവുമായുള്ള സർവ സംഗവും (എല്ലാ അറ്റാച്ച്മെൻറും) സ്വമേധയാ വെടിയുന്ന ആളെ വിളിക്കുന്ന പേരാണു സർവസംഗപരിത്യാഗി. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല (യോഹ 15:13) എന്നു പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ അതു തെളിയിക്കുകയും ചെയ്ത നമ്മുടെ കർത്താവ് കുരിശുമരണത്തിലൂടെ നമുക്കു രക്ഷ നേടിത്തന്നു.

സ്വമേധയാ നിലത്തു വീണഴിഞ്ഞ് വളരെയധികം ഫലം പുറപ്പെടുവിച്ച ഗോതമ്പുമണിയായിരുന്നു പരിശുദ്ധ കന്യക. തന്നോടുതന്നെ മരിച്ച് പുണ്യപൂർണതയിലേക്കു പ്രയാണം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുകരണാർഹമായ മാതൃകയും മറിയം തന്നെ. നമ്മുടെ അഹന്തയെ നിഹനിക്കുന്നതിലാണ് യഥാർഥ പരിത്യാഗം അടങ്ങിയിരിക്കുന്നത്. അതിൻറെ പരകോടിയിലാണു നാം യഥാർത്ഥ ദൈവാനുഭവത്തിലേക്കുയരുന്നത്. തൻറെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തൻറെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവിതത്തിലേക്ക് അതിനെ കാത്തുസൂക്ഷിക്കും (യോഹ 12:25) എന്ന തൻറെ തിരുക്കുമാരൻറെ വചനം ഹൃദയത്തിൽ ഏറ്റെടുത്ത മറിയം ആത്മപരിത്യാഗത്തിൻറെ ഉത്തമ നിദർശനമായി നിലകൊള്ളുന്നു. അനുദിനമുള്ള മരണം എന്നാൽ അനുദിനമുള്ള കുരിശു ചുമക്കലാണ്. യഥാർഥ മരിയ ഭക്തി എന്ന വിശിഷ്ടഗ്രന്ഥത്തിൽ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് ഇതിനെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്. നാം കാണുന്നത് കാണാതിരുന്നാലെന്നപോലെയും മനസിലാക്കുന്നത് മനസിലാകാതിരുന്നാലെന്നതുപോലെയും ഭൗതികവസ്തുക്കൾ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാലെന്നപോലെയുമായിരിക്കണം.

പൗലോസ് ശ്ലീഹാ ഇതിനെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക. ഇനിമേൽ ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും ആഹ്ളാദിക്കുന്നവർ ആഹ്ളാദിക്കാത്തവരെപ്പോലെയും വാങ്ങുന്നവർ ഒന്നും കൈവശമില്ലാത്തവരെപ്പോലെയും ലോകകാര്യങ്ങളിൽ ഇടപെടുന്നവർ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ (1 കൊറി 7:29-31). പരിത്യാഗത്തിൻറെ യഥാർഥ മൂല്യം അടങ്ങിയിരിക്കുന്നത് ദരിദ്രനായിരിക്കുന്നതിലല്ല, ധനികനായിരിക്കേ തന്നെ മനസുകൊണ്ടു ദരിദ്രനായിരിക്കുന്നതിലാണ്.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ (മത്തായി 5:3)എന്ന ഗുരുവചനം നമുക്കോർക്കാം. ‘സർവസമ്പത്തും ജഗത്തിൽ വിതയ്ക്കുന്ന ദിവ്യമായ കരങ്ങളുടെ ഉടമയായ യേശു’ (വള്ളത്തോളിൻറെ മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യത്തിൽ നിന്ന്) എന്ന അനശ്വരനിക്ഷേപം തൻറെ പക്കൽ ഉണ്ടായിരുന്നതിനാൽ മറിയം ലോകത്തിലെ മറ്റെല്ലാ മനുഷ്യരെയുംകാൾ സമ്പന്നയായിരുന്നു എന്നു പറയാം. എന്നാൽ അവൾ തനിക്കുള്ളതൊന്നും തന്നെ സ്വന്തമെന്നു കരുതിയില്ല. മറിച്ച് ആത്മാവിൽ ദാരിദ്ര്യം അഭ്യസിക്കുകയും താൻ നേടിയെടുത്ത പുണ്യയോഗ്യതകൾ ഒന്നൊഴിയാതെ എല്ലാം തൻറെ മക്കളുടെ നന്മയ്ക്കായി സമർപ്പിക്കുകയും ചെയ്തു. നാം മറിയത്തിൻറെ വിമലഹൃദയത്തിനു നമ്മെ പ്രതിഷ്ഠിക്കുന്നത് ഇപ്രകാരം മറിയം സ്വന്തമാക്കിയ കൃപയുടെയും പുണ്യങ്ങളുടെയും ഒരു പങ്കു ലഭിക്കാൻ വേണ്ടിയാണല്ലോ.

ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പൗരസ്ത്യദേശത്തുനിന്നു വന്ന മൂന്നു ജ്ഞാനികൾ കാഴ്ചവച്ചതു സ്വർണവും മീറയും കുന്തിരിക്കവുമായിരുന്നു. വിശിഷ്ടവും വിലയേറിയതുമായ ആ സമ്മാനങ്ങൾക്കു പിന്നീടെന്തു സംഭവിച്ചു എന്നു ചിന്തിക്കുന്നതു നല്ലതാണ്. കാരണം ദൈവാലയത്തിലെ കാഴ്ചവയ്പ്പു വേളയിൽ ജോസഫും മറിയവും തങ്ങളുടെ കുഞ്ഞിനായി സമർപ്പിച്ചതു നിർദേശിക്കപ്പെട്ടിരുന്നവയിൽ വച്ച് ഏറ്റവും വില കുറഞ്ഞ വസ്തുക്കളായിരുന്നു. അല്പമെങ്കിലും സാമ്പത്തികസ്ഥിതിയുള്ളവർ ഒരു ആട്ടിൻകുഞ്ഞിനെ നല്കിപ്പോന്നപ്പോൾ യേശുവിനു വേണ്ടി സമർപ്പിക്കപ്പെട്ടതു രണ്ടു പ്രാവിൻകുഞ്ഞുങ്ങളായിരുന്നു! ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണല്ലോ. വിശുദ്ധ ഫിലിപ്പ് നേരി പറയുന്നതു സമ്പത്തിനെ സ്നേഹിക്കുന്നവൻ ഒരിക്കലും വിശുദ്ധനാവുകയില്ല എന്നാണ് . എന്നാൽ ദാരിദ്ര്യമാകട്ടെ എല്ലാ നിധികളും അടങ്ങിയിരിക്കുന്ന മഹാ പുണ്യമത്രേ. ആത്മീയനിധികൾ നേടാനായി ലൗകികസമ്പത്തിനെ പരിത്യജിച്ച മറിയം നമുക്ക് നല്ലൊരു മാതൃകയാണ്.

പരിത്യാഗം എന്നതിൻറെ അർഥം ദരിദ്രനായിരിക്കുക എന്നതുമാത്രമല്ല ദാരിദ്ര്യത്തെ സ്നേഹിക്കുന്നതും കൂടിയാണ്. അർഹതപ്പെട്ടത്‌വേണ്ടെന്നുവയ്ക്കുന്നതാണല്ലോ പരിത്യാഗം. യേശു ഒരു വീട്ടിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ അവനെ കാണാനായി എത്തിയ പരിശുദ്ധ അമ്മ പുറത്തു കാത്തുനിന്ന സംഭവത്തെ സുവിശേഷകന്മാർ വിവരിക്കുന്നുണ്ടല്ലോ. അനേകം ജനങ്ങളുടെ മധ്യത്തിൽ ബഹുമാനിതനായി നിൽക്കുന്ന തൻറെ മകൻറെ അടുത്തേക്കു നേരെ കടന്നുചെല്ലാൻ മറിയത്തിന് അവൻറെ അമ്മ എന്ന സ്ഥാനം മാത്രം മതിയായിരുന്നു. എന്നാൽ അമ്മ ആ അധികാരം സ്വയം പരിത്യജിച്ചുകൊണ്ട് മകനെ കാണാനായി പുറത്തു നിൽക്കുകയാണ് ചെയ്യുന്നത്!

ചെറുപ്പം മുതലേ ഈ ലോകത്തിലെ വസ്തുക്കളൊന്നും സ്വന്തമാക്കരുതെന്നു താൻ തീരുമാനമെടുത്തുവെന്നും അതുകൊണ്ടു തനിക്കു നേടിയെടുക്കാമായിരുന്നതൊക്കെയും താൻ ദരിദ്രർക്കായി മാറ്റിവച്ചു എന്നും പരിശുദ്ധ മറിയം ഒരു വിശുദ്ധയ്‌ക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നതായി വിശുദ്ധ അൽഫോൺസ് ലിഗോരിയുടെ ‘ മറിയത്തിൻറെ മഹത്വകീർത്തനങ്ങൾ’ എന്ന ഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട് (പേജ് 387). ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിൻറെ സ്നേഹം അവനിൽ ഉണ്ടായിരിക്കില്ല (1 യോഹ 2:15) എന്നെഴുതിയ യോഹന്നാൻ പരിശുദ്ധ അമ്മയെ സ്വഭവനത്തിൽ സ്വന്തം അമ്മയായി സ്വീകരിച്ച വ്യക്തിയായിരുന്നു . ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ സ്നേഹിക്കാതെ എങ്ങനെ ഒരാൾക്കു ലോകത്തിൽ ജീവിക്കാം എന്നു നാം പഠിക്കുന്നതു മറിയത്തിൽ നിന്നാണ്. ലോകത്തിൽ ആയിരിക്കുമ്പോൾ തന്നെ ലോകവുമായി സുരക്ഷിതമായ ഒരകലം പാലിക്കുക എന്നത് ആത്മീയജീവിതത്തിൻറെ അടിസ്ഥാനപാഠമാണ്. ലോകവുമായി നാം സൂക്ഷിക്കുന്ന അകലം ഏറുന്തോറും നമ്മുടെ പരിത്യാഗത്തിൻറെ മൂല്യവും ഉയരും. മറിയം ലോകത്തിൽ നിന്നു തനിക്ക് ഏറ്റവും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ.

മൂന്ന് തരത്തിലുള്ള പരിത്യാഗത്തെക്കുറിച്ച് ഈശോ പഠിപ്പിക്കുന്നുണ്ടല്ലോ. വസ്തുവകകൾ, വ്യക്തികൾ, ഇവയോടുള്ള ബന്ധത്തിലും തന്നോടുതന്നെയുള്ള ബന്ധത്തിലുമാണ് ഈ മൂന്നു പരിത്യാഗങ്ങൾ നടത്തേണ്ടത്.
വസ്തുവകകളെ സംബന്ധിച്ചിടത്തോളം ‘തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എൻറെ ശിഷ്യനാവുക സാധ്യമല്ല’ ( ലൂക്കാ 14:33) എന്ന് ഈശോ പറഞ്ഞു. വ്യക്തികളെയും തന്നെത്തന്നേയും സംബന്ധിച്ചിടത്തോളം ‘സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എൻറെ അടുത്തുവരുന്ന ആർക്കും എൻറെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല’ (ലൂക്കാ 14:26) എന്നും അവിടുന്ന് പറഞ്ഞു. തൻറെ പുത്രൻ പഠിപ്പിച്ച പരിത്യാഗത്തിൻറെ മൂന്നു വഴികളും അതിൻറെ പൂർണതയിൽ മറിയം അഭ്യസിച്ചിരുന്നു. തനിക്കു ലാഭമായിരുന്ന എല്ലാറ്റിനെയും ക്രിസ്തുവിനെപ്രതി നഷ്ടമായി കണക്കാക്കിയ മറിയത്തിൻറെ മാതൃക തന്നെയല്ലേ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ (ഫിലിപ്പി 3:6-7) പരാമർശിക്കുന്നതും?

സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്‌കരം (അപ്പ. 20:35) എന്ന തിരുവചനത്തിൻറെ ഉൾപ്പൊരുൾ മനസ്സിലാക്കിക്കൊണ്ട് പരിത്യാഗത്തിൻറെ അരൂപിയിൽ വളരാനുള്ള കൃപയ്ക്കായി നമുക്കു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർഥിക്കാം.

(6)പരിശുദ്ധമറിയത്തിൻറെ സ്നേഹം


വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു. എന്നാൽ സ്നേഹമാണു സർവോത്കൃഷ്ടം (1കൊറി 13:13). അത്രമേൽ ശ്രേഷ്ഠമായ സ്നേഹം എന്ന പുണ്യത്തിൽ പൂർണ വളർച്ച പ്രാപിച്ചവളായിരുന്നു പരിശുദ്ധ മറിയം. അതുകൊണ്ട് അവളുടെ സ്നേഹത്തെ അമേയമായ സ്നേഹം എന്നാണു വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് വിശേഷിപ്പിക്കുന്നത്. മറിയത്തിൻറെ സ്നേഹം അളവുകൾക്കും അപ്പുറത്തായിരുന്നു. അഥവാ നമ്മുടെ ഒരളവുകോലും അവളുടെ സ്നേഹത്തെ അളക്കാൻ പര്യാപ്തമല്ല. യേശുവിനെ ഒറ്റിക്കൊടുത്തതിനുശേഷം യൂദാസ് നിരാശനായി അലഞ്ഞുനടക്കുമ്പോൾ അവനെ തിരികെ വിളിക്കാനും യേശു അവനോടു ക്ഷമിക്കുമെന്നു പറയാനും പരിശുദ്ധ അമ്മ തയ്യാറായി എന്നു മരിയ വാൾതോർത്തയുടെ ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ വിവരിക്കുന്നുണ്ട്. സ്വന്തം മകനെ ഒറ്റിക്കൊടുത്ത ശിഷ്യനെപ്പോലും ഒഴിവാക്കാത്ത ആ സ്നേഹത്തെ അമേയമായ സ്നേഹം എന്നല്ലാതെ മറ്റെന്താണു വിളിക്കുക?


യേശുവിനെ തള്ളിപ്പറഞ്ഞത്തിൻറെ വിഷമത്തിൽ ശിഷ്യന്മാർക്കു മുഖം കൊടുക്കാതെ മാറി നടന്ന പത്രോസിനെ തിരികെ വിളിച്ചതും മറിയമായിരുന്നു. ഒരുപക്ഷേ മറിയത്തിൻറെ സ്നേഹം മുഴുവൻ നുകരാൻ സാധിച്ചത് അപ്പസ്തോലനായ യോഹന്നാനായിരുന്നു. ഇതാ നിൻറെ അമ്മ എന്ന വചനം ശ്രവിച്ചപ്പോൾ തന്നെ അവൻ മറിയത്തെ തൻറെ അമ്മയായി തെരഞ്ഞെടുത്തു. പിന്നീടങ്ങോട്ട് അമ്മയുടെ മരണം വരെ അമ്മയുടെ സ്നേഹം അനുഭവിച്ചും അമ്മയെ സ്നേഹിച്ചും യോഹന്നാൻ ജീവിച്ചു. മറിയത്തിൻറെ മരണത്തിനുശേഷമായിരിക്കണം യോഹന്നാൻ സുവിശേഷം എഴുതിയത്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എൻറെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’ (യോഹ. 13:34-35).


യേശുവിൻറെ പ്രഥമശിഷ്യ തീർച്ചയായും പരിശുദ്ധമറിയം തന്നെയായിരുന്നു. തൻറെ എളിമയിൽ അവൾ യേശുവിൻറെ ശിഷ്യന്മാരിൽ കവിഞ്ഞ ഒരു സ്ഥാനവും ആഗ്രഹിച്ചില്ല. അതുകൊണ്ടാണല്ലോ അവൾ സെഹിയോൻ മാളികയിൽ ശിഷ്യന്മാരോടൊപ്പം പ്രാർത്ഥനയിലായിരുന്നത്‌. യേശുവിൻറെ ശിഷ്യയാകാനുള്ള ഒരേയൊരു പരീക്ഷയിൽ – മറ്റുളളവരെ സ്നേഹിക്കുക എന്നതിൽ – മറിയം അതിനകം തന്നെ വിജയിച്ചുകഴിഞ്ഞിരുന്നു.
പത്തു പ്രമാണങ്ങൾ ചുരുക്കിയെഴുതുമ്പോൾ അതു ദൈവസ്നേഹവും പരസ്നേഹവുമായി മാറുന്നു. സ്നേഹത്തിൻറെ ഈ രണ്ടു തലങ്ങളിലും മറിയാം അദ്വിതീയയായിരുന്നു. പാരമ്പര്യം പറയുന്നതു രക്ഷകൻറെ ജനനം സമീപിച്ചിരിക്കുന്നു എന്നറിഞ്ഞിരുന്ന യഹൂദജനം തങ്ങളുടെ പെൺമക്കളെ രക്ഷകൻറെ അമ്മയാകാനായി പ്രാർത്ഥനയിലും സുകൃതജീവിതത്തിലും പരിശീലിപ്പിച്ചിരുന്നു എന്നാണ്. മറിയവും അതിൽ നിന്നു വ്യത്യസ്തയായിരുന്നില്ല. എന്നാൽ മറിയത്തെ സംബന്ധിച്ചിടത്തോളം ദൈവസ്നേഹത്തിൽ അഭിവൃദ്ധിപ്പെടാൻ വേറെ രണ്ടു കാരണങ്ങൾ കൂടി ഉണ്ടായിരുന്നു. അന്ന – ജോവാക്കിം ദമ്പതികൾക്കു വാർധക്യത്തിൽ ജനിച്ച കുഞ്ഞായിരുന്നല്ലോ മറിയം. അന്നയും ജോവാക്കിമും വിശുദ്ധരായിരുന്നു. അവരിൽ നിന്നു ദൈവസ്നേഹത്തിൻറെയും ദൈവാനുഭവത്തിൻറെയും ബാലപാഠങ്ങൾ മറിയം അഭ്യസിച്ചിരുന്നു. രണ്ടാമത്തെ കാരണം നന്നേ ചെറുപ്പത്തിൽ തന്നെ അവൾ ദൈവശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ടിരുന്നു എന്നതാണ്.


സ്നേഹം സ്നേഹമാകുന്നത് അതു നമ്മുടെ ധാരണയെ അതിശയിക്കുമ്പോഴാണ്. സ്നേഹം ഒരിക്കലൂം അവസാനിക്കുന്നില്ല എന്നും സ്നേഹം സകലത്തെയും അതിജീവിക്കുന്നു എന്നും (1 കൊറി 13:7-8) വിശുദ്ധഗ്രന്ഥം പറയുന്നു. സ്വാർഥം അന്വേഷിക്കാത്ത (1 കൊറി 13:5) സ്നേഹമായിരുന്നല്ലോ മറിയത്തെ തൻറെ ഗർഭക്ലേശങ്ങൾക്കിടയിലും എലിസബത്തിൻറെ പക്കലേക്ക് ക്ലേശകരമായ ഒരു യാത്ര നടത്താനും മൂന്നു മാസം അവൾക്കു ശുശ്രൂഷ ചെയ്യാനും പ്രേരിപ്പിച്ചത്. സകലതും സഹിക്കുകയും സകലതും വിശ്വസിക്കുകയും സകലതും പ്രത്യാശിക്കുകയും ചെയ്യുന്ന സ്നേഹത്തിൻറെ മുകൾത്തട്ടിൽ നിന്നുകൊണ്ടാണ് അതുവരെയും കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യം പറഞ്ഞ ദൈവദൂതനോട് നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ എന്നു മറിയം മറുപടി പറഞ്ഞത്. മറിയം അത്രമാത്രം ദൈവത്തെ സ്നേഹിച്ചിരുന്നു. ദൈവത്തെപ്രതി എല്ലാം സഹിക്കാനും ദൈവം പറയുന്നത് എല്ലാം വിശ്വസിക്കാനും ദൈവം വാഗ്ദാനം ചെയ്യുന്നത് എല്ലാം പ്രത്യാശയോടെ കാത്തിരിക്കാനും മറിയത്തെ പ്രാപ്തയാക്കിയത് ഈ ദൈവസ്നേഹമായിരുന്നു.


സ്നേഹത്തിൻറെ വലിയൊരു ഗുണം സ്നേഹമുള്ളവർ ആത്മപ്രശംസ ചെയ്യുകയില്ല എന്നതാണ് ( 1 കൊറി 13:7-4). തനിക്ക് അഭിമാനിക്കാൻ അനേകം കാര്യങ്ങൾ ഉണ്ടായിരിക്കേ അതിലൊന്നിനെക്കുറിച്ചെങ്കിലും മറിയം ആത്മപ്രശംസ ചെയ്തതായി നാം വായിക്കുന്നില്ല. അവൾ സ്വയം പുകഴ്ത്തിയ ഒരേയൊരു കാര്യം അവളുടെ താഴ്മയായിരുന്നു. അവിടുന്നു തൻറെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു’ (ലൂക്കാ 1:48). എനിക്കു പ്രശംസിക്കണമെന്നുണ്ടെകിൽ എൻറെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാൻ പ്രശംസിക്കുക ( 2 കൊറി 11:30) എന്നതായിരിക്കണം ശരിയായ ക്രിസ്തീയമനോഭാവം. അനന്തമായ ദൈവസ്നേഹത്തിൻറെ മുൻപിൽ നിൽക്കുമ്പോഴാണു നമ്മുടെ ബലഹീനതകളെക്കുറിച്ചു നമുക്കു കൃത്യമായ ബോധ്യം വരുന്നത്. അമലോത്ഭവയും പാപരഹിതയും ആയിരുന്നിട്ടും ദൈവസന്നിധിയിൽ താൻ എത്രയോ നിസ്സാരയാണെന്നു മറിയം മനസിലാക്കിയിരുന്നു. അതുകൊണ്ട് അവൾ തന്നെത്തന്നെ പരിചയപ്പെടുത്തുന്നതു കർത്താവിൻറെ ദാസി എന്നാണ്.


നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ (റോമാ 12:9). പരിശുദ്ധ അമ്മയ്ക്കു ജോസഫിനോടുള്ള സ്നേഹം നിഷ്കളങ്കമായിരുന്നു എന്നു മാത്രമല്ല അത് ആദരവും ബഹുമാനവും നിറഞ്ഞതുമായിരുന്നു. ദൈവാലയത്തിൽ വച്ചു കാണാതായ യേശുവിനെ തിരക്കിവന്നപ്പോൾ മറിയം യേശുവിനോടു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. ‘നിൻറെ പിതാവും ഞാനും ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു (ലൂക്കാ 2:48). ഞാനും നിൻറെ പിതാവും എന്നല്ല, നിൻറെ പിതാവും ഞാനും എന്നാണു മറിയം പറയുന്നത്. സ്നേഹത്തിൻറെ സ്വാഭാവികമായ ഫലമാണു പരസ്പരബഹുമാനം. നിങ്ങൾ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിൻ. പരസ്പരം സ്നേഹിക്കുന്നതിൽ ഓരോരുത്തരും മുന്നിട്ടുനിൽക്കുവിൻ’ ( റോമാ 12:10).


സ്നേഹം ഒരിക്കലും തനിയെ കാണപ്പെടുന്ന ഒരു പുണ്യമല്ല. സ്നേഹമുള്ളിടത്ത് എളിമയും വിശ്വസ്തതയും വിശുദ്ധിയും അനുസരണവും ഉണ്ടാകും. മറിയം ഈ പുണ്യങ്ങളിൽ എല്ലാം പൂർണത പ്രാപിച്ചവളായിരുന്നുവല്ലോ. ലോകസ്നേഹം ഇല്ലാത്ത ഹൃദയങ്ങളിൽ മാത്രമേ ദൈവസ്നേഹത്തിനു നിറയാനുള്ള ഇടം കിട്ടുകയുള്ളൂ എന്നത് സത്യം. തൻറെ ഹൃദയത്തെ സ്നേഹം കൊണ്ടു മാത്രം നിറച്ച മറിയത്തെ വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് വിളിക്കുന്നതു സ്നേഹത്തിൻറെ രാജ്ഞി എന്നാണ്. ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ അതു പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണ ഹൃദയത്തോടും സർവശക്തിയോടും കൂടിയായിരിക്കണം. സ്നേഹത്തിൽ പൂർണത കൈവരിക്കുക എന്നതു മനുഷ്യർക്ക് എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല. എന്നാൽ മനുഷ്യനു സാധിക്കാത്ത ഒരു കാര്യം ദൈവം കല്പനയായി മനുഷ്യർക്കു നൽകുമെന്നു കരുതുന്നതും ശരിയല്ല. പ്രമാണം അനുശാസിക്കുന്ന തരത്തിൽ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസോടും സർവശക്തിയോടും കൂടെ ഈ ലോകത്തിൽ ദൈവത്തെ സ്നേഹിച്ച ഒരു വ്യക്തിയെ നമുക്കറിയാമെങ്കിൽ അതു പരിശുദ്ധ മറിയമാണ്.


മറിയത്തിൻറെ ഹൃദയത്തെ ഭേദിക്കാനിരിക്കുന്ന വാളിനെക്കുറിച്ചുള്ള ശെമയോൻറെ പ്രവചനത്തെക്കുറിച്ചു വിശുദ്ധ ബെർണാർഡ് പറയുന്നതു ദൈവസ്നേഹം അവളുടെ ആത്മാവിൽ മുറിവേൽപ്പിക്കാത്ത ഒരു ഭാഗം പോലും അവശേഷിപ്പിക്കാത്ത വിധത്തിൽ അത്യധികമായി തുളച്ചുകയറി മുറിവേൽപ്പിച്ചു എന്നാണ്. ലോകത്തോടും ലോകവസ്തുക്കളോടുമുള്ള സ്നേഹത്തിൽ നിന്നു പൂർണമായി മുക്‌തമായ ഒരാത്മാവിനു മാത്രമേ ഇപ്രകാരം ദൈവസ്‌നേഹത്താൽ സ്വയം മുറിവേൽപ്പിക്കപ്പെടാനുള്ള യോഗ്യത ലഭിക്കുകയുള്ളൂ.


പല വിശുദ്ധരും അഭിപ്രായപ്പെടുന്നതു സാധാരണ മനുഷ്യരിൽ നിന്നു വ്യത്യസ്തമായി നിദ്രാവേളകളിൽ പോലും മറിയം തൻറെ ആത്മാവിൽ ദൈവസ്നേഹപ്രകരണങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു എന്നാണ്. ആദിമാതാപിതാക്കൾക്ക് ദൈവം കൊടുത്ത സൗഭാഗ്യമായിരുന്നല്ലോ എപ്പോഴും ദൈവസാന്നിധ്യം അനുഭവിക്കുക എന്നത്. ആ സൗഭാഗ്യം തൻറെ പ്രിയപുത്രൻറെ മാതാവായി തെരഞ്ഞെടുക്കപ്പെട്ട മറിയത്തിനും ദൈവം അനുവദിക്കാതിരിക്കുമോ എന്നാണു വിശുദ്ധ ആഗസ്തീനോസ് ചോദിക്കുന്നത്. നിരന്തരമായ ആ ദൈവസാന്നിധ്യത്തിൻറെ കാരണവും പ്രതിഫലനവും പ്രകടനവും ഫലവും ദൈവസ്നേഹമല്ലാതെ മറ്റെന്താണ്!


ദൈവസ്നേഹവും പരസ്നേഹവും ഒരേ നാണയത്തിൻറെ രണ്ടു വശങ്ങളാണ്. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ കള്ളമാണു പറയുന്നത് (1 യോഹ 4:20) എന്നു തിരുവചനം പറയുന്നു. ദൈവത്തെ സ്നേഹിക്കുകയെന്നാൽ ദൈവം സ്നേഹിക്കുന്നവരെ എല്ലാം സ്നേഹിക്കുക എന്നാണർഥം. ദൈവം എല്ലാ മനുഷ്യരെയും ഒന്നുപോലെ സ്നേഹിക്കുന്നു എന്നതിൽ സംശയമില്ലല്ലോ. അതുകൊണ്ടു ദൈവസ്നേഹം ഉണ്ടെങ്കിൽ ആ വ്യക്തിയിൽ സ്വാഭാവികമായും പരസ്‌നേഹം ഉണ്ടാകും. മറിയം ദൈവത്തെ സ്നേഹിച്ചതുപോലെ ആരും ദൈവത്തെ സ്നേഹിച്ചിട്ടില്ലെങ്കിൽ മറിയം സ്നേഹിച്ചതുപോലെ ആരും അയൽക്കാരെയും സ്നേഹിച്ചിട്ടുണ്ടാകില്ല. ദൈവമനുഷ്യൻറെ സ്നേഹഗീതയിലും അനേകം വിശുദ്ധർക്കു കൊടുത്തിട്ടുള്ള ദർശനങ്ങളിലും മറിയം ജീവിതകാലത്തു ചെയ്ത ഉപവിപ്രവൃത്തികളെക്കുറിച്ചു വെളിപ്പെടുത്തിയിട്ടുണ്ട്. കാനായിലെ കല്യാണവീട്ടിൽ വീഞ്ഞ് തീർന്നുപോയെന്നറിഞ്ഞ് അക്കാര്യം തൻറെ പുത്രനോടു പറഞ്ഞതുതന്നെ പരസ്നേഹത്തിൻറെ വലിയൊരു പ്രവൃത്തിയായിരുന്നല്ലോ.


തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു (യോഹ 3:16) എന്ന തിരുവചനത്തെ മറിയവുമായി ബന്ധപ്പെടുത്തി ധ്യാനിച്ചുകൊണ്ട് വിശുദ്ധ ബൊനവെഞ്ചർ പറയുന്നതു പരിശുദ്ധ മറിയം തൻറെ ഏകജാതനെ നൽകുവാൻ തക്കവിധം ലോകത്തെ അത്രമേൽ സ്നേഹിച്ചു എന്നാണ്. ആ സ്നേഹം നിഷ്കളങ്കവും ഉപാധികളില്ലാത്തതും പ്രതിഫലം ആഗ്രഹിക്കാത്തതുമായിരുന്നു. ആ സ്നേഹമാണു സകല മനുഷ്യർക്കും വേണ്ടിയുള്ള സന്തോഷത്തിൻറെ സദ്വാർത്തയായ യേശുവിനെ ഈ ലോകത്തിലേക്കു കൊണ്ടുവന്നത്. മറിയം നമ്മെ എത്രയധികമായി സ്നേഹിച്ചു എന്നതിന് ഇനിയും വേറെ തെളിവു വേണ്ടല്ലോ.
ഇന്നു പരിശുദ്ധ അമ്മ നമ്മോടു പറയുന്നത് അമ്മ സ്നേഹിച്ചതുപോലെ ദൈവത്തെ സ്നേഹിക്കാൻ നമുക്കു സാധിച്ചില്ലെങ്കിൽ അതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിച്ചുതുടങ്ങാനാണ്. നമ്മുടെ ആ ആഗ്രഹത്തിനു സ്വർഗം പ്രതിഫലം തരും. ദൈവസ്നേഹത്താലും പരസ്നേഹത്താലും നിറയപ്പെടാനുള്ള കൃപയ്ക്കായി പരിശുദ്ധ കന്യകാമറിയത്തിൻറെ മാധ്യസ്ഥം തേടി നമുക്കു പ്രാർഥിക്കാം.

(7) പരിശുദ്ധമറിയത്തിൻറെ  ക്ഷമ

അവസാനം വരെ സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും (മത്തായി 24:13)  എന്നതു  കർത്താവു യുഗാന്ത്യകാലത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ  നൽകുന്ന പ്രബോധനമാണ്.  സഹനശീലവും  ദീർഘക്ഷമയും  അല്പനേരത്തേക്കു മാത്രം അഭ്യസിക്കേണ്ട പുണ്യങ്ങളല്ല.  ജീവിതാന്ത്യം വരെയും  നിലനിർത്തേണ്ടതും വളർത്തിയെടുക്കേണ്ടതുമായ ഗുണങ്ങളാണ്.  അസീസിയിലെ  വിശുദ്ധ ഫ്രാൻസിസിനെ ജനങ്ങൾ വിശുദ്ധൻ എന്നു  വിളിക്കാൻ തുടങ്ങിയപ്പോൾ  അദ്ദേഹം അവരോട് അപേക്ഷിച്ചത് തന്നെ ഒരിക്കലും അങ്ങനെ വിളിക്കരുതേ  എന്നാണ്. അതിനു കാരണമായി അദ്ദേഹം പറഞ്ഞതു   നിത്യരക്ഷ അപകടത്തിലാക്കാൻ  കാരണമായേക്കാവുന്ന പാപങ്ങൾ ചെയ്യാൻ തനിക്ക് ഇനിയും അവസരമുണ്ട് എന്നതായിരുന്നു. മരണനിമിഷം വരെയും ഒരാളെ ഭാഗ്യവാൻ എന്നു  വിളിക്കരുത് എന്നു പറയുന്നതിൻറെ അർഥവും ഇതുതന്നെയാണ്.   നമ്മുടെ ആദ്യവിശ്വാസത്തെ അവസാനം വരെ മുറുകെപ്പിടിക്കുമെങ്കിൽ മാത്രമേ  നാം ക്രിസ്തുവിൽ പങ്കുകാരാവുകയുള്ളൂ (ഹെബ്രാ 3:14) എന്ന തിരുവചനം  വിരൽ ചൂണ്ടുന്നതും  ദീർഘക്ഷമയോടെയുള്ള വിശ്വാസജീവിതത്തിൻറെ അനിവാര്യതയിലേക്കാണ്. ആദ്യ വിശ്വാസത്തെ അവസാനം വരെ  മുറുകെപ്പിടിക്കണമെങ്കിൽ അസാധാരണമായ ക്ഷമ  വേണം.  ഈ  പാപം അവരുടെ മേൽ ആരോപിക്കരുത് എന്നു  കർത്താവിനോട്  ആവശ്യപ്പെടാൻ സ്തെഫനോസിനെ  ശക്‌തനാക്കിയത്  തൻറെ ആദ്യവിശ്വാസത്തെ ക്ഷമയാക്കി രൂപാന്തരപ്പെടുത്തിയതും അത്  അവസാനം വരെ കാത്തുസൂക്ഷിച്ചതുമായിരുന്നു.

കോപം എന്ന മൂലപാപത്തിനെതിരെയുള്ള  പുണ്യമാണു  ക്ഷമ എന്നു തിരുസഭ പഠിപ്പിക്കുന്നു. ക്ഷമ പരിശുദ്ധാത്മാവിൻറെ പന്ത്രണ്ടു ഫലങ്ങളിൽ ഒന്നുമാണ് (ഗലാ 5:23). വിശുദ്ധരുടെ ജീവിതം  പരിശോധിച്ചാൽ അവർ ഏറ്റവുമധികം  അഭ്യസിച്ചിരുന്ന പുണ്യങ്ങളിൽ ഒന്നു  ക്ഷമ ആയിരുന്നു എന്നു കാണാം. വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധ അൽഫോൻസാമ്മയും വിശുദ്ധ ഫൗസ്റ്റീനയും കുരിശിൻറെ  വിശുദ്ധ യോഹന്നാനും   ഒക്കെ അവരുടെ ജീവിതത്തിൽ പ്രകടിപ്പിച്ച ക്ഷമാശീലം നമ്മെ അത്ഭുതപ്പെടുത്തും. ഒരിക്കൽ  തങ്ങൾക്കു ലഭിച്ച പരിശുദ്ധാത്മാഭിഷേകത്തിൻറെ  ഫലമായ ക്ഷമയും മറ്റു പുണ്യങ്ങളും  അവർ ജീവിതാന്ത്യം വരെ കാത്തുസൂക്ഷിച്ചു.  മാമോദീസയിൽ എനിക്കു  ലഭിച്ച വരപ്രസാദം  ഈ നിമിഷം വരെ ഞാൻ നഷ്ടപ്പെടുത്തിയില്ല എന്ന് ആത്മവിശ്വാസത്തോടെ മരണക്കിടക്കയിൽ വച്ചു  പറഞ്ഞ ചാവറയച്ചനെയും  നമുക്കറിയാം.

ക്ഷമ എന്ന പുണ്യം അതിൻറെ പൂർണ അർഥത്തിൽ മനസിലാക്കുകയും ജീവിതത്തിൽ അത് അഭ്യസിക്കുകയും മരണനിമിഷം വരെ അതു കാത്തുസൂക്ഷിക്കുകയും ചെയ്ത  മറിയം നമുക്കൊരു വെല്ലുവിളിയും അതേസമയം പ്രചോദനവുമാണ്. മറിയം  ദൈവത്തിൻറെ വാഗ്ദാനം പ്രാപിച്ചതു  ക്ഷമാപൂർവം കാത്തിരുന്നതുകൊണ്ടാണ്.  പൂർവപിതാവായ അബ്രഹാമും   ദീർഘക്ഷമയോടെ കാത്തിരുന്നതു കൊണ്ടാണ്ടാണു   വാഗ്ദാനം പ്രാപിച്ചത് എന്നു വിശുദ്ധഗ്രന്ഥം പറയുന്നുണ്ടല്ലോ (ഹെബ്രാ  6:15). ജോബിൻറെ ദീർഘസഹനത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ (യാക്കോ. 5:11) എന്നും തിരുവചനം ഓർമ്മിപ്പിക്കുന്നു.  ദൈവനീതിയെക്കുറിച്ചും  തൻറെ സഹനത്തെക്കുറിച്ചും തികച്ചും തെറ്റായി സംസാരിച്ച മൂന്നു സുഹൃത്തുക്കൾക്കുവേണ്ടി പ്രാർഥിക്കാനാണു  ദൈവം ജോബിനോട് ആവശ്യപ്പെടുന്നത്. ഓർക്കണം; അപ്പോഴും ജോബ് രോഗത്തിൻറെ ദുരിതം അനുഭവിക്കുകയായിരുന്നു.  നിന്ദിതനും പീഡിതനും പരിത്യക്തനുമായി, ചാരത്തിൽ ഇരുന്ന് ഓട്ടു കഷണം  കൊണ്ടു  ശരീരം ചുരണ്ടിക്കൊണ്ടിരുന്ന ആ മനുഷ്യനോടാണ്  പൂർണ ആരോഗ്യവാന്മാരായ മൂന്നുപേർക്കു  വേണ്ടി പ്രാർഥിക്കാൻ  ദൈവം പറയുന്നത്.

മറിയം എല്ലാവരോടും ക്ഷമിച്ചു എന്നതു  വളരെ ലളിതവൽക്കരിക്കപ്പെട്ട ഒരു പ്രസ്താവനയാണ്.  യേശുവിൻറെ അമ്മയ്ക്കു ക്ഷമ സ്വാഭാവികമായിത്തന്നെ കിട്ടേണ്ടിയിരുന്ന ഒരു പുണ്യമായിരുന്നുവല്ലോ. അടിച്ചവർക്കു  പുറവും താടിമീശ പറിച്ചവർക്കു  കവിളുകളും  കാണിച്ചുകൊടുക്കുകയും  നിന്ദയിൽ നിന്നും തുപ്പലിൽ നിന്നും  മുഖം തിരിക്കാതിരിക്കുകയും ചെയ്ത (ഏശയ്യാ 50:6) യേശു   ആ ഗുണങ്ങളൊക്കെയും തൻറെ മാതാവിൻറെ ജീവിതത്തിൽ തീർച്ചയായും കണ്ടിട്ടുണ്ടാകണം.  മെൽ  ഗിബ്‌സൻറെ  പാഷൻ ഓഫ് ദി ക്രൈസ്റ്റ്  എന്ന ഇതിഹാസ സിനിമയിൽ കുരിശും ചുമന്നുപോകുന്ന യേശുവിനെ അനുഗമിക്കുന്ന   മറിയത്തിൻറെ ചിത്രീകരണമുണ്ട്.  കണ്ണുനീരിൻറെയും രക്തത്തിൻറെയും  ആ വഴിയിൽ  കൂടി  ഗാഗുൽത്തായിലേക്കു നീങ്ങുമ്പോൾ    മറിയത്തിൻറെ മുഖത്തുള്ള ഭാവം എന്തായിരുന്നു?  ‘ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നതിനാൽ ഞാൻ പതറുകയില്ല. ഞാൻ എൻറെ മുഖം ശിലാതുല്യമാക്കി’ (ഏശയ്യാ 50:7)  എന്ന തിരുവചനം അമ്മയിലും മകനിലും ഒരേസമയം നിറവേറുകയായിരുന്നു അപ്പോൾ.  കാരണം താൻ അവസാനം വരെ ക്ഷമിച്ചുനിൽക്കേണ്ടത്  തൻറെ മകന് ആശ്വാസമാകും എന്ന് അവൾ അറിഞ്ഞിരുന്നു. തൻറെ മകൻ അവസാനം വരെ  പിടിച്ചുനിൽക്കേണ്ടത്  അവളുടെ മക്കളാകാനിരിക്കുന്ന നമുക്കും ആവശ്യമായിരുന്നു എന്നും അവൾ അറിഞ്ഞിരുന്നു.

ഭൂമിയിൽ നിന്നു  നല്ല ഫലങ്ങൾ ലഭിക്കാനായി ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്ന  കൃഷിക്കാരനെപ്പോലെ (യാക്കോ. 5:7) മംഗളവാർത്തയാകുന്ന തിരുവചനം തൻറെ ഹൃദയനിലത്തിൽ വീണ നിമിഷം മുതൽ  അതു  മാംസം ധരിച്ച്,  ജീവൻറെ വൃക്ഷമായി വളരുന്നതുവരെയും  ആ വൃക്ഷം കാൽവരിയിൽ ഉയർത്തപ്പെടുന്നതുവരെയും ക്ഷമയോടെ മറിയം കാത്തുനിന്നു.

ക്ഷമയ്ക്കു  രണ്ടു  ഘടകങ്ങളുണ്ട്. ഒന്നു   പ്രത്യാശിക്കുന്നവ  ലഭിക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമ. രണ്ടു  നമ്മോടു തെറ്റു  ചെയ്യുന്നവരോടു സഹിഷ്ണുത കാണിക്കാനുള്ള മനോഭാവം.

കാനായിലെ കല്യാണവീട്ടിൽ വച്ചു  തൻറെ ആഗ്രഹം  മകനോടു  പറഞ്ഞപ്പോൾ എന്തായിരുന്നു മറിയത്തിനു ലഭിച്ച മറുപടി? സ്ത്രീയേ എനിക്കും നിനക്കും എന്ത്? എൻറെ സമയം ഇനിയും   ആയിട്ടില്ല (യോഹ 2:4). പ്രത്യക്ഷത്തിൽ തന്നെ മറിയത്തിൻറെ അപേക്ഷയോടു  പ്രതികൂലഭാവത്തിലാണ്  യേശു  പ്രതികരിച്ചത്. എന്നാൽ എന്തായിരുന്നു മറിയത്തിൻറെ  പ്രതികരണം? അവൻ നിങ്ങളോടു പറയുന്നതു  ചെയ്യുക എന്ന നിർദേശം  പരിചാരകർക്കു കൊടുത്ത മറിയം  തൻറെ പുത്രൻ അത്ഭുതം പ്രവർത്തിക്കുന്നതു  കാണാനായി ക്ഷമയോടെ കാത്തിരുന്നു. ആ കാത്തിരിപ്പു  വിഫലമായില്ല. ക്ഷമയോടെയുള്ള കാത്തിരിപ്പിൻറെ അവസാനം  നമുക്കു ലഭിക്കാൻ പോകുന്നതു അതുവരെയും കർത്താവ് നമുക്കായി    സൂക്ഷിച്ചുവച്ച മേത്തരം വീഞ്ഞ്  ആയിരിക്കും എന്ന പ്രത്യാശയാണു  നാം മറിയത്തിൽ  നിന്നു പഠിക്കേണ്ടത്.   വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നത് കാനായിലെ  കല്യാണവീട്ടിൽ വച്ച് ഈശോ അങ്ങനെ പെരുമാറിയത് മറിയത്തെ  ക്ഷമയുടെ മാതൃകയായി നമുക്കു പറഞ്ഞുതരാനായിട്ടാണെന്നാണ്.

ക്ഷമ അഭ്യസിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ദൈവം മറിയത്തിന് ഒരുക്കിക്കൊടുത്തിരുന്നു. അവൾ വളർന്നതു  സഹനങ്ങളുടെ  നടുവിലായിരുന്നു.  ക്രിസ്തീയപാരമ്പര്യത്തിൽ
 റോസാപ്പൂവ് പരിശുദ്ധകന്യകയുടെ വലിയൊരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്. മാതാവിൻറെ ലുത്തീനിയയിലും  ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർപുഷ്പമേ എന്നാണല്ലോ  നാം
 മാതാവിനെ വിളിക്കുന്നത്.  റോസാപ്പൂവ് ഉണ്ടാകുന്നതു  മുള്ളുകൾ നിറഞ്ഞ ചെടിയിലാണ്. അതുപോലെ തന്നെ മറിയത്തിൻറെ ജീവിതം മുഴുവനും പീഡനങ്ങളുടെ നടുവിൽ ആയിരുന്നു. ‘ക്രൂശിത  ക്രൂശിതനെ  ഗർഭം ധരിച്ചു’  എന്നു  വിശുദ്ധർ  പറയത്തക്കവിധം  മറിയത്തിൻറെ ജീവിതം സഹനപൂർണമായിരുന്നു. എന്നാൽ അവൾ  അതിനെയെല്ലാം ക്ഷമയോടെ നേരിട്ടു  തരണം ചെയ്തു.  

മറിയത്തെപ്പോലെ മഹത്തായ യോഗ്യതകൾ ഭൂമിയിലും  അവർണനീയമായ  മഹത്ത്വം സ്വർഗത്തിലും നേടിയെടുത്തവർ ആരുണ്ട്? അവൾ അതു  നേടിയതു   ‘തനിക്കായി  ദൈവം നിശ്ചയിച്ചുവച്ചിരുന്ന ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ    ഓടിത്തീർത്തതു’ (ഹെബ്രാ 12:1) കൊണ്ടാണ്. വിശുദ്ധനായ സിപ്രിയാൻ എഴുതുന്നു.  വേദനകൾ ക്ഷമയോടെ സഹിക്കുന്നതിൽ ഉപരിയായിട്ട്   എന്തു  മഹത്തായ യോഗ്യതകളാണ് ഈ ഭൂമിയിലും എന്തു  മഹത്തായ  മഹത്വമാണു  പരലോകത്തും നേടിയെടുക്കാൻ സാധിക്കുന്നത്?  ക്ഷമയാണു  നമ്മെ പാപത്തിൽ നിന്നും നരകത്തിൽ നിന്നും  കാത്തുസംരക്ഷിക്കുന്നത് എന്നും വിശുദ്ധൻ പറയുന്നു.  അപ്പോൾ പാപത്തെയും നരകത്തെയും ജയിച്ച മറിയത്തിൻറെ  ജീവിതം ക്ഷമയുടെ ഒരു പാഠപുസ്തകമാകാതിരിക്കുമോ?

ക്രിസ്ത്യാനിയുടെ ജീവിതം രക്തസാക്ഷിത്വത്തെ ലക്‌ഷ്യം വച്ചുള്ളതായിരിക്കണം. രക്തം ചിന്തിയുള്ള രക്തസാക്ഷിത്വത്തെക്കുറിച്ചു    നമുക്കറിയാം. എന്നാൽ അതിന്  അവസരം ലഭിക്കാത്തവർക്കായി ക്ഷമയുടെ രക്തസാക്ഷിത്വത്തിൻറെ  വാതിൽ തുറന്നിട്ടിരിക്കുന്നു. വിശുദ്ധ ഗ്രിഗറി  പറയുന്നത് ഇപ്രകാരമാണ്.  ‘നമ്മൾ ക്ഷമ കാത്തുസൂക്ഷിക്കുകയാണെങ്കിൽ നമുക്കു  രക്തം ചിന്താതെ തന്നെ രക്തസാക്ഷികളാകാൻ കഴിയും’. മറിയത്തിൻറെ  ജീവിതം തന്നെ ഒരു രക്തസാക്ഷിത്വമായിരുന്നല്ലോ.
പാപരഹിതയായ പരിശുദ്ധ അമ്മ സഹനങ്ങളെല്ലാം ക്ഷമയോടെ ഏറ്റെടുക്കുകയും മുറുമുറുപ്പു  കൂടാതെ തൻറെ പാനപാത്രം കുടിച്ചുതീർക്കുകയും ചെയ്തു. എന്നാൽ പാപികളായ നമ്മൾ  സഹനത്തിൽ നിന്ന് ഒളിച്ചോടുന്നു. സഹിക്കാൻ നിർബന്ധിതരാകുമ്പോൾ മുറുമുറുപ്പോടെ സഹിക്കുന്നു.  ക്ഷമ കൂടാതെയുള്ള സഹനം പാഴ്‌വേലയാണ് എന്നറിഞ്ഞ്  അവസാനം വരെ ക്ഷമയോടെ പിടിച്ചുനിൽക്കാനുള്ള കൃപയ്ക്കായി  പരിശുദ്ധ കന്യകയോടു പ്രാർഥിക്കാം. 

(8) പരിശുദ്ധ മറിയത്തിൻറെ മാധുര്യം

പരിശുദ്ധ കന്യകയുടെ നാമം മാധുര്യമേറിയ നാമമാണ്. പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി. ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി. ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിൻറെ ഈ താഴ്‌വരയിൽ നിന്നു വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിൻറെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ, ആമേൻ.

മറിയം എന്ന പേരു മാധുര്യമേറിയ നാമമാണെന്ന് അനേകം വിശുദ്ധർ സാക്ഷ്യപ്പെടുത്തുന്നു. യേശുവിൻറെ തിരുനാമം കഴിഞ്ഞാൽ ഏറ്റവും മധുരതരമായ നാമമായി ലോകത്തിനു നൽകപ്പെട്ടതു മറിയത്തിൻറെ നാമമാണ്. പാദുവായിലെ വിശുദ്ധ ആൻറണി ‘ഓ മറിയത്തിൻറെ നാമം’ എന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്നു. ആൻ്റണി ആദ്യം ഉച്ചരിച്ച വാക്കു മരിയ എന്നായിരുന്നു എന്നു പാരമ്പര്യം പറയുന്നു. വിശുദ്ധൻറെ അവസാനവാക്കും മറിയത്തിൻറെ മഹത്വകീർത്തനങ്ങളായിരുന്നു ( O Gloriosa Domina -O Glorious Lady] ). 1195 ആഗസ്ത് 15ന് മാതാവിൻറെ സ്വർഗാരോപണ തിരുനാൾ ദിവസമാണു വിശുദ്ധൻ ജനിച്ചത്. ജ്ഞാനസ്നാനം നൽകപ്പെട്ടതു ലിസ്ബണിലെ പരിശുദ്ധമറിയത്തിൻറെ ദൈവാലയത്തിൽ വച്ചായിരുന്നു. പഠിച്ചതോ കത്തീഡ്രൽ സ്‌കൂൾ ഓഫ് സെൻറ്‌മേരിയിൽ. മരണം സമീപിച്ചപ്പോൾ മാതാവിൻറെ നാമത്തിലുള്ള ഒരു ആശ്രമദൈവാലയത്തിലേക്കു തന്നെ കൊണ്ടുപോകണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെക്കിടന്ന്, തനിക്ക് ഏറെ പ്രിയപ്പെട്ട മരിയൻ കീർത്തനം പാടിക്കൊണ്ട് അദ്ദേഹം മരിച്ചു!

പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എൻറെ ഈശോയേ എന്ന് അൽഫോൻസാമ്മ കർത്താവിനെ വിളിക്കുന്നുണ്ടല്ലോ. ഈശോയുടെ നാമം മാധുര്യമുള്ളതാണെങ്കിൽ ഈശോയുടെ അമ്മയുടെ നാമവും മാധുര്യമുള്ളതായിരിക്കണം. മറിയത്തിൻറെ മഹത്വകീർത്തനങ്ങൾ എന്ന വിശിഷ്ടഗ്രന്ഥം രചിച്ച വിശുദ്ധ അൽഫോൺസ് ലിഗോരി പരിശുദ്ധ അമ്മയെ വിളിക്കുന്നത് എൻറെ ഏറ്റവും മാധുര്യമുള്ള നാഥയായ പരിശുദ്ധ മറിയമേ എന്നാണ്.

മറിയത്തിൻറെ മാധുര്യത്തെക്കുറിച്ചു പറയുമ്പോൾ മാലാഖയ്‌ക്കൊത്ത മാധുര്യം എന്നാണ് വിശുദ്ധനായ ലൂയിസ് മോൺഫോർട്ട് പറയുന്നത്. മറിയത്തിൻറെ മാധുര്യം ഏറ്റവുമധികം മനസിലാക്കിയ വ്യക്തി ജോസഫായിരുന്നു. അവരുടെ വിവാഹവേളയിൽ ജോസഫ് മറിയത്തോടു പറഞ്ഞതായി മരിയ വാൾതോർത്ത ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. ‘എൻറെ സഹോദരീ, എൻറെ പ്രിയേ, അടയ്ക്കപ്പെട്ട ഉദ്യാനമേ, മുദ്രവയ്ക്കപ്പെട്ട നീരുറവയേ, ദൈവത്തിൻറെ കന്യകേ, പൂർവികർ ഉച്ചരിച്ച ഈ വാക്കുകൾ ( ഉത്തമഗീതം), നിന്നെ ഉദ്ദേശിച്ച് പാടിയതായിരിക്കണം. നാനാതരത്തിലുള്ള സുഗന്ധച്ചെടികളും വിശിഷ്ടഫലങ്ങളുള്ള വൃക്ഷങ്ങളും വളരുന്ന ഈ തോട്ടത്തിൻറെ സൂക്ഷിപ്പുകാരനായ ഞാൻ ജോലി ചെയ്തുകൊള്ളാം. ജീവൻറെ ജലം മന്ദമായൊഴുകുന്ന ഈ നീരുറവയെ ഞാൻ കാത്തുസൂക്ഷിച്ചുകൊള്ളാം. എൻറെ പ്രിയേ, നിൻറെ ദയാവായ്പ് എൻറെ ആത്മാവിനെ അധീനപ്പെടുത്തിയിരിക്കുന്നു. അതീവ സുന്ദരിയായവളേ, നിൻറെ നിഷ്കളങ്കത എന്നെ അടിപ്പെടുത്തിയിരിക്കുന്നു. മറിയത്തിൻറെ മാധുര്യം അനുഭവിച്ചറിഞ്ഞ ജോസഫ് ജീവിതകാലമത്രയും മറിയത്തിനു ശുശ്രൂഷ ചെയ്തുകൊണ്ട് ജീവിച്ചു. ആ ജീവിതം ജോസഫിന് മധുരതരമാകുകയും ചെയ്തു. ഈശോയുടെയും മറിയത്തിൻറെയും സാന്നിധ്യത്തിൽ മരിക്കുക എന്ന അപൂർവഭാഗ്യം കിട്ടിയതും ജോസഫിനു മാത്രമായിരുന്നുവല്ലോ.

മാതാവിൻറെ മാധുര്യത്തെക്കുറിച്ചു ധ്യാനിക്കുന്നവർക്ക് ആ മാധുര്യം അനുഭവിക്കാൻ മാതാവ് അവസരം നൽകാതിരിക്കില്ല. പാസിയിലെ വിശുദ്ധ മരിയ മഗ്ദലിനു മാധുര്യമേറിയ പാനീയത്തിൻറെ രൂപത്തിൽ ദൈവസ്നേഹം വിതരണം ചെയ്യുന്ന പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ചിരുന്നു. അനേകം വിശുദ്ധർ തങ്ങൾ രചിച്ച പ്രാർഥനകളിൽ മറിയത്തെ മാധുര്യമേറിയവളായി അവതരിപ്പിക്കുന്നുണ്ട്. നല്ല മരണം ലഭിക്കാനായി പരിശുദ്ധ അമ്മയോടുള്ള ഒരു പുരാതന പ്രാർത്ഥന തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്. ‘നിർഭാഗ്യപാപികളുടെ മാധുര്യമേറിയ സങ്കേതമായ പരിശുദ്ധ മറിയമേ, എൻറെ മാധുര്യമുള്ള അമ്മേ, എൻറെ ആത്മാവ് ഇഹലോകത്തിൽ നിന്ന് വേർപിരിയുന്ന ആ നിമിഷത്തിൽ……. ( മറിയത്തിൻറെ മഹത്വകീർത്തനങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്).

മരണത്തിനൊരുക്കമായുള്ള പ്രാർഥനയിൽ എന്തുകൊണ്ടാണ് മറിയത്തെ മാധുര്യമേറിയവളായി ചിത്രീകരിച്ചിരിക്കുന്നത്? വിശുദ്ധ അൽഫോൺസ് ലിഗോരി പറയുന്നത് ഇങ്ങനെയാണ്. ഈ പ്രവാസകാലത്ത് നമ്മുടെ ജീവനായ അവിടുന്നു നമ്മുടെ മരണസമയത്തു നമുക്കുവേണ്ടി മാധുര്യമേറിയതും ഭാഗ്യകരവുമായ മരണം നേടിയെടുക്കുക വഴിയായി അവിടുന്ന് മാധുര്യമുള്ളവളായിത്തീരുന്നു. ദൈവമാതാവിൻറെ സ്നേഹത്തിൻറെ മാധുര്യമേറിയ ചങ്ങലകൾ കൊണ്ടു മരണവേളയിൽ ബന്ധിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ എന്നാണു വിശുദ്ധൻ പറയുന്നത്.

മറിയത്തിൻറെ ഭക്തർക്കു മരണം മാധുര്യമേറിയ അനുഭവമായിരിക്കും എന്നതിന് എണ്ണിയാൽ തീരാത്ത വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങൾ ഉണ്ട്. മറിയത്തിൻറെ വലിയ ഭക്തനായിരുന്ന സൂരസ് എന്ന വൈദികൻ തൻറെ മരണസമയത്തു പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. മരണം ഇത്ര മാധുര്യമേറിയതാണെന്നു ഞാൻ ചിന്തിച്ചിട്ടില്ല. മരണം ഇത്ര മാധുര്യമേറിയതാണെന്നു ഞാൻ അനുഭവിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും മരണത്തെക്കുറിച്ചു ചിന്തിക്കുമായിരുന്നില്ല.

നല്ല മരണത്തിനായി താൻ രചിച്ച പ്രാർത്ഥനയിൽ കർദിനാൾ ന്യൂമാൻ ഇങ്ങനെ എഴുതിയിരിക്കുന്നു. വിശുദ്ധതൈലം എന്നെ അടയാളപ്പെടുത്തുകയും മുദ്ര വയ്ക്കുകയും ചെയ്യട്ടെ. അങ്ങയുടെ( യേശുവിൻറെ) ശരീരം എൻറെ ഭക്ഷണമായിരിക്കട്ടെ. അങ്ങയുടെ രക്തം എൻറെ മേൽ തളിക്കപ്പെടട്ടെ. എൻറെ മാധുര്യമേറിയ അമ്മ എൻറെ മേൽ നിശ്വസിക്കട്ടെ. എൻറെ കാവൽ മാലാഖ എൻറെ ചെവികളിൽ സമാധാനം എന്നു മന്ത്രിക്കട്ടെ…….

വാഴ്ത്തപ്പെട്ട ഹെൻറി സൂസോ പറയുന്നു. ഓ മാധുര്യമേറിയ നാമമേ, മറിയമേ, നിൻറെ നാമം തന്നെ ഇത്രയധികം മാധുര്യമേറിയതും ഔദാര്യമേറിയതും ആണെങ്കിൽ അങ്ങ് അപ്പോൾ എന്തുതന്നെ ആയിരിക്കും! ക്ലെയർവോയിലെ വിശുദ്ധ ബർണാർഡും പറയുന്നു. അങ്ങയുടെ നാമം എത്രയധികം മാധുര്യമേറിയതും സൗഹാർദപരവുമാണ്. വിശുദ്ധ അംബ്രോസിൻറെ വാക്കുകൾ ഇങ്ങനെയാണ്. ദൈവികകൃപയുടെ പരിമളം പ്രസരിപ്പിക്കുന്ന മാധുര്യമേറിയ തൈലമാണ് അങ്ങയുടെ മാധുര്യമേറിയ നാമം.

ഇവിടെ ഏതാനും വിശുദ്ധരുടെ അനുഭവങ്ങൾ ചുരുക്കമായി പറഞ്ഞുവെന്നേയുള്ളൂ. മറിയത്തിൻറെ മാധുര്യവും അവളുടെ നാമത്തിൻറെ മാധുര്യവും അനുഭവിക്കാത്ത ഒരു വിശുദ്ധൻ പോലുമുണ്ടാകില്ല. മറിയത്തിൻറെ നാമത്തിൻറെ മാധുര്യം വിശുദ്ധർക്കു വേണ്ടി മാത്രം നല്കപ്പെട്ടിരിക്കുന്ന ഒന്നല്ല. വിശുദ്ധർ അത് അനുഭവിച്ചറിഞ്ഞതിനാൽ അവരുടെ അനുഭവം നമുക്കൊരു മാതൃകയായി തന്നിരിക്കുന്നു എന്ന് മാത്രം. കയ്പ് നിറഞ്ഞ ഈ ലോകജീവിത്തതിൽ മധുരം ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം പോകേണ്ടത് മാധുര്യമേറിയ നമ്മുടെ അമ്മയുടെ പക്കലേക്കാണ്. അമ്മയുടെ സഹായത്തെ തേടി അമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അമ്മ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നാം എല്ലാ ദിവസവും ഏറ്റുപറയുന്ന പ്രാർത്ഥനയാണല്ലോ.

കർത്താവ് എത്രയോ നല്ലവനാണെന്നു രുചിച്ചറിയുവിൻ എന്ന് സങ്കീർത്തകൻ പറയുന്നുണ്ട് ( സങ്കീ 34:8). അതുപോലെ മറിയം എത്ര മാധുര്യമുള്ളവളാണെന്നു രുചിച്ചറിയുക തന്നെ വേണം. അങ്ങനെ രുചിച്ചറിയുന്നവർ വിശുദ്ധനായ ബൊനവെഞ്ചറിനോടൊപ്പം ഇങ്ങനെ പറയും. ഓ, ദൈവമാതാവേ, അങ്ങയുടെ മാധുര്യമേറിയ നാമത്തെ സ്നേഹിക്കുന്ന മനുഷ്യൻ എത്രയോ ഭാഗ്യവാൻ. അങ്ങയുടെ നാമം അത്രയേറെ ആരാധ്യവും മഹത്തരവുമാണ്. മരണസമയത്ത് അങ്ങയെ വിളിച്ചപേക്ഷിക്കാൻ ഓർക്കുന്നവർ അവരുടെ ശത്രുക്കളുടെ ആക്രമണത്തെക്കുറിച്ചു ഭയപ്പെടേണ്ട കാര്യമില്ല.

വിശുദ്ധർ മറിയത്തിൻറെ മാധുര്യത്തെക്കുറിച്ചു പറയുമ്പോൾ അതു പലപ്പോഴും നമ്മുടെ മരണസമയവുമായി ബന്ധപ്പെടുത്തിയാണു പറഞ്ഞിരിക്കുന്നത് എന്ന കാര്യം വിട്ടുപോകരുത്. എന്തായിരിക്കാം അതിനു കാരണം? ഏതൊരു മനുഷ്യനും മരണം കയ്‌പേറിയ അനുഭവമാകാനുള്ള സാധ്യതയുണ്ട്. ഒരു മരം എങ്ങോട്ടു ചാഞ്ഞുനിൽക്കുന്നുവോ അങ്ങോട്ടു തന്നെ വീഴും എന്നതു പ്രകൃതിനിയമമാണ്. പാപത്തിൽ ജീവിക്കുന്നവരുടെ മരണം കയ്‌പേറിയ അനുഭവമാകുന്നതിൽ അത്ഭുതമില്ല. എന്നാൽ അങ്ങനെ കയ്‌പോടെ മരിച്ചു നിത്യനാശത്തിലേക്കു പോകാൻ സാധ്യതയുള്ളവരെ പിശാചിൻറെ പിടിയിൽ നിന്നു രക്ഷിച്ച്, ഭാഗ്യമരണം നൽകി അവരെ സ്വർഗത്തിലേക്കു കൊണ്ടുപോകാൻ പരിശുദ്ധ അമ്മയ്ക്കു കഴിയും. അതുകൊണ്ടു പരിശുദ്ധകന്യകയുടെ മാധുര്യമേറിയ സഹായം മരണസമയത്തു ലഭിക്കുന്നതിനായി ഇപ്പോൾ തന്നെ നമുക്ക് അവളുടെ മാധുര്യമേറിയ നാമം വിളിച്ചപേക്ഷിക്കാം. പരിശുദ്ധ മറിയമേ, തമ്പുരാൻറെ അമ്മെ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ.

(9) പരിശുദ്ധ മറിയത്തിൻറെ ദൈവികജ്ഞാനം

പരിശുദ്ധകന്യകയുടെ പുണ്യങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനം എന്നു പറയാവുന്നത് അവളുടെ ദൈവികജ്ഞാനമാണ്. മറിയം ജ്ഞാനത്തിൻറെ പുസ്തകമാണ് എന്നു പറയുന്നതിൽ അതിശയോക്തിയില്ല. അത്രമേൽ ദൈവികജ്ഞാനം മറിയത്തിൽ നിന്നു സമ്പാദിക്കാൻ നമുക്കു സാധിക്കും. ജ്ഞാനത്തിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തോടെ തൻറെ അടുക്കൽ വരുന്നവരെ അമ്മ ഒരിക്കലും തള്ളിക്കളയില്ല. ‘ജ്ഞാനത്തെ സ്നേഹിക്കുന്നവർ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു. അവളെ തേടുന്നവർ കണ്ടെത്തുന്നു. തന്നെ അഭിലഷിക്കുന്നവർക്കു വെളിപ്പെടാൻ അവൾ തിടുക്കം കൂട്ടുന്നു’ (ജ്ഞാനം 6:12-13). മറിയത്തെ സ്നേഹിക്കുന്നവർ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു. മറിയത്തെ സ്നേഹിക്കാത്തവരാകട്ടെ ഒരിക്കലും അവളെ തിരിച്ചറിയാൻ പോകുന്നുമില്ല. പല പാഷണ്ഡതകളും സഭയിൽ പൊട്ടിമുളച്ചതു മറിയത്തെ സ്നേഹിക്കാത്തവരുടെ അബദ്ധ പ്രബോധന ങ്ങളിലൂടെയായിരുന്നുവല്ലോ. നമുക്കു കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ഒരു അപൂർവനിധിയല്ല മറിയം. അവളെ തേടുന്നവർ അവളെ കണ്ടെത്തുക തന്നെ ചെയ്യും. തൻറെ മാതൃസഹായം അഭിലഷിക്കുന്നവരിൽ നിന്നു മറഞ്ഞിരിക്കുക മറിയത്തിനു സാദ്ധ്യമല്ല. അവൾ തൻറെ ഭക്തർക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കാൻ തിടുക്കം കൂട്ടുകയാണ്.

നിഷ്കളങ്കമായ വിശുദ്ധജനത്തെ മർദകജനത്തിൽ നിന്നു ജ്ഞാനം രക്ഷിച്ചു (ജ്ഞാനം 10:15) എന്ന വചനം മറിയത്തിൻറെ കാര്യത്തിൽ നിറവേറ്റപ്പെടുന്നു. കാരണം നമ്മെ മർദിക്കുന്ന ശത്രു പിശാചു മാത്രമാണ്. ആ നരകസർപ്പത്തിൽ നിന്നു നമ്മെ രക്ഷിക്കാൻ കഴിവുള്ളവളായി ഈശോ നമുക്കു തന്നിട്ടുള്ളതു സ്വന്തം അമ്മയെ തന്നെയാണ്.

മറിയം ദൈവികജ്ഞാനത്താൽ നിറഞ്ഞവളായിരുന്നു. അതുകൊണ്ടാണല്ലോ ‘ദൈവകൃപ നിറഞ്ഞവളേ സ്വസ്തി!’ എന്നു മാലാഖ അവളെ അഭിസംബോധന ചെയ്തത്. സർവജ്ഞാനത്തിൻറെയും ഉറവിടമായ യേശുവിനെ വഹിക്കാനുള്ള യോഗ്യപാത്രമായി ദൈവം തെരഞ്ഞെടുത്ത മറിയം അതിനാൽ തന്നെ ജ്ഞാനസമ്പൂർണ്ണയായിരുന്നു എന്നു കരുതുന്നതിൽ തെറ്റില്ല. ‘ജ്ഞാനത്തിൻറെയും അറിവിൻറെയും നിധികൾ ഒക്കെയും ഒളിഞ്ഞിരിക്കുന്ന യേശുവിൻറെ’ (കൊളോ 2:3) കൂടെ മുപ്പത്തിമൂന്നു വർഷം ജീവിച്ചവളാണു മറിയം. അപ്പോൾ അവളുടെ ജ്ഞാനം എത്രമേൽ വർദ്ധമാനമായിരിക്കും എന്നോർക്കുക.

തേജസുറ്റതാണു ജ്ഞാനം. അതു മങ്ങിപ്പോവുകയില്ല (ജ്ഞാനം 6:12). ഒരുകാലത്തും മങ്ങിപ്പോകാത്ത തേജസു കൊണ്ടു ദൈവം മറിയത്തെ അലങ്കരിച്ചു എന്നു മാത്രമല്ല അതു മംഗളവാർത്തയുടെ അവസരത്തിൽ തന്നെ അവളുടെ മനസിൽ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ആ ജ്ഞാനത്തിൻറെ നിറവിൽ നിന്നാണ് അവൾ ‘സകലതലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും’ എന്നു പ്രസ്താവിച്ചത്.
ജ്ഞാനം സിദ്ധിച്ചവർ ദൈവത്തിൻറെ സൗഹൃദം നേടുന്നു; അവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു (ജ്ഞാനം 7:14). മറിയത്തെ നേടിയവർ ദൈവത്തിൻറെ സൗഹൃദം നേടുന്നു എന്നതു സത്യമാണ്. മറിയം വഴി യേശുവിലേക്ക് എന്നതാണല്ലോ വിമലഹൃദയപ്രതിഷ്ഠയുടെ ലക്‌ഷ്യം തന്നെ. മറിയത്തിനു സ്വന്തമായി ലക്‌ഷ്യങ്ങളൊന്നുമില്ല. തൻറെ അടുക്കൽ വരുന്നവരെ ദൈവികജ്ഞാനം കൊണ്ടു നിറച്ചു ദൈവം തന്നെയായ തൻറെ പുത്രൻറെ സൗഹൃദത്തിനു യോഗ്യരാക്കുക എന്ന ഒരേയൊരു ഉത്തരവാദിത്വമാണു കഴിഞ്ഞ രണ്ടു സഹസ്രാബ്ദമായി മറിയം ചെയ്തുകൊണ്ടിരിക്കുന്നത്.

സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത് ജ്ഞാനം 7:22) എന്നു നാമോരോരുത്തരും ആത്മവിശ്വാസത്തോടെ പറയണം എന്നാണു ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണു ബോധജ്ഞാനത്തിൻറെ സിംഹാസനമായ പരിശുദ്ധമറിയത്തെ നമുക്കു മാതാവും ഗുരുനാഥയും ആയി ദൈവം നൽകിയിരിക്കുന്നത്.

മറിയത്തെക്കുറിച്ചു നിസംശയം പറയാവുന്ന ഒരു വചനം മലിനമായ ഒന്നും അവളുടെ ഹൃദയത്തിൽ ഒരിക്കലും പ്രവേശിച്ചിട്ടില്ല എന്നാണ്. ജ്ഞാനത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥം ഇങ്ങനെ പറയുന്നു. മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല. നിത്യതേജസിൻറെ പ്രതിഫലനമാണവൾ. ദൈവത്തിൻറെ പ്രവർത്തനങ്ങളുടെ നിർമലദർപ്പണം. അവിടുത്തെ നന്മയുടെ പ്രതിരൂപം (ജ്ഞാനം 7:25-26). ‘പരിശുദ്ധാത്മാവ് നിൻറെ മേൽ വരും; അത്യുന്നതൻറെ ശക്തി നിൻറെ മേൽ ആവസിക്കും’ എന്നു പറയപ്പെട്ടതു മറിയത്തെക്കുറിച്ചാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ മറിയം ദൈവതേജസിനേയും ദൈവത്തിൻറെ പ്രവൃത്തികളെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി മാറി. അദൃശ്യനായ ദൈവത്തിൻറെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമായ യേശുവിനെ (കൊളോ 1:15) ഉദരത്തിൽ വഹിച്ച മറിയം അവിടുത്തെ നന്മയുടെ പ്രതിരൂപം തന്നെയാണല്ലോ.

ജ്ഞാനത്തിനു സൂര്യനെക്കാൾ സൗന്ദര്യമുണ്ട്. അവൾ നക്ഷത്രരാശിയെ അതിശയിക്കുന്നു (ജ്ഞാനം 7;29). സൂര്യനെ ഉടയാടയായും ചന്ദ്രനെ പാദപീഠമായും ദൈവം മറിയത്തിനു നല്കിയിരിക്കുന്നു എന്നതിൽ നിന്നു തന്നെ അവളുടെ ശ്രേഷ്ഠത വെളിവാകുന്നുണ്ട്. നക്ഷത്രങ്ങൾ അവളുടെ കിരീടത്തിലെ അലങ്കാരങ്ങൾ മാത്രം. ദൈവത്തോടൊത്തു ജീവിച്ചു തൻറെ കുലീനജന്മം അവൾ മഹത്വപ്പെടുത്തുന്നു (ജ്ഞാനം 8:3). ദൈവത്തോടൊത്തു ജീവിച്ച മറിയം അതുകൊണ്ടുതന്നെ ‘ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിൻറെ ആദ്യത്തെ പടിയും’ (ജ്ഞാനം 8:4) ആണ്. വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാൻ പറയുന്നു. ക്രിസ്തു വേണ്ടവിധം അറിയപ്പെടാത്തതിൻറെ കാരണം അവൻറെ അമ്മ വേണ്ടവിധം അറിയപ്പെട്ടിട്ടില്ല എന്നതാണ്. അതേ, ക്രിസ്തുവിനെക്കുറിച്ച് അറിയണമെന്ന് ആഗ്രഹമുളളവർ ആദ്യം മറിയത്തെക്കുറിച്ച് അറിയട്ടെ. മറിയത്തെ സ്നേഹിച്ചാൽ അവൾ പകരം തരുന്നതു വിലയേറിയ കൃപകളാണ്. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവൾ പരിശീലിപ്പിക്കുന്നു (ജ്ഞാനം 8:7).

മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകുന്ന ഒരു കാര്യം മാതാവു പലപ്പോഴും ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട് എന്നതാണ്. നമുക്ക് ഉത്തരം കണ്ടെത്താനാവാത്ത പല സമസ്യകളുടെയും ഉത്തരം നൽകുന്നതും നമുക്ക് അഴിക്കാൻ കഴിയാത്ത കുരുക്കുകൾ അഴിച്ചുതരുന്നതും പരിശുദ്ധ കന്യകയാണ്. ‘വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങൾ ഇച്ഛിക്കുന്നതെങ്കിൽ അവൾക്കു ഭൂതവും ഭാവിയും അറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവൾക്കറിയാം. അടയാളങ്ങളും അത്ഭുതങ്ങളും അവൾ മുൻകൂട്ടി കാണുന്നു (ജ്ഞാനം 8:8).

എങ്ങനെയാണ് മറിയം ഇത്രമേൽ ജ്ഞാനസമ്പൂർണയായി കാണപ്പെട്ടത്? നിത്യജ്ഞാനമായ കർത്താവ് മറിയത്തോടുകൂടെ ഉണ്ടായിരുന്നു എന്നതാണ് അതിനു കാരണം. ‘കർത്താവ് നിന്നോടുകൂടെ’ (ലൂക്കാ 1:28) എന്ന വചനത്തിലൂടെ പിതാവായ ദൈവത്തിൻറെ സാന്നിധ്യവും സഹവാസവും മറിയത്തോടൊപ്പം ഉണ്ടായിരുന്നു എന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് നിൻറെമേൽ വരും ( ലൂക്കാ 1:35) എന്ന വചനത്തിലൂടെ മറിയത്തിൻറെ മേലുള്ള പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തെപ്പറ്റിയും നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധത്രിത്വത്തിലെ മൂന്നാമത്തെ ആളായ പുത്രൻ തമ്പുരാനാകട്ടെ മറിയത്തിനു കീഴ്വഴങ്ങി ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നു. അനന്തജ്ഞാനമായ പരിശുദ്ധത്രിത്വം കൂടെയുണ്ടായിരുന്നതിനാൽ മറിയത്തിനു ദൈവികജ്ഞാനം ലഭിക്കുക എന്നതു തികച്ചും സ്വാഭാവികമായിരുന്നു.

സംഭവിക്കാൻ പോകുന്നവയെല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നിട്ടും നിർമമതയോടെ വർത്തിക്കാൻ മറിയത്തെ സഹായിച്ചത് അവളുടെ ദൈവികജ്ഞാനം തന്നെയാണ്. യേശുവിൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ‘അവൻറെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു’ (ലൂക്കാ 2:51) എന്നു വായിക്കുമ്പോൾ നാം മനസിലാക്കേണ്ട ഒരു കാര്യം അവൻറെ പിതാവിനെക്കുറിച്ച് അങ്ങനെയൊരു പരാമർശം കാണുന്നില്ല എന്നതാണ്. പരിശുദ്ധകന്യക ദൈവികജ്ഞാനത്തിൽ മറ്റുള്ളവരെക്കാൾ എത്രയോ മുന്നിലായിരുന്നു! എന്നിട്ടും അവൾ എളിമയുടെയും വിനയത്തിൻറെയും അനുസരണത്തിൻറെയും മകുടമായി പ്രശോഭിക്കുന്നു.

ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു (ലൂക്കാ 1:49) എന്നു മറിയം സ്വയം അഭിമാനിക്കുന്നുണ്ട്. തൻറെ ജ്ഞാനത്തിൽ മറിയത്തെ പങ്കാളിയാക്കുക എന്നതിനേക്കാൾ വലിയ എന്തു കാര്യമാണു തൻറെ സൃഷ്ടികളിൽവച്ച് ഏറ്റവും ഉൽകൃഷ്ടയായ മറിയത്തിനു നൽകാൻ ദൈവത്തിനു കഴിയുക!

ദൈവാലയത്തിലെ സമർപ്പണത്തിൻറെ അവസരത്തിൽ ശിമയോൻ കുറെയേറെ കാര്യങ്ങൾ പറയുന്നുണ്ടല്ലോ. അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവൻറെ പിതാവും മാതാവും അത്ഭുതപ്പെട്ടു (ലൂക്കാ 2:33). അതിനുശേഷം ശിമയോൻ കുറച്ചുകൂടി സംസാരിക്കുന്നുണ്ട്. അതാകട്ടെ മറിയത്തോടു മാത്രമാണു പറയുന്നത്. ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിൻറെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും (ലൂക്കാ 2:35). ശിമയോൻറെ പ്രവചനം ദൈവികജ്ഞാനം നിറഞ്ഞ മറിയത്തിനു മാത്രം മനസിലാക്കാനുള്ള ഒന്നായതിനാലായിരിക്കണം ശിമയോൻ അതു മറിയത്തോടു മാത്രമായി പറഞ്ഞത്.

ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർ പുഷ്പമേ എന്നും ആത്മജ്ഞാനപൂരിത പാത്രമേ എന്നും ഒക്കെ മാതാവിനെ നാം വിളിക്കാൻ കാരണം മറിയം ദൈവികജ്ഞാനം കൊണ്ടു നിറഞ്ഞവളായിരുന്നു എന്നതുതന്നെയാണ്. ദൈവികജ്ഞാനം നൽകുന്ന പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായി അന്നു ശിഷ്യന്മാരെ പ്രാർത്ഥനയിൽ ഒരുമിച്ചുകൂട്ടിയ പരിശുദ്ധ അമ്മ ഇന്നും നമ്മോടാവശ്യപ്പെടുന്നത് തൻറെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാഭിഷേകത്തിനു വേണ്ടി പ്രാർഥിക്കാനാണ്. ഫാദർ സ്റ്റെഫാനോ ഗോബിയ്ക്ക് നൽകിയ പ്രാർത്ഥനയിലും മാതാവിൻറെ വിമലഹൃദയത്തിൻറെ മധ്യസ്ഥതയിലൂടെ പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാർഥിക്കാനാണ് അമ്മ ആവശ്യപ്പെടുന്നത്. ദൈവികജ്ഞാനം നൽകുന്നതു പരിശുദ്ധാത്മാവാണല്ലോ.

മറിയത്തിൻറെ ജ്ഞാനം പിശാചിൽ നിന്നു സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. പിശാച് എത്ര ശ്രമിച്ചാലും മറിയത്തെ ആക്രമിക്കാൻ കഴിയാത്തതിൻറെ കാരണവും അതാണ്. സ്ത്രീയെ ഒഴുക്കിക്കളയാൻ സർപ്പം തൻറെ വായിൽ നിന്നു നദി പോലെ ജലം അവളുടെ പിന്നാലെ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവൾക്കു കുലുക്കമില്ല. അവളെ സംരക്ഷിക്കാനായി അത്യുന്നതൻ പ്രത്യേകമായി ഒരു സ്ഥലം ഒരുക്കിയിരുന്നു. അവിടേയ്ക്കു പറന്നുപോകാൻ വൻകഴുകൻറെ രണ്ടു ചിറകുകൾ നൽകിയിരുന്നു. അവിടെ അവൾ ചെലവഴിക്കേണ്ട സമയം ദൈവം നേരത്തെതന്നെ തീരുമാനിച്ചുവയ്ക്കുകയും ചെയ്തിരുന്നു (വെളി 12:14-16). ഇതിൽ അതിശയിക്കേണ്ടതില്ല. ദൈവികജ്ഞാനം നമ്മെ എല്ലാ പൈശാചികകെണികളിൽ നിന്നും രക്ഷിക്കും. അതിനായി നമുക്കു ദൈവികജ്ഞാനത്തിൻറെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തോടു പ്രാർഥിക്കാം.

(10) പരിശുദ്ധ മറിയത്തിൻറെ ദൈവികപരിശുദ്ധി

വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരായിത്തീരും (ജ്ഞാനം 6:10). ഇതു സാധാരണമനുഷ്യരുടെ കാര്യമാണ്. മറിയമാകട്ടെ സാധാരണസൃഷ്ടിയായിരുന്നില്ല. പരിശുദ്ധയും അമലോത്ഭവയും കളങ്കരഹിതയുമായ മറിയം പിതാവായ ദൈവത്തിൻറെ അതിവിശിഷ്ട സൃഷ്ടിയായിരുന്നു. അവളെ ഉപദ്രവിക്കുന്ന കാര്യത്തിൽ ദൈവം സാത്താനും പരിധികൾ നിഷ്കർഷിച്ചിരുന്നു. Mystical City of God (ദൈവത്തിൻറെ വിശുദ്ധനഗരം) എന്ന വിശിഷ്ടഗ്രന്ഥത്തിൽ അഗ്രെദയിലെ മറിയം പറയുന്നത് പരിശുദ്ധകന്യകയ്ക്ക് ഇങ്ങനെയൊരു വിശേഷാനുകൂല്യം നൽകിയതിൽ ലൂസിഫർ അത്യന്തം രോഷാകുലനായിരുന്നു എന്നാണ്. ദൈവവും ലൂസിഫറുമായുള്ള സംഭാഷണം അഗ്രെദയിലെ മറിയം വിവരിക്കുന്നത് ഇങ്ങനെയാണ്.

‘ലൂസിഫർ താഴെ പറയുന്ന വാക്കുകളിൽ അത്യുന്നതനെ അഭിസംബോധന ചെയ്തു: “കർത്താവേ, അങ്ങ് ക്രൂരതയോടെ എന്നെ ശിക്ഷിക്കുന്നതിനായി അങ്ങയുടെ കരം എൻറെമേൽ വലിയ ഭാരത്തോടെ പതിപ്പിച്ചിരിക്കുന്നുവല്ലോ. അങ്ങു സൃഷ്ടിക്കാൻ പോകുന്ന മനുഷ്യവംശത്തിനു വേണ്ടി അങ്ങു ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം മുൻകൂട്ടിതന്നെ അങ്ങു നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അവതരിക്കാനിരിക്കുന്ന വചനത്തെ വളരെ ഉന്നതമായി മഹത്ത്വവൽക്കരിക്കാനും ഉയർത്താനും വേണ്ടി, അവിടുത്തെ അമ്മയായിരിക്കേണ്ട ആ സ്ത്രീയെ, അങ്ങയുടെ മുൻകൂട്ടി നിശ്ചയിച്ച എല്ലാ ദാനങ്ങളാലും സമ്പന്നമാക്കാൻ അങ്ങ് ആഗ്രഹിക്കുന്നു. അതുകൊണ്ട് ഇപ്പോൾ പക്ഷപാതരഹിതനും നീതിമാനും ആയി പ്രവർത്തിക്കുക. മറ്റുള്ള മനുഷ്യരെ ഉപദ്രവിക്കാൻ അങ്ങ് എനിക്കു അനുവാദം നൽകിയതുപോലെ, ദൈവമനുഷ്യനായ ക്രിസ്തുവിനെയും അവിടുത്തെ അമ്മയാകാൻ പോകുന്ന സ്ത്രീയെയും പരീക്ഷിക്കാനും അവർക്കെതിരെ യുദ്ധം ചെയ്യാനും കൂടി എനിക്ക് അനുമതി നൽകുക; എൻറെ എല്ലാ ശക്തികളും അവർക്കെതിരെ പ്രയോഗിക്കാൻ എനിക്കു സ്വാതന്ത്ര്യം നൽകുക.”

കർത്താവ് അരുളിച്ചെയ്തു: “സാത്താനേ, നീതിയുടെ അടിസ്ഥാനത്തിൽ നീ അത്തരമൊരു അനുവാദം ചോദിക്കരുത്, എന്തെന്നാൽ അവതരിക്കുന്ന വചനം യഥാർത്ഥ മനുഷ്യനാണെങ്കിലും ഒരേസമയം ദൈവവും അതുന്നതനായ കർത്താവും, സർവശക്തനും കൂടിയാണ്. കൂടാതെ നീ അവിടുത്തെ സൃഷ്ടിയുമാണ്. മറ്റുള്ള മനുഷ്യർ പാപം ചെയ്യുകയും നിൻറെ ഹിതത്തിനു വിധേയരാകുകയും ചെയ്താലും, മനുഷ്യനായി അവതരിക്കുന്ന എൻറെ ഏകജാതനിൽ ഇതു സാധ്യമാവുകയില്ല. മനുഷ്യരെ പാപത്തിൻറെ അടിമകളാക്കുന്നതിൽ നീ വിജയിച്ചേക്കാമെങ്കിലും, ക്രിസ്തു പരിശുദ്ധനും നീതിമാനും പാപികളിൽനിന്നു വേർതിരിക്കപ്പെട്ടവനുമായിരിക്കും. മനുഷ്യർ വീണുപോയാൽ ക്രിസ്തു അവരെ വീണ്ടെടുക്കും. നിനക്ക് ഉഗ്രകോപമുള്ള ഈ സ്ത്രീയാകട്ടെ, വെറും ഒരു സൃഷ്ടിയും മനുഷ്യരായ മാതാപിതാക്കളുടെ യഥാർത്ഥ മകളുമാണെങ്കിലും, എൻറെ കൽപനയാൽ പാപത്തിൽനിന്നു സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ സ്ത്രീ പൂർണ്ണമായും എന്നെന്നേക്കുമായും എൻറേതായിരിക്കണം. ഒരു വിധത്തിലും ഈ സ്ത്രീയിൽ പങ്കാളിയാകാൻ മറ്റാരെയും അനുവദിക്കില്ല.”

ഏങ്കിലും ഇങ്ങനെ പറഞ്ഞുകൊണ്ടു ക്രിസ്തുവിനെയും അവിടുത്തെ മാതാവിനെയും പ്രലോഭിപ്പിക്കാൻ ദൈവം സാത്താന് അനുമതി കൊടുത്തു. “ക്രിസ്തുവിനെ പരീക്ഷിക്കാൻ ഞാൻ നിനക്ക് അനുമതി തരും, അങ്ങനെ അവിടുന്നു ബാക്കി എല്ലാ മനുഷ്യർക്കും ഒരു ഉദാഹരണവും ഒരു അധ്യാപകനും ആയിരിക്കും. സ്ത്രീയെ ഉപദ്രവിക്കാൻ ഞാൻ നിനക്ക് അനുമതി നൽകുന്നു, എന്നാൽ ഈ സ്ത്രീയുടെ ശരീരത്തിലോ ഈ സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെട്ടോ നീ ഈ സ്ത്രീയെ തൊടരുത്. ക്രിസ്തുവും അവിടുത്തെ മാതാവും പ്രലോഭനത്തിൽനിന്ന് ഒഴിവാക്കപ്പെടേണ്ടതില്ല എന്നും, മറ്റുള്ള മനുഷ്യരെപ്പോലെ അവരെയും നിനക്കു പ്രലോഭിപ്പിക്കാമെന്നുമാണ് എൻറെ ഹിതം.”

അതായത് മറിയത്തിൻറെ പരിശുദ്ധി എന്ന സത്യവും ദുഷ്ടൻ അവളെ തൊടുകയില്ല എന്ന വാഗ്‌ദാനവും (1 യോഹ 5:18) പൂർവ്വനിശ്ചിതമായിരുന്നു. കാരണം അവൾ ദൈവത്തിൽ നിന്നു ജനിച്ചവളും പാപം ചെയ്യാത്തവളും ദൈവപുത്രനാൽ സംരക്ഷിക്കപ്പെടുന്നവളും (1 യോഹ 5:18) ആയി നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു. ലോകം മുഴുവൻ ദുഷ്ടൻറെ ശക്തിവലയത്തിൽ ആണെങ്കിലും (1 യോഹ 5:19) ആ വലയത്തിനകത്തു ജീവിക്കുമ്പോഴും ആത്മശരീരവിശുദ്ധി പാലിക്കാനുള്ള പ്രത്യേകകൃപ മറിയത്തിനു നല്കപ്പെട്ടിരുന്നു. ഇതിൽ അത്ഭുതപ്പടേണ്ട. ചുറ്റുമുള്ളവരെ ദഹിപ്പിച്ചുകളയത്തക്കവിധം നാല്പത്തൊമ്പത്‌ മുഴം ഉയരത്തിൽ ആളിപ്പടർന്ന തീച്ചൂളയുടെ നടുവിൽ നിന്ന അസറിയയെയും കൂട്ടുകാരെയും തീജ്വാലകൾ സ്പർശിക്കാതെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തിനു (ദാനി 3 : 24-27) പാപത്തിൻറെ അഗ്നിയാൽ ജ്വലിക്കുന്ന ഈ ലോകത്തിൽ ജീവിക്കുമ്പോഴും മറിയത്തെ പരിശുദ്ധയായി സംരക്ഷിക്കാൻ കഴിയുമെന്നതിൽ നാമെന്തിനു സംശയിക്കണം?

അമലോത്ഭവയും പാപരഹിതയും ആയിരുന്നെങ്കിലും മറിയത്തെ പ്രലോഭിപ്പിക്കാൻ സാത്താന് അനുവാദം ലഭിച്ചിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു. മറിയം ആ പ്രലോഭനങ്ങളെ എല്ലാം ധീരമായി നേരിട്ടു എന്നതിലാണു അവളുടെ വിശുദ്ധി അടങ്ങിയിരിക്കുന്നത്. ആ പോരാട്ടമാകട്ടെ നിരന്തരവും മരണം വരെ നീണ്ടുനിന്നതുമായിരുന്നു.

മറിയം നിത്യകന്യകയായിരുന്നു എന്നു നമുക്കറിയാം. മറിയത്തിൻറെ നിത്യകന്യകാത്വം നിഷേധിച്ച ഒരു പാഷണ്ഡിയോടു വിശുദ്ധ ജെറോം പറഞ്ഞത് ഇങ്ങനെയാണ്. ‘നീ പറയുന്നു പരിശുദ്ധ മറിയം കന്യകാത്വം പാലിക്കില്ലെന്ന്. എന്നാൽ അതിലും കൂടുതലായി ഞാൻ മുറുകെ പിടിക്കുന്നതു പരിശുദ്ധ മറിയം കന്യകയാണെന്നു മാത്രമല്ല യൗസേപ്പിതാവ് തൻറെ ബ്രഹ്മചര്യം കാത്തുസൂക്ഷിച്ചത് പരിശുദ്ധമറിയത്തിലൂടെയാണെന്നുമാണ്.’ മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം ആ സൗരഭ്യം. മറിയത്തിൻറെ കന്യാവ്രതവും ശുദ്ധതയും തൻറെ നാസീർ വ്രതത്തെയും ദൈവതിരുമുൻപിലുള്ള തൻറെ പരിപൂർണസമർപ്പണത്തെയും കൂടുതൽ ശക്തിയോടെ അനുവർത്തിക്കാൻ യൗസേപ്പിതാവിനു പ്രചോദനമായി എന്നതാണ് സത്യം.

എല്ലാ പുണ്യങ്ങളിലും വച്ച് അഭ്യസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതു ബ്രഹ്മചര്യമാണെന്നാണ് വിശുദ്ധ ആഗസ്തീനോസ് പറയുന്നത്. അതിനെതിരെയുള്ള പ്രലോഭനങ്ങൾ നേരിടാനുള്ള പോരാട്ടം ഏറ്റവും കാഠിന്യമേറിയതുമാണ്. ശുദ്ധത അത്രമേൽ മഹത്തായ ഒരു പുണ്യമായതിനാൽ വിശുദ്ധ അംബ്രോസ് പറയുന്നു, ശുദ്ധത കാത്തുസൂക്ഷിക്കുന്നവൻ ഒരു മാലാഖയാണ്. അതു നഷ്ടപ്പെടുത്തുന്നവൻ ഒരു പിശാചാണ്.
വിശുദ്ധിയ്‌ക്കെതിരെയുള്ള പ്രലോഭനങ്ങളെ നേരിടാനായി നമുക്കു തന്നിട്ടുള്ള മാർഗങ്ങൾ പ്രാർത്ഥനയും ഉപവാസവും അതിനു പുറമേ പാപസാഹചര്യങ്ങൾ ബോധപൂർവം ഒഴിവാക്കുന്നതുമാണ്. ഈ മൂന്നുകാര്യങ്ങളിലും മറിയം പരിപൂർണയായിരുന്നു.

മറിയത്തിൻറെ ജീവിതം ഒരു നിരന്തര പ്രാർഥനയായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു. ഗ്രിഗറിയെപ്പോലുള്ള വിശുദ്ധർ പറയുന്നത് മറിയം ഉപവാസത്തെ ഒരു ജീവിതവ്രതമായി തന്നെ കണ്ടിരുന്നു എന്നാണ്. കൃപയും ഭോജനാസക്തിയും ഒരുമിച്ചുപോകില്ല എന്നതു സത്യമാണല്ലോ. ലോകത്തിൻറെ മായക്കാഴ്ചകളിലേക്കു കണ്ണു പായാതിരിക്കാൻ വേണ്ടി മറിയം കണ്ണുകൾ താഴ്ത്തിയാണു നടന്നിരുന്നത് എന്നു പല വിശുദ്ധരും പറഞ്ഞിട്ടുണ്ട്.

ഇപ്രകാരം കൃപയാൽ സംരക്ഷിക്കപ്പെട്ട മറിയം പിശാചിൻറെ എല്ലാ പ്രലോഭനങ്ങളെയും ധീരമായി നേരിട്ടു. അവൾ തൻറെ പരിശുദ്ധി അവസാനനിമിഷം വരെ കാത്തുസൂക്ഷിച്ചു. അതിനാൽ അവൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പടുക എന്നതു തികച്ചും ന്യായമായിരുന്നു. വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടുവെങ്കിൽ (ഹെബ്രാ 11:5) ഹെനോക്കിനെക്കാൾ ഉത്കൃഷ്ടസൃഷ്ടിയായ മറിയം സ്വർഗത്തിലേക്കു സംവഹിക്കപ്പെടുക എത്രയോ ഉചിതം!

ജ്ഞാനം നേടാനുള്ള ആദ്യപടി വിശുദ്ധി അഭ്യസിക്കുകയാണ്. ‘ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല. പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല (ജ്ഞാനം 1:4). മറിയം ജ്ഞാനത്താൽ നിറഞ്ഞിരുന്നു എന്നു പറയുമ്പോൾ അവൾ അതിനുമുമ്പേ വിശുദ്ധിയാൽ നിറഞ്ഞിരുന്നു എന്നുകൂടി അറിയണം. ദൈവം വിശുദ്ധിയെ സൃഷ്ടിച്ചിരിക്കുന്നത് ‘അജയ്യമായ പരിച’ (ജ്ഞാനം 5:19) ആയിട്ടാണ്. ആ പരിച ഉപയോഗിച്ചാണു മറിയം തനിക്കെതിരെ പിശാച് ഒന്നിനുപിറകേ ഒന്നായി തൊടുത്തുവിട്ട അസ്ത്രങ്ങളെയെല്ലാം തടഞ്ഞത്.

വിശുദ്ധ ജോൺ ഡമഷീൻ പറയുന്നതു മറിയം പരിശുദ്ധയും പരിശുദ്ധിയുടെ പ്രണയിനിയും ആണെന്നാണ്. അതിനാൽ അശുദ്ധി മറിയത്തിന് ഒരിക്കലും സഹിക്കാനാവില്ല എന്നും വിശുദ്ധൻ കൂട്ടിച്ചേർക്കുന്നു. മറിയത്തിൻറെ പരിശുദ്ധി മനുഷ്യന് അഗ്രാഹ്യമാണ്. അതു കൈവരിക്കുകയാകട്ടെ നമുക്ക് അസാധ്യവുമാണ്. നമുക്കു ചെയ്യാവുന്നത് ഒന്നേയുള്ളൂ. വിശുദ്ധിയുടെ ഉത്തമമാതൃകയായ മറിയത്തിൻറെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുക. പരിശുദ്ധ അമ്മയെ നമ്മുടെ അഭിഭാഷകയും മധ്യസ്ഥയും ആയി ഏറ്റുപറഞ്ഞുകൊണ്ടു സമർപ്പിക്കുന്ന ഒരു പ്രാർഥനയും അമ്മ ഒരിക്കലും നിരസിച്ചിട്ടില്ല എന്ന കോടിക്കണക്കിനു ഭക്തരുടെ സാക്ഷ്യം നമുക്കു മുൻപേയുള്ളതിനാൽ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം. നമുക്കായി നിശ്ചയിച്ചിരിക്കുന്ന വിശുദ്ധിയുടെ ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ ഓടിത്തീർക്കാനായി വിശുദ്ധിയുടെ അമ്മയായ പരിശുദ്ധകന്യകാമറിയം നമ്മെ സഹായിക്കട്ടെ.