വിശുദ്ധിയുടെ പടവുകൾ 27

തങ്ങളെ ഏൽപിച്ച കർമം    സ്വന്തം ധർമമായി കണ്ടുകൊണ്ടു    ഭൂമിയിൽ പ്രതിഫലം കാംക്ഷിക്കാതെ നിറവേറ്റിയവരാണു  വിശുദ്ധർ.   പ്രതിഫലമോ പ്രത്യേക പരിഗണനയോ  പദവികളോ ഒന്നും ആഗ്രഹിക്കാതെ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിസാരമായേ അവർ കരുതുന്നുള്ളൂ.  ചെയ്യേണ്ട കാര്യങ്ങൾ ചെയ്തതിനുശേഷം കർത്താവ് ഉപദേശിച്ചതുപോലെ തന്നെ അവരും പറയും; “ഞങ്ങൾ   നിസാരരായ  ഭൃത്യന്മാർ മാത്രം.  ഞങ്ങളെ   ഏല്പിച്ച ജോലി  ചെയ്തുവെന്നേയുള്ളൂ. “

എന്നാൽ ലോകം അതു  സമ്മതിക്കുകയില്ല. അവർ വിശുദ്ധർ ചെയ്ത സൽകൃത്യങ്ങൾക്കും  പുണ്യപ്രവൃത്തികൾക്കും പലപ്പോഴും അവരുടെ മേൽ  പ്രശംസ ചൊരിയും.  അത്തരം കാര്യങ്ങൾ ചെയ്യുന്ന മഹാത്മാക്കളെ ആദരിക്കേണ്ടതും  അവരെ  ലോകത്തിൻറെ മുൻപിൽ പുകഴ്ത്തിക്കാട്ടുന്നതും തികച്ചും ആവശ്യമായ ഒരു കാര്യമായിട്ടാണു  സാധാരണ മനുഷ്യർ കാണുന്നത്.

എന്നാൽ വിശുദ്ധരെ  സംബന്ധിച്ചിടത്തോളം ഓരോ പ്രശംസയും ഓരോ  പദവിയും ഓരോ  ബഹുമതിയും എടുക്കാൻ വയ്യാത്ത ചുമടാണ്.   അതു  മനസിലാക്കാൻ കഴിവില്ലാത്ത   ലോകം അവരുടെ പിറകെ ബഹുമതികളുമായി ചെന്നെന്നുവരാം.   ഫാദർ ഡാമിയൻറെ അനുഭവം അത്തരത്തിലൊന്നാണ്.  മൊളോക്കോയിലെ കുഷ്ഠരോഗികൾക്കായി അദ്ദേഹം ചെയ്ത സേവനങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെട്ട  അവിടുത്തെ രാജ്ഞി അദ്ദേഹത്തിനു   രാജ്യത്തെ പരമോന്നത ബഹുമതിയായ  ‘ക്രോസ്  ഓഫ് ദ ഓർഡർ ഓഫ്  കലക്കാവ’  നല്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഡാമിയനച്ചൻ അങ്ങേയറ്റം അസ്വസ്ഥനായി.  തനിക്ക് ഈ ബഹുമതി സ്വീകരിക്കാനുള്ള ബുദ്ധിമുട്ടു  രാജ്ഞിയോടും തൻറെ മെത്രാനോടും തുറന്നുപറഞ്ഞെങ്കിലും ബഹുമതി സ്വീകരിക്കാൻ മെത്രാൻ അദ്ദേഹത്തെ നിർബന്ധിക്കുകയാണു  ചെയ്തത്. അനുസരണത്തെ പ്രതി ഡാമിയനച്ചൻ  ആ പ്രശംസാപത്രവും മെഡലും ഏറ്റുവാങ്ങിയെങ്കിലും ജീവിതകാലത്ത് ഒരിക്കലും അദ്ദേഹം അത് അണിഞ്ഞിരുന്നില്ല.

ഫാദർ ഡാമിയനെ സംബന്ധിച്ചിടത്തോളം  ഇതിനേക്കാൾ വലിയ  അവാർഡും ബഹുമതിയും വരാനിരിക്കുന്നുണ്ടായിരുന്നു. കുറച്ചു കാലത്തിനുശേഷം  അദ്ദേഹം  കുഷ്ഠരോഗിയായി. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. ‘ഞാൻ  വളരെയധികം പ്രതീക്ഷയോടെ  കാത്തിരുന്ന മെഡൽ  ഇപ്പോൾ  എനിക്കു ലഭിച്ചിരിക്കുന്നു.  എൻറെ ദിവ്യഈശോ ആ മെഡൽ  എൻറെ ശരീരത്തിൽ ഇതാ ചാർത്തിത്തന്നിരിക്കുന്നു.”  ഇതാണു  വിശുദ്ധി.  ഇങ്ങനെയാണ് പുണ്യവാന്മാർ  ചിന്തിക്കുന്നത്.

തന്നെ മെത്രാനാക്കാനുള്ള നീക്കങ്ങൾ നടക്കുന്നു എന്നറിഞ്ഞ ചാവറയച്ചൻ  പറഞ്ഞ വാക്കുകളും ഇവിടെ കൂട്ടിവായിക്കാം.  “എനിക്കു മെത്രാനാകണ്ട; പുണ്യവാനായാൽ മതി.”  പ്രശസ്തിയും പദവിയും ബഹുമതിയും ലോകത്തിൻറെ ആദരവും  എല്ലാം തങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരാൻ തടസമാണെന്നു  തിരിച്ചറിഞ്ഞവരാണ് വിശുദ്ധർ.