‘നോഹ തികഞ്ഞ നീതിമാനായിരുന്നു. വിനാശത്തിൻറെ നാളിൽ ഒഴിവാക്കപ്പെട്ട മുളയായിരുന്നു അവൻ; അങ്ങനെ ജലപ്രളയത്തിനുശേഷം ഭൂമിയിൽ ഒരുഭാഗം നിലനിന്നു’ [പ്രഭാ. 44:16-17].
വിനാശത്തിൻറെ നാളിൽ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പ്രതീകമാണ് നോഹ. നോഹ നീതിമാനായിരുന്നു എന്നു മാത്രമേ നമുക്കറിയാവൂ. എന്നാൽ നോഹയോടൊപ്പം അവൻറെ കുടുംബവും വിനാശത്തെ അതിജീവിച്ചു എന്നു നാം വായിക്കുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? അതിനുള്ള മറുപടി സുവിശേഷത്തിലുണ്ട്. സക്കേവൂസിൻറെ മാനസാന്തരം കണ്ടപ്പോൾ കർത്താവ് പറയുന്നത് ഇന്നു നിനക്കു രക്ഷ കൈവന്നിരിക്കുന്നു എന്നല്ല, പിന്നെയോ ‘ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു’ [ലൂക്കാ 19:9] എന്നാണ്. നീതിമാൻറെ കുടുംബത്തിൻറെ മേൽ കർത്താവിൻറെ കരുണ സദാ ഉണ്ടായിരിക്കും. വിനാശത്തിൻറെ കൊടുങ്കാറ്റു കടന്നുപോകുവോളം അവിടുത്തെ ചിറകിൻ കീഴിൽ ശരണം പ്രാപിക്കാനുള്ള [സങ്കീ. 57:1] കൃപ അവിടുന്ന് അവർക്കു നൽകും.
കർത്താവ് നോഹയെ ഉദാഹരണമായി എടുത്തുകാണിക്കുന്നത് അന്ത്യകാലത്തിൻറെ പശ്ചാത്തലത്തിലാണ്. ‘നോഹയുടെ ദിവസങ്ങൾ പോലെ ആയിരിക്കും, മനുഷ്യപുത്രൻറെ ആഗമനം. ജലപ്രളയത്തിനുമുൻപുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസം വരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്നു സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല’ [മത്തായി 24:37]. അതായത്, നോഹയൊഴിച്ചു മറ്റെല്ലാവരും സമാധാനത്തിൻറെയും ഭദ്രതയുടെയും മൂഢസ്വർഗത്തിലായിരുന്നു. നിനച്ചിരിക്കാതെ വിനാശം അവരുടെ മേൽ പതിച്ചു.
പൗലോസ് ശ്ലീഹായും അങ്ങനെയൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘സമാധാനവും ഭദ്രതയും എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗർഭിണിയ്ക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെ മേൽ നിപതിക്കും; അതിൽ നിന്നും അവർ രക്ഷപെടുകയില്ല’ [ 1 തെസ 5:3].
നോഹ എങ്ങനെയാണു നീതിമാനായി കണക്കാക്കപ്പെട്ടത്? ‘വിശ്വാസം മൂലമാണ് നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്നറിയിപ്പു കൊടുത്തപ്പോൾ, തൻറെ വീട്ടുകാരുടെ രക്ഷയ്ക്കു വേണ്ടി ഭയഭക്തിയോടെ പേടകം നിർമിച്ചത്. ഇതുമൂലം അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തിൽ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്‌തു’ [ഹെബ്രാ 11:7]. ഈ തലമുറയിലും ‘വിശുദ്ധർ ലോകത്തെ വിധിക്കേണ്ടവരാണ്’ [1 കൊറി 6:2]. അതിനുള്ള യോഗ്യത, ദൈവം നൽകുന്ന മുന്നറിയിപ്പുകൾ വിശ്വസിക്കുക എന്നതാണ്. പ്രളയത്തിന് ഒരു സാധ്യതയും ഇല്ലാത്ത കാലത്ത്, പ്രളയത്തിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലത്ത്, പേടകം പണിയാൻ തുടങ്ങിയപ്പോൾ നോഹ എത്രമാത്രം പരിഹസിക്കപ്പെട്ടിരിക്കാം എന്നു ചിന്തിക്കുക. ഇന്നും ദൈവവചനം കലർപ്പില്ലാതെ പ്രസംഗിക്കുന്നവരും വചനമനുസരിച്ച് ജീവിക്കുന്നവരും പരിഹസിക്കപ്പെടുന്നില്ലേ? !
എന്നാൽ രക്ഷ ലഭിക്കുന്നതു ദൈവവചനത്തെ കണ്ണുംപൂട്ടി വിശ്വസിക്കുന്നവർക്കു മാത്രമാണ്. നാമാൻറെ കുഷ്ഠരോഗം സുഖപ്പെട്ടത് ഏലിഷാ പ്രവാചകൻ പറഞ്ഞതുപോലെ എഴുതവണയും ജോർദാനിൽ മുങ്ങി എഴുന്നേറ്റപ്പോഴായിരുന്നു. വചനത്തിൽ സൗഖ്യവും രക്ഷയും ഉണ്ട്. എന്നാൽ അതു പ്രാപിക്കണമെങ്കിൽ വചനത്തെ പൂർണ്ണമായി കണ്ണുമടച്ചു സ്വീകരിക്കണം. നോഹ ചെയ്തതും അതാണ്.
ജലപ്രളയത്തിനു കാരണം മനുഷ്യരുടെ ദുഷ്ടതയും പാപവുമായിരുന്നു എന്നു നമുക്കറിയാം [ഉൽ. 6:5-13]. ഈ നാളുകളിൽ ലോകം നശിക്കാനുള്ള കാരണവും അതുതന്നെയാണല്ലോ. എന്നാൽ കുറച്ചുകൂടി പിറകോട്ടുപോയാൽ നാം കാണുന്നതു ദൈവപുത്രന്മാർ മനുഷ്യപുത്രിമാരുമായി ചേരുന്നതും അവർക്കു മക്കളുണ്ടാവുകയും ചെയ്യുന്നതാണ്. അതികായന്മാരായ ഈ സൃഷ്ടികളാണു പുരാതനകാലത്തെ പ്രസിദ്ധിയാർജിച്ച പ്രബലന്മാർ എന്ന് ഉൽപത്തി 6:4ൽ നാം വായിക്കുന്നു. ഈ അതികായന്മാരുടെ ജനനം സ്വാഭാവികരീതിയിൽ ആയിരുന്നില്ല എന്നു നമുക്കറിയാം. കാരണം ദൈവപുത്രന്മാർ മനുഷ്യപുത്രിമാരുമായി ചേരുക എന്നതു ദൈവത്തിൻറെ ഹിതമല്ലായിരുന്നു.
ദൈവം ആഗ്രഹിക്കാത്ത രീതിയിൽ മനുഷ്യനു ജന്മം കൊടുക്കാനും അങ്ങനെ ജനിക്കുന്ന മനുഷ്യർക്ക് അമാനുഷസിദ്ധികൾ നൽകാനും ഉതകുന്ന സാങ്കേതികവിദ്യകൾ നിലവിലുള്ള കാലത്താണു നാം ജീവിക്കുന്നത്. നിർമിത ബുദ്ധിയും [Artificial Intelligence] ജീൻ എഡിറ്റിംഗും ക്ലോണിങ്ങും മനുഷ്യൻറെ തലച്ചോറും കമ്പ്യൂട്ടറുമായി നേരിട്ടു ബന്ധപ്പെടുത്താനുള്ള വിദ്യയും ഒക്കെ നിലവിൽ വന്നുകഴിഞ്ഞ പശ്ചാത്തലത്തിൽ അതികായന്മാരായ മനുഷ്യരെ , അതായത്, സൂപ്പർമാൻമാരെ സൃഷ്ടിക്കാൻ ശാസ്ത്രത്തിനു കഴിയും.
ജലപ്രളയത്തിനു തൊട്ടു മുൻപ്, നോഹയുടെ കാലത്ത്, അങ്ങനെയൊരു കൂട്ടം അതികായന്മാരായ പ്രബലന്മാർ അതായത്, സൂപ്പർമാൻമാർ ജീവിച്ചിരുന്നു. യുഗാന്ത്യത്തിൻറെ തൊട്ടുമുമ്പും അങ്ങനെയുള്ള മനുഷ്യർ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന വസ്തുതയെ, അവസാനനാളുകൾ നോഹയുടെ നാളുകൾ പോലെ ആയിരിക്കും എന്ന കർത്താവിൻറെ പ്രവചനവുമായി ചേർത്തുവായിക്കുമ്പോൾ കൂടുതൽ വ്യക്തത കിട്ടും.
നോഹ തൻറെ നീതിമൂലം തൻറെ കുടുംബത്തെയും രക്ഷിച്ചു. എന്നാൽ എസക്കിയേൽ പ്രവചനത്തിൽ ഇങ്ങനെ നാം വായിക്കുന്നു. [കർത്താവിൻറെ ക്രോധത്തിൻറെ നാളിൽ] ‘നോഹ, ദാനിയേൽ, ജോബ് എന്നീ മൂന്നു പേർ അവിടെയുണ്ടെങ്കിൽത്തന്നെയും അവരുടെ നീതി ഹേതുവായി അവർ മാത്രമേ രക്ഷപെടുകയുള്ളൂ’ [എസക്കി 14:14].
യുഗാന്ത്യത്തിൻറെ അടയാളങ്ങളിൽ ഒന്നായി കർത്താവ് ചൂണ്ടിക്കാണിച്ചിരിക്കുന്ന നോഹയുടെ കാലം നമ്മുടെ കൺമുൻപിൽ തന്നെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ സ്വന്തം ആത്മരക്ഷയ്ക്കായി വിശുദ്ധിയിൽ ജീവിക്കാനും ദൈവം തൻറെ പരിശുദ്ധ പ്രവാചകരിലൂടെയും വിശുദ്ധരിലൂടെയും സർവോപരി പരിശുദ്ധ അമ്മയിലൂടെയും നൽകുന്ന മുന്നറിയിപ്പുകൾ സ്വീകരിക്കാനും അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താനുമുള്ള കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു പ്രാർഥിക്കുന്നു.