സംഭാവനയും നിക്ഷേപവും

എന്താണു  സംഭാവനയും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം?  ലളിതമായി പറഞ്ഞാൽ സംഭാവന എന്നതു  തിരിച്ചുകിട്ടില്ല  എന്ന   ചിന്തയിൽ കൊടുക്കുന്ന പണമാണ്. എന്നാൽ നിക്ഷേപം  എന്നതു   കൊടുത്തത്രയുമോ   അതിൽ കൂടുതലോ  തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിൽ കൊടുക്കുന്ന പണമാണ്.  ഉദാഹരണം രാഷ്ട്രീയപാർട്ടികൾക്കാവശ്യം സംഭാവനയാണ്.  എന്നാൽ ബാങ്കുകൾക്കാവശ്യം നിക്ഷേപമാണ്.

ദൈവത്തിന് എന്താണാവശ്യം എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?  മനുഷ്യരുടെ അടുത്തുനിന്നു  സംഭാവന വാങ്ങാൻ മാത്രം ദരിദ്രനല്ലല്ലോ ദൈവം.  അവിടുത്തേയ്ക്കാവശ്യം നമ്മുടെ നിക്ഷേപമാണ്.   മുപ്പതും അറുപതും  നൂറും  ഇരട്ടിയാക്കി തിരിച്ചുതരാൻ വേണ്ടിയാണു  ദൈവം മനുഷ്യരുടെ  നിക്ഷേപം സ്വീകരിക്കുന്നത്.

അങ്ങനെയെങ്കിൽ  ദൈവാലയത്തിൽ നാം കൊടുക്കുന്ന പണം  സംഭാവനയാണോ അതോ നിക്ഷേപമാണോ? നമ്മുടെ ദശാംശവും  പരോപകാരപ്രവൃത്തികളും ഒക്കെ  ഇതിൽ ഏതു വിഭാഗത്തിൽ പെടും? ചിന്തിക്കേണ്ട വിഷയമാണിത്.  ദൈവാലയത്തിലെ കാണിക്കയെക്കുറിച്ചു  കർത്താവ് ഒരു തവണയേ പറഞ്ഞിട്ടുള്ളുവെന്നു തോന്നുന്നു.  അതു  വിധവയുടെ കൊച്ചുകാശിനെക്കുറിച്ചു  പറയുമ്പോഴായിരുന്നു.  ധനവാന്മാർ വലിയ തുകകൾ ഭണ്ഡാരത്തിലിടുന്നതും ദരിദ്രയായ വിധവ  ഏറ്റവും  വില കുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങൾ ഇടുന്നതും കണ്ടപ്പോൾ അവിടുന്ന് ശിഷ്യന്മാരോട്  ഇങ്ങനെ പറഞ്ഞു. ‘സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ  മറ്റാരെയുംകാൾ കൂടുതൽ ഭണ്ഡാരത്തിൽ   നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ   അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ,  തൻറെ ദാരിദ്ര്യത്തിൽ നിന്നു  തനിക്കുണ്ടായിരുന്നതെല്ലാം, തൻറെ  ഉപജീവനത്തിനുള്ള വക മുഴുവനും  നിക്ഷേപിച്ചിരിക്കുന്നു’ (മർക്കോസ്  12:43-44).  

നമുക്കു  വേദനിക്കാത്ത തരത്തിൽ നമ്മുടെ സമൃദ്ധിയിൽ നിന്നൊരു ഭാഗം   ദൈവാലയത്തിലെ നേർച്ചപ്പെട്ടിയിലിടുകയോ  പരോപകാരപ്രവൃത്തികൾക്കു  വിനിയോഗിക്കുകയോ ചെയ്യുമ്പോൾ   അതു   വെറും സംഭാവനയായി മാറുന്നു. തിരിച്ചുകിട്ടാൻ ഒന്നുമില്ലാത്ത വെറുമൊരു സംഭാവന. എന്നാൽ  നമുക്കു വേദനിക്കുന്ന വിധത്തിൽ നമുക്കുള്ളതെല്ലാം, അത് എത്ര ചെറുതാണെങ്കിലും, ദൈവേഷ്ടപ്രകാരം  വിനിയോഗിക്കുമ്പോൾ അതു  നിക്ഷേപമായി മാറുന്നു.  ദരിദ്രയായ വിധവ ചെയ്തത് അതാണ്. അടുത്ത ദിവസത്തേക്കുള്ള ഭക്ഷണത്തിനുള്ള പണമായിരിക്കാം അവൾ  ദൈവാലയഭണ്ഡാരത്തിൽ  ഇട്ടത്. ദൈവം അതു  വലിയൊരു നിക്ഷേപമായി കണക്കിലെടുത്തു.  അവളുടെ ഉപജീവനത്തിനുള്ള വകയായിരുന്നു ആ രണ്ടു ചെമ്പുനാണയങ്ങൾ. അതുകൊണ്ട് അവളുടെ ഹൃദ്യവും ആ ചെമ്പുതുട്ടുകളോടൊപ്പമായിരുന്നു.  ‘നിങ്ങളുടെ  നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ  ഹൃദയവും’ (മത്തായി  6:21) എന്നു തിരുവചനം പറയുന്നു.  തൻറെ  നിക്ഷേപം ദൈവത്തിനു സമർപ്പിച്ചപ്പോൾ അവൾ അതോടു ചേർന്നുനിന്ന തൻറെ ഹൃദയവും  ദൈവത്തിനു  സമർപ്പിച്ചു.  അങ്ങനെയെങ്കിൽ ആ നിക്ഷേപത്തോടൊപ്പം  അവളുടെ ഹൃദയവും  സ്വർഗത്തിൽ എത്തിയിരിക്കണം.

വാഗ്ദാനങ്ങളിൽ വിശ്വസ്തനായ  ദൈവം  അവൾ അളന്നുകൊടുത്ത അതേ അളവിലല്ല,  അതിനേക്കാൾ കൂടുതൽ, അമർത്തിക്കുലുക്കി  നിറച്ചളന്ന്,   സ്വർഗത്തിൽ അവൾക്കു തിരിച്ചുകൊടുത്തിട്ടുണ്ടാകണം.

നമ്മുടെ കാണിക്കകൾ വെറും സംഭവനകളായി മാറുന്നുവോ എന്ന് ആത്മശോധന ചെയ്യണം.  യഥാർത്ഥ നിക്ഷേപം സ്വർഗത്തിൽ   സംഭരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ  നമ്മുടെ കാണിക്കകളും പരോപകാരപ്രവൃത്തികളും  സംഭാവനകളുടെ തലത്തിൽ നിന്നുയരണം.  അല്പം വേദനിച്ചുകൊണ്ടുമാത്രമേ അങ്ങനെയുള്ള നിക്ഷേപങ്ങൾ നടത്താൻ കഴിയുകയുള്ളു. എന്നാൽ  സംഭാവനയെയും നിക്ഷേപത്തെയും   വേർതിരിച്ചുകാണുന്ന  നീതിമാനായ ദൈവം  തൻറെ  കണക്കുപുസ്തകത്തിൽ നമ്മുടെ നിക്ഷേപത്തിൻറെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയിരിക്കും  എന്നുറപ്പ്.  

(www.divinemercychannel.com)