തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഭാരമേറിയ കുരിശുകൾ താങ്ങാനുള്ള ശക്തി വിശുദ്ധർക്ക് എവിടെ നിന്നാണു ലഭിക്കുന്നത്? തീർച്ചയായും അതു കുരിശുവഹിച്ച കർത്താവിൽ നിന്നു തന്നെയാണ്. ‘അവിടുത്തെ നോക്കിയവർ പ്രകാശിതരായി’ എന്ന തിരുവചനം ക്രൂശിതരൂപത്തെ ഹൃദയപൂർവം നോക്കുന്ന ആരിലും നിവർത്തിതമാകുന്നു.
തൻറെ പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും വഴി ഈശോ നമുക്കായി നേടിത്തന്നതൊക്കെയും നമ്മെ അനുസ്മരിപ്പിക്കാനായാണ് അവിടുന്ന് അപ്പത്തിൻറെ രൂപത്തിൽ പരിശുദ്ധ കുർബാനയിലും അതിനുശേഷം ദിവ്യകാരുണ്യ ആരാധനയിലും സന്നിഹിതനായിരിക്കുന്നത്. പല വിശുദ്ധരും ദിവ്യകാരുണ്യ ആരാധനയ്ക്കു വലിയ പ്രാധാന്യം കൊടുത്തിരുന്നു.
മദർ തെരേസ തൻറെ ഒരു ദിവസത്തെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം മുഴുവനും സംഭരിച്ചിരുന്നത് പ്രഭാതത്തിലെ ദിവ്യബലിയ്ക്കു ശേഷമുള്ള ഒരു മണിക്കൂർ ആരാധനയിലായിരുന്നു. തൻറെ കൂടെയുള്ള സഹോദരിമാർ എല്ലാവരും ആ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തിരിക്കണം എന്നും മദറിനു നിർബന്ധമുണ്ടായിരുന്നു.
ശുശ്രൂഷയുടെ തിരക്കുകൾ ഏറിവന്ന നാളുകളിലൊന്നിൽ ഒരു സഹോദരി ആരാധനയുടെ സമയം അരമണിക്കൂറായി കുറച്ചാലോ എന്നൊരു നിർദേശം ആലോചനാസമിതിയുടെ മുൻപിൽ വച്ചു. മദർ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി. അല്പസമയത്തിനുശേഷം തിരിച്ചുവന്ന മദർ ഇങ്ങനെ പറഞ്ഞു.’ നമ്മുടെ സഭയിൽ പിശാച് കയറിപ്പറ്റി എന്നു തോന്നുന്നു. അതുകൊണ്ടു നാളെ മുതൽ നാം പ്രഭാതത്തിലെ ദിവ്യകാരുണ്യ ആരാധന ഒരു മണിക്കൂറിൽ നിന്ന് ഒന്നര മണിക്കൂറായി വർധിപ്പിക്കുകയാണ്.’
ദിവ്യകാരുണ്യനാഥൻറെ കൂടെ ഇരിക്കുന്ന സമയം ഒരിക്കലൂം ഒരു നഷ്ടമല്ല, മറിച്ച് വിശുദ്ധിയിലേക്കുള്ള നമ്മുടെ യാത്ര സുഗമമാക്കാനായി കർത്താവ് കനിഞ്ഞരുളിയിരിക്കുന്ന സമയമാണത് എന്ന ബോധ്യം നമ്മുടെ ഉള്ളിൽ ഇപ്പോഴും ഉണ്ടാകാനായി നമുക്കു പ്രാർഥിക്കാം.