ചാർളി കിർക്ക്. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ. രാഷ്ട്രീയം ഇഷ്ടവിഷയം. സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള വ്യക്തി. ആശയങ്ങളിൽ യാഥാസ്ഥിതികൻ.
അമേരിക്കൻ ക്യാമ്പസുകളെ ഇളക്കിമറിച്ച Turning Point America യുടെ സ്ഥാപകൻ. ഉജ്ജ്വലവാഗ്‌മി. ദശലക്ഷക്കണക്കിന് ആരാധകർ. സന്തോഷകരമായ കുടുംബജീവിതം. അമേരിക്കൻ പ്രസിഡണ്ട് പദവി വരെ എത്തുമെന്ന് ജനങ്ങൾ കരുതിയ വ്യക്തി!
എന്നാൽ തൻറെ മരണശേഷം ചാർളി കിർക്ക് ഓർമ്മിക്കപ്പെടുന്നത് ഇതുകൊണ്ടൊന്നുമല്ല. സെപ്റ്റംബർ പത്താം തിയതി തനിക്കേറ്റവും ഇഷ്ടമുള്ള യുവജനങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കെ Utah Valley യൂണിവേഴ്സിറ്റിയിൽ വച്ച് ഒരക്രമി അയച്ച വെടിയുണ്ട ചാർളിയുടെ കഴുത്തിലൂടെ കടന്നുപോയി. ആ ശബ്ദം നിലച്ചു. എന്നാൽ ഇന്നു ചാർളി ഓർമ്മിക്കപ്പെടുന്നത് അയാൾ പറഞ്ഞ വാക്കുകളുടെ പേരിലാണ്.
2025 ജൂലൈ പതിനാറിനു കർമ്മലമാതാവിൻറെ തിരുനാൾ ദിവസം ‘Mary is the solution’ (മറിയമാണ് പരിഹാരം) എന്നു ചാർളി പറഞ്ഞതു തലമുറകളെ വിഷലിപ്തമാക്കുകയും കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്ത ഫെമിനിസത്തിൻറെ വഴിപിഴച്ച പോക്കിനു പ്രതിവിധിയായിട്ടാണ്. ഓർക്കണം; മറിയത്തെ വണങ്ങുന്ന ഒരു കത്തോലിക്കനോ ഓർത്തഡോക്സുകാരനോ ആയിരുന്നില്ല കിർക്ക്. അയാൾ ഒരു ഇവാഞ്ചലിക്കൽ സഭാംഗം ആയിരുന്നു. അയാൾ ഒരു സുവിശേഷപ്രഘോഷകനോ പാസ്റ്ററോ പോലും ആയിരുന്നില്ല.
എന്നിട്ടും തൻറെ പ്രഭാഷണങ്ങളിൽ ക്രിസ്തുവിനെ ഉയർത്തിക്കാട്ടാൻ ചാർളി മടിച്ചില്ല. തൻറെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാൻ അയാൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. യേശുവിൻറെ മാർഗമാണ് ഒരു രാജ്യമെന്ന നിലയിൽ അമേരിക്കയ്ക്കു മുന്നോട്ടു പോകാനുള്ള ഒരേയൊരു മാർഗമെന്ന് അയാൾ തൻറെ പ്രസംഗങ്ങളിലൂടെ ജനങ്ങളോടു പറഞ്ഞു. അബോർഷൻ മൗലികാവകാശമാക്കണമെന്ന് വാദിക്കുന്നവർ ശക്തിപ്രാപിക്കുന്ന ഒരു രാജ്യത്ത് അബോർഷൻ അതിക്രൂരമായ തിന്മയും പാപവും ആണെന്ന് അയാൾ വിളിച്ചുപറഞ്ഞു.
ജീവിച്ചിരുന്ന ചാർളിയെക്കാൾ ആയിരം മടങ്ങു ശക്തനായി മാറിയിരിക്കുകയാണു രക്തസാക്ഷിയായ ചാർളി. അതിനെ സാധൂകരിക്കുന്ന വാർത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചാർളിയുടെ ജീവിതവും മരണവും അമേരിക്കയിലെ ക്രൈസ്തവവിശ്വാസത്തിൽ വലിയൊരു ഉണർവിനു കാരണമാവുകയാണ് . ചാർളിയെ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത അനേകായിരങ്ങൾ ക്രിസ്തുവിലേക്കു തിരിയുന്നു. ഏഴു പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും ബൈബിൾ വായിക്കാത്ത മനുഷ്യൻ ബൈബിൾ വായിച്ചുതുടങ്ങുന്നു. അനേകവർഷങ്ങളായി ഒരിക്കലും പ്രാർത്ഥിച്ചിട്ടില്ലാത്ത ഒരു വീട്ടമ്മ പറയുന്നു, ചാർളി കൊല്ലപ്പെട്ട ദിവസം താൻ ആദ്യമായി തൻറെ മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു എന്ന്. അമേരിക്കയിലുടനീളം ദൈവാലയങ്ങളിൽ വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടുതുടങ്ങിയിരിക്കുന്നു. സാൾട്ട് ലേക്ക് സിറ്റി കത്തോലിക്കാ രൂപതയിലെ വികാരി ജനറലിൻറെ പ്രസ്താവന ഇതു ശരിവയ്ക്കുന്നു.
ബൈബിളിൻറെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ എഴുതി, ‘ചാർളി, നിനക്കുവേണ്ടി! ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി.’ ഒന്നോ രണ്ടോ പേരല്ല, നൂറുകണക്കിനു മനുഷ്യർ തങ്ങളുടെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നു. തങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയെന്നും വിശ്വാസജീവിതത്തിലേക്കു തിരിച്ചുവന്നു എന്നും തങ്ങളുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും അറിയിക്കാനായി അവർ പോസ്റ്റുകൾ ഇടുന്നു. സൂം മീറ്റിംഗുകളിൽ, ഇൻസ്റ്റാഗ്രാമിൽ, ചാർളിയുടെ സ്മരണയ്ക്കായി തുടങ്ങിയ എണ്ണമറ്റ പ്രാർത്ഥനാകൂട്ടായ്മകളിൽ, ഹാഷ് ടാഗുകളിൽ എല്ലാം അവർ വിശ്വാസം പങ്കുവയ്ക്കുന്നു. ചാർളി ഒരു രാഷ്ട്രീയക്കാരനായിരുന്നു. എന്നാൽ അവരാരും രാഷ്ട്രീയം പറയുന്നില്ല.
അത്ഭുതങ്ങൾ അവസാനിക്കുന്നില്ല. ഒരാൾ എഴുതിയിരിക്കുന്നു. ഞാൻ ഒരിക്കലും ഒരു വിശ്വാസിയായിരുന്നിട്ടില്ല. എന്നാൽ ചാർളിയുടെ മരണം എന്നെ പിടിച്ചുകുലുക്കി, ഞാൻ എഴുന്നേറ്റ് സങ്കീർത്തനങ്ങൾ വായിച്ചു. എനിക്ക് കണ്ണീർ അടക്കാനായില്ല. മറ്റൊരാൾ പറയുന്നു. ചാർളി പറയുന്ന എല്ലാക്കാര്യങ്ങളോടും യോജിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എന്നാൽ ആ മനുഷ്യൻറെ മരണം എന്നെ സ്തബ്ധനാക്കി. മരണത്തെക്കുറിച്ചു ചിന്തിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. ഞാൻ എഴുന്നേറ്റ്, ബൈബിളിൽ നിന്നു സുവിശേഷഭാഗ്യങ്ങളുടെ ഭാഗം എടുത്തുവായിച്ചു.
ഒരു ചെറുപ്പക്കാരൻറെ വാക്കുകൾ. ഞാൻ കരുതിയിരുന്നതു വിശ്വാസം പ്രായമായവർക്കു മാത്രം വേണ്ടിയുള്ളതാണെന്നായിരുന്നു. ചാർളി മരിച്ച രാത്രിയിൽ ഞാൻ ബൈബിൾ തുറന്നു യോഹന്നാൻറെ സുവിശേഷം വായിച്ചു. ഒരു പിതാവ് എഴുതി. ചാർളിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ എൻറെ മക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത എൻറെ മനസിലേക്കു കടന്നുവന്നു. ഞാൻ അവരെ അടുത്തിരുത്തി ബൈബിൾ ഉച്ചത്തിൽ വായിച്ചുകൊടുത്തു . ജീവിതത്തിൽ ആദ്യമായാണ് ഞാൻ ബൈബിൾ ഉറക്കെ വായിക്കുന്നത്.
ചാർളി കിർക്കിൻറെ ജീവിതം തന്നെ അത്ഭുതമാണ്. ബൈബിൾ വായിക്കുന്നവരുടെ എണ്ണം വളരെ കുറവായ ഒരു രാജ്യത്ത്, ദൈവാലയശുശ്രൂഷകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം അനുദിനം കുറയുന്ന ഒരു പശ്ചാത്തലത്തിൽ, ക്രിസ്തുവും ക്രിസ്തുമാർഗവും നാലുവശത്തുനിന്നും വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത്, അയാൾ സുവിശേഷത്തെ ഉയർത്തിപ്പിടിച്ചു. തൻറെ മരണശേഷം താൻ അനുസ്മരിക്കപ്പെടേണ്ടത് തൻറെ ക്രൈസ്തവവിശ്വാസത്തിൻറെ പേരിലായിരിക്കണമെന്നു ചാർളി നേരത്തെതന്നെ പറഞ്ഞുവച്ചിരുന്നു. ചാർളി തുടങ്ങിവച്ച ആത്മീയമുന്നേറ്റം ഒരു കുറവും വരാതെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചാർളിയുടെ ഭാര്യ എറിക്കയുടെ വാക്കുകളും നമുക്ക് ഇതിനോടു ചേർത്തുവയ്ക്കാം.
നാം കാണുന്നതു വലിയൊരു അത്ഭുതമാണ്. ഒരു മനുഷ്യൻറെ മരണം അനേകരുടെ മാനസാന്തരത്തിനുള്ള അവസരമായി പരിശുദ്ധാത്മാവ് മാറ്റുന്ന മഹാത്ഭുതം. ‘ഒരുവൻ എല്ലാവർക്കും വേണ്ടി മരിച്ചുവെന്നും അതിനാൽ എല്ലാവരും മരിച്ചുവെന്നും ഞങ്ങൾക്കു ബോധ്യമുള്ളതിനാൽ ക്രിസ്തുവിൻറെ സ്നേഹം ഞങ്ങൾക്ക് ഉത്തേജനം നൽകുന്നു’ ( 2 കൊറി 5:14). ക്രിസ്തുവിൻറെ സ്നേഹമാണു ചാർളി കിർക്കിന് ഉത്തേജനം നൽകിയത്. അയാളുടെ മരണം അനേകർക്കു ക്രിസ്തുവിൻറെ സ്നേഹം തിരിച്ചറിയാനുള്ള മഹാത്ഭുതമാക്കി മാറ്റുന്ന പരിശുദ്ധാത്മാവിനു നന്ദി പറയാം. മരണശേഷം താൻ അനുസ്മരിക്കപ്പെടേണ്ടതു തൻറെ ക്രൈസ്തവ വിശ്വാസത്തിൻറെ പേരിലായിരിക്കണം എന്ന ചാർളിയുടെ വാക്കുകൾ നമുക്കു പ്രചോദനം നൽകട്ടെ.
(www.divinemercychannel.com)