പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം

‘ഇവയെല്ലാം  അനുഭവിച്ചതുകൊണ്ട്  അവർ  മറ്റെല്ലാ  ഗലീലിയക്കാരേക്കാളും കൂടുതൽ പാപികളായിരുന്നു എന്നു നിങ്ങൾ കരുതുന്നുവോ?  അല്ല എന്നു  ഞാൻ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കിൽ  നിങ്ങളെല്ലാവരും  അതുപോലെ  നശിക്കും’ ( ലൂക്കാ 13:1). 

മുൻകാലങ്ങളിൽ  മനുഷ്യർ കരുതിയിരുന്നതു    ദൈവം  പാപികൾക്കായി മാത്രം   നീക്കിവച്ചിരിക്കുന്ന ഒരു ശിക്ഷയാണു  സഹനമെന്നതായിരുന്നു.   അതുകൊണ്ട് ഒരു വ്യക്തിയെയോ  സമൂഹത്തെയോ  രാഷ്ട്രത്തെയോ  ദുരന്തം ഗ്രസിക്കുമ്പോൾ  അത്  അവർ അർഹിച്ചിരുന്നു എന്നതായിരുന്നു സമൂഹത്തിൻറെ പൊതുവായ പ്രതികരണം.  എന്നാൽ ആ തെറ്റിദ്ധാരണ തിരുത്താൻ ശ്രമിക്കുന്ന യേശുവിനെയാണു നാം സുവിശേഷത്തിൽ കാണുന്നത്.  ഏതാനും  ചില ഗലീലിയക്കാരുടെ  രക്തം അവരുടെ ബലികളിൽ പീലാത്തോസ്‌   കലർത്തിയപ്പോൾ  യഹൂദർ ചിന്തിച്ചത് അത് അവരുടെ  പാപത്തിൻറെ ശിക്ഷയാണെന്നായിരുന്നു.  എന്നാൽ അവരുടെ സഹനം മറ്റുളളവർക്ക് ഒരു മുന്നറിയിപ്പുകൂടിയാണെന്ന സത്യം അറിഞ്ഞിരുന്ന  യേശു അവരെ തിരുത്തുകയാണ്. അവർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ സഹനത്തിൻറെ പാനപാത്രം  ഒരുനാൾ അവരെയും തേടിയെത്തും!

അതുകൊണ്ട് ഓരോ പ്രകൃതിദുരന്തവും, ഓരോ യുദ്ധവും, ഓരോ ക്ഷാമവും,  ഓരോ മഹാമാരിയും ഒരു ഓർമപ്പെടുത്തലാണ്.    മറ്റുള്ളവരേക്കാൾ കൂടുതൽ പാപികളായതുകൊണ്ടാണു    തങ്ങൾ സഹിക്കേണ്ടിവരുന്നത്    എന്നു ഗണിക്കപ്പെട്ട ആ പാവം ഗലീലിയക്കാരുടെ  ഓർമ്മപ്പെടുത്തൽ!   അവർ പാപികളായിരുന്നിരിക്കാം. എന്നാൽ അവരെ   വിധിക്കാൻ മാത്രം  പുണ്യവാന്മാരാണോ നാം? അവർ ജീവിതത്തിലെ അതീവക്ലേശകരമായ ഒരനുഭവത്തിലൂടെ  കടന്നുപോകാൻ വിധിക്കപ്പെട്ടു.  എന്നാൽ നാം അതിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്ന് ഒരിക്കലും ചിന്തിക്കരുത്. തൽക്കാലത്തേക്കു  നമ്മെ ശിക്ഷയിൽ നിന്ന് അകറ്റിനിർത്തിയതിനു  ദൈവത്തിനു നന്ദി പറയുക. പശ്ചാത്തപിക്കുന്നില്ലെങ്കിൽ അവർക്കു  ലഭിച്ച അതേ സഹനം തന്നെ നാളെ  നമുക്കും  നൽകപ്പെടാം. അതിനെ  അതിജീവിക്കാനുള്ള  ഒരേയൊരു  വഴി പശ്ചാത്തപിക്കുക മാത്രമാണ്.

അതുകൊണ്ട് ഓരോ ദുരന്തവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സഹനങ്ങളും, അതു ലോകത്തിൻറെ ഏതു കോണിൽ സംഭവിക്കുന്നതാണെങ്കിലും, അനുതാപത്തിനുള്ള ക്ഷണമായി നാം കാണണം.  ഈ ക്ഷണം ദുരന്തത്തിൻറെ ഇരകളാകുന്നവർക്കു   മാത്രമല്ല, അതിനെ അതിജീവിക്കുന്നവർക്കും,  അതിൽ നിന്നു   തൽക്കാലത്തേക്ക് ഒഴിവാക്കപ്പെട്ടവർക്കും, കാഴ്ചക്കാരായി മാറിനിൽക്കുനന്നവർക്കും എല്ലാം ബാധകമാണ്.  സുവിശേഷത്തിൻറെ  സത്ത  തന്നെ  അനുതാപത്തിലേക്കുള്ള ഈ ആഹ്വാനമാണ്.  ‘മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ ( മത്തായി 4:18) എന്നു  പറഞ്ഞുകൊണ്ടാണല്ലോ യേശു തൻറെ  പരസ്യശുശ്രൂഷ ആരംഭിക്കുന്നതുതന്നെ.

ഈ ലോകത്തിൽ വിനാശം നമ്മുടെ വാതിൽക്കൽ എത്തിനിൽക്കുമ്പോൾ, അവിടെ നിന്നു കണ്ണുകൾ പിൻവലിച്ച്,  കർത്താവായ യേശുവിലേക്കു നോക്കാൻ നമുക്കു  സാധിക്കണം.  മറ്റൊരു ലോകത്തിലേക്ക്, നിത്യമായ സ്വർഗ്ഗരാജ്യത്തിലേക്കു തന്നെ, നമ്മെ പ്രവേശിപ്പിക്കുന്ന വാതിൽ അനുതാപമാണെന്നു  നമ്മെ പഠിപ്പിച്ചത് അവിടുന്നാണല്ലോ.  

അനുതാപത്തിനായി ജലം കൊണ്ടു  സ്നാനം നൽകുമ്പോൾ  തനിക്കു പിറകെ വരാനിരിക്കുന്ന യേശുവിനെക്കുറിച്ചും അവൻ നല്കാനിരിക്കുന്ന പരിശുദ്ധാത്മാവു കൊണ്ടും അഗ്നി കൊണ്ടുമുള്ള സ്നാനത്തെക്കുറിച്ചും സ്നാപകയോഹന്നാൻ പറയുന്നുണ്ട് (മത്തായി 3:11). തൻറെ   ദൗത്യം അതുതന്നെയാണെന്നു  മറ്റൊരിടത്ത് യേശു തന്നെയും പ്രസ്താവിക്കുന്നുമുണ്ട്. ‘ഭൂമിയിൽ  തീയിടാനാണു   ഞാൻ വന്നിരിക്കുന്നത്. അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കിൽ’ (ലൂക്കാ  12:49). നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ  ശുദ്ധീകരിക്കാനായി പരിശുദ്ധാത്മാവിലൂടെ അനുതാപത്തിൻറെ  അഗ്നി  യേശു നമുക്കു നൽകി.  ആ അഗ്നി സദാ നമ്മുടെ ഉള്ളിൽ ജ്വലിച്ചുനിൽക്കാനായി പ്രാർത്ഥിക്കാം.  അതോടൊപ്പം പീലാത്തോസിൻറെ കൈകളിൽ പീഡനമേറ്റ ആ  ഗലീലിയക്കാരേക്കാൾ മെച്ചമൊന്നുമല്ല നമ്മൾ എന്നു എളിമയോടെ ഏറ്റുപറയുകയും ചെയ്യാം. 

അഗ്നി  കൊണ്ട് എല്ലാവരും ഉറകൂട്ടപ്പെടുന്ന  (മർക്കോസ്  9:49) ഒരു  കാലത്തു  ജീവിക്കുമ്പോൾ   പശ്ചാത്താപത്തിൻറെ അഗ്നി  നമ്മിൽ കെട്ടുപോകാതിരിക്കാനായി  പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. 

(www.divinemercychannel.com)