കരുണയും നീതിയും

കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ എന്നതു  വിശ്വാസിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാർത്ഥനയാണ്. അൻപത്തൊന്നാം സങ്കീർത്തനം  തുടങ്ങുന്നതു തന്നെ  കർത്താവിൻറെ കരുണ യാചിച്ചുകൊണ്ടാണ്.  സ്വർഗത്തിൽ വാഴുന്നവൻറെ പക്കലേക്കു കണ്ണുകൾ ഉയർത്തുമ്പോൾ  നമ്മുടെ അധരങ്ങളിൽ നിന്ന് ഉതിരുന്ന പ്രാർത്ഥനയും  ഞങ്ങളോടു  കരുണ തോന്നണമേ! കർത്താവേ, ഞങ്ങളോടു  കരുണ തോന്നണമേ! ( സങ്കീ 123:3) എന്നതുതന്നെയാണ്. ജനത്തിനുവേണ്ടിയുള്ള ഏശയ്യായുടെ പ്രാർത്ഥനയും കരുണയ്ക്കുവേണ്ടിയുള്ളതായിരുന്നു (ഏശയ്യാ  33:2 ). 

ബർതിമേയൂസ് പ്രാർത്ഥിച്ചതും കരുണയ്ക്കുവേണ്ടിയായിരുന്നു.  ‘ദാവീദിൻറെ പുത്രനായ  യേശുവേ, എന്നിൽ കനിയണമേ’ (മർക്കോസ് 10:47). സ്വന്തമായി ഒരു യോഗ്യതയും ഇല്ല എന്ന തിരിച്ചറിവിൽ  നല്ല കള്ളൻ  കർത്താവിനോടു യാചിക്കുന്നതും കരുണ മാത്രമാണ് (ലൂക്കാ 23:42).

കരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന കേൾക്കാൻ കാത്തിരിക്കുന്ന ദൈവത്തെയാണു   വിശുദ്ധഗ്രന്ഥം  നമുക്കു പരിചയപ്പെടുത്തിത്തരുന്നത്. ‘കർത്താവേ, ദാവീദിൻറെ പുത്രാ, എന്നിൽ കനിയണമേ’ ( മത്തായി  15:22) എന്ന കാനാൻകാരിയുടെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയല്ലോ. ‘ദൈവമേ, പാപിയായ  എന്നിൽ കനിയണമേ’ (ലൂക്കാ 18:13) എന്ന് പ്രാർത്ഥിച്ച  ചുങ്കക്കാരനെ  കൂടുതൽ നീതികരിക്കപ്പെട്ടവനായിട്ടാണു   ദൈവം ദൈവാലയത്തിൽ നിന്നു  തിരികെ വിട്ടത്.

എന്താണു  കരുണ എന്നതിൻറെ ഏറ്റവും ലളിതമായ മറുപടി  ദൈവത്തിൻറെ സ്വഭാവം തന്നെയാണു  കരുണ എന്നതാണ്.  രക്തദാഹികളും പ്രതികാരം ചെയ്യുന്നതിൽ സന്തോഷിക്കുന്നവരും ആയ പ്രാകൃതഗോത്ര ദൈവസങ്കല്പങ്ങളിൽ നിന്നു  സത്യദൈവത്തെ വ്യത്യസ്തനാക്കുന്നതും    ഈ കരുണ തന്നെയാണ്.   ശിഷ്ടരുടെയും ദുഷ്ടരുടെയും   മേൽ   സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും (മത്തായി 5:45) ചെയ്യുന്ന മഹാകരുണയാണു  ദൈവം.  തൻറെ മക്കളെ തിരിച്ചറിയാനുള്ള വഴിയായി അവിടുന്ന് നിർദേശിക്കുന്നതും നിരുപാധികമായ ഈ കരുണ തന്നെയാണ് (മത്തായി 5:45). കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും ( മത്തായി 5:7) എന്ന വചനത്തിലൂടെ കരുണ ലഭിക്കാനുള്ള ഒരേയൊരു നിബന്ധന മറ്റുള്ളവരോടു  കരുണ കാണിക്കുകയാണ് എന്നും  യേശു പഠിപ്പിക്കുന്നു.

ദൈവത്തിൻറെ മഹാകരുണയുടെ ആഘോഷമാണു വിശുദ്ധ ഫൗസ്റ്റീനയിലൂടെ വെളിപ്പെടുത്തിക്കിട്ടിയ   ദൈവകരുണയുടെ തിരുനാൾ. ഏറ്റവും കൂടുതൽ ദൈവകരുണയിൽ ആശ്രയിക്കാൻ അർഹതയുള്ളത് ഏറ്റവും വലിയ പാപിയ്ക്കാണെന്ന്  യേശു  ഫൗസ്റ്റീനയോടു പറഞ്ഞു. അത് ‘ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ  പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്’ (ലൂക്കാ  5:32)  എന്ന തിരുവചനത്തിൻറെ  പൂർത്തീകരണം തന്നെയാണ്. കാരണം ദൈവത്തിൻറെ കരുണയുടെ ഉദ്ദേശം,  മനുഷ്യരെ   അനുതാപത്തിലേക്കു നയിക്കുകയാണ്. ‘നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു  ദൈവത്തിൻറെ  കരുണയുടെ ലക്ഷ്യമെന്നു  നീ അറിയുന്നില്ലേ?’ (റോമാ 2:4) എന്ന അപ്പസ്തോലൻറെ വാക്കുകൾ  ദൈവം എന്തുകൊണ്ടു  നമ്മോടു നിസ്സീമമായ കരുണ കാണിക്കുന്നു എന്നതിൻറെ  വിശദീകരണമാണ്.

കരുണയ്ക്കപ്പുറം  ഒന്നുമില്ല. ഉള്ളതു  നീതി മാത്രം.  അതിനെക്കുറിച്ച് അപ്പസ്തോലൻ ഇങ്ങനെ പറയുന്നു.  ;  ‘എന്നാൽ ദൈവത്തിൻറെ നീതിയുക്തമായ  വിധി വെളിപ്പെടുന്ന  ക്രോധത്തിൻറെ ദിനത്തിലേക്കു  നീ നിൻറെ കഠിനവും അനുതാപരഹിതവുമായ  ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം  സംഭരിച്ചുവയ്ക്കുകയാണ്’ (റോമാ 2:5).

കരുണയോ നീതിയോ ഏതുവേണമെന്നു തെരഞ്ഞെടുക്കാനുള്ള സമയം ഇപ്പോഴാണ്. അതിനുള്ള ഏറ്റവും അടുത്ത അവസരമാണ്  ഈ   ദൈവകരുണയുടെ തിരുനാൾ. നമ്മുടെ ഹൃദയം കഠിനവും അനുതാപരഹിതവും ആകാതിരിക്കേണ്ടതിനുവേണ്ടിയാണ് നാം പ്രാർത്ഥിക്കേണ്ടത്. ആത്മാർത്ഥമായ  പശ്ചാത്താപത്തിൻറെ    അഭിഷേകം നമ്മിൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കാം. അപ്പോൾ കഴുകി വിശുദ്ധമാക്കപ്പെട്ട  മനസാക്ഷിയോടും നിർമലമായ ഹൃദയത്തോടും കൂടെ കർത്താവിൻറെ സന്നിധിയിൽ മുട്ടുകുത്തി അവിടുത്തെ  കാരുണ്യം യാചിക്കാനുള്ള ആത്മധൈര്യം നമുക്കു  ലഭിക്കും. 

ഓർക്കുക, നാം ജീവിക്കുന്നതു  കരുണയുടെ അവസാന മണിക്കൂറുകളിൽ ആണ്. ദൈവകരുണയുടെ വാതിൽ അടയുമ്പോൾ   ദൈവത്തിൻറെ നീതിയുടെ വാതിൽ തുറക്കപ്പെടും എന്നു  ഫൗസ്റ്റീനയോട് യേശു പറഞ്ഞു.  ‘നീതിമാൻ  കഷ്ടിച്ചു  മാത്രം    രക്ഷപ്പെടുന്ന (1 പത്രോസ് 4: 18) ആ നാളുകളിൽ  ദുഷ്ടരും പാപികളുമായ നാം  നീതിയുടെ വാതിലിലൂടെ സ്വർഗത്തിൽ പ്രവേശിക്കുമെന്നോ?  ഒരിക്കലുമില്ല. അതുകൊണ്ട്, നമുക്ക്‌ ഇപ്പോൾ, പ്രകാശമുള്ളപ്പോൾ, കരുണയുടെ സൂര്യൻ അസ്തമിക്കുന്നതിനു  മുൻപ്, ദൈവകരുണയിൽ ആശ്രയിക്കാം. അതിനുള്ള ഏറ്റവും അടുത്ത ഒരുക്കമായി  മറ്റുള്ളവരോടു  ക്ഷമിക്കാം, അവരോടു കരുണ കാണിക്കാം. അങ്ങനെ കരുണയ്ക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന ദൈവസന്നിധിയിൽ സ്വീകാര്യമാകട്ടെ.