ഹവ്വയ്ക്കും അതുവഴി ആദത്തിനും വിശുദ്ധി നഷ്ടപ്പെടാനിടയായത് അനുസരണക്കേടു കൊണ്ടായിരുന്നു. ആദിമാതാപിതാക്കളിലൂടെ നമുക്കു നഷ്ടപ്പെട്ട വിശുദ്ധിയും അതിൻറെ നേരിട്ടുള്ള ഫലമായ ദൈവികസഹവാസവും നമുക്കു തിരികെ നേടിത്തന്നതു നമ്മുടെ രക്ഷകനായ യേശുക്രിസ്തുവാണ്. അവിടുന്ന് അതു സാധിച്ചെടുത്തതാകട്ടെ പൂർണമായ അനുസരണത്തിലൂടെയായിരുന്നു. യേശുവിനെ സംബന്ധിച്ചിടത്തോളം അനുസരണം എന്നതു പിതാവിൻറെ ഇഷ്ടം നിറവേറ്റുക മാത്രമായിരുന്നു. ‘അപ്പോൾ പുസ്തകത്തിൻറെ ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാൻ പറഞ്ഞു; ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു’ (ഹെബ്രാ 10:7).
ദൈവത്തിൻറെ ഇഷ്ടം നാം എങ്ങനെയാണു തിരിച്ചറിയുക. വിശുദ്ധർ അതിന് ഒരെളുപ്പവഴി കണ്ടുപിടിച്ചിരുന്നു. അധികാരികളെ അനുസരിക്കുക! അധികാരികളിലൂടെ പുറത്തുവരുന്നതു തങ്ങൾക്കു ഹിതകരമാണെങ്കിലും അല്ലെങ്കിലും അതെല്ലാം ദൈവേഷ്ടപ്രകാരമാണെന്നു തിരിച്ചറിയാനുള്ള ജ്ഞാനം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് അവർ ഒരിക്കലും അധികാരികളെ എതിർത്തില്ല. അത് അധികാരികൾ പറഞ്ഞതെല്ലാം ശരിയായിരുന്നതുകൊണ്ടല്ല, മറിച്ച്, തന്നെക്കുറിച്ചുള്ള ദൈവഹിതത്തിൻറെ ഭാഗമാണ് അധികാരികളിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങൾ പോലും എന്ന് അവർ മനസിലാക്കിയിരുന്നു.
ഓരോ ദുരനുഭവങ്ങളെയും അവർ സ്വീകരിച്ചത് യേശുക്രിസ്തുവിൻറെ മനോഭാവം സ്വായത്തമാക്കിക്കൊണ്ടാണ്. ‘ദൈവത്തിൻറെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ടു ദാസൻറെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണം വരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി’ (ഫിലി. 2:6-8).
അനുസരിക്കാത്തവർ പണ്ഡിതന്മാരും ബുദ്ധിമാന്മാരും ദൈവശാസ്ത്രജ്ഞന്മാരും ഭരണാധികാരികളും ഒക്കെ ആയേക്കാം. എന്നാൽ ഒരിക്കലും വിശുദ്ധർ ആകില്ല. അനുസരിച്ചവർ മാത്രമേ വിശുദ്ധരായിട്ടുള്ളൂ. ദൈവവചനം പ്രസംഗിക്കാനുള്ള അനുവാദത്തിനായി മാർപ്പാപ്പയെ കാണാനെത്തിയ അസീസിയിലെ ഫ്രാൻസിസിനും കൂട്ടുകാർക്കും കിട്ടിയതു മുഖമടച്ചുള്ള ശകാരമാണ്. ഒടുവിൽ മാർപ്പാപ്പ ഇങ്ങനെയും പറഞ്ഞു. ‘നിങ്ങൾ പോയി തെരുവോരങ്ങളിൽ കാണുന്ന പന്നികളോടു സുവിശേഷം പ്രസംഗിക്കുക’. ഫാൻസിസ് ആരെന്ന് അന്നു രാത്രി ഒരു സ്വപ്നത്തിലൂടെ സ്വർഗം വെളിപ്പെടുത്തിക്കൊടുത്തപ്പോൾ മാർപ്പാപ്പ ഞെട്ടിവിറച്ചു. ഉടനെ തന്നെ പാപ്പ അദ്ദേഹത്തെ കണ്ടുപിടിക്കാൻ ആൾക്കാരെ അയച്ചു. അവർ ചെന്നപ്പോൾ കണ്ടതു റോമാ നഗരത്തിലെ ഒരു വൃത്തികെട്ട തെരുവിൻറെ മൂലയിൽ പന്നികളോടു സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ഫ്രാൻസിസിനേയും കൂട്ടുകാരെയുമായിരുന്നു. സ്നേഹം പ്രതിബന്ധം അറിയുന്നില്ല എന്നതുപോലെ തന്നെ അനുസരണവും പ്രതിബന്ധം അറിയുന്നില്ല!
രാജാവായ സാവൂളിന് അഭിഷേകം നഷ്ടപ്പെടാനുള്ള കാരണം അനുസരണക്കേടു മാത്രമായിരുന്നു. സാവൂളിനു ശേഷം വന്ന ദാവീദിനാകട്ടെ രാജത്വം സ്ഥിരപ്പെട്ടുകിട്ടിയതു കർത്താവ് പറഞ്ഞ കാര്യങ്ങൾ അതേപടി അനുസരിച്ചതുകൊണ്ടുമാണ്. എലീഷാ പ്രവാചകൻറെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികൾ ഉണ്ടായിരുന്നെങ്കിലും അവരിൽ സിറിയക്കാരനായ നാമാൻ മാത്രമേ സൗഖ്യം പ്രാപിച്ചുളളൂ എന്നു കർത്താവു പറയുമ്പോൾ എലീഷാ പറഞ്ഞത് അതേപടി അനുസരിക്കാൻ – ഭൃത്യൻറെ നിർബന്ധം കൊണ്ടാണെങ്കിലും- അയാൾ തയാറായി എന്നും നാം ഓർക്കണം.
വിശുദ്ധർക്ക് അനുസരണം അവരുടെ സ്വഭാവത്തിൻറെ ഭാഗം തന്നെയായിരുന്നു. താൻ സ്ഥാപിച്ച സന്യാസഭയിൽ നിന്നു പുറത്തായപ്പോഴും അൽഫോൺസ് ലിഗോരി അധികാരികളെ അനുസരിക്കുകയാണുണ്ടായത്. താൻ ചെയ്യാത്ത കുറ്റത്തിനു ശിക്ഷ വിധിച്ച അധികാരികളുടെ മുൻപിൽ തൻറെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കാതെ അനുസരണത്തിൻറെ പേരിൽ ശിക്ഷ ഏറ്റുവാങ്ങിയവളാണ് അൽഫോൻസാമ്മ. ഇതേ അനുഭവം കൊച്ചുത്രേസ്യയ്ക്കും ഉണ്ടായിരുന്നു. മഠത്തിലെ ഒരു പാത്രം ഉടഞ്ഞിരിക്കുന്നതായി കണ്ട സുപ്പീരിയർ അതിൻറെ ഉത്തരവാദി കൊച്ചുത്രേസ്യ ആണെന്നു കരുതി അവളെ ശാസിച്ചു. കൊച്ചുത്രേസ്യയാകട്ടെ തിരിച്ചൊന്നും പറയാതെ നിലം മുത്തിയതിനു ശേഷം ഭാവിയിൽ കൂടുതൽ ശ്രദ്ധിച്ചുകൊള്ളാമെന്നു സുപ്പീരിയറിനോടു വാഗ്ദാനം ചെയ്യുകയാണുണ്ടായത്.
പ്രഭുകുടുംബത്തിൽ ജനിച്ച അലോഷ്യസ് ഗോൺസാഗ എല്ലാം ഉപേക്ഷിച്ചു സന്യാസത്തിലേക്കു തിരിഞ്ഞപ്പോൾ ആദ്യം കിട്ടിയ ജോലി പാചകക്കാരനെ സഹായിക്കുക എന്നതായിരുന്നു. പാചകക്കാരനാണെങ്കിൽ അലോഷ്യസിനെ കുറ്റപ്പെടുത്തുന്നതിലും ഏതെങ്കിലും വിധത്തിൽ പ്രകോപിപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്ന മനുഷ്യനായിരുന്നു. അതെല്ലാം സഹിച്ചുകൊണ്ട് അയാൾ പറയുന്നതെല്ലാം അനുസരിക്കുക എന്നതു പാവം അലോഷ്യസിനു വലിയൊരു പരീക്ഷണമായിരുന്നു. പക്ഷെ ഈശോ അവനോടു പറഞ്ഞിരുന്നു. ‘ ഇപ്പോൾ നീ നിന്നോടു പറയുന്നതെല്ലാം അതേപടി അനുസരിക്കുക. പറയുന്നതു നിൻറെ മേലധികാരിയോ നിനക്കു സമനോ നിൻറെ കീഴിലുള്ളവനോ എന്നു നോക്കരുത്’. അങ്ങനെ അനുസരിച്ചുകൊണ്ടു ജീവിച്ച അലോഷ്യസ് ഗോൺസാഗ ഇരുപത്തിനാലു വയസു പൂർത്തിയാകുന്നതിനു മുൻപുതന്നെ വിശുദ്ധനായി സ്വർഗത്തിലേക്ക് പോയി.
അനുസരണം നമ്മുടെ അനേകം കുറവുകൾക്കു പരിഹാരമാണ്. വിശുദ്ധിയിലേക്കുള്ള കുറുക്കുവഴിയും അനുസരണം തന്നെ.