പരിശുദ്ധാത്മാവിൻറെ ആഗമനത്തിനായുള്ള പ്രാർത്ഥനയുടെയും ഒരുക്കങ്ങളുടെയും ഇടയിൽ നാം മറന്നുപോകരുതാത്ത ഒരു കാര്യം നമ്മിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനം എത്രത്തോളമുണ്ട് എന്നു
തിരിച്ചറിയുകയാണ്. തീർച്ചയായും മാമോദീസയുടെ അവസരത്തിൽ നമുക്കു പരിശുദ്ധാത്മാവിൻറെ അഭിഷേകം ലഭിച്ചിട്ടുണ്ട്. അതിനു ശേഷം നാം സ്വീകരിച്ച ഓരോ കൂദാശകളും നമ്മിലുള്ള പരിശുദ്ധാത്മാവിനെ ഉജ്ജ്വലിപ്പിക്കാൻ സഹായിച്ചിട്ടുമുണ്ട്. ഇനി നാം അറിയേണ്ടതു നമ്മിലുള്ള പരിശുദ്ധാത്മാവ് എത്രമാത്രം പ്രവർത്തനനിരതനാണ് എന്നതാണ്. അങ്ങനെയൊരു ആത്മപരിശോധന പന്തക്കുസ്താ തിരുനാളിനു മുൻപായി നടത്തുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.
അതിനു വേണ്ടത് എന്താണു പരിശുദ്ധാത്മാത്മാവിൻറെ പ്രവർത്തനം എന്നു മനസിലാക്കുകയാണ്. സഹായകനായ സത്യാത്മാവ് വരുമ്പോൾ നമ്മെ മൂന്നു കാര്യങ്ങൾ പഠിപ്പിക്കുമെന്നാണ് യേശുക്രിസ്തു പറഞ്ഞത്. ‘അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും’ (യോഹ 16:8). പരിശുദ്ധാത്മാവ് നമ്മുടെ അടുക്കൽ വന്നിട്ടുണ്ടെങ്കിൽ നമുക്ക് ഈ മൂന്നു കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യം ലഭിച്ചിട്ടുണ്ടായിരിക്കണം. ‘ഇല്ലെങ്കിൽ നിങ്ങൾ
തീർച്ചയായും പരീക്ഷയിൽ പരാജയപ്പെട്ടിരിക്കുന്നു’ ( 2 കൊറി 13:5).
മനുഷ്യർ ഏകരക്ഷകനായ യേശുവിൽ വിശ്വസിക്കുന്നില്ല എന്നതുകൊണ്ടാണു പരിശുദ്ധാത്മാവ് നമുക്കു പാപത്തെക്കുറിച്ചു വീണ്ടും ബോധ്യം തരുന്നത്. യേശു സ്വർഗത്തിലേക്ക്, പിതാവിൻറെ അടുത്തേക്ക് ആരോഹണം ചെയ്തു എന്നും അവിടുത്തെ ദ്വിതീയാഗമനം വരെ നാം അവിടുത്തെ വീണ്ടും കാണുകയില്ലാത്തതുകൊണ്ടുമാണു നീതിയെക്കുറിച്ചു പരിശുദ്ധാത്മാവിനു പഠിപ്പിക്കേണ്ടിവരുന്നത്. കർത്താവിൻറെ കുരിശുമരണത്തോടെ ഈ ലോകത്തിൻറെ അധികാരിയുടെ വിധി നിർണയിക്കപ്പെട്ടുകഴിഞ്ഞു. അവനോടൊപ്പം അവൻറെ പ്രവൃത്തികളിൽ പങ്കുചേർന്നവരെയും ‘വിധിദിനം വരെ എങ്ങനെ ശിക്ഷാവിധേയരാക്കി സൂക്ഷിക്കണമെന്നു കർത്താവിനറിയാം’ ( 2 പത്രോസ് 2:9). ‘വിശ്വാസരഹിതമായ ദുഷ്ടഹൃദയം മൂലം ജീവിക്കുന്ന ദൈവത്തിൽ നിന്നു അകന്നുപോവുന്നവർ (ഹെബ്രാ 3:12) തീയും ഗന്ധകവും എരിയുന്ന തടാകത്തിലേക്ക് (വെളി 21:8) എറിയപ്പെടും എന്ന അപകടം നമുക്കു മനസിലാക്കിത്തരാൻ വേണ്ടിയാണു പരിശുദ്ധാത്മാവ് ന്യായവിധിയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നത്.
നിർഭാഗ്യവശാൽ പാപം, നീതി, ന്യായവിധി എന്നിങ്ങനെ പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തും എന്നു കർത്താവ് ഏതൊക്കെ കാര്യങ്ങളെക്കുറിച്ചു പറഞ്ഞുവോ അക്കാര്യങ്ങളെയൊക്കെ നിസാരവൽക്കരിക്കുന്ന തരത്തിൽ ലോകാരൂപി അത്ര ശക്തമായി പ്രവർത്തിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. ഇതുവരെ പാപം എന്നു കരുതിയിരുന്നവ പുണ്യമായി കൊണ്ടാടപ്പെടുന്നു. മ്ലേച്ഛത സുകൃതമായി വാഴ്ത്തപ്പെടുന്നു. നീതിയെക്കുറിച്ച് പ്രസംഗിക്കുന്നവർ തന്നെ അനീതി ചെയ്യുന്നു, അഥവാ അനീതി നിയമമായി മാറുന്നു. അന്ത്യവിധി, സ്വർഗം, നരകം എന്നിവയെക്കുറിച്ചാകട്ടെ തികച്ചും തെറ്റായ ധാരണകൾ മനുഷ്യരുടെയിടയിൽ പ്രചരിപ്പിക്കുന്നതിൽ പിശാച് വളരെയധികം വിജയിച്ചുകഴിഞ്ഞു.
പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കാൻ പരിശുദ്ധാത്മാവിൻറെ അഭിഷേകം ആവശ്യമാണ്. ‘നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’ (യോഹ 8:32) എന്നു പറഞ്ഞ കർത്താവ് തന്നെയാണ് ആ സത്യം അതിൻറെ പൂർണ്ണതയിൽ നമുക്കു വെളിപ്പെടുത്തിത്തരാനായി പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്നു വാഗ്ദാനം ചെയ്തതും സമയത്തിൻറെ തികവിൽ തൻറെ വാഗ്ദാനം നിറവേറ്റിയതും.
‘എല്ലാവരുടെയും മേൽ എൻറെ ആത്മാവിനെ ഞാൻ വർഷിക്കും’ ( ജോയേൽ 2:28) എന്ന ആദ്യ പന്തക്കുസ്തയിൽ നിറവേറിയ പ്രവചനം ഇന്നും നമ്മിലൂടെ തുടർന്നുകൊണ്ടിരിക്കുന്നു. ‘കർത്താവിൻറെ മഹത്തും ഭയാനകവുമായ ദിനം വരുന്നതിനു’ ( ജോയേൽ 2:31) മുൻപേ, ‘സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറുന്നതിനു’ ( ജോയേൽ 2:31) മുൻപേ നമുക്കു പരിശുദ്ധാത്മാവാകുന്ന സത്യപ്രകാശത്തിൽ വ്യാപരിക്കാം. അവിടുന്ന് തൻറെ ജ്ഞാനം അയച്ചു നമ്മെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടു നമുക്ക് ഈ പന്തക്കുസ്തയ്ക്കായി ഒരുങ്ങാം.