വിശുദ്ധ മിഖായേലിൻ്റെ ജപമാലയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഈ ജപമാല പൈശാചിക ശക്തികളോട് പോരാടുന്ന മുഖ്യ ദൂതനായ വിശുദ്ധ മിഖായേലിനോടും നവവൃന്ദം മാലാഖമാരോടുമുള്ള അതിശക്തമായ ഒരു പ്രാർത്ഥനയാണ്. ഈ ജപമാല വഴി നമുക്ക് മാലാഖമാരുടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നതാണ്.
മുഖ്യദൂതനായ വിശുദ്ധ മിഖായേൽ 1851 ൽ പോർച്ചുഗീസ് കന്യാസ്ത്രീ ആയ അന്റോണിയോയ്‌ക്ക് നൽകിയ ദർശനത്തിൽ ആണ് ഈ ജപമാല വെളിപ്പെടുത്തിയത്.
ഭക്തിയോടെ ഇതു ചൊല്ലുന്നവർക്കെല്ലാം തന്റെയും 9 വൃന്ദത്തിലുള്ള ഓരോ മാലാഖയുടെയും സഹായം വി.കുർബാന സമയത്തു ലഭിക്കുമെന്ന് വി.മിഖായേൽ ഉറപ്പു കൊടുത്തിട്ടുണ്ട്. ഇത് നിത്യവും ചൊല്ലുന്ന ഏവരും വളരെ വേഗം ജീവിത വിശുദ്ധി കൈവരിക്കുകയും അവരുടെ ജീവിതകാലത്തും മരണ ശേഷവും എല്ലാ മാലാഖമാരുടെയും നിരന്തരസഹായം ലഭിക്കുന്നതുമാണ്.
ഈ ജപമാലയിൽ 9 രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു.ഓരോ രഹസ്യത്തിലും വി.മിഖായേലിന്റെയും ഓരോ വൃന്ദം മാലാഖമാരുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥത നാം യാചിക്കുന്നു.
ഈ ജപമാല ചൊല്ലുന്ന വിധം
✝️ മനഃസ്താപപ്രകരണം
✝️ കുരിശു വരയ്ക്കുക.
അതിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക:
“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
ദൈവമേ എന്റെ സഹായത്തിനു വരേണമേ. കർത്താവേ എന്നെ സഹായിക്കുവാൻ വേഗം വരണമേ.”
✝️ ഒൻപതു രഹസ്യങ്ങൾ
〰️〰️〰️〰️〰️〰️〰️〰️
ഒന്നാം രഹസ്യം
വി.മിഖായേലിന്റെയും ഒന്നാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ സ്രാപ്പേൻമാരുടെയും മദ്ധ്യസ്ഥതയാൽ പരിപൂർണമായ സ്നേഹാഗ്നിയിൽ ജ്വലിച്ചെരിയുവാൻ കർത്താവ് നമ്മെ യോഗ്യരാക്കട്ടെ.
ആമേൻ.
(1സ്വർഗ്ഗ, 3നന്മ)
രണ്ടാം രഹസ്യം
വി.മിഖായേലിന്റെയും രണ്ടാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ കെരൂബുകളുടെയും മദ്ധ്യസ്ഥതയാൽ പാപ മാർഗങ്ങൾ ഉപേക്ഷിക്കുവാനും ക്രിസ്തീയ പൂർണ്ണതയിലേക്ക് നടന്നടുക്കുവാനും കർത്താവ് നമ്മെ സഹായിക്കട്ടെ.
ആമേൻ.
(1 സ്വർഗ, 3 നന്മ )
മൂന്നാം രഹസ്യം
വി.മിഖായേലിന്റെയും മൂന്നാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ ഭദ്രാസനന്മാരുടെയും മദ്ധ്യസ്ഥതയാൽ യഥാർത്ഥവും ആത്മാർത്ഥവുമായ എളിമയുടെ അരൂപിയാൽ നമ്മുടെ ഉള്ളങ്ങളെ കർത്താവ് നിറയ്ക്കട്ടെ.
ആമേൻ.
1സ്വർഗ, 3 നന്മ )
നാലാം രഹസ്യം
വി.മിഖായേലിന്റെയും നാലാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ അധികാരൻമാരുടെയും മദ്ധ്യസ്ഥതയാൽ ഇന്ദ്രിയങ്ങളെ ജയിച്ചടക്കുന്നതിനും അനിയന്ത്രിതമായ ആസക്തികളെ കീഴ്പ്പെടുത്തുന്നതിനുമുള്ള കൃപ കർത്താവ് നമ്മിൽ ചൊരിയട്ടെ.
ആമേൻ
(1സ്വർഗ, 3 നന്മ )
അഞ്ചാം രഹസ്യം
വി.മിഖായേലിന്റെയും അഞ്ചാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ താത്വികന്മാരുടെയും മദ്ധ്യസ്ഥതയാൽ തിന്മയിൽ നിന്നും പ്രലോഭനങ്ങളിൽ അകപ്പെടുന്നതിൽ നിന്നും കർത്താവ് നമ്മെ രക്ഷിക്കട്ടെ.
ആമേൻ
(1സ്വർഗ, 3 നന്മ)
ആറാം രഹസ്യം
വി.മിഖായേലിന്റെയും ആറാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ ബലവാന്മാരുടെയും മദ്ധ്യസ്ഥതയാൽ സാത്താന്റെ കെണികളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും കർത്താവ് നമ്മെ മോചിപ്പിക്കട്ടെ.
ആമേൻ
(1സ്വർഗ, 3 നന്മ)
ഏഴാം രഹസ്യം
വി.മിഖായേലിന്റെയും ഏഴാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ പ്രാഥമികൻമാരുടെയും മദ്ധ്യസ്ഥതയാൽ യഥാർത്ഥ അനുസരണത്തിന്റെ അരൂപിയാൽ കർത്താവ് നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കട്ടെ.
ആമേൻ
(1സ്വർഗ, 3 നന്മ)
എട്ടാം രഹസ്യം
വി.മിഖായേലിന്റെയും എട്ടാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ മുഖ്യദൂതന്മാരുടെയും മദ്ധ്യസ്ഥതയാൽ സത്യ വിശ്വാസത്തിലും സുകൃതങ്ങളിലും ഉറച്ചു നിൽക്കുന്നത് വഴി സ്വർഗ്ഗീയ സൗഭാഗ്യം ലഭിക്കുന്നതിനുള്ള കൃപാവരം കർത്താവ് നമുക്ക് പ്രദാനം ചെയ്യട്ടെ.
ആമേൻ
(1സ്വർഗ, 3 നന്മ)
ഒൻപതാം രഹസ്യം
വി.മിഖായേലിന്റെയും ഒൻപതാം സ്വർഗ്ഗീയവൃന്ദം മാലാഖമാരായ ദൈവദൂതൻമാരുടെയും മദ്ധ്യസ്ഥതയാൽ ഇഹലോക ജീവിതത്തിൽ മാലാഖമാരുടെ സംരക്ഷണം സിദ്ധിച്ചു സ്വർഗഭാഗ്യം പ്രാപിക്കുവാൻ കർത്താവു നമുക്ക് ഇടയാക്കട്ടെ.
ആമേൻ
(1സ്വർഗ, 3 നന്മ)
വിശുദ്ധ മിഖായേലിന്റെ സ്തുതിക്കായി
1 സ്വർസ്ഥനായ പിതാവേ…
വി.ഗബ്രിയേലിന്റെ സ്തുതിക്കായി
1 സ്വർഗസ്ഥനായ പിതാവേ…
വി.റഫായേലിന്റെ സ്തുതിക്കായി
1 സ്വർഗസ്ഥനായ പിതാവേ…
കാവൽമാലാഖയുടെ സ്തുതിക്കായി
1 സ്വർഗസ്ഥനായ പിതാവേ…
സമാപന പ്രാർത്ഥന
വി.മിഖായേലെ ശ്രേഷ്ഠനായ രാജകുമാരാ, സ്വർഗീയ സൈന്യങ്ങളുടെ മുഖ്യസൈന്യാധിപാ, ആത്മാക്കളുടെ സംരക്ഷകനേ,വിമതരായ അരൂപികളെ അടിച്ചമർത്തുന്നവനേ, സ്വർഗീയ രാജാവിന്റെ സേവകനേ, ഞങ്ങളുടെ ബഹുമാന്യനായ കാര്യസ്ഥനേ, അമാനുഷിക പുണ്യങ്ങളാലും മഹിമകളാലും അലങ്കരിക്കപ്പെട്ടവനേ, വിശ്വാസപൂർവ്വം അങ്ങേ പക്കൽ അണയുന്ന ഞങ്ങളെ ദുഷ്ടനിൽ നിന്നും വിടുവിച്ചു അങ്ങയുടെ കൃപ നിറഞ്ഞ സംരക്ഷണ ശക്തി നൽകി വർദ്ധിച്ച തീക്ഷ്ണതയോടും വിശ്വാസത്തോടും കൂടെ ദൈവത്തെ അനുദിനം സേവിക്കുവാൻ അനുഗ്രഹിക്കണമേ .
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ…
തിരുസഭയുടെ രാജകുമാരനും മഹാപ്രതാപവാനുമായ വി.മിഖായേലെ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
“നമുക്ക് പ്രാർത്ഥിക്കാം”
സർവ്വ ശക്തനും നിത്യനുമായ ദൈവമേ ,അതിശയകരമായ അങ്ങയുടെ നന്മകളാലും എല്ലാ മനുഷ്യരുടെയും ആത്മരക്ഷക്കായുള്ള അങ്ങയുടെ ദയ നിറഞ്ഞ ആഗ്രഹത്താലും ഉഗ്രപ്രതാപവാനായ വിശുദ്ധ മിഖായേലിനെ തിരുസഭയുടെ രാജകുമാരനായി നിയമിക്കുവാൻ അങ്ങു തിരുമനസായല്ലോ. ശത്രുക്കളിൽ നിന്നു ഞങ്ങളെ സംരക്ഷിച്ചു കൊള്ളണമേ. മരണ സമയത്ത് എല്ലാ ദുഷ്ടശക്തികളുടെയും ആക്രമണങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ.
അങ്ങനെ അങ്ങയുടെ തിരുമുൻപിൽ വിശുദ്ധ മിഖായേലിനാൽ ആനയിക്കപ്പെടുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ.
ഈ വരങ്ങൾ ഒക്കെയും ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ പ്രതി ഞങ്ങൾക്ക് തന്നരുളണമേ.
ആമേൻ.
പരിശുദ്ധ പിതാവിന്റെയും, തിരുസഭയുടെയും എല്ലാ നിയോഗങ്ങൾക്കും വേണ്ടി
(1സ്വർഗ , 1നന്മ , 1 ത്രിത്വ )
ആവേ മരിയ ..