സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ

നാമെല്ലാവരും  ഓടുന്നതും  അധ്വാനിക്കുന്നതും സ്വർഗരാജ്യത്തിൽ  എത്തിച്ചേരാൻ വേണ്ടിയാണ്. അവിടെ നമുക്കു നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നത്  വാഗ്ദാനങ്ങളിൽ വിശ്വസ്തനായ  കർത്താവ് തന്നെയാണ്. ‘ എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവൻ ഉണ്ട്‌. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും’ (യോഹ. 6:54). ആ സൗഭാഗ്യപൂർണമായ സ്വർഗജീവിതത്തിന് അർഹരാകുന്നവർ അവിടെ മാലാഖമാരെ പോലെ ആയിരിക്കും എന്നും അവിടുന്ന് പറഞ്ഞു.  പുനരുത്ഥാനത്തിൽ  അവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ചെയ്യില്ല. അവർ സ്വർഗത്തിലെ മാലാഖമാരെപ്പോലെ ആയിരിക്കും (മർക്കോസ് 12:25).

അങ്ങനെയെങ്കിൽ എല്ലാവരും തുല്യരായ ഒരു സോഷ്യലിസ്റ്റ് സ്വർഗമായിരിക്കുമോ അത്? അതോ  ‘എല്ലാവരും തുല്യരെങ്കിലും ചിലർ കൂടുതൽ തുല്യരായ’ ഒരിടമാണോ സ്വർഗരാജ്യം?

യേശു ഒരിക്കൽ ഇക്കാര്യത്തെക്കുറിച്ചു ചെറിയൊരു സൂചന നൽകിയിട്ടുണ്ട്. അതിലേക്കു വരുന്നതിനു മുമ്പ് നാം മനസ്സിൽ  പറഞ്ഞുറപ്പിക്കേണ്ട കാര്യം സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ ചില മിനിമം യോഗ്യതകൾ നിഷ്കർഷിച്ചിട്ടുണ്ട് എന്നതാണ്. അടിസ്ഥാനപരമായി  അത് യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടും പ്രമാണങ്ങൾ അനുസരിച്ചു കൊണ്ടുള്ള ഒരു ജീവിതമാണ്. എന്നാൽ അവ മിനിമം യോഗ്യത മാത്രമാണെന്നോർക്കണം. അതായതു നാം സ്വർഗത്തിലെ ‘സാധാരണ പൗരന്മാർ’ ആയിരിക്കും.

സ്വർഗത്തിലെത്തുന്നവർക്കു താരതമ്യത്തിനായി യേശു ഒരാളുടെ പേരു നിർദേശിക്കുന്നുണ്ട്. സ്വർഗ രാജ്യത്തിലെ ഏറ്റവും ചെറിയവൻ ആ മനുഷ്യനെക്കാൾ വലിയവനായിരിക്കും എന്നാണു കർത്താവ് പറഞ്ഞത്.

സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്നു കർത്താവ് സാക്ഷ്യപ്പെടുത്തിയ സ്‌നാപകയോഹന്നാൻ  തന്നെയാണ് ആ മനുഷ്യൻ.

സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ  സ്നാപക യോഹന്നാനെക്കൾ വലിയവനായി ആരുമില്ല. എങ്കിലും സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനായിരിക്കും (മർക്കോസ് 11:11).

ആരായിരുന്നു ഈ സ്നാപകയോഹന്നാൻ? ഒരു പ്രവാചകനോ? അല്ല, പ്രവാചകനെക്കാൾ വലിയവനായിരുന്നു അവൻ (ലൂക്കാ 7:26) എന്നു പറഞ്ഞതും യേശു തന്നെയാണ്.  അവൻ കാറ്റത്ത് ഇളകുന്ന വെറുമൊരു ഞാങ്ങണ  ആയിരുന്നില്ല. മൃദുല വസ്ത്രങ്ങൾ ധരിച്ച ഒരുവനുമായിരുന്നില്ല (ലൂക്കാ 7:27). പരുക്കൻ  വസ്ത്രങ്ങൾ ധരിച്ച്, വെട്ടുക്കിളിയും കാട്ടുതേനും  ഭക്ഷിച്ച് മരുഭൂമിയിൽ ജീവിച്ച ഒരുവൻ. എല്ലാ മഹത്വവും ദൈവത്തിനു  മാത്രം എന്നു പറഞ്ഞവൻ. യേശുവിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാൻ പോലും തനിക്ക് യോഗ്യത ഇല്ലെന്ന് ഏറ്റുപറഞ്ഞവൻ. സത്യത്തിനു വേണ്ടി നിലകൊള്ളുകയും രാജാവിന്റെ മുമ്പിൽ പോലും അപ്രിയ സത്യം വിളിച്ചുപറയാൻ ധൈര്യപ്പെടുകയും ചെയ്തവൻ. സത്യം പറഞ്ഞതിന് കാരാഗൃഹത്തിൽ  അടയ്‌ക്കപ്പെടുകയും  രാജാവിനെയും രാജഞി യെയും  വിമർശിച്ചതിനു വധിക്കപ്പെടുകയും  ചെയ്തവൻ!

ഇത്രയ്ക്കും മഹാനായ ഒരു മനുഷ്യനെ സ്വർഗത്തിലെ ഏറ്റവും ചെറിയവനെക്കാളും താഴെ മാത്രമാണു കർത്താവ് പരിഗണിക്കുന്നത് എന്നതു വിചിത്രമായി തോന്നാം. എന്നാൽ സത്യം അതാണ്.

സ്‌നാപകയോഹന്നാനെപ്പോലെ  ജീവിച്ചാൽ നമുക്കും സ്വർഗത്തിൽ എത്താം എന്നുറപ്പ്. എന്നാൽ  നാം ആ അടിസ്ഥാന യോഗ്യതയ്ക്ക് അടുത്തെങ്കിലും എത്തുന്നുണ്ടോ എന്ന് ആത്‍മപരിശോധന നടത്തണം. ആ ആത്മപരിശോധന നമ്മെ സത്യത്തിലും വിനയത്തിലും ധൈര്യത്തിലും ലാളിത്യത്തിലും  ജീവിക്കാനും വിശ്വാസത്തെ പ്രതി രക്തസാക്ഷിയാകുന്നതിന് ഒരുങ്ങാനും സഹായിക്കും.

 സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ എങ്കിലും ആകാൻ കഴിഞ്ഞില്ലെങ്കിൽ അതിൽപരം മറ്റൊരു ദുരന്തമുണ്ടോ?

സ്നാപകനെപ്പോലെ വിശ്വാസത്തിൽ അടിപതറാതെ നിൽക്കാനുള്ള കൃപയ്ക്കായി പരിശുദ്ധത്മാവിനോടു പ്രാർത്ഥിക്കാം.