വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജന്മശതാബ്ദിവേളയിൽ (1959) ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ ഇങ്ങനെ എഴുതി. ‘ഒരു വൈദികൻ ഒരിക്കലും തനിക്കുവേണ്ടിത്തന്നെ ജീവിക്കേണ്ടവനല്ല. മറ്റുളളവരോടുള്ള സ്നേഹത്താൽ ജ്വലിക്കേണ്ടവനാണ് അവൻ. ഒരു വൈദികൻറെ ചിന്തകളും ആഗ്രഹങ്ങളും വികാരങ്ങളും ഒന്നും അവൻറേതല്ല, മറിച്ച് അവൻറെ ജീവൻ തന്നെയായ യേശുക്രിസ്തുവിൻറേതാണ്.’
ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു പുണ്യങ്ങളിലും പൂർണത നേടാനായി അവസാനശ്വാസം വരെയും പരിശ്രമിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു ജോൺ മരിയ വിയാനി. ഇടവക വൈദികരുടെ മധ്യസ്ഥനായ അദ്ദേഹത്തിൻറെ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത് ആഗസ്റ്റ് നാലിനാണ്. ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയാൽ എരിഞ്ഞിരുന്ന വിശുദ്ധൻ പതിനാറു മണിക്കൂർ വരെ കുമ്പസാരം കേട്ടുകൊണ്ടിരിക്കുമായിരുന്നു എന്നും അങ്ങനെ ആർസ് എന്ന ഫ്രാൻസിലെ കൊച്ചുഗ്രാമം യൂറോപ്പിൻറെ കുമ്പസാരക്കൂടായി മാറിയെന്നും നമുക്കറിയാം. പരിശുദ്ധ കുർബാനയോടും കുമ്പസാരത്തോടും ഇത്ര അടുത്ത ആത്മബന്ധം പുലർത്തിയ ഒരു വിശുദ്ധനെ ഇടവക വൈദികരുടെ മധ്യസ്ഥനായി പ്രഖ്യാപിക്കുമ്പോൾ തിരുസഭ ആഗ്രഹിക്കുന്നത് എല്ലാ വൈദികരും ഈ കൂദാശകളെ സ്നേഹിക്കുന്നവരും തങ്ങളുടെ അജഗണത്തിനുവേണ്ടി വിശ്വസ്തതാപൂർവം ഈ കൂദാശകൾ പരികർമ്മം ചെയ്യുന്നവരും ആയിരിക്കണം എന്നാണ്.
എന്നാൽ തൻറെ സ്വന്തം ഇഷ്ടത്തിനു പോകാൻ അനുവദിച്ചിരുന്നുവെങ്കിൽ ഒരിക്കലും ജോൺ മരിയ വിയാനി ഇടവക വൈദികരുടെ മധ്യസ്ഥൻ ആകുമായിരുന്നില്ല എന്ന കാര്യം നാം പലപ്പോഴും മറന്നുപോകുന്നു. വിയാനി എപ്പോഴും ആഗ്രഹിച്ചിരുന്നത് ഒരു ആശ്രമത്തിലെ താപസജീവിതമായിരുന്നു. ഇടവകയിലെ ശുശ്രൂഷ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനേക്കാൾ വലിയ ഭാരമായിരുന്നു. നാലു തവണയെങ്കിലും അദ്ദേഹം ആരോടും പറയാതെ തൻറെ ഇടവകയിൽ നിന്നു രക്ഷപ്പെട്ട്, ഏകാന്തതയിൽ സന്യാസജീവിതം നയിക്കാനായി ശ്രമിച്ചിരുന്നു. എന്നാൽ തന്നെ ഇടവക വികാരിയായി നിയമിക്കുകയും അവിടെ തുടരാൻ തന്നോടു കല്പിക്കുകയും ചെയ്ത തൻറെ മെത്രാനോടുള്ള അനുസരണം തൻറെ ഇഷ്ടത്തേക്കാൾ വിലയുള്ളതായി അദ്ദേഹം കരുതി. സ്വന്തം ഇഷ്ടത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗവും അസാധ്യമെന്നു നമുക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള കരുത്തും നമുക്കു തരുന്നത് അനുസരണം എന്ന പുണ്യമാണെന്നു വിയാനി പുണ്യവാൻ അറിഞ്ഞിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി.
‘നമ്മുടെ ഇച്ഛയെ നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നത് അനുസരണം എന്ന പുണ്യമാണ്. അങ്ങേയറ്റം ദുഷ്കരമായ കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യം നമുക്കു പകർന്നുതരുന്നതും അനുസരണം തന്നെയാണ്.’
കുമ്പസാരത്തിനണയുന്ന വ്യക്തിയുടെ അനുതാപം ആത്മാർത്ഥമല്ല എങ്കിൽ ആ വ്യക്തിയ്ക്കു പാപമോചനം നിഷേധിക്കാൻ വൈദികന് അധികാരമുണ്ട്. വളരെ അപൂർവമായി മാത്രം വൈദികർ ഉപയോഗിക്കുന്ന ഈ അധികാരം ജോൺ മരിയ വിയാനി ഉപയോഗിച്ചിരുന്നു. പൂർണമായ അനുതാപമില്ലാത്ത ഒരാൾക്കു പാപമോചനം നൽകുന്നതു ദൈവം ഇഷ്ടപ്പെടുന്ന കാര്യമല്ല എന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കുമ്പസാരക്കൂട്ടിൽ മുട്ടുകുത്തിനിൽക്കുന്ന ഒരാൾക്കു പാപമോചനം നിഷേധിക്കുക എന്ന അങ്ങേയറ്റം ദുഷ്കരമായ കാര്യം ചെയ്യാനുള്ള കരുത്ത് അദ്ദേഹത്തിനു കിട്ടിയതും അനുസരണം എന്ന പുണ്യം അഭ്യസിച്ചതിലൂടെയാണ്. സ്വന്തം ഇച്ഛയെ ക്രിസ്തുവിൻറെ ഇച്ഛയ്ക്കു വിധേയപ്പെടുത്തുവാൻ തക്കവിധം അനുസരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
പുത്രനായിരുന്നിട്ടും സഹനത്തിലൂടെ അനുസരണം അഭ്യസിച്ച യേശുവിൻറെ (ഹെബ്രാ 5:8) പകരക്കാരനായ ഒരു വൈദികൻ എന്ന നിലയിൽ തൻറെ ആഗ്രഹങ്ങൾക്കുമേൽ തൻറെ മേലധികാരിയുടെ നിർദേശങ്ങൾക്കു വില കൊടുത്തുകൊണ്ട് അനുസരണത്തിൽ പൂർണത പ്രാപിച്ച വിശുദ്ധ ജോൺ മരിയ വിയാനിയുടെ മാധ്യസ്ഥത്തിനു നമ്മുടെ പ്രിയപ്പെട്ട വൈദികരെ സമർപ്പിച്ചുകൊണ്ടു നമുക്കു പ്രാർഥിക്കാം. ഒരു മനുഷ്യൻറെ അനുസരണത്താൽ അനേകർ നീതിയുള്ളവരായിത്തീരും (റോമാ 5:19) എന്നു വിശുദ്ധഗ്രന്ഥം പറയുന്നു. തൻറെ അനുസരണത്തിലൂടെ ജോൺ മരിയ വിയാനി പഠിപ്പിക്കുന്നതും അതു തന്നെയാണ്. അനേകായിരങ്ങളെ യേശുക്രിസ്തു സൗജന്യമായി നൽകുന്ന പാപമോചനത്തിലേക്കും അതുവഴിയുള്ള നീതീകരണത്തിലേക്കും നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതു തൻറെ മെത്രാൻറെ നിർദേശം അനുസരിച്ചുകൊണ്ട് ആർസ് ഇടവകയിൽ തുടർന്നും ശുശ്രൂഷ ചെയ്തതുകൊണ്ടാണ്. തനിക്കു കൂടുതൽ നേട്ടമെന്നു താൻ കരുതിയ സന്യാസജീവിതത്തെ ഉപേക്ഷിക്കുക എന്ന വിഷമമേറിയ തീരുമാനം എടുക്കാൻ അദ്ദേഹത്തിനു ശക്തി നൽകിയതും അനുസരണം തന്നെ.
ഈ ഭൂമിയിൽ ഐശ്വര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കു ദൈവം നിർദ്ദേശിച്ചിരിക്കുന്ന ഒരേയൊരു വ്യവസ്ഥ അനുസരിക്കുക എന്നതാണ്. ‘ അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും’ (ഏശയ്യാ 1:19). നശിപ്പിക്കപ്പെടാനുള്ളവരുടെ ഗണത്തിൽ പേരെഴുതപ്പെടാനുള്ള കാരണമാകട്ടെ അനുസരണക്കേടും ധിക്കാരവുമാണ്. ‘അനുസരിക്കാതെ ധിക്കാരം തുടർന്നാൽ വാളിനിരയായിത്തീരും; കർത്താവ് അരുളിച്ചെയ്യുന്നു’ (ഏശയ്യാ 1:20). ആകയാൽ മറുതലിക്കുന്നതിനു മുൻപു നമുക്ക് ഒരു നിമിഷം ചിന്തിക്കാം. ഐശ്വര്യമാണോ അതോ നാശമാണോ നാം ആഗ്രഹിക്കുന്നത്?
അനുസരണത്തെ പലപ്പോഴും മാനുഷികമായ രീതിയിൽ വ്യാഖ്യാനിക്കുന്നതുകൊണ്ടാണു നാം അനുസരിക്കാൻ വിമുഖത കാട്ടുന്നത്. പല കാര്യങ്ങളും ആത്യന്തികമായി അനുസരിക്കേണ്ട ആവശ്യമില്ലെന്നിരിക്കിലും മേലധികാരികളെ ഭയന്നോ നിയമലംഘകരെന്നു മുദ്ര കുത്തപ്പെടുന്നത് ഒഴിവാക്കാനോ വേണ്ടി നാം അനുസരിക്കാറുണ്ടല്ലോ.
അനുസരിക്കേണ്ട ആവശ്യമില്ല എന്നു സ്വയം തീരുമാനിച്ചുകൊണ്ട് മറുതലിക്കുന്നവർക്കായി കർത്താവീശോമിശിഹാ തന്നെ ഒരു നല്ല മാതൃക കാണിച്ചുകൊടുത്തിട്ടുണ്ട്. ‘പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗത്തിനുമേൽ ഉയർത്തപ്പെട്ടവനുമായ യേശുവിനു’ (ഹെബ്രാ 7:26) സ്നാപകയോഹന്നാനിൽ നിന്ന് അനുതാപത്തിൻറെ ജ്ഞാനസ്നാനം സ്വീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇക്കാര്യം സ്നാപകൻ തന്നെ യേശുവിനോടു പറയുന്നുമുണ്ട്. എന്തായിരുന്നു യേശുവിൻറെ മറുപടി? ‘എന്നാൽ യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്’ ( മത്തായി 3:15).
ബലിയാണ് അനുസരണത്തെക്കാൾ ശ്രേഷ്ഠം എന്നു കരുതിയതു സാവൂൾ രാജാവു മാത്രമല്ല. ജെറമിയ പ്രവാചകൻറെ കാലത്തും അങ്ങനെയുള്ളവർ ഉണ്ടായിരുന്നു. അവരെക്കുറിച്ച് കർത്താവ് ഇങ്ങനെ പറയുന്നു; ‘ ഈജിപ്തിൽ നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്നപ്പോൾ ബലികളെപ്പറ്റിയോ ദഹനബലികളെപ്പറ്റിയോ ഞാൻ അവരോടു സംസാരിക്കുകയോ കൽപിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഒരു കാര്യം ഞാൻ അവരോടു കല്പിച്ചിരുന്നു: എൻറെ വാക്ക് അനുസരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എൻറെ ജനവുമായിരിക്കും. ഞാൻ നിങ്ങളോടു കൽപിക്കുന്ന മാർഗത്തിലൂടെ ചരിക്കുവിൻ; നിങ്ങൾക്കു ശുഭമായിരിക്കും’ (ജെറ. 7:22-23).
ഈ ലോകത്തിൻറെ ഗതി പിന്തുടർന്നും, അനുസരണക്കേടിൻറെ മക്കളിൽ പ്രവർത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചും ജീവിക്കുന്നവരുടെ (എഫേ.2:2) എണ്ണം പെരുകിക്കൊണ്ടിരിക്കുകയും അശുഭവാർത്തകൾ വാർത്തകളല്ലാതായിത്തീരുകയും ചെയ്യുന്ന ഈ നാളുകളിൽ ശുഭം ഭവിക്കാനായി നമുക്ക് അനുസരിക്കാം. അനുസരിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി വിശുദ്ധ ജോൺ മരിയ വിയാനിയുടെ മാധ്യസ്ഥം തേടി നമുക്കു പ്രാർത്ഥിക്കുകയും ചെയ്യാം.