പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും പ്രതീക്ഷയോടെ വിശ്വസിച്ചവനാണ് അബ്രഹാം (റോമാ 4:18) പിന്നെയൊരിക്കൽ കന്യകയായ മറിയം പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാതിരുന്നിട്ടും താൻ ഗർഭം ധരിക്കുമെന്നും തനിക്കു ജനിക്കാൻ പോകുന്നതു ലോകരക്ഷകനായ ദൈവപുത്രനായിരിക്കുമെന്നും പ്രതീക്ഷയോടെ വിശ്വസിച്ച് അതിന് ആമേൻ പറഞ്ഞു. അതു തീർച്ചയായും അബ്രാഹത്തെക്കാൾ വലിയ വിശ്വാസമായിരുന്നു. നീതിസൂര്യനായ ക്രിസ്തുവിൻറെ ആഗമനത്തിനു മുൻപത്തെ ‘അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജനതകളെയും മൂടിയിരിക്കുമ്പോൾ’ (ഏശയ്യാ 60:2) ഉഷകാലനക്ഷത്രമായി ഉദിച്ചവളാണു പരിശുദ്ധ കന്യകാമറിയം.
എന്നാൽ മറ്റൊരു മറിയമുണ്ട്. സാബത്തിനു പിറ്റേന്ന് അതിരാവിലെ, ലോകം നിദ്രയിൽ ആഴ്ന്നിരുന്നപ്പോൾ ആ മറിയം ഒരു ശവകുടീരം സന്ദർശിക്കാൻ വരികയാണ്. ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനാമറിയം ശവകുടീരത്തിൻറെ അടുത്തേക്കു വന്നു (യോഹ. 20 :1) എന്നു വായിക്കുമ്പോൾ അവൾ എന്തിനാണു നേരം പുലരുന്നതിനു മുൻപേ അവിടെ പോയത് എന്നു ചിന്തിക്കണം. ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? (ലൂക്കാ 24:5). കല്ലറയ്ക്കടുത്ത് ആദ്യം വന്ന അവൾ പറഞ്ഞതനുസരിച്ചു അവിടെ വരിക മാത്രമല്ല അതിനുള്ളിൽ കടന്നു പരിശോധിക്കുകയും ചെയ്ത പത്രോസും യോഹന്നാനും തിരിച്ചുപോയതിനുശേഷവും അവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നത് (യോഹ. 20:11) എന്തിനായിരുന്നു? രണ്ടു ദൂതന്മാരോടു തൻറെ ആവലാതി പറഞ്ഞതിനുശേഷവും അവൾ അവിടെത്തന്നെ നിന്നത് എന്തിനായിരുന്നു?
സ്ത്രീയേ, നീ എന്തിനാണു കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? (യോഹ 20:15) എന്നു ചോദിച്ചതു താൻ അന്വേഷിക്കുന്ന യേശു തന്നെയാണെന്നു മനസിലാക്കാതെ പോയവൾ പിന്നെയെങ്ങനെയാണു കർത്താവിൻറെ ‘മറിയം!’ എന്ന ഒറ്റ വിളിയിൽ അവനെ തിരിച്ചറിഞ്ഞത്? ഇവയ്‌ക്കെല്ലാമുള്ള ഉത്തരം മറിയത്തിനു യേശുവുമായുള്ള ആ ആത്മബന്ധം തന്നെയാണ്.
മരണത്തിൽ ഒന്നും അവസാനിക്കുന്നില്ല എന്നും മരണത്തിനപ്പുറവും തന്നെ സ്‌നേഹിക്കുകയും താൻ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ദൈവം ഉണ്ടെന്നും ആ ദൈവത്തെ അന്വേഷിച്ചാണു താൻ വരുന്നതെന്നും മറിയത്തിനറിയാമായിരുന്നു. തെരഞ്ഞെടുപ്പിൻറെ അവസരം വരുമ്പോൾ നല്ല ഭാഗം തന്നെ തെരഞ്ഞെടുക്കണം എന്ന് (ലൂക്കാ 10:42) അവൾ അറിഞ്ഞിരുന്നു. കർത്താവായ ക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം വിലയുള്ളതാകയാൽ സർവവും നഷ്ടമായിത്തനെ പരിഗണിക്കാൻ തക്കവിധം (ഫിലിപ്പി 3:8) ശക്തമായിരുന്നു അവളുടെ വിശ്വാസം.
മരിച്ചവർക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്കുന്നവൻറെ മുൻപിൽ (റോമാ 4:17) ജീവിച്ചിരുന്നപ്പോൾ എന്നതുപോലെതന്നെ മരണശേഷവും കടന്നുചെല്ലാൻ മറിയത്തിന് ആത്മവിശ്വാസം നൽകിയത് അവളുടെ വിശ്വാസമായിരുന്നു. തൻറെ മഹത്വീകരിക്കപ്പെട്ട ശരീരം കാണാനുള്ള അനുഗ്രഹം കർത്താവ് ആദ്യം കൊടുത്തത് ഇതേ മറിയത്തിനായിരുന്നു എന്നതിൽ നാമെന്തിന് അത്ഭുതപ്പെടണം.
2016 ജൂൺ മൂന്നിന് തിരുസഭ മഗ്ദലേനാ മറിയത്തെ അപ്പസ്തോലന്മാരുടെ അപ്പസ്തോല ( Apostolorum Apostola) എന്ന വിശേഷണം നൽകി ആദരിക്കുകയും എല്ലാ വർഷവും ജൂലൈ ഇരുപത്തിരണ്ടാം തിയതി മഗ്ദലേനാ മറിയത്തിൻറെ തിരുനാളായി നിശ്ചയിക്കുകയും ചെയ്തു. അശുദ്ധപാപങ്ങളിൽ നിന്നും പൈശാചികബന്ധനങ്ങളിൽ നിന്നും മോചനം നേടി വിശുദ്ധിയിൽ ജീവിക്കാനുള്ള അനുഗ്രഹത്തിനായി ഇന്നും അനേകർ വിശുദ്ധ മഗ്ദലേനാ മറിയത്തിൻറെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു. അവരോടൊപ്പം നമുക്കും പ്രാർഥിക്കാം.
അപ്പസ്തോലന്മാരുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലേനാ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.