‘മരണം വരെ വിശ്വസ്തനായിരിക്കുക; ജീവൻറെ കിരീടം നിനക്കു ഞാൻ നൽകും’ (വെളി. 2:10)
കൊറിയയിൽ സുവിശേഷസന്ദേശം എത്തിയിട്ടു കഷ്ടിച്ചു നാലു നൂറ്റാണ്ട് ആയതേയുള്ളൂ. അതിൽ തന്നെ ക്രിസ്ത്യാനികൾക്കു മതസ്വാതന്ത്ര്യം അനുവദിച്ചിട്ടു കിട്ടിയത് അവസാനത്തെ ഒന്നര നൂറ്റാണ്ടു കാലത്താണ്.
ഇന്നു കൊറിയ, ഉത്തരകൊറിയ എന്നും ദക്ഷിണ കൊറിയ എന്നും രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. നിരീശ്വര കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻറെ കീഴിൽ ലോകത്തിൽ തന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനസമൂഹമായി അവിടുത്തെ ക്രിസ്ത്യാനികൾ മാറിയിരിക്കുന്നു.
എന്നാൽ ദക്ഷിണകൊറിയയിൽ സ്ഥിതി വ്യത്യസ്തമാണ്. നൂറ്റാണ്ടുകൾ നീണ്ട ക്രൈസ്തവപീഡനത്തിനൊടുവിൽ അവിടെ ഇപ്പോൾ ക്രൈസ്തവസഭ (വിശേഷിച്ചും കത്തോലിക്കാസഭ) വളർച്ചയുടെ പാതയിലാണ്. ജനസംഖ്യയിൽ ഏതാണ്ട് 11% പേർ (58 ലക്ഷം) കത്തോലിക്കരാണ്. രണ്ടായിരത്തോളം ഇടവകകളും മൂവായിരത്തോളം ദൈവാലയങ്ങളും ആറായിരത്തോളം വൈദികരുമുള്ളതും അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു സഭയാണ് അവിടുത്തെ കത്തോലിക്കാ സഭ.
വിശ്വാസികളുടെയും വൈദികരുടെയും ഇടവകകളുടെയും എണ്ണത്തിൽ കേരളവുമായി താരതമ്യപ്പെടുത്താവുന്ന ഒരു കത്തോലിക്കാ സമൂഹമാണ് ദക്ഷിണകൊറിയയിലെയും. എന്നാൽ എടുത്തുപറയേണ്ട ചില വ്യത്യാസങ്ങളുമുണ്ട്. അതിൽ ആദ്യത്തേത്, രണ്ടായിരം വർഷം മുൻപു സുവിശേഷം ലഭിച്ച കേരളത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം ശതമാനക്കണക്കിൽ താഴേക്കു പോകുമ്പോൾ 1945 ൽ രണ്ടു ശതമാനം മാത്രമായിരുന്ന കൊറിയയിലെ ക്രൈസ്തവർ ഇപ്പോൾ ജനസംഖ്യയുടെ 29% ആയിക്കഴിഞ്ഞിരിക്കുന്നു (18% പ്രൊട്ടസ്റ്റൻറ്, 11% കത്തോലിക്കർ) എന്നതാണ്.
എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട വ്യത്യാസം, രണ്ടു സഹസ്രാബ്ദം കൊണ്ടു കേരളസഭ ജന്മം കൊടുത്ത വിശുദ്ധരുടെ എണ്ണം ഒരു കൈയിലെ വിരലുകളിൽ എണ്ണിത്തീർക്കാമെന്നിരിക്കെ, നാലു നൂറ്റാണ്ടിൻറെ പാരമ്പര്യം മാത്രമുള്ള കൊറിയൻ സഭയിലെ വിശുദ്ധരുടെ എണ്ണം ഇരുനൂറ്റിഅൻപതിനടുത്താണ് എന്നതാണ്. തീർന്നില്ല, അതിൽ ബഹുഭൂരിപക്ഷവും രക്തസാക്ഷികളുമാണ്!
കൊറിയയിൽ ആദ്യം എത്തിയ പതിനൊന്നു ഫ്രഞ്ച് മിഷനറിമാർ പകൽ സമയം ഒളിച്ചുതാമസിച്ചുകൊണ്ടു രാത്രികളിലായിരുന്നു സുവിശേഷം പ്രസംഗിച്ചതും വിശ്വാസികൾക്ക് ആത്മീയശുശ്രൂഷകൾ ചെയ്തുകൊടുത്തതും. ഒരു നൂറ്റാണ്ടോളം നീണ്ട മതപീഡനത്തിൻറെ കാലത്തു കൊറിയയിലെ സഭയെ നയിച്ചതു മെത്രാന്മാരോ വൈദികരോ അല്ല, വെറും സാധാരണക്കാരായ വിശ്വാസികളായിരുന്നു. തങ്ങൾക്കു മെത്രാന്മാരെയും വൈദികരെയും അയച്ചുതരണമേ എന്ന അപേക്ഷയുമായി കൊറിയൻ കത്തോലിക്കരുടെ ഒരു പ്രതിനിധിസംഘം ആയിരത്തിഒരുനൂറു കിലോമീറ്റർ അകലെയുള്ള ബെയ്‌ജിങ്ങിലേക്കു പോയതു നടന്നായിരുന്നു എന്നും ഓർക്കണം. 1866 ൽ രാജ്യത്ത് ആകെ അവശേഷിച്ചിരുന്നത് 20000 ക്രിസ്ത്യാനികളായിരുന്നു എന്നും മതപീഡനക്കാലത്ത് 10000 കൊറിയക്കാർ യേശുക്രിസ്തുവിൽ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താൽ രക്തസാക്ഷികളായി എന്നും അറിയുമ്പോൾ കൊറിയയിലെ സഭയുടെ വളർച്ചയുടെ പിന്നിലെ രഹസ്യം മനസിലാകും.
കേരളത്തിലെ ക്രൈസ്തവസഭയുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള മറുപടി കൊറിയൻ സഭയുടെ ചരിത്രത്തിലുണ്ട്. രണ്ടായിരം വർഷങ്ങളായിട്ടും ക്രിസ്ത്യാനിയാണ് എന്നതിൻറെ പേരിൽ നമ്മളാരും പീഡിപ്പിക്കപ്പെട്ടിട്ടില്ല. ദേവസഹായം പിള്ളയെപ്പോലുള്ള ചുരുക്കം ചിലർ മാത്രമാണ് അതിന് അപവാദം. അവരുടെ സ്മരണയ്ക്കു മുൻപിൽ നമുക്കു തലകുനിക്കാം.
രണ്ടായിരം വർഷം കൊണ്ടു നമുക്കു സാധിക്കാത്തതും നാനൂറു വർഷം കൊണ്ടു കൊറിയയിലെ സഭയ്ക്കു സാധിച്ചതുമായ കാര്യം – രക്തസാക്ഷികളുടെയും വിശുദ്ധരുടെയും ഇനിയും തികയ്ക്കാനുള്ള എണ്ണം – സാധിച്ചെടുക്കാനുള്ള സാഹചര്യങ്ങൾ നമ്മുടെ നാട്ടിലും ഒരുങ്ങിവരുന്നുണ്ട് എന്നതിൽ നമുക്കു ദൈവത്തെ സ്തുതിക്കാം.
‘ അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്പസമയം കൂടി വിശ്രമിക്കാൻ’ (വെളി 6:11) നിർദേശം നൽകപ്പെട്ടിരിക്കുന്ന രക്തസാക്ഷികൾ അതിനായി കാത്തിരിക്കുന്നു എന്നോർത്തുകൊണ്ട്, വിശുദ്ധനായ ദേവസഹായം പിള്ളയുടെ മധ്യസ്ഥത്തിലൂടെ രക്തസാക്ഷിത്വം എന്ന വരം ലഭിക്കാനായി നമുക്കു പ്രാർഥിക്കാം.