വിശുദ്ധർ സ്നേഹിച്ചത് യേശുവിനെ മാത്രമായിരുന്നു. കർത്താവിനെ അത്രമേൽ സ്നേഹിച്ചുപോയ അവർക്കു ദൈവത്തിൻറെ മാധുര്യമേറിയ നാമത്തെ ആരെങ്കിലും അവഹേളിക്കുന്നതു കണ്ടുനിൽക്കാനാവില്ലായിരുന്നു. തങ്ങൾക്കു തടയാൻ കഴിയുമ്പോഴെല്ലാം അവർ എന്തു വില കൊടുത്തും ദൈവദൂഷണം തടഞ്ഞു. അതു സാധിക്കാതിരുന്നപ്പോഴാകട്ടെ മറ്റുള്ളവർ പറയുന്ന ദൈവദൂഷണപരമായ വാക്കുകൾ ദൈവത്തെ എത്രകണ്ടു വേദനിപ്പിക്കുന്നു എന്നു മനസിലാക്കിയ അവർ അതിനു തങ്ങളാൽ കഴിയും വിധം പരിഹാരവും ചെയ്തിരുന്നു.
അതിനുള്ള ഒന്നാമത്തെ മാർഗം മറ്റുള്ളവർ നിന്ദിച്ചതിനും അവഹേളിച്ചതിനും ദ്വേഷിച്ചതിനും പകരമായി ദൈവത്തെ കൂടുതൽ സ്നേഹിച്ചുകൊണ്ടായിരുന്നു. രണ്ടാമത്തെ മാർഗമാകട്ടെ, ദൈവദൂഷണം നടത്തിയവർക്കു മാനസാന്തരവും അനുതാപവും ഉണ്ടാകാൻ വേണ്ടി പ്രാർഥിച്ചുകൊണ്ടും.
ദൈവനാമത്തോടുള്ള സ്നേഹത്തെ പ്രതി തീക്ഷ്ണതയാൽ ജ്വലിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു ഡൊമിനിക് സാവിയോ. ഡൊമിനിക്ക് ഈ ഭൂമിയിൽ ആകെ ജീവിച്ചതു വെറും പതിനാലു വർഷം മാത്രം. എന്നാൽ ഒരു പുരുഷായുസ് കൊണ്ടു നേടാവുന്ന നേട്ടങ്ങൾ യേശുവിനായി കൈവരിച്ചതിനു ശേഷമാണ് അവൻ സ്വർഗത്തിലേക്കു പോയത്.
ഒരിക്കൽ റോഡിലൂടെ നടന്നുപോകുമ്പോൾ ഡൊമിനിക്ക് താഴ്ന്ന സ്വരത്തിൽ എന്തോ പിറുപിറുക്കുന്നതു കണ്ട സുഹൃത്ത് കാര്യമന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു; “ഇപ്പോൾ പോയ ആ വണ്ടിക്കാരൻ യേശുവിൻറെ നാമം അനാവശ്യമായി ഉപയോഗിക്കുന്നതു കണ്ടില്ലേ? അതുകേട്ട് യേശുവിന് എന്തു വിഷമമായിട്ടുണ്ടാകും! അതുകൊണ്ടു ഞാൻ ‘യേശുവിൻറെ തിരുനാമം വാഴ്ത്തപ്പെട്ടതാകട്ടെ’ എന്ന സുകൃതജപം ജപിച്ചുകൊണ്ട് അവിടുത്തെ സന്തോഷിപ്പിക്കുകയാണ്.”
പിന്നീടൊരിക്കൽ സ്‌കൂൾ വിട്ടു മടങ്ങിവരുമ്പോൾ ഒരു മനുഷ്യൻ ദൈവദൂഷണപരമായ വാക്കുകൾ വിളിച്ചുപറയുന്നതുകേട്ടു ഡൊമിനിക്കിൻറെ ഹൃദയം വേദനിച്ചു. ഒരു ആശ്രമത്തിലേക്കുള്ള വഴി ചോദിക്കാൻ എന്ന വ്യാജേന അവൻ ആ മനുഷ്യൻറെ അടുത്തുചെന്നു പരിചയപ്പെട്ടു. വഴി ചോദിച്ചതിനു ശേഷം അയാളുടെ അടുത്തേക്കു ചേർന്നു നിന്നു മറ്റാരും കേൾക്കാത്ത വിധത്തിൽ സ്വരം താഴ്ത്തി അയാളോട് ഇങ്ങനെ പറഞ്ഞു; “ഇനിയെങ്കിലും നിങ്ങൾക്കു ദേഷ്യം വരുമ്പോൾ ദൈവത്തിൻറെ തിരുനാമം മോശമായ തരത്തിൽ ഉപയോഗിക്കാതിരിക്കുമെങ്കിൽ വലിയ ഉപകാരമായിരുന്നു.” ആ മനുഷ്യനു തൻറെ തെറ്റു മനസിലായി. ഇനി ഒരിക്കലും താൻ ആ തെറ്റ് ആവർത്തിക്കില്ല എന്നു ഡൊമിനിക്കിനു വാക്കു കൊടുത്തിട്ടാണ് അയാൾ പോയത്.
യേശുക്രിസ്തു ദൈവമാണെന്ന് അറിഞ്ഞിട്ടും അവിടുത്തെ ദൈവത്വത്തെയും അവിടുത്തെ ഏകരക്ഷകസ്ഥാനത്തെയും പ്രഘോഷിക്കാതിരിക്കുന്നതും ദൈവത്തെ വേദനിപ്പിക്കുന്ന കാര്യമാണ്. അത് അറിയാവുന്നതുകൊണ്ടാണു വാക്കുകൊണ്ടെങ്കിലും യേശുവിനെ തള്ളിപ്പറഞ്ഞാൽ ജീവൻ രക്ഷിക്കാമായിരുന്ന അനേകം രക്തസാക്ഷികൾ അതിനു തയാറാകാതെ പകരം മരണം തെരഞ്ഞെടുത്തത്. ലിബിയയിൽ ഇസ്ലാമിക ഭീകരന്മാർ കഴുത്തറത്തുകൊന്ന ഇരുപതു ക്രിസ്ത്യൻ യുവാക്കൾക്കും യേശുവിനെ തള്ളിപ്പറയുന്നതായി അഭിനയിച്ചാൽ പോലും ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അവരിൽ ഒരുവൻ പോലും അതിനു തയ്യാറായില്ല. അതിൻറെ ഫലം എന്തായിരുന്നുവെന്നു നമുക്കറിയാം. യേശുക്രിസ്തു എന്ന പേര് അതുവരെ കേട്ടിട്ടുപോലുമില്ലാത്ത ഇരുപത്തൊന്നാമത്തെ ചെറുപ്പക്കാരനും അവരോടൊപ്പം ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയ്യാറായി!
അന്നും ഇന്നും തങ്ങളുടെ ജീവനേക്കാൾ കർത്താവിൻറെ നാമമഹത്വത്തിനു പ്രാധാന്യം കൊടുത്തവർ മാത്രമേ വിശുദ്ധരായിട്ടുള്ളൂ.