ഭരണങ്ങാനത്തെ കൊച്ചുത്രേസ്യാ

അൽഫോസാമ്മയ്ക്ക്  വിശുദ്ധ കൊച്ചുത്രേസ്യയെ വലിയ ഇഷ്ടമായിരുന്നു. ആ പുണ്യവതിയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതാണ് അന്നക്കുട്ടിയ്ക്ക് സന്യാസജീവിതത്തിലേക്ക്  പ്രവേശിക്കാനുള്ള പ്രചോദനമായതും. ഭൂമിയിൽ ജീവിച്ച കുറച്ചുകാലം കൊണ്ട് അവർ  രണ്ടുപേരും വലിയ കാര്യങ്ങൾ ചെയ്തു. എന്നാൽ അവരുടെ മഹത്വം മറ്റുള്ളവർ മനസിലാക്കിയത് അവരുടെ മരണത്തിനു ശേഷമായിരുന്നു എന്നു മാത്രം.

അൽഫോൻസാമ്മയുടെ  ശവസംസ്കാര വേളയിൽ അവളുടെ ആത്മീയ പിതാവായിരുന്ന റോമുളൂസ് അച്ചൻ ഇങ്ങനെ പ്രസംഗിച്ചു.

‘ലിസ്യു മഠഭിത്തിക്കുള്ളിൽ  ജീവിച്ച വിശുദ്ധ കൊച്ചുത്രേസ്യാ അവളുടെ ജീവിതകാലത്ത് എത്രകണ്ട് അജ്ഞാതയായിരുന്നു! അവളുടെ ശവസംസ്കാരം  എത്രകണ്ട് അനാഡംബരമായിരുന്നു! എന്നാൽ ഇന്ന് അവൾ ലോകപ്രസിദ്ധയായിത്തീർന്നിരിക്കുകയല്ലേ…… വിശുദ്ധ കൊച്ചുത്രേസ്യായേക്കാൾ  അത്ര പിന്നിലല്ലായിരിക്കും  ജീവിതവിശുദ്ധി കൊണ്ട് ഈ യുവകന്യക എന്ന്  ഞാൻ പറയുന്നു….. ഈ വീരകന്യകയോടുകൂടെ വസിക്കുന്നതിനും ഇവളെ പരിചരിക്കുന്നതിനും  ഭാഗ്യം ലഭിച്ച ഈ കന്യകാലയ  സഹോദരിമാർ ആഹ്ലാദിക്കുക. ഇവൾ വസിച്ച  കന്യകാമഠം  ഭാഗ്യപ്പെട്ടത്. ഇവളുടെ പൂജ്യശരീരം  അടക്കം ചെയ്യപ്പെടുന്ന ഈ ഭരണങ്ങാനം  ഗ്രാമം  ഭാഗ്യപ്പെട്ടത്. ദൈവം തിരുമനസാകുന്നുവെങ്കിൽ ഭരണങ്ങാനം കേരളത്തിന്റെ ലിസ്യുവായി  പരിണമിക്കും. കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് തീർത്ഥാടകർ  ഇവളുടെ നിർമലശരീരം ഉൾക്കൊള്ളുന്ന കുഴിമാടം സന്ദർശിക്കും. ഭാരതത്തിലെ മെത്രാൻമാരെന്നല്ല, ദൈവം തിരുമനസാകുന്ന  പക്ഷം കർദിനാളന്മാർ  തന്നെ  ഇന്ന് അജ്ഞാതയായ  ഈ  കന്യകയുടെ  കുഴിമാടം സന്ദർശിച്ചു പ്രാർത്ഥിക്കും.’

റോമുളൂസ് അച്ചന്റെ പ്രവചനങ്ങൾ എല്ലാം സത്യമായി എന്നു നമുക്കറിയാം. എന്നാൽ എന്തുകൊണ്ടാണ് അൽഫോൻസാമ്മ സ്വർഗത്തിന് ഏറെ പ്രിയപ്പവട്ടവൾ ആയത് എന്ന ചോദ്യത്തിന്റെ മറുപടി ജോൺ  പോൾ രണ്ടാമൻ  പാപ്പയുടെ വാക്കുകളിൽ ഉണ്ട്‌.

‘അൽഫോൻസാ  സഹനത്തെ സ്നേഹിക്കാനിടയായത് അവൾ  കഷ്ടതയനുഭവിച്ച  ക്രിസ്തുവിനെ സ്നേഹിച്ചതുകൊണ്ടായിരുന്നു. ക്രൂശിതനായ കർത്താവിനോടുള്ള  സ്നേഹത്തിലൂടെയായിരുന്നു അവൾ കുരിശിനെ സ്നേഹിക്കാൻ  പഠിച്ചത്.

ആ അൽഫോൻസാമ്മയുടെ അടുത്തേക്കുള്ള  യാത്ര  സഹനത്തിന്റെ ഒരു  തീർത്ഥാടനമാകുന്നില്ലെങ്കിൽ അവിടെ പോകുന്നതിൽ അർത്ഥമില്ല. നമ്മൾ ഭരണങ്ങാനത്തേക്കു പോകുന്നത് ഒരു വിശുദ്ധയെ കാണാനാണ്.  നമ്മുടെ ചിന്തകളിലുള്ള വിശുദ്ധരെക്കാൾ വലിയവളെതന്നെ!  ആ  ബോധ്യത്തോടെ തന്നെ വേണം അവിടേക്കു പോകാൻ.

 ഒരു വഴിപാടുപോലെ  ഭരണങ്ങാനത്തേക്കു പോകുന്നതുകൊണ്ടോ അൽഫോൻസാമ്മയുടെ തിരുനാൾ അതിഗംഭീരമായി ആഘോഷിക്കുന്നതുകൊണ്ടോ കാര്യമില്ല. കാരണം നമുക്കു കേൾക്കാനിമ്പമുള്ള വാക്കുകൾ ഒന്നും   അൽഫോൻസാമ്മയ്ക്കു പറയാനുണ്ടാകില്ല.  എൻറെ ഈശോയേ, ലോകസുഖങ്ങളെല്ലാം  എനിക്ക് കയ്പ്പായി പകർത്തണമേ എന്ന് നിരന്തരം പ്രാർഥിച്ചവളോട്   നാമെങ്ങനെ ലോകസുഖങ്ങൾക്കു വേണ്ടി  പ്രാർഥിക്കും?  എൻറെ മണവാളൻറെ ഓഹരി കഷ്ടാരിഷ്ടതകളാണ്. ഞാൻ അതെല്ലാം ആലിംഗനം ചെയ്യാൻ മനസാകുന്നു എന്ന് പറഞ്ഞവളോട് കഷ്ടാരിഷ്ടതകൾ മാറ്റാൻ  വേണ്ടി നാമെങ്ങനെ പ്രാർഥിക്കും?  ലോകപ്രകാരം പരാജിതയായവളോട് പരീക്ഷയിൽ വിജയിക്കാൻ വേണ്ടി നാമെങ്ങനെ പ്രാർഥിക്കും?  സ്വർഗമെന്ന ഒരേയൊരു ദേശത്തെക്കുറിച്ചു മാത്രം  സ്വപ്നം  കണ്ടിരുന്നവളോട് വിദേശത്തുപോകാനുള്ള കടലാസുകൾ നേരേയാക്കണമേ എന്ന് പ്രാർഥിക്കുന്നതെങ്ങനെ? മരണകരമായ രോഗത്തിൽ ആയിരിക്കുമ്പോഴും  സൗഖ്യം കിട്ടാൻ ഞാൻ ആശിക്കുന്നില്ല എന്ന് പറഞ്ഞവളോട് രോഗശാന്തിയ്ക്കായി നാം  എങ്ങനെ പ്രാർഥിക്കും?

  സ്നാപകയോഹന്നാനെപ്പോലെതന്നെ ചുരുങ്ങിയ വാക്കുകളിൽ തനിക്കു പറയാനുള്ളത് അൽഫോൻസാമ്മയും  പറഞ്ഞുകഴിഞ്ഞു. ‘ഈലോക സന്തോഷങ്ങളൊന്നും  എനിക്കായിട്ടുള്ളതല്ലയെന്ന് എനിക്ക് പൂർണ്ണബോധ്യമുണ്ട്. അത് ഞാൻ ആശിക്കുന്നില്ല. ദുഖാരിഷ്ടതകളിൽ ഞാൻ മനസമാധാനം വെടിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ദൈവപരിപാലന തന്നെ. അതുകൊണ്ട് എൻറെ ദുരിതങ്ങളിൽ ഞാൻ സന്തോഷിക്കുകയാണ് വേണ്ടത്.’

ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ   വേണ്ടി അനുതപിക്കാനാണ് സ്നാപകൻ   ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. ആസന്നമായ ക്രോധത്തിൻറെ നാളുകളിൽ   പിടിച്ചുനിൽക്കാനുള്ള സഹനശക്തി കേരളസഭയ്ക്കു നൽകുന്നതിനുവേണ്ടി സ്വർഗത്തിൽ മാധ്യസ്ഥം വഹിക്കാനാണ്  അൽഫോൻസാമ്മയെ ദൈവം ചുരുങ്ങിയ കാലത്തേക്ക് ഈ ഭൂമിയിലേക്ക് അയച്ചത്.  അതുകൊണ്ട് കഷ്ടതകളിൽ സഹനശീലവും  ദുഃഖദുരിതങ്ങളിൽ മനസമാധാനവും ലഭിക്കാനായി  നമുക്ക് അൽഫോൻസാമ്മയുടെ  മാധ്യസ്ഥം തേടി പ്രാർഥിക്കാം.

(www.divinemercychannel.com)